ഒന്ന്
എന്റെ പ്രേമം തീവണ്ടികൾ കയറി,
കുട്ടിസ്റ്റേഷനുകളിലിറങ്ങി,
ഒഴിഞ്ഞ ബെഞ്ചുകളിലുറങ്ങി,
അടഞ്ഞ പാട്ടുകളിലൊതുങ്ങി.
കീറിക്കളഞ്ഞ പ്ലാറ്റ്ഫോം ടിക്കറ്റുകളോട്
പരമാവധിയിണങ്ങി.
രണ്ട്
അഴിച്ചാൽ തീരാത്തയുടുപ്പ്.
അതിന്റെ തുന്നലുകളിൽ
ഞാൻ കണ്ണാടി നോക്കുന്നു.
അതിന്റെ തൊങ്ങലുകളാൽ
മുടി കോതുന്നു.

മൂന്ന്.
പിരിഞ്ഞുപോയ ആൾക്കൂട്ടം,
അലഞ്ഞുതീരാത്ത ഒരാളുടെ
വീട് പോലെ
എന്റെ പ്രേമത്തിൽ
മാറാല കെട്ടുന്നു.
നാല്
കുന്നുകളിലെത്തുമ്പോൾ
കടൽത്തീരങ്ങളെ ധ്യാനിച്ചു.
തീരങ്ങളിൽ തൊടുമ്പോൾ
കയറ്റങ്ങളെ പ്രാർത്ഥിച്ചു.
മരങ്ങളരുവികൾ,
മുറിഞ്ഞ പാതകൾ
എന്നൊരു വരിയെപ്പോഴും
പ്രേമം രണ്ടു തവണയാവർത്തിച്ചു.