അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യുസ്‌ഡ് ദേശി എന്ന് കേട്ടാല്‍ ദുല്‍ഖര്‍ സല്‍മാനെ ആയിരിക്കും ചിലപ്പോള്‍ ആദ്യം ഓര്‍മ്മ വരിക. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഓബ്രി മേനന്‍ (Aubrey Menen 1912-’89) എന്ന ബ്രിട്ടന്‍ ബോണ്‍ അസാമാന്യ ദേശിയെക്കുറിച്ച്  പലരും മറന്നു കഴിഞ്ഞിരിക്കുന്നു.  ഇന്ത്യയിലെ ആദ്യത്തെ വിലക്കപ്പെട്ട സാഹിത്യ പുസ്തകത്തിന്‍റെ രചയിതാവ് അന്നും ഇന്നും ഉള്ളത് ‘ലിമ്പോ’യിലാണ്.  ജ്ഞാനസ്‌നാനം ലഭിക്കാത്തവര്‍ പോകുന്ന നരകത്തിനും സ്വര്‍ഗ്ഗത്തിനും ഇടയിലുള്ളത് എന്ന് ക്രൈസ്തവ വിശ്വാസികൾ വിളിക്കുന്ന സ്ഥലം. തന്‍റെ ആത്മകഥയായ ‘ദി സ്പേസ് വിതിന്‍ ദി ഹാര്‍ട്ടി’ല്‍ അദ്ദേഹം സ്വയം ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഇംഗ്ലണ്ടില്‍ വച്ച് ഒരു ഐറിഷ് സുന്ദരിക്ക് ഇന്ത്യക്കാരനായ കറുത്ത പാവക്കുട്ടിയോടു തോന്നിയ കൗതുകമാണ് ഓബ്രി ക്ലാരെന്‍സ് മേനന്‍.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന ശതകങ്ങളില്‍ തിരുവനന്തപുരം ബ്രിട്ടീഷ്‌ ലൈബ്രറി സന്ദര്‍ശകരില്‍ ചിലരെങ്കിലും ഓര്‍ക്കുന്ന രണ്ടു പേരാണ് ഓബ്രി മേനെനും അദ്ദേഹത്തിന്‍റെ പങ്കാളി ഗ്രഹാം ഹാളും. നീണ്ടു വെളുത്ത താടിയില്‍ ഒരു ബിബ്ലിക്കല്‍ പ്രവാചകനെ അനുസ്മരിപ്പിച്ചിരുന്നു ഓബ്രി മേനന്‍ അക്കാലത്ത്. നോവലിസ്റ്റ്‌, പ്രബന്ധകാരന്‍, ലേഖകന്‍, നാടകനിരൂപകന്‍, സ്വാതന്ത്ര്യ സമര പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിശബ്ദമായി മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ ഇത്ര ശക്തമായി നില നിന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ രചനകള്‍ ആളുകള്‍ കുറേ കൂടി ശ്രദ്ധിക്കുമായിരുന്നു. ഒരു പക്ഷേ ട്രോള്‍ ഗുരുവെന്നോ സ്പൂഫ് ഗുരുവെന്നോ ഉള്ള വിശേഷണങ്ങള്‍ ചാര്‍ത്തി കിട്ടിയേനെ. വര്‍ണ്ണ വിവേചനം കൊടി കുത്തി വാണിരുന്ന ബ്രിട്ടനില്‍ മേനന്‍ ഇരുണ്ട നിറമുള്ള ഇന്ത്യക്കാരനായിരുന്നു. യാഥാസ്ഥിതിക ഇന്ത്യയില്‍ സായിപ്പിന്‍റെ നാട്ടില്‍ വളര്‍ന്ന പരിഷ്ക്കാരിയും. അത് കൊണ്ട് തന്നെ അസ്ഥിത്വം തിരഞ്ഞുള്ള ഒരു യാത്രയായിരുന്നു ഓബ്രി മേനന്‍റെ ജീവിതം മുഴുവന്‍. ഇങ്ങനെ സദാ മാറ്റി നിറുത്തപ്പെടുന്ന അവസ്ഥയെ ഒരു വ്യക്തി നേരിടുക വിഷാദം നിറഞ്ഞ ഉള്‍വലിവോടെയിരിക്കും. എന്നാല്‍ ഓബ്രി മേനന്‍ സ്വീകരിച്ചത് അദ്ദേഹത്തിന്‍റെ രാമായണത്തില്‍ വാല്‍മികി പറയുന്ന മാര്‍ഗ്ഗമാണ്. “മൂന്നു കാര്യങ്ങളുണ്ട്. ദൈവം, വിഡ്ഢിത്തം, ചിരി. ഇതില്‍ ആദ്യ രണ്ടും ഗ്രഹിക്കുക ദുഷ്‌കരമാകുമ്പോള്‍ മൂന്നാമത് നമുക്കാവും പോലെ ചെയ്യുക.” മേനന്‍ തിരഞ്ഞെടുത്തത് തന്നിലേയ്ക്കും മറ്റുള്ളവരിലേയ്ക്കും നീളുന്ന പരുഷമായ ചിരിയാണ്. അതിന്‍റെ ഫലമായി സാഹിത്യ ലോകത്തിന് കിട്ടിയതാകട്ടെ പൊള്ളുന്ന ആക്ഷേപ ഹാസ്യം നിറഞ്ഞ ഒരു കൂട്ടം സമാഹാരങ്ങളും.

‘രാമ റീടോള്‍ഡ്‌’ എന്ന രാമായണമാണ് സ്വതന്ത്ര ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആദ്യത്തെ പുസ്തകം. ഇതു പോലൊരു രാമായണം ഒരിക്കലും ഇനി ഉണ്ടാകുകയില്ല. ദ്രാവിഡന്മാരെ കീഴടക്കി സമൂഹത്തിനെ പല തട്ടുകളായി തിരിച്ച ആര്യന്മാര്‍ക്കുള്ള ആക്ഷേപത്തോടെയാണ് കല്‍പിത രാമായണം തുടങ്ങുന്നത്. ഏടുകള്‍ മറിയും തോറും പുരാണത്തെ മുഴുവനായും മറ്റൊരു വീക്ഷണത്തിലൂടെ സർഗാത്മകമായി പുനഃസൃഷ്ടിക്കുന്നു. ഇത്ര തീക്ഷ്ണമായ വിഗ്രഹഭഞ്ജനം താങ്ങാന്‍ പക്ഷേ നെഹ്‌റുവിന്‍റെ സ്വപ്ന മതനിരപേക്ഷ ജനതക്ക് പോലും കഴിയുമായിരുന്നില്ല. അങ്ങനെ സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിലക്കപ്പെട്ട സാഹിത്യ പുസ്തകം എന്ന പദവി ഓബ്രി മേനൻെറ രാമായണത്തിന് സ്വന്തം. സവര്‍ണ മേധാവിത്തം, അസമത്വം, അന്ധവിശ്വാസങ്ങള്‍ തുടങ്ങി കാലാതീത പ്രസക്തിയുള്ള സാമൂഹിക പ്രശ്നങ്ങള്‍ ഈ കൃതി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും വിവാദാസ്‌പദമായ ഉള്ളടക്കം കാരണം അതൊന്നും ശ്രദ്ധ പിടിച്ചു പറ്റിയില്ല. ഈ ഒരൊറ്റ കാരണം കൊണ്ട് മേനന്‍ രചനകള്‍ ഇന്ത്യയില്‍ പലര്‍ക്കും വിലക്കപ്പെട്ട കനിയായി മാറി.

aubrey menen, writer ,memories,smitha vineed

കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക ഏറ്റുമുട്ടല്‍ ഓബ്രി മേനന്‍റെ പല കൃതികളിലും കാണാം. അത് വളരെ രസകരമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ആത്മകഥാപരമായ ‘ഡെഡ് മാന്‍ ഇന്‍ തി സില്‍വര്‍ മാര്‍ക്കറ്റ്’. പന്ത്രണ്ടു വയസ്സുകാരന്‍ ഓബ്രി തന്‍റെ അച്ഛമ്മയെ കാണാന്‍ ഇംഗ്ളണ്ടില്‍ നിന്നും ഐറിഷുകാരിയായ അമ്മയുടെ കൂടെ വരുമ്പോള്‍ ഭ്രഷ്ട് കല്‍പ്പിച്ചു വേറെ താമസിപ്പിക്കുന്നുണ്ട്. ഗോമൂത്രം കുടിച്ച് ശുദ്ധനായാല്‍ ഹിന്ദു മതത്തില്‍ ചേരാന്‍ യോഗ്യനാകും എന്ന വാഗ്ദാനം സ്വീകരിക്കാതെയാണ് ഓബ്രി തന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അവസാനിപ്പിക്കുന്നത്. പടിഞ്ഞാറുള്ളവരെ ഇന്ത്യയുടെ സംസ്കാരം പഠിപ്പിക്കണം എന്ന അച്ഛമ്മയുടെ ഉപദേശവും ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്‍റെ മഹത്വം ഇന്ത്യക്കാരെ മനസ്സിലാക്കി കൊടുക്കണം എന്ന ഇംഗ്ലണ്ടിലെ തന്‍റെ സ്കൂള്‍ മാസ്റ്ററുടെ നിര്‍ദേശവും ഉണ്ടാക്കിയ ആശയക്കുഴപ്പത്തിലായിരുന്നു ആ പന്ത്രണ്ടുകാരന്‍. ഹിന്ദു മതവിശ്വാസത്തിലെ ജാതി വേര്‍തിരിവുകളോടുള്ള അദ്ദേഹത്തിന്‍റെ കടുത്ത വിരോധം ഒരു പക്ഷേ ഇവിടെ നിന്നായിരിക്കണം തുടങ്ങിയിരിക്കുക. നായര്‍ എന്ന ‘ഉയര്‍ന്ന’ ജാതിയെക്കാളും കുലീനരായ ബ്രാഹ്മണരെക്കുറിച്ചൊക്കെ കിട്ടിയ ഊതിവീര്‍പ്പിച്ച കഥകളായിരിക്കണം പില്‍ക്കാലത്ത് ‘രാമ റീടോള്‍ഡ്‌’ പോലെയുള്ള ഒരു സാഹസത്തിനുള്ള വിത്തു പാകിയത്‌.

ഓബ്രിക്കും അമ്മയ്ക്കും അയിത്തം പറഞ്ഞ ആ വീടിനെക്കുറിച്ചു കൂടുതല്‍ അറിയണമെങ്കില്‍ ‘നീര്‍മാതളം പൂത്ത കാലം’ ഓർത്തെടുത്താൽ മതി. ഡോക്ടറാവാന്‍ മോഹിച്ച് ഇംഗ്ലണ്ടില്‍ പോയ തന്‍റെ ഭര്‍ത്താവിന്‍റെ അമ്മാവന്‍ നാരായണ മേനോനെ കുറിച്ച് മാധവിക്കുട്ടി അതില്‍ എഴുതിയിട്ടുണ്ട്. ഓബ്രിയുടെ അച്ഛന്‍ എന്നു പറഞ്ഞാണ് അദ്ദേഹത്തെ അതില്‍ അവതരിപ്പിക്കുന്നത്‌. സ്നേഹം അന്വേഷിച്ച് നടന്ന മാധവിക്കുട്ടിക്ക് സാന്ത്വനമായി പലപ്പോഴും നാരായണ മേനോന്‍ കത്തുകള്‍ അയച്ചിരുന്നു. ഓബ്രി മേനന്‍റെ കുറിപ്പുകളിലെ ഉദാസീനനായ അച്ഛനും ആമിക്കു കരുത്തു പകര്‍ന്നിരുന്ന വ്യക്തിയും ഒരാളാണ് എന്ന് വിശ്വസിക്കേണ്ടി വരുമ്പോളാണ് ജീവിതം എത്ര വിചിത്രമാണ് എന്ന് തോന്നിപ്പോകുക. മാതാപിതാക്കളുടെ സങ്കീര്‍ണമായ വൈവാഹിക ജീവിതവും, അമ്മയുടെ വിചിത്ര സ്വഭാവങ്ങളും, തന്‍റെ തന്നെ ലൈംഗികതയും ഓബ്രി മേനന്‍ എന്ന വ്യക്തിയെ സമൂഹത്തെ മുഴുവന്‍ വിമര്‍ശിക്കുന്ന ചാട്ടുളിയായി പരിണമിപ്പിക്കുന്നതിലെ നിർണായകമായ ഘടകങ്ങളായി.

മേനന്‍ രണ്ടാമത് ഇന്ത്യയില്‍ വരുന്നത് സ്വാതന്ത്ര്യ സമരകാലത്താണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വിദേശ മുഖമായിരുന്ന വി.കെ. കൃഷ്ണമേനോന്‍റെ ബ്രിട്ടന്‍ വിപ്ലവങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്നു മേനന്‍ പലപ്പോഴും. ലണ്ടന്‍ യുണിവേഴ്‌സിറ്റിയില്‍ തത്ത്വശാസ്ത്ര വിദ്യാര്‍ഥി ആയിരുന്നു അദ്ദേഹമപ്പോള്‍. ആളുകളെ കൃഷ്ണമേനോന്‍ ആയി കുഴക്കാതിരിക്കാനാണ് മേനോന്‍ എന്ന തന്‍റെ പേര് മാറ്റിയതും. ബ്രിട്ടനിലെ ജീവിതസാഹചര്യങ്ങള്‍ മടുത്ത മേനന്‍ മാതാപിതാക്കളില്‍ നിന്നുമകന്ന് അജ്ഞാത വാസത്തിനായി ഇന്ത്യയില്‍ എത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ആള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണത്തില്‍ വ്യാപൃതനായി. എഴുത്തും നാടകവുമൊന്നും ഉള്ളില്‍ നിറയുന്ന ശൂന്യതക്കൊരു പരിഹാരാമാകാഞ്ഞപ്പോള്‍ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധന്‍റെ ചുമതല ഏറ്റെടുത്തു. ഡങ്കി എന്നറിയപ്പെട്ടിരുന്ന ആദിവാസികളുടെ ഉന്നമനത്തിനായി നിയമിതനായി. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഇത്. മേനന്‍റെ പത്ത് ഹാസ്യനോവലുകളില്‍ ആദ്യത്തേതായ ‘പ്രെവെലന്‍സ് ഓഫ് വിച്ചെസ്’ പിറവിയെടുക്കുന്നത് ഇവിടെ നിന്നാണ്. തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായ ആല്‍ഡസ് ഹക്സ്ലിയുടെ ചെറുകഥയുടെ പേരാണ് കഥ നടക്കുന്ന സ്ഥലത്തിന് അദ്ദേഹം നല്‍കുന്നത്. നോവലും ഉപന്യാസവും സമ്മേളിക്കുന്ന ഒരു രചനാരീതിയാണ് ഓബ്രി മേനന്രേത്.

aubrey menen, writer ,memories,smitha vineed

‘ലിമ്പോ’ എന്ന ഒരു സാങ്കല്പിക കുഗ്രാമത്തിലാണ് ‘പ്രേവെലന്‍സ് ഓഫ് വിച്ചസ്’ എന്ന കഥ നടക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളോ ശാസ്ത്രീയ രീതികളോ തിരിഞ്ഞു പോലും നോക്കാത്ത ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമാണ് ഈ കാട്ടുപ്രദേശം. പിശാചുക്കളും മന്ത്രവാദിനികളുമാണ് അവിടെ നടക്കുന്ന ഓരോ സംഭവത്തിനും ഉത്തരവാദി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം നിഷ്കളങ്കര്‍. ബ്രിട്ടന്‍ നിയമിച്ച അവരുടെ അധികാരിയായ കാറ്റലസും, അയാളുടെ സുഹൃത്ത്‌ ബേയും, ഒരു വ്യാജ സന്യാസിയും പിന്നെ ലേഖകനും. ഇവര്‍ പ്രബുദ്ധ സംസ്‌കാരത്തിന്‍റെ കപടനാട്യം പ്രതിനിധാനം ചെയ്യുന്നവരാണ്. കൊലപാതകം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഗ്രാമത്തലവന്‍റെ കുഴഞ്ഞു മറിഞ്ഞ കേസിന് വിധി പറയാന്‍ എത്തുന്ന ബോസ് എന്ന ന്യായാധിപന്‍. താന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ പിശാചുക്കളെയും ഉന്മൂലനം ചെയ്യാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഗ്രാമത്തലവന്‍. ഇയാളെ കൊലപാതകിയായി വിധിക്കുന്നതാണോ അതോ വെറുതെ വിടുന്നതാണോ ന്യായം എന്ന ചോദ്യത്തിന് ചുറ്റും കറങ്ങുന്നു ഈ നോവല്‍. ആധുനികന്‍, പുരോഗമനവാദി എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവരുടെ കാപട്യത്തിനു നേരെയുള്ള ഉഗ്രപ്രഹരമാണിത്. ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളെയും കണക്കിന് പരിഹസിക്കുന്നുണ്ട് മേനന്‍. പ്രേത പിശാചുക്കളിലുള്ള ഭയം മൂലം ലിമ്പോയിലെ ആളുകള്‍ കള്ളംപറയില്ല എന്നതില്‍ ആധുനികന്മാര്‍ക്കും രണ്ടു പക്ഷമില്ല. മിഥ്യയായ ചില വിശ്വാസങ്ങള്‍ ധര്‍മ്മബോധമുള്ള സമൂഹമാകാന്‍ ലിമ്പോയെ പ്രാപ്തമാക്കുന്നുണ്ട്. അവിടെ ആധുനികത കൊണ്ട് എന്ത് പ്രയോജനം എന്ന രസകരമായ ചോദ്യം ഈ നോവല്‍ വായിക്കുന്ന ഓരോരുത്തരും ചോദിച്ചു പോകും. അവിടുത്തെ കുട്ടികള്‍ വായിക്കാന്‍ പഠിച്ചാല്‍ ഇംഗ്ലീഷുകാര്‍ അവര്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കും എന്ന് ലേഖകന്‍ പറയുമ്പോള്‍ ഒരു ഗ്രാമവാസി അതിനെക്കുറിച്ച് എത്തിച്ചേരുന്ന രസകരമായ നിഗമനം ഉണ്ട്. “ഒരു ഗ്രാമത്തിന് ഒരു കടുവയെ കൊടുക്കുന്നു. പിന്നെ അതിനെ വെടി വെയ്ക്കാന്‍ തോക്ക് കൊടുക്കുന്നു. അത് പോലെ അല്ലെ?” ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന മൂര്‍ച്ചയുള്ള ആയുധങ്ങളാണ് മേനന്‍ കൃതികളില്‍ നിറയെ.

aubrey menen, writer ,memories,smitha vineed

 

ഇന്ത്യയിലെ ജീവിതം മതിയാക്കി തിരിച്ചു പോയ ഓബ്രി മേനന്‍ കുറേ കാലം ചിലവഴിച്ചത് ഇറ്റലിയിലാണ്. ഈ സമയത്താണ് അദ്ദേഹം ഗ്രഹാം ഹാളിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികള്‍ മിക്കതും ജനിച്ചത്‌ ഇറ്റലിയിലാണ്. തന്‍റെ ഉല്‍പത്തിയില്‍ പ്രഭാവം ചെലുത്തിയിട്ടുള്ള ബ്രിട്ടന്‍, ഇന്ത്യ, അയര്‍ലണ്ട് എന്നീ മൂന്നു രാജ്യങ്ങളെക്കാള്‍ ഇറ്റലി പ്രിയപ്പെട്ടതാവാന്‍ കാരണം അവര്‍ക്ക് സഭ്യതയോടും സദാചാരത്തോടുമൊക്കെയുള്ള പുച്ഛമാണെന്നാണ് മേനന്‍ ഭാഷ്യം. ഇറ്റലിയില്‍ വച്ച് രചിച്ച നോവലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഗ്രീക്ക് പശ്ചാത്തലത്തിലുള്ള ‘കോണ്‍സ്പിരസി ഓഫ് വിമെന്‍.’ അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യ പിടിച്ചടക്കിയതിനു ശേഷം ഇന്ത്യയിലേക്ക് പടയൊരുക്കം നടത്തിയതായി ചരിത്രം പറയുന്നു. ഗാന്ധാരം കൈയടക്കി മുന്നേറിയ അലക്സാണ്ടര്‍ പുരുഷോത്തമ എന്ന രാജാവുമായി യുദ്ധം ചെയ്തത് വരെ ചരിത്രത്തില്‍ കാണാം. പോറസ് എന്നാണ് വിദേശികള്‍ ഈ രാജാവിനെ വിളിക്കുന്നത്‌. ആ യുദ്ധത്തില്‍ ആര് ജയിച്ചു എന്നത് ഇന്നും തര്‍ക്ക വിഷയമാണ്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ‘കോണ്‍സ്പിരസി ഓഫ് വിമെന്‍’ രചിച്ചിട്ടുള്ളത്. പടയോട്ടങ്ങളുടെ ഇടയില്‍ അലക്സാണ്ടറുടെ സാമ്രാജ്യത്തില്‍ എത്തുന്ന ബെറെനിസ് എന്ന പേര്‍ഷ്യന്‍ യുദ്ധ അടിമ യുവതിയാണ് ഇതിലെ പ്രധാന കഥാപാത്രം. അവര്‍ കൗശലപൂര്‍വ്വം ചക്രവര്‍ത്തിയെ സ്വാധീനിക്കാന്‍ തുടങ്ങുന്നു. അതിന്‍ ഫലമായി അലക്സാണ്ടറുടെ ലോകം കീഴ്മേല്‍ മറിയുന്നു. സങ്കല്‍പ്പങ്ങള്‍ക്കതീതമായി ഓബ്രി മേനന്‍ കഥ പറയുമ്പോള്‍ കുറച്ചു നേരത്തേക്ക് സാമാന്യബുദ്ധി ഇല്ലാത്ത ഒരവസ്ഥയില്‍ എത്തുന്നുണ്ടെങ്കില്‍ ഒട്ടും പരിഭ്രമിക്കേണ്ടതില്ല. അതിനിടയില്‍ വ്യംഗ്യമായുള്ളത് കിട്ടിയോ എന്നതാണ് പ്രധാനം. ‘ഫെമിനിച്ചി’കളെ കല്ലെടുത്തെറിയാന്‍ മോഹിച്ച് നില്‍ക്കുന്ന ജനതയില്‍ ഭൂരിഭാഗത്തിനും മേനന്‍ ഈ നോവലില്‍ തൊടുക്കുന്ന ഒളിയമ്പുകള്‍ ചിലപ്പോള്‍ തിരിച്ചറിയാൻ കഴിയുകയില്ല. കാരണം അത് അവരുടെയൊക്കെ ധാരണാശക്തിയുടെ പരിധിക്കുമപ്പുറത്താണ്. മനുഷ്യ വംശത്തിന്‍റെ നേര്‍പകുതി സ്ത്രീകളാണ് എന്നത് എത്ര പരിതാപകരം എന്ന് അലക്സാണ്ടറുടെ ആത്മമിത്രത്തെ കൊണ്ട് പറയിച്ചാണ് ആഖ്യാനം തുടങ്ങുന്നത്. നോവല്‍ മുഴുവന്‍ ഇതില്‍ സംഗ്രഹിച്ചിട്ടുണ്ടെന്നാണ് അവതാരികയില്‍ ലേഖകന്‍ കുറിക്കുന്നത്. ആദ്യ സര്‍വ്വകലാശാലയായ തക്ഷശില ഗ്രീക്ക് സൈനികര്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചുള്ള രസകരമായ ആഖ്യായികയുണ്ട്. തന്‍റെ കൃതികളില്‍ ഇന്ത്യന്‍ രീതികളെ പലപ്പോഴും വിമര്‍ശിക്കുന്നുണ്ടെങ്കിലും ഇത്തരം ചില മൊഴി മുത്തുകള്‍ അവിടവിടെ വിതറിയിട്ടിരിക്കുന്നത് കാണാം.

aubrey menen, writer ,memories,smitha vineed

ഇറ്റലിയിലുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ‘ദി സ്പേസ് വിതിന്‍ ദി ഹാര്‍ട്ട്” എന്ന രണ്ടാമത്തെ ആത്മകഥയും എഴുതുന്നത്‌. വായനക്കാരെ ചലനം കൊള്ളിക്കുകയും ഉദാത്തമണ്ഡലത്തിലേക്കു പ്രവേശിപ്പിക്കുകയും അവര്‍ക്കു ജീവിതമാര്‍ഗ്ഗം എന്തെന്ന്  കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്  എന്നാണ് എം. കൃഷ്ണന്‍ നായര്‍ വാരഫലത്തില്‍ ഈ കൃതിയെ വിശേഷിപ്പിച്ചത്‌. ഉപനിഷത്തുകളില്‍ പറയുന്ന മാനസികമായ അനുഷ്‌ഠാനത്തിലൂടെ ആത്മാവിഷ്ക്കാരം എങ്ങനെ സാധ്യമാവും എന്ന് ഇതില്‍ വിശദീകരിക്കുന്നു. തന്‍റെ അനുഭവത്തെ സാക്ഷ്യം നിര്‍ത്തിയാണ് ഇത് പറയുന്നത്. ഉളളിയുടെ ഇതളുകള്‍ ഓരോന്നായി അടര്‍ത്തി ഉളളില്‍ എത്തുന്നത്‌ പോലെയാണിത്‌. പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന ഓരോ ഇതളുകളും അടര്‍ത്തി ഹൃദയത്തിന്‍റെ ഉളളിലുള്ള ശൂന്യമായ ആ ഇടത്തില്‍ എത്തുമ്പോഴാണ് മനുഷ്യന്‍ തന്നെ പൂര്‍ണമായി കണ്ടെത്തുന്നത്. സ്വയം കണ്ടെത്തി എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ടെങ്കിലും അത് സത്യമാണോ എന്നത് തര്‍ക്കിക്കാവുന്നതാണ്. മരണം വരെ അദ്ദേഹം കൊണ്ട് നടന്നിരുന്ന തന്നോടും സഹജീവികളോടും ഉള്ള തണുത്ത മനോഭാവം തന്നെ കാരണം.

aubrey menen, writer ,memories,smitha vineed

ഓബ്രി മേനന്‍ തന്‍റെ ജീവിതത്തിന്‍റെ അവസാന വര്‍ഷങ്ങള്‍ തിരുവനന്തപുരത്താണ് കഴിച്ചു കൂട്ടിയത്. ഇതിന് വലിയ പ്രാധാന്യമുണ്ട്. അമ്പതുകളിലെ ഇന്ത്യയില്‍ വലിയ കോലാഹലമുണ്ടാക്കിയ പുസ്തകമാണ് അദ്ദേഹം എഴുതിയത്. പക്ഷേ പുസ്തകത്തിനെയും വ്യക്തിയെയും രണ്ടായി കാണാന്‍ പക്വത ഉള്ളവരായിരുന്നിരിക്കണം അന്നത്തെ ജനത. അല്ലെങ്കിൽ ഓബ്രിയെയും ഓബ്രിയുടെ സാഹിത്യലോകത്തെയും ആരും തിരച്ചറിഞ്ഞിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ ശാന്തിപൂര്‍ണമായ ഒരു ജീവിത സായാഹ്നം അതേ രാജ്യത്ത് അദ്ദേഹത്തിന് കിട്ടി. 1989 ഫെബ്രുവരി പതിമൂന്നിനാണ് ഓബ്രി മേനന്‍ അന്തരിച്ചത്‌. സല്‍മാന്‍ റുഷ്ദിയുടെ ‘സാതാനിക് വേഴ്സസി’ന്രെ പേരിൽ സൃഷ്ടിക്കപ്പെട്ട ‘വിശ്വാസഭയത്താൽ’ സർഗാത്മകതയെ വിചാരണത്തീയിൽ വിധിക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്. കാലചക്രം കുറച്ചു കൂടി തിരിച്ചാല്‍ സിനിമയിലെ രജപുത്ര രാജ്ഞിയുടെ സ്വപ്നവിചാരങ്ങള്‍ക്കു കൂടി വിലക്ക് കല്‍പ്പിക്കുന്ന ഉത്തരാധുനിക സമകാലിക ഭാരതത്തില്‍ എത്തും. ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയുമൊക്കെ അവിടെ കാണാം. പരലോകം എന്നൊന്നുണ്ടെങ്കില്‍ ഒരു പക്ഷേ മേനന്‍ മന്ദസ്മിതത്തോടെ ‘പ്രെവെലന്‍സ് ഓഫ് വിച്ചെസ്’ ഇരുന്ന് വായിക്കുന്നുണ്ടാവും.

താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന വസ്തുതയുമായി ജീവിതത്തിന്‍റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ ഓബ്രി മേനന്‍ പൊരുത്തപ്പെട്ടിരുന്നു. അത് തന്രെ ആത്മകഥയില്‍ സ്വാഭാവികമായി അവതരിപ്പിക്കുന്ന വിധം പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കുന്ന പലരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്‍റെ പല പുസ്തകങ്ങളിലും പ്രധാന കഥാപാത്രവും സുഹൃത്തും തമ്മിലുള്ള സ്വവര്‍ഗാനുരാഗത്തിന്‍റെ ചില സൂചനകള്‍ ഇട്ടിരിക്കുന്നത് കാണാം. ഓബ്രി മേനന്‍റെ കൃതികളുടെയെല്ലാം ഉടമസ്ഥാവകാശം ഗ്രഹാം ഹാളിനാണ്. ഹാളിന്‍റെ മരണശേഷം ആരാണ് അത് കൈവശം വയ്ക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരങ്ങളില്ല. തന്നെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും, രചനകളും ഓബ്രി മേനന്‍ ഗോട്ട്‌ലിബ് എന്നൊരാള്‍ക്ക്‌ അയച്ചു കൊടുത്തിട്ടുണ്ട്‌. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗോട്ട്‌ലിബ് ചരിത്ര രേഖകളില്‍  (Howard Gotlieb Archival Research Center) ഇവ ഭദ്രമായി താഴിട്ടു പൂട്ടി വച്ചിട്ടുണ്ട്. അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിട്ടാന്‍ നൂറായിരം നൂലാമാലകള്‍ ആണെന്ന് മാത്രം!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ