‘മനുഷ്യർക്ക്‌ എത്ര സന്തോഷമായിട്ട് ജീവിക്കാം. എന്നിട്ടും എന്താണിങ്ങനെ?’ ചീരുത്തളള എന്നൊരു സാധാരണ സ്ത്രീ ചോദിക്കുന്ന വളരെ ലളിതവും എന്നാൽ ഒത്തിരി അർത്ഥതലങ്ങളുമുള്ള ഒരു ചോദ്യവുമായാണ് റഫീക്ക് അഹമ്മദിന്റെ ‘അഴുക്കില്ലം’ എന്ന നോവൽ ആരംഭിക്കുന്നത്. ചീരുത്തളള മരിച്ചുപോയി. എന്നാൽ മനുഷ്യകുലം ഭൂമിയിൽ ഉള്ളിടത്തോളം കാലം ആ ചോദ്യം നിലനിൽക്കുകയും നമ്മോടൊപ്പം എക്കാലത്തേക്കുമായ് കൂടെപോരുകയും ചെയ്യുന്നു.

ഘടനയിലും ആഖ്യാനരീതിയിലും ഒരുപരിധിവരെ പ്രമേയത്തിലും വേറിട്ട്‌ നിൽക്കുന്ന കൃതിയാണ് ‘അഴുക്കില്ലം’. ജീവിതത്തിന്റെ അയുക്തികളെ കുറിച്ചും സാമൂഹികദുർനിയമങ്ങളെ കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഇതിവൃത്തമാണ് നോവലിന്റേത്.

നാരായമംഗലം എന്ന ദേശത്തിന്റെയും അവിടെ പാർത്ത കുറേ മനുഷ്യരുടെയും കഥകളാണ് ഈ നോവലിൽ ചരിത്രകാരനായ കഥാപാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആ മനുഷ്യരുടെ ജീവിതാനുഭവങ്ങളിലൂടെ എക്കാലവും ഏറെ പ്രസക്തമായ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ നിരവധി വിഷയങ്ങളിലേക്കും യുക്തിയെ മുൻനിർത്തി അവ ഉയർത്തുന്ന അനേകം ചോദ്യങ്ങളിലേക്കും നാം നടന്നുകയറുന്നു.

rafeeq ahamed,rahna thalib, azhukillam, malayalam novel

ഒരു രാത്രി, വായനശാലയിലിരിക്കുന്ന ചിത്രകാരന്റെ കാൽച്ചുവട്ടിലേക്ക് പുസ്തകറാക്കിൽ നിന്ന് പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന പുസ്തകം വന്നു വീഴുന്നു. അയാൾക്കപ്പോൾ പനി തുടങ്ങിയിരുന്നു. പനിയുടെ പീതപാതാളത്തിൽ, ജ്വരജലം തിളച്ചുമറിയുന്ന ക്ലാവ്പുരണ്ട പടവുകളിലിരുന്ന് ചരിത്രകാരൻ ഒരു പുതിയ മതത്തിന്റെ രൂപരേഖയുണ്ടാക്കുന്നു. അതായിരുന്നു പപ്പുമതം. എന്നാൽ പിന്നീട് കെട്ടുകഥയോ, ജ്വരസ്വപ്നമോ, യാഥാർത്ഥ്യമോ എന്ന് വായനക്കാരെ വിഭ്രമിപ്പിച്ചുകൊണ്ട് കഥാപാത്രങ്ങൾക്കൊപ്പം പപ്പുമതവും ഓടയും പനിയും കൂടിക്കലർന്നു. പനിബാധിച്ച് നാരായമംഗലത്തെ ഒട്ടനവധിപേർ മരിക്കുന്നു. നോവലിന്റെ അവസാനത്തിൽ വായനശാലയിലിരിക്കുന്ന ചരിത്രകാരന്റെ കാൽക്കീഴിൽ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ വന്നു വീഴുന്നുണ്ട്. ഒരു കാലഘട്ടം അവസാനിച്ച് മറ്റൊരു കാലഘട്ടം തുടങ്ങുകയായിരിക്കുമോ?

നാരായമംഗലത്ത് പാർത്ത നൂറ്റിഅമ്പതിലധികം മനുഷ്യർക്കൊപ്പം അന്നാട്ടുകാരുടെ പ്രധാന ആവാസകേന്ദ്രമായിരുന്ന വായനശാലയും, ചീട്ടുകളിക്കാരുടെ കേന്ദ്രമായ ആത്മവിദ്യാലയവും, മാലിന്യം നിറഞ്ഞ ഓടകളും, പടർന്നുപിടിക്കുന്ന പനിയും, തവള, പട്ടി തുടങ്ങിയ മൃഗങ്ങളും ഈ നോവലിലെ കഥാപാത്രങ്ങളായി നമ്മോടൊപ്പം ചേരുന്നു.

കഥാപാത്രസൃഷ്ടിയിൽ എഴുത്തുകാരന്റെ മികവും സൂക്ഷ്മതയും ഏറെ അഭിനന്ദനാർഹമാണ്. താത്ത്വികാചാര്യനായ പി.എസ്.മൂത്തേടം, നാരായമംഗലത്ത് ആദ്യമായി സ്കൂൾ കൊണ്ടുവരുന്ന ജോബച്ചൻ, പിശുക്കനും റീബൗണ്ട് തിയറിയുടെ ഉപജ്ഞാതാവുമായിരുന്ന മൂക്കൻ ഉണ്ണിക്കണ്ണൻനായർ, സൗന്ദര്യാരാധകനും സ്വയംഭോഗത്തിന്റെ ചക്രവർത്തിയുമായിരുന്ന നാഗേഷുണ്ണി, നാരായമംഗലത്തെ ഹരംപിടിപ്പിച്ച സൗന്ദര്യത്തിടമ്പ് സാറാമ്മ, ആദ്യകാല കമ്മ്യൂണിസ്റ്റും വിചിത്രയന്ത്രങ്ങളുടെ നിർമാതാവുമായ അറുമുഖനാശാരി തുടങ്ങിയ കഥാപാത്രങ്ങളുടെ സൃഷ്ടിയെ പ്രത്യേകമായി എടുത്തുപറയുന്നു.

“ജീവിതം ദുഃഖഭരിതമാണെന്നത് അബദ്ധമാണ്. മനുഷ്യനൊഴികെ മറ്റൊരു ജീവിയും ദുഃഖിച്ചു വിഷമിക്കുന്നില്ല.ഏതൊരു പ്രാണിയും ഉരുവംകൊള്ളുന്നത് തീവ്രമായ ആനന്ദാനുഭൂതിയുടെ മൂർധന്യത്തിലാണ്. ലൈംഗികവേഴ്ചയോളം ആനന്ദകരമായ മറ്റൊരു സുഖാനുഭൂതിയും ജീവികളുടെ ജീവിതത്തിലില്ല. മോക്ഷം, നിർവാണം എന്നൊക്കെ പറയുന്നത് ലൈംഗികതയുടെ ഒരു പകരംവെപ്പോ വഴിതിരിച്ചുവിടലോ ആണ്. ലൈംഗികതയെ പലവിധ അബദ്ധധാരണകളാൽ ഭയപ്പെടുന്നവരും അത് നിഷേധിക്കപ്പെടുന്നവരുമൊക്കെ ഭാവന ചെയ്തുണ്ടാക്കിയ മൗഢ്യങ്ങളാണത്. അതുകൊണ്ട് തന്നെ ആനന്ദത്തിൽ നിന്ന് പിറവികൊണ്ട ജന്മത്തിന്റെ അടിസ്ഥാനസ്വഭാവം ആനന്ദം തന്നെയാകുന്നു, ദുഃഖമല്ല.” നോവലിൽ മുഖ്യകഥാപാത്രങ്ങളിലൊരാളായ പി. എസ്. മൂത്തേടം പറയുന്ന വാക്കുകളാണിവ.

നാം ജീവിക്കുന്ന സാമൂഹിക, രാഷ്‌ടീയ, മതപരമായ ചുറ്റുപാടിൽ ഏറെ സ്വാധീനം ചെലുത്തുന്നത് കൊണ്ടായിരിക്കാം പി. എസ്. മൂത്തേടവും അദ്ദേഹം നോവലിൽ ഉടനീളം പ്രയോഗിക്കുന്ന ഇത്തരം തത്ത്വബോംബുകളും ഏറെ ആകർഷിച്ചത്. അർഥം, മനുഷ്യൻ, പ്രകൃതി, സ്നേഹം, പ്രണയം, ദാമ്പത്യം, സന്തോഷം, ദുഃഖം, മതം, ആത്മീയത, ലൈംഗികതൃഷ്ണ, വിദ്യാഭ്യാസസമ്പ്രദായം തുടങ്ങിയവയെകുറിച്ചെല്ലാമുള്ള അദ്ദേഹത്തിൻറെ തത്ത്വബോംബുകൾ ഏറെ ചിന്തിപ്പിക്കുന്നവയാണ്.

നിലവിലെ സാമൂഹികവും രാഷ്ട്രീയവും മതപരവുമായ മൂല്യച്യുതികളിലേക്കും അയുക്തികവും അസംബന്ധജഡിലവുമായ വിശ്വാസങ്ങളിലേക്കും ഈ കൃതി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
എല്ലാ മനുഷ്യരിലും, അത് പുരോഹിതനായാലും താത്ത്വികനായാലും സാധാരണമനുഷ്യനായാലും, ലൈംഗികകാമനകൾ ജൈവികമാണെന്നും, സമൂഹവും മതവും നിഷ്കർഷിക്കുന്ന പ്രാകൃതവും വികൃതവുമായ ദുർനിയമങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് അതിനെ കെട്ടിയിടുമ്പോഴുണ്ടാകുന്ന അവസ്ഥകളും അനന്തരഫലങ്ങളും എത്രമാത്രം നിരാശാജനകമാണെന്നും എഴുത്തുകാരൻ ചില ഉജ്വലമുഹൂർത്തങ്ങളിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

azhukkillam, rafeeq ahamed, rahna thalib,malayalam novel,

നാരായമംഗലത്ത് ആദ്യമായി സ്കൂൾ കൊണ്ട് വന്ന ജോബച്ചന് അധ്യാപികയായ പൗർണമി ടീച്ചറോട് തോന്നുന്ന പ്രണയവും കാമവും അതിലൊന്നാണ്. പൗർണമി ടീച്ചറുടെ സർപ്പസൗന്ദര്യം അച്ചനിൽ പാപചിന്തകൾക്കും ദൈവഭയത്തിനും മീതേ കനൽമഴയായ് പെയ്തപ്പോൾ, വിവേകത്തെ മറികടന്നുകൊണ്ട് പേരോ ഊരോ കാണിക്കാതെ ജോബച്ചൻ ടീച്ചർക്ക്‌ പ്രണയലേഖനങ്ങൾ എഴുതി അയച്ചു. അത് ടീച്ചറുടെ ഭർത്താവ് കണ്ടെത്തുകയും അച്ചനെതിരേ ശിക്ഷാനടപടികളുണ്ടാകുകയും സ്കൂളിന്റെ പ്രവർത്തനം തന്നെ നിർത്തിവെക്കേണ്ട അവസ്ഥയിൽ എത്തിക്കുകയും ചെയ്തു.

താത്ത്വികാചാര്യനായ മൂത്തേടത്തിന് സാറാമ്മയോട് തോന്നുന്ന കാമം മറ്റൊന്ന്. ഒരായുഷ്കാലം മുഴുവൻ കെട്ടിയിടപ്പെട്ട കാമവും ശമനമില്ലാത്ത കാമനകളും സഹിച്ചുകൊണ്ട് ജീവിച്ച്‌ മരിക്കേണ്ടിവരുന്ന കഥാപാത്രമായി ബധിരനും മൂകനുമായ കുട്ടാപ്പുവിനെ നമ്മുടെ മുന്നിൽ നിർത്തുന്നു എഴുത്തുകാരൻ. കുട്ടാപ്പു വെറുമൊരു മനുഷ്യനോ ? അതോ ലൈംഗികവിശപ്പുകളനുഭവിക്കുന്ന സമൂഹം തന്നെയോ ?

അക്കാലത്ത്, സിനിമകളിൽ പ്രണയരംഗങ്ങൾ കണ്ട് പുളകിതരാവുകയും പുറത്തിറങ്ങി അതേ ആളുകൾ നാട്ടിലെ പ്രണയങ്ങളെ വലിയ കുറ്റമായി കാണുകയും ദൂഷണം പറയുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണതയെ കുറിച്ച് പറയുന്നുണ്ട്. അക്കാലത്തെന്നല്ല, എക്കാലത്തും സ്ത്രീപുരുഷ ബന്ധങ്ങൾക്ക്‌ നേരേ എന്നും സമൂഹത്തിന്റെ കപടസദാചാരകണ്ണുകൾ തുറന്നിരിക്കുന്നുണ്ട് എന്ന് ഈ സന്ദർഭം നമ്മെ ഉൾക്കിടിലത്തോടെ ഓർമിപ്പിക്കുന്നു.

നോവലിൽ പലയിടത്തും മതങ്ങളെയും ദൈവത്തെയും സ്വയമാർജ്ജിച്ചതും അടിച്ചേല്പിച്ചതുമായ വിശ്വാസങ്ങളേയും തന്റെ ചില കഥാപാത്രങ്ങളുടെ യുക്തിചിന്തകളാൽ വിചാരണചെയ്യുന്നുണ്ട് എഴുത്തുകാരൻ. മതം എന്നത് മനുഷ്യന്റെ വലിപ്പത്തെ എറ്റവും കുറച്ചുകളയുന്ന ഒന്നാണെന്നും, ആസ്ട്രോഫിസിക്സിൽ ഗവേഷണപ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് എടുത്തവൻ, പൊതുഖജനാവിൽനിന്ന് ലക്ഷങ്ങൾ കൈപറ്റുന്നവൻ രാഹുവിനെയും ഗുളികനെയും പ്രീതിപ്പെടുത്താൻ തേങ്ങാ ഉടയ്ക്കുന്നതിനോളം ആഭാസകരമായി മറ്റൊന്നില്ലെന്നും, മതങ്ങളും വിശ്വാസങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഇരുട്ടിൽനിന്ന് മോചിതരാവാത്തിടത്തോളം കാലം മനുഷ്യരാശി പരിഷ്‌കൃതി നേടി എന്നു പറയാനാവില്ലെന്നും മൂത്തേടം പറയുന്നുണ്ട്. മറ്റൊരിടത്ത്, ദൈവം അമ്മയെ പോലെയോ അച്ഛനെ പോലെയോ സ്വന്തക്കാരനാണെങ്കിൽ പിന്നെ എന്തിനാണ് നാം ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നത് എന്നും മൂത്തേടം ചിന്തിപ്പിക്കുന്നു. ‘എല്ലാം ദൈവനിശ്ചയമാണ്’ എന്ന വിശ്വാസികളുടെ ആപ്തവാക്യത്തെയും യുക്തിപൂർവം ചോദ്യംചെയ്യുന്നുണ്ട് മൂത്തേടം. ഫിറ്റർ വാപ്പു സലാമിന്റെ കൈകൊണ്ടാണ് മരിക്കുന്നതെങ്കിൽ, അത് ദൈവം നിശ്ചയിച്ചുവെച്ച ഒരു കാര്യമായതുകൊണ്ട്, ആ കുറ്റത്തിന് സലാമിനെ ശിക്ഷിച്ച് നരകത്തിലിട്ട് വാട്ടുന്നത് ശരിയല്ല എന്ന് മൂത്തേടം വാദിക്കുന്നു.

ഇഹലോകത്ത് കണക്കില്ലാത്തത്രയും ദുരിതങ്ങൾ അനുഭവിച്ച അബ്ദുള്ളക്കയെ പരലോകത്തിലേക്കുള്ള കാര്യങ്ങൾ വേണ്ടവിധം ചെയ്തില്ലെങ്കിൽ നരകത്തിൽ പോകേണ്ടി വരുമെന്ന് തീവ്ര ഇസ്ലാം മതവിശ്വാസിയായ സലാം ഓർമിപ്പിക്കുമ്പോ, അങ്ങനെയാണെങ്കിലും നരകത്തിലെ തിക്താന്തരീക്ഷത്തോട് മൂന്നാല്‌ ദിവസം കൊണ്ട് താൻ അഡ്ജസ്റ്റ് ആയിക്കോളും എന്ന് അബ്ദുള്ളക്ക പരിഹാസപൂർവം പറയുന്നുണ്ട്. ജീവിതം മുഴുവൻ താനനുഭവിച്ച കാഠിന്യങ്ങളും തിക്താനുഭവങ്ങളുമായിരിക്കാം അബ്ദുള്ളക്കയെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. എങ്കിലും, ആ അവസരത്തിൽ പരലോകത്തേയും ഉണ്ടെന്നോ ഇല്ലെന്നോ തിട്ടമില്ലാത്ത നരക,സ്വർഗങ്ങളെയും കുറിച്ചാലോചിച്ച്, മതവിശ്വാസങ്ങളുടെയും സാമൂഹിക സദാചാരങ്ങളുടെയും ഭീതിയിൽ തളയ്ക്കപ്പെട്ട യാഥാർത്ഥ്യത്തിലുള്ള ജീവിതങ്ങളിലേക്ക് നാമൊന്ന് തിരിഞ്ഞുനോക്കും.

മുസ്ലിം സമുദായത്തിൽ ഈയടുത്തകാലം മുതൽ പരക്കെ ഉപയോഗിച്ചുതുടങ്ങിയ പർദ്ദയേയും ചിലവിഭാഗത്തിലെ പുരുഷന്മാർ ധരിക്കുന്ന ഞെരിയാണിവരെയുള്ള കളസത്തെയും കൊറ്റനാടിന്റെ താടിയെയും വിമർശിക്കുന്നുണ്ട് എഴുത്തുകാരൻ.

രാഷ്ട്രീയരംഗത്തെ മൂല്യച്യുതികളും അധാർമികതയും കാപട്യവും എടുത്തുകാണിക്കുന്ന സന്ദർഭങ്ങളുമുണ്ട്. സ്കൂൾ തുറന്ന്പ്രവർത്തിക്കാനുള്ള അനുമതി കിട്ടുന്നതിന്റെ ആവശ്യവുമായി ജോബച്ചനും കൂട്ടരും എം.എൽ. എ രാമകൃഷ്ണനെ കാണാൻ തിരുവനന്തപുരത്ത് എത്തുന്നു. താൻ നാലാം ക്ലാസ് വരെ പഠിച്ച സ്കൂളായിട്ടും, ജോബച്ചനെ യാതൊരു തരത്തിലും സഹായിക്കാതെ, അപ്പോഴും നാട്ടിൽ പാർട്ടി വളർത്തേണ്ടതിനെ കുറിച്ചാണ് അയാൾ സംസാരിക്കുന്നത്. ജനങ്ങൾക്ക്‌ അർഹതപ്പെട്ട കാര്യങ്ങളിൽ പോലും രാഷ്ട്രീയകക്ഷികളും ഭരണകൂടവും കാണിക്കുന്ന നിഷ്ക്രിയത്വവും അധാർമികതയും വിളിച്ചോതുന്ന മറ്റൊരു രംഗമുണ്ട്. ഒരിക്കലും വറ്റാത്ത വഴിക്കിണർ എന്തോ ഗൂഢോദ്ദേശത്തിൽ മൂടിയതോടെ, നാരായമംഗലം വെള്ളത്തിന് വേണ്ടിയുള്ള നിശ്ശബ്‌ദസമരങ്ങളും പ്രാർത്ഥനകളും തുടരുന്നു. ശാശ്വതമായ കുടിവെള്ളപ്രശ്ന പരിഹാരത്തിനായി കുഴൽക്കിണർ കുഴിക്കുകയും ജനങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ട് വെള്ളമെടുക്കാൻ ടോൾബൂത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. കുഴൽക്കിണറിലൂടെ ഊറ്റുന്ന വെള്ളം വെള്ളക്കമ്പനിയിലേക്കും ലഘുപാനീയശാലയിലേക്കും പോകുന്നുണ്ടെന്നും കുഴൽക്കിണർ വന്നതോടെ കുളങ്ങളും കിണറുകളും വറ്റികൊണ്ടിരിക്കുന്നുവെന്നും മനസ്സിലാക്കിയ നാട്ടുകാരിൽ ചിലർ സമരം ചെയ്‌തെങ്കിലും പ്രധാനരാഷ്ട്രീയ കക്ഷികൾ കാര്യമായി പ്രതികരിച്ചില്ല. സമരം നാടിന്റെ വികസനപ്രക്രിയ താറുമാറാക്കാനുള്ള ഗൂഢശ്രമവും രാജ്യദ്രോഹമാണെന്നുമുള്ള മുന്നറിയിപ്പ് വകവെയ്ക്കാതെ മുന്നോട്ടു പോയ ജനങ്ങൾ പട്ടാളത്തെ കണ്ട് പിൻവാങ്ങുന്നു. കുടിവെള്ളത്തിന് വേണ്ടിയുള്ള ജനങ്ങളുടെ സമരം രാജ്യദ്രോഹമാകുന്ന അപൂർവസ്ഥിതിവിശേഷം!

rafeek ahammad, rahna talib, novel, azhukkillam, poet,

മൂത്തേടം മരിച്ചതിനു ശേഷം വായനശാലക്ക്‌ പി. എസ്. മൂത്തേടം സ്മാരക ഗ്രന്ഥശാല എന്ന് പേരിടാൻ തീരുമാനിച്ചെങ്കിലും എം.എൽ.എ യുടെ താത്പര്യത്തിൽ നിർമിച്ച പുതിയ സാംസ്കാരികനിലയത്തിലേക്ക്‌ വായനശാല മാറ്റുന്നതോടെ ആ തീരുമാനം രാഷ്ട്രീയമായി അട്ടിമറിക്കുകയും പാർട്ടിയുടെ സ്ഥാപകനേതാവിന്റെ പേരിടുകയും ചെയ്യുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ആരാണ് മൂത്തേടം എന്ന് മന്ത്രി എം.എൽ.എ യോടും ആ ചോദ്യം എം. എൽ. എ നാട്ടുകാരോടും ചോദിക്കുന്നു. അധികാരരാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പും ദുഷ്‌പ്രമത്തതയും സൂചിപ്പിക്കുന്നതോടൊപ്പം നാടിനും നാട്ടുകാർക്കും വേണ്ടി എത്ര മഹനീയപ്രവർത്തനങ്ങൾ നടത്തിയാലും പദവിയും അധികാരവുമില്ലെങ്കിൽ ഒരു സാധാരണമനുഷ്യന്റെ ജീവിതം വെറുമൊരില കൊഴിയുന്ന പോലെ ഉള്ളൂ എന്നും ഓർമിപ്പിക്കുന്നു.
രാഷ്ട്രീയനേതാവ് വിചാരിച്ചാൽ ഈ പ്രപഞ്ചത്തെ തന്നെ മാറ്റിക്കളയാമെന്ന് കലശമല ഇടിച്ചുനിരത്തി, സന്ധ്യക്ക്‌ മലയുടെ പടിഞ്ഞാറേമുക്കിൽ ഉദിച്ചുയരാറുള്ള നക്ഷത്രത്തിന്റെ സ്ഥാനം മാറ്റിയ ഉദാഹരണത്തിലൂടെ നാം വേദനയോടെ തിരിച്ചറിയുന്നു. താൻ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനെ കുറിച്ച് ആഴത്തിലുള്ള അറിവില്ലാതെ, തങ്ങളുടെ കർമ്മബോധത്തെ കുറിച്ച് ചിന്തിക്കാതെ, എതിർ പ്രസ്ഥാനത്തിന്റെ കുറ്റങ്ങളിലേക്കും കുറവുകളിലേക്കും കണ്ണും നട്ടിരിക്കുന്ന രാഷ്രീയക്കാരെയും എഴുത്തുകാരൻ ആക്ഷേപിക്കുന്നുണ്ട്.

ഭരണകൂടം ഓരോരോ കാലത്ത് ഉണ്ടാക്കുന്ന ജനവിരുദ്ധമെന്ന് പറയാവുന്ന വിചിത്രനിയമങ്ങളേയും, അവ ഫലവത്തായി ആവിഷ്കരിക്കുന്നതിലുള്ള ഭരണകൂടത്തിന്റെ കഴിവില്ലായ്മയെയും ഈ കൃതി വിമർശിക്കുന്നുണ്ട്.

ജീവൻ ചാക്കോ ചാലയ്ക്കൽ എന്ന ഒരു സാധാരണബാലനിൽ, അവന്റെ ജന്മസമയത്തും മറ്റുമുണ്ടായ കെട്ടുകഥകൾ എന്ന് തോന്നിക്കുന്ന അത്ഭുദസംഭവങ്ങൾ കാണിച്ച്, നാട്ടുകാരും ബന്ധുക്കളും അധ്യാപകരും ദിവ്യത്വം ചാർത്തികൊടുത്ത് അവനെ ദൈവമായി വാഴിച്ച് ആശ്രമം തുടങ്ങുന്നു. ആശ്രമം വളർന്ന് ആശുപത്രിയും സ്കൂളും തുടങ്ങുകയും രാജ്യത്തുടനീളവും വിദേശത്തും ശാഖകളുണ്ടാവുകയും ചെയ്യുന്നു.
ആശ്രമത്തിൽ ജീവനെ കാണാൻ ചെന്ന നാഗേഷുണ്ണിയെ ഭക്തരും അംഗരക്ഷകരും ചേർന്ന് മർദിച്ചു കൊല്ലുകയും ഭരണകൂടത്തിന്റെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെ കൊലപാതകം ആത്മഹത്യയാക്കി തീർക്കുകയും ചെയ്യുന്നു. വർഷങ്ങൾക്കു ശേഷം ജീവൻ താൻ അതിസാധാരണക്കാരനായ ഒരു മനുഷ്യനാണെന്നും തന്റെ ചുറ്റിനുമുള്ള ആളുകളില്ലെങ്കിൽ, ഒരടി പോലും വെക്കാൻ കഴിയാത്തത്ര ഭീരുവും നിസ്സഹായനും അരക്ഷിതനുമാണെന്നും അത്രമേൽ പരാശ്രിതനായ തനിക്ക് ലോകത്തിന്റെ മുഴുവൻ ആശ്രയവും അഭയവുമാകാൻ എങ്ങനെയാണ് കഴിയുകയെന്നും ചോദിച്ചുകൊണ്ട്, അത്രയും കാലം ചെയ്ത വിഡ്ഢിവേഷം അഴിച്ചുവെക്കുകയാണെന്നും തന്റെ പേരിലുള്ള ആശ്രമം പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിക്കുന്നു. എന്നാൽ ആ വാർത്ത മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല. ജീവന്റെ പടം വെച്ച് കൊണ്ട് ആശ്രമം പ്രവർത്തനം തുടരുകയും ചെയ്തു. സ്ഥാപകൻ പോലും സ്ഥാപനത്തിൽനിന്നും പുറത്താകുന്ന വ്യവസ്ഥിതി!

ഇനി കെട്ടുകഥയോ ജ്വരസ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വായനക്കാരെ വിഭ്രമിപ്പിച്ചുകൊണ്ട് നോവലിലുടനീളം കഥാപാത്രങ്ങളുമായി കെട്ടിപ്പിണഞ്ഞുകിടക്കുന്ന പപ്പുമതത്തിലേക്ക് വരാം. മതങ്ങളും രാഷ്ട്രീയവുമെല്ലാം ജീർണിച്ച് അസ്ഥികൂടങ്ങളായിരിക്കുമെന്നും രക്തമാംസാദികളുള്ള ഒരു പുതിയ മതത്തിനുവേണ്ടി, ജീവനുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനുവേണ്ടി കാലം കാത്തിരിക്കുകയാണെന്നും നമുക്കൊന്നുണ്ടാക്കണമെന്നുമുള്ള മൂത്തേടത്തിന്റെ വാക്കുകൾ ചരിത്രകാരൻ വായനശാലയിൽ വെച്ച് തുടങ്ങിയ പനിക്കിടയിൽ ആലോചിക്കുന്നു. രണ്ടാഴ്ച നീണ്ടു നിന്ന പനിയുടെ മൂർച്ഛയിൽ ചരിത്രകാരൻ പപ്പുമതത്തിന്റെ രൂപരേഖ തയ്യാറാക്കുന്നു.

വായനശാലയിൽ വെച്ച് തന്റെ കാൽക്കീഴിൽ വന്നുവീണ പി. കേശവദേവിന്റെ ഓടയിൽനിന്ന് എന്ന പുസ്തകം വിശുദ്ധഗ്രന്ഥമായും, കഥാപാത്രമായ പപ്പു രക്ഷകനായ വിമോചകനുമായും, കണക്കാക്കുന്നു. പപ്പുവിന്റെ ആദർശങ്ങൾ, ആശയങ്ങൾ പിന്തുടരുക വഴി മാത്രമേ മോക്ഷലബ്ധിയുള്ളൂ. ചരിത്രകാരൻ രൂപീകരിച്ച പുതിയ മതത്തെ ആവേശപൂർവമാണ് സുഹൃത്തുക്കൾ വരവേൽക്കുകയും പപ്പുമതസിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ച് പൂർത്തിയാക്കുകയും ചെയ്തത്.

അവസാനശ്വാസം വരെയും സ്വന്തം വിയർപ്പുകൊണ്ട് ജീവിക്കുകയും അന്യന്റെ ചില്ലിക്കാശു പോലും വെറുതെ സ്വീകരിക്കാതിരിക്കുകയും നിലവിലുണ്ടായിരുന്ന സാമൂഹികവ്യവസ്ഥിതിയോട് ഏറ്റുമുട്ടുകയും പടപൊരുതുകയും ചെയ്ത പപ്പുവിന്റെ അത്തരം ആദർശങ്ങളും ആശയങ്ങളും മുന്നിൽ നിർത്തിയാണ് പപ്പുമതം രൂപീകരിക്കപ്പെടുന്നത്. എന്നാൽ സ്ഥാപകരിൽ നിന്ന് കൈവിട്ടുപോയ മതത്തിന് അനുഷ്ഠാനങ്ങളും ആചാരസമ്പ്രദായങ്ങളും പ്രയോഗവ്യത്യാസങ്ങളും അഭിപ്രായാന്തരങ്ങളും പിളർപ്പുകളും ഉണ്ടാവുന്നു. റിക്ഷ മതചിഹ്നമാവുകയും ഓട വിശുദ്ധമാവുകയും ചെയ്യുന്നു.

ഓടയെ വിശുദ്ധ പയസ്വിനിയായി പ്രഖ്യാപിക്കുകയും ഓട വൃത്തിയാക്കാതിരിക്കുകയും ഓടയിൽ മുങ്ങിക്കുളിക്കുകയും വരെ എത്തുന്നു കാര്യങ്ങൾ. അദ്ധ്വാനശീലവും നീതിബോധവും ധാർമികമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ടതിനു പകരം അന്ധമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ഏർപ്പെടുത്തി കൂടുതൽ ജീർണതയിലേക്ക്‌ കുതിക്കുന്ന മനുഷ്യസമൂഹത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വ്യവസ്ഥാപിതമായ നിയമങ്ങൾ അട്ടിമറിക്കാൻ കൊണ്ടുവരുന്ന പുതിയകാര്യങ്ങൾ മറ്റൊരു വ്യവസ്ഥയായി മാറുകയും സ്ഥാപകനും സ്ഥാപകോദ്ദേശങ്ങളും പുറത്താവുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥ.

ഓടകളിൽ മാലിന്യം നിറഞ് കൊതുകുകളും ഈച്ചകളും പരക്കുകയും പനി പടർന്നുപിടിക്കുകയും ചെയ്യുന്നു. ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കേണ്ടത് അത്യന്താപേക്ഷികമായിരിക്കെ തന്നെ, മതവിശ്വാസികൾക്ക്‌ വേദനയുണ്ടാക്കുന്ന നടപടികൾക്ക് ഭരണകക്ഷിയോ പ്രതിപക്ഷമോ തയ്യാറാകുന്നില്ല. പകരം ചർച്ചകളും കവിസമ്മേളനങ്ങളും തെരുവുനാടകങ്ങളും നടത്തുന്നു.  അയുക്തികവും അസംബന്ധവും മൂഢവുമായ അനുഷ്ഠാനമായിതീർന്ന ഓടനിമഞ്ജനത്തിനെതിരെ ചുരുക്കം ചിലർ പ്രതിഷേധിക്കുന്നു. ആപത്ക്കരണെന്നറിഞ്ഞിട്ടും മതവിശ്വാസം വ്രണപ്പെടുത്തുന്നത് ഒരു ആധുനിക ജനാധിപത്യ മതേതര രാഷ്ട്രത്തിന് ഭൂഷണമല്ലെന്നു കരുതി, പപ്പുമതവിശ്വാസികൾക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്നുമുണ്ട് ഭരണകൂടം. ഓടനിമഞ്ജനചടങ്ങുകളെ എതിർത്തവരെ പിടിച്ചു ജയിലിലിലിടുകയും സംഘർഷത്തിൽ ഒരാൾ മരിക്കുകയും ചെയ്യുന്നു.

ഒരുപക്ഷേ, മനുഷ്യകുലം ഇന്നകപ്പെട്ടിരിക്കുന്ന ധാർമികച്യുതികളിൽ നിന്ന് രക്ഷപ്പെടുത്താൻ ഇപ്പോഴുള്ളതും ഇനി രൂപീകരിക്കുന്നതുമായ മതങ്ങൾക്കോ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കാത്തവണ്ണം, സ്ഥാപകരുടെ ഉദ്ദേശങ്ങളിൽ നിന്ന് വ്യതിചലിച്ച്, മനുഷ്യൻ തന്റെ മനസ്സിലുറച്ച വിശ്വാസങ്ങളാലും തീർപ്പുകളാലും മുന്നോട്ടുപോകുമെന്നായിരിക്കും എഴുത്തുകാരൻ പറയാൻ ഉദ്ദേശിക്കുന്നത്.

ഏറെ കാവ്യാത്മകമായി ചിത്രീകരിച്ച ചില സന്ദർഭങ്ങൾ ഈ നോവലിലുണ്ട്. ഉദാഹരണമായി, ആദ്യ അധ്യായത്തിലെ രാത്രിയുടെ വർണ്ണനയിൽ, കവിതയിലേക്കെന്ന പോലെ ചന്ദ്രനും നിലാവും രാപ്രാണങ്ങളുടെ കരച്ചിലുമുള്ള രാത്രിയുടെ സിംഫണിയിലേക്ക്‌ നാമറിയാതെ മനസ്സ് കൂർപ്പിക്കുന്നു. പൗർണമിടീച്ചറുടെയും മാലിനിചേച്ചിയുടെയും സൗന്ദര്യവിവരണത്തിലൂടെ പാലപ്പൂവിന്റെയും കൈതപ്പൂവിന്റെയുമൊക്കെ മാദകഗന്ധം നമുക്ക് ചുറ്റും പരക്കുന്നു.

പപ്പുമതത്തെയും കഥാപാത്രങ്ങളെയും കാലത്തെയും ബന്ധിപ്പിക്കുക/വേർതിരിക്കുക എന്നത് തന്നെയാണ് ഈ നോവൽ വായനയിലെ പ്രധാന വെല്ലുവിളി. പപ്പുമതം നോവലിന്റെ പ്രത്യേകതയായിരിക്കെ തന്നെ യാഥാർഥ്യമോ കെട്ടുകഥയോ ജ്വരസ്വപ്നമോ എന്നുള്ള സന്ദേഹം വായനക്കാരിൽ വളരുന്നു. സങ്കൽപം മാത്രമാണെങ്കിൽ ഓടയിൽ കൊതുകുകൾ പെരുകി പനിപിടിച്ചു ജനങ്ങൾ മരിക്കുന്നതെങ്ങനെ ? യാഥാർഥ്യത്തിലാണെങ്കിൽ എല്ലാ അന്ധവിശ്വാസങ്ങൾക്കുമപ്പുറം ഇത്ര മൂഢരോ മനുഷ്യർ ? ഇങ്ങനെയുള്ള വിചാരങ്ങൾ വായനയെ അലട്ടുന്നുണ്ട്. എന്നാൽ ആവർത്തിച്ചുള്ള വായനയിൽ ഓട എന്ന ബിംബം മതവും പനി എന്ന ബിംബം വർഗീയതയുമായി തെളിഞ്ഞുവരുന്നത് പോലെതോന്നും. അങ്ങനെ ചിന്തിക്കുമ്പോൾ, ഒറ്റവായനയിൽ തന്നെ കുറച്ചുകൂടെ വ്യക്തമായി വായനക്കാരിലേക്ക്‌ എത്തുന്നവിധം നോവലിന്റെ ഘടനയിലും ആഖ്യാനരീതിയിലും എഴുത്തുകാരൻ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നിപ്പോകുന്നു.
പപ്പുമതം രൂപീകരിക്കുന്ന കാലത്തെ കുറിച്ചും കൃത്യമായ സൂചനകൾ ലഭിക്കുന്നില്ല. ചൈനയിൽ നിന്ന് കൊതുകിനെ കൊല്ലാനുള്ള ബാറ്റുകൾ, ടോൾ ബൂത്തിലെ അന്യസംസ്ഥാനക്കാരനായ ജീവനക്കാരൻ, ഇവയൊക്കെ സമീപകാലത്തെ സൂചിപ്പിക്കുന്നു. അത്തരം അവ്യക്തതകൾ വായനക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. മറ്റൊന്ന് ചില നിലവാരം കുറഞ്ഞ തമാശരംഗങ്ങൾ കഥയോട് ചേർന്നുപോകാതെ തിരുകിക്കയറ്റിയപോലെ വേറിട്ട്‌ നിൽക്കുന്നുണ്ട് എന്നുള്ളതാണ്.

rafeeq ahamed, rahna thalib, novel, zhukkillam

ഈ കഥാപാത്രങ്ങൾക്ക് പുറമേ, വായനക്കിടയിൽ മനസ്സിനെ സ്പർശിച്ച നാരായമംഗലത്തെ കൃത്രിമം കുറഞ്ഞ ചില മനുഷ്യരെ കൂടെ ഓർമ്മിക്കുന്നു. അവസാനിക്കാത്ത സംശയങ്ങളുടെ ചാവുകടലായിരുന്ന പലചരക്കുകടക്കാരൻ കുഞ്ഞുട്ടേട്ടൻ, മകൻ വിനയൻ, ഒരിക്കൽ കുഞ്ഞുട്ടേട്ടന്റെ കൂട്ടുകച്ചവടക്കാരനായിരുന്ന ദേവസ്സി, സമസ്തലോകത്തിന്റെയും സൗഖ്യത്തിനും ശാന്തിക്കും വേണ്ടി സ്വജീവിതധർമങ്ങളുപേക്ഷിച്ച് ചീട്ടുകളിയുടെ സാധനയിൽ മുഴുകിയ മൂസയും, ഉക്രുവും അടങുന്ന ചീട്ടുകളിക്കാർ, അന്യന്റെ സങ്കടങ്ങളും നിസ്സഹായതകളുമോർത്ത് കരഞ്ഞിരുന്ന ബാർബർ ഉലഹന്നാൻ, മൂരിയെ പോലിരുന്ന മാലിനിചേച്ചിയുടെ ഭർത്താവ് അപ്പുശിപായി, ആമ്പൽപ്പൂപോലെയിരുന്ന ലില്ലി, ജീവനെ ആൾദൈവമാക്കി മാറ്റുന്നതിൽ പ്രധാനപങ്കു നിർവഹിച്ച പിഷാരടി മാഷ്‌, പുരാതനരോഗിയായിരുന്ന താണ്ടമ്മ, സ്ഥിരം വയറുവേദനക്കാരനായിരുന്ന അബൂബക്കർ, പഠിക്കാൻ മിടുക്കിയായിരുന്നിട്ടും ചെറുപ്പത്തിലേ ഒരറുബോറൻ ഗൾഫുകാരന്റെ ഭാര്യയാവുകയും ഇഷ്ടങ്ങൾ ഹോമിച്ച് മതചിട്ടകളിൽ ജീവിക്കേണ്ടിവരികയും ചെയ്ത മകൾ സുമയ്യ, റെയിൽവേയിലെ ജോലിനഷ്ടപ്പെട്ടതിനാൽ ആത്മഹത്യ ചെയ്ത ഫിറ്റർ വാപ്പു, മുൻ നക്‌സലൈറ്റും പിൽക്കാല പരിസ്ഥിതിവാദിയുമായ പ്രതാപൻ, കൃഷിക്കാരൻ കണ്ടാരേട്ടൻ, മൂത്തേടത്തിന്റെ സുഹൃത്തും ഓടകളുടെ പേരിൽ ജനം വെച്ചുപുലർത്തിയ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി പൊരുതുകയും ചെയ്ത ഡോക്ടർ ജാനകി, ശാന്തനും സൗമ്യനും പുരുഷത്വത്തിന്റെ പ്രതിരൂപവുമായിരുന്ന മിലിട്ടറി ബാലൻ, ബാലന്റെ മുത്തച്ഛൻ വെളിച്ചപ്പാട് ഗോവിന്ദക്കുറുപ്പ്, ഇവരെല്ലാമാണ് അവരിൽ ചിലർ.

നോവലിൽ, അധ്യായങ്ങളുടെ തുടക്കത്തിൽ ഉദ്ധരണികളായി ചേർത്തിരിക്കുന്നത് കഥാപാത്രമായ പി. എസ്. മൂത്തേടത്തിന്റെ ഡയറികളിൽ നിന്ന് അദ്ദേഹത്തിൻറെ മരണശേഷം ചരിത്രകാരൻ കണ്ടെടുത്ത ചിന്താശകലങ്ങളാണ്. പൊതുവേ നാം വായിക്കാറുള്ള മഹാന്മാരുടെ കൃത്യതയാർന്ന ഉദ്ധരണികളിൽ നിന്നും വ്യത്യസ്തമാണ് ഈ ഉദ്ധരണികൾ. ഗൗരവമായിരിക്കെ തന്നെ അവയുടെ നിഗൂഢതയും പ്രായോഗികയുമോർത്ത് വായനക്കാരെ കുഴപ്പിക്കുന്നവ. കുറച്ചു കുഴപ്പിക്കുന്നുണ്ടെങ്കിലും, ഗൗരവമായ വായന അർഹിക്കുന്ന, ഒട്ടേറെ അർത്ഥതലങ്ങളുള്ള ഒരു നോവൽ തന്നെയാണ് അഴുക്കില്ലം. ഏത് കാലത്തെ വായനയിലും, മനുഷ്യജീവിതത്തിന്റെ അയുക്തികളെയും സാമൂഹ്യ ദുർനിയമങ്ങളെയും ബന്ധിപ്പിക്കുന്ന ഒരപൂർവ കൃതി. അവയെല്ലാം ഒരിക്കൽകൂടെ ഓർത്തു കൊണ്ട് ചീരുത്തളളയുടെ സുവിശേഷം ആവർത്തിക്കട്ടെ. പുലരികൾ, സന്ധ്യകൾ, പൂക്കൾ, തുമ്പികൾ, മഴ, വെയിൽ, നിലാവ്, കുഞ്ഞുങ്ങളുടെ ചിരി, പ്രണയം, കാമം… മനുഷ്യർക്ക് എത്ര സന്തോഷമായും സമാധാനമായും ജീവിക്കാം. എന്നിട്ടും എന്താണിങ്ങനെ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook