scorecardresearch

കോവിലന്‍- ഗോത്രപ്പശിമയുളള വാക്കിന്റെ തോറ്റങ്ങള്‍

“ജീവല്‍സാഹിത്യത്തിന്റെയോ റിയലിസത്തിന്റെയോ പുരോഗമന സാഹിത്യത്തിന്റെയോ കളളികളിലോ അസ്തിത്വവാദ- അസ്തിത്വവാദാനന്തര ആധുനികതയിലോ ഉത്തരാധുനികതയിലോ അടയാളപ്പെടുത്താനാവാതെ കോവിലന്‍ വേറിട്ട് നിലകൊളളുന്നു” കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു

കോവിലന്‍- ഗോത്രപ്പശിമയുളള വാക്കിന്റെ തോറ്റങ്ങള്‍

ഏതൊരു വലിയ എഴുത്തുകാരന്റെയും സര്‍ഗാത്മകതയ്ക്ക് മൂന്ന് അടരുകള്‍ അല്ലെങ്കില്‍ തലങ്ങള്‍ ഉള്ളതായി കാണാം. പ്രാഥമികമായും അയാള്‍ തന്റെ ഭാഷയില്‍ ഇടപെടുന്നതിന്റെ സവിശേഷത. രണ്ട്, അയാള്‍ തന്റെ കൃതികളില്‍ പരിചരിക്കുന്ന പ്രമേയ പരിസരം. മൂന്ന്, അയാളുടെ കൃതികളിലൂടെ അവതീര്‍ണമാവുന്ന ദര്‍ശനം. ഇവയിലെ ഏതെങ്കിലും ഒരു തലത്തിന്റെ ഗരിമ മതി അയാളെ സാഹിത്യത്തില്‍ അടയാളപ്പെടുത്തുവാന്‍. കോവിലന്‍ സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൗലികത ഭാഷയെ അദ്ദേഹം ഉപയോഗിച്ചതിന്റെ സവിശേഷതയാണെന്ന് ഞാന്‍ കരുതുന്നു. ആ ഭാഷ തന്റെ സമകാലികരില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

മലയാള നോവല്‍ സാഹിത്യം വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന ഒരു കാലഘട്ടത്തിലായിരുന്നല്ലോ കോവിലന്റെയും സര്‍ഗജീവിതം ആരംഭിക്കുന്നത്. നമുക്കറിയാം നോവല്‍ എന്ന സാഹിത്യ ശാഖ വൈദേശികമാണ്. അഥവാ യൂറോ കേന്ദ്രിത ആഖ്യാന സങ്കേതമാണ്. അതിനെ എങ്ങനെ നാട്ടെഴുത്തിന്റെ ആഖ്യാന പാരമ്പര്യങ്ങളുമായി പുനഃക്രമീകരിച്ചു എന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. മലയാളത്തിലെ ആദ്യനോവല്‍ ആയി പരിഗണിക്കപ്പെടുന്ന ഇന്ദുലേഖ ഈയര്‍ത്ഥത്തില്‍ യൂറോ കേന്ദ്രിതമായ ആഖ്യാനരീതിയെ അതേപടി പകര്‍ത്തുകയായിരുന്നല്ലോ. സി വി രാമന്‍പിളള ഭാഷയുടെ അപൂര്‍വ്വ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തി നോവല്‍ രചനയില്‍ വലിയ ഒരു കാല്‍വെപ്പു നടത്തുകയുണ്ടായി. പിന്നീട് നവോത്ഥാന സാഹിത്യനായകന്മാര്‍ അവരുടെ രചനകളിലൂടെ മലയാളഭാഷയെ നവീകരിക്കുകയും വളര്‍ത്തുകയും ഉണ്ടായി. യഥാതഥമായ ആഖ്യാന സമ്പ്രദായത്തിലൂടെ തകഴിയും കേശവദേവും ബഷീറും പുതിയ ഭാവുകത്വം സൃഷ്ടിച്ചു. അതില്‍ തന്നെ ബഷീര്‍ വളരെ വ്യതിരക്തമായ ഒരു ശൈലി സൃഷ്ടിച്ചു. ഭാഷ പിന്നീട് പല പരിലാളനങ്ങള്‍ക്ക് വിധേയമായി. ടി. പത്മനാഭനിലൂടെ, എംടിയിലൂടെ ഭാവഗീതസമാനമായി. ഒ വി വിജയനിലൂടെ സൈക്കഡലിക് ആയി. കോവിലന്റെ സര്‍ഗലോകം ഉരുക്കില്‍ വാര്‍ത്തെടുത്ത വാഗ് ശില്‍പ്പങ്ങളുടെ ആല ആയി. ഓരോ വാക്കും പറിച്ചെടുക്കുമ്പോള്‍ വേരുകള്‍ പിണഞ്ഞു കിടക്കുന്ന ഭൂതകാലമണ്ണ് അവയില്‍ കനം തൂങ്ങി നില്‍ക്കുന്നതു കാണാം. തോറ്റങ്ങളിലൂടെ കോവിലന്‍ നടത്തിയ സാഹിത്യത്തിന്റെ അപകോളനിവല്‍ക്കരണം ശരിയായി മനസ്സിലാക്കപ്പെട്ടിട്ടില്ല. തട്ടകത്തിലെത്തുമ്പോള്‍ ഇത് ഏറെ വികസിക്കുന്നതായും കാണാം.

rafeeq ahamed, kovilan, malayalam writer, novel, short story, poem, poet,

അടുത്തത് പ്രമേയപരമായ തലമാണ്. എന്തായിരുന്നു കോവിലന്റെ പ്രമേയം. വിശപ്പാണ് തന്റെ ഏറ്റവും വലിയ വിഷയം എന്ന് കോവിലന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ, കേവലമായ വിശപ്പ്, ദാരിദ്ര്യം, മുതലായവയില്‍ ചുറ്റിത്തിരിയുന്ന ലളിത പുരോഗമന സാഹിത്യം ആയിരുന്നില്ല കോവിലന്‍ എഴുതിയത്. സങ്കീര്‍ണമായ ജീവിത സമസ്യകള്‍ അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. ജീവിതത്തെ അഭിമുഖീകരിക്കുന്ന സാധാരണ മനുഷ്യന്റെ നിസ്സഹായതകള്‍ എന്നതിനോടൊപ്പം ഒരു വംശാവലിയുടെ ചരിത്ര ദുഖങ്ങള്‍ കൂടി അവയിലുണ്ട്. പട്ടാളക്കഥകള്‍ എന്ന് വിളിക്കപ്പെട്ട കോവിലന്‍ കഥകള്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ പോലും അങ്ങനെ ആയിരുന്നില്ല എന്ന് നമുക്കറിയാം.

ആര്‍മി, കോവിലന്‍ കഥാപാത്രങ്ങളുടെ ഒരു പ്രമേയ പരിസരം മാത്രമായിരുന്നു. വലിയ ഒരര്‍ത്ഥത്തില്‍ അത് ജീവിത പരിസരം തന്നെയാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഒരു പക്ഷെ, സമൂഹം, അധികാരം എന്നിവയുടെ സമൂര്‍ത്തമായ ഒരു പരിസരം. ആര്‍മി എന്ന ബൃഹത് ഘടനയും ഒരു സാധാരണ പട്ടാളക്കാരനും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധങ്ങള്‍ ഒരര്‍ത്ഥത്തില്‍ സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധങ്ങള്‍ തന്നെയാണ്. അടിസ്ഥാനപരമായി ജീവിതോന്മുഖരായ,സമരസജ്ജരായ, അതേ സമയം കരുണയും അനുതാപവുമുള്ള കഥാപാത്രങ്ങളെയും മനുഷ്യത്വത്തിന്റെ വലിയ ഉയരങ്ങളെ ആവിഷ്‌കരിക്കുന്നതുമായ പ്രമേയ ഘടനയാണ് കോവിലന്‍ സാഹിത്യത്തിന്റേത്.

rafeeq ahamed, kovilan, thootangal, thattakam, novel by kovilan, poem, poet,

ഇവിടെ സൂചിപ്പിച്ചതു പോലെ നോവല്‍ എന്ന വൈദേശികമായ സാഹിത്യ ശാഖ തനത് സാഹിത്യപാരമ്പര്യങ്ങള്‍ ഉള്ള ഒരു സമൂഹം എങ്ങനെ സ്വാംശീകരിച്ചു എന്ന് പരിശോധിക്കുമ്പോള്‍ കോവിലന്റെ മൗലികത നമുക്ക് തിരിച്ചറിയാനാവും. കഥ പറച്ചിലിന്റെ ഒരു ഇന്ത്യന്‍ രീതിയുണ്ട്. അത് ഇതിഹാസങ്ങള്‍ മുതല്‍ കഥാസരിത് സാഗരവും പഞ്ചതന്ത്രവും ഗോത്ര വാമൊഴി കഥാ പാരമ്പര്യങ്ങളുടെയുമെല്ലാം വലിയ ഒരു പൈതൃകമാണ്. നോവല്‍ എന്ന പുതിയ നൂറ്റാണ്ടിലെ ആവിഷ്‌കാര കല കോവിലനില്‍ എത്തുമ്പോള്‍, വിശേഷിച്ചും തോറ്റങ്ങളിലും തട്ടകത്തിലുമെത്തുമ്പോള്‍ അതിന് ഒരു തനത് സ്വഭാവം കൈവരുന്നു എന്നതാണ് കോവിലനെ മറ്റ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈയര്‍ത്ഥത്തില്‍ തോറ്റങ്ങള്‍ മലയാള നോവല്‍ സാഹിത്യത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്.

വലിയ എഴുത്തുകാരുടെ കൃതികള്‍ ചില ദര്‍ശനങ്ങള്‍ മുന്നോട്ടു വെയ്ക്കാറുണ്ട്. കാലം തന്നെയാണ് അത്തരം ദര്‍ശനങ്ങളെ നിര്‍ണയിക്കുന്ന പ്രധാന ചോദകം. തീര്‍ച്ചയായും നവോത്ഥാന പാരമ്പര്യമുള്ള നമ്മുടെ നോവലിസ്റ്റുകളില്‍ സമത്വദര്‍ശനം ഉള്‍പ്പെടെയുള്ള പുരോഗമനപരമായ ആശയങ്ങളില്‍ നിന്ന് ഊറിക്കുടി വരുന്ന ജീവിതോന്മുഖമായ ഒരു ദര്‍ശനം കാണാവുന്നതാണ്. ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ കാണാവുന്നതാണ്. വിപ്ലവാശയങ്ങള്‍ കാണാവുന്നതാണ്. പലപ്പോഴും ഇത് എഴുത്തുകാരന്‍ സ്വീകരിക്കുന്ന, കാലവും സമൂഹവും പ്രസക്തമാക്കുന്ന ചില സവിശേഷ ദര്‍ശനങ്ങള്‍ ആവാറുണ്ട്. ദര്‍ശനങ്ങളെ സാഹിത്യവല്‍ക്കരിക്കുന്നതിനു മാത്രമായും കൃതികള്‍ രചിക്കപ്പെടാറുണ്ട്. കോവിലന്‍ കൃതികള്‍ മുന്നോട്ടു വെയ്ക്കുന്ന ദര്‍ശനം എന്ത് എന്നത് ഗാഢമായി അന്വേഷിക്കേണ്ട ഒന്നാണ്.

കവിതയില്‍ പലപ്പോഴും ഇടശ്ശേരിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു സാഹിത്യ വിദ്യാര്‍ത്ഥി എന്ന നിലയില്‍ കൗതുകം തോന്നുന്ന ചില കാര്യങ്ങളുണ്ട്. ഇടശ്ശേരി കവിതകളുടെ അടിത്തട്ടില്‍ എന്താണുള്ളത് എന്ന ചോദ്യം. അവിടെ ആദ്ധ്യാത്മികത കാണാം, ഗാന്ധിയന്‍ ചിന്തകള്‍ കാണാം, കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകള്‍ കാണാം, പാരിസ്ഥിതിക ഉള്‍ക്കാഴ്ചകള്‍ കാണാം. ഇവയില്‍ ഏതെങ്കിലുമൊന്നിനോട് സമന്വയിച്ച് ഇടശ്ശേരി കരുത്തിന്റെ കവി എന്നോ മറ്റോ ഒക്കെ പറയുകയും ചെയ്യാം. എന്നാല്‍ മേല്‍പ്പറഞ്ഞ ദര്‍ശനസ്ഥലികളില്‍ നിന്ന് സ്വാംശീകരിച്ച് സമഗ്രമാക്കിയ, കവിയുടേതുമാത്രമായ, ഇടശ്ശേരിയുടെ മാത്രമായ ഒരു സ്വന്തം ദര്‍ശനമുണ്ട്. അതിലേക്ക് ഒരു പക്ഷെ ‘ബുദ്ധനും നരിയും ഞാനും’ പോലുള്ള രചനകള്‍ നമ്മെ നയിക്കും. വലിയ എഴുത്തുകാരില്‍ മാത്രം കാണുന്ന, വായനക്കാര്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കേണ്ട തനതായ ഒരു ദര്‍ശനമുളള ഒരാള്‍ ആയിരുന്നു കോവിലന്‍.

rafeeq ahamed, kovilan, novel, malayalam novel, poem, poet, short story,

കോളനിവല്‍ക്കരണഘട്ടത്തിലെ ആധുനികതയെക്കുറിച്ചുള്ള പരിപ്രേക്ഷ്യങ്ങളെ അതേപടി സ്വീകരിച്ചു കൊണ്ടു വളര്‍ന്നു വികസിച്ച മറ്റു ജ്ഞാനമണ്ഡലങ്ങളോടൊപ്പം തന്നെയാണ് സാഹിത്യവും നിലകൊണ്ടത്. സമാന്തരമോ ബദലോ ആയ ആഖ്യാനങ്ങള്‍ പൊതുവെ പ്രാകൃതം, അവികസിതം എന്ന നിലയില്‍ തമസ്‌കരിക്കപ്പെടുകയാണ് ചെയ്തത്. ആധുനികോത്തരതയുടെ ഈ കാലത്തും സാഹിത്യത്തെയും ഇതര ജ്ഞാനമേഖലകളെയും വിലയിരുത്തുവാനുള്ള അളവുകോലുകള്‍ യൂറോകേന്ദ്രിതമായ ഒരു ആശയപരിസരത്തു നിന്നു തന്നെയാണ് വരുന്നത്. ഈയര്‍ത്ഥത്തില്‍, പുതിയ ഒരു പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കപ്പെടുകയാണെങ്കില്‍ തോറ്റങ്ങള്‍ എന്ന കൃതിയുടെ പ്രസക്തിയും വലിപ്പവും അടയാളപ്പെടുന്നതാണ്.

അതുകൊണ്ടു തന്നെ, ജീവല്‍സാഹിത്യത്തിന്റെയോ റിയലിസത്തിന്റെയോ പുരോഗമന സാഹിത്യത്തിന്റെയോ കളളികളില്‍ കൃത്യമായി ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തിലും അസ്തിത്വവാദ- അസ്തിത്വവാദാനന്തര ആധുനികതയിലോ ഉത്തരാധുനികതയിലോ അടയാളപ്പെടുത്താനാവാത്ത വിധത്തിലും ഇന്നും കോവിലന്‍ വേറിട്ട് നിലകൊളളുന്നു. ഇത് ഒരു അപൂര്‍വതയാണ്. ഈ അപൂര്‍വ്വതയാണ് എഴുത്തുകാരന്‍ ഭൗതികമായി നമ്മോടൊപ്പം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സര്‍ഗസ്ഥലികളെ വീണ്ടും വീണ്ടും ഖനനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Rafeeq ahamed literary universe of kovilan