ഏറെ നേരം
പിരിച്ചിട്ട നിലാവിന്റെ മുടിക്കുള്ളിൽ
പതിയിരുന്നു അവൾ.
രാത്രിയെപ്പേടിക്കാതിരിക്കാൻ
ചീവീടിന്റെ കുത്തുന്ന കലമ്പൽ
വെള്ളമ്പോലെ തെളിഞ്ഞ കുപ്പിയിലാക്കി
കാവലു വച്ചു.
വാതിലിൽ “ഈ വീടിന്റെ ഐശ്വര്യം “
എന്ന് ഡിസൈൻ ചെയ്ത് വച്ച് ഒരു ദൈവം
കൂനിക്കൂടിയിരുന്നു.
മൃഗങ്ങളുടെ കാട്ടിൽ നിന്ന്
മുരൾച്ചകൾ നിലാവിനെക്കീറുമോയെന്ന് തോന്നി.
നിലാവിനുള്ളിലെ മുയൽക്കുഞ്ഞുങ്ങൾ
അവയുടെ രോമം വിടർത്തി
അവളെ പുതപ്പിച്ചു.
രോമത്തിനുള്ളിൽ അനേകമുണ്ട് വീടുകൾ
പൂക്കൾ തുന്നിയ അവയുടെ
വിരുന്നു മുറിയിൽ
വെളിച്ചം കുഞ്ഞുങ്ങളെ പോറ്റി.
നക്ഷത്രമുഖമുള്ള കുഞ്ഞുങ്ങൾ.

അവർക്കെല്ലാം ഒരേ നിറക്കുപ്പായങ്ങൾ.
മേഘങ്ങൾ കിള്ളിയ കവിളുമായി
പകലിൽ പേരറിയാ ഗ്രഹങ്ങളുടെ
നോട്ടം തട്ടിയവൾ കിടന്നു.
ഇരുട്ടിനെ ഉപഗ്രഹങ്ങളെയേൽപ്പിച്ചു കാണണം.
വിത്തിൻ തരികളെ പൂ പൊതിയും പോലെ
രാത്രി, തെളിച്ചത്തിന്റെ
കൈകളാൽ ചുറ്റപ്പെട്ടു.
ഇരുട്ടിന്റെ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന
സ്വപ്നം അവളിപ്പോൾ കാണാറേയില്ല.