scorecardresearch
Latest News

സാങ്കേതികതയുടെ നവലോകക്രമം

“സ്ത്രീ-പുരുഷ ബന്ധത്തിലടിസ്ഥാനപ്പെടുത്തിയ അണുകുടുംബങ്ങളുടെ കഥകളും സാങ്കേതികലോകത്തെ പ്രതിസന്ധികളും സാധ്യതകളും നിറഞ്ഞ നവലോക വ്യവഹാരങ്ങളുടെ കഥകളുമാണ് കെ വി പ്രവീണിനെ മലയാള കഥാലോകത്ത് അടയാളപ്പെടുത്തുന്നത്”

സാങ്കേതികതയുടെ നവലോകക്രമം

നഷ്ടപ്പെട്ടതിനെ തേടിയുള്ള യാത്രയിൽ നഷ്ടമാകുന്ന ജീവിതസന്ദർഭങ്ങളെ നാം മറക്കുന്നു. അവ പിന്നീടെപ്പഴും നമ്മെ വേട്ടയാടാൻ തുടങ്ങും. ഓരോ കഥപറച്ചിലും നഷ്ടപ്പെട്ടതിന്റെ അവ്യാഖ്യായമായ ആനന്ദം പകർന്നു തരുന്നതാണ്. ചിതറുന്ന ഓർമ്മകളും വിടരുന്ന ഭാവനയും കഥകളെ തീവ്രമാക്കിക്കൊണ്ട് നമ്മുടെ ഹൃദയത്തിലേക്ക് അടുപ്പിച്ച് നിർത്തുന്നു. ഒരു പുഴ നീന്തിക്കടക്കുന്നത് പോലെയുള്ള ദൗത്യമാണ് പലപ്പോഴും കഥയെഴുത്ത്. ഒഴുക്കിപ്പടരാനും, പാറക്കൂട്ടങ്ങളിൽ തടഞ്ഞ് ഒഴുക്ക് നിലയ്ക്കാനും സാധ്യതയുള്ള യത്നമാണത്. ഓർമ്മകളെ ശകലങ്ങളായി സൂക്ഷിക്കാൻ സാങ്കേതിക സംവിധാനം വരെ നിലവിലുള്ള അവസ്ഥയിൽ കഥയുടെ രൂപ -ഭാവ- ശില്പപരിണാമത്തെ പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന കഥാകൃത്തുക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സമകാലികലോകത്തെ സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യനെ വിവര സാങ്കേതിക ഉപകരണങ്ങളുടെ മുന്നിൽ തളച്ചിടുകയാണ് ചെയ്യുന്നത്. അതിഭാവനയുടെ അപാരതകളിലൂടെ സഞ്ചരിക്കുന്ന ആധുനിക മനുഷ്യൻ മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകളിൽ നിർമമനാവുകയാണ്. ലോകത്തെ സ്മാർട്ട് ഫോണിലൂടെ കാണുന്ന അവൻ സങ്കീർണ്ണ ഭാവനകളെയും കെട്ടുകഥകളെയും പ്രണയിക്കാൻ ആരംഭിച്ചു. മുത്തശിക്കഥകളിൽ കേട്ടു മാത്രം പരിചയിച്ചിരുന്ന വിസ്മയലോകം നൂതന സാങ്കേതികത അവൻറെ കണ്മുന്നിൽ പ്രത്യക്ഷമാക്കി. താങ്ങാൻ പറ്റാവുന്നതിൽ കൂടുതൽ ഉൾക്കൊള്ളണ്ടി വരുമ്പോൾ അവൻ തളർന്നു വീഴുകയും സ്വപ്‌നങ്ങൾ അവന്റെ ലോകത്തെ അപഹരിക്കുകയും ചെയ്യുന്നു. ആ ഒരു ലോകത്തിന്റെ ഉൾപ്പിരിവുകളെയാണ് ഇന്നത്തെ കാലം അഭിമുഖീകരിക്കുന്നത്. കഥയിലെ സംഭവവികാസങ്ങൾ കഥാകൃത്തിന്റെ പൂർണ്ണമായ നിയന്ത്രണത്തിൽ ആണെങ്കിലേ വായനക്കാർ എഴുത്തുകാരന്റെ മാന്ത്രികവലയത്തിൽ വീഴുകയുള്ളൂ. വായനക്കാരുടെ ബുദ്ധിയെയും വികാരത്തെയും സ്പർശിക്കുന്ന കഥകളിലൂടെ കഥാകൃത്ത് അവരുമായി ഒരു ഏകകാലികമായ പൊരുത്തമുണ്ടാക്കുന്നു.എന്നാൽ സാങ്കേതികതയുടെ അംശങ്ങൾ മറ്റെല്ലാ രംഗത്തെന്നും പോലെ എഴുത്തിലും വായനയിലും കടന്നു വരുന്നതോടെ ചില വീക്ഷണങ്ങളിലെങ്കിലും വ്യതിയാനമുണ്ടാവുന്നു . സാങ്കേതികവിദ്യ പ്രയോഗത്തിൽ വരുത്തുന്ന ജോലിസ്ഥലങ്ങളിൽ മാനവികമൂല്യങ്ങൾ നേർത്തതാവുന്നു. ഇവിടെയാണ് കെ വി പ്രവീൺ എന്ന കഥാകാരൻ വേറിട്ടു നിന്ന് കൊണ്ടു തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. കെ വി പ്രവീൺ, മുഖ്യമായും രണ്ടു തരത്തിലുമുള്ള കഥകളാണ് എഴുതിയിട്ടുള്ളതെന്നു ബോധ്യപ്പെടും.സ്ത്രീ-പുരുഷ ബന്ധത്തിലടിസ്ഥാനപ്പെടുത്തിയ അണുകുടുംബങ്ങളുടെ കഥകളും സാങ്കേതികലോകത്തെ പ്രതിസന്ധികളും സാധ്യതകളും നിറഞ്ഞ നവലോക വ്യവഹാരങ്ങളുടെ കഥകളുമാണ് അവ.

Read More : ചിപ്പിലൊതുക്കപ്പെട്ട ജീവിതങ്ങളുടെ ചെപ്പിലൊതുക്കിയ ആവിഷ്‌കാരം

ആഗോളവൽക്കരണ/ ആഗോളവൽക്കരണാന്തര കാലത്തെ മധ്യവർഗ അണുകുടുംബങ്ങളിലെ ജീവിതാവസ്ഥകളുടെ പരിച്ഛേദമാണ് ആദ്യവിഭാഗത്തിലെ കഥകൾ. കയേൻ, ചിത്രദുർഗം, സീബ്രാ തുടങ്ങിയ കഥകളെ ഈ ഗണത്തിൽ പെടുത്താം. ആഗോളവത്കരണത്തെ ഒരു സാധ്യതയായി ലോകം കണ്ടാൽ, മാനവവംശത്തിനു അതിലൂടെ വിസ്‌മയങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന കാൾ സാഗന്റെ വാക്കുകൾ ശരി വെയ്ക്കുന്ന തരത്തിൽ വിവര സാങ്കേതികതയുടെ വിവിധ വശങ്ങൾ നമ്മെ മുന്നോട്ട് കൊണ്ടു പോയിട്ടുണ്ട്. എന്നാലതിന്റെ പാർശ്വഫലങ്ങളെ നാം വേണ്ടവണ്ണം കഥകളിലൂടെ ചർച്ച ചെയ്തിട്ടില്ല. പ്രവീൺ എന്ന കഥാകൃത്ത് ആ ഉദ്യമം ധീരതയോടെ ഏറ്റെടുക്കുന്നതിന്റെ പരിണാമഗതിയാണ് ജാക്ക്പോട്ട്, വണ്ടർ വുമൺ, ഓർമച്ചിപ്പ് തുടങ്ങിയ കഥകൾ. ഇവ നേരത്തെ സൂചിപ്പിച്ച രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നു.

rahul radhakrishnan, kv praveen, malayalam short stories

സാമ്പ്രദായികമായ അർത്ഥത്തിൽ വർഗ്ഗബോധം കുറവായ കോർപ്പറേറ്റ് തൊഴിലിടങ്ങളിലെ രാഷ്ട്രീയത്തെ കഥകളിൽ വേണ്ട രീതിയിൽ അടയാളപ്പെടുത്തിയിട്ടില്ല. ഈ കുറവ് നികത്തുന്ന കെ വി പ്രവീണിന്റെ ജാക്ക്പോട്ട്, കണ്ണാടിച്ചുമരുകൾക്കുള്ളിൽ ജോലി ചെയ്യുന്നവരുടെ സമ്മർദവും അസുരക്ഷതിത്വവും ശരിയായ ദിശയിൽ വിശദമാക്കുന്നു. പ്രത്യേക തൊഴിൽ മേഖലകളിൽ (Special Economic Zone) തൊഴിൽ നിയമങ്ങൾ വരെ ബാധകമല്ലാത്ത വിധത്തിൽ നടപടിക്രമങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ , ഐ ടി / ഐ ടി അനുബന്ധ മേഖലയിലെ പണക്കൊഴുപ്പുള്ള ജോലി സാധ്യതകളെ മാത്രമേ ഭരണകൂടവും മുഖ്യധാരാ മാധ്യമങ്ങളും നോക്കിക്കാണാറുള്ളൂ പ്രസിഡന്റ് എന്ന നിലയിലെ ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗത്തിൽ , യന്ത്രവല്‍ക്കരണത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയെ പറ്റി പരാമർശിച്ചിരുന്നു. അതോടൊപ്പം അതു കവർന്നെടുക്കാൻ സാധ്യതയുള്ള മധ്യവർഗത്തിന്റെ തൊഴിലവസരങ്ങളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചിരുന്നു. സാങ്കേതികവിദ്യയും യന്ത്രങ്ങൾ നിറഞ്ഞ ലോകവും മാനുഷികമൂല്യങ്ങളെ തന്നെ ബാധിക്കുമോ എന്ന ഉത്കണ്ഠയുടെ പരിസരങ്ങളിലാണ് കെ വി പ്രവീണിന്റെ ജാക്ക്പോട്ട് എന്ന കഥ വായിക്കേണ്ടത്.. സ്വതന്ത്രവ്യാപാരത്തിൽ പരിധികൾക്ക് നിയന്ത്രണം ഇല്ലാതാവുകയും പുതിയ സാധ്യതകൾ ഉരുവപ്പെടുകയും ചെയ്യുന്നു. അവ സാഹിത്യത്തെയും കലയെയും വരെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കാലികാവസ്ഥയിൽ മാനുഷികമൂല്യങ്ങളുടെ നിലനിൽപ്പിനു എന്താണ് ചെയ്യാൻ കഴിയുക എന്നാണ് ഒരു എഴുത്തുകാരൻ ആരായേണ്ടത്. ആഗോള വിപണിയുടെ സമ്മർദ്ദതന്ത്രങ്ങളുടെ ഇരകളാവുന്നത് വലിയ ഒരു ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണെന്ന് ജാക്ക്പോട്ട് ബോധ്യപ്പെടുത്തുന്നു. അധികാരത്തിന്റെ ശീതളഛായ എന്നും അടിമവർഗ്ഗത്തെ സൃഷ്ടിക്കും എന്നത് ആവർത്തിച്ച് വിരസമായിത്തീര്‍ന്ന ശൈലിയാണ്. പീറ്റർ ഹാൻസൺ എന്ന വെള്ളക്കാരൻ കറുത്ത തൊലിയുള്ളവരോട് പെരുമാറുന്ന രീതി കഥയിൽ വ്യക്തമാക്കുന്നുണ്ട്. “ഇൻ യുവർ കൺട്രി, യൂ ആൽവേയ്സ് ടോക് അദർ പീപ്പിൾസ് തിങ്ങ്സ്?” എന്ന് ആക്രോശിച്ചു കൊണ്ട് മേധാവിത്വത്തിന്റെ പരുപരുത്ത ശബ്ദമുയർത്തുന്ന പീറ്റർ പ്രതിനിധാന സ്വഭാവം പുലർത്തുന്ന ഒരു കഥാപാത്രമാണ്. ദേശ/ വേഷ/ഭാഷാ വ്യത്യാസമില്ലാതെ തസ്തികയുടെയും ശബ്ദത്തിന്റെയും ബലത്തിൽ കീഴ്ജീവനക്കാരിൽ ഭയം ജനിപ്പിക്കുന്ന കാടൻ തന്ത്രത്തിന്റെ മിനുക്കിയ മുഖം മാത്രമാണിത്.
തൊണ്ണൂറകളിൽ ശക്തി പ്രാപിച്ച നവസാമ്പത്തിക / ഉദാരവത്കരണ നയത്തിന്റെ ഭാഗമായി പ്രാദേശികമായി തന്നെ ‘ആഗോള’ ഉപയോക്താക്കൾ സൃഷ്ടിക്കപ്പെട്ടു. ഇതേ തുടർന്നായിരുന്നു വിവരസാങ്കേതികതയുടെ പ്രചാരം കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ വളർന്നത്. ഗ്ലോബൽ ഇന്ത്യൻ എന്ന സംജ്ഞയെ നാം പരിചയപ്പെടുന്നതും ഇക്കാലത്താണ്. എങ്കിലും നൈതിക വ്യതിയാനങ്ങളും രാഷ്ട്രീയ അസമത്വങ്ങളും അവിരാമമായി നില നിൽക്കുകയാണ് ആഗോളവത്കരണ സമീപനത്തിന്റെ ഭാഗമായി പുറംപണികരാറുകൾ (Outsourcing) ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യത്തിൽ നിന്നും അതിസമ്പന്ന രാജ്യങ്ങളിലേക്കുള്ള ” ഓൺ സൈറ്റ്” ജോലികളും സ്വാഭാവികമായി കൂടി. ഈ പശ്ചാത്തലത്തിൽ വികസിക്കുന്ന ഒരു കഥാതന്തുവാണ് ജാക്ക്പോട്ടിലേത്
ആഖ്യാതാവിനോടൊപ്പം ഒരേ പ്രോജെക്റ്റിൽ ജോലി ചെയ്യാനായി അമേരിക്കയിൽ എത്തിയ കൃഷ്ണദാസ്, ക്രിസ് ധരണിയായി പേര് മാറ്റിക്കൊണ്ട് തന്റെ ഭാഗധേയം മാറ്റി എഴുതാൻ ആരംഭിച്ചു. ആറു വർഷം ലാബ്ടെക് ആയി ജോലി ചെയ്തിട്ട് ഏഴാം വർഷം അസിസ്റ്റന്റ് ലാബ്ടെക് ആയി തരം താഴ്ത്തപ്പെട്ട ആഖ്യാതാവിന്റെ കണ്മുന്നിലായിരുന്നു നറുക്കെടുപ്പിലൂടെയും ചൂതാട്ടത്തിലൂടെയും ക്രിസ് പണം കൊയ്തു കൊണ്ടിരുന്നത്. “ഇംപ്രൂവ്മെന്റ് നീഡഡ് ” വിഭാഗത്തിൽ നിന്നു കൊണ്ട് കമ്പനിയുടെ സമർദ്ദം താങ്ങാനാവാതെ ഞെരുങ്ങുന്ന ആഖ്യാതാവ് തൊഴിലിടത്തെ സമ്മർദങ്ങളുടെ ഇരയാവുമ്പോൾ മറ്റു രീതിയിൽ പണം സമ്പാദിച്ചു കൊണ്ട് ക്രിസ് വേറൊരാളായി മാറി. കറുത്ത പാന്റ്സ് ഇട്ടു മൂത്രമൊഴിച്ചാൽ ആരും കാണാത്തത് പോലെ ചെറിയ വിജയങ്ങളെ കണ്ടിരുന്ന ക്രിസിന്റെ ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങളുടെ ചിത്രീകരണത്തോടൊപ്പം കഴുത്തു മുറുക്കുന്ന ജോലിക്കയറിൽ നിസ്സഹായാനാവുന്ന ആഖ്യാതാവും മിഴിവോടെ അവതരിപ്പിക്കപ്പെട്ട കഥാപാത്രങ്ങളാണ്. തൊഴിൽനൈപുണ്യം കുറവാണ് എന്ന് സ്ഥാപിച്ചു കൊണ്ട് തൊഴിലാളിയുടെ മേൽ ആധിപത്യത്തിന്റെ ആണികൾ അടിച്ചു കയറ്റുന്ന കോർപ്പറേറ്റ് തന്ത്രം ജീവനക്കാരനെ മടുപ്പിക്കുകയും അനിശ്ചിതത്വത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നതിന്റെ നൈസർഗികമായ ആഖ്യാനമാണ് ഈ കഥ.

മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം ഓർമകളിലൂടെയുള്ള സഞ്ചാരമാണ്. കഴിഞ്ഞ കാലത്തെ ഓർമകളും വർത്തമാനകാലത്തെ സംഭവങ്ങളും വരാനിരിക്കുന്ന സന്ദർഭങ്ങളും ഒറ്റപെട്ടു കിടക്കുന്ന തുരുത്തുകളല്ല. ഓരോ ദിവസത്തെയും സന്തോഷങ്ങളും ദു:ഖങ്ങളും അഴുക്കുകളും ഘനീഭവിച്ചു കൂടുന്ന വിചാരം ഓർമകളായി രൂപപ്പെടുകയാണ്. ആവശ്യമില്ലാത്ത സംഗതികളെ റീസൈക്കിൾ ബിന്നിലേക്ക് തള്ളുന്നത് പോലെ മറക്കാൻ ആഗ്രഹിക്കുന്നവയെ എന്നന്നേക്കുമായി മായ്ച്ചു കളയാമെന്നത് മിഥ്യാധാരണയാണ്. ജീവൻ നിലനിൽക്കുന്ന കാലത്ത് എപ്പോഴെങ്കിലും അവ മടങ്ങി വന്നു നമ്മെ പ്രതിരോധത്തിലാക്കും. മനക്കരുത്തിന്റെ ആകാശബലം കൊണ്ട് ആ കാളിമയെ വെളുത്ത പ്രതലത്തിലെ പ്രച്ഛന്നാക്ഷരങ്ങളായി പകർത്താൻ പറ്റില്ല. പാപപങ്കിലമായ ഓർമ മനുഷ്യമനസ്സിനെ വേട്ടയാടുക തന്നെ ചെയ്യും. ഇത്തരമൊരു സ്വാഭാവികവ്യവഹാരത്തെ ശാസ്ത്രപുരോഗതി കൊണ്ട് ഇല്ലാതാക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഓർമച്ചിപ്പ് എന്ന കഥയിൽ കെ വി പ്രവീൺ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ നിർമാണവേളയിൽ ഒരു രംഗം മോശമായിട്ടാണ് ചെയ്തെങ്കിൽ , വീണ്ടും അത് മാറ്റി ചെയ്യാം. ഒരു നിമിഷത്തെപ്പോലും പുനരവതരിപ്പിക്കാൻ സാധ്യമാവാത്ത ജീവിതത്തിൽ ഓർമകളുടെ വേട്ടമൃഗമാവുക എന്നതിൽ അത്ഭുതമില്ല.

തെറ്റും ശരിയും ആപേക്ഷികവിനിമയമായ ജീവിതവൃത്തത്തിൽ കൃത്യതയുള്ള മൂല്യനിർണയം വ്യക്തികളുടെ അഭിരുചിക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു. കൂട്ടിവെയ്പ്പിന്റെ വഴിയും തയ്യാറെടുപ്പിന്റെ പാതയും ജ്ഞാനത്തിന്റെ മാർഗവും ഉപദേശിച്ച ബോധിസത്വന്റെ തത്വത്തിനു ഇവിടെയാണ് പ്രസക്തി. മെമ്മറി ക്ലിനിക്കിലെ ഡോക്റ്ററായ ചാങിന്റെ മുറിയിൽ ബോധിസത്വന്റെ ചിത്രം വെച്ചിരിക്കുന്നത് ഈ ആശയം ന്യായികരിക്കുന്നു. ഇത് തന്നെയാണ് ഓർമച്ചിപ്പ് എന്ന കഥയുടെ മർമം. ‘ ഓർമകളുടെ ലാവണ്യഘടന’ എന്നത് സൗന്ദര്യാത്മകമായ സങ്കല്പനം മാത്രമാണ്. വിവിധ അറകളിൽ സൂക്ഷിക്കപ്പെടുന്ന ഓർമകളുടെ സൂക്ഷ്മമായ വിന്യാസത്തിൽ മനുഷ്യമനസ്സിന് യാതൊരു നിയന്ത്രണവുമില്ല. തിരകൾ പോലെ ഉയർന്നു പൊങ്ങുന്ന ഓർമകളിൽ നില തെറ്റുന്ന പുഷ്പഗിരിയിലെ പഴയ പോലീസ് സൂപ്രണ്ടായ അമ്മയാണ് ഓർമച്ചിപ്പിന്റെ കേന്ദ്രം. അധികാരത്തിന്റെ മൂലബിംബമായിരുന്ന അമ്മയെ ജീവിതസായാഹ്നത്തിൽ ഓർമ്മകൾ ഒരുമിച്ചു ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ കഥ.

Read More : അധികാര ധാർഷ്ട്യത്തിന്റെ പ്രാദേശികമാനങ്ങൾ

സ്മൃതിനാശം വരുന്ന നായകന്റെ നഷ്ടപ്പെട്ട ഓർമ തിരിച്ചു കൊണ്ടു വരാൻ Re-enactment (മുൻപ്‌ നടന്ന ഒരു സംഭവത്തെ അനുസ്മരിക്കുമാറ് പ്രവർത്തിക്കുക) ചെയ്യുന്നുണ്ട് Tom Mccarthyയുടെ Remainder എന്ന നോവലിൽ. നിഴൽ പോലെ അയാളുടെ മനസ്സിൽ പതിഞ്ഞിരുന്നു മൂടിയ ചിത്രങ്ങളെ , പഴയ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു കൊണ്ടു തെളിച്ചമുള്ളതാക്കാൻ കഴിയുമോ എന്ന ശ്രമകരമായ ദൗത്യമാണ് നോവലിൽ വിശദീകരിക്കുന്നത്. സാഹചര്യങ്ങളെ പുനഃ:സൃഷ്ടിച്ചു കൊണ്ടു സംഭവങ്ങളെ ആവിഷ്കരിക്കുന്ന simulation പോലെയാണിത്. എന്നാൽ “അനുഭവിക്കുന്നതല്ല ഓർത്തെടുക്കുന്നതാണ് യഥാർത്ഥ ജീവിതം ” എന്ന് അടിവരയിട്ടു ഹരിയോട് പറയുന്നതിലൂടെ ഡോക്ടർ ചാങ് , ഓർമ എന്ന അധികാരത്തിന്റെ വേഷപ്പകർച്ചകൾ എത്ര മാത്രം ശക്തമാണെന്ന് വ്യക്തമാക്കുകയാണ്. ഓർമയുടെ ബോധമണ്ഡലത്തിനു അടിമപ്പെട്ടു ജീവിക്കുക എന്ന ആശ്രിതന്റെ മനോഭാവമെ മനുഷ്യനുള്ളു.

kv praveen, rahul radhakrishnan, malayalam short story

ലോഹസദൃശമാണ് ചില ഓർമകൾ. പൂർണമായും മസ്തിഷ്കമരണം സംഭവിച്ചവരിലെ “കോശങ്ങളുടെ അതിരുകളിൽ നിന്നും കഴിയുന്നത്ര ഓർമകൾ ചുരണ്ടിയെടുത്തു മെമ്മറി ഫയലായി സൂക്ഷിക്കാൻ ശാസ്ത്രത്തിനു ഇന്ന് സാധിക്കും.”എന്ന പരിസരഭൂമികയിലാണ് ഓർമച്ചിപ്പ് സംഭവിക്കുന്നത്. മറവിയുടെ കയത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നവർക്ക് ഓർമകളുടെ ശകലങ്ങൾ നിവേശിപ്പിച്ച ചിപ്പുകൾ തലയോട്ടിയിൽ ദ്വാരങ്ങളുണ്ടാക്കി വെച്ചു പിടിപ്പിക്കുകയാണ്. യന്ത്രവത്കൃത ഓർമകളായി ജീവിതത്തെ പരിണമിപ്പിക്കുന്ന ആധുനിക ശാസ്ത്രവും ടെക്നോളജിയും മനുഷ്യന്റെ ജൈവികചോദനയ്ക്ക് വെല്ലുവിളിയുണ്ടാക്കുമോ എന്നത് കാലം ഉത്തരം തരേണ്ട പ്രഹേളികയാണ്. വൈദ്യ-ശാസ്ത്ര രംഗം അതിനൂതന മാര്ഗങ്ങളിലൂടെ വികസിക്കുന്ന അവസ്ഥയിൽ ബ്രെയിൻ മാപ്പിംഗ് പോലെയുള്ള സങ്കേതങ്ങൾ എളുപ്പമാണ്. എന്റെ ഓർമ നിന്റേത് കൂടി എന്ന കാൽപ്പനികവാക്യം അടിസ്ഥാനപരമായി പൊളിച്ചെഴുതേണ്ട സമയവുമായി എന്ന് ശാസ്ത്രം നമ്മെ ഓർമിപ്പിക്കുന്നു. കാല്പനിക പ്രസ്താവനയെക്കാൾ പ്രായോഗികമായി നടപ്പിലാക്കാവുന്ന മാർഗമായി ഓർമയുടെ പങ്കുവെക്കലിനെ കാണാവുന്നതാണ്. .

പുഷ്പഗിരിയിലെ പ്രക്ഷുബ്ധാവസ്ഥയെ കുറിച്ചും അത് തരണം ചെയ്യാൻ വിപ്ലവകാരികളായ ചില നേതാക്കന്മാരെ തടവിലടച്ചു ഭേദ്യം ചെയ്യുന്നതിന്റെയും ഒരു ധാര കൂടി കഥയിലുണ്ട്. അമ്മയുടെ അധികാരവാഞ്ച എത്ര ഭീകരമാണെന്നു പ്രകടമായി തെളിയിക്കുന്ന തടവറ രംഗത്തിൽ അമ്മയോടൊപ്പം സിനിമാശാലയിൽ വെച്ചു കണ്ട തന്റെ മുഖഛായയുള്ള ചെറുപ്പക്കാരനെ ഹരി വീണ്ടും കാണുന്നുണ്ട്. അവർ തമ്മിലുള്ള ബന്ധത്തിൽ ‘അമ്മ അടയാളങ്ങൾ ഒന്നും ബാക്കി വെച്ചിട്ടില്ല എന്ന് ഹരി മനസ്സിലാക്കുന്നുണ്ട്. കാമുകൻ ആയിരുന്ന ഒരാളെ പീഡിപ്പിച്ചു രസിച്ച അധികാരത്തിന്റെ ആസക്തിയ്ക്ക് മുന്നിൽ ശാരീരീരിക/മാനസിക ബന്ധങ്ങൾക്ക്‌ തെല്ലും വില കൽപ്പിക്കാത്ത അമ്മയിലെ നൃശംസഭാവം ഹരിയെ ഞെട്ടിച്ചു. . കർമയോഗമെന്ന പോലെ സ്ത്രീകൾ വാഴാത്ത പുരുഷഭൂമിയായിരുന്നു ഹരി. സ്ത്രീകളുമായുള്ള ബന്ധം ഒന്നൊഴിയാതെ പൊട്ടിത്തകരുന്നതിനു പിന്നിൽ അമ്മയുണ്ടെന്നു ഹരിക്കു തോന്നിയിരുന്നു. സ്ത്രീകളെ മാനസികമായി (ശാരീരികവും) അടുപ്പിച്ചു നിർത്താൻ പരാജയപ്പെട്ടിരുന്ന ഹരി ആ നഷ്ടം നികത്തിയിരുന്നത് സോഫ്റ്റ്‌വെയർ വലയം ഭേദിച്ചു കൊണ്ടായിരുന്നു. അമ്മ ഉള്ളംകൈയിൽ വെച്ചു നീട്ടുന്നവയിൽ നിന്നും ഒരെണ്ണം എടുക്കുന്ന രീതിയായിരുന്നു ഹരിക്ക്. അധികാരത്തിനു മുന്നിൽ പ്രേമം വഴി മാറുന്ന ഈ കാഴ്ചയുടെ മറ്റൊരു രൂപമാണ് ഹരിയ്ക്ക് അയാളുടെ കാമുകിമാരോട് ഉണ്ടായിരുന്നത് ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെല്ലാം അനേകം സാധ്യതകള്ക്ക് മുന്നിലെ ബുദ്ധിപൂര്വ്വമുള്ള ഇടപെടലുകളാണ്. എന്നാല് മകന്റെ ജീവിതം വ്യത്യസ്തമായിരുന്നു. സാധ്യതകളുടെ അനന്തവീചികളില് നിന്ന് അമ്മ തെരഞ്ഞെടുത്ത രണ്ട് വഴികളിലൊന്ന് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ അവനുള്ളൂ. ശരി,തെറ്റ് മഞ്ഞ ചുവപ്പ് എഞ്ചിനീയറിങ്ങ് മെഡിസിന് എന്നിങ്ങനെ. ഡിജിറ്റല് ലോകത്തെ സ്വരാദ്‌ഭുതങ്ങൾക്കും പിന്നിലെ ഒന്നും പൂജ്യവുമെന്ന ദ്വന്ദ്വത്തെ സ്വീകരിക്കാലാണിത്. മോഡേൺ മാനേജ്മെന്റ് തന്ത്രങ്ങളുടെ അടിസ്ഥാന തത്വവും ഇതുതന്നെയാണ്. സാധ്യതകളുടെ അനുസ്യൂതതയില് നിന്ന് പ്രായോഗികമാര്ഗ്ഗങ്ങളെ അരിച്ചെടുത്ത് ഒടുവില് പ്രവര്ത്തനാത്മകമായ കുറഞ്ഞ, ആകുമെങ്കില് രണ്ട് സാധ്യതകളിലേക്ക് ആറ്റിക്കുറുക്കിയെടുക്കലാണ് മോഡേണ് മാനേജ്മെന്റ് ചെയ്യുന്നത്. അതിൽ പ്രണയത്തിന്റെ നൂറ് വര്ണ്ണങ്ങളില്ല. പകരം പ്രണയിക്കാം അല്ലെങ്കിൽ നിരസിക്കാം. അമ്മയുടെ ജീവിതം ഒരു ശാസ്ത്രപ്രക്രിയ പോലെ നിഷ്ഠവും നിയന്ത്രിതവുമായിരുന്നു. മകനിൽ നിന്ന് അമ്മ പ്രതീക്ഷിച്ചത് തന്റെ തന്നെ കറകളഞ്ഞ പ്രതിരൂപത്തെയായിരുന്നു. അത് നിരകാരിച്ചത് ഹരിയുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല, അയാളടെ ജീവിതത്തെയാകെയായിരുന്നു. ബൂളിയൻ ആൾജിബ്രയുടെ (Boolean Algebra) നിശ്ചിത നിബന്ധനകള്ക്ക് വിധേയമായി ജീവിതത്തിന് മുന്നിലെ സർവസാധ്യതകളേയും നിരാകരിച്ചുകൊണ്ട് അമ്മ മകനെ വളര്ത്തുകയാണ്. ഒടുവില് അതേ ദ്വായാംഗഗണിത നിയമങ്ങളുടെ സുരക്ഷിതവിടവുകളിലൂടെ നുഴഞ്ഞ് കയറി ഹരിയിലെ ഹാക്കർ അമ്മയുടെ രഹസ്യങ്ങളുടെ പുറംതോട് പൊട്ടിച്ചെടുക്കുകയാണ്. ബൈനറി സമ്പ്രദായത്തിന്റെ സൂക്ഷമതയിലൂടെ മകൻ അമ്മയോട് പകരം വീട്ടുന്നു; തികഞ്ഞ പ്രായോഗികതയോടെ തന്നെ.

അധികാരം/ആശ്രിതത്വം എന്ന മറ്റൊരു രൂപം കൂടെ ഈ പട്ടികയിൽ പ്രമാദിത്തത്തോടെ വരുമ്പോൾ തെരഞ്ഞെടുക്കാൻ സാധ്യതകളില്ലാത്ത ലോകത്തിലേക്ക് ഹരിയുടെയും അമ്മയുടെയും ജീവിതം ചുരുങ്ങുകയാണ്. പെണ്ണുടൽ വാഴാത്ത ഹരിയുടെ ജീവിതത്തെ തരിശുനിലമാക്കിക്കൊണ്ട് ജീവിതം അമ്മയെ തോൽപ്പിക്കുകയാണ്. “ഓ അവളും നിന്നെ ഇട്ടിട്ടു പോയോ” എന്ന അമ്മയുടെ ഗദ്ഗദം ഇതിന്റെ തെളിവാണ്.

വിപ്ലവത്തിന്റെ ഉപാജപങ്ങളെ തുടച്ചു നീക്കാൻ അധികാരം ഏതെല്ലാം വിധത്തിൽ ഉപയോഗിക്കാമെന്നതിനു ലോകാരംഭം തൊട്ടേ ഉദാഹരണങ്ങളുണ്ട്. തോക്കിന്മുനയിൽ വിപ്ലവം ആരംഭിക്കാനും അടിച്ചമർത്താനും സാധിക്കുമെന്ന കേവലയുക്തി അധികാരത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. ബി സി അഞ്ചാം നൂറ്റാണ്ടിൽ ചൈനീസ് ഭാഷയിൽ രചിച്ച The Art of War ഒക്കെ പരാമർശിച്ചിട്ടായിരുന്നു അധികാരകേന്ദ്രമായ അമ്മ തന്ത്രങ്ങൾ മെനഞ്ഞിരുന്നത്.പുഷ്പഗിരി എന്ന പ്രദേശത്തു ഇറങ്ങിയ ‘ സ്വകാര്യം’ എന്ന പത്രത്തിന്റെ സെൻസർഷിപ്പിനു വരെ തയ്യാറായ അധികാരവർഗം എത്ര മാത്രം ജനവിരുദ്ധമായിട്ടായിരുന്നു പ്രക്ഷോഭത്തെ തകർക്കാൻ ഒരുമ്പിട്ടിരുന്നത് എന്ന് വ്യക്തമാണ്. കഥയിലൊരിടത്ത് ഭർത്താവിനെ പറ്റി പറയുന്നുണ്ടെങ്കിൽ, അധികാരത്തിൽ ഇത്ര മാത്രം ആസക്തയായ ഈ സ്ത്രീ , പ്രണയഭംഗം വന്നതിനു ശേഷം മറ്റൊരു പുരുഷനെ വിവാഹവും കഴിക്കാൻ സാധ്യതയില്ല. അതു കൊണ്ട് തന്നെ ഹരിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുറപ്പിക്കാം. അമ്മയുടെ അധികാരഭ്രാന്തിന്റെ ദോഷഫലങ്ങൾ അയാളും അനുഭവിച്ചിട്ടുണ്ടാകുമെന്നത് തീർച്ചയാണ്. ഓർത്തെടുക്കുന്നതാണ് യഥാർത്ഥ ജീവിതമെങ്കിലും അധികാരത്തിന്റെ ഇരുണ്ട മേഘങ്ങൾ വിഷാദച്ഛവി പരത്തുന്ന അനുഭവങ്ങളെ ഓർക്കാൻ ആരും ആഗ്രഹിക്കില്ല. സിലിക്കൺ ചിപ്പുകൾ സ്ഥാപിച്ചാലും ഓർമ്മകൾ വിധേയത്വത്തിന്റെ ഭാവങ്ങൾ ആണ് സൃഷ്ടിക്കുന്നതെങ്കിൽ ആ ഓർമ്മകൾ നമ്മെ ആനന്ദിപ്പിക്കില്ലല്ലോ.

സൈബർ ലോകം എന്ന സംജ്ഞ സർവസാധാരണമായ ഒരു കാലത്ത് , സ്ഥലം -കാലം എന്നീ പ്രത്യയങ്ങളുടെ നിർവചനം തന്നെ മാറ്റിയെഴുതണ്ടി വരും. സൈബർ ഇടങ്ങളിലെ വിനിമയങ്ങളെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ചുറ്റുപാടിൽ , പ്രസ്തുത മേഖലയുടെ സംവാദങ്ങളെ സാഹിത്യത്തിനും അഭിസംബോധന ചെയ്യേണ്ടി വരും. സൈബർ ഇടങ്ങളിലെ പ്രതിസന്ധികളെയും അപകടങ്ങളെയും നോവലുകളിലൂടെ ആവിഷ്കരിച്ച കെ വി. പ്രവീണിന്റെ ‘അസിമോവിന്റെ രാത്രി’ എന്ന കഥയിൽ അത്യന്താധുനിക സാങ്കേതിക ഉപകരണങ്ങൾ ജോലിയുടെ സുരക്ഷിതത്തെ ബാധിക്കുന്നതെങ്ങനെയെന്ന് സൂചിപ്പിക്കുന്നു. ഒരു കാലത്ത് കമ്പ്യൂട്ടറുകളെ ഭയന്നത് പോലെയുള്ള അവസ്ഥയാണ് കഥയിൽ വിവരിക്കുന്നത്. റോബോട്ടുകൾ പാറാവ് ജോലി ഏറ്റെടുക്കുന്ന കാലം അതി വിദൂരത്തല്ലെന്നു വ്യക്തമാക്കുന്ന കഥയിൽ, സാങ്കേതിക ലോകത്തിന്റെ മറ്റ് സങ്കീർണതകളിലേക്ക് കടന്നു കൊണ്ട് അവ ജീവിതത്തോട് എങ്ങനെയാണ് സംവദിക്കുന്നതെന്ന് പറയാൻ കഥാകൃത്ത് ശ്രമിച്ചിട്ടില്ല.

ഡാർവിന്റെ ദൈവം എന്ന കഥയിൽ കഥാകൃത്ത് എടുത്തിരിക്കുന്ന നിലപാട് ശാസ്ത്രവും സാങ്കേതികയും അറിയുന്ന ഒരാളിൽ നിന്നും ഉണ്ടാകുക എന്നത് സാധാരണമല്ല വൈദ്യശാസ്ത്രത്തിനു നിർധാരണം ചെയ്യാനാകാത്ത മേഖലകൾ ഉണ്ടെന്നു കരുതുന്ന പ്രൊഫസറാണ് ഡാർവിന്റെ ദൈവത്തിലെ മുഖ്യ കഥാപാത്രം. എന്നാൽ ശാസ്ത്രമാണ് എല്ലാത്തിനുമുള്ള പരിപൂർണമായ പരിഹാരം എന്ന യുക്തിയെ വെല്ലാനുള്ള കഥാകൃത്തിന്റെ ശ്രമമാണിത് എന്നാണു കരുതേണ്ടത്. വർഷങ്ങൾക്കു ശേഷം എഴുതിയ ഓർമചിപ്പിൽ അദ്ദേഹം ശാസ്ത്രത്തിന്റെ സാധ്യതകളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നതും ഇതിനോട് കൂട്ടി വായിക്കണം. ശാസ്ത്രവും സാങ്കേതികവിദ്യകളും അദ്ഭുതവേലകളുമെല്ലാം മനുഷ്യൻ തന്റെ പ്രശ്നത്തിന്റെ കൈത്താങ്ങായി കാണുന്നുവെന്നിരിക്കെ ഒന്നും ഒന്നിന്റെയും പൂർണ ഉത്തരമല്ല എന്ന തത്വത്തിനാണ് കെ വി പ്രവീൺ കൈ കൊടുക്കുന്നത്.

കാലവും രീതികളും മാറുന്നതനുസരിച്ചു കുടുംബബന്ധങ്ങളുടെ ദിശയും വ്യവസ്ഥയും മാറിക്കൊണ്ടിരിക്കുമെന്നത് സാധാരണമാണ്. ആത്മാർത്ഥബന്ധങ്ങളുടെ അടിയൊഴുക്കുകൾ മുൻകൂട്ടി നിശ്ചയിക്കാൻ പറ്റാത്ത വിധം സങ്കീർണമാകുന്ന സമകാലികാവസ്ഥയിൽ ” മാതൃകാ കുടുംബ”ങ്ങളെ നിർവചിക്കുക എന്നതു തന്നെ ഒരു പ്രശ്നവിഷയമാണ്. ആയിരത്തിതൊള്ളായിരത്തിഅമ്പതുകൾ മുതൽക്കേ അണുകുടുംബം എന്ന സംജ്ഞ പ്രചരിച്ചിരുന്നുവെങ്കിലും ഇന്നത്തെ രീതിയിലുള്ള അർത്ഥതലത്തിലേക്ക് അതെത്തിച്ചേർന്നത് ആഗോളവത്കരണത്തിനു ശേഷമുള്ള നാളുകളിലായിരുന്നു. വംശ/ ദേശ/ഭാഷാ ഭേദമെന്യ കുടുംബങ്ങളിലെ സംഘർഷം സാർവലൗകികമാണ്‌. അതു കൊണ്ടു തന്നെ പരസ്പര വിശ്വാസത്താൽ നിബദ്ധമായ കുടുംബബന്ധത്തിന്റെ കെട്ടുറപ്പാണ് മധ്യവർഗ്ഗത്തിന്റെ അടിസ്ഥാനസ്വഭാവത്തിന് കൂടുതൽ ശക്തി പകരുന്നത്. .കുടുംബകേന്ദ്രീകൃതമായ മധ്യവർഗ സമൂഹത്തിലെ വേലിക്കെട്ടുകൾ, എന്നാൽ പുറത്തു നിന്നുള്ള ഇടപെടലുകൾ കാരണം ശിഥിലമാവുകയും ചെയ്യുന്നു. സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്: അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോതരത്തിലും അസന്തുഷ്ടരാണെന്ന ലിയോ ടോൾസ്റ്റോയിയുടെ അന്നാകരിനീനയിലെ ആരംഭവാക്യം പുതിയ തലമുറയിലെ കുടുംബങ്ങൾക്കും ബാധകമാണ്. ഓരോ അംഗങ്ങളും ഓരോ വഴിക്കു നീങ്ങുന്ന തിരക്കിട്ട ജീവിതത്തിൽ ബാക്കിയാവുന്ന ഓർമ്മകൾ വേദനയും സന്തോഷവും നിറഞ്ഞതാണ്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിരാശയുടെയും കാമത്തിന്റെയും സദാചാരത്തിന്റെയും വഞ്ചനയുടെയും വിഷാദത്തിന്റെയും പാളികൾ അടിസ്ഥാനപരമായി മനുഷ്യൻ എന്ന പൊതുസത്തയെ മുൻനിർത്തിയാണ് നിലനിൽക്കുന്നത്. ഭൂഖണ്ഡങ്ങൾ മാറിയാലും അത്തരം അംശങ്ങൾ ജീവിതഭാഗധേയത്തെ സ്വാധീനിക്കുന്നതിനു ഒരു സമവാക്യമുണ്ടാവും. സ്വാഭാവികമായും സാഹിത്യത്തിന് അത്തരമൊരു മേഖലയെ ആഴത്തിൽ സ്പർശിക്കാതെ മുന്നോട്ടു പോകാനാവില്ല. മധ്യവർഗപ്രതിസന്ധികളും ഓരോ സാഹചര്യത്തോടും മനുഷ്യൻ ഇടപെടുന്നതെങ്ങനെയെന്നും സ്വതസിദ്ധമായ രീതിയിൽ പറയുന്ന സാഹിത്യകൃതികൾ മനുഷ്യർ തമ്മിലുള്ള ഇടപെടലുകളുടെ രാഷ്ട്രീയത്തിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാണ്. ഇങ്ങനെ ബന്ധങ്ങളുടെ സമസ്യകളിലേക്ക് കൊണ്ട് പോകുന്ന കഥകൾ കെ വി പ്രവീൺ എഴുതിയിട്ടുണ്ട്

ജീവിതമെന്ന തിരക്കിൽ രണ്ടു ഭൂഖണ്ഡങ്ങളായി മാറുന്ന അച്ഛന്റെയും അമ്മയുടെയും ഇടയിൽ അസന്തുഷ്ടനായി കഴിയേണ്ടി വരുന്ന ആബേലാണ് ‘കയേൻ’ എന്ന കഥയിലെ കേന്ദ്രകഥാപാത്രം.കുടുംബജീവിതത്തിന്റെ യഥാർത്ഥ പാളിച്ചകൾ മനസ്സിലാക്കാനും തിരുത്താനും ശ്രമിക്കാതെ, ആത്മീയതയിൽ ജീവിതം അർപ്പിക്കുന്ന തെരേസയ്ക്കും കാമുകിയിൽ അഭയം പ്രാപിക്കുന്ന പീറ്ററിനും ആബേലിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താനാവുന്നില്ല. ബാങ്കിന്റെ കളക്ഷൻ വിഭാഗത്തിൽ, കുടിശ്ശിക തെറ്റിക്കുന്ന കസ്റ്റമേഴ്സിൽ നിന്ന് പണം തിരിച്ചു പിടിക്കുന്ന, ഏറെ പിരിമുറുക്കമുള്ള ജോലിയിലാണ് പീറ്റർ. ജപമാല ചൊല്ലിയും ബൈബിൾ വായിച്ചും ധ്യാനങ്ങളിൽ പങ്കെടുത്തും സദാ ദൈവകാര്യങ്ങളിൽ മുഴുകിയ തെരേസയാണ് പീറ്ററിന്റെ ഭാര്യ. അവരുടെ ഏക മകനാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ ആബേൽ. മകന്റെ ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ അവനോടൊപ്പം സമയം ചെലവഴിക്കാനോ അവർക്ക് നേരമില്ല; മനസ്സുമില്ല. അതുകൊണ്ട് തന്നെ ആബേലിന്റെ പഠിത്തത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് മുഖ്യമായും കയേൻ എന്ന കഥ പ്രതിപാദിക്കുന്നത്
പഠിക്കാൻ പിന്നോക്കക്കാരനായ ആബേൽ കുട്ടികൾക്കിടയിൽ ഒറ്റപ്പെടുന്നു. സ്കൂളിൽ ആബേൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പീറ്ററിന് മുന്നിലെത്തുകയും, ഫാദർ പീറ്ററിനെ കൗൺസിലിങിന് വിളിക്കുകയും ചെയ്യുന്നു. ആബേലിനോടൊപ്പം സമയം ചിലവിടാൻ കഴിയാത്തതു കൊണ്ടുള്ള പ്രശ്നങ്ങളാണ് മുഖ്യമായും അവനിലുള്ളത് എന്ന് പീറ്ററിന് ബോധ്യപ്പെടുന്നുണ്ടെങ്കിലും അവനെ ശ്രദ്ധിക്കാൻ പല തിരക്കുകൾ മൂലം അയാൾക്ക് സാധിക്കുന്നില്ല. ഇതോടു കൂടി കുടുംബത്തിൽ പൂർണമായും ഒറ്റപ്പെടുന്ന ആബേൽ ഏലിയൻസിന്റെ ലോകത്തിൽ തന്നെ സ്വയം പ്രതിഷ്ഠിച്ച്, മറ്റൊരു സങ്കൽപലോകം തീർക്കുന്നു. മധ്യവർഗത്തിന്റെ വളർച്ചയും സ്വാധീനവും കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും വഴി മാറിക്കൊണ്ട്, അണുകുടുംബങ്ങളുടെയും, ‘പരിധികൾ’ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കുടുംബബന്ധങ്ങളുടെയും ലോകത്തിനു തുറവി കുറിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന് കയേൻ വ്യക്തമാക്കുന്നു. ദൈവത്തിന്റ ഇഷ്ടപുത്രനായിരുന്ന ആബേലിനെ ഓർമിപ്പിക്കുന്ന കഥയിലെ ആബേൽ കയേനായി പരിണമിക്കുന്നത് അവൻ അനുഭവിക്കുന്ന ഒറ്റപ്പെടൽ കൊണ്ടു തന്നെയാണ്.

rahul radha krishnan, malayalam short stories, kv praveen

കയേനുമായി അടുത്ത് നിൽക്കുന്ന പ്രമേയപരിസരം തന്നെയാണ് ചിത്രദുർഗത്തിന്റെയും. ചെറിയ കുടുംബത്തിലെ പൊട്ടലുംചീറ്റലും തന്നെയാണ് ഇവിടെയും കഥാകൃത്തിന്റെ ആശങ്ക. ഭർത്താവിനെ പിരിഞ്ഞു കഴിഞ്ഞിരുന്ന സീമയ്ക്ക് മകൾ ആതിര മാത്രമേ ഉണ്ടായിരുന്നുള്ളു. ആതിരയോടൊപ്പം രാവണൻകോട്ട പോലെയുള്ള മാളിൽ എത്തുന്ന അവൾ സങ്കീർണവും മടുപ്പു നിറഞ്ഞതും സുരക്ഷിതത്വം ഇല്ലാത്തതുമായ ഏകതാനമായ ജീവിതത്തെ പറ്റി ആകുലപ്പെട്ടിരുന്നു. സ്ത്രീമനസ്സിന്റെ പ്രതിസന്ധിയെയാണ് ചിത്രദുർഗത്തിൽ അവതരിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്ന സീമയുടെ അങ്കലാപ്പുകളാണ് ചിത്രദുർഗം എന്ന കഥ. ഭാവനയുടെയും യന്ത്രങ്ങളുടെയും യുഗത്തിലും വികാരപരമായി ചിന്തിച്ചിരുന്ന സീമ ഏകാകിനിയായിരുന്നു. സാങ്കേതികോപകരണങ്ങളെ സ്നേഹിച്ചു തുടങ്ങിയ മകളും വേർപിരിഞ്ഞു പോയ ഭർത്താവും അവളെ കൂടുതൽ ഒറ്റപ്പെടുത്തി. മധ്യവർഗ അണുകുടുംബത്തിന്റെ വേപഥുവിനെ സ്വതസിദ്ധമായ രീതിയിൽ കെ വി പ്രവീൺ ഈ കഥയിൽ കൂടി അവതരിപ്പിക്കുന്നു. ബോധപൂർവം മനുഷ്യശരീരത്തെയും അബോധപൂർവം മനസ്സിനെയും നിയന്ത്രിക്കുന്ന വിധത്തിൽ യന്ത്രവത്കൃതമായ ജീവിതം രൂപപ്പെടുത്തുകയാണെന്ന് കഥാകൃത്ത് സമർത്ഥിക്കുന്നുണ്ട്

രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ രാഷ്ട്രീയ /അധികാര/ കുടിയേറ്റ സാധ്യതകളെ ഉപജീവിക്കാതെ കുടുംബം എന്ന ചെറിയ ലോകത്തിലെ വലിയ കാഴ്ചകൾ പറയാൻ സമകാലിക എഴുത്തുകാർ കൗതുകപൂർവ്വം ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയകൃത്യതയോ, അധികാരവാക്യങ്ങളോ, ഏകാധിപത്യപ്രവണതകളോ വിസ്മരിച്ചുകൊണ്ടുള്ള എഴുത്തുരീതിയുടെ വേറിട്ട പാതയായി ഇതിനെ കാണാനാവില്ല. മറിച്ചു സംഘർഷങ്ങൾ നിറഞ്ഞ മനുഷ്യരുടെ വിനിമയങ്ങളുടെ ഏറ്റക്കുറച്ചിലിനെ അധികാരത്തിൻെറയും അധീശത്വത്തിന്റെയും പാർശ്വവത്കരണത്തിനെയും രാഷ്ട്രീയവഴികളിലൂടെ അവതരിപ്പിക്കാനുള്ള എഴുത്തുകാരുടെ സർഗാത്മക പ്രവർത്തനം ആയി കുടുംബരംഗങ്ങളുടെ വ്യാഖ്യാനങ്ങൾ മാറുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള പകയും വിദ്വെഷവും മൂലം ഉടലെടുക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമാർഗങ്ങൾ കുറവാണ്.. മാനുഷികമൂല്യങ്ങൾക്ക് വലിയൊരളവിൽ വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇത്തരം ദു:ഖങ്ങൾക്കു വിപണിമൂല്യം കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. ഇത്തരമൊരവസ്ഥയുടെ ജാലകകക്കാഴ്ചയാണ് പ്രവീണിന്റെ വണ്ടർ വുമൺ എന്ന കഥ. ആഖ്യാനത്തിൽ പല തരം അടരുകൾ ചേർത്തു വെച്ചിരിക്കുന്ന വണ്ടർ വുമൺ, മത്സരം നിറഞ്ഞ ഐ ടി ലോകത്തിൽ യന്ത്രവത്കൃതമായ വിചാരങ്ങൾക്കുപരിയായി വ്യക്തിപരമായ ദു:ഖവും വൈരാഗ്യവും കീഴ്‌പ്പെടുത്തുന്ന ഗീത രമേഷിന്റെ കഥയാണ്. ഭൂമിയിൽ ഒരു ഭാഷയും ഒരു സംസാരരീതിയും ഉണ്ടായിരുന്ന കാലത്ത് ആകാശം മുട്ടുന്ന ഗോപുരം തീർത്ത മനുഷ്യരെ ദൈവം ചിന്നി ചിതറിപ്പിച്ച കഥ ബൈബിളിലുണ്ട്. ഇതിനെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ബന്ധമായിരുന്നു ആഖ്യാതാവായ കഥാനായകനും മെർലിനും തമ്മിൽ.ഇതിനിടയിൽ ആഖ്യാതാവിന്റെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരായി ജോലിക്കു ചേർന്ന ഗീത രമേഷ് സൃഷ്ടിക്കുന്ന ദുരൂഹതയാണ് വണ്ടർ വുമണിന്റെ പ്രമേയം. സാങ്കേതികതയുടെ ലോകത്തെ പുതിയ പ്രവണതകളെയും ഔട്ട് സോഴ്‌സിങ്ങിന്റെ ദാരുണാസ്ഥിതിയുമൊക്കെ ആനുഷംഗികമായി പരാമർശിക്കുന്ന കഥയിൽ ഗീതയും പങ്കാളിയുമായുള്ള അസ്വാരസ്യങ്ങളാണ് കേന്ദ്ര തന്തു.പങ്കാളിയെ ഇല്ലാതാക്കാനുള്ള വ്യഗ്രത കാണിക്കുന്ന ഗീതയുടെ മനോവിചാരങ്ങളിലൂടെയാണ് ആഖ്യാതാവ് യാത്ര ചെയ്യുന്നത്. കൊലപാതകത്തിന് പദ്ധതിയിട്ട് നടക്കുന്ന ഗീതയിൽ നിന്നും അകന്നു മാറാൻ ശ്രമിക്കുന്തോറും അവളിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു ആഖ്യാതാവ്.

ലിയനാർഡോ കോഹന്റെ ഗാനങ്ങളും ചാർലിസ് ഏഞ്ചൽസിലെ മാലാഖാന്മാരും അകമ്പടി വഹിക്കുന്ന ആഖ്യാനത്തിൽ വധശ്രമത്തിന് ശേഷം ആഖ്യാതാവിന്റെ ഒപ്പം അത്താഴം കഴിക്കാനെത്തിയ ഗീത ബാറ്റ്മാനെയും സൂപ്പർമാനെയും പോലെയുള്ള പ്രശസ്തമായ ഫിക്ഷൻ കഥാപാത്രമായ ‘വണ്ടർ വുമൺ’ ആയി രൂപാന്തരം പ്രാപിക്കുന്ന കാഴ്ചയാണ് പിന്നീട് സംഭവിച്ചത്.ഏറെ സമയത്തിന് ശേഷം കണ്ണ് തുറന്നപ്പോൾ അയാൾക്ക് ആരെയും കാണാൻ സാധിച്ചില്ല. ബാൽക്കണിയുടെ മുകളിൽ നിന്നും താഴത്തെ ഇരുട്ടിലേക്ക് അയാൾ നോക്കി. ആയിരം ചുംബനങ്ങളുടെ ആഴത്തിൽ അവിടെ നിന്നും അവളും. നീത്‌ചേയുടെ വിഖ്യാതമായ “അഗാധതയിലേക്ക് നോട്ടമയച്ചാൽ അഗാധതയുടെ നോട്ടവും നിന്നിലേക്ക് കടന്നു കയറും” എന്ന വാക്യം ഓർമിപ്പിച്ചു കൊണ്ടാണ് കെ വി പ്രവീൺ കഥ അവസാനിപ്പിക്കുന്നത്.ഇരുട്ടിന്റെ ആഴത്തിൽ നിന്നും ആയിരം ചുംബനങ്ങൾക്കു സമാനമായ ചുംബനം തിരിച്ചു ലഭിക്കുന്ന നായകന്റെ മുന്നിൽ സ്ത്രീകളുടെയും കുട്ടികളുടെയും ദുർബലരുടെയും സംരക്ഷകയായ ‘വണ്ടർ വുമൺ’ ഉണ്ടായിരുന്നു.

ലോകം സൈബർ ചുമരുകളിൽ ഒതുങ്ങുന്ന യുഗത്തിൽ എല്ലാ ബിന്ദുക്കളും ഒന്നായിത്തീരുകയാണ്. അവിടെ പാരമ്പര്യത്തിന്റെ നിയമങ്ങളോ “ഇസങ്ങളോ” മുഴുവനായി പാലിക്കപ്പെടണമെന്നില്ല. എന്നാൽ കലുഷത നിറഞ്ഞ ജീവിതം തുടർക്കഥ പോലെയാണ്; അധികാരബന്ധങ്ങൾ തുറവിയെടുക്കുന്ന വഴികൾ പ്രവചനാതീതവും. അധികാരം സ്ഥാപനവത്കരിക്കുന്നതിന്റെ പ്രതിരൂപങ്ങൾ ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്ന് പറയുകയാണ് കെ വി പ്രവീൺ എന്ന കഥാകാരൻ. നവലോകക്രമങ്ങൾ കൃത്യതയോടെ നിരീക്ഷിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്ന എഴുത്തുകാരിൽ മുൻപന്തിയിലാണ് കെ വി പ്രവീണിന്റെ സ്ഥാനം. ചെറുപ്പക്കാരുടെയും മധ്യവർഗ്ഗത്തിന്റെയും സാങ്കേതികതയുടെയും കരുക്കൾ നിറഞ്ഞ വിശാലമായ കളിസ്ഥലമാണ് അദ്ദേഹത്തിന്റെ കഥകൾ. പോരാളിയായും നിഷ്പക്ഷ മധ്യസ്ഥനായും ഗാലറിയിലെ കാണിയുമായും വേഷം മാറിക്കൊണ്ട് കഥകളുടെ മേച്ചിൽപ്പുറങ്ങളിൽ കെ വി പ്രവീൺ നിറഞ്ഞു നിൽക്കുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Rahul radhakrishnan kv praveen stories