സമയലായിനിയില്‍ മുങ്ങിക്കിടക്കുകയാണ് നാം. എന്നിട്ടും നമുക്കതിനെ തൊടാന്‍ കഴിയുന്നില്ല. ചേമ്പിലയിലെ വെള്ളത്തുള്ളി പോലെ സമയം നമ്മെ തൊടാതെ തൊട്ടു നില്‍ക്കുന്നു .അതിന്‍റെ സൂക്ഷ്മവും,സ്ഥൂലവുമായ സാന്നിധ്യത്തെയാണ് സമയം,കാലം എന്നീ വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്നത് . .പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഭാവനയുടെ ദൈവകണത്തിനു മാത്രമേ സമയത്തിന്‍റെ സഹയാത്രികനാകാന്‍ കഴിയൂ .പ്രവീണ്‍ചന്ദ്രന്‍ സമയമാപിനി എന്ന കഥയില്‍ ഒരു സമയസഞ്ചാരിയായി അതിനെ സൗന്ദര്യത്തിലും ചിന്തയിലും പിന്തുടര്‍ന്ന് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു .

ഒരു കഥയുടെ നിരൂപക വായന എന്നത് അതിന്‍റെ ആന്തരാവയങ്ങളുടെ പരിശോധന മാത്രമല്ല. ചിലപ്പോഴെങ്കിലും ഒരു സാഹിത്യസൃഷ്ടി ചിന്തയുടെയും, ആശയങ്ങളുടെയും വിസ്തൃതമായ ബഹിരാകാശങ്ങളിലേക്ക് പറന്നുയരാന്‍ പ്രേരണ നല്‍കുന്ന ഒരു മാതൃപേടകം മാത്രമായി വര്‍ത്തിക്കുന്നു .പ്രവീണ്‍ ചന്ദ്രന്‍റെ ‘സമയമാപിനി’ എന്ന കഥ അത്തരത്തിലുള്ള ഒരു സര്‍ഗ്ഗ പ്രേരണയാണ് വായനക്കാരന് നല്‍കുന്നത് .സങ്കല്‍പ്പമാണോ യാഥാര്‍ത്ഥ്യമാണോ എന്നു പറയാന്‍ കഴിയാത്ത വണ്ണം സങ്കീര്‍ണ്ണമായ സമയം എന്ന അനുഭവത്തെ ആശയപരമായി മുഹൂര്‍ത്തവല്‍ക്കരിക്കാനുള്ള ശ്രമമാണ് പ്രവീണ്‍ ചന്ദ്രന്റേത് .ഈ കഥ വായനക്കാരനെ കഥാബാഹ്യമായ ആശയ ഇടങ്ങളിലേയ്ക്ക് ക്ഷണിക്കുകയാണ് .ആ ക്ഷണപത്രികയുടെ പിന്‍ബലത്തില്‍ സമയ സങ്കല്‍പ്പത്തിന്‍റെ സാധ്യചിന്തകളിലേക്ക് കഥയുടെ ആവരണങ്ങള്‍ ഭേദിച്ച് പുറത്തിറങ്ങുവാനാണ് ഇവിടെ ശ്രമിക്കുന്നത്. കഥയ്ക്കകത്തല്ല, പുറത്താണ് ഈ കഥയുടെ സാന്ദ്രാനുഭൂതികള്‍ തിരയേണ്ടത് .

ഇന്ദ്രിയാനുഭൂതികളുടെ രസമുകുളങ്ങള്‍ നമ്മുടെ തലച്ചോറില്‍ വിരിയിക്കുക എന്നത് ഈ കഥയുടെ ജന്മദൗത്യമല്ല. വികാരലോലുപതയാണ് സാധാരണ വായനക്കാരെ സംബന്ധിച്ചിടത്തോളം എഴുത്തിന്‍റെ പ്രതീക്ഷിത സുഖം. വൈകാരികതയുടെ ക്ഷീരമുള്ളോരകിടില്‍ പറ്റിച്ചേര്‍ന്നുറങ്ങാനാണ് കുഞ്ഞുങ്ങള്‍ക്കിഷ്ടം. വായനാപരിശീലനങ്ങളിലൂടെ മുതിര്‍ന്ന് വരുന്തോറും എഴുത്തില്‍ വൈകാരികതയോടൊപ്പം വൈചാരികതയെയും നാം ഇഷ്ടപ്പെടാന്‍ തുടങ്ങും .കേവലമായ ഇന്ദ്രിയാനുഭൂതികളില്‍ മാത്രം മുഴുകുന്ന ഒരു ജനത അതിവേഗം നാശത്തിലേയ്ക്ക് നീങ്ങുന്നതു കാണാം . ഇന്ദ്രിയങ്ങള്‍ നല്‍കുന്ന പ്രത്യക്ഷ സുഖത്തില്‍ ആഴ്ന്നുറങ്ങുവാന്‍ കൊതിക്കുന്നവരാണ്‌ നാം. വര്‍ത്തമാന കാലം ശയ്യ വിരിക്കുന്ന ഭൗതിക സാഹചര്യങ്ങളില്‍ മാത്രമേ പ്രത്യക്ഷ സുഖം ലഭ്യമാകൂ .കലയും ,സാഹിത്യവും തത്വചിന്തയുമൊക്കെ നമുക്ക് പ്രാഥമികമായി നല്‍കുന്നത് പ്രതീതി സുഖങ്ങളാണ്. സിനിമ തുടങ്ങിയ സുകുമാര കലകളില്‍ പ്രതീതി സുഖത്തില്‍ പൊതിഞ്ഞ പ്രത്യക്ഷ സുഖങ്ങള്‍ അകന്നു നില്‍ക്കുന്നുണ്ട് എന്നത് ശരി തന്നെ.സിനിമ,സംഗീതം,നാടകം,നൃത്തം,ചിത്രകല,തുടങ്ങിയ ദൃശ്യ-ശ്രാവ്യ കലകളില്‍ ഇന്ദ്രിയാനുഭൂതികള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും നിത്യജീവിതത്തിലേതു പോലെ അവ നമുക്ക് തൊട്ടനുഭവിക്കാന്‍ കഴിയുകയില്ല .ആശയങ്ങളുടെയും,ചിന്തകളുടെയും പ്രതീതി സുഖങ്ങളാണ് അവ പ്രദാനം ചെയ്യുന്നത് .ആസ്വാദകനില്‍ തന്‍റെ വ്യക്തനുഭവങ്ങളുടെ ഓര്‍മ്മകളുണര്‍ത്തുന്ന സ്വപ്നതുല്യമായ ആന്തരികമായ മായാക്കാഴ്ചകളുടെ ഇന്ദ്രിയ ബാഹ്യമായ ഒരു മാനസിക തലം കൂടി നല്ല കലാസൃഷ്ടികളുടെ പരിവേഷമായി പ്രകാശം പരത്തി നില്‍ക്കുമെങ്കിലും അവയും പരോക്ഷമായ ഇന്ദ്രിയ സുഖം തന്നെയാണ് നല്‍കുന്നത്. എന്നാല്‍ എഴുത്തില്‍ അഥവാ സാഹിത്യത്തില്‍ ആശയങ്ങളുടെയും ചിന്തകളുടെയും മാനസിക തലത്തിനാണ് പ്രത്യക്ഷമായ ഇന്ദ്രിയാനുഭൂതികളേക്കാള്‍ പ്രാമുഖ്യം. തീര്‍ച്ചയായും പരോക്ഷമായ ഇന്ദ്രിയാനുഭൂതികള്‍ സാഹിത്യസൃഷ്ടികള്‍ വായനക്കാരനില്‍ ഉണര്‍ത്തുന്നുണ്ട് .

praveen chandran,malayalam ,writer,m.k sreekumar,story

ഇന്ദ്രിയാനുഭൂതികള്‍ ആണ് നമുക്ക് സുഖം പ്രദാനം ചെയ്യുന്നതെങ്കിലും അവ താൽക്കാലികങ്ങളാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ നാം ചില ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ ഭൗതിക സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ ലഭിക്കുന്നില്ല എന്നതാണ് സാമൂഹിക സത്യം. ലാഭകരമായ തൊഴില്‍വിദ്യകള്‍ ന്യൂനപക്ഷമായ സമ്പന്നര്‍ക്ക് മാത്രം ലഭ്യമാകുന്ന സാമൂഹ്യ വ്യവസ്ഥയാണ്‌ എവിടെയും നിലനില്‍ക്കുന്നത് .തൊഴിലും ഉല്‍പ്പാദനവും വര്‍ദ്ധിക്കും തോറും സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയ വ്യവസ്ഥകളും അതിസങ്കീര്‍ണ്ണമായി മാറിക്കൊണ്ടിരിക്കും . വൈരുദ്ധ്യാത്മകമായ സംഘര്‍ഷം നിറഞ്ഞ അസമത്വം ആണ് ഇതിന്‍റെ സാമൂഹിക പരിണതി. നിലവിലുള്ള സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയെ നിലനിർത്താന്‍ സമ്പന്ന ഭരണവര്‍ഗവും അതിനെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ അധസ്ഥിതരായ കീഴാളവര്‍ഗ്ഗവും നിരന്തരം ശ്രമിക്കുമ്പോള്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്ക്കാരിക സാഹചര്യങ്ങളെ തലനാരിഴ കീറി പഠിക്കേണ്ടതായി വരുന്നു .ഭൗതിക സുഖങ്ങളെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന സമൂഹം വൈകാരികതയില്‍ നിന്ന് വൈചാരികതയിലേയ്ക്ക് നിര്‍ബന്ധിതമായി മാറേണ്ടി വരുന്നത് ഇങ്ങനെയാണ്. മറ്റ് സുകുമാര കലകളേക്കാള്‍ ആശയപ്രധാനമായ എഴുത്തിലാണ് ഈ മാറ്റം കൂടുതലായി പ്രകടമാകുന്നത് .

മലയാളത്തില്‍ ആശയങ്ങളുടെ ആനന്ദമാര്‍ഗ്ഗം പിന്തുടരുന്ന അപൂര്‍വ്വം ചില എഴുത്തുകാരെയുള്ളൂ.പുതിയ തലമുറയുടെ പ്രതിനിധിയായ പ്രവീണ്‍ ചന്ദ്രന് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരനായ ആനന്ദിന്‍റെ വൈകാരികത കുറഞ്ഞ ചിന്താപ്രധാനമായ എഴുത്തു പാരമ്പര്യത്തോടാണ് കൂടുതല്‍ അടുപ്പം. ലോക ഭൂപടത്തില്‍ ചിന്താശേഷിയുടെ കൊടി ഉയര്‍ത്തി നിന്ന കേരളീയ സമൂഹം കേവലമായ വൈകാരിക സുഖങ്ങളില്‍ മാത്രം അഭിരമിക്കുന്ന ഒരു ജനതയായി അതിവേഗം കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഭൗതികതയുടെ ഉപഭോഗ സമൃദ്ധിയാണ്‌ ഇതിന് കാരണം. ജ്ഞാനമായി പരിവര്‍ത്തിപ്പിക്കപ്പെടാത്ത വൈകാരികത അതിവേഗം ജീര്‍ണ്ണിച്ച് രോഗാവസ്ഥയായി സമൂഹത്തേയും വ്യക്തിയേയും അകാല മരണത്തിലേയ്ക്ക് നയിക്കും .

നിമിഷങ്ങളെ പണമായെണ്ണുന്ന യന്ത്രമാണ് സമകാലിക ജീവിതം. ഇത് നമ്മെ സമയലുബ്‌ധന്മാരാക്കി മാറ്റിയിരിക്കുന്നു. പണത്തിന്‍റെ ദാരിദ്ര്യമല്ല സമയത്തിന്‍റെ ദാരിദ്ര്യമാണ് ഇന്ന് നമ്മെ അലട്ടുന്നത് .കൂടുതല്‍ സമ്പന്നരാകുന്നതോടെ നാം കൂടുതല്‍ സമയ ദരിദ്രരാകുന്നു . social time ന് ഇന്ന് ലോകമെങ്ങും പ്രാധാന്യം കൈവന്നിരിക്കുകയാണ് .മുയല്‍വേഗത്തില്‍ മുന്നോട്ടു പായുകയാണ് സമയം. ഉറങ്ങാന്‍ സമയമില്ല.വിശ്രമിക്കാനും ആനന്ദിക്കാനും സമയമില്ല. ആനന്ദമെന്നാല്‍ ഉപഭോഗം എന്നു മാത്രമേ ഇന്നര്‍ത്ഥമുള്ളൂ. പിന്നെ ചിന്തിക്കാന്‍ എവിടെയാണ് സമയം? ഇടവേളകള്‍ ഉപഭോഗ സമയങ്ങള്‍ മാത്രമായിത്തീരുകയാണ് .വഴിയില്‍ ആലസ്യത്താല്‍ ഉറങ്ങിപ്പോകുന്നവര്‍ മുതുകില്‍ ജീവിതഭാരവും പേറി കഷ്ടപ്പെട്ടിഴയുകയാണ് . സമ്പത്താണ് ജീവിത വേഗതയുടെ ഇന്ധനമായി പ്രവര്‍ത്തിക്കുന്നത് . സമയത്തിന്‍റെ തുലാസ്സില്‍ വിശ്രമ നിമിഷങ്ങള്‍ വലിയ നഷ്ടങ്ങളെ രേഖപ്പെടുത്തുന്നതിനാല്‍ ജോലിയുടെ ലാഭവിഹിതം വര്‍ദ്ധിക്കുന്തോറും നാം കൂടുതല്‍ കൂടുതല്‍ വിശ്രമരഹിതരാകുന്നു. ലാഭചിന്ത വിശ്രമ, വിനോദ നിമിഷങ്ങളില്‍ ലാഘവത്തോടെ ആമഗ്നരാകാന്‍ കഴിയാത്തവരായി നമ്മെ മാറ്റിയിട്ടുണ്ട്. സമയം,പണം,പിരിമുറുക്കം –ഈ വിഷമവൃത്തത്തില്‍ അതിവേഗം കറങ്ങിത്തിരിയുകയാണ് ജീവിതം. ലാഭവൃത്തത്തിലെ നിമിഷ സൂചിയായി പിടഞ്ഞോടുകയാണ് നാം. ഉല്‍പ്പാദനത്തിന്‍റെ തൊഴില്‍ സമയം വര്‍ദ്ധിക്കുകയും ഉപഭോഗത്തിന്‍റെ വിശ്രമ സമയം കുറയുകയും ചെയ്തിട്ടുള്ളതിനാല്‍ കുറച്ചു സമയത്തിനുള്ളില്‍ കൂടുതല്‍ ഉപഭോഗങ്ങള്‍ നടത്താന്‍ നാം നിര്‍ബന്ധിതരായിരി ക്കുകയാണ്. കലയും സാഹിത്യവും വിശ്രമ നിമിഷങ്ങളുടെ സൃഷ്ടിയാണ്. വിശ്രമ നിമിഷങ്ങളുടെ സര്‍ഗാത്മകത നഷ്ടപ്പെടുന്നതിനാല്‍ തൊഴിലിന്‍റെ അന്യവല്‍ക്കരണത്തില്‍ നിന്ന് ജനിക്കുന്ന ഒരു ആന്തരിക ശൂന്യതയാണ് ഉത്തരാധുനിക മനുഷ്യനില്‍ നിറഞ്ഞിരിക്കുന്നത്‌ .

praveen chandran,malayalam ,writer,m.k sreekumar,story

വഴിനടത്തക്കാരന്‍റെ കാല്‍വേഗത പോലും വര്‍ദ്ധിച്ചിരിക്കുന്നു. വികസനം അതിവേഗ പാതകളെ സ്വപ്നം കാണുന്നു . .ആനന്ദം നീട്ടിവെക്കപ്പെട്ട ശിഷ്ടവിരാമജീവിതമായി ടോള്‍സ്റ്റോയിയുടെ ഒരാള്‍ക്ക്‌ എത്ര ഭൂമി വേണം എന്ന കഥയിലെ ദുരാഗ്രഹിയെപ്പോലെ കയ്യെത്താദൂരത്തേയ്ക്ക് മോഹിപ്പിച്ചു മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്നത് നാം തിരിച്ചറിയുന്നേയില്ല. ഭോഗത്തിന്‍റെ ശമ്പളം മരണം എന്ന അന്തിമവിധി അപ്രതീക്ഷിതമായി ഒരുനാള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മുടെ വൃഥാവേഗങ്ങള്‍ ഒരു നടുക്കത്തോടെ പിടഞ്ഞു നിശ്ചലമാകുന്നതിനെയാണ് നാമിന്നു ജീവിതം എന്നു വിളിക്കുന്നത്‌. അതെ,ജീവിതം മറ്റെവിടെയോ ആണ്. എവിടെയാണ് ജീവിതം എന്ന ഒരു പുനര്‍ വിചിന്തനത്തിനു സമയമായി. പ്രവീണ്‍ ചന്ദ്രന്‍റെ ‘സമയമാപിനി’ എന്ന കഥയില്‍ മുഴങ്ങുന്ന ആപത് സൂചന ഇതാണ്. മനുഷ്യന്‍ ശരീരം കൊണ്ട് മാത്രമല്ല മരിക്കുന്നത് എന്ന് പറയുകയാണ്‌ പ്രവീണ്‍ ചന്ദ്രന്‍ ആകാശിന്‍റെ ജീവിതചിത്രീകരണത്തിലൂടെ .ആകാശിന് ഭൗതിക മരണം സംഭവിക്കുന്നതിനു മുന്‍പ് ആത്മീയമായ (ദൈവികത എന്ന അര്‍ത്ഥത്തിലല്ല) മരണം സംഭവിക്കുന്നു എന്നാണു കഥാകൃത്ത്‌ പറയുന്നത് .അയാള്‍ ഒരു വ്യക്തിയല്ല,ഒരു സമൂഹമാണ് .വര്‍ത്തമാന ജീവിതം ആന്തരികമായി മരിച്ചിരിക്കുന്നു എന്നു തന്നെയാണ് കഥാകൃത്ത്‌ പറയാന്‍ ശ്രമിക്കുന്നത് .

കപ്പല്‍ എന്ന ചലനഗൃഹത്തിനുള്ളിലാണ് ആകാശിന്‍റെ ഓര്‍മ്മകളും ജീവിതവും നിശ്ചലമാകുന്നതെന്നത് ശ്രദ്ധേയമാണ് .രണ്ടു കാലബിന്ദുക്കള്‍ക്കിടയ്ക്കുള്ള സമയരേഖയാണല്ലോ ജീവിതം .ബോധത്തിന്‍റെ അനസ്യൂതമായ ചലനമാണത്. ഒരു പശ്ചാത്തല നിശ്ചലതയില്‍ നില്‍ക്കുമ്പോള്‍ മറ്റു വസ്തുക്കളുടെ ചലനം നമുക്ക് അനുഭവവേദ്യമാകുന്നു .ഉദാഹരണമായി ചലിക്കാത്ത ഒരു പ്ലാറ്റ് ഫോമില്‍ നിന്നു കൊണ്ടാണ് ഒരാള്‍ കുതിച്ചു പായുന്ന തീവണ്ടിയുടെ ചലനദൃശ്യത്തെ അനുഭവിക്കുന്നത്. സഞ്ചരിക്കുന്ന ഒരു മാധ്യമത്തില്‍ നില്‍ക്കുന്ന ഒരാള്‍ക്ക്‌ എതിരെയുള്ള സഞ്ചരിക്കാത്ത വസ്തുക്കളും ചലിക്കുന്നതായി തോന്നും.ചലിക്കുന്ന തീവണ്ടിയില്‍ ഇരിക്കുന്ന ആള്‍ക്ക് ചലിക്കാത്ത പുറം ലോകം ചലിക്കുന്നതായി തോന്നുന്നത് പോലെയാണത് .ചലിക്കുകയും ചലിക്കാതിരിക്കുകയും ചെയ്യുന്ന,അല്ലെങ്കില്‍ വ്യത്യസ്ഥ വേഗതകളില്‍ വ്യത്യസ്ത ദിശകളില്‍ ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ആപേക്ഷിക ബന്ധത്തില്‍ നിന്നാകാം സമയബോധം ജനിക്കുന്നത്. ഭൂമി,ചന്ദ്രന്‍,സൂര്യന്‍,നക്ഷത്ര സമൂഹങ്ങള്‍ എന്നിവയുടെ ചലനങ്ങളുടെ ആപേക്ഷിക ബന്ധത്തില്‍ നിന്ന് കാലഗണന ഉരുവം കൊണ്ടിരിക്കാം .പ്രവീണിന്‍റെ കഥയില്‍ സമുദ്രമാണ് നിശ്ചല പശ്ചാത്തലം. സമയത്തിന്‍റെ ചലനബോധ്യം സൃഷ്ടിക്കുന്നത് കപ്പലിന്‍റെ ഉപരിചലനമാണ്. കടലിന്‍റെ വിജനപ്പരപ്പില്‍ ഉണ്മയുടെ വിരസസൂചികള്‍ ചലിക്കാന്‍ മടിച്ചു നില്‍ക്കുന്നു. സംവേദനത്തിന്‍റെ അസാധ്യത വിരസത സൃഷ്ടിക്കും എന്നു നമുക്കറിയാം. സംവേദനം എപ്പോഴും അപരരുമായുള്ള നേരിട്ടുള്ള ആശയവിനിമയം ആകണമെന്നില്ല. ഏകാകിയും വിരസനുമായ ഒരാള്‍ക്ക്‌ തിരക്കേറിയ തെരുവിലേക്ക് നോക്കിയിരിക്കുക എന്നത് വിഷാദത്തില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മരുന്നായിരിക്കും. പുസ്തകം വായിക്കുക,സിനിമ കാണുക,പാട്ട് കേള്‍ക്കുക,ഇഷ്ട ജോലികളില്‍ ഏര്‍പ്പെടുക, വാട്സപ്പിലോ ഫെയ്‌സ്‌ബുക്കിലോ മുഴുകുക, മനോരാജ്യം കാണുക എന്നിവയുമൊക്കെ സംവേദനത്തിന്റെ അപരസാധ്യതകളാണ് .ഇതിനെയാണ് ഞാന്‍ ഉണ്മയുടെ വ്യാപനം എന്നു വിളിക്കാനാഗ്രഹിക്കുന്നത്.

ഇത്തരം സാധ്യതകളുടെ അഭാവത്തില്‍ കടലിന്‍റെ വിജനത സൃഷ്ടിക്കുന്ന ആഴങ്ങളില്‍ ഉണ്മയുടെ കപ്പല്‍ മുങ്ങിപ്പോകുന്നതാണ് ‘സമയമാപിനി’ എന്ന കഥയില്‍ നാം കാണുന്നത്. ഭൂതകാലം ഏതാണ്ട് നിശ്ചലമായി ഉറഞ്ഞുകിടക്കുന്നതായി നമുക്കനുഭവപ്പെടുന്നു .സംഭവബഹുലമായ വര്‍ത്തമാനകാലവും ആകാശിന് കപ്പലില്‍ ഉള്ളതായി കാണുന്നില്ല . ആകാശിന്‍റെ ഇഷ്ടകാലം ഭൂതകാലമാണ് .അത് മരിച്ചു കഴിഞ്ഞതായി അയാള്‍ മനസ്സിലാക്കുന്നു. ഭൂതകാലാനുഭവപഠനങ്ങളുടെ ഊന്നുവടികളും ഭാവി നീട്ടുന്ന പ്രതീക്ഷാഹസ്തങ്ങളുടെ ജീവിത പ്രേരണയുമില്ലെങ്കില്‍ വര്‍ത്തമാനത്തിനു മുന്നോട്ടു ചലിക്കാനാവില്ല. വ്യക്തിക്കായാലും സമൂഹത്തിനായാലും ചലനശേഷി നല്‍കുന്നത് വര്‍ത്തമാനത്തില്‍ നിരന്തരം അലിഞ്ഞു ചേരുന്ന ഭൂതകാലസഞ്ചയമാണ്.വ്യക്തിയില്‍ ഇത് ഉപബോധ മനസ്സായും സമൂഹത്തില്‍ collective unconsciousness ആയും പ്രവര്‍ത്തിക്കുന്നു. ബോധമാണ് ഉണ്മയുടെ അടിസ്ഥാനം. ബോധമില്ലാത്തിടത്തും ഭൗതികത നിലനില്‍ക്കുന്നുവെങ്കിലും അതിനു ഉണ്മയില്ല .ഉറക്കത്തിലും നാം ഭൗതികമായി തുടരുന്നുണ്ടെങ്കിലും ബോധം നഷ്ടപ്പെടുന്നതിനാല്‍ ഈ പ്രപഞ്ചത്തിന്‍റെ അസ്ഥിത്വം തന്നെ ഇല്ലാതാകുന്നു. ഉണരുമ്പോള്‍ ഈ ഭൗതിക പ്രപഞ്ചം ഉണ്മയുള്ളതായിതീരുന്നു. നിദ്രാവേളയില്‍ പ്രപഞ്ചബോധം താല്‍ക്കാലികമായി നഷ്ടപ്പെടുന്നുണ്ടെങ്കിലും ഉണര്‍വില്‍ അതിന്രെ തുടര്‍ച്ചാനുഭവം തിരികെ ലഭിക്കുന്നുണ്ട്. അപ്പോള്‍ ബോധമാണ് ഭൗതികാനുഭവത്തെ സൃഷ്ടിക്കുന്നതെന്ന് വ്യക്തമാകുന്നു. ഭാരതീയ തത്വചിന്തയുടെ ഈ പൗരാണിക തുറമുഖത്താണ് പ്രവീണ്‍ തന്‍റെ കഥയുടെ കപ്പലടുപ്പിക്കാന്‍ ശ്രമിക്കുന്നത് .

praveen chandran,story,m.k sreekumar,samayamapini

ജീവിതത്തില്‍ ആദ്യം സംഭവിക്കുന്നത്‌ ജനനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ഒരു കഥയില്‍ ഈ കാലക്രമം ആവശ്യമായി വരണമെന്നില്ല. പ്രവീണ്‍ ചന്ദ്രന്‍റെ കഥ തുടങ്ങുന്നത് ഒരു മരണത്തിന്‍റെ ഓര്‍മ്മയുടെ ആഖ്യാനത്തില്‍ നിന്നാണ്. വര്‍ത്തമാനകാലാനുഭവങ്ങളുടെ മരണത്തില്‍ നിന്നാണ് ഓര്‍മ്മകള്‍ ജനിക്കുന്നത് .ഇതില്‍ ഒരു വൈരുദ്ധ്യമുണ്ട്.ഓര്‍മ്മ എന്ന ആശയത്തില്‍, അനുഭവിച്ചു കഴിഞ്ഞതിന്‍റെ മരണവും ഭാവിയിലേയ്ക്ക് തുടര്‍ന്ന് കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തിലെ അതിന്‍റെ കാലക്രമം തെറ്റിയ പുനര്‍ജ്ജനിയും ഒരേ സമയം നിലകൊള്ളുന്നു എന്നതാണത് .ഓരോ വ്യക്തിയും ഓരോ ഘടികാരസംഹിതകളാണ്. കഥയിലെ മുത്തശ്ശനും നിലച്ചു പോയ ഒരു ഘടികാരമാണ്. ഒരാളുടെ മരണമെന്നത്‌ അയാളുടെ ഭൗതികമായ മരണം മാത്രമല്ല. മരിച്ചു കഴിഞ്ഞാലും അയാള്‍ മറ്റുള്ളവരുടെ ബോധമണ്ഡലങ്ങളില്‍ അവശേഷിപ്പിക്കുന്ന ഓര്‍മ്മകളിലൂടെ ഒരു പ്രതീതി യാഥാര്‍ഥ്യമായി പിന്നെയും ജീവിതം തുടരുക തന്നെ ചെയ്യും. ആകാശിന് ആറു വയസ്സുള്ളപ്പോള്‍ മുത്തശ്ശന്‍ മരിച്ചുവെങ്കിലും ആ ഘടികാരതാളം മുത്തശ്ശനെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓര്‍മ്മയായി അയാളില്‍ നിലയ്ക്കാതെ തുടരുന്നുണ്ട് . ഒരു കലാകാരനോ, എഴുത്തുകാരനോ, ചിന്തകനോ സാധ്യമാക്കുന്നതും ജീവിച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരിലും മരണശേഷം തുടര്‍ന്നു വരുന്ന തലമുറകളുടെ ബോധ മണ്ഡലങ്ങളിലും അനശ്വരരായി തുടരുക എന്നതാണ്.ബോധത്തിന്‍റെ അനന്തമായ വ്യാപനമാണത്. അതിനാല്‍ എഴുത്ത് എന്നത് ഒരു വ്യാപന കലയാണ്‌. കത്തിയെ പ്രലോഭിപ്പിക്കുന്ന മാമ്പഴത്തിന്‍റെ മാംസളത പോലെ പൂര്‍ണ്ണത തേടുന്ന എഴുത്തുകാരന്‍ കാലത്തില്‍ നിന്ന് ഒരു പൂള് ചെത്തിയെടുക്കുന്നു. എല്ലാ മുറിവുകളും കലകള്‍ സൃഷിക്കുന്നുണ്ട് എന്നു നമുക്കറിയാം സമ്പൂര്‍ണ്ണമായ കാലത്തിന്‍റെ അംശമാണ് അഥവാ മുറിവാണ് കല. അതിന് അടയാളമെന്നും അര്‍ത്ഥമുണ്ട് .എല്ലാ കലയിലും കൊഴിഞ്ഞ് പോയ കാലത്തിന്‍റെ രേഖപ്പെടുത്തലുകളുണ്ട്.

Read More:  സമയമാപിനി- പ്രവീൺ ചന്ദ്രൻ എഴുതിയ കഥ ഇവിടെ വായിക്കാം

തത്സമയ വ്യാപന ശക്തി കൊണ്ടാണ് ഈ ഭൗതിക പ്രപഞ്ചം വിടര്‍ന്ന് നിറഞ്ഞു നില്‍ക്കുന്നതെന്ന് തോന്നിയിട്ടുണ്ട് .ഉദാഹരണം പറയാം. നിശ്ചലമായ ഫാനിന്‍റെ ചുറ്റും ഒരു ഇതള്‍ വൃത്തമില്ല.ഇതളുകളുടെ പരിമിതമായ ഭൗതിക സാന്നിധ്യത്തിനിടയില്‍ ആകാശ ശൂന്യതയാണ് നിറഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ പങ്ക അതിവേഗം കറക്കി നോക്കൂ.ഇതളുകള്‍ക്കിടയിലെ ശൂന്യത ഇല്ലാതാകുന്നതു കാണാം. ഭേദിക്കാന്‍ കഴിയാത്ത ഒരു ഭൗതിക വൃത്തം രൂപപ്പെടുന്നു .ഒരു വസ്തുവിന്‍റെ ചലന വേഗത സൃഷ്ടിക്കുന്ന ഭൗതിക വ്യാപനമാണത്. ഓരോ അണുവിലും ഇത്തരം ശൂന്യതയാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് ഭൗതിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ആറ്റത്തിലെ കണങ്ങളിലെ ചലനവേഗതയാണ് സ്ഥൂലമായ ഭൗതികാനുഭവത്തെ സൃഷ്ടിക്കുന്നത്. ഭൗതിക പ്രപഞ്ചം മായയാണ് എന്ന് ഭാരതീയ തത്വചിന്ത പറയുന്നതിനെ മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമാണ് പറഞ്ഞത് .ഒരു ഭൗതിക വസ്തുവിന്‍റെ സാന്ദ്രതയെ എത്ര വേണമെങ്കിലും ചുരുക്കുവാനോ വിപുലീകരിക്കുവാനോ കഴിയുമോ? ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ശാസ്ത്രജ്ഞാനം എനിക്കില്ലാത്തതിനാല്‍ അത് ഭൗതിക ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്നു. ഈ പ്രപഞ്ചത്തില്‍ ഭൗതിക വസ്തുക്കളുടെ അടിസ്ഥാന കണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയുടെ ചലന വേഗത കൊണ്ട് ഭൗതികാനുഭവത്തിന്‍റെ ഒരു വിപുലവ്യാപനം സാധ്യമാകും എന്ന തോന്നലിലാണ് ഞാന്‍ എത്തിനിൽക്കുന്നത്. അപരബോധങ്ങളിലേയ്ക്കുള്ള സംവേദനവ്യാപനം ആകാശിന് കപ്പലില്‍ നഷ്ടപ്പെടുന്നതായി കഥാകൃത്ത്‌ പറയുന്നുണ്ട്. ഓര്‍മ്മനഷ്ടം ആകാശിന്‍റെ ബന്ധങ്ങളുടെ അടിവേര് പോലും അറുത്തു മാറ്റുന്നുണ്ട് .അയാള്‍ ചികിത്സ തേടി ചെല്ലുന്നത് സുഹൃത്തായ ഡോക്ടര്‍ മെല്‍വിന്‍റെ അടുത്താണ്. എന്നാലിപ്പോള്‍ ഡോക്ടര്‍ക്ക്‌ ആകാശിനെ ഒരു രോഗിയായി മാത്രം കാണാനേ സാധിക്കുന്നുള്ളൂ. ഏറ്റവുമടുത്ത സുഹൃത്തായ ഡോക്ടറിലേയ്ക്കു പോലും തന്‍റെ അസ്തിത്വത്തെ വ്യാപിപ്പിക്കാന്‍ ആകാശിന് കഴിയുന്നില്ല എന്നതാണ് അയാളുടെ ദുരന്തമായി പരിണമിക്കുന്നത്. കലയും സാഹിത്യവും മനുഷ്യാസ്തിത്വത്തിന്‍റെ അസ്തിവാരമാണ് എന്നു നാം മനസ്സിലാക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഇവിടെ വെളിപ്പെടുന്നത്.

praveen chandran,writer

ഭൂതകാലത്തിലാണ് പ്രവീണ്‍ചന്ദ്രന്‍റെ കഥ ആരംഭിക്കുന്നത് .മരിച്ചുപോയ മുത്തശ്ശന്‍റെ ഓര്‍മ്മകള്‍ ഇഷ്ടസാന്നിധ്യമായി ആകാശിന്‍റെ അരക്ഷിതാവസ്ഥയെ തലോടി നില്‍ക്കുന്നു .ഓര്‍മ്മകള്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്ന അമൃതവിദ്യയാണ്. ഓര്‍മ്മകളില്‍ മുഴുകുന്ന ഒരാളുടെ വര്‍ത്തമാനകാലം ഭൂതകാലമായി പരിവര്‍ത്തനപ്പെടുന്നു. മരണം ജീവിതമായി മാറുന്നു .ഭൂതകാലം കുത്തഴിഞ്ഞ ഒരു പുസ്തകമാണ്.അതിനെ പൂര്‍ണ്ണമായി കാലാനുക്രമത്തില്‍ വീണ്ടെടുക്കുക അസാധ്യം തന്നെ.വര്‍ത്തമാനകാലത്തില്‍ ഭൂതകാലവും ഒരു നിലീന സാന്നിധ്യമായി അന്തര്‍ഭവിച്ചിരിക്കുകയാണ്.വര്‍ത്തമാനകാലത്തിന്‍റെ തത്തയ്ക്ക് ഭൂതകാല ശേഖരത്തില്‍ നിന്ന് ഒരു സമയം ഒരു ചീട്ടു മാത്രമേ കൊത്തിയെടുക്കാന്‍ കഴിയൂ.ഒരാള്‍ക്ക് തന്‍റെ ഇഷ്ടാനുസരണം ഓര്‍മ്മകളെ തിരഞ്ഞെടുക്കുന്നതിന് പരിമിതിയുണ്ട്.

വര്‍ത്തമാനകാലത്തിലെ അനുഭവങ്ങളോട് ബന്ധപ്പെട്ട് ആണ് പല ഓര്‍മ്മകളും മനസ്സിലേക്ക് സ്വയം ഉയര്‍ന്നു വരുന്നത്. എന്നാല്‍ ആഴത്തില്‍ പതിഞ്ഞ ചില ഓര്‍മ്മകളെ നമുക്ക് വീണ്ടും വീണ്ടും ആവശ്യാനുസരണം പുനരാനയിക്കാന്‍ കഴിയും. സമൃദ്ധമായ ഒരു ഭൂതകാലം ഉണ്ടായിരുന്നവര്‍ക്ക് വര്‍ത്തമാന കാല ജീവിതം വിരസവും അസഹ്യവുമായിത്തീരുമ്പോള്‍ ഭൂതകാലസ്മരണകളിലേയ്ക്കു ഉണ്മയുടെ വ്യാപന വേരുകളാഴ്ത്തി നിലനില്‍ക്കാന്‍ കഴിയും. ശുഭാപ്തി വിശ്വാസത്തിന്‍റെ മുന്‍വെളിച്ചം കയ്യിലുള്ളവരാകട്ടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നചിന്തകളിലേയ്ക്ക് വ്ര്‍ത്തമാനജീവിതത്തെ മാറ്റിപ്പാര്‍പ്പിക്കും. ഭാവിയിലേയ്ക്കോ ഭൂതകാലത്തിലേയ്ക്കോ അസ്തിത്വത്തെ വ്യാപിപ്പിക്കാനാകാതെ വര്‍ത്തമാനകാലത്തിന്‍റെ വിരസശൂന്യതയില്‍ അണഞ്ഞു തീരുകയാണ് ആകാശിന്‍റെ ജീവിതം.

കഥയാകട്ടെ അസ്തിത്വത്തിന്‍റെ ശൂന്യതയെ പൂരിപ്പിക്കുന്ന ഒരു വ്യാപന ശക്തിയായി വര്‍ത്തിക്കുന്നു .ചിന്താ വേഗത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ആശയവൃക്ഷമായി കൊച്ചു കഥാലോകം വികസ്വരമാകുന്നു .സാഹിത്യം അസ്തിത്വത്തിന്‍റെ അപരലോകങ്ങളെ സൃഷ്ടിക്കുന്നത് അങ്ങനെയാണ് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook