”സ്വപ്‌നങ്ങള്‍ക്ക് ഭ്രാന്തിന്റെ സ്വഭാവമാണ്”
- ജോസഫ്
അന്താരാഷ്ട്രയാത്രയാണ്. ചുറ്റിനും കണ്ണെത്തുന്നിടത്തോളം ദൂരത്തില്‍ ആകാശം. അതിനു മുകളിലും ആകാശം. ആകാശം നിറയെ ആകാശം. ജാലകത്തിനരികെയിരുന്ന് പലതരം മേഘചേരുവകള്‍ക്കിടയിലൂടെ ഒരു കന്നി യാത്രക്കാരന്റെ ഉള്‍പ്പുളകങ്ങളോടെതന്നെയാണ് അയാള്‍ തന്റെ വിമാനയാത്ര തുടര്‍ന്നത്. അത്രയും ഉയര്‍ച്ചയും താഴ്ചയും ആദ്യമായിട്ടായിരുന്നു. അയാള്‍ ദൃഷ്ടികള്‍ താഴേക്കൂന്നി. അനക്കമറ്റ ആഴങ്ങളില്‍ കോടിക്കണക്കിന് മനുഷ്യന്മാരുടെ അദൃശ്യസാന്നിദ്ധ്യങ്ങളെ ഊഹിച്ചെടുത്തു. ഇത്രയധികം മനുഷ്യന്മാര്‍ സ്‌നേഹിച്ചും കലഹിച്ചും ജീവിക്കുന്നതിന്റെ അടയാളങ്ങളൊന്നും തന്നെ പുറമേക്ക് കാണുന്നില്ലല്ലോയെന്ന് ആലോചിച്ചിരിക്കെ വിമാനം കുറച്ചുകൂടി ഉയര്‍ച്ച പ്രാപിച്ചു. മഹനീയമായ ഉത്തുംഗങ്ങളില്‍പ്പെട്ട് താഴ്ച ഒന്നുകൂടി ശാന്തവും നിഗൂഢവുമായി.
താനിപ്പോള്‍ കടന്നുപോകുന്നത് ഇന്ത്യന്‍ ആകാശത്തിലൂടെ തന്നെയോയെന്ന് സംശയിക്കവെ, മണ്ണിനോട് പറ്റിച്ചേര്‍ന്ന് കിടക്കുന്ന സമതലചിന്തകളോടെ കണ്ണുകള്‍ താഴെയുള്ള മനുഷ്യതന്മാത്രകളെ ഒരിക്കല്‍ക്കൂടി വൃഥാ പരതുവാന്‍ തുടങ്ങി. തന്റെ പട്ടണം, വീട്, വീടിനടുത്ത് അടയിരിക്കുന്ന ലൈബ്രറി, താന്‍ അലഞ്ഞുതിരിയുന്ന തെരുവുകള്‍, റാഡിക്കല്‍ ബുക്‌സ്, ദിനേശ്, അഷറഫ്, രഘു, സോഫിയ, ഗായത്രി. എല്ലാവരും തന്നെ താഴെ ഇഴഞ്ഞുനടക്കുകയാണ്.
ആ സമയം വിമാനം താഴേക്കാണ് ഊളിയിട്ടത്. പച്ചപ്പ് തിങ്ങിനിറഞ്ഞ ഗ്രാമപ്രദേശങ്ങള്‍ മറികടന്ന് പാടലവര്‍ണ്ണമേറിയ നഗരാതിര്‍ത്തികളിലൂടെ. മേഘപടലങ്ങള്‍ തെന്നിമാറിയപ്പോള്‍ താഴെയുള്ള മനുഷ്യപുറ്റുകളെ കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് മേല്‍ക്കൂരകളുടെ ലോകം തെളിഞ്ഞുവന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ കെട്ടുപിണഞ്ഞ ചതുരശൃംഖലകള്‍ക്കിടയിലൂടെ പുഴയുടെ നീളമേറിയ ജലം നേര്‍ത്തൊരു വെള്ളിനൂലുപോലെ കാണപ്പെട്ടു. വളഞ്ഞുപുളഞ്ഞ് നഗരത്തെ രണ്ടാക്കി പകുത്തുകൊണ്ടായിരുന്നു അതിന്റെ ഒഴുക്ക്.
സ്വപ്‌നങ്ങളുടെ സമൃദ്ധിനിറഞ്ഞ ധാതുക്കള്‍ ആണ്ടുകിടക്കുന്ന മനസ്സാണെങ്കിലും കുറെ വര്‍ഷങ്ങളായി അവയുടെ കടന്നുവരവൊന്നുമില്ലാതെ തികച്ചും നിശൂന്യമായ ഉറക്കങ്ങളായിരുന്നു അയാളുടേത്. പക്ഷേ ഇന്ന് ആ തിരശ്ചീനതയില്‍ ലയിച്ചുചേര്‍ന്നുറങ്ങുമ്പോള്‍ ലംബമായി ഒരു സ്വപ്‌നം തിരശ്ശീലയില്ലാത്ത സിനിമപോലെ അയാളില്‍നിന്നും മുളച്ചുപൊന്തി.
അതിനൊരു കാരണമുണ്ടായിരുന്നു.
നാലഞ്ചുവര്‍ഷങ്ങള്‍ക്കു മുന്നെ രഘു, റാഡിക്കല്‍ ബുക്‌സ് തുടങ്ങും മുന്നെ അഷറഫ് പ്രദര്‍ശിപ്പിച്ച പേര് ഓര്‍ത്തെടു ക്കുവാന്‍ കഴിയാത്ത ഒരു ഡോക്യുമെന്ററിയിലായിരുന്നു ആ സ്വപ്‌നത്തെ കുറ്റിയടിച്ച് കെട്ടിയിരുന്നത്. ഏതോ ചേരികള്‍ക്കിടയിലൂടെ സാവകാശം ഇഴഞ്ഞുനീങ്ങുന്ന കാമറ. ചെളിയില്‍ കാലുകളാഴ്ത്തി ഒരു ദരിദ്രബാലന്‍ തലയുയര്‍ത്തിപ്പിടിച്ച് പറന്നകലുന്ന വിമാനത്തെ സാകൂതം നോക്കിനില്‍ക്കുന്ന രംഗം കടന്നുവരുന്നു രാവിലെ മുതല്‍ രാത്രിവരെ തന്റെ ചേരിക്ക് മുകളിലൂടെ കടന്നുപോകുന്ന മൊത്തം വിമാനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുകയാണെന്ന് അവന്‍ ക്യാമറയുടെ മുഖത്തേക്ക് നോക്കി പറയുന്നു.

”ഇതില്‍ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യമുണ്ട്.” ഡോക്യുമെന്ററി ഓടിത്തീര്‍ന്നപ്പോള്‍ പ്രൊജക്ടറിനരികില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റുകൊണ്ട് അഷറഫ് പ്രവചിച്ചു.
”ശ്രദ്ധിച്ചോ, എല്ലാം തന്നെ യുദ്ധവിമാനങ്ങളെപ്പോലുള്ളവയാണ്.”
പക്ഷേ, ആ ആഫ്രിക്കന്‍ ചിത്രത്തില്‍ ജോസഫ് കണ്ടത് വേറൊന്നായിരുന്നു. ആ അഴുക്കുപിടിച്ച ദരിദ്രബാലന്‍ താൻ തന്നെ. ആകാശത്തേക്ക് തലയുയര്‍ത്തിപ്പിടിച്ചുള്ള ആ നോക്കിനിൽപ്പ് തന്റെ കുട്ടിക്കാലത്തിന്റെ കൗതുകങ്ങളില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്ന ഒരു രംഗം തന്നെയാണ്. അന്നുമുതല്‍ക്കേ മനസില്‍ കടന്നുകൂടിയ ആഗ്രഹമാണ് ആകാശയാത്ര. ദിക്ക് തിട്ടപ്പെടുത്തുവാന്‍ കഴിയാത്ത ഇരമ്പലിനെ തേടി കണ്ണുകള്‍ ആകാശം പരതുമ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ മുങ്ങാംകുഴിയിടുന്ന വിമാനത്തെ കണ്ടെത്തുന്നു. വെയിലില്‍ വെട്ടിത്തിളങ്ങുന്ന ആ വെള്ളിക്കുരിശിന്റെ വിഭ്രാത്മകത നിറഞ്ഞ മൂളലും സങ്കൽപ്പവിതാനങ്ങളുടെ മുകളിലൂടെ സ്വപ്‌നത്തിന്റെ ലാഘവത്തോടെയുള്ള അതിന്റെ ഒഴുക്കും, ഒടുവില്‍ ചക്രവാളത്തില്‍ ഒരു ലോഹത്തുള്ളിയായി ആ ഗഗനചാരി രൂപാന്തരം പ്രാപിക്കുന്നതുവരെയുള്ള തന്റെ നോക്കിനിൽപ്പ്.
വര്‍ഷങ്ങള്‍ക്കു മുന്നെ കണ്ട ആ ഡോക്യുമെന്ററി ഇന്ന് രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്നെ ആകസ്മികമായി തന്റെ മനസിലേക്ക് കടന്നു വന്നതെന്തു കൊണ്ടും അതിന് തക്കതായ കാരണമൊന്നും തന്നെയില്ലായിരുന്നുവെന്നും ആ വിദൂരമായ ഓര്‍മ്മ തന്നെയാണ് വിമാനത്തെ തന്നിലേക്ക് പറത്തിവിട്ടതെന്നും ഒരുപക്ഷേ അയാള്‍ ഉണർന്നു കഴിയുമ്പോള്‍ സ്വപ്‌നത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലിരുന്ന് ചിന്തിക്കുമായിരിക്കും.
അതേസമയം, തന്റെ ഉറക്കങ്ങളില്‍ സ്വപ്‌നങ്ങള്‍ കടന്നുവരുന്നതിലുള്ള കാലദൈര്‍ഘ്യങ്ങള്‍ സൃഷ്ടിച്ച അപരിചിതത്വത്തില്‍ താന്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്വപ്‌നമാണെുപോലും അയാള്‍ തിരിച്ചറിഞ്ഞിരുന്നില്ല. കുട്ടിക്കാലത്തോടൊപ്പം വളർന്നു വലുതായി വാനോളമുയര്‍ന്ന ആ ഉല്‍ക്കടവികാരം മൂലം താന്‍ കാണുന്നതെല്ലാം തികഞ്ഞ യാഥാര്‍ത്ഥ്യമാണെന്ന മിഥ്യാധാരണയിലായിരുന്നു അയാള്‍.
”വ്യഥകളാണ്, താഴെ മുഴുവന്‍ വ്യഥകളാണ്.”
ഈ ഭൂമി മറ്റേതോ ഗ്രഹത്തിന്റെ നരകമാണെന്ന് അല്‍ഡസ് ഹക്‌സിലി പറഞ്ഞ വാചകമോര്‍ത്തുകൊണ്ട് തൊട്ടടുത്തിരുന്ന സഹയാത്രികന് കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍, വിദൂരതകള്‍ തിങ്ങിനിറഞ്ഞ ആകാശത്തേക്ക് കണ്ണുകള്‍ പായിച്ച് അയാള്‍ ആത്മഗതം ചെയ്തു (പക്ഷേ അരിക് ചേര്‍ന്നരിക്കുന്ന ആ യാത്രികന്‍ അയാള്‍ പുലമ്പുന്നതൊന്നും കേട്ടില്ല. നിവര്‍ത്തിപ്പിടിച്ച പുസ്തകത്തില്‍, വിരലുകളാല്‍ വകഞ്ഞുമാറ്റിക്കൊണ്ടിരിക്കുന്ന പേജുകളിലൂടെ അതിലെ അക്ഷരങ്ങളുടെ നിമ്‌നോന്നതങ്ങളിലൂടെ അയാളുടെ കണ്ണുകള്‍ ഉറുമ്പരിച്ചുനടക്കുകയായിരുന്നു). അങ്ങുതാഴെ പതിഞ്ഞുകിടക്കു ഭൂമിയുടെ ഗൗരവം പലതരം മേഘസന്ദേശങ്ങള്‍ തിരയുന്നതിനിടയിലും അയാളെ വിടാതെ പിടികൂടി. തന്റെ ജനനത്തിനു മുന്നെയുള്ളതും മരണത്തിനു ശേഷവുമുള്ള അനാദികാലത്തെ ആകാശശൂന്യതയില്‍ തിരയവെ താഴെയുള്ള മനുഷ്യപ്പെരുക്കങ്ങളും അതിന്റെയൊക്കെ ആവലാതികളും അയാളെ അലസോരപ്പെടുത്തി.
എങ്കിലും കാലിനടിയിലെ മണ്ണിനേക്കാള്‍ കൂടുതല്‍ അയാള്‍ സ്‌നേഹിച്ചത് തലയ്ക്കുമുകളിലെ ആകാശത്തെത്തന്നെയായിരുന്നു. സന്തോഷസാന്ദ്രമായ ആകാശത്തെപറ്റി തലയുയര്‍ത്തിപിടിച്ച് തന്നെ അയാള്‍ ചിന്തിച്ച് നടക്കുമായിരുന്നു. ഒഴുകുന്ന മേഘപാളികള്‍ തന്റെ ശ്വാസം തന്നെയെന്ന് തിരിച്ചറിഞ്ഞുകൊണ്ട്. ഘടികാരസൂചിയെപ്പോലെ എല്ലാ ദിവസവും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നിശ്ചലഭാവത്തില്‍ ചലിക്കുന്ന സൂര്യനെ അയാള്‍ തന്റെയുള്ളില്‍ സദാ സ്പന്ദിക്കുന്ന ഹൃദയത്തോളം തന്നെ സ്‌നേഹിച്ചിരുന്നു. പ്രകൃതിനിയമങ്ങള്‍ അദൃശ്യമായി ആലേഖനം ചെയ്തിരിക്കുന്ന ആകാശത്തെ വായിച്ചെടുക്കുവാന്‍ തന്റെ കൗമാരകാലം പിന്നിട്ടപ്പോള്‍ മുതല്‍ക്കേ അയാള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സ്വന്തമായി ദുരന്തങ്ങളോ മുറിവുകളോ വേദനകളോ ഇല്ലാത്ത, കാലപ്പഴക്കമേ തോന്നിപ്പിക്കാത്ത, എല്ലാക്കാലത്തും ശുദ്ധതയും ശാന്തതയും കുടികൊള്ളുന്ന ഭൂമിയേക്കാള്‍ വലുപ്പമേറിയ ആകാശത്തിന്റെ ലാഘവത്വം അയാളെ എന്നും വിസ്മയത്തിലാ ക്കിയിരുന്നു.

മഹാരാജാസില്‍ പഠിക്കുന്ന വേളയിലാണ് ആകാശത്തോടുള്ള ഭ്രമം മൂത്ത് മേഘശാസ്ത്രം പഠിക്കുവാന്‍ അയാള്‍ ഇറങ്ങിപ്പുറപ്പെട്ടത്. മേഘങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്കുവേണ്ടി അയാള്‍ സമീപപ്രദേശത്തുള്ള നിരവധി ലൈബ്രറികള്‍ കയറിയിറങ്ങി. കോളേജിലെ അദ്ധ്യാപകരുമായി അതിനെപ്പറ്റി സംസാരിച്ചു. മംഗലപ്പുഴ സെമിനാരിയിലെ അതിഭൃഹത്തായ ലൈബ്രറിയിലേക്ക് ഒരിക്കല്‍ രണ്ടും കൽപ്പിച്ച് തന്റെ തീവ്രമായ മേഘാശയങ്ങളോടെ തന്നെ അയാള്‍ കയറിച്ചെന്നു. ദിവസങ്ങളോളം ആഴ്ചകളോളം തപ്പി നടന്നെങ്കിലും മേഘങ്ങളെക്കുറിച്ച് ഒരു ഗ്രന്ഥം പോലും അയാളുടെ കയ്യില്‍ തടഞ്ഞില്ല. കുറെ നാളുകള്‍ അന്വേഷിച്ചലഞ്ഞ് കടുത്ത നിരാശയോടെയാണ് അയാള്‍ അന്ന് തന്റെ ആകാശനിലപാടുകള്‍ ഉപേക്ഷിച്ചത്. പിന്നീട് പഠനമെല്ലാം കഴിഞ്ഞ് ഏകാന്തജീവിതം ആരംഭിച്ചതിനുശേഷം വീട്ടില്‍നിന്ന് നേരത്തെയിറങ്ങുന്നു.

ചില വൈകുന്നേരങ്ങളില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പച്ചപ്പുല്‍പരപ്പില്‍ മേഘച്ചാലുകളിലേക്ക് കണ്ണുംനട്ട് മലര്‍ന്നു കിടക്കുമ്പോഴെല്ലാം അയാള്‍ താന്‍ ആരംഭത്തില്‍ത്തന്നെ ഉപേക്ഷിച്ചുകളഞ്ഞ ആ ഉദ്യമത്തെക്കുറിച്ചോര്‍ക്കും. അപൂര്‍വം ചില ദിവസങ്ങളില്‍, ഓര്‍മ്മകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒരേ മുഖച്ഛായ നല്‍കിക്കൊണ്ട് ലോഹത്താല്‍ നിര്‍മ്മിച്ചെടുത്ത ആകാശച്ചിറകുകളുമായി ആഗോളയാനം അയാളെ മറികടന്നുപോകും. ആകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്, ദൂരവ്യാപകമായ മേഘപാളികള്‍ക്കിടയില്‍പ്പെട്ട് അത് ദൃഷ്ടിയില്‍നിന്ന് മറയുന്നതുവരെ അയാള്‍ ആ മലക്കിടപ്പില്‍ കിടന്നുകൊണ്ട് തന്നെ അതിനെ ഉറ്റുനോക്കും. കുറെനാളുകളായിട്ടുള്ള ആഗ്രഹത്തിന്റെ സഫലീകരണമെപോലെ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുവാന്‍ പോകുന്ന ഇന്നത്തെ ഉറക്കത്തിലും അതിനുള്ളിലെ സ്വപ്‌നത്തിലും അതിന്റെ ആന്തരികതകളിലും താന്‍ ഇതുപോലെ അകപ്പെട്ടുപോകുമെന്നും അതിലെല്ലാം പെട്ട് താന്‍ വല്ലാതെ അനുഭൂതിപരവശനാകുമെന്നും തിരിച്ചറിയാതെ തന്നെ.
12 – ഏപ്രില്‍ 1991
- സൈൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന രമേഷ് പഞ്ചവള്ളിൽ എഴുതിയ ‘നാല് വർഷങ്ങൾ ’ എന്ന നോവലിൽ നിന്ന് ഒരു അധ്യായം