scorecardresearch

പ്രേമം, വിഭജനം-രാഹുൽ മണപ്പാട്ട് എഴുതിയ കവിത

"ജലമെടുക്കാൻ വന്നവരൊക്കെ അങ്ങനെയാണ് നമ്മുടെയുടലിൽ സ്ഥലമന്വേഷിച്ചത്." രാഹുൽ മണപ്പാട്ട് എഴുതിയ കവിത

"ജലമെടുക്കാൻ വന്നവരൊക്കെ അങ്ങനെയാണ് നമ്മുടെയുടലിൽ സ്ഥലമന്വേഷിച്ചത്." രാഹുൽ മണപ്പാട്ട് എഴുതിയ കവിത

author-image
Rahul Manappat
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahul manappattu, poem, iemalayalam

ചിത്രീകരണം : വിഷ്ണു റാം

വിഭജിക്കപ്പെട്ട
സ്ഥലം
അയാളുടെ കാലുകളുടെ
ആകൃതി പോലെയാണെന്ന്
അവൾ പറയുമായിരുന്നു.

Advertisment

എപ്പോൾ വേണമെങ്കിലും
പരക്കം പായാൻ ഒരുങ്ങിനിൽക്കുന്നവരുടെ
ധൃതി അവളുടെ മണ്ണിനുണ്ട്.
അയാളുടെ കാലുകൾക്കുള്ളതുപോലെ.

അവളുടെ കണ്ണിലിപ്പോഴുമുള്ള
പാമ്പുറക്കം എനിക്ക്
കാണാനാവുന്നത് വരെ
ഞാൻ ഉറങ്ങിയെന്ന് കള്ളം പറഞ്ഞു.

അതുവരെ
ഉറങ്ങണേയെന്ന്
അവൾ
മടങ്ങുമ്പോൾ പറയുന്നത് മാത്രം

ഞാൻ മറന്നു.
മറവി
പിറവിയുടെ
ഇഴയലാണെന്ന്
അവളാ മണ്ണിൽ എഴുതിവെച്ചു,

ഒരു പാമ്പിന്റെ കൊത്തേല്ക്കും വരെ.
വിഭജനകാലം
വേനൽക്കാലം പോലെ
അയാളിലും അവളിലും
വരണ്ടു.

Advertisment
rahul manappattu, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അതുകൊണ്ടാണ്
നിശ്ചലമായ ഒരു കിണർ
ഇപ്പോഴും നമ്മുടെ ഉടലിൽ
ഇളകുന്നത്.
ജലമെടുക്കാൻ വന്നവരൊക്കെ
അങ്ങനെയാണ് നമ്മുടെയുടലിൽ
സ്ഥലമന്വേഷിച്ചത്.

നിരാശരായി കൊത്തേറ്റു മരിച്ചത്.
സ്ഥലമെന്നത്
നമ്മൾ പ്രേമിച്ച കാലത്തെ
മാത്രം ഓർക്കുന്നതാണെന്ന്
ആർക്കും തിരിയാത്തതെന്താണ്?
തിരിയാത്തതാണ്
പ്രേമമെന്ന് ആയാൾ
അപ്പോളും വിചാരിച്ചിരുന്നിരിക്കണം.

"നിന്റെ കുട്ടിക്കാലത്തെ കുറിച്ച്
പറയൂ…"
അയാൾക്കും എനിക്കും
മറുപടിയില്ലാത്ത
ചോദ്യമതുമാത്രമാണെന്ന്
അവളോട് പറഞ്ഞില്ല
ഇതേവരെ.

rahul manappattu, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അയാൾക്കും അവൾക്കും
ഒരേ ഭാഷയുടെ കെറുവ്.
വിഭജിക്കപ്പെട്ട ഇണചേരലിന്റെ
മണ്ണും വേരും തടയുന്ന നേരം
അയാൾ ഞാനെന്ന്
ആ ഭാഷയിൽ ചുരുളും.

ഭാഷ മറ്റൊരു മാളത്തിലേക്കിഴഞ്ഞ്
ഉറയൂരുന്ന കുഞ്ഞാണെന്ന്
എനിക്കുമപ്പോൾ തോന്നി.
പാമ്പ് കടിച്ചു മരിച്ച കുഞ്ഞിന്റെ
ഉറക്കപിച്ചാണെന്ന്
മറ്റൊരു മണ്ണിൽ കിടന്ന്
എനിക്കും മൂളേണ്ടി വന്നു.

നഷ്ടപ്പെട്ട മണ്ണ്
ഇട്ടിട്ട് പോരുമ്പോളും
നല്ലതല്ലാത്ത കുട്ടിക്കാലം
മാത്രം അയാൾക്ക്
മരിക്കുവോളം
ചവിട്ടേണ്ടി വന്നു.

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: