കേദാർനാഥ് സിങ് വിട പറഞ്ഞതോടെ സമകാലിക ഹിന്ദി കവിതയിലെ വേറിട്ട ഒരു സ്വരം നിലച്ചു.  “മതദാൻ കേന്ദ്ര പേ ജ്പകി”  (പോളിങ് ബൂത്തിൽ പള്ളി ഉറക്കം) എന്ന പുതിയ കവിത സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നതിന്  ഇടയിലാണ് ആ വലിയ കവി വിടവാങ്ങിയത്.   പോളിങ് ബൂത്തിൽ ഉറങ്ങി പോകുന്ന സമ്മതിദായകന്,   വോട്ട് രേഖപ്പെടുത്തുക എന്ന തന്‍റെ അവകാശം നഷ്ടപ്പെട്ട് പോകുന്നു. അതു വഴി അവന്‍റെ പക്കൽ ഉണ്ടായിരുന്ന വിലപ്പെട്ട ആയുധം നഷ്ടമാകുന്നു.

അവസാന കവിത സമാഹാരത്തിലും മനുഷ്യത്വത്തെ മുറുകി പിടിച്ചിരുന്ന കവി നമ്മോട് പ്രതികരിക്കുവാൻ ആവശ്യപ്പെട്ട് കടന്ന് പോയി.

അഗ്യെ എഡിറ്റ് ചെയ്ത ‘താർ സപ്തക്’ എന്ന  കവിത സമാഹാരത്തിൽ ജീവിച്ചിരുന്ന അവസാനത്തെ കവിയായിരുന്നു കേദാർനാഥ് സിങ്. 1943 യിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ ‘താർ സപ്തക്’ (ഏഴ് കവികളുടെ കവിതകൾ) ഹിന്ദി കവിതയിലെ  നാഴിക കല്ലായിരുന്നു. മൂന്നാമത്തെ ‘താർ സപ്‌ത’കിൽ കേദാർനാഥ് സിങ്ങിന്‍റെ കവിതകൾ ഉൾപ്പെടുത്തുമ്പോൾ അദ്ദേഹം യുവ കവികളിൽ  ശ്രദ്ധേയനായിരുന്നു.

ആധുനികത ഹിന്ദിയിൽ ‘നയി കവിത’ എന്നാണ് അറിയപ്പെട്ടത്. അതിന്‍റെ പ്രമുഖ വക്താക്കളിൽ  ഒരാളായിരുന്നു കേദാർനാഥ് സിങ്. അദ്ദേഹത്തിന്‍റെ ആദ്യകാല കവിതകളിൽ ഗ്രാമ്യ ജീവിതവും ഗ്രാമീണരുമായിരുന്നുവെങ്കിൽ പിന്നീട് കവിതകളിൽ പ്രതിഫലിച്ചത് നഗരവത്കരണവും മാനുഷിക മൂല്യങ്ങളുമായിരുന്നു. കേദാർനാഥ്  തന്‍റെ എഴുത്തു തുടങ്ങുന്നത് ഗീതിലൂടെയാണ് (പാട്ട്). 1960 യിൽ ഇറങ്ങിയ ‘അഭി ബിൽകുൽ അഭി’ ആദ്യത്തെ കവിത സമാഹാരമാണ്.

ഉത്തർപ്രദേശിലെ ബലിയ ജില്ലയിലെ ചക്കിയ ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച കേദാർനാഥ് സിങ് ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. 1976 യിൽ കേദാർനാഥ് സിങ് ജെഎൻയുവിൽ അസോസിയേറ്റ് പ്രൊഫസറായി എത്തുകയും പിന്നീട് അവിടെ നിന്നും പ്രൊഫസറായി വിരമിക്കുകയും ചെയ്തു.
kedarnath ,poet കേദാർനാഥിന്‍റെ കവിതകൾ പാട്ടിൽ നിന്ന് ക്രമേണ ജീവിത സത്യങ്ങളിലേക്കു മാറി. നക്സൽബാരി സമരത്തിന് ശേഷം ഭാരതീയ ഭാഷകളിൽ, പ്രത്യേകിച്ച് ഹിന്ദിയിൽ, ഗൗരവമേറിയ ഒരു ഇടതുപക്ഷ ചിന്താഗതി ഉടലെടുത്തു. ഹിന്ദിയിൽ ജനങ്ങളെ കുറിച്ചും  അവരുടെ പ്രശ്നങ്ങളെ കുറിച്ചും എഴുതുന്ന യുവകവികൾ ഉദിച്ചു വന്നു. മാറിയ രാഷ്ട്രീയ സാഹിത്യ സാഹചര്യങ്ങൾ കേദാർനാഥ് സിങ്ങിന്‍റെ കവിതകളെയും  സ്വാധീനിച്ചു.
മണ്ണിന്‍റെ മണമുള്ള കവിതകളാണ് കേദാർനാഥ് സിങ്ങിന്റേത്.

“സാന്നിധ്യത്തിന്‍റെയും അസാന്നിധ്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും നഷ്ടത്തിന്‍റെയും വ്യാകുലതകളുടെയും ചോദ്യങ്ങളുടെയും കവിയാണ് അദ്ദേഹം,” കേദാർനാഥ് സിങ്ങിന്‍റെ കവിതകളെ  കുറിച്ച്  ലോകപ്രശസ്ത  കവിയും നിരൂപകനുമായ അശോക് വാജ്പേയി വിലയിരുത്തുന്നു.

 കേദാർനാഥ് സിങ്ങിന്‍റെ കവിതകൾ സാധാരണക്കാരന്‍റെ സങ്കടങ്ങളും രോദനങ്ങളും നിറഞ്ഞവ ആയിരുന്നു.   തുമ്പിയും, സൂര്യനും, പൊടിയും, നൂലും, റൊട്ടിയും പോലെ ദൈനംദിന ജീവിതത്തിൽ കാണുന്നവയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ബിംബങ്ങളാണ്  അദ്ദേഹത്തിന്‍റെ കവിതകളിലെ ശക്തി എന്നതാണ് അവയുടെ ശ്രദ്ധേയമായ പ്രത്യേകത.

“വരൂ ചന്തയിൽ പോകാം
അവൻ പറഞ്ഞു
ചന്തയിൽ എന്തുണ്ട്
ഞാൻ ചോദിച്ചു
ചന്തയിൽ പൊടിയുണ്ട്
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവന്‍റെ ചിരിയിൽ
മണ്ണിന്‍റെ തിലകം ഉണ്ടായിരുന്നു
അതെനിക്കിഷ്ടമായി ഞാൻ ചോദിച്ചു
പൊടിയോ
പൊടിയിൽ എന്തുണ്ട്
അവൻ വളരെ വിനയത്തോടെ പറഞ്ഞു,
ജനത”
kedarnath ,poet

കവിതയുടെ ഗുണങ്ങളിൽ ഒന്ന്, അതിന് സംവദിക്കാൻ കഴിയണം എന്നതാണ്. അതു കൊണ്ടു തന്നെ കേദാർനാഥ് സിങ് സംസ്‌കൃത വാക്കുകൾക്കു പകരം ഹിന്ദുസ്ഥാനി വാക്കുകൾക്ക്  പ്രാധാന്യം കൊടുത്തു. അതിനാൽ കേദാർനാഥ് സിങ്ങിന്‍റെ കവിതകൾ വായനക്കാരെ ആശ്ചര്യപ്പെടുത്തുകയും ചിന്തിപ്പിക്കുകയും  ചെയ്തു. കേദാർനാഥ് കവിതകളെ കുറിച്ച് ആലോചിക്കുമ്പോൾ പാബ്ലോ നെരൂദയുടെ വരികൾ ഓർമ്മ വരുന്നു, “ I have always wanted the hands of people to be seen in my poetry .” കേദാർനാഥ് സിങ്ങിന്‍റെ കവിതകൾ ഇത് അന്വർത്ഥമാക്കുന്നതാണ്.

“മകനേ കിണറ്റിൽ എത്തി നോക്കരുത്
പൊയ്ക്കോ എന്നാൽ കാക്കകൾ പറക്കുന്നിടത്തേക്കു
മാത്രം പോകരുത്
പച്ചില ഒരിക്കലും നുള്ളരുതു
അഥവാ നുള്ളുവുകയാണെങ്കിൽ
മരത്തെ നോവിക്കാതെ നുള്ളുക
രാത്രി റൊട്ടി കഴിക്കുമ്പോൾ
താലി താഴ്ത്തി ഗോതമ്പിനെ ഓർക്കണം “
( കർഷനായ പിതാവ് മകനു  കൊടുത്ത ഉപദേശം )

കേദാർനാഥ് സിങ്ങിന്‍റെ കവിതകളിൽ അന്യമായ ഒന്നും ഇല്ല. കവിതകളിൽ പിച്ചാത്തി, തൂമ്പ, കൃഷി ഇടങ്ങളിൽ നിന്നും ചന്തയിലേയ്ക്കു പോകുന്ന ധാന്യങ്ങളുടെ കരച്ചിൽ കേൾക്കാം, പതുക്കെ  പതുക്കെ നീങ്ങുന്ന പൊടിയെ കാണാം, തകർന്ന ട്രക്കിലേയ്ക്കു നീങ്ങുന്ന വള്ളിയെ കാണാം, നദിയുടെ പ്രവാഹം കേൾക്കാം, സൂചിയുടെയും നൂലിന്‍റെയും ഇടയിൽ അറുപതു വർഷം ജീവിച്ച അമ്മയെ കാണാം. സാധാരണക്കാരനെ പ്രേംചന്ദ് തന്‍റെ കഥകളിൽ നായകനാക്കി എങ്കിൽ കവിതയിൽ ഇതിനു ചുക്കാൻ പിടിച്ചത് കേദാർനാഥ്  സിങ്ങായിരുന്നു. kedarnath ,poem

 “സമയം കിട്ടുമ്പോൾ
വരിക
സമയം കിട്ടാത്തപ്പോഴും
 വരിക
കൈകളിലെ പാടുകൾ പോലെ
വരിക
ധമനികളിൽ രക്തം ഓടുന്നത് പോലെ
വരിക
അടുപ്പത് പതുക്കെ കത്തുന്ന തീ പോലെ
വരിക
മഴയ്ക്കു ശേഷം
ബബൂളിൽ കാണുന്ന പുതിയ മുള്ളു പോലെ
വരിക
 ദിവസങ്ങളെ
കീറിമുറിച്ചു കൊണ്ട്
വാക്ക് പാലിക്കാതെ
വരിക
ചൊവ്വാഴ്ചയ്ക്കു ശേഷം
ബുധനാഴ്ച പോലെ
വരിക”

‘ബനാറസ്’ എന്ന ചെറു കവിതയിൽ 2500 വര്‍ഷം പഴക്കമുള്ള പട്ടണത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.

“ഈ പട്ടണത്തിൽ പൊടി
പതുക്കെപ്പതുക്കെ ഉയരുന്നു
പതുക്കെപ്പതുക്കെ മണി അടിക്കുന്നു
പതുക്കെപ്പതുക്കെ സന്ധ്യയാകുന്നു
പതുക്കെപ്പതുക്കെ സംഭവിക്കുക എന്നത്
പതുക്കെപ്പതുക്കെ ആകുന്നതിന്‍റെ താളമാണ്
 പട്ടണത്തിന്‍റെ മറ്റൊരു മുഖം കാണു
 അത്ഭുതമാണ് ഈ പട്ടണം
ഇത് പകുതി ജലത്തിൽ
പകുതി മന്ത്രത്തിൽ
പകുതി പൂവിലാണ്”
വൈവിധ്യമാർന്ന അർത്ഥ തലങ്ങൾ ഉള്ള ഈ കവിത വേരുകളിലേയ്ക്കുള്ള മടക്കം കൂടിയാണ്.
കേദാർനാഥ്  കവിതകളിൽ വളരെ പ്രാധാന്യം ഉള്ള കവിതയാണ്  ‘ട്ടൂട്ടാ ഹുവാ ട്രക്ക്” (തകർന്ന ട്രക്ക്)
“കഴിഞ്ഞ മഴക്കാലം മുതൽക്കേ
ഞാൻ അതിനെ ശ്രദ്ധിക്കുന്നു
അത് തകർന്ന് അവിടെ
അങ്ങനെ തന്നെ നില്കുന്നു
ഒരു ചെറിയ വള്ളി
സ്റ്റീയറിങ്ങിന്‍റെ അടുത്തേക് നീങ്ങുന്നു
ഞാൻ ആലോചിച്ചുപോകാറുണ്ട്
ഇത് ഇപ്പോൾ അവിടെ ഇല്ലായിരുന്നെങ്കിൽ
ഇത് എന്‍റെ പട്ടണമാണെന്നും
ഇവർ എന്‍റെ ആൾകാരാണെന്നും
അത് എന്‍റെ വീടാണെന്നും

എനിക്ക് മനസിലാകാൻ പ്രയാസമായേനെ”  (തകർന്ന ട്രക്ക്)

kedarnath, poet

 മാനവീയ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കവിക്ക് മാത്രമേ തന്‍റെ ഇടത്തെ ഇത്രേമേൽ ഭംഗിയായി ചിത്രീകരിക്കാനാകൂ.
‘പുലി’ എന്ന ലംബ കവിത ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കവിതയാണ്. സമകാലിക  ജീവിതത്തിന്‍റെ സത്യത്തെ പുലിയുടെ ബിംബത്തിലുടെ കവി ആവിഷ്കരിക്കുന്നു. ഓരോ വായനയിലും പുതിയ അർത്ഥ തലങ്ങൾ വ്യക്തമാകുന്ന കവിത ആഖ്യാനത്തിലേയും ഭാഷയിലേയും സവിശേഷതകൊണ്ട് വേറിട്ട്‌ നില്‍ക്കുന്നു.
 ‘മേരെ സമയ കെ ശബ്ധ’, ‘കല്പന ആർ ചായവാദ്’, ‘ഹിന്ദി കവിത കെ ബിംബ വിധാൻ’, ‘കബറിസ്ഥാൻ മേം പഞ്ചായത്ത്’ എന്നീ ലേഖനങ്ങളിൽ ​അദേഹത്തിന്‍റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ ചിന്തകൾ വായിക്കാൻ സാധ്യമാകും.
‘അഭി ഭിൽകുൽ അഭി’ (1960), ‘ജമീൻ പക്  റഹീ ഹൈ’ (1980), ‘ഏഹാൻ സേ ദേഖോ’ (1983), ‘പ്രതിനിധി കവിതായേം’ (1985), ‘അകാൽ  മേം സരസ’ (1988), ‘ഉത്തര്‍കബീര്‍ ഔർ അന്യ കവിതായേം’ (1995), ‘ബാഗ്’ (1996), ‘സൃഷ്ടി പർ പഹ്‌റ’ (2014) എന്നിവ കേദാർനാഥ് സിങ്ങിന്‍റെ ശ്രദ്ധേയമായ രചനകളാണ്.
‘അകാൽ  മേം സരസ’ എന്ന കവിത സമാഹാരത്തിന് 1989 ൽ  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കൂടാത്ത മൈഥിലി ശരൺ ഗുപ്‌ത പുരസ്കാർ , ജീവൻ ഭാരതി പുരസ്കാർ, ദിനകർ പുരസ്കാർ,  വ്യാസ് സമ്മാൻ എന്നിവയും കേദാർനാഥ് സിങ്ങിനെ ലഭിച്ചിട്ടുണ്ട്.
ഹിന്ദി കവിതാ സാഹിത്യത്തിന് മനുഷ്യത്വത്തിന്‍റെ മുഖം കൊണ്ട് സർഗാത്മകമായ ഇടം സൃഷ്ടിച്ച കവി എന്ന നിലയിലാകും  കേദാർനാഥ് സിങ് എന്ന പേര്  ചരിത്രത്തിൽ അടയാളപ്പെടുത്തുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook