ജനാബ് ഇമ്പിച്ചിക്കോയസാഹിബിനെ കാണ്മാനില്ല. രണ്ടുതവണ പഞ്ചായത്തുമെമ്പറായിരുന്ന, ഭാര്യയും മൂന്നുകുട്ടികളുമുള്ള ടിയാന് നാല്‍പ്പത്തിയെട്ടു വയസ്സു പ്രായം വരും.
പത്താംവാര്ഡിന്റെ ജനകീയപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന സാഹിബിന്റെ തിരോധാനത്തില്‍ ദുഃഖിതരായി കഴിയുകയാണ് കുടുംബാംഗങ്ങള്‍. ഉദുമല്പേട്ടയിലേക്കെന്നു പറഞ്ഞ് നാലുദിവസം മുമ്പു വീട്ടില്നിന്നുപോയശേഷം ഫോണില്‍ ബന്ധപ്പെടാനാവുന്നുമില്ല. എത്രയും പെട്ടെന്ന് ടിയാനെ കണ്ടെത്തുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന്, ബഹുമാനപ്പെട്ട സ്ഥലം സബ്ഇന്‍സ്പെക്ടറോട് വിനീതമായി അപേക്ഷിക്കുന്നു.
ഇമ്പിച്ചിക്കോയയുടെ ബന്ധുക്കള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പരാതിയാണിത്. കവറിനുള്ളിലേക്കുനീങ്ങി, പോലീസ്സ്റ്റേഷനിലേക്ക് പോവാനൊരുങ്ങുന്ന പരാതിയുടെ മുകളറ്റത്ത് പതിപ്പിച്ച ഫോട്ടോ നിങ്ങളെ കരുണാര്‍ദ്രമായി നോക്കുന്നുണ്ട്. ഫോട്ടോയൊന്നു നോക്കിക്കേ, പ്ലീസ്. വല്ല പരിചയവുമുണ്ടോ? നിങ്ങളിയാളെ എവിടെയെങ്കിലും വെച്ചു കണ്ടിട്ടുണ്ടോ? ആരുടെയെങ്കിലും നാട്ടിലിയാള് ഈയടുത്ത് വന്നിട്ടുണ്ടോ? ശ്രദ്ധിച്ചുനോക്കൂ.
പരാതി മടക്കിയതിനൊപ്പം ഫോട്ടോയതാ കടലാസിനുള്ളില്‍ മറയുന്നു. ഇപ്പോള്‍, കവറിനുള്ളിലേക്ക് തിക്കിത്തിരക്കി കയറ്റുകയാണത്. ഇല്ല. ഇനിയാരും നോക്കിയിട്ട് കാര്യമില്ല. ഇമ്പിച്ചിക്കോയ കവറിനുള്ളില്‍ അടക്കപ്പെട്ടു. വീട്ടില്‍നിന്ന് അവര്‍ ഇറങ്ങിയയുടനെ കടകടശബ്ദമുയര്ന്നു, തിങ്ങിക്കൂടിയ ആളുകള്‍ വഴിമാറിക്കൊടുത്തതുകൊണ്ട് ഓട്ടോക്കു മുന്നോട്ടുപോവാന്‍ വഴിയുണ്ടായി. ഇനി നിങ്ങള്‍ക്കു കണ്കൂര്പ്പിച്ചു നോക്കാന്‍ ഇതേ ഗ്രാമത്തിലെ മറ്റൊരാളെ തരാം.
കാവിപൂശിയ നിലത്ത്, ഉടുമുണ്ടു മാത്രമുടുത്ത്, കൊഴുപ്പടിഞ്ഞ ശരീരവുമായി കിടക്കുന്നയാളെ നോക്കിക്കെ. ഇതാണ് സര്‍ജുലന്‍ മാരാര്‍. മുകള്‍നിലയിലെ മുറിയില്‍ കിടക്കുന്ന ഇയാള്‍, വീടിനു മുന്‍വശത്തെ വിശാലമായ നെല്പ്പാടത്തിനപ്പുറത്തെ റോഡിലൂടെ, ഓട്ടോയില്‍ പോലീസ്സ്റ്റേഷനിലേക്ക് പോവുന്നവരെ കാണുന്നില്ലെങ്കിലും നിങ്ങള്‍ കാണണം.
കതിരുകളിലേക്ക് പുക ചീറ്റുന്ന ഓട്ടോയിലിരിക്കുന്നവരുടെ കൈയിലുണ്ടല്ലോ നിങ്ങള്‍ കണ്ട പരാതി. ഇതൊന്നുമറിയാതെ സര്‍ജുലന്‍ കാട്ടിക്കൂട്ടുന്നത് നോക്കിയേ… തലയിണയെ കെട്ടിപ്പിടിച്ച് നിലത്തുകൂടെ ഉരുളുകയാണവന്. “ഉറുമാമ്പഴങ്ങള്! മുഴുത്തുരുണ്ട ഉറുമാമ്പഴങ്ങള്ക്കിടയിലേക്കാണല്ലോ… ഭഗവതീ, നീ ഞങ്ങളെയെത്തിച്ചിരിക്കുന്നത്…” ഇവന് പുലമ്പുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?
ഈ സര്ജുലനുണ്ടല്ലോ ഇവനേ സൗദിയിലാണ് ജോലി. രണ്ടുവര്‍ഷം കൂടുമ്പോള്‍ ലീവിനു വരും. സല്മാന് രാജാവ് സ്വദേശിവല്‍ക്കരണത്തിന്റെ ചാട്ട ആഞ്ഞുവീശാന്‍ തുടങ്ങിയപ്പോള്‍ സര്ജുലന്റെ രക്ഷക്കെത്തിയത് ചെണ്ടയാണ്. അതെ, മലയാളികളുടെ നെഞ്ചിടിപ്പായ വാദ്യോപകരണം തന്നെ. കഴിഞ്ഞ തവണ ലീവിനു വന്നപ്പോള്‍ കേരളം കാണാന്‍ അറബിമുതലാളിയും ഒപ്പം കൂടിയിരുന്നു. അന്നാണ് അറബിക്ക് ചെണ്ടയില്‍ കമ്പം മുറുകുന്നത്.
പല പൂരപ്പറമ്പുകളിലൂടെയും കറങ്ങിയ അവര്‍, ചെണ്ടയുമായാണ് വിമാനം കയറിയത്. അറബി, നിതാഖത്തിന്റെ കുരുക്ക് സര്ജുലന്റെ കഴുത്തില്‍ നിന്ന് ചെണ്ടക്കോലാല് തട്ടിയകറ്റി, പശുത്തോലില്‍ ആഞ്ഞുകൊട്ടി ഇവനങ്ങു ശിഷ്യപ്പെട്ടു. തുച്ഛമായ വരുമാനത്തിന് ചെണ്ടകൊട്ടി നടുവൊടിഞ്ഞ ജീവിതമായിരുന്നു അച്ഛന് അപ്പുമാരാരുടേതെങ്കില്, ജോലി കഴിഞ്ഞശേഷം അറബിയെ ചെണ്ടകൊട്ടും പഠിപ്പിച്ച്, അറബിവീട്ടിലെ ഒട്ടകപ്പാലും ആടു പുഴുങ്ങിയതും കഴിച്ച് സര്ജുലനങ്ങ് ജീവിതം അറമാതിച്ചു.
“സര്ജുലാ… ടാ… ഞാനേ… തോട്ട്ക്ക് തിര്മ്പാം പോവ്വാ…. ചോറ് വട്ക്ക്ണീല്ണ്ട്… ഇടത്ത് കയിച്ചോ…” വാതിലിന്റെ ഞരക്കവും അലുമിനിയബക്കറ്റിന്റെ കിലുക്കവും സര്ജുലന്റെ കണ്ണുകളെ മിഴിപ്പിച്ചു.
“ഇമ്പന്റെ തച്ച് തിര്മ്പാനും ഇമ്പന്‍ വെച്ച് വെളമ്പി കൊട്ക്കാനും ഒര് പെണ്ണിനെയിനി എന്ന കിട്ട്വാ, ഭഗോതീ…”
സര്‍ജുലന്‍ എണീറ്റിരുന്നു. കിളിവാതിലിലൂടെ ബക്കറ്റും പിടിച്ച് പാടവരമ്പത്തേക്കിറങ്ങിപ്പോവുന്ന അമ്മയെ നോക്കി. ആ വൃദ്ധമാതാവിന്റെ വാക്കുകളിലെ മാറാവേദന നിങ്ങളേയും വന്നുതൊട്ടിട്ടുണ്ടാവും. മക്കളെക്കുറിച്ചുള്ള ആധികളും പേറി എരിഞ്ഞടങ്ങുന്നത് അമ്മമാരാണല്ലോ. മൂന്നു ദിവസം കൂടി കഴിഞ്ഞാല്‍ ലീവും കഴിഞ്ഞ് സര്‍ജുലന്‍ വിമാനം കയറും. എല്ലാത്തവണത്തേയും പോലെ, അനുയോജ്യയായ മാരാത്തിപ്പെണ്ണിനെയും മോഹിച്ച് മരുഭൂമിയില്‍ വേഴാമ്പലിനെപ്പോലെ കഴിയാനാണിനിയും സര്ജുലന്റെ വിധി.
“ടാ… സര്‍ജൂ… ടാ…”
“മാരാരെ… മാരാരേ…”
“ഇബടാരൂല്ലേ… ലക്ഷ്മ്യമ്മേ…”
സര്‍ജുലന്‍ കിളിവാതിലിന്റെ അഴിയില്‍ പിടിച്ചെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ടുടുത്ത്, ബനിയനുമിട്ട് പുറത്തിറങ്ങി. ഇടനാഴിയില്‍ നിന്ന് മുറ്റത്തേക്കു നോക്കി. കോണിപ്പടികളിറങ്ങുമ്പോള്‍ അടുക്കളയില്‍ നിന്നുള്ള കറിക്കൂട്ടുകളുടെ മണം വിശപ്പിനെ ആളിക്കത്തിക്കുന്നുണ്ടായിരുന്നു. പൂമുഖത്തെത്തിയപ്പോള്‍ അവര്‍ മടങ്ങുന്നതു കണ്ടു.
“പ്രകാശാ… അല്ലാ… പോവ്വാണോ…”
“മാരാരെ, നീയ്വ്ടെണ്ടായിര്ന്നോ! ഞങ്ങള്‍ കര്തീ ഒളവീപ്പോയീന്ന്…”
“ഒളിവിലോ….? എന്താ ദിനേശേട്ടാ ങ്ങള് പറേണേ…?”
“അന്റെ ഉറ്റ ചങ്ങായി ഇമ്പിച്ചിക്കോയനെ കാണാല്ല.. അയാളെ വീട്ട്വാര് പോലീസ്ക്ക് പരാതി കൊട്ത്ത്ട്ട്ണ്ട്. അന്റെ കൂടല്ലേടാ അയാളവസാനം….”
“സര്‍ജൂ… ഉദുമല്പ്പേട്ടേക്ക് ഉറുമാമ്പഴക്കച്ചോടം നടത്താനാണോടാ അയാളനേയും കൂട്ട്യേത്…?”
“അത്… അത്… അതേ. ഇതാരാ ങ്ങളോട് പറഞ്ഞേ?” സര്‍ജുലന്‍ വിയര്‍ത്തു.
“നാട്ട്വാര് പറഞ്ഞ് കേട്ടതാടാ…”
“അതേ…ഡെങ്കീം ചിക്കന്ഗുനീം വന്നപ്പൊ ഉറുമാമ്പഴത്തിനിപ്പൊ വല്ല്യെ ഡിമാന്റല്ലേ…. അതാ കോയാക്ക ആ കച്ചോടംതന്നെ…”
“ങ്ങള് ഉറുമാമ്പഴോ സബര്ജില്ല്യോ എന്ത് വേണങ്കിലും കച്ചോടാക്കിക്കൊ. അന്ന് പോയ കോയ ഇത് വരെ നാട്ടിലെത്തീട്ട്ല്ല, സര്ജുലാ… പോലീസാദ്യം വര്വാ ഇവിടായിരിക്കും…”
“അന്നോട് ഞങ്ങള്‍ എത്രയോവട്ടം പറഞ്ഞിട്ടില്ലെ സര്‍ജൂ… ലീവിന് വന്നാ ആ മേത്തന്റെ കൂടെ കൂടര്തെന്ന്… കഴിഞ്ഞ ലീവിന് വന്നപ്പൊ നീയാ കോയനേം അറബീനിം അമ്പലത്തീക്കേറ്റീലെടാ…”
“ജഗേട്ടാ… പൂരത്തിന് എല്ലാ കൊല്ലവും നല്ലൊരു സംഖ്യ പിരിച്ച് തര്ണത് കോയാക്കയല്ലേ… അയാക്ക് ജാതീം മതോം ഒന്നും…”
“സര്ജുലാ… അന്റെ അമ്മാവന് രാമംമാരാര് കഴിഞ്ഞാഴ്ച ആഴീക്കലെ സ്ഥലത്തിന്റെ പേരില്‍ കോയയുമായി ഒരസിയത് അനക്കറിയാലോ…?”
സര്‍ജുലന്‍ തലയാട്ടുമ്പോള്‍ അയാള്‍ തുടര്‍ന്നു. “രാമം മാരാര്‍ക്ക് വേണ്ടി കോയാനെ നീയ് ഒഴിഞ്ഞുകൊണ്ടോയി തട്ടിക്കളഞ്ഞതാന്നൊര് സംസാരം ആളുകള്ക്കിടയില്ണ്ട്…”
“ദിനേശേട്ടാ… ഓരോരോ നുണകള്‍ കൂട്ടിക്കെട്ടി നാട്ടില്‍ പ്രശ്നങ്ങള്ണ്ടാക്കല്ലേ…”
“ഇല്ലേ… രണ്ടീസം കഴിഞ്ഞ് ഗള്‍ഫീ പോവേണ്ട നീയ് ജയിലീ പോവേണ്ട ഗതിണ്ടാവാതിരുന്നാ മതി.”
“ഓന്റെ അളിയന് പോലീസല്ലേ… അയാളോനെ രക്ഷിച്ചോളും… നടക്ക് മക്കളെ…”
നടന്നുമറഞ്ഞ അവര്‍ക്കൊപ്പം സര്ജുലന്റെ വിശപ്പും പടിയറങ്ങിപ്പോയി. മുത്തേക്കിറങ്ങി, മതിലിനരികിലെ കൂവളച്ചോട്ടിലേക്ക് നടന്ന സര്‍ജുലന്‍ ഫോണെടുത്ത് കോയയെ വിളിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ജീപ്പിന്റെ ശബ്ദം കേട്ട് അവന് തൊടിയിലൂടെ അടുക്കളയിലേക്ക് കയറി. അടുക്കള ജനല്‍ പാതി തുറന്ന് ചെത്തുവഴിയിലേക്കു നോക്കി. പാടത്തേക്കുള്ള വളവുമായി പോവുന്ന ജീപ്പുകണ്ടപ്പോള് ഉള്‍ഭയം കുറഞ്ഞു. വീതനയില്‍ വെച്ച ചോറും കറികളും നോക്കി. ഒന്നുംകഴിക്കാനാവാതെ അവന് പുറത്തേക്കിറങ്ങി നടന്നു. ബുള്ളറ്റില്‍ കയറി.
എവിടേക്കു പോണം, എന്തു ചെയ്യണമെന്നറിയാത്ത ലക്ഷ്യമില്ലാത്ത യാത്രയിലാണ് സര്‍ജുലന്‍. ബുള്ളറ്റോടിക്കുന്നുണ്ടെങ്കിലും ഉള്ളിലെന്തൊക്കെയോ കൂലംകുത്തിയൊഴുകുന്നുണ്ട്, ചുഴികളായി കറങ്ങുന്നുണ്ട്.
അന്ന് യാത്ര കഴിഞ്ഞ്, രാത്രി രണ്ടുമണിക്ക് നായാട്ടുപാലത്തിനരികില് ഞങ്ങള്‍ ബസിറങ്ങിയതാണ്. റോഡിലൂടെ നടന്നു നീങ്ങുമ്പോള്‍ ഞാനോരോന്നു ചോദിച്ചിട്ടും കോയാക്കയൊന്നും മിണ്ടിയില്ല. പാടവരമ്പത്തേക്കിറങ്ങുമ്പോള്, നാളെ കാണാമെന്നു പറഞ്ഞപ്പോഴും തലയാട്ടുക മാത്രം ചെയ്ത അയാള്‍ വീട്ടിലേക്കു നടന്നുപോകുന്നത് ഞാന്‍ കാറ്റിലാടുന്ന കതിരുകള്‍ക്കിടയിലൂടെ കണ്ടു. പിന്നെ ഇയാളിതെങ്ങോട്ട് പോയിരിക്കും ഭഗവതീ…
സര്ജുലന്റെ ആത്മഗതങ്ങള്ക്കിടയിലേക്കാണ് മന്ദാകിനി ബസ് മലഞ്ചെരിവിറങ്ങിവന്നത്. പൊടുന്നനെ വെട്ടിച്ച ബുള്ളറ്റില്‍ നിന്ന് തോട്ടിലേക്ക് ചെങ്കോലു കുത്തുംപോലെ സര്ജുലന്റെ ഓര്‍മ്മകള്‍ ബസിന്റെ മുന്ചില്ലും തകര്‍ത്ത് മുന്‍സീറ്റിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു.
മൂന്നു ദിവസം മുമ്പ് മന്ദാകിനി ബസിന്റെ മുന്‍ സീറ്റില്‍ നിന്നാരംഭിച്ച യാത്ര, കെ.എസ്.ആര്.ടി.സി. ബസിന്റെ പിന്‍സീറ്റിലേക്കും ചേരന് ബസിന്റെ നടുസീറ്റിലേക്കും മാറിമറിഞ്ഞപ്പോള്‍ സര്‍ജുലന്‍ ചോദിച്ചു “കോയാക്കാ… ഇങ്ങളെത്ര വയസിലാ മംഗലം കഴിച്ചത്…?”
“ഇര്വത്തിമൂന്നാം വയസ്സില്‍…”
“ഭൂമിയിലെ ഭാഗ്യവാന്. എനിക്ക് വയസ്സ് മുപ്പത്താറു കഴിഞ്ഞു. ജാതിയും മതവും ജ്യോതിഷവുമെല്ലാം ഇപ്പൊഴുമെന്റെ മനുഷ്യജീവിതം പിച്ചിച്ചീന്തുകയാണ്, കോയാക്കാ…”
“മാരാരെ… ജ്ജ് വെഷമിക്കല്ലെ. ഒക്കെ നേരാവും… ഇത് കുടിക്ക്…” മണം പരത്താത്ത മദ്യം ക്കോളയിലൊഴിച്ച് ഇടക്കിടക്കവര് സേവിക്കുന്നുണ്ടായിരുന്നു.
“പെണ്ണ് ഇന്നും മുന്പില് തൂങ്ങിയാടുന്ന ഒര് കിട്ടാക്കനിയാണ്. ഒന്നാഞ്ഞ് ചാടിപ്പിടിച്ചാല്‍ കിട്ടാവുന്നവയുമുണ്ട്, കോയാക്കാ…”
“ടാ… മംഗലം കയിക്കാതെ ഏതെങ്കിലൊര് പെണ്ണിനെ…”
“ന്റെ ലീവ്താ തീരാം പോവ്വാ… പിന്നെ, രണ്ട് കൊല്ലം കഴിഞ്ഞ് നാട്ട്ല് വര്മ്പൊ വേണം പെണ്ണന്വേഷിക്കാന്‍… ഇന്ന്ട്ടതും നടന്ന്ട്ട്ല്ലെങ്കി, പിന്നേം…! മനുഷ്യവികാരങ്ങളടക്കി മരുഭൂമിയിലിനീം കഴിയാനെനിക്കാവൂല, കോയാക്കാ… ഇങ്ങക്ക് കഴിയോ…?”
“ഹേയ്… ഞമ്മക്കാവൂല മാരാരേ…”
“അതുകൊണ്ട് ഈ ലീവ്കഴിഞ്ഞു പോവുമ്പോഴെങ്കിലും ഓര്‍ത്തുവെക്കാന്‍ ഒരു പെണ്ണിനെയെനിക്ക്…”
“മാരാരേ… അമ്പലത്തിപ്പോയി മംഗലംപൂജ നടത്തണംന്ന് പറഞ്ഞ് ജ്ജ്ന്നെ കൂട്ടീക്ക്ണ്ത് ഇതിനാണോ…? ഉദുമല്പേട്ടീക്ക് ഉറുമാമ്പഴക്കച്ചോടത്ത്ന് പോവ്വാന്ന്, വീട്ട്കാരത്തിനോട് *പൊള്ള് പറഞ്ഞ്ട്ടാ ഞാനന്റെ കൂടെകൂടീക്ക്ണ്ത്…”
“എത്ര പൂജ നടത്തി…! ഇനി പൂജേം പുണ്യാഹംകൊണ്ടൊന്നും കാര്യം നടക്കൂലാ, കോയാക്ക… വഴി ഞാന്‍ കണ്ട്ട്ട്ണ്ട്…”
കുതിരച്ചാണകങ്ങളെ അരച്ച് ചേരന്ബസ് ക്ഷേത്രനഗരിയിലെത്തിയയുടനെ പൂക്കളുടെ ഗന്ധങ്ങളും ധൂപങ്ങളുടെ സുഗന്ധങ്ങളും ചുറ്റും പരന്നു. മുല്ലപ്പൂക്കളും ദൈവങ്ങളുടെ പടങ്ങളും പൂജാസാധനങ്ങളും കനകാംബര പൂക്കളും വില്‍ക്കുന്ന സ്ത്രീകള്‍ക്കിടയിലൂടെ സര്‍ജുലന്‍ വികാരവിവശനായി നടന്നു.
ദല്ലാളന്മാര് റൂമുകള്ക്കായും കുതിരവണ്ടിക്കാര്‍ ക്ഷേത്രത്തിലേക്കുള്ള യാത്രക്കായും വളയുന്നതിനിടയില്‍ വലയങ്ങളെല്ലാം ഭേദിച്ച് കോയ സര്ജുലനേയും കൊണ്ട് ബസ് സ്റ്റാന്റിന് പുറത്തുകടന്നു. മുന്പില് കണ്ട ഇടവഴിയിലൂടെ അവനേയും വലിച്ചു നടന്നു.
“കോയാക്കാ… ങ്ങളിതെങ്ങട്ടാ പായ്ണേ… അത് പൊഴേക്കുള്ള വഴിയാ…!”
“ഏതെങ്കിലും വയീക്കൂടി നാട്ടിലെത്താന്‍ നോക്ക്വാ… മാരാരേ…”
“ന്ക്കീം… കോയാക്ക ന്ക്കീം… ഇങ്ങള് പെണ്ണിനെ തൊടണ്ട… ഒര് ധൈര്യത്തിന് ന്റൊപ്പം നിന്നാംമതി…”
“മാരാരേ… വല്ല… പോലീസുംവന്നാല്… അന്റെ അളിയന് പോലീസാന്ന് ഓര്‍മ്മ വേണം…”
“അതിനിത് തമിഴ്നാടല്ലെ, കോയാക്ക…”
“ജ്ജ്ന്നെ വല്യൊര് കുട്ക്കിലാണല്ലോടാ പെട്ത്തീരിക്ക്ണെ… ഒര് പെണ്ണ് കിട്ടോന്നിനി ആരോടാ ചോയ്ക്കാ, മാരാരേ…?”
അതുമാലോലിച്ച് അവര്‍ പുഴക്കരയിലെ പാറയിലിരുന്നു. ബാഗില്‍നിന്ന് മദ്യക്കുപ്പിയെടുത്ത് പ്ലാസ്റ്റിക് ഗ്ലാസ്സുകളിലേക്കൊഴിച്ചു. പുഴയില്‍ പെണ്ണുങ്ങള് കുളിക്കുന്നുണ്ട്.
രണ്ടു കഴുതകള്‍ നനഞ്ഞ രോമങ്ങള്‍ കുടഞ്ഞ് അവര്‍ക്കരികിലൂടെ നടന്നുപോയി. എറിച്ചുനില്ക്കുന്ന സ്പ്രിങുകള്പോലുള്ള മുടിയുമായി തടിയന് അവരെ നോക്കി തലതോര്‍ത്തി അരികിലേക്കു വരുന്നുണ്ടായിരുന്നു. കോയ മദ്യക്കുപ്പി കാലിനടിയിലേക്കൊളിപ്പിച്ചു. ഗ്ലാസ് മുണ്ടിനിടയില്വെച്ചു. അവന്റെ സ്പ്രിങ് മുടിയില്‍ ധാരാളം വെള്ളത്തുള്ളികളുണ്ടായിരുന്നു.
“അണ്ണാ… എന്നാ സന്ദേഹപ്പെട്ര്ത്…? ഉങ്കക്ക് റൂം വേണമാ…? വാങ്കോ. എന്ന തമ്പീ, എതാവത് പ്രച്ച്നയിരിക്ക…?”
“തമ്പിക്ക് ഒര് മുഖ്യമാണ പ്രച്ച്നയിരിക്ക്, അണ്ണാച്ചീ…”
സ്വന്തം അയല്ക്കാരനെപ്പോലെ തമിഴന്റെ കൈകളില്‍ സഹായത്തിനായി പിടിച്ച്, കോയ അരികിലിരുത്തി. കാര്യങ്ങള്‍ വിശദമാക്കുന്നതിനിടയില്‍ തമിഴനും മദ്യമൊഴിച്ചു കൊടുത്തു. എല്ലാം കേട്ടുകഴിഞ്ഞ തമിഴന് ഗ്ലാസ് വീശിയെറിഞ്ഞ്, പാറയില്‍ മലര്‍ന്നു കിടന്നു ചിരിച്ചു. സ്പ്രിങ് മുടികളില്‍ നിന്ന് ചിരിക്കൊപ്പം വെള്ളത്തുള്ളികള്‍ ചിതറിക്കൊണ്ടിരുന്നു.
“ഇതൊന്നും ഇങ്കെ പ്രച്ച്നയേയല്ലാ തമ്പീ… വാങ്കെ ഏന് കൂടെ വാങ്കെ…”
ലോഡ്ജ് പഴയൊരു വീടായിരുന്നു. അകത്ത് ചെറിയൊരു നടുമുറ്റവും നിറയെ മരത്തൂണുകളുമുണ്ട്. ദൈവങ്ങളുടെ പടങ്ങള്‍ തൂക്കിയ അകത്തളങ്ങള്‍ക്ക് പാലപ്പൂവിന്റെ മണം. കനകാംബരപ്പൂക്കള്‍ ചൂടിയ എണ്ണമയമുള്ള മുഖങ്ങളുമായി സ്ത്രീകള്‍ കോണിപ്പടിയിറങ്ങി വരുന്നത് സര്‍ജുലന്‍ ഇമവെട്ടാതെ നോക്കി. അവരുടെ കറുപ്പുനിറത്തിന് മദിപ്പിക്കുന്ന സൗന്ദര്യമുള്ളതായി മഞ്ഞവെളിച്ചത്തില്‍ അവനറിഞ്ഞുകൊണ്ടിരുന്നു.
പൈസയെല്ലാം പറഞ്ഞുറപ്പിച്ച തമിഴന് സ്ത്രീകള്‍ കയറിപ്പോയ മുറിയിലേക്കവനോട് പോവാന്‍ പറഞ്ഞു. സര്‍ജുലന്‍ കോയയെ നോക്കി, മദ്യം മയക്കിയ കണ്ണുകളുമായി, ആട്ടുതൊട്ടിലില്‍ ചമ്രംപടിഞ്ഞിരിക്കുന്ന അയാള്‍ അവനോട് ധൈര്യത്തോടെ നീങ്ങാന്‍ ആംഗ്യം കാണിച്ചു.
മുറിയില്‍ മൂന്നു കട്ടിലുകളുണ്ടായിരുന്നു. ഓരോന്നും കര്ട്ടണുകളാല് വേര്‍തിരിച്ചിരുന്നു. മൂന്നിലും സ്ത്രീകളുണ്ടായിരുന്നു. ഏതെടുക്കണമെന്നറിയാതെ ഓരോന്നും നോക്കി നടന്നു. ഒടുക്കം, നടുവിലെ കട്ടിലിലേക്ക് വലതുകാല്‍ വെച്ചു നീങ്ങിയപ്പോള്‍ ചുമരിലെ ലൈറ്റ് അണയുകയും സീലിങ്ങിലെ നീല ഡിംലൈറ്റ് പ്രകാശിക്കുകയും ചെയ്തു.
ജീവിതത്തിലെ പുത്തന്പാളികള്ക്കുള്ളിലേക്കവന് പതിയെ ഇറങ്ങിച്ചെല്ലാന്‍ തുടങ്ങി. ഇതുവരെ സ്പര്‍ശിക്കാതെ ഇടങ്ങളും അനുഭവിക്കാത്ത ഗന്ധങ്ങളും അവനില്‍ പുത്തന്‍ അനുഭൂതികളുടെ അനര്‍ഘനിമിഷങ്ങള്‍ വിരിയിച്ചുകൊണ്ടിരുന്നു.
അല്പനേരം കഴിഞ്ഞപ്പോള്‍ പരിചിതമായ ചിരികള്‍ കേട്ട് അവന് അവളുടെ മുടിയിഴകള്‍ക്കുള്ളില്‍ നിന്ന് മുഖമുയര്‍ത്തി. അവളെ പുണരാനൊരുങ്ങിയപ്പോള് വീണ്ടും അതേ ചിരികള്‍…!
അടുത്തുള്ള കട്ടിലിന്റെ കര്ട്ടന് പതിയെ മാറ്റിയപ്പോള്‍ ഞെട്ടിപ്പോയി. മറ്റൊരു പെണ്ണിന്റെ നെഞ്ചില്‍ മുഖം ചായ്ച്ചു ചിരിക്കുന്നു, കോയ…!
“ഉറുമാമ്പഴങ്ങള്…! മുഴുത്ത ഉറുമാമ്പഴങ്ങള്ക്കിടയിലേക്കാണല്ലോ ഞമ്മളെത്തിയിരിക്ക്ണത്, മാരാരേ…!” മദ്യം ചുവപ്പിച്ച കണ്ണുകളിറുക്കി കോയ കര്ട്ടന് അവന്റെ കൈയില്‍ നിന്നു വലിച്ചുനീക്കി.
ബുള്ളറ്റില്‍ നിന്ന് മലമുകളിലെ കറുത്ത മണ്ണിലേക്കുള്ള സര്ജുലന്റെ ഇറക്കം ഭൂതകാലത്തില്‍ നിന്നുള്ളതുകൂടിയായിരുന്നു. പുല്‍ക്കൂട്ടത്തിനുള്ളില്‍ ബുള്ളറ്റ് നിര്‍ത്തി അവന് തള്ളിനില്ക്കുന്ന പാറയിലേക്കു കയറി.
താഴെ, ഗ്രാമത്തിന്റെ ചെറുരൂപങ്ങള്‍ കാണാം. നെല്‍പ്പാടത്തിന്റെ പച്ചപ്പിനുള്ളിലൂടെ പട്ടണം ലക്ഷ്യംവെച്ചു പായുന്ന മന്ദാകിനിബസിനെ നോക്കിനില്ക്കുന്ന സര്ജുലന്റെ മുഖത്ത് വീണ്ടും ഭയം നിഴലിക്കാന്‍ തുടങ്ങിയിരിക്കുന്നു…!
ബസിനെതിരെ വരുന്ന പോലീസ് ജീപ്പിനെ നോക്കി ഏറെ നേരം നില്ക്കാനാവാതെ അവന് മലഞ്ചെരുവിലെ ചോലയിലേക്കു നടന്നു. ‘ഇന്ന് രാത്രി ഇവിടെത്തങ്ങാം. എന്തെങ്കിലും വഴികളാലോചിച്ച് നാളെ മലയിറങ്ങാം. കോയാക്കയോടൊത്തുള്ള യാത്രയെക്കുറിച്ചെല്ലാം പോലീസുകാര്‍ ചോദ്യംചെയ്താല്‍ നടന്നതെല്ലാം അളിയനുമറിയില്ലെ…!
പെങ്ങളും അമ്മയും കുടുംബക്കാരുമെല്ലാം അതറിഞ്ഞാല്‍ പിന്നെ തൂങ്ങിച്ചാവുന്നതാണ് നല്ലത്…! ഒന്നും വേണ്ടായിരുന്നു ഭഗവതീ…’
ചോലക്കരികിലെത്തുമ്പോള് ആരോ മരങ്ങള്‍ക്കിടയിലേക്കു മറയുന്നതു കണ്ടു.
പാറകളിലൂടെ ചാടി വെള്ളത്തിനരികിലെത്തിയപ്പോള് ഒരാള്‍ വള്ളിപ്പടര്പ്പുകള്ക്കുള്ളില് പതുങ്ങി നില്ക്കുന്നു. അവന് തണുത്ത വെള്ളത്തിലേക്കിറങ്ങിയയുടനെ അയാള്‍ കാട്ടുവഴിയിലൂടെ പാഞ്ഞു. അവനും പിറകെ ഓടി.
“ആരാ…? ആരാത്…?” അവന് വിളിച്ചു ചോദിച്ചു. കാട്ടുവഴിയില് വെച്ചു പൊടുന്നനെ അയാളെ കാണാതായി. അവിടെയെല്ലാം നോക്കി. തിരിച്ചുനടക്കുമ്പോള്‍ കരിയിലകളിലെ കാലൊച്ചകള്‍ കേട്ടു.
കുറ്റിച്ചെടികള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ സര്‍ജുലന്‍ മരപ്പൊത്തില്‍ പതുങ്ങിയിരിക്കുന്നയാളെ കണ്ടു. പൊന്തകള്ക്കുള്ളിലൂടെ പതുങ്ങിപ്പതുങ്ങി മരപ്പൊത്തിനു മുന്പിലേക്കവന് കൈകള്‍ വിടര്‍ത്തി ഓടിയെത്തി, കിതച്ചു.
“കോയാക്കാ… ഇതെന്ത് കളിയാ…?”
“ങ്ങളെ കാണാഞ്ഞ് നാട്ടിലാകെ പ്രശ്നാ, കോയാക്കാ…”
അയാള്‍ മരപ്പൊത്തില്‍ തല താഴ്ത്തിയിരിക്കുമ്പോള്‍ സര്‍ജുലന്‍ കരിയിലകളില്‍ മുട്ടുകുത്തിയിരുന്ന് കരച്ചിലിന്റെ വക്കോളമെത്തി.
“ഇങ്ങളെ കാണാഞ്ഞ് പോലീസ് ഇന്നെ പൊക്കാന്‍ നടക്കാ…”
“നമ്മള് രണ്ടാളും യാത്രപോയ വിവരൊക്കെ നാട്ട്കാരറിഞ്ഞു കോയാക്കാ…”
“മാരാരേ… ഞാനെങ്ങനെ വീട്ടിക്കേറും…? എങ്ങനെ വീട്ട്കാരത്തിന്റെ മോത്ത് നോക്കും… പറ?”
“എന്തേ… എന്തേ ഇങ്ങളെ വീട്ട്ല്ണ്ടായേ…?”
“കള്ള്കുടിയും അടിയും കച്ചറയും എത്രയോ നടത്തിയിട്ട്ണ്ട് ഈ കോയ… പച്ചേങ്കില് ഒര് അന്യപെണ്ണിനെ ഇത്വരെ…! മാരാരെ ന്റെ മേത്ത് ആ തമിഴത്തീന്റെ മണാടാ…. ഈ കുപ്പായത്തിലും തുണീലും ആ പെണ്ണിന്റെ…”
“ഇങ്ങളിതിനാണോ വീട്ടീക്കേറാതെ ഒളിവീപ്പോയേ…! കോയാക്കാ ഇങ്ങള് നാട്ടിലേക്കിറങ്ങിയിട്ടില്ലെങ്കീ ന്റെ ജീവിതാ കൊളംതോണ്ട്വാ… ഈ കുപ്പായോം തുണീം ഇവിടെ വലിച്ചെറിയാം… പുതിയത് വാങ്ങി ഞാന്‍ വേഗം വരാം…”
“അത് ശരിയാവോ? മാരാരേ…?”
“ശരിയാവും. ഒക്കെ ഞാന്‍ ശരിയാക്കും. കോയാക്ക ഞാനിതാ വര്ണ്… എങ്ങും പോവല്ലേ…”
“മാരാരെ… നിക്ക് മുങ്ങിക്കുളിക്കണം. നല്ലൊര് വാസനസോപ്പും വാങ്ങിക്കോ…”
സര്‍ജുലന്‍ തലയാട്ടി. മരങ്ങള്‍ക്കിടയിലൂടെ പാഞ്ഞു. തണുത്ത വെള്ളത്തിലൂടെയോടി പാറകള്‍ ചാടിക്കടന്നു. ജീവിതം തിരിച്ചുപിടിക്കാനുള്ള സര്ജുലന്റെ ഓട്ടത്തെ നോക്കി കോയ വിഷാദനായി കാട്ടുവഴിയിലിരുന്നു. അയാള്‍ വസ്ത്രങ്ങളോരോന്നായ് ഊരി കാട്ടിലേക്കെറിഞ്ഞു.
വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ താഴേക്കു വീഴുന്ന ചോലയിലേക്ക് നഗ്നനായി നടന്നു. തണുത്ത വെള്ളത്തിലേക്കൂളിയിട്ട് ഓളപ്പരപ്പില്‍ മലര്‍ന്നു കിടക്കുമ്പോള്‍ ഇലപ്പടര്പ്പുകള്ക്കുള്ളില്നിന്ന് പക്ഷികള്‍ കൂട്ടത്തോടെ പറന്നു.
പുത്തന്‍ ജുബ്ബയും തുണിയുമുടുത്ത് ചന്ദ്രികസോപ്പിന്റെ മണവും പരത്തി, അതാ വരുന്നു, നമ്മുടെ ഇമ്പിച്ചിക്കോയസാഹിബ്.
സ്വന്തം നിരപരാധിത്വം തെളിയിച്ചു കഴിഞ്ഞാല്‍ ആരുമൊന്നു നെഞ്ചുവിരിച്ചു പോവും, കാണ്ടാമൃഗംപോലുള്ള ബുള്ളറ്റിന്റെ ഹാന്റിലില്‍ പിടിച്ചുള്ള സര്ജുലന്റെ ഇരിപ്പുകണ്ടാല്‍ അതുതന്നെയാണ് തോന്നുക, അല്ലെ…? ഒന്നു ശരിക്കും നോക്കിക്കെ, അതെന്നെ…!
ഗ്രാമക്കവലയില്‍ ബുള്ളിറ്റില്നിന്നിറങ്ങുമ്പോള് എല്ലാരുമവരെ നോക്കി. കുറച്ചാളുകള്‍ അടുത്തുകൂടി ഓരോന്നു ചോദിച്ചു.
ഇത് ഒര്‍ജിനല്‍ ഇമ്പിച്ചിക്കോയയാണോയെന്നറിയാന് ഒരു കുട്ടി അയാളുടെ കൈയ്യില്‍ നുള്ളി. അങ്ങനെ, ജനാബ് ഇമ്പിച്ചിക്കോയ സാഹിബിനെ കണ്ടുകിട്ടിയിരിക്കുന്നു.