scorecardresearch
Latest News

Reading Day: കഥയും കാലവും

Reading Day in Kerala:” വായനക്കാരുടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളോടൊപ്പം അത് രൂപം മാറുന്നു. ദേഹം മുഴുവൻ രോമങ്ങൾ കിളിർക്കുന്നു. അഷ്ടബാഹുക്കൾ മുളയ്കുന്നു. നൂറു ഗ്രിഗർ സാംസമാരെപ്പോലെ അത് ഓരോ വായനക്കൊപ്പവും ഓരോ രൂപമെടുക്കുന്നു” എഴുത്തും വായനയും ജോജോ ആന്തണി എഴുതുന്നു

Reading Day: കഥയും കാലവും

“ഭാഷ ചിന്തയുടെ വേഷപ്പകർച്ചയാണ്”
– ലുഡ്‌വിഗ് വിറ്റ്‌ഗെൻസ്റ്റെയ്ൻ,
ട്രാക്റ്റാറ്റസ്‌ ലോജിക്കോ ഫിലോസോഫിക്കസ്’

മനുഷ്യന്‍റെ സാമൂഹികാവശ്യങ്ങളിലും അസ്തിത്വത്തിനും വളർച്ചയ്ക്കും ഒഴിവാക്കാനാകാത്ത ശേഷിയാണ് ആശയവിനിമയം. അത് പല രൂപങ്ങളിലാകാം, ആംഗ്യങ്ങളായും ചിത്രങ്ങളായും ​അക്ഷരങ്ങളായും മനുഷ്യജീവിതത്തിനൊപ്പം തുടക്കം മുതൽ ഒടുക്കം വരെ. അമ്മ നെഞ്ചിന്‍റെ ചൂടിൽ നിന്നും തുടങ്ങുന്നു ഈ സിദ്ധി സ്വായാത്തമാക്കാനുളള മനുഷ്യന്‍റെ ശ്രമങ്ങൾ. പോകപ്പോകെ സ്വരങ്ങൾ വഴിയും ചേഷ്ടകളിൽ കൂടിയും അത് വളരുന്നു. നിയന്ത്രണമില്ലാത്ത അംഗവിക്ഷേപങ്ങൾക്കു ക്രമം വരുന്നു. സ്വരങ്ങൾക്കു രൂപം വരുന്നു. സ്വരങ്ങളുടെ ഈ രൂപപരിണാമം ഭാഷയിലേയ്ക്ക് എത്തിക്കുന്നു. മനുഷ്യൻ പുറപ്പെടുവിക്കുന്ന സ്വരങ്ങൾക്ക് നിയതമായ അർഥങ്ങൾ കൈവന്നു തുടങ്ങുന്നിടത്ത് ഭാഷാജീവിതം ആരംഭിക്കുന്നു, പിന്നീട്, ആശയസഞ്ചാരങ്ങളിൽ വലിയ തുണയായി ഭാഷയായി മാറുന്നു.

Read More: കഥകളെക്കാൾ എത്രയേറെ കൗതുകകരമാണ് ചരിത്രം

സ്വരങ്ങൾ ചിട്ടപ്പെടുമ്പോൾ പുറത്തുള്ള ലോകം അവയ്ക്ക് നിയോഗിച്ച അർത്ഥം കുഞ്ഞ് തിരിച്ചറിഞ്ഞു തുടങ്ങുന്നു. അതുകൊണ്ടുതന്നെ, സ്വരങ്ങളിൽ നിന്ന് വാക്കുകളിലേയ്ക്കുള്ള വളർച്ച അർത്ഥബന്ധിയാണ്‌. എന്നാൽ, വാക്കുകൾക്ക് അവ ഉൾക്കൊള്ളുന്നു എന്ന് കരുതപ്പെടുന്ന അർത്ഥങ്ങളെ വിനിമയിക്കാനുളള ശേഷി കുറയുന്നു എന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യന്‍റെ അന്വേഷണം ഒരു പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. ഇതാണ് വാക്കുകളിൽനിന്നു വാചകങ്ങളിലേക്ക് വളരുന്നതിന് പ്രചോദനമാകുന്നത്; വാക്കുകളിൽ നിന്ന് വാചകങ്ങളിലേയ്ക്കുള്ള ഈ പ്രയാണത്തിലാണ് കാലം കടന്നുവരുന്നതും. പിന്നീടുള്ള അവന്‍റെ ആശയജീവിതത്തിൽ കാലം പ്രാഥമികമായ ഒരു സ്ഥാനം നേടിയെടുക്കുന്നു. അത് മനുഷ്യ ചിന്തയുടെ വ്യവഹാരങ്ങളിലാകെ നിറയുന്നു.

ഭുതഭാവികളുടെ അനുഭവതലം

ഭാഷാപഠനം അർത്ഥത്തേയും കാലങ്ങളെയും സംബന്ധിച്ച പഠനമാണ്. ഭാഷാപാഠ്യപദ്ധതികൾ എല്ലാം തന്നെ ഭൂതം, വർത്തമാനം, ഭാവി എന്ന മൂന്ന് കാലങ്ങളിലും അവയുടെ ഉപഭാഗങ്ങളിലും ആയി ബന്ധിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞു പോയതൊക്കെ ഭൂതം, നടന്നുകൊണ്ടിരിക്കുന്നത് വർത്തമാനം, വരാനിരിക്കുന്നത് ഭാവി എന്ന മട്ടിൽ മൂന്ന് തട്ടുകളായി ഭാഷയെ, അതുവഴി ചിന്തയെ, തരം തിരിച്ചു പഠിപ്പിച്ചപ്പോൾ മറന്നു പോയത് പക്ഷെ ഇവയുടെ അതിർത്തികളെയാണ്. ഭൂതകാലത്തിന്റെ ആരംഭസീമ അളക്കാനാകാത്ത എവിടെയോ ആണ് എന്ന് സമാധാനിക്കാമെങ്കിലും എവിടെയാണ് അത് അവസാനിക്കുന്നത്? വർത്തമാനകാലം എവിടെയാണ് തുടങ്ങുന്നത്? അതിനെക്കുറിച്ചൊന്നും ഭാഷാപഠനം കൃത്യമായ അറിവ് തരുന്നില്ല. ഇംഗ്ലീഷ് ഭാഷയിൽ Present simple, present perfect എന്നീ രണ്ടു വകഭേദങ്ങൾ വർത്തമാനകാലത്തിലായുണ്ട്. I eat എന്നും I have eaten എന്നുമുള്ള രണ്ടു പ്രയോഗങ്ങളും വർത്തമാനകാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ രണ്ടാമത്തേത് ഭൂതകാലവുമായി ബന്ധപ്പെട്ടതാണ്. ഒരു അവസ്ഥ എന്ന നിലയിൽ മാത്രമേ അതിനു വർത്തമാനകാലവുമായി ബന്ധമുള്ളൂ. ഈ സന്നിഗ്ദ്ധതയാണ് കാലപ്രമാണങ്ങളിലേക്കു ഒരുവട്ടം കൂടി കടന്നു ചെല്ലുവാൻ നമുക്ക് പ്രേരണയാകുന്നത്.jojo anthony,malayalam,story,

Read More: സ്വന്തം മരണം, അന്യന്‍റെ മരണം

ഭൂതഭാവികളുടെ രണ്ടറ്റങ്ങൾ നമ്മുടെ അളവുകോലിൽ ഒതുങ്ങുന്നതല്ല. ഭൂതത്തിൽ നിന്നും ഭാവിയിലേക്കുള്ള പുരോഗതിയിൽ, പുരോഗതി എന്ന് പറയുമ്പോൾ മുന്പോട്ടുള്ള ഗതി അന്ന് മാത്രമേ അർത്ഥമാക്കേണ്ടതുള്ളു, മെച്ചം എന്ന് അതിനു അർഥം വരുന്നില്ല, നമുക്കു അനുഭവവേദ്യം എന്ന് തോന്നലുണർത്തുന്നത് വർത്തമാനകാലം മാത്രമാണ്. അതുകൊണ്ടുതന്നെ വർത്തമാനത്തെ വിശദീകരിക്കുന്നത് മറ്റു രണ്ടു കാലങ്ങളെയും പഠിക്കാൻ നമ്മെ സഹായിച്ചേക്കാം. അപ്പോൾ എന്താണ് വർത്തമാനകാലം? ആദ്യപാഠങ്ങൾ തുടങ്ങി നാം പഠിച്ചത് ഇപ്പോൾ നടക്കുന്നതെന്തോ അത് വർത്തമാനം. പോരാ, അവസ്ഥയും ആവർത്തനവും വർത്തമാനകാലപരിധിയിൽ വരുന്നു. അതുകൊണ്ടാണ് നിലവിലുള്ള സർക്കാരും കിഴക്കുള്ള സൂര്യോദയവും ഒക്കെ വർത്തമാനകാലമാകുന്നത്. ഇതെല്ലാം കാലത്തിന്‍റെ ഭാഷാപരമായ അല്ലെങ്കിൽ വ്യാവഹാരികമായ തലങ്ങളാണ്. ഇതിനെല്ലാം ഉപരി, അതിനു അനുഭവപരമായ ഒരു തലം കൂടിയുണ്ട്. അവിടെയാണ് സന്നിഗ്ധതകൾ കൂടിക്കലരുന്നത്.

വർത്തമാനകാലം എന്ന വാക്ക് ഒന്ന് ഉച്ചരിച്ചു നോക്കൂ. പറഞ്ഞു തീരുന്നതിനുമുന്പേ വാക്കിന്‍റെ തുടക്കം ഭൂതകാലത്തിലേക്ക് ചാഞ്ഞുപോയതായി കാണാം. ഇതാണ് കാലത്തിന്‍റെ അനുഭവതലം. അവിടെ, ഇപ്പോൾ എന്നത്, നാം ഉപയോഗിക്കുന്ന മാത്രയുടെ വലിപ്പം അനുസരിച്ചു വികസിക്കുന്നതും ചുരുങ്ങുന്നതുമാണ്. അളവുകോലിന്‍റെ വലിപ്പം അനേകവർഷങ്ങളേയും ഏറ്റവും ചെറിയ ഒരു നിമിഷത്തെയും ഒരുപോലെ വർത്തമാനകാലമാക്കുന്നു. ഭൂമിയുടെ ഭ്രമണത്തെ അടിസ്ഥാനമാക്കിയുള്ള “ഇന്ന്” എന്ന അളവ് വർത്തമാനമാകുമ്പോൾപോലും പ്രദോഷത്തിനു പ്രഭാതം ഭൂതകാലമാകുന്നു. ചുരുക്കി പറഞ്ഞാൽ, ഭൂതത്തിൽനിന്നു ഭാവിയിലേക്കുള്ള പ്രയാണത്തിൽ തിരിച്ചറിയാനാകാത്ത ഒരു സങ്കൽപ്പമാണ് വർത്തമാനം. ഭാവികാലം വരാനിരിക്കുന്നതേയുള്ളൂ, അതിനു തരാനുള്ളത് അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ, അനുഭവതലത്തിൽ വർത്തമാനകാലമില്ല, ഭാവികാലമില്ല, ഭൂതകാലം മാത്രമേയുള്ളൂ. ആ ഭൂതകാലത്തിൽ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ ഓർമ്മകൾ മാത്രവും.

അനുഭവങ്ങൾ രണ്ടു രീതിയിലാണ് പ്രത്യക്ഷം കാണിക്കുന്നത്, ഇന്ദ്രിയനിബദ്ധമായും (sense) സംവേദനക്ഷമതയിലൂടെയും (sensibility). കാഴ്ച, കേൾവി, സ്പർശം മുതലായ പ്രാഥമിക അനുഭവങ്ങൾ ആദ്യത്തേതിലും വായന, ചിന്ത എന്നീ ആപേക്ഷികമായ അനുഭവങ്ങൾ രണ്ടാമത്തെ ജനുസ്സിലും പെടുത്താമെന്നു തോന്നുന്നു. പ്രാഥമികാനുഭവങ്ങുളുടെ ആപേക്ഷികത്വം കുറച്ചുകൂടി വിശദമായ പഠനം അർഹിക്കുന്നതുകൊണ്ടു അത് തത്കാലം ഒഴിവാക്കി വായനയുടെയും ചിന്തയുടെയും രചനയുടെയും ലോകത്തേക്ക് മാത്രമായി ഈ വിശകലനം ചുരുക്കുകയാണ്.jojo anthony, malayalam story,

Read More: വായനയുടെ വാതായനങ്ങൾ

എന്താണ് ഓർമ്മകൾ? അവ അനുഭവങ്ങളുമായി എങ്ങിനെ ബന്ധപെട്ടു കിടക്കുന്നു? ഈ ചോദ്യങ്ങൾ നമ്മെ നയിക്കുന്നത് അനുഭവങ്ങളുടെ രസതന്ത്രത്തിലേക്കാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനം എല്ലാ അനുഭവങ്ങളെയും ഭൂതകാലത്തിൽ സ്ഥാപിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, കഴിഞ്ഞുപോയ ആ നിമിഷങ്ങളുടെ, അനുഭവങ്ങളുടെ, പുനർജന്മമാണ്‌ ഓർമ്മകൾ. നേരിട്ടോ അല്ലാതെയോ നാം അറിഞ്ഞ അവസ്ഥകളും ജീവിച്ച സംഭവങ്ങളും സത്യാസത്യങ്ങളുടെ നിബന്ധനകൾ ഇല്ലാതെ നമ്മിൽ ഉറഞ്ഞുകൂടുന്നതാണ് ഓർമ്മകൾ. നമ്മുടെ ഭൂതകാലം നമ്മളെത്തന്നെ ആവേശിക്കുന്നതാണ് ഓർമ്മകൾ. വാസ്തവവുമായി ചേർന്ന് നിൽക്കണമെന്ന് അവ ശാഠ്യം പിടിക്കുന്നില്ല, കാലാനുക്രമങ്ങൾ പലപ്പോഴും പാലിക്കുന്നില്ല, അതിനെ ചുമക്കുന്നവന്‍റെ മനോവ്യവഹാരങ്ങൾക്കനുസ്സരിച്ചു ഓർമ്മകൾ നിരന്തരം പരിണമിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് എത്ര കടുത്ത വിഷമവും നേർത്തുനേർത്ത് കുടിക്കാൻ മറന്നുപോയ ചായപോലെ തണുത്തുപോകുന്നത്. നിലയ്ക്കാത്ത പല്ലുവേദനപോലും വേദനക്കപ്പുറം വേദനയെക്കുറിച്ചുള്ള വേദനയായി മാറുന്നത്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഓർമ്മകളാണ് എഴുത്തുകാരന്‍റെ അസംസ്കൃതവസ്തുക്കൾ.

ഓർമ്മയെ ചിന്ത കൊണ്ട് പണിയുന്നവർ

മലയാള സാഹിത്യ ചരിത്രത്തിലെ ആദ്യത്തെ നൂറു വർഷങ്ങൾ അനുഭവങ്ങളെ ഒരുപാട് കൊണ്ടാടിയിരുന്നു. തകഴി, കേശവദേവ്, ബഷീർ, പൊറ്റെക്കാട്ട്, തുടങ്ങിയ മേൽത്തട്ടിലെ എഴുത്തുകാരുടെ അനുഭവസമ്പത്തിനെ പ്രകീത്തിച്ചിരുന്നു. അനുഭവങ്ങളുടെ പിൻബലമില്ലാത്ത സാഹിത്യകാരന്മാരെ ഇകഴ്ത്തി കണ്ടിരുന്നു. അനുഭവങ്ങൾ എന്നുവച്ചാൽ ജീവിതാനുഭവങ്ങൾ. തകഴിയും ദേവും ബഷീറും ഉറൂബും കാരൂരും എല്ലാം അവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്ന് തരംതിരിഞ്ഞെടുത്ത സംഭവങ്ങളെ അടുക്കിയുണ്ടാക്കിയതാണ് അവരുടെ കൃതികൾ എന്ന ഒരു ധാരണ ശക്തമായിരുന്നു. ജീവിതാനുഭവങ്ങളുടെ കുറവ് നല്ല എഴുത്തിന് വിഘാതമാണെന്നും പല നിരൂപകരും വിശ്വസിച്ചിരുന്നു. ഒരു കാലഘട്ടത്തിന്‍റെ കാല്പനികചിന്തയായിമാത്രമേ ഈ കാഴ്ചപ്പാടിനെ കാണുവാൻ പറ്റൂ. അനുഭവം വെറും ഓർമ്മകൾ മാത്രമാണെന്നും അങ്ങനെവരുമ്പോൾ വായനയും ചിന്തകളും അനുഭവത്തിന്‍റെ മറ്റു രൂപങ്ങളാണെന്നും അവർ മനസ്സിലാക്കിയിരുന്നോ സംശയമാണ്. ഒന്നാമത്, അനുഭവം ജീവിതാനുഭവം മാത്രമല്ല, വായനാനുഭവവും മനനാനുഭവവും ആകാം എന്ന സത്യം. രണ്ടാമത്, അനുഭവങ്ങൾക്ക് ഓർമ്മകളുടെ അപ്പുറം അസ്തിത്വം ഇല്ല എന്നുള്ള വസ്തുത. ഓർമ്മയുടെ രാസമാറ്റങ്ങളിൽ വായനയും ചിന്തയും ജീവിതവും കൂടിക്കലരുന്നുണ്ട്. അങ്ങനെനോക്കുമ്പോൾ കൗതുകകരമായ ഒരു പുതുമ എന്നതിനപ്പുറം ആദ്യാനുഭവങ്ങളുടെ സാധുത പോലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 1952 മെയ് 29 നു സൗത്ത് കോൾ മാർഗത്തിലൂടെ ലോകത്തിന്‍റെ നിറുകയിൽ എത്തുമ്പോൾ അത് ടെൻസിങ്ങിന്‍റെ ആദ്യാനുഭവം ആയിരുന്നോ എന്ന് സംശയമാണ്. അതിനെത്രയോ മുൻപേ എവറസ്റ് പോലുള്ള വേറെ എത്രയോ കൊടുമുടികൾ ടെൻസിങ് കയറിയിരുന്നു. 1947 ൽ കയറിയ കേദാർനാഥിന്‍റെ അഗ്രസ്ഥാനത്തിനു എവറെസ്റ്റിന്‍റെ ശിഖരവുമായുള്ള വ്യത്യാസം അറിവുമാത്രമാണ്, എവറസ്റ്റ് ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണെന്ന അറിവ്. അങ്ങനെവരുമ്പോൾ പുതുമ എന്നത് ഓർമ്മയിലില്ലാത്തതു എന്ന് നിർവചിക്കേണ്ടിവരും. അത് ശരിയാണുതാനും. ഭൂതകാലത്തിലില്ലാത്തതു പുതുമ, അല്ലെങ്കിൽ ഭൂതകാല ഓർമ്മകളിൽ ഇല്ലാത്തത് പുതുമ. ഓർമ്മകളുടെ ഹനനപ്രക്രിയയായ അൽഷിമേഴ്‌സ് എന്ന രോഗം രോഗിക്ക് ലോകം പുതിയതായി പണിതുനല്കുന്നതു ഇങ്ങനെയാണ്. 1880 ൽ പ്രസിദ്ധീകരിച്ച “ആത്മഹത്യകൾ” എന്ന കൃതിയിൽ മോപ്പസാങ് ഇങ്ങനെ എഴുതി, “ജീവിച്ചിരിക്കാത്ത വ്യക്തികൾക്ക് ജീവൻ നല്കുകവഴി ഓർമ്മകൾ പ്രപഞ്ചത്തെക്കാൾ ഉത്തമമായ ലോകം നമുക്ക് തരുന്നു”. “ഓർമ്മകളുടെ നാശം നല്ല കാര്യങ്ങൾ ആദ്യമായി അനുഭവിക്കാൻ പലവട്ടം അവസരം തരുന്നു” എന്ന ഫ്രെഡ്രിക് നീത്ഷെയുടെ വരികളും ഇവിടെ ചേർത്തുവെയ്ക്കാവുന്നതാണ്.jojo anthony, story,

 

എഴുത്തുകാർ അവരുടെ ഓർമ്മയെ ചിന്തകൊണ്ട് പണിത് രചന നടത്തുന്നു. എഴുതാനിരിക്കുമ്പോൾ അവർക്ക് കൂട്ട് ഓർമ്മകളും അതിനെചുറ്റിയുള്ള ചിന്തകളും മാത്രം. ആ ഓർമ്മകളൊക്കെ അവരുടെ അനുഭവങ്ങളാണ്. അതിൽ ജീവിച്ചതേത് വായിച്ചതേത് ചിന്തിച്ചതേത് എന്ന ഒരു തരംതിരിവിന് പ്രസക്തിയേയില്ല. ഈ ആലോചനകൾ നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത് *മാർഗരറ്റ് സെൽറ്റസെറിലേക്കാണ്. 2008ൽ ”സ്നേഹവും അനന്തരഫലങ്ങളും, ആശയുടെയും അതിജീവനത്തിന്‍റെയും അനുസ്മരണം” എന്നപേരിൽ സെൽറ്റ്സർ ഒരു ആത്മകഥ പ്രസിദ്ധീകരിച്ചു. ആ കൃതി സാഹിത്യപരമായ ഒരു വൻവിജയമായി. ന്യൂയോർക് ടൈംസിൽ വരെ അതിനെ പ്രശംസിച്ചു നിരൂപണങ്ങൾ വന്നു. കോലാഹലങ്ങൾ നീണ്ടുനിന്നത് ഒരാഴ്ച മാത്രം. പുസ്തകത്തിലെ സംഭവങ്ങളൊക്കെ കളവായിരുന്നെന്നു തെളിഞ്ഞു, രചയിതാവ് അസ്പൃശ്യയായി. വാസ്തവത്തിൽ, ആ കൃതിയുടെ രചയിതാവ് ചെയ്ത ഏക കുറ്റം ആത്മകഥയാണ് എന്ന അവരുടെ പ്രസ്താവം മാത്രമായിരുന്നു. ആ കുറ്റത്തിന്‍റെ നിറവിൽ അതുവരെ കൃതിയിൽ കണ്ടിരുന്ന സാഹിത്യപരമായ നന്മകളെല്ലാം മറഞ്ഞുപോയി. ചോദ്യം ബാക്കിയാകുന്നു. കൃതിയുടെ വൈശിഷ്ട്യമാണോ കർത്താവിന്‍റെ സത്യസന്ധതയാണോ വായിക്കപ്പെടേണ്ടത്?

കുമ്മായം പൂശിയ ചുമരിലെ പന്ത്

ഓർമ്മകൾ, കുമ്മായം പൂശിയ ചുമരിലേയ്ക്ക് എറിയപ്പെടുന്ന റബ്ബർ പന്ത് പോലെയാണ്. എറിയുന്തോറും അത് തിരിച്ചുവരുന്നു, ചുമരിലെ ഒരു തോണ്ട് കുമ്മായവുമായി, ഓരോ മടക്കത്തിലും വെള്ളക്കുമ്മായത്തിന്‍റെ നേർത്ത ഒരു പുറംചട്ടയും പേറി. ഒരു പുതിയ പന്തായി. മുറിയാത്ത ഈ പരിവർത്തനധാരയിൽ മനുഷ്യൻ നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ഈ നിലയ്ക്കാത്ത പരിണാമമാണ് സംഭവങ്ങളെ ഓർമ്മകളായും ഓർമ്മകളെ ചിന്തകളായും പരിവർത്തിപ്പിക്കുന്നത്. എഴുത്തുകാരന്‍റെ ഈ ചിന്തകൾ സ്വപ്നങ്ങളായി രൂപാന്തരപ്പെടുന്നതാണ് എഴുത്ത്. അതുകൊണ്ടു തന്നെ രചന അനുഭവങ്ങളുടെ വികാസമല്ല, മറിച്ചു സ്വപ്നങ്ങളുടെ അക്ഷരജന്മമാണ്‌. സ്വപ്നം കാണുന്നവന് എഴുത്ത് എന്നും എളുപ്പവുമാണ്. “കഥ പറയാനുള്ള ജീവിതം” (Living to Tell the Tale) എന്ന മാർക്കേസിന്‍റെ ആത്മകഥയിൽ, വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഒരു വ്യക്തിയെ ബാലനായ മാർക്കേസ് വഴിയിൽ കണ്ടുമുട്ടുന്നതായി എഴുതിവെച്ചിട്ടുണ്ട്. അനുഭവങ്ങൾ വരികളുമായി ഇങ്ങനെ രണ്ടുവട്ടം മാറിയിരിക്കുന്നു.

jojo anthony

വായനയിലും നടക്കുന്നത് മറ്റൊന്നല്ല. ഒരിക്കൽ ഒരു വിദ്യാർത്ഥി ജൊഹാൻ പോൾ റിക്‌റ്ററുടെ ഏതോ ഒരു ഖണ്ഡികയെ കുറിച്ച് വിശദീകരണം ചോദിച്ചു, റിക്‌റ്ററുടെ മറുപടി ഇതായിരുന്നു, “വർഷങ്ങൾക്കു മുൻപ് ഞാൻ അതെഴുതുമ്പോൾ എനിക്കും ദൈവത്തിനും മാത്രമേ അതിനെ കുറിച്ചറിയുമായിരുന്നുള്ളൂ. ഇന്നിപ്പോൾ ദൈവത്തിനു മാത്രമേ അറിയൂ”. മാറിമറിയുന്ന ഓർമ്മകൾക്കിടയിൽ എഴുത്തുകാരന് പോലും സ്വന്തം കൃതി നഷ്ടപെട്ടുപോകുന്നതാണ് ഇവിടെ കാണുന്നത്. വായനക്കാരൻ ഒരുപടി കൂടി മാറിയാണ് നിൽപ്പ്. എഴുത്തുകാരൻ എഴുതുന്ന പുസ്തകമല്ല വായനക്കാരൻ അറിയുന്നത്. ഖസാക്കിലെ ഓത്തുപള്ളിയെ കുറിച്ചും വടക്കേപ്പാട്ട് തറവാടിനെ കുറിച്ചും മജീദ്-സുഹ്‌റ ജോഡിയെക്കുറിച്ചും ഒക്കെ വായിക്കുമ്പോൾ അനുവാചകൻ അവന്‍റെ ഓർമ്മകളിൽ നിലനില്കുന്ന താരതമ്യങ്ങളെ സ്വയം പുനർജനിപ്പിക്കുകയാണ് ഓരോ വായനയിലും. ഈ ജൈവപ്രക്രിയയെ മറികടക്കാൻ പ്രസാധകർ കണ്ടുപിടിച്ച മാർഗമാണ് ചിത്രീകരണങ്ങളുടെ ഉപയോഗം. അറുപതുകളുടെ രണ്ടാം പകുതിയിലും എഴുപതുകളിലും “മ പ്രസിദ്ധീകരങ്ങൾ” എന്ന കളിപ്പേരിൽ അറിയപ്പെട്ടിരുന്ന ആനുകാലികങ്ങൾ അക്കാലത്തു സ്വപ്നങ്ങളുടെ ഭാഷയായിരുന്ന സിനിമയിലെ നായകരൂപങ്ങളെ ചിത്രങ്ങളിലൂടെ നീണ്ടകഥകളിലെ കഥാപാത്രങ്ങളുടെമേൽ അധ്യാരോപം ചെയ്യുന്നത് ഒരു പതിവായിരുന്നു. വായനക്കാരുടെ മനസ്സിലെ രൂപങ്ങളെ മായ്ച്ചുകളയുന്ന ഒരു കച്ചവടതന്ത്രമായിരുന്നു അത്.

കൃതിയുടെ ജീവിതം വായനക്കാരുടെ മരിക്കാത്ത മനസ്സിലാണ്. വായനക്കാരുടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ചിന്തകളോടൊപ്പം അത് രൂപം മാറുന്നു. ദേഹം മുഴുവൻ രോമങ്ങൾ കിളിർക്കുന്നു. അഷ്ടബാഹുക്കൾ മുളയ്കുന്നു. നൂറു ഗ്രിഗർ സാംസമാരെപ്പോലെ അത് ഓരോ വായനക്കൊപ്പവും ഓരോ രൂപമെടുക്കുന്നു. അതിലെ കഥയും കഥാപാത്രങ്ങളും അവർക്കു വേദികയാകുന്ന കാലവും വായനക്കാരുടെ ഓർമ്മയാകുന്നു. ഓർമ്മമാത്രം ബാക്കിയാകുന്നു.

എം.ടി. വാസുദേവൻ നായരുടെ 1969ൽ പ്രസിദ്ധീകരിച്ച “കാലം” എന്ന നോവലിൽ മാതൃപരമ്പരാസമ്പ്രതായം ഒരു കാലഘട്ടത്തിലൂടെ ക്ഷയിച്ചുപോകുന്നതിന്‍റെ ചിത്രം കാണാം. കാലം അവിടെ ക്ലിപ്തമായ തുടക്കവും ഒടുക്കവും ഉള്ള (കൃത്യമായി അങ്ങനെ പറയുന്നില്ലെങ്കിൽപോലും) ഒരു സത്തയാണ്, ആ രീതിയിലുള്ള കാലം സമയവുമായി ബന്ധപ്പെട്ടതും. അതിനെ കുറിച്ചുള്ള പഠനം സമയത്തെ കുറിച്ചുള്ള പഠനമായി മാറും. നമ്മുടെ താല്പര്യം വേറെ. ഇവിടെ കാലം സമയത്താൽ കെട്ടപ്പെട്ടിട്ടില്ല, പകരം ഓർമ്മയായി പരിണമിച്ചിരിക്കുന്നു. ആ നിലയ്ക്ക്, “കഥയും ഓർമയും” എന്നോ,” ഓർമയുടെ പരിണാമം” എന്നോ ആയിരുന്നു ഈ ചെറുലേഖനത്തിന് ഇണങ്ങുന്ന പേര്. ബോർഹെസിന്‍റെ 1962ൽ പുറത്തിറങ്ങിയ “ലെയ്‌ബിരിന്ത്‌സ്” എന്ന സമാഹാരവും മുപ്പത്താറു വർഷങ്ങൾക്ക് ശേഷം പാമുക് എഴുതിയ “മൈ നെയിം ഈസ് റെഡ്” എന്ന നോവലും നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ വേറൊരു ദിശയിലേക്കു വിരൽ ചൂണ്ടുക ശീർഷകങ്ങളുടെ സാധാരണ സ്വഭാവമാണ്.


* മാർഗരറ്റ് സെൽറ്റസെർ (തൂലികാനാമം മാർഗരറ്റ് ബി. ജോൺസ്‌ 1975 ജനനം ) അമേരിക്കൻ എഴുത്തുകാരി മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് സെൽറ്റസെർ ആത്മകഥ പുറത്തിറക്കിയത്. പാതി അമേരിക്കൻ ഗോത്രവർഗക്കാരിയും പാതി വെള്ളക്കാരിയുമെന്നാണ് കൃതിയിൽ സ്വയം വിശേഷിച്ചിരുന്നത്. “മനസ്സിനെ മഥിക്കുന്ന രചന” എന്ന് മിച്ചിക്കോ കാകുട്ടനി കൃതിയെക്കുറിച്ച് എഴുതി. ടെലിവിഷനിൽ വാർത്ത കണ്ട സെൽട്സ്റുടെ സഹോദരി റിയ എഴുത്തുകാരി പൂർണമായും വെള്ളക്കാരിയാണെന്ന വിവരം പുറത്താക്കി. പുസ്തകപ്രസാധകർ പുസ്തകം തിരിച്ചു വിളിച്ചു. കൃതി കുപ്രസിദ്ധമായ ഹിറ്റ്‌ലർ ഡയറീസ്, മുസോളിനി ഡയറീസ് തുടങ്ങിയ വ്യാജകൃതികളുടെ ഇടയിലേക്ക് എടുത്തെറിയപ്പെട്ടു. ഇന്ന് കഥാകാരി ‘തൊട്ടുകൂടാത്തവളായി’ ഒറിഗണിൽ ജീവിക്കുന്നു.

 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Reading rereading the short story memories