Latest News

കാഫ്ക – രണ്‍ജു എഴുതിയ ചെറുകഥ

എന്‍ജിഒ അസോസിയേഷന്‍റെ വനിതാ നേതാവായ ഗീതാദേവിയ്ക്ക് അതൊന്നും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ചുംബനസമരക്കാര്‍ കെട്ടിപ്പിടിച്ചിരുന്ന പന്തലില്‍ ചാണകവെള്ളം കലക്കിയൊഴിച്ച് പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയ വിപ്ലവവീരാംഗനയാണ്. അയാളുടെ ഭാവപരിണാമമൊന്നും അവര്‍ക്ക് തിരിഞ്ഞില്ല

kafka, ranju, story, iemalayalam

ഒരു ദിവസം ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കാഫ്ക കോഴിച്ചാത്തനായി കൂവി. തലയില്‍ വിരിഞ്ഞു നിന്ന കടുംചുവപ്പാര്‍ന്ന പൂവിളക്കി, മോഹന്‍ലാലിനെപ്പോലെ ഒരു വശം ചെരിഞ്ഞ് കൊക്കിക്കൊക്കി, അടുക്കളയില്‍ ആവി പറക്കുന്ന ഇഡ്ഡലി ചരുവത്തിലേക്ക് തോണ്ടിയിട്ടുകൊണ്ടിരുന്ന ഗീതാദേവിയ്ക്കു പുറകിലായി വട്ടംചുറ്റി കറങ്ങി നിന്നു.

“എന്തര് മനുഷ്യാ, ഒന്നു മാറ്,” എന്നും പറഞ്ഞ് ദുര്‍ബലനായ അയാളെ തട്ടിത്തെറിപ്പിച്ച്, ഇഡ്ഡലിയും ചോറ്റുപാത്രത്തിലാക്കി, അതിനു മീതെ തലേന്നത്തെ സാമ്പാറ് ചൂടാക്കിയത് കോരിയൊഴിച്ച്, കുളിച്ചീറനായ മുടി കെട്ടിവച്ചത് അഴിച്ചിട്ട് വേഗം ചീകിയൊതുക്കി, ഗീതാദേവി തന്‍റെ റ്റൂവീലറില്‍ കയറി ഓഫീസിലേക്ക് ഓടിച്ചു പോയി.

മുറിയില്‍ തിരിച്ചെത്തിയ കാഫ്ക കണ്ണാടിയില്‍ തന്‍റെ രൂപം നോക്കി സ്വയംമറന്നു നിന്നു. സ്വയംഭരണകോളജില്‍ ആംഗലഭാഷ പഠിപ്പിച്ച് പ്രൊഫസറായാണ് അയാള്‍ വിരമിച്ചത്. ഭാഷാപഠനത്തേക്കാള്‍ സാഹിത്യത്തിലായിരുന്നു എന്നും താല്‍പര്യം. ഫൊണറ്റിക്സിലേക്കും ഇംഗ്ലീഷ് ലാംഗ്വേജ് പഠനത്തിലേക്കും എന്നും കാഫ്ക കയറി വരാന്‍ തുടങ്ങിയപ്പോഴാണ് മുരളീധരന്‍ സാറിന് കാഫ്ക എന്ന വിളിപ്പേര് വീണത്. പിന്നെ അതായി അയാളുടെ സ്ഥിരം പേര്. ഭാര്യ ഗീതാദേവി പോലും അങ്ങനെ വിളിക്കാന്‍ തുടങ്ങി.

ഒരിക്കലും ചിരിക്കാത്ത, ആധി മുറ്റിയ അയാളുടെ മുഖം കാഫ്കയുടേതു പോലെ എപ്പോഴും വിറങ്ങലിച്ചിരുന്നു. ഗൌരവം ഊറിവരുന്ന, കണ്ണട നിറഞ്ഞ ആ മുഖത്ത് ചിരിയുടെ ഒരു ലാഞ്ഛന പടരാന്‍ അയാള്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. കോളജ് പ്രൊഫസറായി കുടുംബത്തിനും കോളജിനും വേണ്ടി അടിമയെപ്പോലെ ജീവിതം സമര്‍പ്പിച്ച കാലത്ത് അതായിരുന്നു അയാളുടെ സ്ഥായീഭാവം.

kafka , ranju, story, iemalayalam

വിരമിച്ച ശേഷം കാഫ്ക ആളാകെ മാറി. പഴയതു പോലെ ഗൌരവഭാവമില്ല, എപ്പോഴും കളിയും ചിരിയും. വയറിനു മേലെ പാന്‍റ്സ് വലിച്ചുകയറ്റിയുള്ള പഴയ വേഷം മാറ്റിയിട്ടിപ്പോള്‍ മുഴുവന്‍ സമയവും ടീഷര്‍ട്ടും ബോക്സറുമാണ് ധരിക്കുന്നത്. എന്നിട്ട്, അതുമിട്ട് തുള്ളിച്ചാടി ഫഹദ് ഫാസിലാണെന്ന ഭാവേന വയസ്സുകാലത്ത് ഗീതാദേവിയോട് ശൃംഗരിക്കുന്നു. പിന്നെ ജനപ്രിയസിനിമയിലെന്ന പോലെ സോഫയില്‍ നിന്നുമെടുത്ത് ചാടി പാട്ടുപാടി നൃത്തം വയ്ക്കുന്നു. പെട്ടിപ്പുറത്ത് ദുല്‍ഖര്‍ സല്‍മാനായി പൊത്തിപ്പിടിച്ച് കയറുന്നു. പൈങ്കിളി സിനിമാപാട്ടുകള്‍ പാടിത്തകര്‍ക്കുന്നു.

എന്‍ജിഒ അസോസിയേഷന്‍റെ വനിതാ നേതാവായ ഗീതാദേവിയ്ക്ക് അതൊന്നും സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. ചുംബനസമരക്കാര്‍ കെട്ടിപ്പിടിച്ചിരുന്ന പന്തലില്‍ ചാണകവെള്ളം കലക്കിയൊഴിച്ച് പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയ വിപ്ലവവീരാംഗനയാണ്. അയാളുടെ ഭാവപരിണാമമൊന്നും അവര്‍ക്ക് തിരിഞ്ഞില്ല.

“വയസ്സുകാലത്ത് യുജിസി പ്രൊഫസര്‍മാരെപ്പോലെ വല്ല പുസ്തകമെഴുത്തോ പ്രഭാഷണമോ നടത്തി മാനം കാക്ക് മനുഷ്യാ,” ഗീതാദേവി സഹികെട്ട് കെഞ്ചിപ്പറഞ്ഞു.

അയാള്‍ വെറുമൊരു കാഫ്കയായി നിര്‍വികാരം അവരെ നോക്കി.

ഗീതാദേവി പടിയിറങ്ങിയാല്‍ പിന്നെ വീട്ടില്‍ നിന്ന് റോക്ക് മ്യൂസിക്കും മെറ്റാലിക്കയും ബോബ് മാര്‍ലിയുമൊക്കെ ഉച്ചത്തില്‍ മുഴങ്ങി. പഠിപ്പിക്കാന്‍ പോയിരുന്ന കാലത്ത് ടെക്സ്റ്റ് ബുക്കിലുള്ള കാഫ്കയും ഷേക്സ്പിയറും മാത്രം മറിച്ചുനോക്കിയിരുന്ന മനുഷ്യനാണ്. വല്ല ബലികുടീരങ്ങളോ, ഭക്തിഗാനങ്ങളോ കേട്ടിരിക്കേണ്ട നേരത്ത്…

ഇതങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് ഗീതാദേവിയ്ക്ക് തോന്നി. ആദ്യം ഒരു നായയെ വാങ്ങി, അയാളെ നോക്കാനേല്‍പ്പിച്ചു. സ്വാതന്ത്ര്യത്തെ കുറിച്ചൊരു കുറിപ്പും എഴുതിവെച്ച് നായ അടുത്ത ദിവസം തന്നെ ഓടിരക്ഷപ്പെട്ടു. പിന്നീട് പൂച്ചകളായി. അതുങ്ങള് തിന്നാന്‍ നേരം മാത്രം വരികയും തീറ്റ കഴിഞ്ഞ് സ്വന്തം ലാവണത്തിലേക്ക് മണ്ടുകയും ചെയ്തു പോന്നു. അതും പോരാഞ്ഞ് സമയത്ത് തീറ്റ കിട്ടിയില്ലെങ്കില്‍ കോപത്തോടെ അലറിക്കരഞ്ഞ് നടവഴിയില്‍ തൂറിവയ്ക്കുകയും ചെയ്തു.

അയാള്‍ ഇതെല്ലാം കണ്ട് മൃഗസമാനമായ അനുഭാവത്തോടെ മാറിയിരുന്ന്, പപ്പും തൂവലും കൊത്തിമിനുക്കി ഒരു സുഖിയനായി ചടഞ്ഞുകൂടിയിരുന്നു. നാടിനും വീടിനും ഉപകാരമില്ലാത്ത ആ പ്രവൃത്തിയില്‍ ഗീതാദേവി അത്യധികം കോപാകുലയായി.

kafka , ranju, story, iemalayalam

“ജീവിതകാലം മുഴുവന്‍ കുടുംബത്തിനും സ്ഥാപനത്തിനും വേണ്ടി മനുഷ്യനായി വേഷം കെട്ടി. ഇനിയെങ്കിലും ഞാനെന്‍റെ സ്വപ്നത്തില്‍ ജീവിച്ചോട്ടെ!” അയാള്‍ മുറുമുറുത്തു.

ഗീതാദേവിയെ പെണ്ണാലോചിക്കുന്ന കാലത്ത്, അയാള്‍ മെലിഞ്ഞുണങ്ങി പട്ടിക്കാഷ്ഠം പോലെ നീണ്ടുവളഞ്ഞൊരു മനുഷ്യനായിരുന്നു. സാഹിത്യവാരഫലം മുടങ്ങാതെ വായിക്കുമായിരുന്നു. അതിലെ ഒരു ഫലിതം വായിച്ചപ്പോഴാണ് വാരഫലക്കാരന്‍റെ നോട്ടത്തിന്‍റെ ആഴം പിടികിട്ടിയത്. അതിലയാള്‍ തെന്നിവീണു.

“ചോദ്യം: ലോകത്തെ ഏറ്റവും അരോചകമായ കാഴ്ച ഏതാണ്?

ഉത്തരം: ഒട്ടിയ ചന്തി അനക്കിക്കൊണ്ട് പ്രേക്ഷകര്‍ക്കു നേരെ പിന്തിരിഞ്ഞു നില്‍ക്കുന്ന ഓര്‍ക്കസ്ട്രക്കാരന്‍.”

സ്വന്തം രൂപത്തെ കുറിച്ച് ഇത്രമാത്രം അവജ്ഞയുണ്ടാക്കുന്ന ഒരു തമാശ വേറെയില്ല! അതു വായിച്ച ശേഷം, കൈ രണ്ടും കൊണ്ടുഴുഞ്ഞു നോക്കിയും, കണ്ണാടിയ്ക്കു മുന്നില്‍ നിന്നുതിരിഞ്ഞ് സ്വന്തം കണ്ണുകൊണ്ടും അയാള്‍ തന്‍റെ ചന്തി തപ്പിനോക്കി. എത്ര തപ്പിയിട്ടും കാണാതെ അത് പിന്നിലെവിടെയോ ഒളിഞ്ഞുകിടന്നു.

ഗീതാദേവിയെ പെണ്ണുകാണാന്‍ പോയപ്പോഴാണ് അയാള്‍ക്കതു വീണ്ടും പ്രശ്നമായത്. നല്ല തറവാട്ടില്‍ പിറന്ന നല്ല വാലുള്ള ചന്തികള്‍ക്കേ വിവാഹ മാര്‍ക്കറ്റില്‍ വിലയുള്ളൂ. ചന്തിയാണല്ലോ വാലിന്‍റെ പ്രഭവകേന്ദ്രം. അല്ലേ? ഇനിയങ്ങനെ അല്ലെങ്കില്‍ തന്നെ ഇത് ബയോളജി ക്ലാസ്സ് അല്ലല്ലോ, സാഹിത്യമല്ലേ. പോരാത്തതിന് സാറാകട്ടെ പിള്ളേരെ സാഹിത്യം പഠിപ്പിക്കുന്ന കോളജ് പ്രൊഫസറും.

“പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ആവാം,” എന്ന് ഒപ്പം വന്ന കാരണവന്മാരിലാരോ പറഞ്ഞപ്പോള്‍, ഗീതാദേവിയാണ് അതിന് മുന്‍കയ്യെടുത്തത്. അയാളത് പ്രത്യേകം ശ്രദ്ധിച്ചു.

മുറിയില്‍ പരസ്പരം വെറുതെ നോക്കാതെ നോക്കി, ശങ്കിച്ച് നില്‍ക്കുമ്പോള്‍ തന്‍റെ ഒട്ടിയ ചന്തി മറച്ചുപിടിയ്ക്കാന്‍ അയാള്‍ പലവട്ടം നോക്കി.

“സാര്‍ എനിക്ക് ഒരു സംശയമുണ്ട്,” ഗീതാദേവി തുടക്കമിട്ടപ്പോള്‍ അയാളൊന്ന് വിരണ്ടു.

ഇവിടുത്തെ പെണ്ണുങ്ങള്‍ തങ്കച്ചി പാരമ്പര്യമുള്ള വീരാംഗനമാരാണ്. വെട്ടൊന്ന് മുറി രണ്ട്, പായും തലയണയും പടിയ്ക്കു പുറത്ത് എന്നാണ് പ്രമാണം. അതറിഞ്ഞ്, അയാള്‍ വിനയപുരസ്സരം താഴ്ന്നുനിന്നു.

“ഓ,” ഒരു മൂളക്കം മുക്കിമൂളി പുറത്തു വന്നു.

“അല്ല സാറേ, എനിക്ക് കോളജില് കാഫ്ക പഠിക്കാനുണ്ട്. ഒന്നും മനസ്സിലാവണില്ല. എന്തരോ പോലെ…”

ഗീതാദേവി അതുപറഞ്ഞപ്പോഴാണ് അയാളുടെ ശ്വാസം ഒന്നു നേരെവീണത്. പിന്നെ അടിതൊട്ട് മുടിയോളം ചുഴിഞ്ഞു നോക്കി.

kafka , ranju, story, iemalayalam

വൈകീട്ട് മേല്‍കഴുകാന്‍ നേരത്തും സാറിന്‍റെ നോട്ടം ഗീതാദേവിയുടെ ശരീരത്തിന്‍റെ ചുഴിവുകളില്‍ പറ്റിക്കിടപ്പുണ്ടായിരുന്നു. എത്ര കഴുകിയിട്ടും അത് പോയില്ല.

കുളിമുറിയില്‍ ഗ്രേസിയുടെ കഥയിലെ ഏതോ കഥാപാത്രത്തെ ഓര്‍ത്തുകൊണ്ടു നില്‍ക്കുമ്പോള്‍, തന്‍റെ ഉടലിലേക്ക് ഒരു നോട്ടം വീണ്ടും പാറി വീഴുന്നതായി അവള്‍ക്ക് തോന്നി. കുളിമുറിയുടെ ചില്ലുപാളികള്‍ക്കരികില്‍ ഒരനക്കം. കാഫ്കയുടെ പാറ്റയാണോ അതോ സക്കറിയയുടെ ഗൌളിയാണോ അതെന്നറിയാതെ അവള്‍ പേടിച്ചരണ്ടു.

“ഞാനാ പേടിക്കേണ്ട!”

പരിചിതമായ ആ ശബ്ദം കേട്ട് അവള്‍ ഞെട്ടിത്തരിച്ച് നഗ്നയായി നിന്നു. അത് കാഫ്കയായിരുന്നു.

കാഫ്കയുടെ കഥയിലെന്നോണം രൂപം മാറി അയാള്‍ അവളുടെ കുളിമുറിയില്‍ കുന്തിച്ചിരുന്നു.

“പോ പാറ്റേ… ശൂ ശൂ…” അവള്‍ ആട്ടി.

അത് പെട്ടെന്ന് ചിറകുവിരിച്ച് പറന്ന് അവളുടെ മുലത്തടത്തിനിടയില്‍ വന്നുവീണു. ഞെട്ടിത്തരിച്ച് പിറന്നപടി കുളിമുറിയില്‍ നിന്നും പുറത്തേക്കോടിയ അവള്‍ പിന്നെ കിതപ്പടക്കി നിന്നത് കല്യാണമണ്ഡപത്തിലാണ്. തറവാട്ട് മഹിമയേക്കാള്‍ അയാളുടെ കോളേജ് വാദ്ധ്യാരുദ്യോഗമാണ് പെണ്‍വീട്ടുകാര്‍ക്ക് പിടിച്ചത്. അങ്ങനെ വിവാഹം നടന്നു.

താലികെട്ടാന്‍ നേരം അവള്‍ അല്‍പ്പം വെറുപ്പോടെ അയാളെ നോക്കി. മനസ്സില്‍ ഉരുവിട്ടു “പാറ്റ!”

ആദ്യരാത്രി ഒരു പാറ്റയെപ്പോലെ അയാള്‍ അവളുടെ ശരീരത്തിലൂടെ ഇഴയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പിടഞ്ഞു. മേശപ്പുറത്ത് വെച്ച പാല്‍ഗ്ലാസ്സില്‍ ഉറുമ്പും പാറ്റകളും നീന്തിത്തുടിച്ചു.

“കാഫ്കയെ കുറിച്ചുള്ള പാഠം…,” ഒരു സംശയം അവളില്‍ ബാക്കി നിന്നു.

അവസാന വര്‍ഷത്തെ പരീക്ഷയ്ക്ക് കാഫ്കയെ കുറിച്ചുള്ള ചോദ്യത്തിന് അവള്‍ നന്നായി ഉത്തരമെഴുതി.

“സാറേ,” എന്നാണ് അവള്‍ അയാളെ വിളിച്ചിരുന്നത്. സാധാരണ മലയാളിപ്പെണ്ണുങ്ങളെ പോലെ “ഏട്ടാ,” എന്നുവിളിച്ച് അവള്‍ അയാളെ അപമാനിച്ചില്ല. “ഗീതു,” എന്ന് അയാളും തിരിച്ചു വിളിച്ചു.

കേരളദേശത്ത് സസുഖം വാണ്, സസന്തോഷം അടുത്തൂണ്‍ പറ്റി പിരിയാനുള്ള യോഗ്യതയൊക്കെ പിതാക്കന്മാര് വഹയായി ഉള്ളതിനാല്‍, അവരുടെ ദാമ്പത്യവും സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനവുമൊക്കെ അവിഘ്നം നടന്നു. എന്നാല്‍, വിരമിച്ച ശേഷം കാര്യങ്ങള്‍ മാറിമറഞ്ഞു. മാനിഫെസ്റ്റോയിലും മനുസ്മൃതിയിലും പറയാത്ത കാര്യങ്ങള്‍ ചെയ്തു തുടങ്ങിയാലെന്തു ചെയ്യാനാണ്! അവസാനം രണ്ടും കല്‍പ്പിച്ച്, ഗണപതിയ്ക്ക് തേങ്ങയുടച്ച്, മാരിയമ്മന്‍ കോവില്‍ റോഡിലെ അമ്മ ദൈവം പറഞ്ഞതനുസരിച്ച് അറ്റകൈ പ്രയോഗം തന്നെ നടത്താന്‍ ഗീതാദേവി തീരുമാനിച്ചുറച്ചു.

ഒരു ദിവസം, ഗീതാദേവി ഓഫീസില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ അയാള്‍ തട്ടിന്‍പുറത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇത്തിരി അരിമണി താഴത്തിട്ട് “കൊ കൊ കൊ,” എന്ന് ശബ്ദമുണ്ടാക്കി അവര്‍ അയാളെ താഴേയ്ക്ക് വിളിച്ചു വരുത്തി.

താഴെ വീണ അരിമണികള്‍ ഒരു കടല്‍ക്കിഴവന്‍റെ അഹങ്കാരത്തോടെ കൊത്തിത്തിന്നുമ്പോള്‍ അയാള്‍ക്ക് മീതെ ഒരു കൊട്ട വന്നുവീണു. അതിനുള്ളില്‍ കിടന്ന് ക്ലോസ്ട്രോഫോബിക്കായി ശ്വാസംമുട്ടി അയാള്‍ പിടഞ്ഞു. കണ്ണുകള്‍ തുറിച്ചു വന്നു.kafka , ranju, story, iemalayalam

ഒരൂക്കിന് കൈ നീട്ടി ഗീതാദേവി അയാളുടെ കഴുത്തിനു കയറിപ്പിടിച്ചു. പൊക്കിയെടുത്ത് കോഴിയുടെ പൂട കളയാനെന്നോണം ചൂടുവെള്ളത്തില്‍ മുക്കിയിട്ടു.

അയാളുടെ ശരീരമാകെ പൂടയാണ്. കുളി കഴിഞ്ഞ് തുവര്‍ത്തി ഉണങ്ങാനായി ഫാനിന്‍റെ അടിയില്‍ അര മണിക്കൂര്‍ നില്‍ക്കണം. എന്നിട്ടും നനവ് തോരാതെ ശരീരത്തില്‍ പൂപ്പല്‍ പോലെ പറ്റിക്കിടക്കും. ചൂടുവെള്ളത്തില്‍ കിടന്ന് പഴുത്ത് അയാളുടെ ദേഹത്തെ പൂടയെല്ലാം കൊഴിഞ്ഞുപോയി. കട്ടിയുള്ള തൊലിയൊക്കെ തൊട്ടാലലിയും വിധം മൃദുവായി.

നന്നായി അരിഞ്ഞ്, സവാളയും പച്ചമുളകും മസാലയും ചേര്‍ത്ത് തേങ്ങാപ്പാലൊഴിച്ച കോഴിക്കറിയാക്കി മണ്‍ചട്ടിയില്‍ വറ്റിച്ച് വെച്ചു. ചാറ് തൊട്ടുകൂട്ടി ഗീതാദേവി പറഞ്ഞു: “ഇന്നത്തെ കോഴിക്കറിയ്ക്ക് എന്തെന്നില്ലാത്ത സ്വാദ്!”

അന്ന് അതുകൂട്ടിയാണ് വയറുനിറയെ അത്താഴം കഴിച്ചത്. പിറ്റേന്ന് ശവമെടുപ്പിന് വന്നവര്‍ കൂട്ടംകൂടി നിന്നപ്പോള്‍ അയാള്‍ സ്വന്തം ശരീരം ഇട്ടെറിഞ്ഞ് തുള്ളിച്ചാടി കൂവിയാര്‍ത്ത് പറമ്പിലേക്കോടി. അങ്കക്കോഴിയായി പറന്നുചാടി ചുവടുവെച്ച്, നാലുവശവും തിരിഞ്ഞടിച്ചാര്‍ത്ത് അങ്കച്ചേകവനായി നിവര്‍ന്നു. കുക്കുടവടിവില്‍ വിരിഞ്ഞുനിന്ന്‍ അട്ടഹസിച്ചും മെയ്യഴകില്‍ നിറഞ്ഞുല്ലസിച്ചും ആനന്ദനിര്‍വൃതിയടഞ്ഞ ശേഷം, പരേതാത്മാവായി അപ്പുറത്തെ മാവിന്‍കൊമ്പില്‍ തലകീഴായി തൂങ്ങിയാടി.

കുറച്ചു ദിവസം കഴിഞ്ഞ്, അടിയന്തിരത്തിന്‍റെ സദ്യ കഴിഞ്ഞ് കൈകഴുകിയ ശേഷം പറമ്പിലേക്ക് പാളിനോക്കിയ ഒരാള്‍, മാവിന്‍കൊമ്പത്ത് അങ്കനടനം ചെയ്യുന്ന ഒരു മുട്ടന്‍ കോഴിയെ കണ്ട് പേടിച്ചു.

“ഒരു ചാത്തന്‍കോഴി. അത് ജീന്‍സും ടീഷര്‍ട്ടുമിട്ട് മാവില്‍ തൂങ്ങിയാടി ഡാന്‍സ് കളിയ്ക്കുന്നു!” അയാള്‍ വലിയ വായില്‍ നിലവിളിച്ചു.

“അത് കാഫ്കയുടെ ആത്മാവ് കയറിയ ചാത്തനായിരിക്കും!” ആരോ പറഞ്ഞു.

അതുകേട്ട് തെല്ല് അഭിമാനത്തോടെ, ചാത്തന്‍കോഴിയ്ക്കുള്ളില്‍ നിന്നും കാഫ്ക നട്ടുച്ചയ്ക്ക് ഉച്ചത്തില്‍ മൂന്നുവട്ടം കൂവി.

മൂന്നാമത്തെ കൂവലിനു ശേഷം, കര്‍ത്താവിനെ സ്മരിച്ചു കൊണ്ട് ഉയര്‍ത്തെഴുന്നേറ്റ് പറഞ്ഞു: “കൂവിയതു മതി. ഇനി ഒറ്റിക്കൊടുപ്പിനുള്ള സമയമാണ്!”

അന്നേരം, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടുത്ത വനിതാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, അത്താഴം കഴിക്കാനൊരുങ്ങുകയായിരുന്നു ഗീതാദേവി. വിശന്നുപൊരിഞ്ഞ്, ആര്‍ത്തിയോടെ ചോറില്‍ പരതിയ അവരുടെ മുന്നിലെ പാത്രത്തില്‍ക്കിടന്ന വറുത്ത കോഴിക്കാല് പെട്ടെന്നനങ്ങി.

“ഇത് ഞാനാ, നിന്‍റെ കാഫ്ക,” അത് സ്വകാര്യം പറഞ്ഞു.

“എന്താടോ കിഴവാ? കൊന്നുതിന്നാലും സ്വസ്ഥത തരൂലേ?” ഗീതാദേവിയ്ക്ക് അരിശം വന്നു.

മൊരിഞ്ഞ മസാല ശരീരത്തില്‍ നിന്നും തട്ടിക്കളഞ്ഞ്, കാഫ്ക പറഞ്ഞു: “നീ കോഴി ചിഹ്നത്തില്‍ മത്സരിക്കണം. എന്നാലേ ജയിക്കൂ…”

“താന്‍ പോടോ… പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ഞാന്‍ കാണിച്ചു തരാം!”

ഗീതാദേവി വെല്ലുവിളിച്ചു.

കാഫ്ക താനൊരു വറുത്ത കോഴിക്കാലാണെന്നോര്‍ക്കാതെ കിടന്നിടത്തുകിടന്ന്‍ പാത്രം കിലുങ്ങും വിധം കുലുങ്ങിക്കുലുങ്ങി ചിരിച്ചു.

ആ തെരഞ്ഞെടുപ്പില്‍ ഗീതാദേവി നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പരാജയത്തിന്‍റെ കയ്പുനീര് രുചിച്ചതിന്‍റെ അടുത്ത ദിവസം രാവിലത്തെ ചര്‍ച്ചാ ബഹളങ്ങള്‍ക്ക് ശേഷം, വിഷണ്ണയായി ഉച്ചയ്ക്കൊന്ന് നടുനിവര്‍ത്താന്‍ കിടന്നതാണ് ഗീതാദേവി. വാലു മുളച്ചൊരു കോഴിച്ചാത്തന്‍ ഉറക്കത്തില്‍ വന്നവരെ ഗൂഢം തൊട്ടുവിളിച്ചു.

അതൊരു വല്ലാത്ത ഉണര്‍ന്നെഴുന്നേല്‍ക്കലായിരുന്നു. ഉറക്കത്തില്‍ നിന്നും ചാടിത്തുള്ളിയെണീറ്റ് കോഴിയമ്മയായി വന്ന ഗീതാദേവിയെ കണ്ട്, പുറത്ത് ചടഞ്ഞുകൂടിയിരുന്നിരുന്ന മക്കളും സതീര്‍ത്ഥ്യരുമടങ്ങുന്ന അനുചരസംഘം ഞെട്ടി.

വീടും പറമ്പും വിട്ട്, ഒരു പിടക്കോഴിയായി കൊക്കിക്കൊക്കി, പറമ്പിലാകെ ചിക്കിച്ചിക്കി, അവര്‍ വേലിപ്പത്തലിനപ്പുറത്തേക്ക് പായുന്നതു കണ്ട് എല്ലാവരും മൂക്കത്ത് വിരല്‍ വെച്ചു നിന്നു.

“കാഫ്കയെ വെല്ലാന്‍ മ്മടെ പാര്‍ട്ടിക്ക് പോലും പറ്റില്ല. കാഫ്കയ്ക്കു സമം കാഫ്ക മാത്രം!” ആരോ ദീര്‍ഘദര്‍ശനം ചെയ്തു.

അതുകേട്ട് വേലിപ്പത്തലില്‍ നെഞ്ചും വിരിച്ച് കുക്കുടവടിവില്‍ അമര്‍ന്നു നിന്ന് കാഫ്ക ആഞ്ഞ് കൂവി.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Renju short story kafka

Next Story
ഓഫ് നോട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com