ശവപ്പെട്ടിയില്‍
കിടന്നുറങ്ങിയതിന്റെ
ചടവിനെ, ചൂടിനെ
ഉളിയും മുഴകോലുമായി
കൊത്ത് പണി ചെയ്ത്
അയാൾ
ഒന്നാന്തരമൊരു കിടപ്പറ
പണിയുകയാണ്…

എത്രയെത്ര
ശവപ്പെട്ടികളുടെ മോഡലുകൾ…
ചത്ത് കിടക്കുന്നതിന്റെ
തൊട്ടുമുൻപത്തെ നോട്ടങ്ങൾ…
അയാളുടെ നിഴലുകൾ
കുത്തിചാരിവെച്ച
ശവപ്പെട്ടികളുടെ ഉടലുകൾ…

പൊതു ദർശനത്തിന് വെച്ച
ശവപ്പെട്ടികൾക്കെല്ലാം
അയാളുടെ ഉടലളവുകളായിരുന്നു..
എന്തൊരു പാകതയെന്ന് പറഞ്ഞ്
ബന്ധുക്കളും, നാട്ടുക്കാരും
അടക്കം പറയും.rahul manappattu , poem, iemalayalam

അയാളുടെ
വിശപ്പിലേക്ക്
വില്ക്കാൻ വെച്ച
ശവപ്പെട്ടികളുടെ
ശൂന്യത
വിലപേശലുകളില്ലാതെ
ചാവുമണിക്കായ് സ്വപ്നങ്ങൾ കണ്ടു…

ഭൂമിക്കടിയിലേക്കടുക്കിവെക്കാൻ
അയാൾ കാട്ടുന്ന വെപ്രാളപ്പെടലുകളിൽ
ശരീരങ്ങളെ കരുതലോടെ
ആണിതറയ്ക്കുമ്പോൾ
മരണയൊച്ചയെന്നോണം
അയാൾ ചെവിയുടെ കുഴിമാടം
മണ്ണിട്ട് മൂടും…

മരണത്തിന്റെ ചുറ്റളവിൽ
അയാൾ പണിത
ശവപ്പെട്ടിയിൽ
അകപ്പെട്ട തന്റെ ശരീരം
ചുമന്ന് കൊണ്ടു പോവുമ്പോൾ
കുരുശിൽ തറച്ച മുറിവിൽ
കിടന്ന്,
അയാൾ
ശവപ്പെട്ടികച്ചവടക്കാരന്റെ
അളവുകോലുകൾ
ഒറ്റികൊടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook