മണ്ണെണ്ണ വിളക്കിൽ
നിന്നും
കെടാറായൊരു വെളിച്ചം
പോലെ ഇരുട്ട്
കാറ്റിൽ ഇളകിയപ്പോൾ
ഞാനാ വീടോർത്തു.
രാത്രിയപ്പോൾ
ഓലപ്പുറത്ത്
പൂച്ചയുടെ പരുങ്ങലനുകരിച്ച് വാലാട്ടിക്കൊണ്ടിരുന്നു.
ഉണക്കമീനിന്റെ
ചുങ്ങിയ മാംസത്തിന്റെ ഉപ്പ്
വലിച്ചീമ്പുമ്പോൾ
തവിട് കഞ്ഞിയിൽ നിന്നും
കതിരുകൾ നീട്ടിയ
വയലിലേക്ക്
ഞങ്ങൾ കളപറിക്കാനിറങ്ങി.
അവളുടെ കാൽവെള്ളകളിൽ,
ചെളിപുരണ്ട
ഉദയാസ്തമയങ്ങൾ
ഊര് വിലക്കിയ
ഒരു സൂര്യന്റെ ഉടലിനെ തൊട്ടു.
കൈതപ്പൊന്തയിൽ
പൂഴ്ത്തി വെച്ച
മുള്ളുകളുള്ള മുലകളിൽ
കല്ലിച്ചുപോയ
കുഞ്ഞുങ്ങളുടെ നോവ്
വായ്ത്താരി പാടുമ്പോൾ
അവൾക്ക് പെറാൻ മുട്ടി.
ഇടയ്ക്കിടയ്ക്ക്
അവളുടെ കക്ഷത്തിൽ നിന്നും
പറിച്ചുകളയാറുള്ള ഇലമുളച്ചികൾ,
തൊടി നിറയെ പൊടിഞ്ഞിറങ്ങിയ ഓർമ്മയിലേക്ക്
ഞാനവളെ മണത്തു നോക്കി.
ചേറിന്റെ പുളച്ചിൽ കണക്കെ
വെറ്റില തിന്ന്
ചോന്ന ചിറി കാട്ടി
പാടവരമ്പത്തിരുന്ന്
ഞങ്ങൾ
കൂകാൻ തുടങ്ങി.
അതിന്റെ തെറിപ്പിൽ
വയലായ വയലെല്ലാം
വിത്ത് പൊട്ടി
നിലാവുദിച്ചു.
ആടലോടകത്തിന്റെ
ചെവികൾ പിഴിഞ്ഞ്
അവളുടെ തടിച്ച മുലപ്പാലിൽ
ചേർത്ത്
പാതിരയുടെ
നീരുകെട്ടഴിക്കുമ്പോൾ,
പൂർവ്വികരുടെ തുപ്പൽ
ഞങ്ങളുടെ പാട്ടിലേക്ക്
മീനുകൾ
തേവി കൊണ്ടിരുന്നു.
ഒറ്റപ്പെട്ടവരുടെ
മൺപാത്രത്തിൽ
കുഴച്ചു വെച്ച
കൊരലു കത്തുന്ന
ചാവുപാട്ടിൽ,
അരിവാൾ ചുറ്റിപ്പിടിച്ച
നമ്മുടെ നിഴൽചൂട്ടുകൾ
ആളി പടരുന്നത്
കാണാൻ തന്നെ
എന്ത് ചന്തമാണ്!
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook