വാതിൽ തുറന്നിട്ടിരിക്കുന്നു.
ആദ്യം എന്താണകത്ത്
കയറിയതെന്ന് അറിയില്ല.
അകത്തെപ്പറ്റി ആലോചിച്ച്
പുറത്ത് നിന്നു.
ഒരു പൂച്ച, മീശ തുടച്ച് കയറിപ്പോയി.
കാറ്റ്, മണങ്ങൾ പുതച്ച്,
വെയിൽ, വാടിയ ഇലകളെക്കോരി,
കുട്ടികൾ വിയർത്തൊട്ടിയ
ഉടുപ്പുകളോടെ,
വെളിച്ചം ഇരുട്ടിന്റെ കുട്ടകൾ തൂക്കി,
പാട്ട് വരികളെപ്പിരിച്ച്,
ഒച്ചകൾ അലർച്ചകളെ ഒക്കത്തിരുത്തി,
ആയുധങ്ങൾ മൂർച്ചയൊളിച്ച്,
നിഴലതിന്റെ രൂപമന്വേഷിച്ച്,
വെള്ളം അലകളെത്തേടി,
പക്ഷികൾ ദൂരങ്ങളെ മടക്കി,
വണ്ടികൾ വഴികളെച്ചുരുട്ടി,

മലഞ്ചെരുവുകൾ
കന്നുകളോടൊപ്പം,
കെട്ടിടങ്ങൾ പുകയുന്ന തല ചെരിച്ച്,
മരങ്ങൾ ഇലകളൊതുക്കി,
ഋതുക്കൾ മേഘങ്ങളിൽ കയറി,
ആളുകൾ ശ്വാസത്തിന്റെ
തുമ്പികളെപ്പറത്തി,
അകത്തേക്കയ്കത്തേക്ക് പൊയ്‌ക്കൊണ്ടിരുന്നു.
പുറത്തിപ്പോൾ
ഞാനും
നിങ്ങളീ വായിയ്ക്കുന്ന
വാക്കും മാത്രം.