കാറിലെ റിയർ വ്യൂ മിറർ
ഭൂത കാലങ്ങളെ തൊടാൻ കൊതിക്കുന്നു.
പുറകോട്ട് നോട്ടങ്ങൾ നീട്ടി
അകലെയുള്ളവയെ അടുത്തായി
തോന്നിപ്പിക്കുന്നു.

കാഴ്ചയുടേത് ഏക ശിലാത്മകമായ
ഒരു രൂപമോ രൂപകമോ അല്ല
പുറക്കോട്ടു നോക്കുമ്പോൾ
ചിലപ്പോൾ നമ്മൾ കാണുന്നത്
അകത്തെ കാഴ്‌ച കൂടിയാണ്.

റിയർ വ്യൂ മിററിൽ
നമ്മൾ കാണുന്ന കാർ
അടുത്തടുത്ത് വരും തോറും
നമ്മുടെ കാറും മുന്നോട്ട്
നീങ്ങുന്നുണ്ടെന്നതാണ് ഒരാശ്വാസം

sabloo thomas, poem,

അല്ലെങ്കിൽ രണ്ടു കാഴ്ചകൾ
കൂടിമുട്ടി ദൃശ്യങ്ങളുടെ
മരണം സംഭവിക്കുമായിരുന്നു.
നമ്മുടെ കാറിനു പുറകിൽ
വരുന്ന കാറിന്റെ റിയർ വ്യൂ മിററിലും
സമാനമായ ഒരു കാഴ്ചയുണ്ട്.

അതിനു പിറകിൽ മറ്റൊന്ന്
എന്ന കണക്കിന് അത്
പുറകോട്ടു പോയി കൊണ്ടിരിക്കും.

ചിലപ്പോൾ ഒരു ട്രാഫിക്ക് ബ്ലോക്ക്
അതിന്റെ നൈരന്തര്യത്തെ
തകർക്കാമെങ്കിലും
മുന്നിൽ മാത്രമല്ല പിന്നിലുള്ള
ജീവിതങ്ങളും അത്ര തന്നെ
പ്രസക്തമാണെന്ന് അവ ഓർമ്മിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ