ദൗർഭാഗ്യവശാൽ, ‘എമങ് ദ് ബിലീവേഴ്‌സ്’ (1981) ആണ് ഞാൻ വായിച്ച ആദ്യ നയ്‌പോൾ പുസ്തകം. അറബ് ഇതര നാലു മുസ്‌ലിം രാജ്യങ്ങളിലൂടെ നയ്പോൾ നടത്തിയ യാത്രകളിലെ അനുഭവങ്ങളാണത്. അതിലെ മുൻവിധികൾ എന്നെ അമ്പരപ്പിച്ചു. 18 വർഷത്തിനുശേഷം ഇതേ രാജ്യങ്ങളിലൂടെ ഒരു യാത്ര കൂടി അദ്ദേഹം നടത്തുന്നുണ്ട്. എന്നിട്ടാണ് ‘ബിയോണ്ട് ബിലീഫ്: ഇസ്‌ലാമിക് എസ്‌കർഷൻസ് എമങ് ദ് കൺവേർട്ടഡ് പീപ്പിൾസ്’ എന്ന പുസ്തകം പുറത്തുവന്നത്. ഇസ്‌ലാമിലേക്കു പരിവർത്തനം ചെയ്തതാണ് ഈ നാടുകളിലെ ജനതയ്ക്ക് സംഭവിച്ച പ്രശ്നമെന്നു നയ്പോൾ കരുതുന്നു. ഇസ്‌ലാം അറബുമതമാണ്. അറബ് ഇതര സമൂഹങ്ങൾ സ്വന്തം പൗരാണിക സംസ്കാരവും പൈതൃകവും മതംമാറ്റത്തിലൂടെ നഷ്ടപ്പെടുത്തി. അവർ ആത്മാവില്ലാത്ത ജനതയായി മാറിയെന്നും നയ്പോൾ വാദിച്ചു.
സമാനമായ മുൻവിധികളാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലേയ്ക്കുള്ള യാത്രകളും വായനക്കാരനു നൽകിയത്. ഇന്ത്യയിൽ വിമാനമിറങ്ങുമ്പോൾ മുതൽ അദ്ദേഹം നല്ലതൊന്നും കാണുന്നില്ല. ‘ആൻ ഏരിയ ഓഫ് ഡാർക്‌നസ്’ പോലെയുള്ള യാത്രാപുസ്തകങ്ങളിൽ, മധ്യകാല മുസ്‌ലിം അധിനിവേശമാണ് ഇന്ത്യയുടെ പതനത്തിന് കാരണമെന്ന വാദവും അദ്ദേഹം മുന്നോട്ടുവച്ചു. നയ്‌പോളിന്റെ യാത്രയിലെവിടെയോ അദ്ദേഹത്തിനു ‘ഗുരുതരമായ ധൈഷണിക അപകടം’ പറ്റിയിട്ടുണ്ടാകണമെന്നാണ് എഡ്വേഡ് സെയ്‌ദ് പറഞ്ഞത്.
എന്നാൽ, ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് ‘ (1961) വായിച്ചപ്പോൾ ഞാൻ മറ്റൊരു നയ്‌പോളിനെ കണ്ടു. ഒഴികഴിവു പറയാൻ പറ്റാത്ത വിധം ഗംഭീരമായിരുന്നു ‘എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്.’ സ്വന്തം വീടില്ലാത്ത ഒരാളുടെ കഥ. അകാലത്തിൽ മരിക്കും വരെ അയാൾ കൊണ്ടുനടക്കുന്ന സ്വന്തം വീട് എന്ന വിചാരം. ബ്രിട്ടിഷ് കോളനിയായിരുന്ന കരീബിയൻ ദ്വീപുകളിലൊന്നായ ട്രിനിഡാഡിലെ പശ്ചാത്തലത്തിലുള്ള ഈ കൃതി ഇരുപതാം നൂറ്റാണ്ടിലെ മികച്ച നോവലുകളിലൊന്നാണ്.
ഇന്ത്യയിൽനിന്നു ട്രിനിഡാഡിലേക്കു കുടിയേറിയതായിരുന്നു ബിശ്വാസിന്റെ കുടുംബം. അദ്ദേഹത്തിന്റെ പിതാവും എഴുത്തുകാരനായിരുന്നു. ട്രിനിഡാഡിലെ ജീവിതത്തെപ്പറ്റി പിതാവ് എഴുതിയ കഥകൾ തനിക്ക് യഥാർഥ ജ്ഞാനം നൽകിയെന്നാണ് നയ്‌പോൾ പറഞ്ഞിട്ടുള്ളത്. ആ അറിവില്ലായിരുന്നുവെങ്കിൽ തന്റെ തലമുറയിലെ മറ്റു പലരേയും പോലെ താനും ആത്മീയശൂന്യതയിൽ പെട്ടുപോയേനെ.
നോവലുകൾക്കു റിവ്യൂ എഴുതുന്ന ആളായിട്ടാണു നയ്‌പോൾ തുടങ്ങിയത്. ലേഖനങ്ങൾ എഴുതിയുണ്ടായ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നോവലിസ്റ്റാകാൻ തീരുമാനിക്കുകയായിരുന്നു. നയാപൈസ കയ്യിലില്ലാതെ ഒരു ബന്ധുവിന്റെ ചെലവിൽ ലണ്ടനിലെ ജീവിതം. പേനയും കടലാസുമെടുത്ത് എഴുതാനിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. തനിക്ക് നോവലെഴുതാനുള്ള കഴിവില്ലെന്ന് തോന്നിയതോടെ വലിയ നൈരാശ്യത്തിലേക്കാണു നയ്‌പോൾ വീണത്. അക്കാലത്ത് ബസിലിരിക്കുമ്പോഴൊക്കെ എഴുതാൻ പറ്റുന്നില്ലല്ലോ എന്നോർത്തു കരച്ചിൽ വരുമായിരുന്നു. പിന്നീട് നിരന്തമായ വായനയാണു തനിക്കൊരു കാഴ്ചപ്പാടുണ്ടാക്കി തന്നത്.
സുഹൃത്തുക്കളെ അടക്കം വെറുപ്പിക്കാൻ നയ്പോളിനു പ്രത്യേക താൽപര്യമായിരുന്നു. തന്റെ അഭിപ്രായങ്ങൾ എത്ര വലിയ അസംബന്ധമായാലും അദ്ദേഹം ഉറപ്പോടെ പ്രഖ്യാപിച്ചു. തന്റെ അഭിനിവേശങ്ങളിൽ അഭിരമിച്ചു. ഫ്ലോബേറിന്റെ മദാം ബോവറിയെ പ്രശംസിച്ചെഴുതിയ മനോഹരമായ ലേഖനത്തിൽ പോലും അദ്ദേഹം ഫ്ലോബേറിനെ ചുമ്മാ തോണ്ടുന്നുണ്ട്. തന്റെ നോവലെഴുത്തിലെ അദ്ധ്വാനങ്ങളെപ്പറ്റി ഫ്ലോബേർ സ്ഥിരമായി പറഞ്ഞുകൊണ്ടിരുന്നതു തന്റെ നോവൽ ബൽസാക്കിന്റേതിലും മഹത്തരമാണെന്നു സ്ഥാപിക്കാൻ വേണ്ടിയായിരുന്നുവത്രേ. ഇസ്‌ലാം കഴിഞ്ഞാൽ നയ്‌പോളിന്റെ മറ്റൊരു ഒബ്‌സഷൻ ഗാന്ധിജിയായിരുന്നു. ഗാന്ധിജിയുടെ ആത്മകഥയെ കീറിമുറിക്കുന്ന ഒരു ലേഖനമുണ്ട്. ലണ്ടനിലെത്തിയ ഗാന്ധി അവിടെത്തെ മനുഷ്യരെയോ ഭൂപ്രദേശത്തെയോ ഒന്നും കാണുന്നുണ്ടായിരുന്നില്ല. തനിക്കു വേണ്ട സസ്യാഹാരം സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ 1880 കളിലെ ലണ്ടൻ നഗരത്തിന്റെ വിസ്മയങ്ങൾ മുഴുവനായും ഗാന്ധിജിക്കു നഷ്ടമായെന്നാണു നയ്‌പോളിന്റെ നിരീക്ഷണം.
മരണം മറ്റുള്ളവരോടു ചെയ്യുന്നതല്ല എഴുത്തുകാരോട് ചെയ്യുന്നത്. അത് അവരുടെ രചനകൾക്കു പുനർജന്മം നൽകുന്നു. അവ കണിശതയോടെ വിലയിരുത്തപ്പെടുന്നു. അപ്പോൾ ചില രചനകൾ എഴുത്തുകാരന്റെ സങ്കുചിതത്വത്തെ ലംഘിക്കുന്നതായി കാണുന്നു. മറ്റു ചില രചനകൾ എഴുത്തുകാരനൊപ്പം അടക്കം ചെയ്യേണ്ടതാണെന്നും മനസിലാകുന്നു.