scorecardresearch
Latest News

രാഗം നളിനകാന്തി

”ലെസ് ദാൻ ദാറ്റ്.ഐ കാൻ കൗണ്ട് ദെം വിത്ത് മൈ ഫിംഗേഴ്സ്. അങ്ങനെ ചിലരേ രക്ഷപ്പെട്ടിട്ടുള്ളു.പ്രതിഭ കൊണ്ട് മൾട്ടി നാഷണൽ കമ്പനികളിൽ കാമ്പസ് സെലക്ഷൻ കിട്ടുന്ന യുവാക്കളെപ്പോലെ.” രമേശൻ മുല്ലശ്ശേരി എഴുതിയ കഥ

ramesan mullassery , story, iemalayalam
ചിത്രീകരണം : വിഷ്ണുറാം

”എന്നും നിന്നെപൂജിക്കാം.
പൊന്നുംപൂവും ചൂടിക്കാം വെണ്ണിലാവിൽ വാസന്തലതികേ…”

കോണിപ്പടികളോടിക്കയറി മുറിയിലെത്തുമ്പോൾ കസേരേം ലാപ്ടോപ്പും അടിച്ചുമാറ്റി
കണ്ണടച്ചിരുന്ന് പാട്ടുകേൾക്കുന്ന അപ്പൂപ്പൻ. വിടർന്ന മുഖം. ചെന്ന് പൊറകീന്ന് തോണ്ടി.

”ഏതു പാട്ടാ അപ്പൂപ്പാ? പരിചയമുള്ള ഈണം…”

എവിടെ? തോണ്ടിയത് മിച്ചം. ആളൊന്നു ശ്രദ്ധിക്കുന്നുപോലുമില്ല.

ഞാൻ ലാപ് ടോപ്പിന്റെ ശബ്ദംകൂട്ടി. മൂപ്പീന്ന് ഞെട്ടി കണ്ണുതൊറന്നു ചെവിയടപ്പൂരി.

”നീയെന്നാത്തിനാ ആ സുനേപ്പിടിച്ചു തിരിച്ചെ?”

മോണിട്ടറിൽ കണ്ണടച്ച് സ്വയം ലയിച്ചു പാടുന്ന ടിഎം കൃഷ്ണ.

”മനവിനാലകിഞ്ച രാദടെ
മർമമെല്ല തെല്പെ ദെനേ മാനസാ…”
ഓ, ഹൃദയമേ, നീയെന്റെ നിവേദനം കേൾക്കുകയില്ലേ?
ഞാനെല്ലാ രഹസ്യങ്ങളും തുറന്നു പറയുന്നല്ലോ.

വയലിനിൽ അക്കരൈ ശുഭലക്ഷ്മിയും മൃദംഗവുമായി പ്രവീൺ കുമാറും ഘടം ചന്ദ്രശേഖര ശർമ്മയും.
പെർഫെക്റ്റ് സിങ്‌ക്രണൈസേഷൻ. കസേരവലിച്ചിട്ട് ലാപ്പിന്റെ മുന്നിലിരുന്നു.
ഹൈദരാബാദിൽപ്പോയി പഠിച്ചതുകൊണ്ടൊണ്ടായ ഏക ഗുണം ഇങ്ങനെ ചെല തെലുഗു പാട്ടിന്റെയൊക്കെ അർത്ഥം മനസ്സിലാവുന്നതാ.

”നീ പാടിയ പാട്ടും, ഇതും ഒരേ രാഗമാ… നളിനകാന്തി.”

സ്ക്രീനിൽ ടിഎം കൃഷ്ണ തകർക്കുവാണ്.

”ഘനു ഡൈന രാമചന്ദ്രുനി
കരുണാന്തരങ്ങ്ഗമു.”

ഹൃദയമേ, ശ്രീരാമചന്ദ്രന്റെ കരുണയുള്ള അന്തരംഗമറിയുന്ന നീ…

ഞങ്ങൾ ലയിച്ചിരുന്നു. ആലാപനത്തിനൊപ്പം ശുഭലക്ഷ്മിയുടെ ഭംഗിയുള്ള പുഞ്ചിരി.

‘എടാ, നീ ടിഎം കൃഷ്ണയെ വായിച്ചിട്ടില്ലേ? പശുവിൻ തോൽകൊണ്ട് മൃദംഗമുണ്ടാക്കുന്ന ദളിത് കൃസ്ത്യാനി പർലാണ്ടിനെക്കുറിച്ചെഴുതിയ ‘സെബാസ്റ്റ്യൻസ് ആൻഡ് സൺസ്’ എന്ന പുസ്തകം?”

”പാർലാണ്ടോ? അതെന്തു പേരാണ്?”

അപ്പൂപ്പൻ കണ്ണടയൂരി എന്നെ നോക്കി.

”ഫെർണാണ്ടസിന് തമിഴിൽ പറയുന്ന പേര്. സെബാസ്റ്റ്യന് സെവിട്യാൻ എന്നാണ് പറയുക.”

ramesan mullassery , story, iemalayalam

മൊബൈൽ റിങ്ങാണ് രസച്ചരട് മുറിച്ചത്. അപ്പുറത്ത് സന്ദീപ്. അവന്റെയൊപ്പം അറവു ഷാജീടടുത്തു പോണം! ഓടിച്ചെന്ന് ജീൻസും ടീ ഷർട്ടും കുത്തിക്കേറ്റി എറങ്ങാൻ നേരം അമ്മ അടുക്കളേന്നലറി.

”എടാ, ചായ കുടിച്ചേച്ചു പോടാ.”

സന്ദീപ് ബൈക്കെടുത്തിട്ടും ടീയെൻ കൃഷ്ണ ദഹനക്കേടുണ്ടാക്കി.
”മനവിനാലകിഞ്ച രാദടെ.”

”എന്റെ പൊറത്താണോടാ ഗഞ്ചിറയടി.”
ഞാൻ, താളമിട്ട കൈ വലിച്ചു. കൃഷ്ണ ഇന്നെന്നെ കുഴപ്പത്തിലാക്കും!

”എവിടാടാ അറവു ഷാജീന്റെ വീട്?” അവൻ ബൈക്ക് തിരിച്ചു.

ആകെ കുഴഞ്ഞു. കൃഷ്ണ തൽക്കാലം തലേന്നെറങ്ങിയില്ലേൽ പണിയായി. എവിടാ അറവിന്റെ വീട്?
പള്ളിക്കുന്നു കഴിഞ്ഞുള്ള കവലേടടുത്താണെന്നേ അറിയാവൂ.

”നീയാ പള്ളിക്കുന്നിന്റങ്ങോട്ട് വിട്.”

കുഞ്ഞിപൗലോന്റെ വീടിന്റെ വളവു കഴിഞ്ഞപ്പം കരതലാമലകം കറിയ കവല മൂപ്പിക്കാനെറങ്ങീട്ടൊണ്ട്. സന്ദീപ് ബൈക്ക് നിറുത്തി.

”എങ്ങോട്ടാ?”

സഞ്ചരിക്കുന്ന ഗൂഗിൾ മാപ്പാണ് കറിയ.

” കറിയാച്ചേട്ടാ, അറവുഷാജീന്റെ വീട്ടിലോട്ടു പോവാനാ.”

മുറുക്കാൻ നീട്ടിത്തുപ്പി കറിയാ വഴി പറഞ്ഞു.

”കാനാക്കുഴിക്കാരടെ വീടിന്റെ മുമ്പിലൊള്ള കൊഴൽക്കെണറിന്റെ ചാമ്പുപൈപ്പ് കഴിയുമ്പം വലത്തോട്ട് പള്ളിക്കൂടംമലേലോട്ടൊരു റോഡൊണ്ട്.”

സന്ദീപ് തലയാട്ടി ”നമ്മടെ എടമ്പനായീടെ ബെന്നീടെ വീടിന്റെ മുമ്പിക്കൂടെ…”

കറിയ മീശ തടവി.

”പക്ഷേങ്കി, അയിലേ പോവല്ല്. കൊഴൽക്കെണറിന്റവിടുന്ന് നേരെ വിടണം. സീപ്പീത്താഴത്തുന്ന് എടത്തോട്ടൊള്ള കേറ്റത്തീക്കൂടെ…”

കറിയാ വഴി പറയുമ്പോൾ വയറ്റിക്കെടക്കണ എസ്സെംകൃഷ്ണ
പിന്നേം തിക്കുമുട്ടിച്ചോണ്ടിരുന്നു.

മനസ്സൊന്നു കൊഴഞ്ഞു. ഏതാ ശരി? എസ്സെൻ കൃഷ്ണയോ, ടീയെൻ കൃഷ്ണയോ? അതോ
ടീയെന്നോ? ഏതേലുമാവട്ട്. പൊളപ്പൻ പാട്ടാണ്. അതാണ് കാര്യം. ങ്ങാ.

”ഓ ഹൃദയമേ.
മനവിനാലകിഞ്ച രാദടെ.”

സന്ദീപ് വീണ്ടും ബൈക്കെടുത്തു.

”നീയെന്നാടാ ദില്ലിക്ക് പോണെ?”

”നെടുമ്പാശ്ശേരീന്ന് പത്താന്തിയാ ഫ്ളൈറ്റ്. അതിനു മുമ്പ് സാധനം കിട്ടണം.”

കഴിഞ്ഞ ദിവസം അമ്പലത്തീന്ന് പൊറത്തേക്കെറങ്ങാൻ നേരത്താണ് മോഹനൻ ചേട്ടൻ വിളിച്ചത്.

”ഒരാഴ്ച ലീവെടുക്കാമ്പറ്റുവോ?”

മോഹനൻചേട്ടൻ വിശദമായി പറഞ്ഞു.

”ഡൽഹിലൊരു മലയാളി സംഘടനയുടെ കെയറോഫില് മുടിയേറ്റൊണ്ട്.
രാധാകൃഷ്ണന് ലീവില്ല. നിനക്ക് വരാമ്പറ്റുവേ വാ.”

കംപ്യൂട്ടർ സെന്ററിൽ സി പ്ളസ് പഠിപ്പിക്കുന്ന എനിക്കെന്ത് ലീവ്? സർക്കാരുദ്യോഗമൊന്നുമല്ലല്ലോ. പകരക്കാരനായിട്ട് ചുമ്മാ ഡൽഹി വരെ പോകാം. കാശും കിട്ടും. ഞാൻ ഓക്കേയടിച്ചു.
മുടിയേറ്റിൽ ഇടയ്ക്കക്കാരന് ചെറിയ റോളല്ലേയുള്ളു.

കേറ്റം പിടിപ്പിച്ച് പള്ളിക്കവലേ ചെന്നപ്പം സണ്ണിയവിടെ മുള്ളിക്കൊണ്ടുനിപ്പൊണ്ട്. വഴി ചോദിച്ചപ്പം അവനും രസം.

”അതിന് നീയെന്തിനാ അറവ് ഷാജീടടുത്ത് പോവുന്നെ? നീ തനി പച്ചക്കറിയല്ലേ?”

അതൊക്കെയൊണ്ടെന്ന് സന്ദീപ് കൈകാണിച്ചു.

ramesan mullassery , story, iemalayalam

ഷാജീടെ മിറ്റത്തു ബൈക്കു നിറുത്തുമ്പം നൈറ്റീയിൽ കൈയ്യും തുടച്ചോണ്ട് നിമ്മിയിറങ്ങി വന്നു.

” അച്ചായി പറഞ്ഞു പൊതി മേടിക്കാൻ ദിനേശ് വരുമെന്ന്. വെണ്ടക്കാസാമ്പാറിനെന്തിനാ എറച്ചീന്ന് ഞാനന്തിച്ചു.”

നിമ്മി പണം വാങ്ങി പൊതി തന്നു. നിമ്മിയടുത്തു വന്നപ്പം മീനിന്റെ ഉളുമ്പുമണം.
ഞാൻ മൂക്കുപൊത്തി. അവൾടെ മൂക്കേൽ കുടികിടപ്പിനു വന്ന വിയർപ്പുതുള്ളി പട്ടയം കിട്ടാതെ പിടിവിട്ട് താഴോട്ടു വീണു.

ആള് സുന്ദരിയാ. പക്ഷേ മീനിന്റെ ഉളുമ്പു മണം.

”ഞങ്ങളൊന്നിച്ചു പഠിച്ചതാ…”

അത് കേട്ടപ്പം, സന്ദീപിന് അവളെന്താ എന്നെ വെണ്ടക്കയെന്ന് വിളിച്ചേന്നൊള്ള സംശയം മാറിക്കിട്ടി!

ഇനി പൊതീംകൊണ്ട് സൂര്യകാലടീടടുത്ത് പോണം. പൊഴയെറമ്പിൽ നിന്ന കരിങ്ങാലി മറിഞ്ഞുവീണത് സണ്ണീടെ മില്ലിൽ കൊണ്ടുപോയി കടഞ്ഞു കുറ്റിയാക്കി നേരത്തെ കൊണ്ടു കൊടുത്തിട്ടുണ്ട്. കുറ്റിയൊണ്ടാക്കാൻ പ്ളാവിനേക്കാളും നല്ലത് കരിങ്ങാലിയാ.കിട്ടാനില്ലാത്ത കൊഴപ്പമയൊള്ളു. വെലേം കൂടും.

”നീയാ പൊതിയിങ്ങു താ, ഞാമ്പിടിക്കാം.”

പ്ളാസ്റ്റിക്ക് കൂട് ബൈക്കിന്റെ എടത്തേ ഹാൻഡിലിൽ തൂക്കിയിട്ട് ഞങ്ങളിറങ്ങി.

പള്ളിക്കുന്നെറക്കമെറങ്ങി വന്നപ്പം മൂക്കീന്ന് മീനിന്റെ മുശുക്കുമണം പോയില്ലേന്ന് സംശയം.

”എടാ, ഈ പരാശരന് മൂക്കില്ലാരുന്നോ?എങ്ങനാ അയാള് സത്യവതീടടുത്ത്…”

”മിണ്ടാതിരിയെടാ. പുള്ളിക്കാരി മീൻ വെട്ടിക്കൊണ്ടിരിക്കുമ്പഴാന്നോടാ അയാള് ചെന്നെ.? ജീവൻ കയ്യിപ്പിടിച്ചോണ്ട് കുത്തെറക്കമെറങ്ങുമ്പഴാ അവന്റെ…” സന്ദീപ് തെറി വിളിച്ചു.

സീപ്പീക്കവലേന്നവൻ ഇടത്തോട്ടുതിരിഞ്ഞു വേഗത കുറച്ചു.

”എന്നാത്തിനാ ഗഞ്ചിറയൊണ്ടാക്കണ പുള്ളീനെ സൂര്യകാലടീന് വിളിക്കുന്നേന്നറിയാവോ?”

ഞാൻ മൂളി. എക്സ് മിലിറ്ററിക്കാരൻ കുര്യാക്കോസിനോട് മേടിക്കുന്ന റമ്മും ബ്രാണ്ടീം ക്വാർട്ടർ കുപ്പീലാക്കി എളീൽ തിരുകി സൂര്യനുദിച്ചാ അസ്തമിക്കണവരെ അടിയോടടി. അതാ അങ്ങനൊരു പേരു വന്നത്.

തൃക്കേത്താഴത്തോട്ടെറങ്ങിയപ്പം അമർക്കൊളം പാടത്തുന്ന് കാറ്റ് മൂളി വീശി.
ചപ്പങ്ങക്കോലും കൊണ്ട് എടക്കേല് പതികാലം കൊട്ടണ പോലൊരു മൂളക്കോമായിട്ട്..

പണ്ടൊക്കെ
സ്ഥിരമായി ഇടയ്ക്ക വായിക്കാറുള്ളത് ഗോവിന്ദനാശാനാണ്. മറ്റു പലരും ഇടയ്ക്ക കൊട്ടുമ്പോൾ ആശാൻ ഇടയ്ക്ക വായിക്കുകയാണ് ചെയ്യുന്നത്.

”എടക്ക വായിക്കുമ്പം ശ്രുതീം താളോം വേണം…” ആശാൻ പറയും.
” അതല്ലെങ്കി രണ്ടും പഠിച്ച് ഒന്നുമല്ലാത്തവനായിപ്പോവും.”

ആശാന്റെ കൈയ്യിലെ ചപ്പങ്ങക്കോൽ ഇടയ്ക്കയെ തലോടുമ്പോൾ ശബ്ദങ്ങളെല്ലാം തടവിലായിപ്പോവും.

ramesan mullassery , story, iemalayalam

”എറങ്ങെടാ…” സന്ദീപിന്റെ ശബ്ദം എന്നെയുണർത്തി. ബൈക്ക് നിന്നതറിഞ്ഞിരുന്നില്ല.
പ്ളാസ്റ്റിക് കിറ്റുമെടുത്ത് ഞങ്ങൾ സൂര്യകാലന്റെ വീട്ടിലേക്ക് നടന്നു.

ഗോവിന്ദനാശാനെ മനസ്സിലോർത്താണ് സ്റ്റേജിലേക്ക് കയറിയത്. കോയിമ്പിടാരുടെ വേഷം കെട്ടേണ്ട നാരായണൻ ചേട്ടൻ പറ്റടിച്ചു കിടപ്പാണ്! പകൽ ഏതോ ഡൽഹിസുഹൃത്ത് സൽക്കരിച്ചതിന്റെ ഗുണം.
ജനം മുഷിയാതിരിക്കാൻ എന്റെയൊരു കൊട്ടിപ്പാടി സേവ. ട്രൂപ്പ് മാനേജർ മോഹനൻ ചേട്ടൻ അങ്ങനാണ്. പെട്ടെന്നാണ് ഐഡിയാസ് തോന്നുക!

”ധീരസമീരേ യമുനാ തീരെ വസതി വനേ വനമാലി…”
കീർത്തനം പകുതിയായപ്പോൾ മോഹനൻ ചേട്ടൻ സ്റ്റേജിന്റെ സൈഡീന്ന് കൈമുദ്ര കാണിച്ചു. ഒരെണ്ണം മതി. കോയിമ്പിടാന്റെ പറ്റെറങ്ങി. ഇനി മുടിയേറ്റ് തുടങ്ങാം.

പ്രോഗ്രാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മനോഹരമായ സ്ത്രീശബ്ദം കേട്ടു തിരിഞ്ഞു. ”ആരാണ് ഇടയ്ക്ക വായിച്ചത്?”

ഒരു കൊച്ചുസുന്ദരി കൈ നീട്ടി. ”ഞാൻ ജയശ്രീ പൊതുവാൾ.” താമര നിറമുള്ള പെൺകുട്ടി.

ചാനലിലെ പാർട്ട് ടൈം അനൗൺസർ. ഡൽഹി മലയാളി. തുകൽ വാദ്യങ്ങളെക്കുറിച്ച് റിസർച്ച് ചെയ്യുന്നു. നാളെ പകൽ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്യാം. ഏറിയാൽ മുപ്പത് മിനിട്ട്. ഡൽഹിവാസികളെ കേരളവാദ്യമൊന്ന് പരിചയപ്പെടുത്താം. ട്രെയിൻ സമയത്തിന് മുൻപ് ഉറപ്പായും തിരിച്ചെത്തിക്കാം.
വാഗ്ദാനങ്ങളുടെ പെരുമഴ!

”നീ ചെല്ലെടാ. ഒത്താൽ ഇച്ചിരി കാശ് കിട്ടും.” മുടിയേറ്റിന് കാളി വേഷത്തിന്റെ കൂടെ ഓടിനടന്ന് തീപ്പന്തത്തേൽ തെള്ളിപ്പൊടിയെറിയണ അപ്പുച്ചേട്ടൻ പ്രോൽസാഹിപ്പിച്ചു.

അങ്ങിനെയാണ് അത് നിശ്ചയിക്കപ്പെട്ടത്. പ്രതീക്ഷിക്കാതെയൊരു പ്രോഗ്രാം. വാനിൽ തിരിച്ചുപോരുമ്പോൾ ഗൂഗിളിൽ സെർച്ച് ചെയ്തു. നാളെയെന്താവും ജയശ്രീ ചോദിക്കുക?

”പ്രൗഡ് ടു ഇൻട്രൊഡ്യൂസ് ദിനേശ്, ഇടയ്ക്കാ ആർട്ടിസ്റ്റ് ഫ്രം ഗോഡ്സ് ഓൺ കൺട്രി…”
ക്യാമറ ക്ളോസപ്പിലേക്ക് ഫോക്കസ് ചെയ്തപ്പോൾ കന്നിക്കാരന്റെ പരിഭ്രമമൊ തുക്കി
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇത്രയൊന്നും വിചാരിച്ചിരുന്നില്ല. ഏറിയാൽ ഒരു സൗഹൃദകൂട്ടായ്മ. അത്രയേ കരുതിയുള്ളു.

ജയശ്രീയുടെ മുഖത്ത് ഒരു പ്രൊഫഷണൽ അനൗൺസറുടെ ഭാവം.

ramesan mullassery , story, iemalayalam

”പ്രാചീന കാലത്തെ സമയമാപിനി പോലെ, മഹാദേവന്റെ കടുന്തുടിയുടെ ആകൃതിയിലുള്ള ഒരു വാദ്യമാണിടയ്ക്ക.”

അനൗൺസറുടെ വാക്കുകൾക്ക് പിന്നാലെ മോണിട്ടറിൽ ഇടയ്ക്കയുടെ രൂപം തെളിഞ്ഞു.
അവൾ അടുത്തേക്കു നടന്നു.

”നോക്കൂ…” ജയശ്രീ ഇടയ്ക്കയുടെ രൂപത്തിൽ തൊട്ടു.

”രണ്ടു വശത്തെ തോൽവലയങ്ങളെ ബന്ധിപ്പിച്ചുള്ള ചരടിൽ തൂക്കിയിട്ട നാലു ചെറിയ തടികഷണങ്ങൾ.” ക്യാമറ സൂം ചെയ്തു.

” അതാണ് ജീവക്കോൽ. നാല് വേദങ്ങളെ സൂചിപ്പിക്കുന്നത്. നാല് ജീവക്കോലുകളിൽ പതിനാറ് വീതം തൂക്കിയിട്ടിരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള അറുപത്തിനാല് നൂലുണ്ടകൾ. ”

ജയശ്രീ പൊതുവാളിന്റെ സുന്ദരമായ വിരലുകൾ താഴേക്കു നീങ്ങി.

”അവയെ പൊടിപ്പുകൾ എന്നു വിളിക്കുന്നു. അറുപത്തിനാല് കലകളെ ഓർമ്മിപ്പിക്കുന്നവ.”

ഇന്നലെ ഗൂഗിളിൽ നിന്നും സെർച്ച് ചെയ്ത് കിട്ടിയതൊക്കെ പഹച്ചി വിളിച്ചുകൂവുകയാണ്.
മേശപ്പുറത്തിരുന്ന വാട്ടർബോട്ടിൽ തുറക്കുന്നതിനിടയിൽ ബാക്കി കൂടി കേട്ടു.

”ആൻഡ് ദി സിക്സ് ഹോൾസ് റെപ്രസെന്റസ് സിക്സ് ശാസ്ത്രാസ്.”

ഒറ്റവലിക്ക് വാട്ടർ ബോട്ടിൽ കാലിയാക്കി മുഖമുയർത്തിയപ്പോൾ മൈക്കുമായി, സുന്ദരി എന്റെ നേരേ മുന്നിൽ!

”താങ്കൾക്കെന്താണ് പറയാനുള്ളത്?”

ഉറപ്പായും, പരിഭ്രമിച്ചു പോവുമായിരുന്നു. ഗോവിന്ദനാശാനെ ഓർത്തില്ലായിന്നെങ്കിൽ. കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ പരിഭ്രമങ്ങളടങ്ങി.

”എനിക്ക് പറയാനുള്ളതെല്ലാം നിങ്ങൾ പറഞ്ഞു കഴിഞ്ഞല്ലോ.”

പുഞ്ചിരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നുവെങ്കിലും ഞാനവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. മുടിയേറ്റിൽ മുരളിമാരാരുടെ അലറി വിളിക്കുന്ന കാളീരൂപം ഓർമ്മ വന്നു.
പതറരുത്. ദാരികനാവാൻ നിന്നു കൊടുക്കരുത്. ഇവൾ കൊന്നു കൊലവിളിക്കും.
എന്നെ നോക്കി അവൾ മനോഹരമായിചിരിക്കുകയാണ്.

” എന്നാലും.എന്തെങ്കിലും പറയൂ…”

യക്ഷികൾ അങ്ങനെയാണ്. നിലാ രാത്രികളിൽ വന്ന് മധുരമായിട്ടാവും ചുണ്ണാമ്പ് ചോദിക്കുക.
മൈക്കെടുക്കുമ്പോൾ മനസ്സിൽ വന്നത് ആശാന്റെ രൂപമാണ്. മുന്നിലിരിക്കുന്ന കാണികളിലേറെയും ടീനേജ് കഴിഞ്ഞവർ. കംപ്യൂട്ടർ ക്ളാസ്സിൽ എന്റെ മുമ്പിലിരിക്കാറുള്ള സോനുവിനേയും, രേണുവിനേയും ജെഫിനേയും പോലെ. തീർച്ചയായും കാര്യങ്ങൾ എളുപ്പമാവും!

ഞാൻ മൈക്ക് വാങ്ങി. ”ഇടയ്ക്ക ഒരു മംഗള വാദ്യമാണ്. നിലത്ത് വയ്ക്കാൻ പോലും അനുവാദമില്ലാത്തത്. ആ ചിത്രത്തിലേക്ക് നോക്കൂ…” ഞാൻ സ്ക്രീനിലേക്ക് വിരൽ ചൂണ്ടി.

”ഇടയ്ക്ക ശ്രീകോവിലിന് മുന്നിൽ സോപാനത്തിനോട് ചേർന്ന് തൂക്കിയിടുകയാണ് ചെയ്യുക. നാഗാർജുനന്റെയോ ആദിശേഷന്റെയോ പ്രതീകം. ആരുടേതെന്ന് സൗകര്യം പോലെ വ്യാഖ്യാനിക്കാം.”

”ഷ്റീകോവിൽ?”

”യെസ് ,I mean sanctum sanctorum.”

”ഓഹ്.”

”എനി മോർ ഇൻഫർമേഷൻ.?”

അവൾക്ക് ഉത്സാഹം കൂടി.

” എന്നെപ്പോലെയുള്ള ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമാണ് ഇടയ്ക്ക. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്കും കുലത്തൊഴിലിനുമിടയിൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ യുവത്വത്തിന്റെ നേർക്കാഴ്ച.”

ഓർമ്മ വന്നത് കംപ്യൂട്ടർ സെന്ററിലെ സി പ്ളസ് ക്ളാസുകളാണ്. ജോലിക്കയച്ച അപേക്ഷകളാണ്. മേളങ്ങൾക്ക് പോയി കിട്ടുന്ന പണം കൊണ്ട് അടച്ചു തീർക്കുന്ന വിദ്യാഭ്യാസലോണിന്റെ തിരിച്ചടവ് നോട്ടീസുകളാണ്.

സദസ്സിൽ ആരവം. ”പളീസ് എക്സ്‌പ്ലെയിൻ.” അവളുടെ ശബ്ദം തളർന്നു.

”എംടെക് കഴിഞ്ഞ് ഇടയ്ക്ക വായിക്കുന്നവനും റിസർച്ച് സ്കോളറായ മരപ്പണിക്കാരനും ഇറച്ചിവെട്ടുകാരന്റെ മകളായൊരു പിജിക്കാരിയും സുഹൃത്തുക്കളായുണ്ടോ നിങ്ങൾക്ക്?”

അവൾ ഒന്നും മിണ്ടിയില്ല.

“താളത്തിനും സംഗീതത്തിനുമിടയ്ക്കുള്ള ബഫർ സോണിലാണ് ഇടയ്ക്ക. പരമശിവന്റെ നൃത്ത ഭാവമായ നടരാജൻ ഭൂമിയിലേക്ക് കൊടുത്തുവിട്ടിട്ടും ഭൂതഗണങ്ങളുടെ കാവലിൽ നിൽക്കാനാണ് തലയിലെഴുത്ത്.”

സദസ്സിലെ യുവതീയുവാക്കൾ മൊബൈലിൽ ചിത്രങ്ങളെടുക്കുന്നു. ”നിങ്ങൾ പറയുന്നത് ഇടയ്ക്ക വാദകർ…”

ഞാൻ കൈകൊണ്ട് ജയശ്രീയെ തടഞ്ഞു. ”തീർച്ചയായും… പല്ലാവൂർ അപ്പു മാരാർ, ഇടയ്ക്കയിലെ സംഗീതത്തെ പുണർന്ന തൃപ്പൂണിത്തുറ കൃഷ്ണദാസ്, ഞെരളത്ത് രാമപ്പൊതുവാൾ…”

”ഒൺലി എ ഹാൻഡ് ഫുൾ?” ജയശ്രീ ഇടയ്ക്ക് കയറി.

”ലെസ് ദാൻ ദാറ്റ്. ഐ കാൻ കൗണ്ട് ദെം വിത്ത് മൈ ഫിംഗേഴ്സ്. അങ്ങനെ ചിലരേ രക്ഷപ്പെട്ടിട്ടുള്ളു. പ്രതിഭ കൊണ്ട് മൾട്ടി നാഷണൽ കമ്പനികളിൽ കാമ്പസ് സെലക്ഷൻ കിട്ടുന്ന യുവാക്കളെപ്പോലെ.”

ramesan mullassery , story, iemalayalam

ഒരു നാടകനടന്റെ അനായാസതയോടെ ശബ്ദം നിയന്ത്രിച്ച് ഞാൻ മൈക്ക് ചേർത്തുപിടിച്ചു.
”മറ്റുള്ളവർ, ദേ ആർ നോട്ട് ലിവിങ്ങ്. ദെ ആർ ജസ്റ്റ് വെജിറ്റേറ്റിങ്ങ്…”

സദസ്സിൽ നിന്ന് ആരോ കൈയ്യടിച്ചു.

”ഏറ്റവും മെലോഡിയസ് ആയി ഉപയോഗിക്കാവുന്ന ഒരു ചർമ്മ വാദ്യമാണ് ഇടയ്ക്ക.” എഴുന്നേൽക്കുമ്പോൾ എനിക്കുറപ്പായിരുന്നു ഇപ്പോൾ കാണികളുടെ ശ്രദ്ധയുടെ കേന്ദ്ര ബിന്ദു ഞാനാണ്.

”ദേവാസുരൻമാർക്കുമിടയിൽപ്പെട്ട് ഞെരിഞ്ഞു പോയ മനുഷ്യനെപ്പോലെയാണിത്. നിങ്ങൾ നോക്കു. ഇത് അസുര വാദ്യമായ ചെണ്ടയ്ക്കൊപ്പം താളവാദ്യമായി ഉപയോഗിക്കാം. അതേ സമയം മംഗളവാദ്യവുമാണ്.”

പറഞ്ഞതു പൂർത്തിയാക്കാതെ, ഇടയ്ക്കയും തോളിൽ തൂക്കി വേദിയുടെ മദ്ധ്യത്തിലേക്ക് നീങ്ങുമ്പോൾ ഞാനവളെ നോക്കി.

‘ സംഗീതത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ, പ്രത്യേകിച്ചും വിഷാദം, ഇത്രയും ഭംഗിയായി ആഗിരണം ചെയ്യുന്ന ഒരു തുകൽ വാദ്യമില്ല. ഹതഭാഗ്യരായ മനുഷ്യന്റെ തേങ്ങലും, ചിരിയും, ഭക്തിയും, വേദനയും, രതിയും പോലും.”

ഭവ്യതയോടെ ഞാൻ തല കുനിച്ചു.

”വന്ദേ മുകുന്ദ ഹരേ. ജയശൗരേ
സന്താപഹാരി മുരാരെ. ദ്വാപരചന്ദ്രികാചർച്ചിതമാം നിൻ്റെ
ദ്വാരകാപുരിയെവിടെ?
പീലിത്തിളക്കവും കോലക്കുഴൽപ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ?
ക്രൂരവിഷാദശരം കൊണ്ടു …”

സദസ്സ് നിശബ്ദമായി. തിരിഞ്ഞു നടക്കുമ്പോൾ, സദസ്സിൽ ചിലർ കണ്ണുനീർ തുടക്കുകയായിരുന്നു.
സംഗീതത്തിന് ഭാഷയെന്തിന്? ലോകത്തെവിടെയായാലും?

ഞാൻ സ്ക്രീനിലെ ഇടയ്ക്കയിലേക്ക് വിരൽ ചൂണ്ടി. ”നടുഭാഗത്തായി കുറുകെ ഒരു പട്ടുതുണികഷണം കണ്ടോ? ഹൃദയമാണത്. അവിടെ കൈകൾ കൊണ്ടമർത്തുമ്പോഴാണ് ശ്രുതിയും മെലഡിയുമുണ്ടാ കുന്നത്.”

മൈക്ക് പിന്നിലേക്ക് മാറ്റി, അവളോടു ചേർന്നു നിന്നു ഞാൻ ശബ്ദം താഴ്ത്തി. ”പ്രണയം പോലെ. പ്രണയത്തിന് ഏറ്റവും യോജിക്കുന്നത് മെലഡിയാണ്.”

ജയശ്രീ വേഗം സമനില വീണ്ടെടുത്ത് മൈക്ക് കയ്യിലെടുത്തു. ”ആൻ ഇന്ററെസ്റ്റിങ്ങ് സെഷന്‍ കമിങ്ങ് ടു ആൻ എൻഡ്.”

”ജസ്റ്റ് എ ക്വസ്റ്റ്യൻ…” ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോൾ കാണികൾക്കിടയിൽ നിന്ന് മുന്നോട്ടു വന്ന യുവാവ് വിരലുയർത്തിക്കാണിച്ചു. അയാൾക്കറിയേണ്ടിയിരുന്നത് തോൽവട്ടങ്ങളെക്കുറിച്ചാണ്.

പാൻ ചവച്ചു കൊണ്ട് അയാൾ എന്റെ നേരേ വിരൽ ചൂണ്ടി. ”നോക്കൂ, വട്ടങ്ങൾക്ക് കുറ്റിയുടെ വായഭാഗത്തേക്കാൾ വിസ്താരമുണ്ട്.”

ഇടയ്ക്ക മേശമേൽ വച്ച് മുഖമുയർത്തുമ്പോൾ അയാളുടെ കണ്ണുകളുടെ മൂർച്ച ഷാജിയുടെ അറവുകത്തിയെ ഓർമ്മിപ്പിച്ചു.

”കുറ്റി കടഞ്ഞുണ്ടാക്കുന്നത് പ്ളാവിൻ തടിയിൽ നിന്നാണ്. ചിലപ്പോൾ കരിങ്ങാലി.അപൂർവ്വമായി രക്തചന്ദനം. ”

അയാൾ തലയാട്ടി.

ramesan mullassery , story, iemalayalam

”പിന്നെ, മൃദൃവായ ഈ കോൽ. ഇത് ചപ്പങ്ങമാണ്.
‘ആൻഡ് ഫൈനലി…” ഞാൻ ഇടയ്ക്കയുടെ വട്ടത്തിൽ തൊട്ടു.

”നേർത്ത തുകലാണിത്. റിമൂവ്ഡ് ഫ്രം ദി ലിവർ ഓഫ് കൗ ഓർ ഓക്സ്. യുസ്ഡ് ടു കവർ ബോത്ത് സൈഡ്‌സ് ഓഫ് ദി ഇൻസ്ട്രമെന്റ്.”

കണ്ണു തുറിച്ച് എന്നെ നോക്കിയ യുവാവ് പ്രേതം പോലെ വിളറി.

”പശുവിന്റെയോ മൂരിയുടേയോ കരളിൽ നിന്നെടുക്കുന്നത്. മലയാളത്തിൽ ഉള്ളൂരിയെന്ന് പറയും. ചിലയിടത്ത് തെളിയെന്നും പേരുണ്ട്.”

ഞാൻ ഓർത്തത്, അറവ്ഷാജിയെ, ചോര പുരണ്ട ഉള്ളൂരി വൃത്തിയാക്കി കുറ്റിയിൽ ഇടയ്ക്കാവട്ടം കെട്ടുന്ന സൂര്യകാലടിയെ.

പാളത്താറുടുത്തൊരാൾ മുന്നോട്ടുവന്നലറി.

”ക്യാ?” മനുഷ്യൻ അങ്ങനെയാണ്. ഭയക്കുമ്പോൾ മാതൃഭാഷയേ സംസാരിക്കൂ.

”യൂ ആർ നോട്ട് ഫ്രം ഗോഡ്സ് ഓൺ കൺട്രി… ” അയാൾ തിളച്ചു.
”ബിച്ച്. ഫ്രം ദി ലാൻഡ്‌ ഓഫ് ബീഫ് ഈറ്റേഴ്സ്.”

ജയശ്രീ മുഖത്തെ ഭയംമറച്ച് മൈക്ക് കയ്യിലെടുത്തു. ”ഓ കെ.
മേ ബി യൂ ആർ റോങ്ങ്. ഐ മീൻ യു ഹാവ് ബോട്ട് ഇറ്റ് ഫ്രം സം ഡീലർ.”

ജയശ്രീ ആരെയാണ് ഭയപ്പെടുന്നത്?

”ഞാനിത് അറവുഷാജിയോടു വാങ്ങിയതാണ്. നല്ല ശ്രുതി ലഭിക്കാൻ വേണ്ടി.”
ഞാൻ വിട്ടു കൊടുത്തില്ല.

ദുർബലമായ ഒരു പുഞ്ചിരിയോടെ ജയശ്രീ അടുത്തുവന്നു.

ഇത് ഉപയോഗിക്കുന്നതിന് മുമ്പുള്ള ചടങ്ങുകൾ എന്തൊക്കെയാണ്? അവളുടെ മുഖത്ത് വിയർപ്പു പൊടിഞ്ഞു.

”ബൈ യൂസിങ്ങ് കൗ ഡങ്.”

എനിക്ക് ചിരി വന്നു. ”തുകലിനെന്ത് ശുദ്ധികലശം.?”
രക്തം പറ്റിയ ഉള്ളൂരി വൃത്തിയാക്കുന്നത് തുണി കഴുകിയിടുന്നതു പോലെയേയുള്ളു.

പാളത്താർ വിടാനുള്ള ഭാവമില്ല.

”നിങ്ങൾക്ക് ആർട്ടിഫിഷ്യൽ തോൽ ഉപയോഗിക്കാമായിരുന്നല്ലോ. ഇത് ഗൂഢാലോചനയാണ്, അപകീർത്തിപ്പെടുത്താനുള്ള ഗൂഡാലോചന.” അയാളെന്നെനോക്കി അലറി.

സദസ്സിൽ ബഹളം. വെല്ലുവിളി. ആരവമുയർന്നപ്പോൾ കർട്ടൻ വീണു. ഇരുട്ടിൽ എന്നെപിടിച്ചു വലിച്ചു ജയശ്രീ പിന്നിലേയ്ക്കോടുമ്പോൾ മേശപ്പുറത്തു നിന്നു താഴേക്കുരുണ്ടു വീണ ഇടയ്ക്ക ആരുടെയൊക്കെയോ കാൽക്കീഴിൽ ഞെരിഞ്ഞു തകർന്നു. പൊട്ടിയ തുകൽ വട്ടങ്ങളിലൂടെ ഊർന്നിറങ്ങിയ ഒച്ചകൾ. നേർത്ത വിഷാദത്തിന്റെ ആഹിർഭൈരവിയായി ഞങ്ങളെ പിന്തുടർന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ramesan mullasserry short story ragam nalinakanthi