ജനാലയ്ക്കലെ പുഴു,

ഈർക്കലി കൊണ്ട് ഞാനതിനെ

തോണ്ടിയിടാൻ നോക്കി.

എന്റെ തൊടലിൽ അത് ശരീരം ചുരുട്ടി

ഗോളാകൃതി പ്രാപിച്ചു.

വീണ്ടുമൊന്ന് തൊടാൻ തോന്നിയില്ല

ചുരുണ്ട് പോയ അതിന്റെ ഹൃദയം

എന്റേതു പോലെ വേദനിക്കുമെന്നോർത്ത്.

ragila saji, poem

അലക്കിക്കൂട്ടിയിട്ട

തുണികൾക്കിടയിൽ

അരിച്ച് നടക്കുന്നു പുഴു.

സോപ്പ് പത പറ്റിയ കൈ കൊണ്ട് വീശി നോക്കി.

അതനങ്ങിയില്ല

ഒരു ടവ്വലിന്റെയറ്റം ചുരുട്ടി ബലപ്പെടുത്തി

പുഴുവിനെ തുണിയിൽ നിന്ന് തട്ടി മാറ്റാൻ നോക്കി.

പുഴു തീവണ്ടി ബോഗികളടുക്കിയ പോലത്തെ

അതിന്റെ മെയ്യ് വളച്ചു.

തല ഉള്ളിലും ബാക്കി ഉടൽ അതിനെ

ചുറ്റിയും കിടന്നു.

അതിന്റയീ കിടപ്പിൽ ഒന്നു കൂടി തൊടാൻ തോന്നിയില്ല

എന്നെപ്പോലെയതും എത്ര

നിരാലംബം എന്ന് വേദനിച്ചു.ragila saji, poem

 

 

അയ കെട്ടിയതിലിരുന്ന്

ഒരു പക്ഷി പറക്കാൻ ദിശ നോക്കി

തല വട്ടം പിടിക്കുന്നത് കണ്ടു.

അതിന്റെ കൊക്കിൽ

എന്റെ ജനാലക്കലെ പുഴു.

തുണികൾക്കിടയിലെയീർപ്പത്തിൽ

അപഥ സഞ്ചാരം നടത്തിയത്.

അതിപ്പോൾ നീണ്ട്, പിടഞ്ഞ്

പക്ഷിയുടെ ആമാശയത്തിലേക്കുള്ള

യാത്രാമധ്യേ .ragila saji, poem

ആ സഞ്ചാരം തടസ്സപ്പെടുത്താൻ തോന്നിയില്ല.

മരണം കൊണ്ടെങ്കിലും സ്വതന്ത്രയാവാനുള്ളയതിന്റെ

അവകാശമോർത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook