scorecardresearch

ദി കമ്പ്ലീറ്റ് വർക്സ് ഓഫ് റിൽക്കെ-രോഷ്നി സ്വപ്ന എഴുതിയ കവിത

"അന്ന് ഞാൻ നാടുവിട്ടു. പിന്നെ, തെങ്ങ് കയറ്റം, പത്രമിടീൽ, മരം മുറിക്കൽ..." രോഷ്നിസ്വപ്ന എഴുതിയ കവിത

"അന്ന് ഞാൻ നാടുവിട്ടു. പിന്നെ, തെങ്ങ് കയറ്റം, പത്രമിടീൽ, മരം മുറിക്കൽ..." രോഷ്നിസ്വപ്ന എഴുതിയ കവിത

author-image
Roshni Swapna
New Update
Roshni Swapna Poem

ചിത്രീകരണം : വിഷ്ണു റാം


1922ന് മുമ്പുള്ള റിൽക്കെ,
2024ന് ശേഷമുള്ള റിക്കയെ കണ്ടുമുട്ടുന്നു.

എവിടെ വെച്ച്
ആ...

ആരോ വിളിച്ചുപറഞ്ഞു
പുസ്തക കച്ചവടക്കാരൻ മരണപ്പെട്ടു

ഇതുവരെ ആരും എഴുതി തുടങ്ങിയിട്ടേ ഇല്ലാത്ത
ചില പുസ്തകങ്ങൾ
അയാളുടെ കയ്യിൽ ഉണ്ടായിരുന്നു.

 രാത്രി മുഴുവൻ
 തുറന്നിരിക്കുന്ന
ഒരു പുസ്തകക്കടയ്ക്കരികിൽ വച്ചായിരുന്നു
ആ സംഭവം

 ഇന്നലെയും ഇതേ വഴിക്ക് വന്നപ്പോൾ
അയാളിവിടെയുണ്ടായിരുന്നു

Advertisment

റോഡരികിൽ സർക്കാരിന്റെ ജലനിധി പൈപ്പുകൾ കുഴിച്ചിട്ടിടത്ത്
മുടന്തി മുടന്തി വരുന്ന പോലെ...

പെട്ടെന്ന് എനിക്ക് അയാളാരെന്ന് ഉറപ്പായി

അനന്തമായി കുഴിഞ്ഞ കണ്ണുകൾ

തുറിച്ച നോട്ടം

 റിൽകെയല്ലേ?

 അയാൾ ചിരിച്ചു

 എനിക്ക് രോമാഞ്ചം വന്നു

ഞാൻ അയാൾ അല്ല
അയാളിപ്പോഴും
കവിത എഴുതുന്നുണ്ടല്ലേ
അയാളുടെ മരണശേഷവും?

പല രൂപത്തിൽ
പലരുടെ മുഖച്ഛായയിൽ
കവിതകൾ എഴുതുന്ന ഒരാൾ.

ഒന്നും തിരിച്ച് മിണ്ടിയില്ല
ഇനി എന്ത് മിണ്ടും എന്ന
തോന്നലിൽ തന്നെ മിണ്ടി
ഇപ്പോൾ എവിടെയാണ്? കയ്യിൽ എന്താണ്?

മരണശേഷം
ഞാൻ പലയിടങ്ങളിൽ
യാത്ര ചെയ്തു
നിനക്കറിയുമോ
1928 നു മുമ്പ്
ഞാൻ 28 ഫ്രഞ്ച് കവിതകളേ എഴുതിയിട്ടുള്ളൂ
എന്നാണ്
വിമർശകർ പറഞ്ഞത്.

അതിന്?
അവരാരാണ്?

വസ്തുതകൾ ശരിയല്ല എന്നതുകൊണ്ട്
തൂങ്ങിച്ചാവാനാകില്ലല്ലോ!

മരണശേഷമാണ്
ഞാൻ എല്ലാ കവിതകളും എഴുതിയത്.

ഞാൻ ഏതു ഭാഷയിൽ എഴുതിയാലും
നിങ്ങൾ വായിക്കുന്നത് നിങ്ങളുടെ ഭാഷയിൽ

പത്ത് വരെ എണ്ണുമ്പോഴേക്കും ഈ ലോകം അവസാനിക്കുമെന്ന് എഴുതിയത് എന്നാണ്?

Advertisment

അവസാനിക്കുമെന്നല്ല മാറുമെന്ന് പറഞ്ഞു
'അവസാനം,' 'മാറ്റം'
എന്ന വാക്കുകൾക്ക്
ഒരേ അർത്ഥമല്ലല്ലോ

Who excite them to the
better end?
അതായിരുന്നു.
അത് മാത്രമായിരുന്നു  എന്റെ പ്രശ്നം..

Roshni Swapna Poem

 എന്റെ എഴുത്തു മേശ
എന്റെ തൊട്ടടുത്തുതന്നെയായിരുന്നു.
യുദ്ധവും എന്റെ തൊട്ടടുത്തായിരുന്നു.
എന്നിട്ടും

" ഇല്ലാ താങ്കൾക്കിരിപ്പിടം ഉപചാരവാക്ക് "
എന്നയാൾ എഴുതിയപ്പോൾ നിങ്ങൾ എന്നെ മറന്നു (1)

അതിനുശേഷമാണ്
അതിന് ശേഷമുള്ള ദുഃസ്വപ്നങ്ങൾ
ലോകം കണ്ടുതുടങ്ങിക്കാണുക
എന്റെ ഭാഷയിൽ കൊതുകുകൾ മുട്ടയിട്ടു തുടങ്ങിയിരിക്കുക
മരണശേഷവും പിന്തുടരുന്ന ഒരു നായയെ ഞാൻ വളർത്താൻ തുടങ്ങിയത് അന്നാണ്.
ലോകത്തോട് മുരണ്ടു മുരണ്ട് ഇപ്പോൾ അത് മിണ്ടാതായി

1922 നു ശേഷം?
പെരുമഴ,
പ്രളയം,
കാട്ടുതീ,
ക്ഷാമം.

അന്ന് ഞാൻ നാടുവിട്ടു.
പിന്നെ,
തെങ്ങ് കയറ്റം,
പത്രമിടീൽ,
മരം മുറിക്കൽ...

കവിത എഴുത്തു നിർത്തി
വായിച്ചു വായിച്ചു
തീരെ പുതിയതായില്ലല്ലോ നിങ്ങൾ


ഇല്ലല്ലോ എന്ന് കണ്ണുകൾ
കരിങ്കണ്ണ് പെടാതിരിക്കാൻ നിവർത്തിച്ചാരി വെച്ച
കോലിൽ ചാരി ഇരിക്കുന്നു
റിൽക്കെ

നിനക്കറിയുമോ
ആർക്ക് വേണ്ടിയാണ്
ഞാൻ
കവിതകൾ എഴുതിയത്?

നീണ്ട മൗനം
കനം
കാറ്റ്

പതിയെ നടന്നു
ഇപ്പോൾ എങ്ങോട്ട്?

റേഷൻകടയിലേക്ക്

കയ്യിൽ?

ദി കമ്പ്ലീറ്റ് വർക്സ് ഓഫ് റിൽക്കെ.

(1) ആറ്റൂർ 

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: