1
ശേഷിപ്പ്
കാലത്തെ ചെരിപ്പെന്ന പോലെ
അഴിച്ചുവെക്കാന്‍ ശ്രമിച്ചു.
ചെരിപ്പില്‍ കാലം അഴിഞ്ഞില്ല.
ഉടുപ്പുകളെന്ന പോലെ
അഴിച്ചെറിയാന്‍ ശ്രമിച്ചു.
ഉടുപ്പില്‍ കാലം ഒഴിഞ്ഞില്ല.
ഓര്‍മ്മകളെന്ന പോലെ
അഴിച്ചൊഴിയാന്‍ ശ്രമിച്ചു.
മറവികളിലും കാലം നിറഞ്ഞു.
അവസാനമയാള്‍
ഉടലഴിച്ചു വച്ചു.
അയാളില്ലാതായി.
അയാളുടെ കാലം ശേഷിച്ചു.

2
പരിണാമം
ആടിനെ പട്ടിയാക്കിയതു പോലെ
ജീവിച്ചു ഒരു ദിവസം ഒരാള്‍.
പട്ടിയെ ആടാക്കാനാവാതെയായി
പിന്നീടെന്നും
അയാളുടെ ജീവിതം.
3
ആത്മഹത്യ
അയാള്‍ ആരേയും കൊന്നില്ല.
മുമ്പിലായി പത്തിവിടര്‍ത്തി
കൊത്താനോങ്ങിയ പാമ്പിനേയോ
കടിച്ചു കുടയാനെത്തിയ പട്ടിയേയോ
ചുറ്റിപ്പറന്നു കടിച്ച കൊതുകിനേയോ
മുഷ്‌ക്ക് കാട്ടി നേര്‍ത്ത ശത്രുവിനേയോ
ചിരിച്ചു കൊല്ലാനൊരുങ്ങിയ മിത്രത്തെയോ
സ്വപ്നങ്ങളുടെ കഴുത്തരിഞ്ഞ കാമുകിയേയോ
ആത്മാവോളം അരിച്ചെത്തിയ ഉറുമ്പിനേയോ
വ്യാമോഹിപ്പിച്ച കവിതയേയോ
പ്രത്യാശയേകി പ്രതിക്രിയ ചെയ്ത ദര്‍ശനങ്ങളേയോ
ഒന്നിനേയുമൊന്നിനേയും.
എന്നിട്ടുമയാള്‍ക്കു പിടിച്ചു നില്‍ക്കാനായില്ല.
കത്തിയെടുക്കേണ്ടി വന്നു അയാള്‍ക്കും.
കൈ ഞരമ്പു മുറിച്ച് സ്വഹത്യ ചെയ്യുമ്പോള്‍
തിരിച്ചറിഞ്ഞിരിക്കുമോ അയാള്‍,
കൊല ചെയ്യാതെ ഭൂമുഖത്ത്
ആരും ശേഷിക്കുന്നില്ലെന്ന്?

4
പിടികിട്ടാപ്പുള്ളി
മരണത്തോളം
തട്ടിക്കൊണ്ടുപോകല്‍ വിദഗ്ദ്ധനായൊരാള്‍
ഇന്നുവരെ ജീവിച്ചിരുന്നിട്ടില്ല.
പിടികൂടാനാവുകയില്ലത്രെ അയാളെ
എന്നതാണെല്ലാവര്‍ക്കും പേടി.
പിടികൂടിയവരേയോ
വിട്ടയച്ചിട്ടില്ലയാള്‍
ഇന്നുവരെ.
പിടികൂടിയവരുമായി ബന്ധപ്പെടാനോ
ഇന്നുവരെ സാധിച്ചിട്ടുമില്ല.
വെറും പിടികിട്ടാപ്പുള്ളിയല്ലയാള്‍
കിട്ടാപ്പിടിപ്പുള്ളയാണയാള്‍.
5
നൊടിയിടയില്‍
ജീവിക്കുന്ന ആ നൊടിയാണ്
നമ്മുടെ ജീവിതം.
അതിനപ്പുറം പ്രതീക്ഷയാണ്.
അതിനിപ്പുറം അപ്രതീക്ഷിതവും.
ജീവിക്കുന്ന ആ നൊടിയാണ്
മരണവും.
അതിനപ്പുറം പുനര്‍ജ്ജനിയാണ്.
അതിനിപ്പുറം പൂര്‍വജന്മവും.
ശരിക്കുമൊരു നൊടിയിലേ
ജീവിക്കുന്നുള്ളൂവെന്ന്
വിശ്വസിക്കാനാവാത്ത
ജീവിതം.
മരണവും.