scorecardresearch
Latest News

Onam 2021: സൂപ്പര്‍ ഹീറോ സാബു

“ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന്‍ വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.” രൺജു എഴുതിയകഥ

Onam 2021: സൂപ്പര്‍ ഹീറോ സാബു
ചിത്രീകരണം: വിഷ്ണുറാം

(1)

അയ്യന്‍കാളി നഗര്‍ കോളനിക്കടുത്ത് മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്ന കുപ്പത്തൊട്ടിക്കരികിലായി കെട്ടിപ്പൊക്കി നിര്‍ത്തിയിരുന്ന സിനിമാ പോസ്റ്ററാണ് ആരോ ചാടിക്കടന്നതു പോലെ പൊളിഞ്ഞുകിടന്നത്. സൂപ്പര്‍ ഹീറോ ഇറങ്ങി എന്നൊരു സംസാരം നാടാകെ പരന്നു. കോളനിയ്ക്കടുത്തായതു കൊണ്ടായിരിക്കണം, “ബ്ലാക്ക്മാന്‍ ഇറങ്ങിയതു പോലൊരു വരവായിരുന്ന്,” എന്നാണ് ആദ്യം കണ്ട നാട്ടുകാരിലൊരാള്‍ വിറച്ചുവിറച്ച് മുക്കിമൂളി പറഞ്ഞത്.

“സെക്കൻഡ് ഷോ കഴിഞ്ഞ് വരുമ്പോ ഒന്നു മുള്ളാനിരുന്നതാ. പിന്നിലൊരു വലിയ ശബ്ദം കേട്ട് തിരിഞ്ഞപ്പോ ബ്രേക്ക് പൊട്ടിയൊരു കാര്‍ തെക്കുന്ന് പാഞ്ഞു വരണ്. ചത്തൂന്നാ വിചാരിച്ചേ. അപ്പഴാ പോസ്റ്റര്‍ പൊളിച്ച് ഇടിമിന്നല്‍ പോലത് വന്നത്. പറന്നുവന്ന് ഒറ്റക്കൈയ്യേല് പൊക്കിയെടുത്ത് ഒരൊറ്റ ചാട്ടം. ചാടിമാറിയതും കാറ് വന്ന് കരിങ്കല്‍ മതിലേലിടിച്ച് തകര്‍ന്നതും ഒരുമിച്ചായിരിന്നു. ചത്ത് പണ്ടാറമടങ്ങിയേനെ.”

പറഞ്ഞു നിര്‍ത്തിയിട്ടും, ബീഡിക്കറ പുകഞ്ഞ് കരുവാളിച്ചു കിടന്ന അയാളുടെ ചുണ്ട് നിര്‍ത്താതെ വിറച്ചുകൊണ്ടിരുന്നു.

“പോസ്റ്ററൊട്ടിക്കാന്‍ വന്ന ആരേലുമായിരിക്കും,” കേട്ടുനിന്നവരിലാരോ പറഞ്ഞപ്പോള്‍ അയാള്‍ അല്ലെന്ന് തലയാട്ടി.

“എന്നാപ്പിന്നെ എന്തരായിരുന്നത്?”

ഓടിക്കൂടിയ നാട്ടുകാരെല്ലാം ഒരെത്തുംപിടിയും കിട്ടാതെ നിന്നപ്പോള്‍, സ്വബോധം വീണ്ടെടുത്ത് അയാള്‍ പറഞ്ഞു “സൂപ്പര്‍ ഹീറോ സാബുവാണെന്നെ രക്ഷിച്ചേ… സൂപ്പര്‍ സ്റ്റാറായി സിനിമാ പോസ്റ്ററും പൊളിച്ചു ചാടി വന്ന്, ഞാന്‍ സൂപ്പര്‍ ഹീറോ, സാബൂ ഡാന്നും പറഞ്ഞൊരു നില്‍പ്പായിരുന്ന്…”

അതുപറയുമ്പോള്‍ അയാളുടെ മുഖത്ത് ഭയം മാറി വല്ലാത്തൊരു ആരാധനാ ഭാവം തുടിച്ചു നിന്നു.

പതിവിന് വിപരീതമായി, ഭീതിപരത്തുന്ന കഥകളല്ല, വീരാരാധനയുടെ മിത്തുകള്‍ മുത്തുപൊഴിക്കുന്ന സുന്ദരകല്‍പ്പനകളാണ് സൂപ്പര്‍ ഹീറോ സാബുവിനെ ക്കുറിച്ച് പറഞ്ഞുപറഞ്ഞ് പ്രചാരത്തിലായത്. കുറച്ചുകാലം കൊണ്ടു തന്നെ, വെള്ളിത്തിരയില്‍ അമാനുഷികശക്തിപ്രകടനം നടത്തുന്നൊരു സൂപ്പര്‍ സ്റ്റാറിനോടെന്ന പോലത്തെ അടങ്ങാത്ത ആവേശവും ആരാധനയുമായി അത് വളര്‍ന്നു വന്നു.

ചിത്രീകരണം: വിഷ്ണുറാം

കോളനിയില്‍ താമസിക്കുന്ന അടിപൊളി പിള്ളേരാണത് നന്നായി ആഘോഷിച്ചത്. നീട്ടിവളര്‍ത്തിയ മുടിയിളക്കി, റാപ്പ് സംഗീതത്തിനൊപ്പം ചുവടുവെച്ച് അവര്‍ സൂപ്പര്‍ ഹീറോ സാബുവിനെകുറിച്ച് പാടിനടന്നു.

“അഡടാ അടവി വാഴും തമ്പ്രാ

നീ കടവിറങ്ങി വന്താ

നെന്റെ കടപുഴക്കും പാട്ടാ

ഹീറോ ഡാ അവന്‍ സൂപ്പര്‍ ഹീറോ ഡാ

കുന്തം കുത്തി പന്തം കത്തി

കാവ് തീണ്ടി കനവ് താണ്ടി

വെള്ളിത്തിര പൊളിച്ചിളക്കി വന്തേന്‍

സാബു ഡാ അവന്‍ സൂപ്പര്‍ ഹീറോ ഡാ…”

പാട്ടിനൊപ്പം കൈകോര്‍ത്ത് അവര്‍ ചുവടുവെച്ചു. കോളേജ് കാമ്പസുകളിലേ ക്ക് അതൊരു ലഹരിയായി പതുക്കെ പടര്‍ന്നുകയറി. പിന്നെ അവര്‍ അതങ്ങേറ്റെടുത്തു. സൂപ്പര്‍ ഹീറോയെത്തേടി യൂട്യൂബര്‍മാര്‍ നെട്ടോട്ടമോടി. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ, ആപത്തില്‍പ്പെടുന്നവരെ രക്ഷിക്കാനായി തുടരെത്തുടരെ സൂപ്പര്‍ ഹീറോ സാബു അവതരിച്ചു കൊണ്ടിരുന്നു.

ജനമനസ്സില്‍ സൂപ്പര്‍ ഹീറോ സാബു കുടിയേറി തുടങ്ങിയപ്പോഴാണ് അതേപ്പറ്റി വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സ്പെഷ്യല്‍ ബ്രാഞ്ചിലെ സുധാകരന് മുകളില്‍ നിന്ന് നിര്‍ദ്ദേശം കിട്ടുന്നത്. ആദ്യമൊന്ന് അയാള്‍ ഞെട്ടി. എന്തു പൊല്ലാപ്പാണിതെന്ന് മനസ്സില്‍ പ്രാകി.

സാധാരണയായി, സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ്ണകളുടെ എണ്ണമെടുത്തും പ്രക്ഷോഭസമരങ്ങളുടെ നോട്ടീസ് പകര്‍ത്തിയെഴുതിയുമാണ് അന്നന്നത്തെ റിപ്പോര്‍ട്ടുകള്‍ കൊടുത്തുവെന്ന് വരുത്താറ് പതിവ്. അതിനായി പരിചയമുള്ള ഏതെങ്കിലും പത്രമാപ്പീസ് കയറിയിറങ്ങി, ചവറ്റുകുട്ടയില്‍ നിന്നും ലഘുലേഖകള്‍ പെറുക്കിയെടുത്ത് അതൊരു റിപ്പോര്‍ട്ടായി പകര്‍ത്തിയെഴുതി സമര്‍പ്പിക്കും.

തീവ്രരാഷ്ട്രീയസ്വഭാവമുണ്ടെന്ന് കരുതുന്ന ചില മനുഷ്യര്‍, സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്ക് പിന്നാലെയാണ് പൊലീസ് നായയെപ്പോലെ മണത്തുപോകാറ് പതിവ്. ഇതാദ്യമായാണ് ഒരു സൂപ്പര്‍ ഹീറോയുടെ പുറകെയുള്ള ഓട്ടം. വല്ലാത്തൊരു പണിയായിപ്പോയി. മെനക്കിട്ട് വെയിലത്തിറങ്ങി നടക്കേണ്ടി വന്നു. ശരിക്കും കഷ്ടപ്പെട്ടു.

എന്തായാലും, വിചിത്രമായ ചില കാര്യങ്ങളാണ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ സുധാകരന്‍ കണ്ടെത്തിയത്. അതെല്ലാം വിശദമായി അദ്ദേഹം ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. അവയില്‍ ചിലതാണ് വിസ്തരിച്ചിരിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതി!

(2)

പുഴയോരത്ത് ഷൂട്ടിങ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു അവര്‍. ഒരു സ്വതന്ത്ര സിനിമാസംവിധായകനും സഹസംവിധായകനും നടിയും. അവര്‍ ഉറക്കെ ചിരിക്കുകയും പാട്ടുപാടുകയും, അടുത്തു വെച്ച മദ്യക്കുപ്പിയില്‍ നിന്നും ഇടയ്ക്കിടെ മോന്തുകയും ചെയ്തുകൊണ്ടിരുന്നു.

വറ്റിക്കിടന്ന പുഴയില്‍ അവിടിവിടായുള്ള ജലത്തുരുത്തുകള്‍ തേടി നടി എഴുന്നേറ്റുനടന്നു. നിലാവത്ത് തണുത്തുറഞ്ഞു കിടന്ന പുഴപ്പരപ്പില്‍ അവള്‍ മണല്‍ പറ്റിയ നഗ്നപാദങ്ങള്‍ താഴ്ത്തി; കുളിര്‍ന്നപ്പോള്‍ ആ നനവില്‍ മലര്‍ന്നുകിടന്നു.

“വല്ലതും നടക്കുമോ?”

സഹസംവിധായകന്‍ അക്ഷമനായിക്കൊണ്ടിരുന്നു.

“എന്ത്?”

സംവിധായകന്‍ നിര്‍വികാരനായി മദ്യം മോന്തിക്കൊണ്ടിരുന്നു.

“സിനിമ! അല്ലാതെന്ത് ***?”

സഹസംവിധായകന്റെ മറുപടി കേട്ട് സംവിധായകന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.

“ഏതേലുമൊരു സൂപ്പര്‍ സ്റ്റാറിന്‍റെ ഡേറ്റ് കിട്ടിയാ നുമ്മ പൊളിക്കും! ഈ സ്വതന്ത്രസിനിമേം കൊണ്ട് രക്ഷപ്പെടുമോ ബ്രോ?”

“ടാ മോനേ… ആര് തരാനാണ്ടാ?!”

അതുകേട്ട് കലിപൂണ്ട് സഹസംവിധായകന്‍ മദ്യക്കുപ്പി വലിച്ചെറിഞ്ഞു. അത് എങ്ങോ പോയിടിച്ച് ചിന്നിച്ചിതറി.

പുഴയുടെ അങ്ങേ കരയില്‍ അന്നേരം ഒരു വണ്ടി വന്നുനിന്നു. അതില്‍ നിന്നും ചിലര്‍ ചാടിയിറങ്ങി. അവര്‍ സംവിധായകനും കൂട്ടാളിയും ഇരുന്നിടത്തേയ്ക്ക് പാഞ്ഞുചെന്നു.

“ഇതിവിടെ നടപ്പില്ല!”

സംഘത്തിന്റെ മുന്‍നിരയില്‍ നിന്ന ഒരു ചെക്കന്‍ ചൊടിച്ചു. അവന്‍ ഇടയ്ക്കിടെ നടി കിടക്കുന്നിടത്തേക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടിരുന്നു.

സിനിമാ ഷൂട്ടിങ്ങിന്റെ ബാക്കിയായി കിടന്നിരുന്ന സാധനങ്ങളെല്ലാം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച്, വന്നവര്‍ നിമിഷാര്‍ത്ഥം കൊണ്ട് ആളാവാന്‍ നോക്കി. അവര്‍ സംവിധായകനെ പുറംകാലുകൊണ്ട് തൊഴിച്ചു. സഹസംവിധായകനെ പൊക്കിയെടുത്ത് പൂഴിയിലാഴ്ത്തി താണ്ഡവമാടി.

എല്ലാം തട്ടിത്തകര്‍ത്തെറിഞ്ഞ ശേഷം, പഴയ മലയാള സിനിമയിലെ വില്ലന്മാരെ അനുസ്മരിപ്പിക്കുമാറ് കണ്ണില്‍ കഴുതക്കാമം കലര്‍ത്തി അട്ടഹസിച്ചാര്‍ത്ത് അവര്‍ നടിയുടെ അടുത്തേക്ക് നീങ്ങി. അവരുടെ ചിറി വലിഞ്ഞുമുറുകി കോടിയിരുന്നു.

ranju, story ,iemalayalam
ചിത്രീകരണം: വിഷ്ണുറാം

“ഡാ…,” കിടന്നിടത്തുനിന്നും എഴുന്നേല്‍ക്കാനാകാതെ സംവിധായകന്‍ അലറി.

സഹസംവിധായകന്‍ മണലില്‍ തലപൂഴ്ത്തിക്കിടന്നു.

നടിയുടെ സമീപത്തേക്ക് അവര്‍ നടന്നടുത്തപ്പോള്‍, അടുത്തെവിടെയോ കുരുതി നടക്കുന്നൊരു തറവാട്ടിലെ കാവില്‍ നിന്നും രക്തം പിടച്ചാര്‍ക്കുന്ന കരച്ചിലുയര്‍ന്നു. മുത്തപ്പന്‍ തുള്ളി കത്തിജ്ജ്വലിച്ച് വിട്ടുപോയ ഒരു ശരീരം മകരത്തിലെ മഞ്ഞത്തും അഗ്നിപര്‍വ്വതമായി പുകഞ്ഞു.

“ആടെടി പെണ്ണേ… ആടിത്തുലയെടി പൊന്നേ… ആടിത്തുലയെടി കണ്ണേ…,” സംഘം ആര്‍ത്തുവിളിച്ച് ശല്യപ്പെടുത്തി നടിയെ പ്രകോപിപ്പിക്കാന്‍ തുടങ്ങി.

അവളുടെ അകവുംപുറവും പുകഞ്ഞു. മണലില്‍ കിടന്നുപുളഞ്ഞ്, പൂഴിവാരിയെറിഞ്ഞ് അവള്‍ അലറി.

പൂഴി വീണു ചുവന്ന നടിയുടെ മുതുകിലെ ചെമ്പന്‍ രോമങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട്, വറ്റിവരണ്ട പുഴയില്‍ നിന്നും ബാധ കയറിയ പോലൊരു കറുത്ത മനുഷ്യന്‍ പ്രത്യക്ഷനായി. അമ്പരന്ന് വായപൊളിച്ചു നിന്ന സംവിധായകനെ തള്ളിമാറ്റിക്കൊണ്ട് അയാള്‍ മുന്നോട്ടാഞ്ഞു വന്നു.

“സൂപ്പര്‍ ഹീറോ സാബു ഡാ… ധൈര്യമുണ്ടേല്‍ എന്നോട് കളി!” അയാള്‍ അട്ടഹസിച്ചു.

പൂഴിമണലില്‍ നിന്നിടത്തു നിന്ന് ചാടിയുയര്‍ന്ന്, വായുവില്‍ മഴവില്ല് വിരിയിക്കുമാറ് കൈരണ്ടും വീശിക്കൊണ്ട് അയാള്‍ ആഞ്ഞടിച്ചു.

സിനിമാക്കാരെയെല്ലാം ഞെട്ടിപ്പിച്ചുകൊണ്ട്, പുഴയുടെ തീരത്ത് അന്നാദ്യമായി, സ്വതന്ത്രസിനിമയുടെ ആ സെറ്റില്‍ സൂപ്പര്‍ ഹീറോ സാബു നിറഞ്ഞാടി.

അടികൊണ്ട് വാലുംചുരുട്ടി തിരിഞ്ഞു നോക്കാതെ ഓടുമ്പോള്‍ സദാചാരസംഘക്കാര്‍ വിളിച്ചു പറഞ്ഞു: “നിന്നേപ്പിന്നെ കണ്ടോളാമെടാ…”

അതു കാറിപ്പറഞ്ഞവന്റെ പിന്നാലെ കരിമ്പുലിയായി സൂപ്പര്‍ ഹീറോ പാഞ്ഞുപോയി. അവന്‍റെ എല്ലുംതോലും പോലും പിന്നെ കണ്ടുകിട്ടിയതേയില്ല.

“അയാളെ കാണാന്‍ എങ്ങനിരുന്നു?” കഴുത്തിലെ പൊറ്റ മാന്തിക്കൊണ്ട് സുധാകരന്‍ ചോദിച്ചു.

പേടിച്ചുവിറച്ചിരുന്ന നടിക്ക് ഒന്നും മിണ്ടാനായില്ല. വിറങ്ങലിച്ചു നിന്ന സംവിധായകനും സഹസംവിധായകനും ഒറ്റസ്വരത്തില്‍ പറഞ്ഞു: “കറുത്തിരുന്നു, ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ!”

(3)

വെള്ളം പൊങ്ങി മുങ്ങിപ്പോയ വീടുകളിലൊന്നില്‍ സൂപ്പര്‍ ഹീറോ സാബു പ്രത്യക്ഷപ്പെട്ടതായി സംസാരമുണ്ടായി. രണ്ടാം നിലയില്‍ പതിവുപോലെ ടെലിവിഷന്‍ സീരിയലും കണ്ടുകൊണ്ടിരുന്ന ത്രേസ്യ വല്യമ്മച്ചിയാണ് അയാളെ കണ്ടത്. “വെള്ളം പൊങ്ങി വരുവാ അമ്മച്ചീ, തോണീല് കേറിക്കോ,” എന്നും പറഞ്ഞ് അയാള്‍ അവരെ, വെള്ളിത്തിരയിലെ നായികയെ എന്നോണം, പൂ പോലെ കയ്യിലെടുത്ത് പൊക്കി രക്ഷിച്ചുകൊണ്ടുപോയി.

“നിക്ക് നിക്ക്, സീരിയല് മുഴുവനാകട്ടെ…,” എന്ന് എത്ര വാശിപിടിച്ച് പറഞ്ഞിട്ടും അയാള്‍ കേട്ടില്ല.

“മുഷ്കന്‍, എന്‍റെ കെട്ട്യോന്‍ അവറാന്റെ ആയ കാലത്തെ കരുത്തായിരുന്ന് അവന്!”

സൂപ്പര്‍ ഹീറോ സാബു തന്നെ രക്ഷിച്ച കഥ പറയുമ്പോള്‍ ത്രേസ്യയില്‍ പഴയൊരു നാണം വിരിഞ്ഞുവന്നു.

“അയാളെ കാണാന്‍ എങ്ങനിരുന്നു?”

ആ ചോദ്യത്തിനു മുന്നില്‍ ആദ്യമവരൊന്നു പകച്ചു. വര്‍ത്തമാനകാലത്തേക്ക് ഇറങ്ങിവന്നു. തലേന്നു കണ്ട സിനിമയിലെന്ന പോലെ മുഖത്ത് കൃത്രിമമായൊരു പുച്ഛച്ചിരി വരുത്തി. ഒട്ടും താല്‍പര്യമില്ലാത്ത മട്ടില്‍, ശീലാവതി ചമഞ്ഞ് മുഖം വെട്ടിച്ചു കൊണ്ട് അലസം പറഞ്ഞു, “കറുത്ത് ഒരു ശേലുമില്ലാത്ത മണഗുണാഞ്ചന്‍…!”

ranju, story ,iemalayalam
ചിത്രീകരണം: വിഷ്ണുറാം

“അയാളെന്താ ആദ്യമേ പറഞ്ഞേ?”

സുധാകരന്‍ ചോദിച്ചപ്പോഴാണ് ത്രേസ്യ അതൊന്ന് ഓര്‍ത്തെടുക്കാന്‍ വീണ്ടും ശ്രമിച്ചത്.

വഞ്ചി തുഴഞ്ഞ്, ബാല്‍ക്കണിയോളം പൊക്കത്തിലുയര്‍ന്നു നിന്ന വള്ളത്തില്‍ നിന്നും രണ്ടാംനിലയിലേക്ക് ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ ചാടിമറിഞ്ഞു വന്ന് അയാള്‍ പറഞ്ഞത് ത്രേസ്യ ഓര്‍ത്തു.

“ഞാന്‍ സൂപ്പര്‍ ഹീറോ സാബു! നിങ്ങടെ രക്ഷകന്‍!”

മുന്നേ പറഞ്ഞ കള്ളം മറയ്ക്കുമാറ്, ത്രേസ്യയുടെ കൈത്തണ്ടയിലെ രോമകൂപങ്ങള്‍ എഴുന്നുനിന്നു.

അടുത്തുള്ള പള്ളിയില്‍ നിന്നുമുയര്‍ന്ന ‘രക്ഷകാ’ എന്നു തുടങ്ങുന്ന ഭക്തിഗാനത്തില്‍ വെന്തുരുകി, കുരിശുവരച്ച് ത്രേസ്യ തന്റെ പുതുഓര്‍മ്മയില്‍ തറഞ്ഞിരുന്നു. മനസ്സിലെ കാലുഷ്യമെല്ലാം അപ്പോള്‍ അവരില്‍ നിന്നും മറഞ്ഞകന്നുപോയി.

(4)

പ്രശസ്ത എഴുത്തുകാരനും സാംസ്കാരികനായകനുമായ സുകുമാരക്കുറുപ്പിനാണ് അടുത്ത സൂപ്പര്‍ ഹീറോ അനുഭവമുണ്ടായത്. അദ്ദേഹം രചിച്ച ‘കറുത്തയുടെ കദനകഥ’ എന്ന നോവല്‍ സാഹിത്യലോകത്തെ പിടിച്ചു കുലുക്കിയിട്ട് അധികം നാളായിട്ടുണ്ടായിരുന്നില്ല.

ഒരു രാത്രി മദ്യസേവയും കഴിഞ്ഞ് പാട്ടുംപാടി ആടിയുലഞ്ഞ് നടന്നു വരികയായിരുന്നു കുറുപ്പ്. എതിരെ വന്ന വണ്ടിയ്ക്ക് കൈകാണിച്ചതേ ഓര്‍മ്മയുള്ളൂ. ചെകിട്ടത്ത് പഠേന്ന് ഒരടി വീണപ്പോഴാണ് ഉള്ളില്‍ കിടന്ന സ്പിരിറ്റ് കത്തിപ്പുകഞ്ഞ് ബോധം വന്നത്. ഇരുട്ടത്ത് അറിയാതെ കൈ കാണിച്ചത് പൊലീസ് ജീപ്പിനായിരുന്നു.

മദ്യം മണക്കുന്ന ജീപ്പിനുള്ളിലേക്ക് എടുത്തൊരൊറ്റ ഏറായിരുന്നു. പേനയുന്തി മാത്രം ശീലിച്ച ശുഷ്കിച്ച ശരീരത്തിന് അത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. പൊലീസുകാര്‍ പൊതുവഴിയിലിട്ട് അദ്ദേഹത്തിനെ നല്ലവണ്ണം നീതിന്യായം പഠിപ്പിച്ചു. സാഹിത്യകാരനാണെന്ന് പറഞ്ഞിട്ടൊന്നും അടിയും കുത്തും ചവിട്ടും അസഭ്യവര്‍ഷവും നിന്നില്ല.

“ന്‍റെ ശിവനേ… ഭഗവാനേ കാത്തു രക്ഷിക്കണേ,” കുറുപ്പ് കരഞ്ഞുവിളിച്ചു പ്രാര്‍ത്ഥിച്ചു.

മുന്നോട്ടെടുത്ത ജീപ്പിന്‍റെ ബോണറ്റില്‍ ചവുട്ടിനിന്നു കൊണ്ട്, സൂപ്പര്‍ ഹീറോ സാബു അവിടെ പ്രത്യക്ഷനായി.

പ്രപഞ്ചമാകെ കലക്കിയുടയ്ക്കുന്ന തെറിയഭിഷേകം നടത്തിയൊരു പഴയ ആക്ഷന്‍ ഹീറോ ഓര്‍മ്മയില്‍ എസ്.ഐ. ബിജു ജീപ്പില്‍ നിന്നും ചാടിയിറങ്ങി.

സൂപ്പര്‍ ഹീറോ സാബുവിന്റെ ഇടിക്ക് യാതൊരു ദാക്ഷിണ്യവുമില്ലായിരുന്നു. നടുറോഡിൽ നിന്നനില്‍പ്പില്‍ ബിജു സാര്‍ പെടുത്തു, സാഷ്ടാംഗം പ്രണമിച്ചു. ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിള്ള അതുകണ്ട് ബോധം പോയതായി നടിച്ചു കിടന്നു. അയാളുടെ ഉച്ചിമര്‍മ്മത്തില്‍ ഒരു തട്ട് കിട്ടിയതോടെ ശരിയ്ക്കും ഓര്‍മ്മ പോയി. രണ്ടുദിവസം സര്‍ക്കാരാശുപത്രിയിലെ മൂത്രം മണക്കുന്ന വാര്‍ഡില്‍ മലര്‍ന്നടിച്ചു കിടന്നിട്ടാണ് അങ്ങേര്‍ക്ക് ബോധം വീണത്. ബിജു സാറിപ്പോഴും സുബോധം വീണ്ടെടുത്തിട്ടില്ലത്രേ. അതത്ര വേഗമൊന്നും തിരിച്ചുകിട്ടാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പറയുന്നത്.

എന്നാല്‍ ആ സംഭവത്തിനു ശേഷം, കുറുപ്പ് സാര്‍, കടുത്ത സൂപ്പര്‍ ഹീറോ ആരാധകനായിത്തീര്‍ന്നു. തലേക്കെട്ടും കെട്ടി നെഞ്ചുംവിരിച്ച് തലയുയര്‍ത്തിപ്പിടിച്ച് വില്ലുവണ്ടിയില്‍ വരുന്ന കറുകറുത്ത് ആജാനുബാഹുവായ ഒരു സൂപ്പര്‍ ഹീറോ അദ്ദേഹത്തിന്‍റെ അടുത്ത ചെറുകഥയിലെ നായകനായി. കുറുപ്പ് സാറിനിതെന്തു പറ്റി എന്ന് മലയാളസാഹിത്യലോകം ഒന്നടങ്കം അമ്പരന്നു. ഇത്തരം കഥകളൊന്നും കുറുപ്പ് സാറിനെപ്പോലൊരാള്‍ ഒരിക്കലും എഴുതരുതെന്ന് സാഹിത്യനിരൂപകസിംഹം തീട്ടൂരം പുറപ്പെടുവിച്ചു.

സാറ് അതിന് നല്ലൊരു മറുപടി കൊടുത്തു: “കൊന്നാലും ശരി ഞാനിനി മുതലൊരു സൂപ്പര്‍ ഹീറോ സാബു ഫാനാ!”

അതിനുമേലെ ആർക്കും വേറൊന്നും തന്നെ പറയാനുണ്ടായിരുന്നില്ല.

(5)

അടുക്കള മാന്തിയാണ് കറുപ്പന്‍ ചേട്ടന്‍റെ ശരീരം കുഴിച്ചിട്ടത്. അതിനടുത്തായി വീണ്ടും മാന്തണോ എന്നായിരുന്നു രമണി ആദ്യമാലോചിച്ചത്. അവള്‍ക്കരികില്‍ കറുകറുത്തൊരു മനുഷ്യന്‍ ചടഞ്ഞുകൂടിയിരുന്നു.

“സൂപ്പര്‍ ഹീറോ ആണത്രേ സൂപ്പര്‍ ഹീറോ! സ്വന്തം പുരയില്‍ ചത്താ അടക്കാനിടമില്ല…,” അവള്‍ പ്രാകിക്കൊണ്ടിരുന്നു.

മഴ പെയ്തു കുതിര്‍ന്ന മുറ്റത്ത് തിങ്ങിക്കൂടി നിന്നവരില്‍ ഒരു പയ്യന്‍, സൂപ്പര്‍ ഹീറോ എന്നതു മാത്രം കേട്ടു. അവനത് നാടുമുഴുവന്‍ പാട്ടാക്കാന്‍ മുട്ടിവന്നു. പൊലീസുകാര് ചവുട്ടിക്കൊന്ന കറുപ്പന്‍ ചേട്ടന്‍റെ തൂങ്ങിച്ചത്ത ഇളയമകനെ അടക്കാന്‍ സ്ഥലമില്ലാതെ വീണ്ടും അടുക്കള മാന്തുമ്പോള്‍ അവിടെ സൂപ്പര്‍ ഹീറോ പ്രത്യക്ഷപ്പെട്ട്, ഈജന്മം മുഴുവന്‍ മോഹിച്ചിട്ടും കിട്ടാത്ത, കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്നത്ര ഭൂമി അവര്‍ക്ക് നേടിക്കൊടുത്തെന്ന് നാട്ടുകഥ പ്രചരിച്ചു.

“നാടോടിക്കഥയില്‍ രമിച്ചിരുന്നോ… ചത്തിട്ടും ചാകാത്ത ആ ശവമൊന്ന് കുഴിച്ചിടാന്‍ നോക്ക്!”

കരഞ്ഞു വിളിച്ചാര്‍ത്തു കൊണ്ടിരുന്ന രമണിയെ അയാള്‍ തൊട്ടു.

“എല്ലാത്തിനും വഴിയുണ്ടാകും. നീയടങ്ങ്.”

“ഉവ്വ്, പെരുവഴി! നിങ്ങക്കൊപ്പം ഇറങ്ങിത്തിരിച്ചതു മുതലാണ് എന്റെ തലവിധി.”

രമണിയോട് എതിരിടാനാകാതെ, പരാജിതനായ വെറും മനുഷ്യനായി തലകുനിച്ച് അയാള്‍ നിന്നു.

തിന്നാനും കുടിക്കാനുമില്ലാത്തവരുടെ ആ അടുക്കളയില്‍ ഒരിക്കല്‍ മാന്തിയിടത്തു തന്നെ വീണ്ടും മാന്തി, ശവം മറവു ചെയ്ത്, തണുത്തവെള്ളം കോരി തലയിലൊഴിച്ച് മനസ്സു തണുപ്പിച്ച്, അയാള്‍ പുറത്തേക്കിറങ്ങി.

ranju, story ,iemalayalam
ചിത്രീകരണം: വിഷ്ണുറാം

ഒട്ടും കാരുണ്യം കാണിയ്ക്കാതെ, ഇടയില്‍ ചാടി വഴിയില്‍ തടഞ്ഞ്, ഒരു കൂട്ടം യൂട്യൂബര്‍മാര്‍ അയാളോട് ചോദിച്ചു: “ആര്‍ക്കും കൊടുക്കാത്ത എക്സ്ക്ലൂസീവ് ഇന്റര്‍വ്യൂ തരണം. ജീവിതത്തിലിനി ബാക്കിയുള്ള മോഹമെന്താണ്? ഫാന്‍സ് അസോസിയേഷന്‍കാര്‍ അതറിയാനായി കാത്തിരിക്കുകയാണ്.”

ഒരു നിമിഷം നിശ്ശബ്ദനായ ശേഷം, അയാള്‍ സുവ്യക്തം മൊഴിഞ്ഞു, “ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവ് പോലും ബാക്കി വെയ്ക്കാതെ മരിച്ചൊടുങ്ങണം. അത്രയ്ക്കൊക്കെയേ മോഹമുള്ളൂ. അതു മാത്രല്ലേ മോഹിച്ചാ നടക്കൂ!”

അതും പറഞ്ഞ്, സൂപ്പര്‍ ഹീറോയായി അയാള്‍ അടുത്ത ലക്ഷ്യത്തിലേക്ക് പാഞ്ഞുപോയി. കോളനിയോരത്തെ ഇരുട്ടില്‍ നിന്നും അഴുക്കു പിടിച്ച പൊതുനിരത്തിലേക്ക് ഒരു മാര്‍വെല്‍ കോമിക് ഹീറോയുടെ ഉത്തരവാദിത്തബോധത്തോടെ, എന്നാല്‍ അതിന്റെ ഗമയൊട്ടുമില്ലാതെ അയാള്‍ ഫേഡ് ഔട്ടായി.

(6)

തീര്‍ത്തേക്കാനായിരുന്നു മേലേന്ന് വന്ന ഉത്തരവ്. അടിയന്തിരാവസ്ഥക്കാലമൊന്നും അല്ലെങ്കിലും ഒരുത്തനെ തീര്‍ക്കാനുള്ള കല്‍പ്പന കിട്ടിയാല്‍പ്പിന്നെ അത് നടന്നിരിക്കും. അതില്‍ മറുചോദ്യമില്ല. അതനുസരിച്ചാണ് കുര്യനും ഉണ്ണിരാജയുമടങ്ങുന്ന സ്ക്വാഡിനൊപ്പം സുധാകരന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യാനെത്തുന്നത്.

കോളനിയില്‍ നിന്നുമൊരു പെണ്ണിനെ പൊക്കിയെടുത്ത് കൊണ്ടുവന്ന് ഉടുതുണിയെല്ലാമുരിഞ്ഞ് നിര്‍ത്തിയിരുന്നു. വെളിച്ചെണ്ണയിലിട്ട് പൊരിക്കാനായി മസാല പുരട്ടി വെച്ച മത്തിക്കഷണം പോലെ അവള്‍ ഒടിഞ്ഞുനുറുങ്ങി അടങ്ങിക്കിടന്നു.

“പുലിയെ പിടിക്കാന്‍ ആദ്യമൊരു ഇരയെ ഇട്ടുകൊടുക്കണം,” കുര്യന്‍ പറഞ്ഞു.

അവളുടെ കറുത്ത് കൂര്‍ത്ത മുലയില്‍ അയാള്‍ ചുള്ളിക്കമ്പിട്ട് കുത്തിനോക്കി. ഭയന്നു വിറച്ചിട്ടായിരിക്കണം അവള്‍ പെട്ടെന്ന് എഴുന്നേറ്റിരുന്ന് കരയാന്‍ തുടങ്ങി. ഇടയ്ക്ക് മുട്ടുകുത്തി തൊഴുത് വായില്‍ തോന്നിയതെന്തൊക്കെയോ പ്രാര്‍ത്ഥനകളായി വിളിച്ചുപറഞ്ഞു. അവസാനം വിറച്ചുവിറച്ച് പിറുപിറുത്തു ” ബുദ്ധം ശരണം ഗച്ഛാമി…”

അവളവിടെത്തന്നെ കുഴഞ്ഞു വീണു; വായില്‍ നിന്നും നുരഞ്ഞ് പത വന്നു.

സുധാകരന് സഹതാപം തോന്നി.

“ഈ പെണ്ണെന്ത് പിഴച്ചു? ഇതൊക്കെ ശരിയാണോ?” അയാള്‍ക്ക് ചോദിക്കാന്‍ മുട്ടി.

സുധാകരന്റെ മനസ്സ് വായിച്ചതു പോലെ ഉണ്ണിരാജ അയാള്‍ക്കൊരു ക്ലാസ്സെടുത്ത് കൊടുത്തു.

“ഇതുപോലെ എത്ര സൂപ്പര്‍ ഹീറോമാരിറങ്ങീതാ. ഇതൊന്നും വളരാന്‍ ഒരിക്കലും അനുവദിക്കരുത്. മുളയിലേ നുള്ളണം. അതിനിതൊക്കെ വേണ്ടിവരും.”

അതും പറഞ്ഞ് ഉണ്ണിരാജ വൃത്തികെട്ടൊരു ചിരി ചിരിച്ചു. അയാളുടെ രോമംനിറഞ്ഞ നെഞ്ചില്‍ നിന്നും പുലിനഖങ്ങള്‍ പുറത്തുചാടി.

സുധാകരന്‍ ജോലിയില്‍ കയറിയിട്ട് അധികം നാളായിട്ടില്ല. അതിന്റെ പരിചയക്കുറവും പക്വതയില്ലായ്മയുമുണ്ട്. പിടിച്ചു കൊണ്ടുവരുന്ന മനുഷ്യരുടെ ചെന്നിക്ക് തോക്കമര്‍ത്തി കാഞ്ചിവലിക്കുമ്പോള്‍ ഇപ്പോഴും വിറയല് വരും. അതിനേക്കാളുപരി എല്ലാ കാര്യത്തിലും സംശയമാണ്. ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും.

“അതാണ് അപകടം. ഈ പണിക്ക് അത് പറ്റില്ല. ജീവനോടെ പെന്‍ഷന്‍ പറ്റണേല്‍,” ഉണ്ണിരാജ ഒന്നു നിര്‍ത്തിയിട്ട്, തെല്ല് പുച്ഛത്തോടെ സുധാകരനെ അടിമുടിയൊന്ന് നോക്കി. അതില്‍ ചൂളി മുഖം കുനിച്ച് സുധാകരന്‍ നിന്നു.

എല്ലാ രഹസ്യ ആക്ഷനുകള്‍ക്ക് പോകുമ്പോഴും ഇങ്ങനെ ചിലരെക്കൂടി ഉള്‍പ്പെടുത്തും. അതാണ് നടപ്പ് രീതി. രക്തം രക്തത്തെ തിരിച്ചറിഞ്ഞു എന്നൊക്കെ കഥകളില്‍ പറയും. രക്തം രക്തത്തെ ഒറ്റിക്കൊടുക്കും എന്നതാണ് ജീവിതസത്യം. മേലെയിരുന്ന് കല്‍പ്പന പുറപ്പെടുവിക്കുന്നവര്‍ക്ക് അത് കൃത്യമായി അറിയാം.

“വരാനുള്ള സമയം കഴിഞ്ഞു. ഇനി അറ്റകൈ പ്രയോഗമേ നടക്കൂ. വിളിയെടാ നിന്റെ സൂപ്പര്‍ ഹീറോ സാബൂനെ,” സുധാകരന്റെ നെഞ്ചിലേക്ക് തോക്ക് ചൂണ്ടിയാണ് കുര്യനതു പറഞ്ഞത്. അയാളതിനും മടിക്കാത്ത ദുഷ്ടനാണെന്ന് സുധാകരനറിയാം.

ഉള്ളില്‍ പ്രാകിക്കൊണ്ടാണെങ്കിലും സുധാകരന്‍ മനമുരുകി വിളിച്ചു. കണ്ണടച്ച് തുറക്കും മുമ്പ്, ആര്‍ത്തലച്ച് കാടുംമേടും കയറി കൊടുങ്കാറ്റിനൊപ്പം പാറി വന്ന കട്ടപിടിച്ച ഇരുട്ടായി സൂപ്പര്‍ ഹീറോ സാബു പാഞ്ഞെത്തി.

ranju, story ,iemalayalam
ചിത്രീകരണം: വിഷ്ണുറാം

ഭൂകമ്പത്തിലെന്നോണം അവിടമാകെ പ്രകമ്പനം കൊള്ളാന്‍ തുടങ്ങി. ആദ്യത്തെ അടിക്ക് തന്നെ ഉണ്ണിരാജ വീണു. കാഞ്ചി വലിക്കാനുള്ള സമയം പോലും അയാള്‍ക്ക് കിട്ടിയില്ല. ഇരുട്ടത്ത് പേടിച്ചോടി, താഴെയുള്ള പാറക്കെട്ടിലേക്ക് തലയിടിച്ച് വീണ് ചോരവാര്‍ന്ന് പിടഞ്ഞുപിടഞ്ഞ് ഇഞ്ചിഞ്ചായാണ് കുര്യന്‍ മരിച്ചത്. അവരുടെ ആത്മാക്കള്‍ നരിച്ചീറായി ആകാശത്തിലൂടെ പറന്നുപോയി.

മനസ്സിനകത്തെ ഇരുള്‍ മൂടിയൊരു മൂലയില്‍ സുധാകരന്‍ പതുങ്ങിയിരുന്നു. അയാളുടെ കണ്ണുകളില്‍ പതിറ്റാണ്ടായി പതിഞ്ഞുപോയൊരു തീരാഭയം കെട്ടിക്കിടന്നു. അതറിഞ്ഞാണോ എന്തോ ഒരൊറ്റ നോട്ടംകൊണ്ട് അയാളെ ഒഴിവാക്കി, പെണ്ണിനേയും പൊക്കിയെടുത്ത് ഇരുളായി സൂപ്പര്‍ ഹീറോ സാബു മാഞ്ഞുപോയി.

(7)

“സിനിമേം കണ്ട് പ്രാന്തായി നടന്നോളും. സിനിമ വേറെ, ജീവിതം വേറെ. അതുണ്ടോ പറഞ്ഞാ തലയില്‍ കേറണ്,” തേവിത്തള്ള പ്രാകിക്കൊണ്ടിരുന്നു.

അപ്പുറത്ത്, തന്റെ സെല്‍ഫോണിലെ ചെത്തിത്തേക്കാത്ത മനക്കൊട്ടകയില്‍ ഒരു സിനിമയും കണ്ട് സാബു മലര്‍ന്നടിച്ചു കിടന്നു. “കബാലീ ഡാ,” ആവേശത്തള്ളിച്ചയില്‍ ചാടിയെണീറ്റ് മുഷ്ടി ചുരുട്ടി ചുമരിലിടിച്ചപ്പോള്‍ പൊടിയിളകി വീണ് വീടൊന്നിളകി.

“ചെക്കാ വീടിളകി വീണാല്‍ നെന്റെ കബാലി വരോടാ കെട്ടിത്തരാന്‍,” തള്ള ചീത്ത വിളിച്ചു.

പെണ്ണുകെട്ടിയാലെങ്കിലും നന്നാവുമെന്ന് കരുതിയാണ് കുന്നുംമോളിലെ കൊച്ചനിയന്റെ രണ്ടാമത്തെ മകള്‍ രമണിയെക്കൊണ്ട് അയാളെ കെട്ടിച്ചത്. വിദ്യാഭ്യാസമുള്ള പെണ്ണാണ്. അവളെ കെട്ടിക്കൊണ്ട് വന്നതോടെ വീടിന്നൊരു ഐശ്വര്യം വന്നെന്ന് തേവിത്തള്ള കരുതി. അയാളുടെ പാതിരാ വരെയുള്ള കറക്കവും സിനിമാക്കമ്പവും കുറയുമെന്നൊരു തോന്നല്‍.

ആദ്യരാത്രി കഴിഞ്ഞ് മുറിതുറന്ന് ചുവന്നു തുടുത്തിറങ്ങിവന്ന പെണ്ണ് പക്ഷെ പുരക്കകത്ത് കക്കൂസില്ലെന്നും പറഞ്ഞ് പിണങ്ങിയിരുന്നു. ഇറയത്തേക്ക് ഇത്തിരിയൊന്നിറങ്ങി പടിഞ്ഞാപ്രത്ത് വെട്ടുകല്ല് കെട്ടിയ മറപ്പുരയുടെ ചാക്കൊന്ന് വകഞ്ഞു മാറ്റിയാല്‍ വഴുവഴുപ്പുള്ള കല്ലില്‍ കയറി കുന്തിച്ചിരുന്ന്‍ മാനം നോക്കി മനംനിറഞ്ഞ് തൂറാമല്ലോ എന്നോര്‍ത്ത് തേവിത്തള്ള മൂക്കത്ത് വിരല്‍ വെച്ചു.

“പെണ്ണിത്തിരി പത്രാസുകാരിയാ. അവള്‍ടപ്പന് സര്‍ക്കാരാപ്പീസിലാ പണി!” അയലത്തെ പെണ്ണുങ്ങള്‍ കുശുകുശുത്തു.

രമണി കൂട്ടാക്കിയില്ല. അവള്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി. അടച്ചുറപ്പുള്ള കക്കൂസും കുളിമുറിയും പണിയാമെന്ന് അയാള്‍ വാക്കു കൊടുത്തിട്ടേ അവള്‍ പിന്നെ തിരികെ വന്നുള്ളൂ.

അവള്‍ പറഞ്ഞതെല്ലാം ഒന്നും മിണ്ടാതെ നാണംകെട്ട് അയാള്‍ കേട്ടു. രാത്രി, ചുംബനങ്ങളുടേയും ആലിംഗനങ്ങളുടേയും ആലസ്യത്തില്‍ അവര്‍ പുതിയൊരു പ്രത്യയശാസ്ത്രം അരക്കെട്ടിലൂടെ പരസ്പരം കൈമാറി. അതിന്റെ ചൂടിലും ചൂരിലും രസംപൂണ്ട് രമണി അയാളുടെ ചെവിയില്‍ മന്ത്രിച്ചു: “സിനിമ വേണോ ഞാന്‍ വേണോ? നെന്നെ നിലയ്ക്ക് നിര്‍ത്താമോന്ന് ഞാനൊന്ന് നോക്കട്ടെ കറുമ്പാ!”

അവളുടെ തലയണമന്ത്രം കേട്ട് അയാള്‍ക്ക് കലി വന്നു. അതുവരെ അടക്കി നിര്‍ത്തിയതെല്ലാം തികട്ടി വന്നു. വായില്‍ തോന്നിയ പച്ചത്തെറിയെല്ലാം വിളിച്ചലറിക്കൊണ്ട് അയാള്‍ പുറത്തെ ഇരുട്ടിലേക്കെഴുന്നേറ്റോടി. അവളുടെ കയ്പ്പുരസമുള്ള മുലഞെട്ടുകളിലേക്ക് മടങ്ങിവരാന്‍ അയാള്‍ക്ക് മടി തോന്നി. എന്നിട്ടും കാമനകള്‍ക്ക് മുന്നില്‍ തോറ്റ് അടിയറവ് പറഞ്ഞ്, കൊതിയോടെ പിന്നെയും അവളുടെ മുലകളുടെ പുഴുക്കച്ചൂരിലേക്ക് അയാള്‍ കൂപ്പുകുത്തി വീണു.

പെണ്ണ് കെട്ടിച്ച് ആകാശത്തെ ചെന്താരകങ്ങളെ തളച്ചിടാന്‍ നോക്കരുതെന്ന ഒരുള്‍വിളി തേവിത്തള്ളക്കുണ്ടായി. ചാകാന്‍ നേരം രമണിയെ അടുത്ത് വിളിച്ച് അവര്‍ കാതില്‍ ഓതിക്കൊടുത്തു: “എന്റെ വയറ്റീ പിറന്നോണ്ട് പറയല്ല. അവനെ നെന്റെ ഉണ്ടക്കണ്ണെറിഞ്ഞ് വീഴ്ത്തി കാലിന്റെടേല്‍ പൂട്ടിയിടാന്‍ നോക്കരുത്.”

പാതി മരിച്ച മനുഷ്യശരീരങ്ങള്‍ ജീവന്‍ പോകാതലയുന്ന കഴുകന്‍മേട്ടിലേക്ക് പ്രാന്ത് കേറിത്തുള്ളി ആരുംകാണാതെ ഓടിമറഞ്ഞാണ് ചത്ത് ശവമായി കിടന്നഴുകിയുള്ള അപമാനത്തില്‍ നിന്നും എന്നെന്നേയ്ക്കുമായി തേവിത്തള്ള രക്ഷപ്പെട്ടത്.

“തള്ളയെ കഴുകന്‍ കൊത്തിത്തിന്ന്‍… നിന്നെക്കൊണ്ടെന്തിന് കൊള്ളാം?” രമണി അയാളെ വായ കൊണ്ടരിഞ്ഞു കൊന്നു.

അയാള്‍ ഒന്നും പറയാനാകാതെ അവള്‍ക്ക് മുന്നില്‍ തല താഴ്ത്തി മരിച്ചപോലിരുന്നു.

ranju, story ,iemalayalam
ചിത്രീകരണം: വിഷ്ണുറാം

തേവിത്തള്ള പോയതിനു ശേഷം അയാളാകെ മാറിയതായി രമണിക്ക് തോന്നി. അവളുടെ പാതിരാ കാമകോപങ്ങളില്‍ അയാള്‍ പിന്നൊരിക്കലും വഴുതിവീണില്ല. അയാള്‍ക്കൊപ്പം നില്‍ക്കാന്‍ ശാഠ്യങ്ങള്‍ അവളെ അനുവദിച്ചുമില്ല. പരസ്പരം പ്രാകിപ്രാകി പുഴുത്തുനാറി അവര്‍ ഒത്തുജീവിച്ചു.

ഒരുദിവസം, മുത്തപ്പന്‍ ആവേശിച്ചതു പോലെ അയാള്‍ മുറ്റത്ത് നിന്ന് തുള്ളാന്‍ തുടങ്ങി. പിന്നെ കേട്ടുകൊണ്ടിരുന്ന ഏതോ തമിഴ് സിനിമാപ്പാട്ടിനൊപ്പം ചുവടുവെച്ച് ആകാശത്തേക്ക് പൊങ്ങിപ്പോയി. കോളനിക്ക് വെളിയില്‍ കെട്ടിപ്പൊക്കി നിര്‍ത്തിയിരുന്ന ഏതോ സൂപ്പര്‍ സ്റ്റാര്‍ മൂവിയുടെ പോസ്റ്ററും പൊളിച്ചാണ് അയാള്‍ പിന്നെ ഭൂമിയില്‍ അവതരിച്ചത്. “സൂപ്പര്‍ ഹീറോ സാബു ഡാ” എന്ന് ഉച്ചത്തില്‍ അയാള്‍ അലറിവിളിച്ചുകൊണ്ടിരുന്നു.

രമണിക്ക് ഇതൊന്നും പിടിച്ചില്ല. വിളക്ക് കത്തിച്ച് നാമവും ജപിച്ച്, “അയാള്‍ക്ക് നല്ല ബുദ്ധി തോന്നിക്കേണമേ,” എന്നവള്‍ എന്നും മനമുരുകി പ്രാര്‍ത്ഥിച്ചു. എല്ലാ ആണുങ്ങളേയും പോലെ ബൈക്കിന് പിന്നില്‍ അവളെയിരുത്തി, കാറ്റിനോട് കിന്നരിച്ച്, കോവിലില്‍ പോയി തൊഴുത് കുറിതൊട്ട്, കെട്ടിയോനെ കെട്ടിപ്പിടിച്ചുമ്മ വെച്ചുള്ള ഫോട്ടോയൊക്കെ ഫേസ്ബുക്കിലിട്ട് സുഖിച്ചു സന്തോഷിച്ച് ജീവിക്കാനവള്‍ കൊതിച്ചു. അവളുടെ മോഹങ്ങളെയെല്ലാം അറുത്തുമുറിച്ചെറിഞ്ഞ്, ഒരു സൂപ്പര്‍ ഹീറോയായി അയാള്‍ എന്നും നഗരത്തിരക്കിലേക്ക് പാഞ്ഞുപോയി.

ഒരു ദിവസം, അന്നത്തെ പണിയെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകി തിരിച്ചെത്തിയ അയാളെ കടുത്ത എന്തോ ദുഃഖം അലട്ടാന്‍ തുടങ്ങി. അതെന്താണെന്നോര്‍ത്ത് മനംനൊന്ത് കോളനിമുക്കിലെ അംബേദ്കര്‍ പ്രതിമക്ക് കീഴെ കറുത്ത ആകാശം നോക്കി മലര്‍ന്നു കിടക്കുമ്പോഴാണ്, പ്രതിമയ്ക്ക് പിന്നില്‍ നിന്നും ഒരു കള്ളനെപ്പോലെ പമ്മിപ്പമ്മി, അണച്ചുകൊണ്ട് സുധാകരന്‍ അവിടേയ്ക്ക് വന്നത്.

“എന്താ സുധാകരന്‍ സാറേ?” അയാള്‍ ചോദിച്ചു.

“ഞാന്‍ പറയുന്നതോണ്ട് ഒന്നും തോന്നരുത്. നമ്മ രണ്ടാളും ഒരേ സമുദായാ. അതോണ്ടാ പറേണത്. ഈ സൂപ്പര്‍ ഹീറോ കാട്ടിക്കൂട്ടലൊന്നും നമ്മക്ക് ചേരൂലാ. ഇപ്പത്തന്നെ നാട്ടിലെ പെണ്ണുങ്ങള് നെനക്കെതിരാ. നീ ടോക്സിക് മാസ്കുലിനിറ്റിയാണെന്നാ അവറ്റോള് പറഞ്ഞോണ്ട് നടക്കണത്. നിന്നെ പൂട്ടാനതുമതി. സര്‍ക്കാരിന് ഇതൊന്നും പിടിക്കൂലാ. ഒരാവേശത്തിന് ഓരോന്ന് കാട്ടിക്കൂട്ടീട്ട് പിന്നെ വല്ല ഏടാകൂടത്തിലും ചെന്നു ചാടുമ്പോ ഒരു പട്ടീം കാണില്ല കൂടെ. കിട്ടണത് മോന്തി ഒരിടത്ത് ഒതുങ്ങിക്കഴിഞ്ഞാ പോരേ?”

അയാളുടെ കണ്ണില്‍ നോക്കാന്‍ സുധാകരന് ഭയം തോന്നി.

“നിങ്ങക്കെന്താ വേണ്ടേ?” അയാളൊന്ന് കടുപ്പിച്ച് ചോദിച്ചതും സുധാകരന്‍ കാലില്‍ വീണു.

“മക്കളെ പോറ്റണം. നിന്നെക്കൊണ്ട് ചെന്നില്ലേല് എന്‍റെ ജോലി പോകും. നീ എനിക്ക് കീഴടങ്ങണം!”

അയാള്‍ ഒരു സൂപ്പര്‍ ഹീറോയായി സടകുടഞ്ഞെഴുന്നേറ്റു. വലംകൈ കൊണ്ട് സുധാകരന്‍റെ പിടലിക്ക് പിടിച്ച് പൊക്കി. കണ്ണും കണ്ണും നേര്‍ക്കുനേര്‍ കാണുംവിധം കൊണ്ടുവന്ന്‍ പൊക്കി നിര്‍ത്തിയിട്ട് നിലത്തേക്കിട്ടു.

നിരായുധനായി സുധാകരന് മുന്നില്‍ മുഖത്തോട് മുഖം നോക്കി അയാള്‍ നിന്നു.

“ഇങ്ങനെ നിന്നാ എനിക്ക് പറ്റൂല. ഒന്നു തിരിഞ്ഞാ…,” സുധാകരന്റെ ശബ്ദം ഭൂമിയോളം താണുകിടന്നു.

സുധാകരന് പുറംതിരിഞ്ഞ്, അംബേദ്കര്‍ പ്രതിമയ്ക്ക് അഭിമുഖമായി അയാള്‍ നിന്നു. പിടഞ്ഞെഴുന്നേറ്റ്, അരയിലൊളിപ്പിച്ചു വെച്ച റിവോള്‍വര്‍ വലിച്ചെടുത്ത്, അയാളുടെ പുറം പിളര്‍ത്തുമാറ് സുധാകരന്‍ വെടിയുതിര്‍ത്തു. തുരുതുരാ.

അയാളുടെ നെഞ്ചു പിളര്‍ന്ന്‍ വെടിയുണ്ടകള്‍ പുറത്തു വീണു ചിതറി. ചോര തുപ്പുന്നൊരു വ്യാഘ്രമായി അടിപതറാതെ മുന്നോട്ടാഞ്ഞ്, പയ്യെ നടന്ന് അയാളാ പ്രതിമയിലേക്ക് ചാഞ്ഞു. പിന്നെ അതിലേക്ക് ലയിച്ചങ്ങനെ ഒടുങ്ങി.

ആ പാതിരാവ് തീരുംവരെ അടുത്തു കണ്ടൊരു പൊതുടാപ്പിനു മുന്നിലൊരു കൊടിച്ചിപ്പട്ടിയായി കിതച്ചുകിടന്ന് സുധാകരന്‍ വെള്ളം കുടിച്ചു തീര്‍ത്തു. രാവുണരും വരെ അവിടെക്കിടന്ന് പുലഭ്യം പറഞ്ഞു.

രാത്രി കാത്തിരുന്ന് മടുത്തപ്പോള്‍ പ്രാകിക്കൊണ്ട് രമണി പുതച്ചുമൂടി കിടന്നുറങ്ങി. അവളുടെ സ്വപ്നം നിറയെ ചോരച്ചാലുകള്‍ ഒഴുകിപ്പരന്നു.

“തള്ളേ നീയും നീ പെറ്റൊരു സൂപ്പര്‍ ഹീറോയും…,” അവള്‍ ഉറക്കത്തില്‍ പിച്ചുംപേയും പറഞ്ഞു.

അവളുടെ സ്വപ്നങ്ങളെ കാക്കാന്‍ ഒരു സൂപ്പര്‍ ഹീറോയും അവതരിച്ചില്ല. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും അതിനുശേഷം ഒരിക്കല്‍പ്പോലും അവള്‍ക്ക് അയാളെ കണികാണാന്‍ പോലും കിട്ടിയതുമില്ല.

പിന്നീടൊരിക്കലും നഗരത്തില്‍ സൂപ്പര്‍ ഹീറോ സാബു അവതരിച്ചില്ല. കിടക്കയില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്ന് കുസൃതി കാണിക്കുന്ന പിള്ളേരെ ഉറക്കാനായി അമ്മമാര് പറയുന്ന നാടോടിക്കഥയിലെ പേടിപ്പെടുത്തുന്ന കറുമ്പനായി അയാള്‍ മാറി. കഥ പറഞ്ഞു തീര്‍ന്നിട്ടും ഉറങ്ങാതെ ഓരോന്ന് ആലോചിച്ചു കിടക്കുന്ന പിള്ളേരെ പേടിപ്പെടുത്താനായി അമ്മമാര് പറഞ്ഞു: “വേഗം ഉറങ്ങിക്കോ, ഇല്ലേല്‍ കറുകറുത്ത മാനത്ത് നിന്നും കാടിളക്കി സൂപ്പര്‍ ഹീറോ സാബു വരും!”

(8)

വര്‍ഷങ്ങള്‍ക്ക് ശേഷം, തന്റെ ജീവിതത്തിന്റെ അവസാന നാളുകളിലൊന്നില്‍, ഉമ്മറത്ത് ചാരുകസേരയില്‍ കിടന്ന് പഴയതോരോന്നും പുലമ്പിക്കൊണ്ടിരുന്ന സുധാകരനോട് കൊച്ചുമകന്‍ ഗൗതം ചോദിച്ചു: “വാസ് ഹീ എ ട്രൂ സൂപ്പര്‍ ഹീറോ?”

തലേന്ന് രാത്രി കേട്ട നാടോടിക്കഥയിലെ കറുമ്പന്‍ സൂപ്പര്‍ ഹീറോ അവന്റെ മനസ്സില്‍ നിന്നും വിട്ടുപോയിരുന്നില്ല.

കൊച്ചുമകന്റെ ചോദ്യം കേട്ട് സുധാകരന്‍ ഞെട്ടി. അന്തമില്ലാത്തൊരു അന്ത്യത്തിലേക്ക്, ഒരു നാടോടിക്കഥയിലെ ജനപ്രിയ നായകനെന്നോണം, തന്റെ എലുമ്പിച്ച കാലുകള്‍ ഉറപ്പിച്ചു ചവിട്ടി മറഞ്ഞുപോയ ആ മനുഷ്യനെ ഓര്‍ത്ത് സുധാകരന്‍ നെടുവീര്‍പ്പിട്ടു. കീമോ ചെയ്തു കഴിഞ്ഞതിന്റെ ബാക്കിയെന്നോ ണം മുടിയിഴകള്‍ കൊഴിഞ്ഞ് വരണ്ടപാടം പോലെയായിക്കഴിഞ്ഞിരുന്നു അയാളുടെ ശിരസ്സ്. മനസ്സില്‍ പഴയ ഓര്‍മ്മകള്‍ വ്രണം പറ്റിക്കിടന്നു.

ചോരക്കറ പറ്റിയ കൈകള്‍ അയാള്‍ വീണ്ടും മണത്തുനോക്കി; തെല്ല് കുറ്റബോധത്തോടെയൊന്ന് വിതുമ്പി. വല്ലാത്ത അറപ്പോടെ സ്വന്തം കൈകള്‍ കടിച്ചു പറിച്ച്, പറ്റാവുന്നത്ര ഉച്ചത്തില്‍ അയാള്‍ ശബ്ദിച്ചു: “ചരിത്രത്തിന് പോലും പിടികൊടുക്കാത്തൊരു പോക്കായിരുന്നത്. എത്ര കാലം ഞാനാ സത്യം ഒളിപ്പിച്ചു വയ്ക്കും… അങ്ങനെ എത്രയെത്ര പേര്‍!”

അര്‍ബുദം ബാധിച്ച ശരീരത്തിന്‍റെ അവശത മറന്ന് കഷ്ടപ്പെട്ടെഴുന്നേറ്റ്, അറ്റന്‍ഷനായി നിന്ന് സുധാകരന്‍ സല്യൂട്ടടിച്ചു.

കയ്യിലിരുന്ന സെല്‍ഫോണില്‍ നിന്നുമൊരു നിമിഷം തലയുയര്‍ത്തി നോക്കിയ ശേഷം ഗൗതം വീണ്ടും അതിലേക്കു തന്നെ മടങ്ങിപ്പോയി. അവന്‍ കളിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ കള്‍ച്ചര്‍ എന്നൊരു പുതിയ ഗെയിമിനുള്ളിലേക്ക്, തൊങ്ങലുകള്‍ തൂക്കിയ വര്‍ണ്ണകുപ്പായവും ഗോഗിള്‍സുമണിഞ്ഞ ഒരു കറുമ്പന്‍ യോദ്ധാവായി സൂപ്പര്‍ ഹീറോ സാബു ഓടിക്കയറിപ്പോയി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Renju short story super hero sabu