പ്രാര്‍ത്ഥനാപാനം
1.

നഗരമധ്യത്തിൽ
ത്രിമാനചിത്രകാരന്റെ
അനന്തസാധ്യതകളായി,
പണിക്കുറ്റം തീർന്നയൊരു-
ശില്പത്തിന്നഴകളവുകളായി
നിന്റെ നിശബ്ദസാന്നിധ്യം.

നിങ്ങൾക്ക് പിന്നിൽ
ആഭിചാരക്രിയകളുടെ പുകച്ചുരുളുകൾ

നിന്നിലേക്ക് മുഖം തിരിഞ്ഞ്
മുട്ടിന്മേലിരിക്കുന്നൊരുവള്‍
നിന്നെ അളന്നെടുക്കുന്നു
അവളുടെ ആര്‍ദ്രനനയങ്ങള്‍
നിന്നെ മൊത്തിക്കുടിച്ചു തുടങ്ങുന്ന
ചുണ്ടുകളിലവളുടെ നാവിന്‍ നനവ്‌.

നമുക്കിടയിലെ കോഫി മഗ്ഗുകൾ
എന്നേ തണുത്തു പോയിരിക്കുന്നു
അതിന്റെ ഉടലില്‍ വിരലു-
കളുറഞ്ഞതിന്റെ അടയാളങ്ങള്‍ .

rajesh chithira ,poem,

സ്വവർഗാനുരാഗികളാവില്ല
ഈച്ചകൾ
എങ്കിലും
മരണം അവരെ
ഒരേ മഗ്ഗിന്റെ തുഞ്ചത്ത് ചേര്‍ത്തു വയ്ക്കുന്നു.

ഇനിയും അലിഞ്ഞു തീരാത്ത
മധുരത്തരികളിവരുടെ ഉടലുകള്‍.

ഏത് നിമിഷവും നീ എണീറ്റേക്കാം
നിമിഷാര്‍ദ്ധത്തില്‍ മരുഭൂമിയായി
മാറിയ ഒരു കടലെന്നോളം
വരണ്ടു പോയ നിന്റെ ചുണ്ടുകളില്‍
നിന്നവള്‍ മുറിഞ്ഞു മാറുന്നു .

നിങ്ങൾ കടന്നു പോവുമ്പോൾ
ഒരു പ്രാർഥന
ഓർക്കാപ്പുറത്ത്
പിടച്ചൊടുങ്ങിയേക്കാം.

ഇപ്പോൾ കോഫി മഗ്ഗിൽ
ഒരു ഈച്ച മാത്രം ബാക്കിയാണ്

അത്രയെറെ അനുരാഗത്തോടെ
ഒരാളിപ്പോള്‍
ഭൂമിയിലേക്ക് ചുണ്ടു ചേർക്കുന്നു.

2

മൂക്കോളം മുങ്ങിയ
അപരിചിത്വത്തി-
ന്നാഴത്തില്‍ നിന്ന്
കാത്തിരിപ്പിന്റെ
ചുവര്‍ക്കണ്ണാടിയിലെ
അപരിചിതമുഖത്തില്‍ നിന്ന്
അവന്റെ മുഖം.

എന്നോട് എന്നോണം അവനോട്;
നിന്നെ എനിക്ക് പരിചയമുണ്ട്; .
ആധിപിടിച്ചുയര്‍ന്ന
താപമുരഞ്ഞു താഴ്ന്ന്.
തണുത്തുറഞ്ഞ ഉടലായി
അവനൊപ്പം കിടന്നു

കണ്ണാടിയിലിപ്പോള്‍
അവന് എന്റെ മുഖം;
പരിചിതന്മാരായാ
അവന്മാര്‍ ഞങ്ങള്‍.

ഒട്ടും പുരാതനമല്ലാത്ത
ഓര്‍മ്മനിലവറകളില്‍ നിന്ന്
ഒട്ടും ചെറുതല്ലാത്ത
മോഗോളിയന്‍ ചില്ലിങ്ങിനന്ത്യത്തില്‍
തിരസ്കരിക്കപ്പെട്ട
ശീതചതുരങ്ങള്‍
അവന്മാര്‍; ഞങ്ങള്‍

rajesh chithira ,poem,

റൈറ്റ് ഓഫ് വേ

നിരത്തിലേക്ക് കെട്ടഴിച്ച് വിടപ്പെട്ട
ഒട്ടകപക്ഷികൾ
ഏകാന്തതയ്ക്ക് മീതേ
അവരുടെ ദു:ഖത്തിന്റെ തൂവൽ പൊഴിക്കുന്നു.

ദൃശ്യപരിധി നേർത്ത പ്രഭാതത്തില്‍
അവരുടെ കാലുകൾക്ക് നീളം വയ്ക്കമ്പോള്‍
നിരത്ത് രക്തനനവുള്ള
ഒരു ആർത്തവകാലത്തിന്റെ
ഓർമ്മയെ താലോലിച്ചു തുടങ്ങിയിരിക്കുന്നു.

ഒളിപ്പിച്ചു വച്ച ആർത്തവകാലങ്ങളാണ്
നിന്റെ ഏലക്കാടുകൾ
നിമിഷം തോറും മൂല്യം നഷ്ടമാവുന്ന
കറൻസികൾ അട്ടിവച്ച വാഹനങ്ങളാണ്
സ്വപ്നങ്ങളിറങ്ങിപ്പോയ നിന്റെ നിദ്രാടനങ്ങൾ.
ചുരത്താൻ അനുവദിക്കായ്കയാൽ പുകയൂതി വിടുന്ന
മുലകളെ ഓർമ്മിപ്പിക്കുന്നു

ഏലക്കാടിന്റെ അതിരിലെ രണ്ടു മലകൾ.
മുലക്കാടുകൾ എന്നൊരു ശീർഷകമെഴുതി
ഒട്ടകപ്പക്ഷികളിപ്പോൾ
മലമുകളിൽ അടയാളം വയ്ക്കുന്നു.

അതിവേഗ പാതയുടെ സർവേക്കാരനാണ്
ഞാനിപ്പോൾ
ഒരു ഒട്ടകപ്പക്ഷിയുടെ ചുവടുകളാണ്
പാതയുടെ അളവുകൾ.

അതിരുകൾക്കുള്ളിൽ ഒട്ടകപ്പക്ഷിയുടെ
തൂവലുകൾ കൊണ്ട് നെയ്ത
നിന്റെ പേരെഴുതിയ കുപ്പായമുണ്ട്.
വിൽപ്പനയ്ക്ക് കാത്തുനില്‍ക്കുകയാണ് അത് .
കുപ്പായങ്ങളിൽ നിന്ന് ഇപ്പോഴും കേൾക്കാനാവുന്നുണ്ട്
പക്ഷികളുടെ നിലയ്ക്കാത്ത കരച്ചിലുകള്‍.

കുപ്പായങ്ങളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു
അവയുടെ കുറുകലുകൾ.
കേള്‍വിയുടെ ആഴങ്ങളിലേക്ക്
ഉടലു വിട്ടുണരുന്ന നിന്റെ മുലകളിലേക്ക്
ഒളിഞ്ഞു നോക്കുന്നു ഞാനിപ്പോൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ