വഴി വെട്ടൽ

വീട്ടിലേക്കുള്ള വഴി വെട്ടൽ
അത്ര കടുപ്പമായിരുന്നു.
പാറ പൊട്ടിച്ച്
കല്ലുരുട്ടി
വളളിപ്പയറ് വീശിക്കളഞ്ഞ്
കുണ്ടനെടവഴി ചാല് കീറിത്തിരിച്ച്,
വെളിച്ചം മറക്കുന്ന
ഓല മാറ്റി
പൊട്ടക്കിണറ്റിനടയാളം വച്ച്
ശീമ വേലി കെട്ടി…

വഴികളൊക്കെയും
തെളിഞ്ഞ് വന്നപ്പോൾ
വീട് വേരിളക്കി ,
അതിരുകൾ ഭേദിച്ച്
വനയാത്രക്കൊരുങ്ങുന്നു.ragila saji,poem,iemalayalam

സന്ദർശനം

ഇരുട്ടിന്റെ വള്ളികൾ വകഞ്ഞ്
കാട്ടിലേക്ക് കയറി.
ആദ്യത്തെ പേടിയെ പിന്നെപ്പിന്നെ
ചവച്ച് തുടങ്ങി.
മൃഗങ്ങളുടെ മണത്തിൽ ചവിട്ടി
കൂടുതലുള്ളിലേക്ക് പോയി.
കട്ടപിടിച്ച പച്ചയും മഞ്ഞയും
ആകാശത്തെ മറച്ചു.
പക്ഷികളുടെ വായ്ത്താരികളിൽ
ഉറങ്ങിയുണർന്നു.
വെളിച്ചത്തിന്റെ മുടിനാരുകൾ
വല്ലപ്പോഴും തൊട്ടു നോക്കി
നാടിനെയോർത്തു.
അതിഥി വന്നതിന്റെയാഹ്ലാദത്തിൽ
കാറ്റായ് വന്നിലകളുമ്മ വച്ചു.
നടന്ന് കയറിയുമിറങ്ങിയും
വഴി തെളിഞ്ഞതിലേ പോയി.ragila saji, poem, iemalayalam

കാട്ടുചൂരറ്റ് പോയെന്നറിവിൽ
നെറ്റി ചുളിച്ച്
പുരികം വളച്ച്
വാ പൊളിച്ച്
കൈകാലുകൾ കുടഞ്ഞ്
നീരസം കാട്ടി.
നാട്ടിലെക്കാറ്റുമാളുകളും
ഭയന്നോടി.

ഞാൻ നോക്കി നിൽക്കെ
എന്നിൽ നിന്നൊരു മൃഗം
വഴി നീളെ മുക്രയിട്ട്
കുതറിയോടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook