1
നമ്മുടെ കിടക്കയിൽ
പമ്മിയിരിക്കാറുണ്ട് ഒരു കാട്ടുകുതിര
അതിൻ്റെ പ്രേതം
നമ്മിലൊരാളെ
കീഴ്പ്പെടുത്താറുമുണ്ട്.
ഞാനോ നീയോ എന്ന
പരമ രഹസ്യം
വേഴ്ചാ മുറിവുകളിൽ
നീറിയിരുന്നോട്ടെ.
2
ഒരേ കിടക്കയിൽ
പുറം തിരിഞ്ഞ് രാത്രി
കഴിച്ച് കൂട്ടുമ്പോഴും
ഒരേ പറത്തം പറക്കും
പക്ഷികളാണു നാം.
കാലമേറെക്കഴിയേണ്ട
നിൻ്റെ തൂവലുകളിൽ പറ്റിയ
എൻ്റെ വീർപ്പ് നീ കണ്ടെടുത്തേക്കും.
അന്നേരം നമുക്കുണ്ടായേക്കില്ല
ഒരേ പറത്തം
പുറന്തിരിഞ്ഞെങ്കിലുമുറങ്ങാൻ
ഒരേ രാത്രി !
3
ഉടഞ്ഞ മുലകളും തളർന്ന വൃഷണവും
വാരിയണിഞ്ഞ്
കിടക്കവിട്ടെണീറ്റ് മുഖം കഴുകി
നീ പത്രം വായിക്കാനും
ഞാൻ ചായ തിളപ്പിക്കാനും പോകും.
4
തലയണകൾക്കുള്ളിൽ
പ്രാവുകൾ കുറുകാറുണ്ട്
ഒന്നും ചെയ്യാനില്ലാത്ത
പകലുകളിൽ.
ചിലപ്പോൾ കൊമ്പുമുട്ടിച്ച്
രണ്ട് കാട്ടുമൃഗങ്ങൾ
മുക്രയിടുന്നതും കേൾക്കാം.
5
ബെഡ്ഷീറ്റിൽ
മയിലുകളുടെ ചിത്രമുണ്ട്.
അവയോടപ്പം
നീ നൃത്തം ചെയ്യാറുണ്ട്.
കിടക്കയിൽ കാട് പൂക്കാറുണ്ട്.