രക്തസാക്ഷിപ്പണി

ദിവാകരന്റെ ജീവിതം, ലക്ഷ്യം, രാഷ്ട്രീയം ഇപ്പോ അതൊന്നും ബാക്കിയില്ലെന്ന് അമ്മക്കും നന്നായറിയാം. പിരിവിന് മാത്രം ഇടക്കിടെ കയറിവരുന്ന ഇന്‍സ്റ്റാള്‍മെന്റുകാരെ പോലെയായിരിക്കുന്നു പാര്‍ട്ടിക്കാര്. അതും ആദ്യം ഇവിടെതന്നെ കയറി തുടങ്ങണം. രക്തസാക്ഷിയുടെ വീടല്ലേ, കണിശം നോക്കണംന്നായിരിക്കും

pramod koovery, story, iemalayalam

ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴേ പുറത്തെ ബഹളം കൊണ്ട് പൊറുതിമുട്ടിയിരുന്നു അവന്‍.  ബഹളം സഹിക്കവയ്യാതെ കൈകള്‍കൊണ്ട് ചെവിപൊത്തി ചുരുണ്ടുകിടക്കുന്ന അവന്റെ ചിത്രം മാസന്തോറുമുള്ള സ്‌കാനിംഗില്‍ വ്യക്തമായി കാണാമായിരുന്നു. അല്‍പ്പസമയം പോലും നിശ്ബ്ദത കിട്ടാതെ അവന്‍ അന്നേ ചെവിപൊത്തി സ്വയം ബധിരത സൃഷ്ടിച്ചിരുന്നു എന്നുവേണം കരുതാന്‍.

ഗര്‍ഭിണിയാകുന്നതുവരെ സഖാവ് ദിവാകരന്റെ ഭാര്യ സുഭദ്ര വളരെ ശാന്തവും ആനന്ദകരവുമായ ശബ്ദാന്തരീക്ഷത്തില്‍ തന്നെയായിരുന്നു ജീവിച്ചുപോയിരുന്നത്. ഇടവപ്പാതിയില്‍പോലും വലിയ വലിയ ഇടിമിന്നലുകള്‍ അവരുടെ ചെറിയ ചുമരുകള്‍ക്കുള്ളിലേക്ക് വന്ന് ഭയപ്പെടുത്തിയിരുന്നില്ല. രാത്രിയില്‍ ദിവാകരന്റെ നെഞ്ചത്ത് തലചേര്‍ത്ത് കിടക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ നിന്ന് കേള്‍ക്കുന്ന ഹൃദയത്തുടിപ്പ് മാത്രമായിരുന്നു അവളെപ്പോഴും കാതോര്‍ത്തുകൊണ്ടിരുന്നത്. അവളുടെ ഏറ്റവും വലിയ ശബ്ദങ്ങള്‍.

ആ ശബ്ദം നിലച്ചു.
ദിവാകരന്‍ രക്തസാക്ഷിയായി.

നെഞ്ചില്‍ നിന്നും പെട്ടന്നൊരു ദിവസം കീറത്തുണികള്‍ കുത്തിനിറച്ചുണ്ടാക്കിയ പരുപരുത്ത തലയിണക്കെട്ടിലേക്ക് തല മാറ്റപ്പെട്ടപ്പോള്‍ പാറ്റകള്‍ പല്ലിളിച്ചു തുളക്കുന്ന പുളിച്ച ശബ്ദം കേട്ട് അവള്‍ക്ക് പിന്നെ ഉറങ്ങാനേ കഴിയാതായി. മുറ്റത്ത് ഓലപ്പായയില്‍ കൊണ്ടുകിടത്തിയ ദിവാകരന്റെ വെട്ടിയൊതുക്കിയ നെഞ്ചത്ത് പുഷ്പചക്രങ്ങള്‍ നിറഞ്ഞപ്പോള്‍ അവസാനമായി ഒരു തുടിപ്പ് കേള്‍ക്കാന്‍ സുഭദ്രക്ക് ഇടം കിട്ടിയില്ല. അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞു നക്ഷത്രമുദിച്ചത് വിളിച്ചു പറയാന്‍ കഴിയാതെ, അവന്റെ ചലനം കേള്‍ക്കാതെ ദിവാകരന്‍ ചിത്രാവശേഷനായികഴിഞ്ഞിരുന്നു.

വൈകിപ്പോയ കല്ല്യാണത്തില്‍ ഏറെ ഉല്‍കണ്ഠപ്പെട്ടിരുന്നു ദിവാകരേട്ടനെന്ന് സുഭദ്രക്ക് ഇടക്കിടെ തോന്നാറുണ്ട്. മറ്റുള്ള കാര്യത്തിലെങ്കിലും ഇമ്മാതിരി താമസം പാടില്ലെന്ന തീരുമാനത്തില്‍ അന്ന് രാവിലെപോലും തന്റെ ശരീരത്തില്‍ കിളച്ചുമദിച്ച് തളര്‍ന്നെഴുന്നറ്റുപോയ ആള്‍ ഇനിയുണ്ടാവില്ലെന്ന യാഥാര്‍ത്ഥ്യം സുഭദ്രയുടെ ഉണങ്ങിത്തുടങ്ങുന്ന കണ്ണീര്‍ച്ചാലിലൂടെ എളുപ്പം ഓരോ കുടംകൂടി കമിഴ്ത്തിക്കൊണ്ടിരുന്നു. ഉച്ചയ്ക്കാവണം ഒരുപിടി ചോറ് വായിലേക്കിട്ടപ്പോഴാണ് ആദ്യത്തെ വെട്ടുകൊണ്ടത്. വല്ലാത്തൊരോക്കാനം വന്ന് മുറ്റത്തേക്കോടി. കിണറ്റിന്‍ കരയിലിരുന്ന് കാറി. തിന്നതിനേക്കാളും പുറത്തേക്കുവന്നു. പിത്തം. സ്വയം ഏന്തിവലിഞ്ഞ് പുറംതടവി കുറേനേരമിരുന്നു. മെല്ലെ എഴുന്നേറ്റ് ഒന്ന് തലചായ്ച്ചതേയുള്ളൂ.
വീടിനുചുറ്റും വല്ലാത്തൊരാള്‍ക്കൂട്ടംപോലെ. തോന്നിയതാണോ. പരിചയമുള്ള ഒരാളെ അടുത്തേക്ക് വിളിച്ചപ്പോള്‍ വിളികേട്ടില്ല. മുറ്റത്തേക്കിറങ്ങി മിണ്ടാതെ മിന്നിമായുന്ന ആള്‍ക്കൂട്ടത്തെ നോക്കി. എല്ലാവരുടെയും കണ്ണുകള്‍ എന്തിനാണ് ഇങ്ങോട്ടേക്ക് ഒളിച്ചുനോക്കുന്നതെന്നറിയാതെ.

ദിവാകരേട്ടന്റെ സഹപ്രവര്‍ത്തകന്‍ വേണുവേട്ടന്റെ ഭാര്യ നന്ദിനിയാണ് ബാക്കിവെച്ച ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചത്. വേണ്ടെന്ന് പറഞ്ഞുനോക്കി. അവള്‍ വിട്ടില്ല. അവളോട് വിശേഷായത് പറയേണ്ടിവന്നു. ലക്ഷണം വെച്ച് നോക്കി അവളും ഉറപ്പിച്ചു തന്നു. അവള്‍ക്ക് രണ്ട് പെറ്റ ശീലമുണ്ട്. ഇങ്ങനെയാണെന്ന് അറിഞ്ഞിട്ടും എന്തോ അവള്‍ക്ക് സന്തോഷം തോന്നിയില്ലെന്ന് തോന്നി. ഊണ് കഴിച്ചെന്ന് വരുത്തി ബാക്കി ചോറ് കലത്തിലിട്ട് മൂടി പാത്രം കഴുകിവെച്ചുവന്ന് അവള്‍ മുഖം പിടിച്ച് മാറത്തേക്കമര്‍ത്തി വിതുമ്പി.

”ഭാഗ്യംകെട്ടോള്.”

പിന്നെ എത്രപേര് അടുത്തുവന്നിരുന്ന് മിണ്ടാതെ എഴുന്നേറ്റ് പോയതെന്നറിയില്ല. ആരുടെയും മുഖം കണ്ടില്ല. എല്ലാവര്‍ക്കും ഒരേരൂപം. അടിവയറ്റില്‍ കൈവെച്ച് പുതിയ ഒരുചലനം ഗ്രഹിച്ച് അനങ്ങാതെ ഒരു മൂലക്കിരുന്നു.

നാലാംനാള്‍ പുലര്‍ന്നപ്പോള്‍ വേണുവേട്ടന്‍ കുറച്ചുപേരെയും കൂട്ടി മുറിയിലേക്ക് കേറിവന്നു. കുറേനേരം സംസാരിച്ചു. എന്നോടാണ് സംസാരിക്കുന്നതെന്ന് അവരെ വിശ്വസിപ്പിക്കാന്‍ ഇടക്കിടെ പുരികമുയര്‍ത്തി നോക്കി. സഖാവ് ദിവാകരന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും കൈനോട്ടക്കാരന്റെ പാടവത്തോടെ മണിക്കൂറുകളോളം പറഞ്ഞു തീര്‍ക്കുമ്പോള്‍ മനസ്സിലായ മൂന്ന് വാക്കുകള്‍ മാത്രം മുഴച്ചുനിന്നു:

ദിവാകരന്റെ ജീവിതം.
ദിവാകരന്റെ ലക്ഷ്യം.
ദിവാകരന്റെ രാഷ്ട്രീയം.

അവര്‍ പറയുമ്പോലെ നിന്നു കൊടുത്തു. അവര്‍ പറയുമ്പോലെ നടന്നുകൊടുത്തു. ഇരുന്നു കൊടുത്തു. വീട്ടില്‍ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചെത്തുന്നത് വളരെ വൈകി. നളിനിയുണ്ടായിരുന്നു കൂട്ടിന്. പക്വമാകാത്ത കുട്ടിയെപ്പോലെ എന്നെയോര്‍ത്ത് അവള്‍ എപ്പോഴും പരിഭ്രമിച്ചുകൊണ്ടിരുന്നു.

കവലയില്‍ ഒരു സ്മാരകമുയര്‍ന്നു. നാലുവശങ്ങളോടുകൂടി ആകാശത്തേക്ക് കൂര്‍ത്ത ചുവന്ന ഒരു സ്തൂപം. അതിന്റെ മുന്‍വശത്ത് മാര്‍ബിളില്‍ ദിവാകരേട്ടനെ ചില്ലിട്ടുവെച്ചിരിക്കുന്നു.

pramod koovery, story, iemalayalam

പരാതിയില്ലാതെ പലയിടത്തും അങ്ങനെ കൊണ്ടുനടക്കപ്പെട്ടു. മുഖത്ത് ഫ്‌ളാഷുകള്‍ ഒഴിഞ്ഞ സമയമില്ല. തീരെ വശമില്ലാത്ത കുറേ ചോദ്യങ്ങള്‍. മൗനമാണ് പ്രധാന ഉത്തരമെന്ന് പഠിച്ചു. ആള്‍ക്കൂട്ടത്തിലെ ബഹളങ്ങള്‍ക്കിടയില്‍ ഉദരത്തില്‍ അവന്‍ അസ്വസ്തപ്പെടുന്നത് തൊട്ടറിഞ്ഞു.

ക്യാമറകള്‍ വയറ് വല്ലാതെ ഫോക്കസ് ചെയ്തുവന്നു. വയറിന്റെ വളര്‍ച്ച ദിനംപ്രതി ജനം ഉറ്റുനോക്കി. ഒമ്പതുമാസമായതറിഞ്ഞില്ല. ഒരു ജനത ഉറ്റുനോക്കിക്കൊണ്ടിരുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഗര്‍ഭം അതിന്റെ പരിസമാപ്തിയിലേക്ക് എത്തിനില്‍ക്കുകയാണ്. ഈ ഖണ്ഡത്തിലെ അവസാനത്തെ പ്രദര്‍ശനം കഴിയുമ്പോള്‍ അവസാനത്തെ പ്രാസംഗികന്‍ ഇങ്ങനെ വിലയിരുത്തുന്നത് കേട്ടു:

”രക്തസാക്ഷി വിപ്ലവത്തിന്റെ ജീവവായുവാണ്…”

ചെവിയില്‍ തിരുകിവെച്ച കൈവിരല്‍ കുലുക്കിക്കൊണ്ട് അവന്‍ ജീവവായു ശ്വസിച്ചു. അകത്തുനിന്നു കേട്ട ബഹളമൊന്നും പുറത്തേക്ക് വന്നപ്പോള്‍ കേള്‍ക്കാത്ത ഒരു ചെവിടന്‍ വെളിച്ചത്തെ നോക്കി അവന്‍ ചിരിച്ചോണ്ടിരുന്നു.

ആര്‍ഭാടവും ആള്‍ക്കൂട്ടവും മെല്ലെ അകന്നു. നൈതികമായ ജനനത്തെ മാനുഷികമായ മരണം കൊണ്ട് നിര്‍വ്വചിക്കാന്‍ കഴിയാതെ വന്നിട്ടാവണം ഇനി വിശ്രമമെന്ന് ഓമനപ്പേരിട്ട് ഒതുക്കി നിര്‍ത്തിയത്. ആചാരങ്ങളൊന്നുമുണ്ടായില്ല. അവനൊരു പേരിട്ടു.

കുറേ കാലം കഴിഞ്ഞു. ഒന്നും മിണ്ടാതെ ഒന്നും കേള്‍ക്കാതെ അവന്‍ വളരുന്നു. അവന്‍ വളരുന്നത് ആരും കണ്ടില്ല. ആരും കേള്‍ക്കാനും വന്നില്ല. വയസ്സ് മൂന്നായിട്ടും അവന്‍ മിണ്ടാന്‍ തുടങ്ങിയില്ല. ചെവിയില്ലാത്തതുകൊണ്ടാണെന്ന് ആരോ പറഞ്ഞുതന്നു. നേരന്നെ. ഒരുതരത്തിലുള്ള ശബ്ദത്തോടും അവന്‍ കൃത്യമായി പ്രതികരിക്കുന്നില്ല. ആരെന്തു ചോദിച്ചാലും ചിരിച്ചോണ്ടിരിക്കുന്ന കളിപ്പാവയെപ്പോലെ അവന്‍ വന്നവരുടെ മുഴുവന്‍ സഹതാപവും ആകുലതകളും വിധിപറച്ചിലുമൊക്കെ കരസ്ഥമാക്കി കൈയടി നേടി.
നീ അവനെ കൊണ്ടോയി ചെവികാണിക്ക് സുഭദ്രേന്ന് പലരും പറഞ്ഞിട്ടുപോയി.

ഒരുദിവസം ദിവാകരേട്ടന്റെ അമ്മ വന്നപ്പം പറഞ്ഞു:

”ഓനും ഇങ്ങന്‍ത്തന്യാ, നാലാം വയസ്സിലാ ഒന്നു ഉരിയാടാന്‍ തൊടങ്ങ്യേ. പാരമ്പര്യാരിക്കും.”

”അതൊന്നുമല്ലമ്മേ… ഇവന് കേള്‍ക്കാന്‍ പറ്റാത്തോണ്ടാ…”

ചെവി കേള്‍ക്കാത്തോണ്ടാണ് സംസാരിക്കാന്‍ പറ്റാത്തതെന്നൊന്നും അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പറ്റില്ല.

”നമ്മ്‌ടെ പൊങ്കാരന്‍ രാഘവന്‍ല്ലേ… പൊട്ടന്‍. ഒരു തൂശി നെല്‍ത്തുവീണാ കേക്കും എന്നാ ഓനോ!”

അമ്മ അവനെപിടിച്ച് മടിയിലിരുത്തി വിശദമായി വായും ചെവിയും പരിശോധന തുടങ്ങി. ”ചെവി നിറയെ പെരിങ്ങാന്‍ തീട്ടാ. പിന്നെങ്ങനാ കേക്കാ… അടഞ്ഞിരിക്ക്വല്ലേ…” അമ്മ എള്ളണ്ണ ഇളംചൂടാക്കി വള്ളിച്ചപ്പ് ചൂടാക്കി നാളംപോലെ കോട്ടി അവന്റെ ഇരുചെവിയിലുമൊഴിച്ചു. ചെവി തിളച്ചുമറിഞ്ഞ് അവനിരിക്കപ്പൊറുതിയില്ലാതെ ഒച്ചയില്ലാതെ കാറി. പുലരുംവരെ ഉറങ്ങാന്‍ വിട്ടില്ല.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചെവി പൊട്ടിയൊലിക്കാന്‍ തുടങ്ങി. അവനെയെടുത്താല്‍ കാട്ടുചേന പൂത്ത കെട്ട മണം തുടങ്ങും. അമ്മ സമാധാനിപ്പിച്ചു.

”നീ പേടിക്കാതിരി. പെരിങ്ങാന്‍ പോന്ന്യാ”

പഞ്ഞിയെടുത്ത് അവന്റെ രണ്ട് ചെവിയിലും തിരുകി അവനെയുമെടുത്ത് സര്‍ക്കാരാസ്പത്രിക്ക് നടന്നു.

pramod koovery, story, iemalayalam

ഡോക്ടര്‍ ചെവിയിലേക്ക് ടോര്‍ച്ചടിച്ചു നോക്കി.
”ജന്മനാ ഉള്ള ബധിരതക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കുറച്ചുകഴിഞ്ഞാ സ്പീച്ച് തെറാപ്പി നോക്കാ. പൊട്ടിയൊലിക്കുന്നതിന് തുള്ളിമരുന്നെഴുതാം. മാറിക്കോളും.”

ഡോക്ടര്‍ പറഞ്ഞ മരുന്ന് കഴിച്ചപ്പോള്‍ അതങ്ങ് മാറികിട്ടി. ഒരാഴ്ച കഴിഞ്ഞ് ഒന്നുകൂടി വന്ന് കാണിക്കണമെന്ന് പറഞ്ഞതുകൊണ്ട് വീണ്ടും വന്നു. കുടുംബത്തെക്കുറിച്ചും ജീവിതത്തെകുറിച്ചും ഡോക്ടര്‍ ചോദിച്ചറിഞ്ഞപ്പോള്‍ അയാളും മരുന്നിനൊപ്പം സഹതാപവും ചുരുട്ടിത്തന്നു.

”ഇങ്ങനെയെന്നു കരുതി വിഷമിക്കാനൊന്നുമില്ല. എത്രയോ കുട്ടികളുണ്ട് ഇതുപോലെ. അവരൊക്കെ പഠിച്ച് നല്ല നിലയില്‍ ജോലി ചെയ്ത് ജീവിക്കുന്നില്ലേ. ദൈവം സഹായിച്ച് കുട്ടിക്ക് മാനസിക വൈകല്യമൊന്നുമില്ലല്ലോ. അതുതന്നെ വലിയ ഭാഗ്യമല്ലേ. ഇവന്‍ മിടുക്കനാ, ഉഷാറായിക്കോളും.”

ചെവിയും ശബ്ദവുമില്ലെങ്കിലും കണ്ണുകള്‍ കൊണ്ട് കാര്യം ഗ്രഹിച്ച് കൈകള്‍കൊണ്ട് സംസാരിക്കാന്‍ അവന്‍ ശ്രമിക്കുന്നത് സുഭദ്ര കണ്ടു. അപ്പുറത്തെ കുട്ടികളുടെ കൂട്ടത്തില്‍ കൂട്ടംതെറ്റി നില്‍ക്കുന്നതും സഹികെട്ട് ഇടക്കൊക്കെ അവരുടെ കളിയിലേക്ക് ഇടപെടുന്നതും കളി തെറ്റിച്ച അവനെ പിടിച്ച് പുറത്താക്കുന്നതും സുഭദ്ര നോക്കിയിരുന്നു.

അവന്റെ പരാതികള്‍ അവന്‍ വന്നു പറഞ്ഞു. അവന്റെ ഇഷ്ടങ്ങള്‍ അവന്‍ വന്നു പറഞ്ഞു.

അയല്‍പക്കത്തെ പിള്ളേര് തൊടിയില്‍ ഉപേക്ഷിച്ച പൊട്ടിയ കളിപ്പാട്ടങ്ങള്‍ അവന്‍ പെറുക്കിക്കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി അവന്റേതായ കുഞ്ഞുമനസ്സിന്റെ തട്ടുകളില്‍ അടുക്കിവെച്ചു. അതുകണ്ടു നില്‍ക്കുമ്പോള്‍ സുഭദ്രക്ക് സഹിക്കാന്‍ പറ്റാതായി. പുതിയതന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന ആഗ്രഹം മാത്രം അവളുടെ മനസ്സില്‍ പഴകി ദ്രവിച്ചു.

ദിവാകരന്റെ പേരിലുള്ള ഒരു മിച്ചഭൂമി സ്ഥലമുണ്ട്. ഇരുപത്തഞ്ച് സെന്റോളം വരുമത്. വെറും പാറയാണ്. ആദായമൊന്നുമില്ല. അതിനടുത്ത് പകുത്തുകിട്ടിയവരൊക്കെ കല്ല് കൊത്താന്‍ കൊടുത്തുകഴിഞ്ഞിരുന്നു. അതിന് ആവശ്യക്കാരുണ്ടെന്ന് ഒരുദിവസം അമ്മ വന്നപ്പോള്‍ പറഞ്ഞു.

”നീയാ തീരുമാനിക്കേണ്ടത്… അതവിടെ വെച്ചോണ്ട് ഒരു നേട്ടൂല്ല…”

”ആട നിന്നോട്ടമ്മേ… ദിവാകരേട്ടന്റെയല്ലേ. അതെങ്കിലും അയാളുടേതായി ആട കെടന്നോട്ട്”

അമ്മ മിണ്ടാതെ കുറേ നേരമിരുന്നു. ദിവാകരന്റെ ജീവിതം, ലക്ഷ്യം, രാഷ്ട്രീയം ഇപ്പോ അതൊന്നും ബാക്കിയില്ലെന്ന് അമ്മക്കും നന്നായറിയാം. പിരിവിന് മാത്രം ഇടക്കിടെ കയറിവരുന്ന ഇന്‍സ്റ്റാള്‍മെന്റുകാരെ പോലെയായിരിക്കുന്നു പാര്‍ട്ടിക്കാര്. അതും ആദ്യം ഇവിടെതന്നെ കയറി തുടങ്ങണം. രക്തസാക്ഷിയുടെ വീടല്ലേ, കണിശം നോക്കണംന്നായിരിക്കും.

”ഞാമ്പര്‍ഞ്ഞത് അത് വിറ്റ് ചെക്കനെ ഏതെങ്കിലും നല്ല ആസ്പത്രീല് കാണിച്ച് ഓനൊരു കൊണം കിട്ടാനാണ്…” അമ്മ കോന്തലയെടുത്ത് മൂക്ക് തുടച്ചു.

”അയിനെ ഇങ്ങനെ കാണുമ്പോ…”

നെഞ്ച് പിടയുന്നുണ്ട് അമ്മക്ക്. അമ്മ പെറ്റിട്ട നാലെണ്ണമുണ്ട് ദൂരെദൂരെയായിട്ട്. ഇന്നാ അമ്മേ ഒരു പുകയില വാങ്ങിക്കോന്ന് പറഞ്ഞ് പത്തുര്‍പ്യ കൊടുക്കാത്തോരാ മൂന്നും. ദിവാകരേട്ടന്‍ ഉള്ള കാലത്തോളം അവരെ നന്നായി നോക്കിയിട്ടുണ്ട്. വീട്ടിലാരുമില്ലെന്ന് പറഞ്ഞ് ഇളയതായ തങ്കമണിയാണ് സൂത്രത്തില്‍ അമ്മയെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെ പരമസുഖാണെന്നാണ് അമ്മയുടെ ആകെയുള്ള പരാതി.

ഇവിടെ നിക്കണമെന്നുണ്ട് അമ്മക്ക്. സുഭദ്ര നിര്‍ബന്ധിച്ചില്ല. ഇവിടെങ്ങാന്‍ ഒരുദിവസം കിടന്നുപോയാല്‍ ഹാലിളക്കി വരും അവറ്റ. അതിന്റെകൂടി പ്രാക്ക് കേക്കേണ്ടാന്ന് പറഞ്ഞ് മനസ്സില്ലാതെ വെയില് ചായുന്നതോടെ അമ്മ സ്ഥലം വിടും.

എന്നാലും വരും എവിടെന്നെങ്കിലും ചേനയും ചേമ്പും കാച്ചിലുമൊക്കെ ഒരു സഞ്ചിയില്‍ തൂക്കി ഇടയ്ക്കിടെ. അതൊരാശ്വാസം.

pramod koovery, story, iemalayalam

ഒരുദിവസം വേണുവേട്ടന്‍ വന്നു. ദിവാകരന്റെ ഇരുപത്തഞ്ചുസെന്റ് സ്ഥലമാണ് വിഷയം. അതേറ്റെടുക്കാന്‍ ഒരാള് വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആ പ്രദേശത്തെ ബാക്കി സ്ഥലങ്ങളൊക്കെ അവര് വാങ്ങിയത്രെ. എന്തോ വ്യവസായം തുടങ്ങാനാണെന്നും പറഞ്ഞു.

സ്ഥലം വില്‍പ്പന എന്ന വാക്ക് വേണുവേട്ടന്‍ ഉപയോഗിച്ചില്ല. ഏറ്റെടുക്കല്‍. അതിന്റെ അര്‍ത്ഥം എന്താണെന്ന് സുഭദ്രക്കത്ര പിടികിട്ടിയതുമില്ല.
അന്നൊന്നും സുഭദ്ര മറുപടി പറഞ്ഞില്ല. നൂറായിരം ആവശ്യമുണ്ട് എന്നിട്ടും കൊടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും പറഞ്ഞില്ല. പക്ഷെ, സ്ഥലം അവരുടെ ആവശ്യമായിരുന്നു. അതാണ് അവരുടെ ഭാഷ.
ഇടക്കിടെ കാണുമ്പോഴൊക്കെ വേണുവേട്ടന്‍ ഏറ്റെടുക്കലിനെ കുറിച്ച് ഓര്‍മ്മിപ്പിച്ചു.

ഭാഷയ്‌ക്കൊരു മാറ്റം സംഭവിച്ചോണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഇനി രണ്ടഭിപ്രായം ആവശ്യമില്ലെന്ന് തോന്നുംപോലെ ആ വിഷയം അങ്ങ് മാഞ്ഞുപോയി. ദിവാകരന്‍ പാര്‍ട്ടിയുടെ രക്തസാക്ഷിയാണെന്ന് അവള്‍ നൂറാവര്‍ത്തി കേട്ടുകഴിഞ്ഞിരിക്കുന്നു.

അടുത്തൊരു ഗാര്‍മെന്റ്‌സില്‍ ജോലിയുണ്ടായിരുന്നു സുഭദ്രക്ക്. അവിടുന്നാണ് ആദ്യമായി അവള്‍ ദിവാകരനെ കാണുന്നത്. പാര്‍ട്ടി ആപ്പീസിന്റെ തൊട്ടടുത്ത മുറിയിലായിരുന്ന ഗാര്‍മെന്റ്‌സ്. വരുന്നതും പോകുന്നതും കണ്ടുകണ്ട് അങ്ങ് പരിചയമായി.

പ്രേമത്തിലേക്കൊന്നും പോകാന്‍ നിന്നില്ല. ഒരു ദിവസം കൂടെപ്പോന്നു.
അഞ്ചാറുപേരുടെ സാന്നിധ്യത്തില്‍ അതങ്ങ് നടന്നു. അതില്‍പിന്നെ ജോലിക്ക് പോകേണ്ടെന്ന് പറഞ്ഞ് സുഭദ്രയെ ഒരു ടൈലറിംഗ് മെഷീനും വാങ്ങിക്കൊടുത്ത് വീട്ടിലിരുത്തി ദിവാകരന്‍. അടുത്തുള്ളവരുടെയൊക്കെ കീറത്തുണികള്‍ തയ്ച്ചുകൊടുത്ത് അവളും തങ്ങളുടേതായ ജീവിതം തുന്നിച്ചേര്‍ത്ത് കഴിഞ്ഞുകൂടാന്‍ തുടങ്ങി.

ഇപ്പോള്‍ ആളുകളുടെ തുണികള്‍ കീറാതായിരിക്കുന്നു. ഇടക്കിടെ വരുന്ന ചേനയും ചേമ്പും കാച്ചിലും കുറെ നാളായി നിലച്ചിരിക്കുന്നു. വല്ലതും പറ്റിയാല്‍പോലും അറിയിക്കില്ല. അങ്ങോട്ടേക്ക് പോയി കാണണംന്നുണ്ട്. തങ്കമണി ആട്ടിയോടിക്കാന്‍ നല്ല വാക്കരുത്തുള്ളോളാ. അതുകൊണ്ട് മടി പിടിച്ചു.

സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ച കാര്യം അമ്മയെ അറിയിക്കാന്‍ കഴിയാതെ സുഭദ്ര കുഴങ്ങി. ഇനിയെന്നു വരുമെന്ന് വിചാരിച്ചാ… അകത്തുള്ള അവസ്ഥയാണെങ്കില്‍ ദിനംപ്രതി ദയനീയമായി വരികയുമാണ്. വേറെ വഴിയില്ല. പെട്ടിക്കുള്ളില്‍ നിന്ന് ആധാരം തപ്പിയെടുത്ത് വേണുവേട്ടനെ ഏല്‍പ്പിച്ചു.

”അമ്മ്യോട് പറയാതെ…”

”അത് സാരൂല്ല. ഞാമ്പര്‍ഞ്ഞോളാം. ഓര്‍ക്ക് പറഞ്ഞാ മനസ്സിലാകും…” വേണുവേട്ടന്‍ അതേറ്റെടുത്തു.

വേണുവേട്ടന്‍ സുഭദ്രയെ കാണാന്‍ ഇത്രനാളും വന്നുകൊണ്ടിരുന്നതുപോലെ ഇപ്പോള്‍ അവള്‍ അയാളെ കാണാന്‍ പോകല്‍ പതിവാക്കി.

”തിരഞ്ഞെടുപ്പിന്റെ തിരക്കായി സുഭദ്രേ… അതൊന്നു കഴിയട്ടെ.”

നളിനി അവളെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി.

”ഒരുഗ്ലാസ്സ് ചായവെള്ളം കുടിക്കാന്‍ സമയമില്ലാതായിരിക്കുന്നു. രാവിലെ ഇറങ്ങിയാല്‍ എപ്പോഴാ എത്തുവാന്ന് ഞാനറിയാറില്ല. ചിലപ്പോ വരില്ല. ഇങ്ങനെയൊക്കെ നയിച്ചിട്ട് ഇവരെന്താ ഇണ്ടാക്കാന്‍ പോകുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്,” നളിനി തിരഞ്ഞെടുപ്പ് തിരക്കിന്റെ പ്രതിഷേധം ഒരു ചായ സല്‍ക്കാരത്തിലൂടെ സുഭദ്രയോട് വെളിപ്പെടുത്തി.

ദിവാകരേട്ടനും അക്കാര്യത്തില്‍ ഒട്ടും മോശമായിരുന്നില്ലെന്ന് സുഭദ്രക്കറിയാം. കല്ല്യാണം കഴിഞ്ഞതിന് ശേഷം നടന്ന ഒരു ഉപതിരഞ്ഞെടുപ്പേ അവള്‍ക്ക് അനുഭവമുള്ളൂ. അന്നും ഏതാണ്ട് ഇങ്ങനെത്തന്നെയാണ് അവിടെത്തെയും അവസ്ഥയെന്ന് സുഭദ്ര മറുപടി പറഞ്ഞിറങ്ങി.

ചെമ്മണ്ണ് റോഡിന്റെ ചേതിക്കാണ് സുഭദ്രയുടെ വീട്. റോഡ് പൊട്ടിപ്പൊളിഞ്ഞതാണ്. എല്ലാ വണ്ടികളൊന്നും അധികം വറാറില്ല. ജീപ്പ് കാണും നത്തിക്കുത്തി ഇടക്കൊക്കെ. തിരഞ്ഞെടുപ്പിന്റെ അനൗണ്‍സെന്റുമായി ഒരു ജീപ്പ് അതുവഴി വന്നപ്പോള്‍ അവന്‍ അടുക്കളയില്‍ കലം കമിഴ്ത്തിവെച്ച് കയിലുകൊണ്ട് ചെണ്ട കൊട്ടുകയായിരുന്നു.pramod koovery, story, iemalayalam

 

അവന്‍ വല്ലതും കേള്‍ക്കുന്നുണ്ടോ, എന്തിനായിങ്ങനെ മുട്ടുന്നതെന്ന് നോക്കി ഒച്ച ശല്യമാകുന്നുണ്ടെങ്കിലും അവനെ തടഞ്ഞില്ല. കൈകള്‍ക്ക് ഒരു സുഖം കിട്ടുന്നുണ്ടാകും.

ജീപ്പ് അനൗണ്‍സെന്റുമായി വീടിന്റെ മുന്നിലേക്കെത്തിയപ്പോള്‍ അവന്‍ മുട്ട് നിര്‍ത്തി മുറ്റത്തേക്കോടി. അവന്റെ പിന്നാലെ സുഭദ്രയും. റോഡിന്റെ വശത്ത് നിന്ന് അവനെ വീട്ടിലേക്ക് പിടിച്ചു വലിച്ചിട്ടും അവന്‍ തിറമ്പി. വരാന്‍ കൂട്ടാക്കാതെ ജീപ്പും അനൗണ്‍സ്‌മെന്റും കണ്ടും കേട്ടും വാപൊളിച്ചുകൊണ്ട് അവന്‍ കുറേനേരം അവിടെത്തന്നെ നിന്നു.

‘പ്രിയമുള്ളവരേ, ആസന്നമായ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി സഖാവ് എം.വി.സുകുമാരന്‍ മാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ…’

ജീപ്പ് പോയി.
സുഭദ്ര അവനെ റോഡിലുപേക്ഷിച്ച് അടുക്കളയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് എന്തോ ശബ്ദം കേട്ട് മുറ്റത്തേക്കിറങ്ങിയപ്പോള്‍ അവന്‍ ഒരു കമ്യൂണിസ്റ്റുചെടിയുടെ തണ്ടെടുത്ത് രണ്ടറ്റവും അരയില്‍ ടൗസറിനുള്ളില്‍ തിരുകി സ്റ്റിയറിംഗ് പോലെ വളച്ച് വണ്ടിയോടിക്കുകയായിരുന്നു. അവന്റെ വായില്‍ നിന്നും അവ്യക്തമായ ഒരു ഭാഷ പുറത്തേക്ക് വരുന്നത് സുഭദ്ര ശ്രദ്ധിച്ചു

”പീയുല്ലോരേ…”

അവന്‍ വീടിനുചുറ്റും പാട്ടുപാടി വണ്ടിയോടിച്ചു. സുഭദ്ര ധൃതിയില്‍ അകത്തുകയറി ഒരു സാരി വലിച്ചുകുത്തി. അവനെയും എന്തോ ഉടുപ്പിച്ച് ഉടന്‍ ആശുപത്രിക്ക് വിട്ടു.

അവള്‍ ശരിക്കും ആനന്ദത്തിന്റെയും അതിശയത്തിന്റെയും ലഹരിയിലായിരുന്നു. ശബ്ദമില്ലാത്ത ഒരു ജീവിയായി മാറുകയായിരുന്നു.
കേട്ടപ്പോള്‍ ഡോക്ടര്‍ വിശദമായി പരിശോധന തുടങ്ങി. സ്‌കാന്‍ ചെയ്തു. പലതരം ശബ്ദങ്ങള്‍ ഉണ്ടാക്കി അവന്റെ പ്രതികരണത്തിന്റെ വ്യതിയാനങ്ങള്‍ തിട്ടപ്പെടുത്തി.

”വലിയ എന്തോ ശബ്ദം കേട്ട് കേള്‍വിയുടെ ശേഷി കുറഞ്ഞതാ. ഏതായാലും ഒരു ഇയര്‍ ഐഡ് വാങ്ങിവെച്ചോളൂ. വളരേ നേര്‍ത്ത ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാതിരിക്കൂ… സാരമില്ല. വലുതാവുമ്പോള്‍ റിക്കവര്‍ ചെയ്‌തോളും.”

ഇയര്‍ ഐഡ് വാങ്ങി വലത്തേ ചെവിക്ക് ഘടിപ്പിച്ചു. കുറച്ചുനേരം അതുകൊണ്ടുള്ള ബാധ്യത അവനെ അലോസിരപ്പെടുത്തിയെങ്കിലും പുതിയയിനം ഒച്ചപ്പാടുകളിലേക്ക് അവന്റെ മനസ്സ് മെല്ലെ മാറികിട്ടി.

വീട്ടിലെത്തി അവന്‍ വീടിനുചുറ്റും വണ്ടിയോടിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അവന്റെ പ്രചരണം തീര്‍ന്നില്ല. ആര് ജയിച്ചെന്നോ തോറ്റെന്നോ നോക്കാതെ അവനും സുഭദ്രയും തങ്ങളുടെ കേള്‍വികളിലേക്കുള്ള സമ്മതിദായകം വിനിയോഗിച്ചതിന്റെ പരിപൂര്‍ണ്ണ ആഘോഷത്തിമര്‍പ്പില്‍ത്തന്നെയായിരുന്നു.

ഇയര്‍ഐഡും വെച്ച് നാലയല്‍വക്കത്തോളം ഒറ്റക്ക് നടന്നുകളിക്കാന്‍ അവന്‍ പ്രാപ്തനായി. ഏറെക്കുറെ അവന്റെ പുറത്തുള്ള അടയിരിപ്പില്‍ കുറേയേറെ ആശ്വാസമായി.

ഒരുദിവസം ഉച്ചക്ക് കൈയില്‍ ചെറിയൊരു പൊതിയുമായി വേണുവേട്ടന്‍ കയറിവന്നു. തിരഞ്ഞെടുപ്പിന്റെ തിരക്കൊക്കെ കഴിഞ്ഞിരിക്കുകയാണല്ലോ. റിസള്‍ട്ടും വന്നുകാണും. ദിവാകരന്റെ പാര്‍ട്ടി ജയിച്ചെന്ന് വേണുവേട്ടന്‍ പറഞ്ഞില്ല. സുഭദ്ര ചോദിച്ചതുമില്ല. വന്നപാടെ അരമതിലില്‍ കയറിയിരുന്ന് സുഭദ്രക്ക് പൊതിനീട്ടി. അവളത് വാങ്ങി നിര്‍നിമേഷയായി നിന്നു.

വേണുവേട്ടന്‍ സ്ഥലം വിറ്റ കണക്ക് പറഞ്ഞില്ല. സുഭദ്രക്കൊട്ട് ചോദിക്കാനും തോന്നിയില്ല. അന്ന് മാത്രം അയാളുടെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകള്‍ ഉണ്ടെന്ന് അവള്‍ക്ക് വെറുതെയല്ലാതെ തോന്നി. ഒരു മിനുറ്റുപോലും ഒരുസ്ഥലത്ത് ഒതുങ്ങിയിരിക്കാത്ത ആളാ. ഇതിപ്പോള്‍ നേരം പറഞ്ഞുകൊല്ലാന്‍ മറ്റൊന്നുമില്ലാതിരുന്നിട്ടും അയാള്‍ അതുമിതും പറയാതെ വെറുതെയിരിക്കുന്നു.

”ഇങ്ങനെ പോയാ മതിയോ സുഭദ്രേ…”

കുറേനരം ഒന്നും മിണ്ടാതിരുന്നതുകൊണ്ട്, പഴയ ചില ഓര്‍മ്മകളിലേക്ക് പോയതുകൊണ്ട്, സുഭദ്ര അയാളുടെ ശബ്ദം ഒരു ഞെട്ടലോടെയാണ് കേട്ടത്.

”ചെറിയ പ്രായല്ലേ ആയുള്ളൂ…”

വെറുതെ നിന്നുകൊണ്ട് ചിരിച്ചുകൊടുത്തു. മുഖത്ത് നോക്കിയില്ല. മുറ്റത്തിരുന്ന് കമ്യൂണിസ്റ്റ് കമ്പിന് ചുവന്ന തുണികെട്ടി കളിക്കുന്ന മകനെ നോക്കി.

”നന്ദിനിയുടെ വകയില് ഒരാളുണ്ട്. മൂപ്പരും ഒന്ന് കെട്ട്യതാ. പ്രസവിക്കുമ്പോള്‍ ഭാര്യ മരിച്ചുപോയി. ഒരു പെങ്കൊച്ചുണ്ട്. വേറെ ബാധ്യതയൊന്നുമില്ല. എടുത്തുപെരുമാറാന്‍ ഇഷ്ടമ്പോലെ ആസ്തിയുള്ളോരാ.”

”അതൊക്കെ അവിടെ നിക്കട്ടെ വേണ്വേട്ടാ…”

”വേണ്ട, എളുപ്പം വേണ്ട. രാത്രിയില് നല്ലോണം ആലോചിക്ക്. നിന്റെ കാര്യത്തില്‍ നമ്മള്‍ക്കൂണ്ടല്ലോ ഉത്തരവാദിത്വങ്ങള്…”

പ്രത്യേകിച്ച് ഒരര്‍ത്ഥവും പ്രകടമാകാതെ അവള്‍ ചിരിച്ചു.

”കാര്യങ്ങളൊക്കെ ശരിയാണ്. ദിവാകരന്‍ എനിക്കും വേണ്ടപ്പെട്ടവനായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുത്തവനാ. എന്നുവെച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് എത്രനാള്‍ ഇങ്ങനെ കഴിഞ്ഞുകൂടാന്‍ പറ്റും. അല്ലെങ്കില്‍ എന്തിന്…!”

”ഒന്നിനും വേണ്ടിയല്ല” അവളൊന്ന് വിതുമ്പി. ”വിധവയായി ജീവിക്കുന്നതും ഒരു വിപ്ലവം തന്നെയാണെന്ന് പറഞ്ഞു തന്നിട്ടുണ്ട് പണ്ട്. അതിനും വേണത്രേ യോഗം. അതനുസരിച്ച് ജീവിക്കാന്‍ പഠിക്വാ.”

വേണുവേട്ടന് പെട്ടന്ന് ഉത്തരം മുട്ടി. എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.

”എന്നാലും…”

സുഭദ്രയുടെ കണ്ണുകള്‍ അപ്പോഴും മുറ്റത്തിരുന്ന് കളിക്കുന്ന മകനില്‍ തന്നെയായിരുന്നു. അവനും എഴുന്നേറ്റ് നിന്ന് നോക്കുകയാണ്. അവന്റെ നോട്ടം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വേണുവേട്ടന്‍ പെട്ടെന്ന് തിരിഞ്ഞ് മുറ്റത്തേക്കിറങ്ങി. അവന്‍ കൈയിലുള്ള കമ്പും ചുവന്ന തുണിയും നീട്ടി അവന്റെ വലിയ കണ്ടുപിടുത്തം പോലെ അയാള്‍ക്കു നേരെ നീട്ടി.

”കൊടി…”pramod koovery, story, iemalayalam

 

ആറ് വയസ്സായപ്പോള്‍ അവനെ സ്‌കൂളില്‍ ചേര്‍ക്കുന്ന തത്രപ്പാടിലായിരുന്നു സുഭദ്ര. അവനുവേണ്ടുന്ന സ്‌കൂള്‍ സാമഗ്രികള്‍ അവള്‍ പലകാലങ്ങളിലായി സ്വരൂപിച്ചുവെച്ചിരുന്നു. സ്ലേറ്റും പെന്‍സിലും ഒരു ബേഗിലിട്ടുകൊടുത്തു. പുതിയ ഷര്‍ട്ടും നിക്കറും ധരിപ്പിച്ചു. ചുവന്ന പൂക്കളുള്ള കാലില്‍ വിസിലുള്ള ചെറിയ കുടയുമെടുത്ത് അവന്‍ രാവിലെതന്നെ സ്‌കൂളിലേക്ക് പോകാന്‍ തിടുക്കംകൂട്ടിക്കൊണ്ടിരുന്നു.

ആദ്യ ദിവസമായതുകൊണ്ട് കുറച്ചുനേരമേ ക്ലാസ്സുണ്ടാകൂ. അതുവരെ അവനെ കാത്തുനിന്ന് തിരിച്ചുവരുമ്പോള്‍ കൂട്ടണമെന്ന തീരുമാനത്തോടെ സുഭദ്ര അവനെയും കൊണ്ടിറങ്ങി.
കവലയില്‍ ദിവാകരേട്ടന്‍ വെട്ടേറ്റ് വീണിടത്ത് പണിത രക്തസാക്ഷി സ്തൂപത്തിനടുത്തൂടെ സുഭദ്ര അവന്റെ കൈയും പിടിച്ചു നടന്നു. സ്തൂപത്തില്‍ ദിവാകരേട്ടന്റെ ചിരിക്കുന്ന ഫോട്ടോ അവള്‍ ഒളികണ്ണോടെ നോക്കി. നോക്കിനിന്നില്ല. അതെന്താണെന്ന് ഇതുവരെയായിട്ടും അവന് പിടികിട്ടിയിട്ടില്ല.

എപ്പോഴേങ്കിലും വീട്ടിലെ ചുമരില്‍ തൂക്കിയ ആള്‍ടെ ഫോട്ടോയല്ലേയമ്മേ ഇതെന്ന് അവന്‍ ചോദിക്കുമെന്ന് സുഭദ്രക്ക് കാത്തുനില്‍ക്കുകയായിരുന്നു.

സ്‌കൂളിലെത്തിയപ്പോള്‍ ബാലന്‍മാഷ് സ്വീകരിച്ച് അകത്തേക്കിരുത്തി. പുതുതായി ചേര്‍ക്കാന്‍ വന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ചെറിയ തിരക്ക്. പ്രവേശനോത്സവമായതുകൊണ്ട് ബലൂണുകളും വര്‍ണ്ണക്കടലാസുകളും തൂക്കി മോടിപിടിപ്പിക്കുന്നതില്‍ പി.ടി.എയുമുണ്ട്.
ബാലന്‍മാഷ് അവനെ വിളിച്ച് അടുത്തിരുത്തി.

”മോന്റെ പേരെന്താ?”

അപരിചിതനായതുകൊണ്ട് അവന്‍ മിണ്ടിയില്ല. മാഷ് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ സുഭദ്ര പേര് പറഞ്ഞു.

പുതുതായി വന്ന ഒരു ടീച്ചറാണ് ഫോറങ്ങള്‍ പൂരിപ്പിക്കുന്നത്. അവിടെ ആളൊഴിഞ്ഞപ്പോള്‍ ബാലന്‍മാഷ് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു:

”ടീച്ചറേ ഇവര്‌ടെയൊന്ന് പൂരിപ്പിച്ചുകൊട്‌ത്തേ…”

പുത്തന്‍ സാരിയുടെ മണമുള്ള ചിരിയോടെ ടീച്ചര്‍ വരാന്‍ പറഞ്ഞു. അവന്റെ പേരും അച്ഛന്റെ പേരും അമ്മയുടെ പേരുമൊക്കെ ചോദിച്ചെടുത്ത് നല്ല വടിവൊത്ത അക്ഷരത്തില്‍ ടീച്ചര്‍ കോളത്തില്‍ നിരത്തിവെച്ചു.

അച്ഛന്റെ ജോലി ചോദിച്ചുകൊണ്ട് ടീച്ചര്‍ സുഭദ്രയുടെ മുഖത്തേക്ക് നോക്കി. സുഭദ്ര ഒന്നു പരുങ്ങി. ദിവാകരേട്ടന്റെ ജോലിയെന്തെന്നറിയാതെ അവള്‍ ഇളിഭ്യയായി അവള്‍ ബാലന്‍മാഷെ നോക്കി.

അതുകേട്ട് ഏന്തോ തിരക്കിനിടയില്‍ ബാലന്‍മാഷ് പെട്ടെന്നുവന്ന് ഇടപെട്ടു. ” ഓ…ഇവരെ അറിയില്ലേ. ദിവാകരന്റെ ഭാര്യയും മകനുമല്ലേ ഇത്… ”

ഓ.. അറിയാമെന്നും മറന്നു പോയതാണെന്നും ടീച്ചര്‍ നുണപറഞ്ഞു.
തിരിച്ചുപോരുമ്പോള്‍ സുഭദ്ര ദിവാകരന്റെ പണിസ്ഥലത്തൊന്നു കേറി. ഉച്ചയൂണു കഴിഞ്ഞ് കൈ തോര്‍ത്തുമ്പോഴാണ് സുഭദ്ര മകനെയും തൂക്കി കയറിവരുന്നത് ദിവാകരന്‍ കണ്ടത്.
അവനെ ചേര്‍ത്തുപിടിച്ച് കുശലം ചോദിച്ചു:

”എങ്ങ്‌നീണ്ട് നിന്റെ ഉസ്‌കൂള്…? കൂട്ടുകാരൊക്കെ …ണ്ടാ?”

ഉണ്ടെന്ന് അവന്‍ തലയാട്ടി.

”കുരുത്തക്കേടൊന്നും കളിക്കറ്…ട്ടാ”

ഇല്ലെന്ന് അവന്‍ തലയാട്ടി.

”ഉം…. വേഗം വീട്ടിലേക്ക് ചെന്നോ… വിശക്കുന്നുണ്ടാവില്ലേ…”

സുഭദ്ര അവനെയും തൂക്കി വീട്ടിലേക്കോടി.

കര്‍ക്കിടകക്കോള് കഴിഞ്ഞു. അടുത്തുള്ള കുട്ടികളുടെ കൂടെ അവനും സ്‌കൂളിലേക്ക് പോകുന്നുണ്ട്. അവരുടെ കൂടെതന്നെ ചിലപ്പോള്‍ ഒറ്റക്കും തിരിച്ചെത്തുന്നുമുണ്ട്. ഏതെങ്കിലും പാഠപുസ്തകം ഒരു ദിവസം സ്‌കൂളില്‍ അവന്‍ മറന്നുവെക്കുന്നുണ്ട്. ചിലപ്പോള്‍ ആരുടെയെങ്കിലും പുസ്തകം മാറിയെടുത്തുവരുന്നുമുണ്ട്. കല്ലുപെന്‍സില്‍ ഒന്ന് മുഴുവനായി കൊടുത്താല്‍ വരുമ്പോഴേക്കും പന്ത്രണ്ട് കഷ്ണമാക്കുന്നുണ്ട്. വെളുത്ത യൂണിഫോം കണ്ടത്തില്‍ കാലികൂട്ടാന്‍ പോയ അവസ്ഥയിലാക്കുന്നുണ്ട്. ചെരിപ്പിന്റെ വാറ് പൊട്ടിയപ്പോള്‍ തുന്നിയത് വീണ്ടും പൊട്ടിച്ചുവരുന്നുണ്ട്. കുടയുടെ ഇല്ലി രണ്ടാമത്തേതും പൊട്ടിച്ചിട്ടുണ്ട്.

ഒരുദിവസം ബാലന്‍മാഷ് സുഭദ്രയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. സുഭദ്ര ചെന്നപ്പോള്‍ ടീച്ചറാണ് സംസാരിച്ചത്. അവരാണ് അവന്റെ ക്ലാസ്സ് ടീച്ചര്‍. അവര്‍ സുഭദ്രയെ വിളിച്ച് സ്റ്റാഫ് റൂമില്‍ കൊണ്ടുചെന്നിരുത്തി.

”അവനെ നിങ്ങള്‍ സ്പീച്ച് ആന്റ് ഹിയറിംഗ് സ്‌കൂളില്‍ ചേര്‍ക്കുന്നതാ നല്ലത്. ഇവിടെ അട്ത്തല്ലേ…”

”അതെന്താ…. ?” അവള്‍ കേട്ടിട്ടില്ല.

”കേള്‍വിയും സംസാരവും കുറവുള്ള കുട്ടികള്‍ക്ക് അവിടാ നല്ലത്,” ടീച്ചര്‍ തന്റെ വലിയ ശബ്ദത്തില്‍ പതുക്കെ പറഞ്ഞു.

”അവന് അത്ര കുഴപ്പമൊന്നുമില്ല ടീച്ചറേ.”

”ക്ലാസ്സില്‍ ഒരു വക അവന്‍ കേള്‍ക്കുന്നില്ല. ഞങ്ങള്‍ക്ക് ഉച്ചത്തില്‍ സംസാരിക്കുന്നതിന് ഒരുപരിധിയില്ലേ.. മൈക്ക് വെച്ചൊന്നും പഠിപ്പിക്കാന്‍ പറ്റില്ലല്ലോ…”

ബാലന്‍മാഷ് കണ്ടിട്ടും കാണാതെ പോയി. വേറൊന്നും പരസ്പരം പറയാനില്ലാത്തതുകൊണ്ട് സുഭദ്രയും ടീച്ചറും എഴുന്നേറ്റുപോയി. ക്ലാസ്സില്‍ നിന്നും അവനെ വിളിച്ചിറക്കി നടക്കുമ്പോള്‍ ടീച്ചര്‍ തടഞ്ഞു.

”ഇന്നിവിടെ ഇരുന്നോട്ടെ.”

ടീച്ചറുടെ കൈ ഊക്കോടെ തട്ടിമാറ്റി അവനെയും തൂക്കി നടന്നു. വീട്ടിലെത്തിയപാടെ അവന്റെ ചെവിയില്‍ തിരുകിയ കൊമ്പെടുത്ത് വലിച്ചെറിഞ്ഞു. സ്വതന്ത്രമായ പുതിയൊരുശബ്ദം കിട്ടിയതുപോലെ അവന്‍ സന്തോഷത്തോടെ പതിവുപോലെ വീടിന് വലംവെച്ച് ഓടിക്കളിച്ചു.

അവനിപ്പോള്‍ സ്‌കൂളില്‍ പോകുന്നില്ല. മധ്യവേനലവധിക്ക് അവന് കുറേ കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. അവരങ്ങോട്ടും ഇങ്ങോട്ടും കാറ്റുപോലെ ഓടിനടന്നു കളിച്ചു. വാകൊണ്ടും ചെവികൊണ്ടുമല്ലാത്ത കളിയില്‍ അവന്‍ ഒന്നാമനായി. അല്ലാത്ത കളിയിലൊക്കെ അവന്‍ കള്ളനായി.

കളി കളത്തിലേക്കിറങ്ങി
കളി കവലിയിലേക്കിറങ്ങി
ഒളിച്ചാപ്പൊത്തുകളിയാണ് ജീവിതം.

ഒളിക്കുന്നവരുടെ കൂട്ടത്തില്‍ അവനുണ്ട്. കണ്ടുപിടിക്കേണ്ടവരുടെ കൂട്ടത്തില്‍ അവരുണ്ട്. ഒന്ന്…രണ്ട്… മൂന്ന്…നാല്… നൂറ്. കണ്‍തുറന്ന് നോക്കിയപ്പോള്‍ ആരുമില്ല.
അന്വേഷണം തുടങ്ങി.

അവനൊളിച്ചത് ദിവാകരന്റെ രക്തസാക്ഷി സ്തൂപത്തിന് പിറകിലാണ്. മഴവെള്ളത്തില്‍ പുതുനാമ്പിട്ടു പടര്‍ന്ന പുല്‍ച്ചെടികള്‍ക്കും തൊട്ടാവാടികള്‍ക്കുമിടയില്‍ തന്നാലാവുംവിധം അവന്‍ പതുങ്ങിയിരുന്നു.

കളിയില്‍ ഓരോരുത്തരെയായി കണ്ടെത്തിത്തുടങ്ങി.
സാറ്റിട്ടു.
അവനെയൊഴികെ എല്ലാവരെയും സാറ്റിട്ടു.
അവനെ കണ്ടുകിട്ടിയില്ല.
കളിയുടെ കെട്ടഴിഞ്ഞു.
നിയമങ്ങളും തെറ്റി.
അവസാനം എല്ലാവരും കൂടിയായി അന്വേഷണം.
എന്നിട്ടും അവനെ കണ്ടെത്തയില്ല.

സ്തൂപത്തിന് പിറകിലിരുന്ന് അവന്‍ ഉറക്കെയുറക്കെ ചിരിച്ചിട്ടും ആര്‍ക്കും അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Raktasakhshipani pramod koovery short story

Next Story
മൗനം പോലെ ഒരു ഉപമjayakrishnan, poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com