scorecardresearch
Latest News

Reading Day: സ്വന്തം മരണം, അന്യന്റെ മരണം

Reading Day in Kerala: കവിതകളിൽ സ്വന്തമെന്ന് വിചാരിച്ചിരുന്ന മരണങ്ങളൊക്കെയും വാസ്തവത്തിൽ അന്യന്റേതായിരുന്നു. പക്ഷേ, സ്വന്തം മരണവുമായി മുഖാമുഖം വന്നപ്പോൾ നമ്മൾ,ഭയപ്പെട്ടു; ഒളിച്ചോടി. ദുഃഖമെന്ന പേരിൽ പലപ്പോഴും ആഘോഷിച്ചിരുന്നത് അന്യന്റെ മരണമായിരുന്നു. ഒരു പനി വന്നപ്പോൾ അതുവരെ അന്യന്റെതായിരുന്ന മരണം തന്റേതാകാൻ തുടങ്ങി. വായനാദിനത്തിൽ ഒരു മറുവായന

Reading Day: സ്വന്തം മരണം, അന്യന്റെ മരണം

“ഭയത്തിൽ നിന്നും നിരാശയിൽ നിന്നും
വിമുക്തി നേടി, നിരാശയല്ലാതെ
ഈ അനന്ത ശൂന്യതയിൽ നമ്മളുറങ്ങുന്നു.
നമ്മൾ ജീവിച്ചിരുന്നു…
പേടിസ്വപ്നത്തിൽ നിന്നുണ്ടായ ഒരു പ്രേതം കണക്കെ
പകലിലൂടെ നമ്മളലഞ്ഞിരുന്നു…”

ഭയത്തിൽ നിന്നും നിരാശയിൽ നിന്നും ശ്വാശ്വത മോചനം നൽകുന്ന മരണം എന്ന തണുത്ത പുതപ്പിനെപ്പറ്റി ഇറ്റാലിയൻ കവി ജ്യോകോമോ ലിയോപാർദി (Giacomo Leopardi)  എത്രയെത്ര കവിതകളാണ് എഴുതിയിട്ടുള്ളത്! എന്നാൽ, താൻ കഴിഞ്ഞിരുന്ന നേപ്പിൾസ് നഗരത്തിൽ കോളറ പടർന്നു പിടിച്ചപ്പോൾ ആദ്യം അവിടെനിന്ന് ഓടി രക്ഷപ്പെട്ടത് മരണത്തിൽ “ആസക്തനായിരുന്ന” ലിയോപാർദിയായിരുന്നുവെന്ന് ഡോ: ഏക്സെൽ മുൻതെ (Axel Munthe) അദ്ദേഹത്തിന്‍റെ “സാൻമിഷേലിന്റെ കഥ” (The Story of San Michele, 1929) എന്ന പുസ്തകത്തിൽ പറയുന്നു. അതെ; കവിതകളിൽ സ്വന്തമെന്ന് അദ്ദേഹം വിചാരിച്ചിരുന്ന മരണങ്ങളൊക്കെയും വാസ്തവത്തിൽ അന്യന്റേതായിരുന്നു. പക്ഷേ, മരണവുമായി മുഖാമുഖം വന്നപ്പോൾ  ലിയോപാർദി  ഭയപ്പെട്ടു; ഒളിച്ചോടി.

നമ്മൾ മലയാളികൾ ദുഃഖമെന്ന പേരിൽ പലപ്പോഴും ആഘോഷിച്ചിരുന്നത് അന്യന്റെ മരണമായിരുന്നെന്ന് അടുത്തിടെ തെളിഞ്ഞു. മറുമരുന്നില്ലാത്ത ഒരു പനി വന്നപ്പോൾ നമുക്കെല്ലാം അതുവരെ അന്യന്റെതായിരുന്ന മരണം തന്റേതാകാൻ തുടങ്ങി. ആത്മഹത്യപോലും അപരന്റേതായിരുന്നു പലപ്പോഴും. കാരണം ആത്മഹത്യ ചെയ്യുന്ന ഞാൻ തെറ്റുകളിൽ പോലും കാൽപ്പനികനാക്കപ്പെട്ട വേറൊരുവനായിരുന്നു!

Read More: കഥയും കാലവും

തൊട്ടടുത്ത് രണ്ടു പനിമരണങ്ങൾ നടന്ന ഇവിടെയിരുന്നോർക്കുമ്പോൾ എനിക്കു തോന്നുന്നു ഞാനാകെ വായിച്ചിട്ടുള്ളത് അലഹന്ദ്ര പിസാർനിക്കിനെ (Alejandra Pizarnik)  മാത്രമാണെന്ന്. കാരണം അലഹന്ദ്ര പിസാർനിക്കിന് മരണം എന്നും തന്റേതായിരുന്നു അർജന്റീനയിലെ പ്രശസ്തയായ എഴുത്തുകാരിയും ചിത്രകാരിയുമായിരുന്നു അവർ. വേരില്ലായ്മയുടെയും പ്രവാസത്തിന്‍റെയും എഴുത്തായിരുന്നു അവരുടേത്. പിസാർനിക്കിന്‍റെ ‘സംഗീതത്തിന്‍റെ നരകം’ (A Musical Hell, 1971) എന്ന പുസ്തകത്തിന്‍റെ ആമുഖത്തിൽ ഹൂലിയോ കൊർത്തസാർ (Julio Cortazar) ഇങ്ങനെ എഴുതി: ”നിങ്ങളുടെ പുസ്തകം എന്നെ മുറിപ്പെടുത്തി; അത് നിങ്ങളുടെ മാത്രം പുസ്തകമാണ്; ഓരോ വരിയിലും നിങ്ങൾ നിങ്ങൾ മാത്രമാണ്.”jayakrishnan,

ആ നിങ്ങളുടെ മാത്രം പുസ്തകം മരണമാണ്. മുപ്പത്തിയാറാം വയസ്സിൽ ആത്മഹത്യ ചെയ്തു കൊണ്ട് അവരതു തെളിയിക്കുകയും ചെയ്തു. അവർ മരണത്തെ സ്വന്തമാക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, ”അനാഥനായ മരണം” എന്ന കൊച്ചു കഥ:

Read More: വായനയുടെ വാതായനങ്ങൾ

വീടിനു മുന്നിലെ മരച്ചുവട്ടിലിരുന്ന് മരണവും പെൺകുട്ടിയും ചായ കുടിക്കുമ്പോൾ കഥ തുടങ്ങുന്നു: പറഞ്ഞറിയിക്കാനാവാത്ത വിധം ഭംഗിയുള്ള ഒരു പാവ അവർക്കിടയിലിരുന്നു. മരണവും പെൺകുട്ടിയും അസ്തമയത്തേക്കാൾ ആ പാവയെ ശ്രദ്ധിച്ചുകൊണ്ട് സംസാരിച്ചു.

“കുറച്ച് വീഞ്ഞു കുടിക്കൂ,” മരണം പറഞ്ഞു.

പെൺകുട്ടി നോക്കിയപ്പോൾ മേശപ്പുറത്ത് ചായയല്ലാതെ മറ്റൊന്നും കണ്ടില്ല.

“ഞാൻ വീഞ്ഞ് കാണുന്നില്ലല്ലോ.” അവൾ പറഞ്ഞു.

“ഇല്ലാത്തതുകൊണ്ടാണ് കാണാത്തത്,” മരണം പ്രതിവചിച്ചു.

“പിന്നെന്തിനാണ് നീ വീഞ്ഞുണ്ടെന്ന് പറഞ്ഞത്?” പെൺകുട്ടി ചോദിച്ചു.

“വീഞ്ഞുണ്ടെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. കുറച്ച് വീഞ്ഞു കുടിക്കാൻ മാത്രമാണ് പറഞ്ഞത്,” അതായിരുന്നു മരണത്തിന്‍റെ മറുപടി.

“അങ്ങനെയെങ്കിൽ അത് കുടിക്കാൻ പറഞ്ഞത് തെറ്റാണ്,” പെൺകുട്ടി ദേഷ്യത്തോടെ പറഞ്ഞു.

“ഞാൻ അനാഥനാണ്,” മരണം ക്ഷമാപണസ്വരത്തിൽ പറഞ്ഞു: “എന്നെ ശരിയായ വിധത്തിൽ കാര്യങ്ങൾ പഠിപ്പിക്കാൻ ആർക്കും സമയമില്ലായിരുന്നു.”

പ്രത്യക്ഷത്തിൽ ഇതുവരെ പറഞ്ഞതുമായി ബന്ധമില്ലാത്തതും മാന്ത്രികവുമായ ഒരു വാചകത്തിൽ കഥ അവസാനിക്കുന്നു:jayakrishnan,

പാവ കണ്ണു തുറന്നു.

അത് ഒരിക്കലും ശരിയായ വിധത്തിൽ കാര്യങ്ങൾ പഠിച്ചിട്ടില്ലാത്ത മരണത്തിനു നേരെയുള്ള കണ്ണു തുറക്കൽ കൂടിയാണ്: ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്ന മരണത്തിനു നേരെയുള്ള കണ്ണുതുറക്കൽ.

“കല്ലിനെ മൂടുന്ന ജലം” എന്ന കവിതയിൽ മരണത്തിന്റെ ആശ്ലേഷത്തെ അവർ ഇങ്ങനെ വരച്ചുവെക്കുന്നു:

“തന്‍റെ പൗരാണികാന്വേഷണത്തിൽ നിന്ന്
മടങ്ങുന്ന ഒരുവളെ രാത്രി മൂടുന്നു;
കല്ലിനെ ജലമെന്ന പോലെ,
പക്ഷിയെ ആകാശമെന്ന പോലെ
അല്ലെങ്കിൽ പ്രണയത്തിൽ ഒന്നാകുന്ന
രണ്ടു ശരീരങ്ങൾ പോലെ.”

Read More: കഥകളെക്കാൾ എത്രയേറെ കൗതുകകരമാണ് ചരിത്രം

ആ ശരീരങ്ങളിലൊന്ന് തന്റേതും മറ്റേത് മരണത്തിന്റേതുമാണെന്ന് തന്റെ മരണത്തിലൂടെ അവർ അടിവരയിടുന്നു; ഒരിക്കലും മായാത്ത വിധത്തിൽ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Reading day 2018 in kerala india alejandra pizarnik julio cortazar a musical hell