1
കുളിപ്പിക്കല്‍
ശിശുക്കളെ
കുളിപ്പിക്കുന്നതു പോലെയാണ്
മരിച്ചൊരാളേയും.
ശിശുക്കളെന്നാല്‍ ചിരിച്ചും
പ്രതിഷേധിച്ചും
ഉടലിളക്കിക്കൊണ്ടേയിരിക്കും.
മരിച്ചയാളും
അങ്ങനെയൊക്കെയും
പ്രതികരിക്കുന്നുണ്ടാവും
ഉള്ളില്‍.
അത്രയും കാലം ജീവിച്ചതിനാല്‍
വികാരങ്ങളെ പുറംലോകത്തെ
അറിയിക്കുന്നതിലുള്ള
സ്വാഭാവിക മടിയാവാം.

2
ശേഷിപ്പ്
ചോദിക്കുമ്പോള്‍
പറയാനെന്തെങ്കിലും
ബാക്കിവയ്പുണ്ടാവണം.
പറയുമ്പോഴോ
ചോദിക്കാനിനിയൊന്നുമുണ്ടാവരത്.
ചോദിക്കാനോ പറയാനോ
ശേഷിപ്പുകളൊന്നുമില്ലാതാവുന്നതാണ്
മൗനം.
മരണം.
3
ഉറക്കം
ദൈവം എന്നോട് പറഞ്ഞു
രണ്ടു വിധത്തിലാണ്
അദ്ദേഹം ആളുകളെ
ഉറക്കുകയത്രെ.
ഒന്ന്:
ആളുകളെ ഉറക്കി
ഉറങ്ങിയിടത്തു തന്നെ
ഉണര്‍ത്തുന്നത്.
രണ്ട്:
ആളുകളെ ഉറക്കി
മറ്റൊരു ലോകത്ത്
ഉണര്‍ത്തിയെടുക്കുന്നത്.
എനിക്ക് പേടിയായി
ഉറങ്ങാന്‍,
ഏതുണര്‍ച്ചയിലാവും
ദൈവമെന്നെ തള്ളിയിടുക?

4
ഒരു പേരില്‍
മുത്തച്ഛന്
സ്വന്തം പേര് ഓര്‍മ്മയുണ്ടായില്ല.
വിളിക്കുന്ന പേരൊക്കെ
തന്റേതെന്നറിഞ്ഞ്
പ്രതികരിച്ചു കൊണ്ടിരുന്നു.
ഇങ്ങനെ പ്രതികരിക്കാതെ
നിശ്ചലം കിടക്കാന്‍
മരണം മുത്തച്ഛനെ
ഏതു പേരായിരിക്കും
വിളിച്ചിട്ടുണ്ടാവുക?
5
കവിതയാകുമ്പോള്‍
മരിച്ചു പോയ ആളുകളോട്
എനിക്കൊട്ടും സംസാരിക്കാനാവുകയില്ല.
എന്നാല്‍ അവരോടെന്ന പോലെ
സംസാരിക്കാനാവും.
അതു കൊണ്ടാവും ആളുകളെന്നെ
ഭ്രാന്തനെന്നു കരുതുന്നത്.
അതാണെന്റെ കവിതയെന്ന്
ഞാനവരോട് പറയുന്നതെങ്ങനെ?
മരിച്ചു പോയ ആളുകള്‍ക്ക്
എന്നോട് സംസാരിക്കാനാവും.
അവരുടെ ഭൂതകാലമാണവര്‍
ഓര്‍ത്തെടുത്തു സംസാരിക്കുന്നത്.
അതിനപ്പുറം അവര്‍ക്കൊരു ഭാവിയുമില്ല.
അവരുടെ ജീവിതമാണത്.
അതൊരു കവിക്കല്ലാതെ
മറ്റാര്‍ക്കു മനസ്സിലാവും?
ജീവിച്ചിരിക്കുന്നവരോട്
ഇതൊക്കെ എങ്ങനെ സംസാരിക്കും?
മരിച്ചവര്‍ തിരിച്ചറിയുന്നത്രയും
കവിതയെ
അവര്‍ക്കാസ്വദിക്കാനാവുകയേയില്ല.