scorecardresearch
Latest News

നയ്‌പോള്‍: ഒരു ജയ്‌പൂര്‍ ഓര്‍മ്മ

“ഹാസ്യമോ ജീവിതസന്ദര്‍ഭങ്ങളോ തീവ്രമായ കാഴ്ചപ്പാടുകളോ രാഷ്ട്രീയ ശരികള്‍ക്ക് പുറത്താണ് എന്നത് നിരന്തരമായി നമ്മെ ഓര്‍മിപ്പിക്കുന്നു നയ്പോള്‍”

v s naipaul,memories,jose varghese

2015 ലെ ജയ്‌പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് ആദ്യമായും അവസാനമായും വി എസ് നയ്പോളിനെ കാണാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. അന്നാകട്ടെ അദ്ദേഹം ഒരു വീല്‍ചെയറിലിരുന്ന് വിങ്ങിക്കരയുകയായിരുന്നു. ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ (1961) എന്ന നോവലിനെ പറ്റി ഫറൂഖ് ധോന്‍ദി അധ്യക്ഷനായ ഒരു ചര്‍ച്ചയ്ക്കു ശേഷമായിരുന്നു അത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നയ്പോളിന്‍റെ അടുത്ത സുഹൃത്തുക്കളായ പോള്‍ തെറോ, ഹനിഫ് ഖുറെയ്ഷി, അമിത് ചൗധരി എന്നിവര്‍.

നോവല്‍ പ്രസിദ്ധീകരിച്ചിട്ട്‌ അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്‍റെ പ്രാധാന്യം, ഡിക്കെന്‍സ്, ചെഖോവ്, ഡി എച്ച് ലോറന്‍സ് മുതലായ എഴുത്തുകാരുടെ പുസ്തകങ്ങളുമായുള്ള താരതമ്യപഠന സാധ്യതകള്‍, നയ്പോള്‍ തങ്ങളുടെ തലമുറയിലെ എഴുത്തുകാരില്‍ ചെലുത്തിയ സ്വാധീനം, ഒക്കെ ചര്‍ച്ചാവിഷയമായി അവിടെ. ഓരോ വാക്കും സശ്രദ്ധം കേട്ട് മുന്‍നിരയില്‍ ഉണ്ടായിരുന്നു നയ്പോള്‍. കാണികളെ ആശ്ചര്യപ്പെടുത്തി അവസാനം സംഘാടകര്‍ അല്‍പ്പം ശ്രമപ്പെട്ട്‌ വീല്‍ചെയറില്‍ ഇരുത്തിത്തന്നെ അദ്ദേഹത്തെ സ്റ്റേജില്‍ എത്തിച്ചു. ചുരുങ്ങിയ വാക്കുകളില്‍ തന്‍റെ സുഹൃത്തുക്കള്‍ക്ക് നന്ദി പറഞ്ഞു തീരുന്നതിന് മുന്‍പേ നൊബേല്‍ സമ്മാനജേതാവായ ആ എഴുത്തുകാരന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഭാര്യ നാദിറയ്ക്കും വേദിയിലെ സുഹൃത്തുക്കള്‍ക്കും പോലും അത് തീരെ അപ്രതീക്ഷി തമായിരുന്നു.

naipaul,josevarghese,memories
വി.,എസ് നയ്പോൾ ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ​ വീൽ​ചെയറിൽ എത്തിയപ്പോൾ ഫൊട്ടോ: ജോസ് വർഗീസ്

രാഷ്ട്രീയശരികളെ അവഗണിച്ച് എവിടെയും സ്വന്തം അഭിപ്രായം തുറന്നടിച്ചിരുന്ന, തന്‍റെ കൃതികള്‍ നന്നായി മനസ്സിലാക്കാത്തവരുമായുള്ള അഭിമുഖങ്ങളില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോയിരുന്ന, സ്ത്രീ വിരുദ്ധപരാമര്‍ശങ്ങള്‍ക്കും അധിനിവേശാനുകൂല നിലപാടുകള്‍ക്കും വിമര്‍ശിക്ക പ്പെട്ടിരുന്ന ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നു കുറേക്കാലം നയ്പോള്‍ എന്‍റെ മനസ്സില്‍. വിദ്യാഭ്യാസത്തിന്‍റെ ഒരു കാലഘട്ടത്തിലെ ഗൗരവപൂര്‍ണ്ണമായ വായന അധിനിവേശാനന്തര സാഹിത്യകൃതികളില്‍ മാത്രം ഒതുക്കിയപ്പോള്‍ നയ്പോളിനെ മനപ്പൂര്‍വ്വം ഒഴിവാക്കി; അദ്ധ്യാപകരും സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ നോവലുകളെ പുകഴ്ത്തുന്നത് കേള്‍ക്കുമ്പോഴും പ്രലോഭനത്തിനടിപ്പെടാതിരുന്നു. പിന്നീട് ‘ഹാഫ് എ ലൈഫ്’ (2001) എന്ന ഒരു നോവല്‍ മാത്രം വായിച്ചപ്പോള്‍ മനസ്സിലാക്കാനായത് എത്ര മുന്‍വിധിയോടെ സമീപിച്ചാലും പുസ്തകത്താളുകളില്‍ നമ്മെ തളച്ചിടുന്ന ഒരു എഴുത്തുകാരനെയാണ്. ഇതിലെ പ്രധാന കഥാപാത്രമായ വില്ലീ തന്നില്‍ അടിച്ചേൽപ്പിക്കപ്പെട്ട സാംസ്കാരിക വൈവിദ്ധ്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുന്നയാളാണ്. ബ്രാഹ്മണനായ അച്ഛനും ദലിതയായ അമ്മയും ഇന്ത്യന്‍-ഇംഗ്ലീഷ് മിശ്രിതമായ ‘വില്ലീ സോമര്‍സെറ്റ് ചന്ദ്രന്‍’ എന്ന പേരും നല്‍കുന്ന ഭാരം ചുമന്ന് ലണ്ടനിലൂടെയും മോസാംബിക്കിലൂടെയും ബെര്‍ലിനില്‍ എത്തപ്പെടുന്ന ഈ കഥാപാത്രം താനില്ലാതാക്കിയ ഒരു പകുതി ജീവിതത്തെയോര്‍ത്ത് പരിതപിക്കുന്നു. ഒരു എഴുത്തുകാരനാവാനുള്ള വിഫലശ്രമവും അതിന്‍റെ പരിണതഫലങ്ങളുമാണ് ഈ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നത്. ഈ നോവലിന്‍റെ തുടര്‍ച്ചയാണ് ‘മാജിക് സീഡ്സ്’ (2004) എന്ന നോവല്‍. നയ്പോളിന്‍റെ മറ്റു പല നോവലുകളിലെയും പോലെ പ്രതികൂല സാഹചര്യങ്ങളിലൂടെ തപ്പിയും തടഞ്ഞും നീങ്ങുന്ന ഒരു കഥാപാത്രമായി മാറുന്നു വില്ലി ഇതില്‍.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പങ്കെടുത്ത ഒരു ക്രിയേറ്റിവ് റൈറ്റിങ് കോഴ്സില്‍ അദ്ധ്യാപകരായിരുന്ന മാര്‍സെല്‍ തേറോയും ഹനിഫ് ഖുറെയ്ഷിയും ആണ് എഴുത്തുകാരാവാന്‍ ആഗ്രഹിക്കുന്നവര്‍, അവര്‍ ഏതൊക്കെ ആശയസംഹിതകളോ ലോകവീക്ഷണങ്ങളോ പിന്തുടരുന്നവര്‍ ആയാലും, നയ്പോള്‍ എന്ന എഴുത്തുകാരനെ കൂടുതല്‍ അറിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നത്. ഭൃഹത്തായ കൃതികളില്‍ പോലും നയ്പോള്‍ ഓരോ ഖണ്ഡികയും, ഓരോ വാചകവും, ഏറ്റവും മികവുറ്റതാക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെ ചെറിയ പ്രായത്തിലേ ലോകമറിയുന്ന എഴുത്തുകാരനായെങ്കിലും ഓരോ പുസ്തകത്തിലും എഴുത്ത് കൂടുതല്‍ നന്നാക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ കാണാം. ചെറിയ പ്രദേശങ്ങളിലെ അടഞ്ഞ സമൂഹങ്ങളുടെ കഥ പറയുമ്പോഴും ഒരു വലിയ ലോകത്തെ അതിനുള്ളില്‍ നിറയ്ക്കാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ആശയപരമായി യോജിക്കാതിരിക്കുമ്പോഴും സല്‍മാന്‍ റുഷ്ദിയെപ്പോലുള്ള എഴുത്തുകാര്‍ നയ്പോളിനെ ഇഷ്ടപ്പെട്ടതും ഒരു മുതിര്‍ന്ന സഹോദരനായി കണ്ടതും ഇതുകൊണ്ടൊക്കെയാണ്.

നയ്പോളിന്‍റെ എല്ലാ കൃതികളും എന്തെങ്കിലുമൊക്കെ കാരണത്താല്‍ വായിക്കപ്പെടേണ്ടതാണെങ്കിലും അവയില്‍ ചിലത് എടുത്തുപറയേണ്ടവയാണ് – ‘ദ മിസ്റ്റിക് മസ്വര്‍’ (1957), ‘എ ഹൗസ് ഓഫ് മിസ്റ്റര്‍ ബിശ്വാസ്’ (1961), ‘അന്‍ ഏരിയ ഓഫ് ഡാര്‍ക്നെസ്സ്’ (1964), ‘ദ മിമിക് മെന്‍’ (1967), ‘എ ബെന്‍ഡ്‌ ഇന്‍ ദ റിവര്‍’ (1979) എന്നിവ പലപ്പോഴും സാഹിത്യചര്‍ച്ചകളിലും പഠനങ്ങളിലും ഉയര്‍ന്നു വരുന്ന പേരുകളാണ്.

ജയ്‌പൂരില്‍ അമിത് ചൗധരി ഓര്‍ത്തെടുത്തത്‌ നയ്പോളിന്‍റെ കൃതികള്‍ പരമ്പരാഗത ആഖ്യാനങ്ങളാകുമ്പോള്‍ തന്നെ അവയില്‍ നിറഞ്ഞു നില്‍ക്കുന്ന പരീക്ഷണാത്മകതയും ആധുനികതയുമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലെയും കൃതികളോടെന്ന പോലെ തന്നെ ആധുനിക കൃതികളോടും താരതമ്യപ്പെടുത്താനാവും അവയെ. പിഴവുകളേറെയുള്ള അലഞ്ഞുതിരിയുന്ന പിതാക്കന്മാരോ പിതൃസദൃശ്യരോ പ്രധാനകഥാപാത്രത്തിന്‍റെ ജീവിതവീക്ഷണത്തെ സ്വാധീനിക്കുന്നത് വെളിപ്പെടുത്തുന്ന ചില നോവലുകളോട് – ഡി.എച്. ലോറന്‍സിന്‍റെ ‘സണ്‍സ് ആന്‍ഡ്‌ ലവേഴ്സ്’ (1913) ഹനിഫ് ഖുറെയ്ഷിയുടെ ‘ദ ബുദ്ധ ഓഫ് സബര്‍ബിയ’ (1990) മുതലായവ – താരതമ്യപ്പെടുത്തി ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ കൂടുതല്‍ വായിക്കപ്പെടേണ്ടതിനെപ്പറ്റിയും അദ്ദേഹം ഓര്‍മിപ്പിച്ചു.

പോള്‍ തെറോയുമായി വളരെ അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷി ച്ചിരുന്ന നയ്പോള്‍ ഇടയ്ക്ക് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അവര്‍ വീണ്ടും സുഹൃത്തുക്കളായി. ജയ്പൂരില്‍ നയ്പോളിന്‍റെ സുഹൃദ്ബന്ധങ്ങളിലെ ഇത്തരം കയറ്റിറക്കങ്ങളും ഓര്‍മ്മിക്കപ്പെട്ടു. തെറോ താന്‍ ആദ്യം നയ്പോളിനെ പുസ്തകങ്ങളിലൂടെ എങ്ങനെ അടുത്തറിഞ്ഞു എന്നതും എത്ര വലിയ സ്വാധീനമാണ് അദ്ദേഹത്തിന്‍റെ കൃതികള്‍ തന്നെപോലുള്ള എഴുത്തുകാരില്‍ ചെലുത്തിയതെന്നും വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ ലക്ഷ്യത്തിലെത്താതെ ചുറ്റിത്തിരിയുന്നവരാണെന്ന് ആദ്യ വായനയില്‍ തോന്നിയാല്‍ പോലും അവര്‍ ചുറ്റുപാടുകളോട് നിരന്തരം പടവെട്ടി സ്വത്വനിര്‍ണയത്തിന് ശ്രമിക്കുന്നു എന്ന അര്‍ത്ഥത്തില്‍ വിപ്ലവകാരി കളുമാവുന്നുണ്ട്.

ഹനിഫ് ഖുറെയ്ഷിയുടെ ‘ദ ലാസ്റ്റ് വേഡ്’ (2014) എന്ന നോവല്‍ നയ്പോള്‍ എന്ന എഴുത്തുകാരനെയും മനുഷ്യനെയും കുറെയൊക്കെ വെളിപ്പെടുത്തുന്നുണ്ട്. ഒരു ഭാവനാസൃഷ്ടിയാണെന്നിരിക്കിലും ഈ നോവലില്‍ മാമൂണ്‍ അസം എന്ന കേന്ദ്രകഥാപാത്രം നയ്പോളിനെയും അദ്ദേഹത്തിന്‍റെ ജീവചരിത്രകാരനായെത്തുന്ന ഹാരി ജോണ്‍സന്‍ എന്ന ചെറുപ്പക്കാരന്‍ പാട്രിക് ഫ്രെഞ്ചിനെയും ഓര്‍മിപ്പിക്കും. വളരെയധികം അസാധാരണ വ്യക്തിസവിഷേശതകളും സ്വാര്‍ഥതയും അധികാരാസക്തിയും സ്ത്രീവിരുദ്ധതയും ഒക്കെയുള്ള ഒരു കഥാപാത്രമാണ് ഇതില്‍ മാമൂണ്‍ അസം. അദ്ദേഹത്തിന്‍റെ സാഹിത്യസംഭാവനകളെ കുറച്ചുകാട്ടാതെ ഇതൊക്കെ പറയാന്‍ നര്‍മ്മ ത്തിന്‍റെ മേമ്പൊടി ഉപയോഗിച്ചിരിക്കുന്നു ഖുറെയ്ഷി. കൂടാതെ സ്നേഹത്താല്‍ വളരെയെളുപ്പം മുറിവേല്‍ക്കപ്പെടുന്ന, ചെറിയ കാര്യങ്ങളെച്ചൊല്ലി പെട്ടെന്ന് വികാരാധീനനാവുന്ന, അത്യാനന്ദത്തിനും വിഷാദത്തിനും ഒരു പോലെ കീഴടങ്ങുന്ന, സാഹിത്യരചനാപ്രക്രിയയിലൂടെ സ്വന്തം ജീവിതരീതി തന്നെ മാറ്റിമറിച്ച ഒരു വ്യക്തിയെയും നമുക്കവിടെ കാണാം. ഖുറെയ്ഷി എടുത്തുപറഞ്ഞത്‌ കോമണ്‍വെല്‍ത്ത് എന്ന ഓമനപ്പേരില്‍ ഒതുക്കപ്പെട്ടിരുന്ന അന്നത്തെ ‘മൂന്നാംലോക’ ഇംഗ്ലീഷ് സാഹിത്യത്തിനിടയില്‍ വേറിട്ട ശബ്ദമാകുകയും പിന്നീട് ലോകസാഹിത്യത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്തു നയ്പോളിന്റെ കൃതികള്‍ എന്നതാണ്.

നയ്പോള്‍ ജയ്പൂരിലെ വേദിയിലെത്തിയപ്പോള്‍ ‘ദ ലാസ്റ്റ് വേഡ്’ലെ അവസാന അദ്ധ്യായത്തിലെ ഒരു രംഗം ആവര്‍ത്തിക്കപ്പെടുന്നത് പോലെയാണ് എനിക്കനുഭവപ്പെട്ടത്‌. മാമൂണ്‍ അസമും അദ്ദേഹത്തിന്‍റെ ഭാര്യ ലിയാനയും മറ്റൊരു സുപ്രധാന എഴുത്തുകാരനുവേണ്ടി നടത്തിയ വലിയൊരു ഡിന്നര്‍ പാര്‍ട്ടിയില്‍ എത്തുന്ന രംഗമായിരുന്നു അത്:

“എല്ലാവരും ഇരിക്കുന്നതിന് മുന്‍പ് ലിയാന അന്തസ്സോടെ വയസ്സനായ മാമൂണിനെ വീല്‍ചെയറില്‍ ഉന്തിക്കൊണ്ട് വന്നു. ഡിന്നര്‍ ജാക്കറ്റും സാഹിത്യപുരസ്കാര മെഡലുകളും ധരിച്ച മാമൂണുമായി അവര്‍ രാജകീയപ്രൗഢിയുള്ള മുറിയിലേയ്ക്ക് പ്രവേശിച്ചു. എല്ലാവരുടെയും കണ്ണുകള്‍ അങ്ങോട്ട്‌ തിരിഞ്ഞു. അടക്കം പറച്ചിലുകളും ചെറുബഹളങ്ങളും പതിയെ ഒരു തിരിച്ചറിവിന് വഴിമാറി – ഈ എഴുത്തുകാരന്‍റെ സാമീപ്യം ഒരിക്കലെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായി എന്ന തിരിച്ചറിവ്. ലോകത്തിലെ ഒരു നല്ല പുസ്തകക്കടയിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടില്ല. ഒരു നല്ല വായനക്കാരനും അദ്ദേഹത്തിന്‍റെ പേര് കേള്‍ക്കാത്തതായി ഉണ്ടാവില്ല. ആരോ പതിയെ കയ്യടിച്ചു, സന്തോഷധ്വനി മുഴക്കി. എല്ലാവരും സ്വയമറിയാതെ എഴുന്നേറ്റു നിന്നു. ലിയാന അവരെ നോക്കിനിന്ന് കരയുകയും മാമൂണ്‍ ശബ്ദമില്ലാതെ വായ ചലിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു.” (The Last Word, p.285)

അന്‍പത് വര്‍ഷത്തെ സാഹിത്യജീവിതത്തില്‍ മുപ്പതിലേറെ കൃതികള്‍ രചിച്ച നയ്പോള്‍ പലവിധം ആഖ്യാന സാധ്യതകളിലൂടെ ഹാസ്യവും ജീവചരിത്രവും സാംസ്കാരികാവലോകനങ്ങളും യാത്രാനുഭവങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ഇവയിലൊക്കെയും അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാകാത്ത ഒരു അടിസ്ഥാന ലോകവീക്ഷണം പ്രകടമാണ്. അത് അധിനിവേശാനന്തര/മാര്‍ക്സിസ്റ്റ്‌/സാംസ്കാരിക/സ്ത്രീവാദ/ജെന്‍ഡര്‍/സ്വത്വ പഠനങ്ങളുടെയൊന്നും അംഗീകാരം തേടുന്നവയോ നേടുന്നവയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ അത്യന്തം പാരായണക്ഷമതയുള്ള നയ്പോളിന്‍റെ കൃതികള്‍ തുറന്നുകാട്ടുന്ന ഒരു വലിയ ലോകത്തെ ഇത്തരം പഠനങ്ങളുടെ ഇടപെടല്‍ അവശ്യം വേണ്ട ഇടങ്ങളായി കാണാന്‍ നമുക്കാവും. ഹാസ്യമോ ജീവിതസന്ദര്‍ഭങ്ങളോ തീവ്രമായ കാഴ്ചപ്പാടുകളോ രാഷ്ട്രീയ ശരികള്‍ക്ക് പുറത്താണ് എന്നത് നിരന്തരമായി നമ്മെ ഓര്‍മിപ്പിക്കുന്നു നയ്പോള്‍. അല്‍പ്പം സുഖമുള്ള വലിയ അസ്വസ്ഥതകള്‍ നമുക്ക് നല്‍കാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒരു വലിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുമുണ്ട്. എഴുത്തുകാരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകട്ടെ അസംഖ്യം ആഖ്യാനമാതൃകകളോടൊപ്പം വിയോജിപ്പിലൂടെയും പുതുചിന്ത കളിലൂടെയും പറന്നുയരാനുള്ള ഊര്‍ജ്ജവും പൊതുനിലവും നല്‍കുന്നു അവ. അതിനാല്‍ തന്നെയാണ് നയ്പോള്‍ കൃതികള്‍ എന്നും വായിക്കപ്പെടേണ്ടതും ആസ്വദിക്കപ്പെടേണ്ടതും തര്‍ക്ക വിഷയങ്ങ ളാവേണ്ടതും.

Read More: നയ്‌പോളിന്റെ അഭിനിവേശങ്ങൾ: അജയ് പി മങ്ങാട്ട് എഴുതുന്നു

Read More: ജോസ് വർഗീസ് എഴുതിയ ലേഖനങ്ങളും കഥയും ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Remembering vs naipaul jose varghese