എന്നെയെഴുതുന്നത് – രാജൻ സി എച്ച് എഴുതിയ കവിത

“ഉറങ്ങാറാവുമ്പോള്‍ തെരുവുകളൊക്കെയും എകര്‍ന്ന കെട്ടിടങ്ങളുടെ ഇത്തിരിയിരുളിലേക്ക് മുഖമമര്‍ത്തിക്കിടക്കും” രാജൻ സി എച്ച് എഴുതിയ കവിത

Rajan C H , Poem, IE Malayalam

1

ഏകാന്തതയില്‍

പശു പുല്ലു തിന്നും.
തേട്ടിയരയ്ക്കും
ഏകാന്തതയില്‍.

Rajan C H , Poem, IE Malayalam

ഞാനെന്നെത്തന്നെ
തിന്നും.
ചവിട്ടിയരയ്ക്കും
ഏകാന്തതയില്‍.

2

കൂട്ടില്ലാതെ

വല്ലപ്പോഴും
ഒറ്റയ്ക്കൊരു
കൂട്ടമായും നടക്കും
ഞാന്‍.

3

തെരുവുറക്കം

ഉറങ്ങാറാവുമ്പോള്‍
തെരുവുകളൊക്കെയും
എകര്‍ന്ന കെട്ടിടങ്ങളുടെ
ഇത്തിരിയിരുളിലേക്ക്
മുഖമമര്‍ത്തിക്കിടക്കും.
ഒച്ചയൊട്ടുമുയരാതെ
അവ കൂര്‍ക്കം വലിക്കുകയാണെന്ന്
പാതിരാ നിശ്ശബ്ദത
സാക്ഷ്യപ്പെടുത്താതിരിക്കില്ല.

4

ജനലഴികള്‍

പുലര്‍വെയിലില്‍
ജനലഴികളുടെ നിഴല്‍
കിടപ്പറയില്‍ വീഴുന്നു.

അഴികളുടെ നിഴല്‍
അവയ്ക്കിടയിലെ വെയില്‍
കിടക്കയില്‍.

കിടന്ന കിടപ്പില്‍
ഞാനതിലൂടെ
പുറത്തേക്കു നോക്കാന്‍
പണിപ്പെടുന്നു.

5

ആകാംക്ഷ

ജിറാഫിനൊപ്പം
കഴുത്ത് നീട്ടുന്നു_
ണ്ടൊരാളെനിക്കുള്ളില്‍.
ഇതെന്തൊരാകാംക്ഷ!

Rajan C H , Poem, IE Malayalam

6

വായന

മറ്റുള്ളവരുടെ മനസ്സ്
വായിക്കുന്നത്
ഇന്ദ്രജാലമൊന്നുമല്ല.

എന്നാല്‍
അവനവന്‍റെ മനസ്സ്
വായിക്കുന്നതെങ്ങനെ?

7

വര്‍ത്തമാനം

ചിലരങ്ങനെയാണ്,
വര്‍ത്തമാനത്തില്‍ നിലയ്ക്കും.
പിന്നെ,നമ്മള്‍ ഭാവിയിലും
അവരെ നിലച്ച
വര്‍ത്തമാനത്തില്‍ മാത്രം
കണ്ടുകൊണ്ടിരിക്കും.

8

യാത്ര

ദീര്‍ഘദൂരയാത്രയില്‍
ബസില്‍
രണ്ടുപേര്‍ക്കിരിക്കാവുന്ന
സീറ്റിലുള്ള തനിച്ചിരിപ്പാണ്
ജീവിതമെന്ന്
ബസിറങ്ങിക്കഴിഞ്ഞാലും
ഓര്‍ത്തെടുക്കാനാവുകയില്ല
ഒരാള്‍ക്കും.

Rajan C H , Poem, IE Malayalam

9

കടന്നു പോക്ക്

തീവണ്ടിയിലിരിക്കുന്ന ആള്‍
പാലം കടക്കുന്നതു കാണും.
പാലത്തിലിരിക്കുന്ന ആള്‍
തീവണ്ടി കടക്കുന്നതു കാണും.
തീവണ്ടിയിലും പാലത്തിലുമിരിക്കുന്നവര്‍
പരസ്പരം കടക്കുന്നതു കാണും.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Rajan c h poem enneyezhuthunnath

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express