കണ്ടു കണ്ട, താകുന്നു

മുട്ടകൾക്കുള്ളിൽ നിന്നും
കുഞ്ഞുങ്ങളെന്ന പോലെ
എത്തി നോക്കുന്നു
കാടിന്നകത്തെ കൂർത്ത കണ്ണുകൾ.
ദാഹം തോന്നി വലഞ്ഞപ്പോഴാണകലെയല്ലാതെ
ജലാശയത്തിന്നൊഴുക്കു മറിയും
ഒച്ച കേട്ടത്.

വണ്ടി നിർത്തി
മരങ്ങൾക്കിടയിലൂടരിച്ചു പോകും
വഴി നടന്നു.
ഇലകൾക്കിടയിലൊരുശിരൻ കാറ്റ്
നൃത്തം ചെയ്തു മടങ്ങുന്നു.
പാറയിലേക്ക് ചുള്ളികൾ പതിക്കുന്നതിന്റെ
പൊട്ടലിൽ ദിശ നോക്കി നടന്നു.

ഒറ്റയൊരു മൃഗത്തെയോ അതിന്നൊച്ചയോ
കേട്ടില്ല.
നിഗൂഢമായ ഒരു ഭാഷയിലേക്ക്
ചെവി തുറന്നിട്ടു.

Ragila Saji,രഗില സജി, Ragila Saji poem, രഗില സജി എഴുതിയ കവിത, രഗില സജി എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി, artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

വെള്ളത്തിന്റെ മൃദു ശരീരം
കാലിൽ തടഞ്ഞ വഴി പോകേ
കൂറ്റനൊരു പാറപ്പുറം മിഴിച്ച് നിൽക്കുന്നു.
അതിന്റെ വയറിലൂടൊരു
കിങ്ങിണിപ്പുഴ പമ്മിപ്പമ്മി ഒഴുകുന്നു.
വെള്ളത്തിലേക്ക്
കുനിഞ്ഞിത്തിരി കുമ്പിളിൽ കോരി.
കാടു മുഴുവൻ പിഴുതെടുത്ത പോലെന്റെ
കൈവെള്ളയിൽ ഓളമിട്ട് തുള്ളുന്നു
ഒച്ചയില്ലാതെ മരങ്ങളിൽ മാളങ്ങളിലെന്ന മാതിരി
വിരലുകൾക്കിടയിൽ
ഒളിച്ചിരിക്കുന്നു കാട്ടുകൂട്ടമപ്പാടെ.

പുറമേയൊരു
കാടിന്റെ ശാന്തത
അകമേ അതിൻ്റെ വന്യതയും
വേണ്ടുവോളം കാണുന്നു.
കണ്ടുകണ്ട, താകുന്നു.
മടങ്ങാതെ.

നിങ്ങൾ പോകും വഴി
കാടുകേറിക്കിടക്കുമൊരു
വണ്ടി കണ്ടേക്കാം.

 

ആകൃതി

വെറുതേയിരുന്ന് മടുത്ത
ഒരാൾ കുപ്പായമഴിച്ച്
ശരീരത്തെ പല കോണുകളിൽ നിന്ന് നോക്കിക്കണ്ടു.
അതിന്റെ ആകൃതിയെ മറ്റൊരു വിധത്തിൽ
ഭാവന ചെയ്തു.
അവയവങ്ങളോരോന്നിയഴിച്ച്
ഒരു മരപ്പണിക്കാരൻ്റെ കൗശലത്തോടെ,
ശില്പിയുടെ ചാതുരിയോടെ
ഒരു തോണിയുണ്ടാക്കി.

മണലിൽ തോണി തലയും കാലും
ആകാശത്തേക്ക്
നിർത്തിയിട്ട് കിടന്നു.
ശരീരദ്രവങ്ങളെ വാർത്തുണ്ടാക്കിയ
പുഴക്കരയിൽ …
മീനുകളുടെ ലാർവകൾ ഉൾക്കാമ്പുകളിൽ
പറ്റിപ്പിടിച്ചു.

Ragila Saji,രഗില സജി, Ragila Saji poem, രഗില സജി എഴുതിയ കവിത, രഗില സജി എഴുതിയ കവിതകൾ, Poem, കവിത, മലയാളം കവിത, Poet, കവി, artist, ആർട്ടിസ്റ്റ്, malayalam kavitha, malayalam writer, online literature, Malayalam kavitha onlinil, iemalayalam, ഐഇമലയാളം

തോണിയായ മെയ്
അഴിച്ചെടുത്ത്
ഒരു കപ്പലുണ്ടാക്കണം,
കെട്ടിടമുണ്ടാക്കണം,
ഗ്രഹങ്ങളുo
വിഗ്രഹങ്ങളുമുണ്ടാക്കണം.

അയാൾ തോണിയായ
ദിവസം
മരിച്ച് പോയതായി
കണക്കാക്കാവുന്നതാണ്.
അയാളെ സാധാരണ ഒരു മനുഷ്യന്റെ
മനോവിചാരത്തിൽ നിന്ന്
മോചിപ്പിക്കാവുന്നതാണ്.

Read More: രഗില സജി എഴുതിയ മറ്റു കവിതകൾ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook