“സമാധാനമില്ലമ്മേ… ഒരിടത്തും സൊയ്‌ര്യമില്ല…”
ഭസ്മവും അരിച്ചാന്തും മഞ്ഞളും കൂടിക്കുഴഞ്ഞ ചേലങ്ങാട്ട് ഭഗവതിയുടെ കൈപിടിച്ച് സരോജിനിയമ്മ കരച്ചിലിന്റെ വക്കിലെത്തി. ഇടതു കണ്ണിൽനിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർ കഴുത്തിലെ പുതിയ കരിമണി മാലയിൽ ഉടക്കിനിന്നു. വടക്കേ മലബാറിലെ അമ്മത്തെയ്യത്തെ പകർത്താൻ കാമറയും തൂക്കി നിന്ന പരദേശിക്കുട്ടികൾക്ക് കുഞ്ഞുങ്ങളെപ്പോലെ കരയുന്ന സരോജിനിയമ്മയുടെ വലിയ മുഖം കണ്ട് ചിരി വന്നു. പുലർച്ചെ വെള്ളാട്ടവും കണ്ട് ഉറക്കച്ചടവോടെ നിന്ന മുതിർന്ന അമ്മമാർ ഐക്യദാർഢ്യം പോലെ മുഖത്ത് നിസ്സഹായത വരുത്തി.
“മക്കള് കാരണം ഉറങ്ങാൻ വയ്യാതായമ്മേ. കണ്ണടക്കുമ്പോഴേക്കും മുൻവാതില് തുറക്ക്ന്ന പോലെ തോന്നും. മൂത്തോള് പെട്ടീം പെട്ടകോം തൂക്കി ഭൂമി അറിയാണ്ട് നടന്ന് പുറത്തേക്കിറങ്ങിപ്പോവ്ന്ന പോലെ തോന്നും.’’
“ശ്…” ദക്ഷിണ നാലായി മടക്കി കയ്യിൽ പിടിച്ച് ഭഗവതിയെക്കാണാൻ ഊഴം കാത്തുനിന്ന വേറൊരു സ്ത്രീ ഞെട്ടൽ പ്രകടിപ്പിച്ചു.
സരോജിനിയമ്മ മയിൽപീലിയുടെ മോഡൽ തുന്നിച്ചേർത്ത കസവുനേര്യതിന്റെ മുന്താണി കൊണ്ട് കണ്ണും മൂക്കും തുടച്ചു. “വെര്ന്ന മംഗലൊക്കെ മുടങ്ങിപ്പോവോന്ന്. ഒന്നും മെനയാവുന്നില്ല. പെണ്ണ് വീട്ടിത്തന്നെ നിന്ന്പോവോന്നാണ് ബേജാറ്…”
ഭഗവതി പീഢത്തിൽനിന്ന് ഒന്നിളകിയിരുന്നു. പിന്നെ തിരുമുടിയിലെ ചെറുമിന്നിക്കിടയിൽനിന്ന് ഒരു ചെക്കിപ്പൂ പറിച്ചെടുത്ത് മഞ്ഞക്കുറിക്കൊപ്പം സരോജിനിയമ്മയുടെ കയ്യിൽ കൊടുത്ത് പറഞ്ഞു “സന്തതീദുഃഖമാണ് വലിയ ദുഃഖം. ചേലങ്ങാട്ട് വാഴും പൊന്നമ്മ മക്കൾക്ക് അങ്ങനൊരു ദുഃഖം വരുത്തുംന്ന് കരുതുന്നുണ്ടോ?’’
സരോജിനിയമ്മ ഏങ്ങലൊതുക്കി ഇല്ലെന്ന് തലയാട്ടി.
“കഴുകനും പരുന്തിനും നൽകാതെ കാവലിരിക്കുന്നില്ലേ അമ്മ. പിന്നെന്തിനാണ് സന്താപം?’’
“തൊണ്ടച്ചൻ ഇരിക്കുന്ന വീടാണ്. ശുദ്ധോം വൃത്തീം ഇള്ളോരയന്നെ മോൾക്ക് കൊണ്ടത്തരണം. ചീത്തപ്പേര് ഇണ്ടാവാണ്ട് നോക്കണം അമ്മേ.” അവർ തോറ്റക്കാരന്റെ കയ്യിലെ തളികയിൽ ദക്ഷിണ വച്ചു.
“തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേൽഗൃഹത്തിനും ഗുണം വരട്ടെ.” ഭഗവതിയുടെ മുരിക്കിൽ തീർത്ത കൈവളകൾ സരോജിനിയമ്മയുടെ മൂർധാവിൽ തൊട്ടു.

പുലരുന്നതേയുണ്ടായിരുന്നുള്ളൂ. വെളിച്ചം വീണ് തുടങ്ങിയപ്പോൾ, ഭഗവതിയുടെ അനുഗ്രഹത്തിനായി കുറച്ച് ഇളയ അമ്മമാർ പൊടിപ്പിള്ളേരെ ഒക്കത്തിരുത്തി ഉണരാൻ വൈകിയ വെപ്രാളത്തിൽ ധൃതിയിൽ എത്തിത്തുടങ്ങി. ബലൂണും കളിപ്പാട്ടങ്ങളും കോലിൽ കോർത്ത് കാവിന്റെ വളപ്പിൽ പിള്ളേരെയും കാത്തിരുന്ന ചന്തക്കാരൻ പുകയുന്ന കുറ്റിബീഡി ദൂരെക്കളഞ്ഞ് ആലസ്യം വിട്ട് ഉഷാറായി. പൊട്ടിത്തീർന്ന കതിനയുടെ മണം കുറേനേരത്തേക്കുകൂടി അന്തരീക്ഷത്തിൽ തങ്ങിനിന്നു. സരോജിനിയമ്മയ്ക്ക് മനംപിരട്ടലുണ്ടായി. ഉരിയാട്ടു കഴിഞ്ഞ് ഭഗവതി തിരിച്ചുകയറുന്നതിനു മുമ്പേ അവർ വീട്ടിലേക്കു തിരിച്ചു.
“നിങ്ങളാള് പൊളിയന്നെ സരോയ്നേച്ചീ”
വൈകീട്ട് കെട്ടിയാടേണ്ട പുലിദെെവങ്ങൾക്ക് തല്ലുകൂടാൻ നല്ല പച്ചവിറക് നോക്കിയിറങ്ങിയ രാജേഷ് സരോജിനിയമ്മയുടെ പുറകേ കാവിൽനിന്നിറങ്ങി.
“എന്തേനും?”
“അങ്ങേര് മോന് പെണ്ണ് ചോദിച്ച് നിങ്ങളെ വീട്ടിൽ വരാനുള്ള പ്ലാനിലായിരുന്നൂന്നാ കേട്ടത്. ഇനീപ്പോ എങ്ങനെ വരും. അമ്മാതിരി പണിയല്ലേ നിങ്ങള് കൊടുത്തത്.”
എൻ-95മാസ്ക് താടിവരെ താഴ്ത്തി സരോജിനിയമ്മ റോഡിന്റെ ഒരു മൂലയിലേക്ക് നീട്ടിത്തുപ്പി.
“ഞാനെന്റെ പരദേവതേനോടാ പറഞ്ഞെ. കെട്ടിയത് കണ്ണനോ ഓന്റച്ഛൻ കുഞ്ഞിരാമനോ അച്ഛന്റച്ഛൻ ചാത്തുക്കുട്ടിയോ ആരായാ എനക്കെന്താ.”
“എന്നാലും കേൾക്ക്ന്ന ചെവി കണ്ണേട്ടന്റെയന്നെയല്ലേ. മോന് പെണ്ണ് ചോദിച്ച് വീട്ടിലേക്ക് വരണ്ടാന്നന്നെയാണല്ലോ നിങ്ങള് പറഞ്ഞേന്റെ മലയാളം. അയാക്കത് മനസ്സിലാവാണ്ടിരിക്കോ?”
“കൊടിയില വാങ്ങി വ്രതം തുടങ്ങിയാ പിന്നെ ചെവിയും കണ്ണും മൂക്കുമൊക്കെ ഭഗവതീരെയാ. കുര്ത്തം ഉള്ളോരൊക്കെ അങ്ങനെയാ.” സരോജിനിയമ്മ ചെമ്മൺപാത അവസാനിക്കുന്നിടത്തെ വീടിന്റെ ഗെയിറ്റ് തുറന്നു.
പുറകേയെത്തിയ രാജേഷ് പടർന്നുകിടക്കുന്ന വേപ്പ് മരത്തിന്റെ ചാഞ്ഞ കൊമ്പിൽ കണ്ണുവച്ചു.
“കൊമ്പ് കൊത്തുന്നുണ്ടേ…”
“മേലെ കേറി നടുവും കുത്തി വീഴാൻ നിക്കണ്ട.”
രാജേഷ് ചില്ല താഴ്ത്തി കത്ത്യാള് കൊണ്ട് ബലമുള്ള കൊമ്പിൽ ആഞ്ഞുവെട്ടി.
“കണ്ണേട്ടന്റെ മോനേം നിങ്ങളെ മൂത്തോളേം വച്ച് നാട്ടുകാര് പറയണോണ്ടല്ലേ കോലധാരീനെ മാറ്റണംന്ന് നിങ്ങള് മീറ്റിങ്ങിൽ പറഞ്ഞത്.”
ഉമ്മറത്തെത്തിയ സരോജിനിയമ്മ വീണ്ടും മുറ്റത്തേക്കിറങ്ങി.
“അത് കൊള്ളാലോ. നീയൊക്കെ കൂടിയല്ലേ വേണ്ടാതീനം പറഞ്ഞുണ്ടാക്കിയെ രായേഷേ? ഓനൊരു രജനീകാന്ത്. ബൈക്കിമ്മല് വന്ന് സർക്കസ് കാണിച്ച് പെണ്ണിന്റെ തല തിരിച്ചതാ.”
“അത് കണ്ടാ…” പടിഞ്ഞിന്റകത്തിനടുത്ത് പിന്നീട് കൂട്ടിയെടുത്ത കുഞ്ഞിമുറി ചൂണ്ടി സരോജനിയമ്മ പറഞ്ഞു.
“തൊണ്ടച്ചനാ. വെളക്കും തിരീം വെക്കുന്നയല്ലേ. പുറത്തുള്ളോരെ കൊണ്ടന്ന് എന്റെ ശുദ്ധൊക്കെ നീ കളയൊ സരോയ്നീന്ന് ചോദിച്ചാ ഞാനെന്ത് പറയും?”
മതിലിന്റെ അരഭിത്തീൽ ചാരി രാജേഷ് വിറക് കെട്ടി. സരോജിനിയമ്മയ്ക്ക് തൃപ്തിയായില്ല.
“കണ്ട ക്ലബ്ബിലും റോട്ടിലുമൊക്കെ തെയ്യം കെട്ടി തുള്ളണോരെ മാറ്റണംന്നാ പറഞ്ഞെ. അയ്നെന്താ തെറ്റ്. ഇതിനൊക്കെ ഒരു ചൈതന്യംണ്ടല്ലോ. ചാത്തുക്കുട്ട്യേട്ടന്റെ ഭഗവതി കണ്ടിനാ നീ. ഒരു കാഴ്ച തന്നെയേനും. എറങ്ങിവരുമ്പോ രോമം എണീറ്റ് നിക്കും. കളിയാട്ടം കയ്ഞ്ഞ് പോവുമ്പോ തെക്കേ നടേമ്മല് കേറാണ്ട് കണ്ണ് നെറച്ച് കൊറേ നേരം പ്രാർഥിക്കും പാവം. എന്തേലും കൊടുത്താ വാങ്ങും. അങ്ങനെ ചോയ്ച്ച് വാങ്ങുന്ന പരിപാടിയൊന്നുല്ല. അതോണ്ടെന്താ കുര്ത്തംണ്ടേനും. ഇപ്പോ എന്താ വെറും മേക്കപ്പ്. ജാഥേല് കെട്ടിത്തുള്ളണതൊക്കെ സിനിമാറ്റിക് ഡാൻസാ. മതി, അയ്‌ന്റെ കൊമ്പ് മൊത്തം നീ കൊണ്ടോവണ്ട, അല്ലെങ്കിൽ തന്നെ അരപ്രാണനാ…”
അടുത്ത ചില്ലയിൽനിന്നുകൂടി വിറക് വെട്ടാൻ നിന്ന രാജേഷ് ലുങ്കി ഒന്നൂടെ മടക്കിക്കുത്തി അവിടെനിന്നിറങ്ങി.
“വൈന്നേരം വരില്ലേ? ചെറിയ വെടിക്കെട്ടൊക്കെ സെറ്റാക്കുന്നുണ്ട്.”
സരോജിനിയമ്മ വലിയ താൽപ്പര്യം കാണിക്കാതെ തിരിഞ്ഞുനടന്നു.
“നാറാത്ത്‌ന്ന് അമ്മമ്മേനെ കൊണ്ടര്‌ന്നുണ്ട്. കാറ് വിട്ടിട്ടുണ്ട്. കഴിഞ്ഞ തവണ പോയപ്പോ നിങ്ങളെ അന്വേഷിച്ചിരുന്നു.”
“ഞാനും കണ്ടിറ്റ് കൊറേയായി. എങ്ങനെ ഓടിനടന്നതാ നിന്റെ അമ്മമ്മ. ഞാനൊക്കെ കുഞ്ഞായിരിക്കുമ്പോ എല്ലാ ആഴ്‌ചേം വല്യ ഭാണ്ഡോം എടുത്ത് വീട്ടീ വരുമായിരുന്നു. ഓറ് അലക്കിത്തരുന്ന തുണിക്കൊക്കെ ഒരു പ്രത്യേക മണായിരുന്നു. ഒന്നുരണ്ടുതവണ ഇട്ടാലും ആ വാസന അങ്ങനേ നിൽക്കും.”
പഴയ മണത്തെ സരോജിനിയമ്മ മൂക്കിലേക്ക് വലിച്ചുകേറ്റാൻ നോക്കി.
“അതെന്തായിരുന്നു തുണീല് ഇറ്റിച്ചിരുന്നേ?”
“അത് അമ്മമ്മക്കേ അറിയൂ.”
“നിങ്ങക്കൊന്നും പറഞ്ഞ് തന്നിട്ടില്ലേ?”
“ഇല്ല.” രാജേഷ് വിറക്‌കെട്ട് ആയാസപ്പെട്ട് ചുമലിലേറ്റി ഇറങ്ങി.
സരോജിനിയമ്മ തൊണ്ടച്ചന്റെ മുറി തുറന്ന് കിണ്ടിയും തളികയും കഴുകിവെച്ചു. തലേന്ന് രാത്രി കൊണ്ടുവച്ച ചോറും പരിപ്പുകറിയും എടുത്തു കളഞ്ഞു. പാതി കത്തിയപ്പോഴേക്കും കെട്ടുപോയ വിളക്കുതിരികൾ, വെളിച്ചെണ്ണയിൽ മുങ്ങി വഴുവഴുപ്പനായതും മാറ്റി.

പഴയ മുണ്ടെടുത്ത് ചെറുതാക്കി കീറി. പിന്നെ നേര്യത് കേറ്റിക്കുത്തി നിലത്തിരുന്ന് മുട്ടുമുതൽ കണങ്കാലു വരെ എണ്ണപ്പറ്റുള്ള കൈകൊണ്ട് നീളത്തിൽ തുണിയുരുട്ടി പുതിയ തിരിയുണ്ടാക്കി. അഞ്ചെണ്ണം വച്ച് വിളക്കു കത്തിച്ചു. തളികയിൽ കർപ്പൂരം കത്തിച്ചുഴിഞ്ഞു. സ്റ്റാൻഡിൽ വച്ച ശംഖെടുത്ത് ഒരു തവണ ഊതി. നേരിയ ഒരു കാറ്റു മാത്രം വന്നു. തൊണ്ട ശരിയാക്കി വീണ്ടും ഊതി. ക്റേന്ന് ഒരു വികൃത ശബ്ദം പുറത്തേക്ക് വന്നു. മൂന്ന് തവണ ക്റേന്ന് ശംഖ് ഒച്ചയിട്ടു. സരോജിനിയമ്മ തുപ്പല് തുടച്ച് ശംഖ് സ്റ്റാൻഡിൽ വച്ചു.
“ശരിക്ക് പ്രാക്ടീസില്ല. അതാണ്…” വൈകീട്ട് പീസ് മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസിൽ നിലത്ത് പുൽപായിലിരുന്ന സരോജിനിയമ്മയോട് ഉണ്ണി മാഷ് പറഞ്ഞു.
“അതൊക്കെയുണ്ട് മാഷേ. സമയം കിട്ടുമ്പോ ഒക്കെ ഊതി നോക്കാറുണ്ട്. ഒരു കാര്യുല്ല.”
ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷമായി ശ്വസന വ്യായാമം ശീലിച്ചിട്ടും ഒരു കുഞ്ഞ് ശംഖ് ഊതേണ്ട ശ്വാസം പോലും ഇപ്പോഴും പിടിച്ചു വെക്കാൻ പറ്റാത്തതിന്റെ നിരാശയിൽ സരോജിനിയമ്മ ചമ്രം പടിഞ്ഞിരുന്നു.
“നിങ്ങടെ പകുതി സെല്ലിലേക്ക് ശ്വാസം എത്തുന്നില്ല. അതാ പ്രശ്നം. ആവശ്യമില്ലാത്ത ദേഷ്യം, ടെൻഷൻ, നിരാശ ഒക്കെത്തിനും കാരണം അതാണ്. ടെൻഷൻ വിട്. ശംഖൊക്കെ ഓടക്കുഴല് പോലെ ഊതാ.”
ഉണ്ണിമാഷ് ക്ലാസിന്റെ ഒത്ത നടുക്ക് കയറി നിന്ന് ബ്രീത്ത് വർക്ക് ഷോപ്പിലേക്ക് കടന്നു.
“എവരിബഡി കോൺസെൻട്രേറ്റ്” പല പ്രായത്തിലുള്ള പത്തിരുപത് ശിഷ്യർ അനുസരണയോടെയിരുന്നു. ഇരുകയ്യും മേലേക്കുയർത്തി വലിയ ശബ്ദത്തിൽ മാഷ് പറഞ്ഞു:
“നമ്മളെല്ലാം ശ്വാസം കൊണ്ട് സന്തോഷത്തിന്റെ ഹോർമോൺ ഉണ്ടാക്കാൻ പോവാണ്. എന്തിന്റെ ഹോർമോൺ?”
“സന്തോഷത്തിന്റെ” ശിഷ്യരും ഒന്നിച്ച് കൈ പൊക്കി.
“ശരീരത്തിന്റെ എല്ലാ സെല്ലിലും ജീവൻ വേണെങ്കിൽ ശ്വാസം എത്തണം. പ്രാണവായു. ആദ്യം സിരയിലൂടെ ലൈഫ് ഓഫ് എനർജി പോണം. അതിനു പിന്നാലെയേ രക്തം വരൂ. ആദ്യം എന്ത് പോവണം?”
“ലൈഫ് ഓഫ് എനർജി,” ശിഷ്യര് പറഞ്ഞു.
“നന്നായി ദേഷ്യം വരുമ്പോഴും പേടിക്കുമ്പോഴും നിങ്ങളുടെ ശ്വാസത്തിന്റെ താളം തെറ്റും. അതിന് സമ്മതിക്കരുത്. വൺ, ടു, ത്രീ, ഫോർ അങ്ങനെ ഒരേ താളത്തിൽ പോണം. മനസ്സ് നിങ്ങളെ നിയന്ത്രിക്കരുത്. നിങ്ങൾ…”
“മനസിനെ നിയന്ത്രിക്കണം” സരോജിനിയമ്മ പൂരിപ്പിച്ചു.
“സരോജിനിയേച്ചിക്ക് എപ്പോഴാ ശ്വാസത്തിന്റെ താളം ഏറ്റവും കൂടുതൽ തെറ്റിയത്?”
പെട്ടെന്നുള്ള ചോദ്യത്തിൽ അവർ പകച്ചു. നിവർന്നിരുന്ന ശരീരം ചുരുങ്ങിയതോടെ കൊഴുപ്പിന്റെ മടക്കുകളൊക്കെ തിരിച്ചു വന്നു.
“ഏറ്റവും കൂടുതൽ പേടിച്ച ഒരു സന്ദർഭം കണ്ണടച്ച് ഓർക്ക്. പതുക്കെ, പതുക്കെ ശ്വാസമെടുത്ത്.”
ജീവിതത്തിൽ ഇന്നോളമുള്ള ശ്വാസഗതികളെ സരോജിനിയമ്മ ഓർക്കാൻ ശ്രമിച്ചു.
“ധൃതി വേണ്ട. റിലാക്സ്ഡ് ആയിട്ട് ചെയ്താ മതി.”
അവർ കണ്ണടച്ച് നീട്ടി ശ്വാസമെടുത്തു.
മൂന്നാമത്തെ ആലോചനയും മുടങ്ങിപ്പോയ ദിവസമായിരുന്നു. ഐഎസ്‌ആർഒയിൽ വലിയ ഉദ്യോഗസ്ഥൻ. ചേരുന്ന കുടുംബക്കാര്. പളുങ്കുപോലുള്ള പൊരുത്തം. കൈവെള്ളേൽ കിട്ടീട്ടും പോയി. കോളേജ് കഴിഞ്ഞ് പെണ്ണ് സ്ഥിരം ഒരു ബൈക്ക്‌കാരന്റൊപ്പമാണ് അഞ്ചാംപീടികയിലെ സ്‌റ്റോപ്പിൽ ഇറങ്ങുന്നതെന്ന് നാട്ടുവർത്താനമുണ്ട്. അതവിടെ എത്തീട്ടുണ്ടാവും. സരോജിനിയമ്മ ഇരുട്ടുനോക്കി കിടന്നു.
“പോവാ… പോവാ…’ന്ന് കാലൻകോഴി തൊട്ടടുത്ത പറമ്പിലെ കോട്ടത്തിന്റെ അടുത്തെവിടെനിന്നോ കരയാൻ തുടങ്ങി.
“ജന്തുക്കള്” അവർ തിരിഞ്ഞുകിടന്നു.
പെട്ടെന്ന് ഒരു ഉൾവിളി പോലെ ചാടിയെഴുന്നേറ്റു. മൊബൈലിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് തളത്തിലേക്ക് ധൃതിയിൽ നടന്നു. മകളുടെ മുറിയുടെ പാതി ചാരിയ വാതിൽ തള്ളിത്തുറന്നു. വിജാഗിരി കരഞ്ഞിട്ടും മകൾ എഴുന്നേറ്റില്ല. തലവരെ മൂടിയ പുതപ്പിനടിയിൽ വെളിച്ചം വല്ലതുമുണ്ടോയെന്നറിയാൻ സരോജിനിയമ്മ കണ്ണുകുഴിച്ച് ഒന്നുകൂടെ നോക്കി.
“തൊണ്ടച്ചാ…” തിരിച്ചുവന്ന് വാതിലടച്ച് കിടക്കുമ്പോൾ അവർ പ്രാർഥിച്ചു.
അനക്കമില്ലാതെ കട്ടപിടിച്ചു തുടങ്ങിയ കറുപ്പിൽ പിന്നെയും “പോവാ… പോവാ…”ന്ന് കാലൻകോഴീടെ കരച്ചിൽ കേട്ടു. രാവിലെ പറിച്ച് മുറ്റത്ത് കൂട്ടിയിട്ട പഴുത്ത പറങ്കിമാങ്ങയുടെ മണം കാറ്റിനൊപ്പമെത്തി.
സരോജിനിയമ്മ മൂക്കുവിടർത്തി. തോന്നലല്ല. കൃത്യം പഴുപ്പെത്തിയ മാങ്ങയിൽനിന്ന് കശുവണ്ടി വേർപെടുത്തുമ്പോഴുണ്ടാവുന്ന മദിപ്പിക്കുന്ന മണം. ‘പ്ലക്ക് പ്ലക്ക്’ ശബ്ദം. മൊബൈലിന്റെ വെട്ടത്തിനൊപ്പം നഖത്തിലും വിരലിലും പറ്റിക്കിടന്നിരുന്ന മാങ്ങാക്കറയും തെളിഞ്ഞു. അവർ രണ്ടാം നിലയിലെ ജനലു തുറന്ന് താഴേക്ക് നോക്കി.
മുറ്റത്തിന്റെ മൂന്നോ നാലോ മീറ്റർ മാറിയുള്ള കോട്ടത്തിന്റെ മതിലുവരെ മാങ്ങയും കശുവണ്ടിയും പലയിടങ്ങളിലായി വേർപെട്ടത് കണ്ടു. സരോജിനിയമ്മ മതിലിലേക്ക് വെളിച്ചമടിച്ചു. പായല് പിടിച്ച ചുവരിൽ പഴച്ചാറ് നൂലുപോലെ പല നീളത്തിൽ ഒട്ടിക്കിടന്നു. മതിലിന്റെ മേലെ ഏറ്റവും അറ്റത്ത് ഒരു ചെമ്പോത്ത് കണ്ണ് ചുവപ്പിച്ച് പതുങ്ങി. തൊട്ടടുത്ത് കുത്തിയിരുന്നു, കറുത്ത് കുറിയ തൊണ്ടച്ചൻ.
“അമ്മേ” മിന്നലടിച്ച പോലെ അവർ പുറകോട്ട് പതിച്ചു. കടഞ്ഞെടുത്ത കട്ടിലിന്റെ കാലിൽ തലകൊണ്ടിടിച്ചു. വൺ വൺ, ടു ടു, ത്രീ, ത്രീ എന്ന് ശ്വാസത്തിന്റെ താളം ഇരട്ടിയായി.

സരോജിനിയമ്മ വിയർത്തു. ലോകം കറങ്ങി. തല തടവി നടുവുഴിഞ്ഞ് മുട്ടിലിഴഞ്ഞു ചെന്ന് ജനലിന്റെ താഴെ പാളിയിലൂടെ വീണ്ടും നോക്കി. കണ്ണ് അമർത്തി തിരുമ്മി.
ഇരുകാലിന്റെയും പെരുവിരലിൽ ഓരോ കശുമാങ്ങ വീതം ഇറുക്കിപ്പിടിച്ച് തൊണ്ടച്ചൻ മതിലിനുമുകളിൽ ബാലൻസ് ചെയ്തിരുന്നു. കശുവണ്ടി ഓരോന്നായി ദൂരേക്കെറിഞ്ഞ് മാങ്ങ ചാറൊലിപ്പിച്ച് വൃത്തിയില്ലാതെ തിന്നു.
“വായോ” തീറ്റ കഴിഞ്ഞ തൊണ്ടച്ചൻ മതിലീന്ന് പറമ്പിലേക്ക് ചാടി.
സരോജിനിയമ്മയുടെ ഉടൽ വിറച്ചു. തുറിച്ച രണ്ട് കണ്ണുകൾ മാത്രം താഴെ ജനൽക്കമ്പിയിൽ ഒട്ടിക്കിടന്നു.
തൊണ്ടച്ചൻ മുന്നിൽ നടന്നു. കോട്ടത്തിലേക്ക് കയറി. പിന്നിൽ അനുസരണയോടെ ഓരോരുത്തരായി തെളിഞ്ഞു.
ആദ്യം നാരായണി അച്ഛമ്മ. മൂന്ന് തലമുറയ്ക്ക് മുമ്പുള്ള മൂത്ത കാർണോത്തി. ആറാമത്തെ പ്രസവത്തിൽ മരിച്ചത്. ചില്ലിട്ടു വച്ച വരച്ച ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ളയാൾ.
തൊട്ടുപിന്നിൽ നാണുക്കുട്ടി അമ്മോൻ. തറവാട്ടിൽ ഏറ്റവും കൂടുതൽ ആയുസ്സിലിരുന്നയാൾ. നൂറ്റിനാല് വർഷം.
പിന്നെ പത്മനാഭൻ വല്യച്ഛൻ. കോട്ടത്തിന്റെ മതിലു കെട്ടാനൊക്കെ മുൻകൈയെടുത്തയാള്. അമ്പലം പുനരുദ്ധാരണം പൂർത്തിയാക്കാൻ നിന്നില്ല. അതിനുമുന്നേ പോയി.
പിന്നെ പാറു എളേമ്മ. ഏഴെട്ട് കൊല്ലം മുമ്പുള്ള തെയ്യത്തിന്റെ തിരക്കിൽ കാണാതായാള്. നാടുവിട്ടതാണെന്നും ഒളിച്ചോടിയതാണെന്നും പറഞ്ഞയാള്. കേസിപ്പോഴും നടക്കുന്നുണ്ട്.
ഏറ്റവും അവസാനം രണ്ട് എണങ്ങത്തിമാര്. പങ്കജേച്ചിയും സാവിത്രിയേച്ചിയും. ഒരാൾക്ക് കാൻസറ്. മറ്റേയാൾ ഒരു കാരണവുമില്ലാതെ വെറുതെ മരിച്ചയാള്.
സ്വർണപ്രശ്നത്തിൽ കാവിൽനിന്ന് വരവുപോക്കുണ്ടെന്ന് പറഞ്ഞ ഏഴുപേര്. അവർ ഒറ്റവരിയായി കോട്ടത്തിന്റെ നിഗൂഢമായ ആഴത്തിലേക്ക് തൊണ്ടച്ചന്റെ വഴിയേ നടന്നു.
“സരോയ്നിക്ക് ഒരു സ്വൈര്യം കൊടുക്കണ്ടേ തൊണ്ടച്ചാ?” പടർന്നുകിടക്കുന്ന ആഞ്ഞിലിയിൽനിന്ന് താഴേക്ക് തൂങ്ങിയ ഇത്തിളിനെ വകഞ്ഞ് ഒരു എണങ്ങത്തി ചോദിച്ചു.
“പാവം അയ്ന് തീറ്റീല്ല, ഒറക്കൂല്ല…” – രണ്ടാമത്തെ എണങ്ങത്തി പിന്താങ്ങി.
“രാവും പകലും ഒരു മുട്ടും ഇല്ലാണ്ട് തൊണ്ടച്ചനെ നോക്കുന്നോളല്ലേ. ഒരു നിവൃത്തിയിണ്ടാക്കിക്കൊടുക്കണ്ടേ?” നാണുക്കുട്ടി അമ്മോൻ.
തൊണ്ടച്ചൻ നിന്നു. ആറുപേരും നിന്നു.
പാതി കടിച്ച കശുമാങ്ങ തൊണ്ടച്ചൻ പറമ്പിലേക്കെറിഞ്ഞു. കൊത്തിയെടുത്ത ചെമ്പോത്ത് അത് ജനൽപടിയിൽ കൊണ്ടുവന്നിട്ടു.
“ഈന്റെ ചാറ് ഓന്റെ വയറ്റിലെത്തണം. ഒഴിഞ്ഞു പോയ്ക്കോളും കുഞ്ഞീ” തൊണ്ടച്ചൻ പറഞ്ഞു.
ഒരു നിമിഷം വരവു പോക്കുകാരെല്ലാം സരോജിനിയമ്മയെ തിരിഞ്ഞു നോക്കി.
അവർ ശ്വാസമറ്റ് നിന്നു. കണ്ണുകൾ കൂമ്പിയടഞ്ഞു.
പിറ്റേന്ന് പുലർച്ചെ തൊണ്ടച്ചനു നേദിച്ച കശുമാങ്ങ മൂന്നെണ്ണം പിഴിഞ്ഞ് സരോജിനിയമ്മ ചാറെടുത്ത് വച്ചു. കോരിക്കുളിച്ചതിന്റെ വിറയല് മാറാൻ കട്ടനിട്ട് കുടിച്ചു. പിന്നെ ഈറൻ മാറ്റി ആരുമറിയാതെയിറങ്ങി.
വഴിയിൽ പത്രക്കാരൻ കടന്നുപോയപ്പോൾ ഒരു മൂലയിലേക്ക് പതുങ്ങി. വീണ്ടും ഇരുട്ടിലേക്ക് നടന്നു. വഴി തെറ്റാതിരുന്നാൽ പത്തിരുപത് മിനിട്ട് ദൂരമേയുള്ളൂ പെരുവണ്ണാന്റെ വീട്ടിലേക്ക്. നാൽക്കവല കഴിഞ്ഞ് ഇടത്തോട്ടുള്ള ഇടവഴിയിലേക്ക് ടോർച്ചിന്റെ വെട്ടത്തിൽ കയറി.
വഴിയവസാനിക്കുന്നിടത്തെ വീട് കണ്ടപ്പോ തൊണ്ടച്ചന്റെ ചെമ്പോത്തിനെ ഓർമ വന്നു. ചോന്ന കണ്ണുപോലെ രണ്ട് സീറോ ബൾബിന്റെ ഇത്തിരിവെട്ടം. ഇരുട്ടിൽ ഒളിച്ചിരിക്കുന്ന പഴയ വീട് സരോജിനിയമ്മയ്ക്ക് നല്ല ധൈര്യം കൊടുത്തു.
വീട്ടുമുറ്റത്തെ കിണറിന് ആൾമറയില്ല. സമീപത്ത് പെരുവണ്ണാൻ കാലുരച്ച് കഴുകുന്ന ഒതുക്കുകല്ല്. ചേലങ്ങാട്ട് ഭഗവതിയുടെ കാൽത്തഴമ്പ് കഴുകിക്കളയുന്നിടത്ത് വഴുക്കിക്കൊണ്ട് സരോജിനിയമ്മ നടന്നു.

കിണറ്റിലേക്ക് പാളിനോക്കി. ആകാശവും നോക്കി. വെള്ളം കണ്ടു. പുലരുന്നതും കണ്ടു.
കയ്യിലെ കുപ്പി തുറന്നതും ചൂളംവിളി കേട്ടു.
“മധുരയ്ക്ക് പോകാതെടീ അങ്കെ മല്ലിപ്പൂ കണ്ണെ വെക്കും…”
പെരുവണ്ണാന്റെ ഏറ്റവും ഇളയോൻ ജനലിന്റെ മരയഴി പിടിച്ച് സരോജിനിയമ്മയെ നോക്കി ചിരിച്ചു. പിന്നെ അഴിക്കിടയിലൂടെ മുറ്റത്തേക്ക് ചൂളമിട്ട് നീട്ടി മുള്ളി.
” തഞ്ചാവൂർ പോഗാതെടീ തല ആട്ടാമ്മ ബൊമ്മ നിക്കും…”
മുറ്റത്തേക്ക് കാടു പോലെപടർന്ന ചെമ്പരത്തിച്ചെടികൾക്കിടയിൽ സരോജിനിയമ്മ ഒളിച്ചു. വൺ വൺ വൺ, ടു ടു ടു, ത്രീ, ത്രീ, ത്രീ എന്ന് ശ്വാസം മൂന്നിരട്ടിയായി.
കുപ്പി പൊട്ടി. കയ്യിൽ പൊടിഞ്ഞ ചോര കശുമാങ്ങാച്ചാറിനോട് കലർന്നു.
വീടിനു പുറത്തെ ലൈറ്റ് തെളിഞ്ഞു.
“തീർന്നല്ലോ തൊണ്ടച്ചാ!” അവർ കണ്ണിറുക്കിയടച്ച് സിമന്റിടാത്ത മുറ്റത്ത് ചുരുണ്ടു. ഉമ്മറത്ത് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മുന്താണി തലവഴിയിട്ട് പുറത്തേക്കോടി.
“മതി. ഇനി പതുക്കെ ശ്വാസം നോർമലാക്കാൻ നോക്ക്.” ഉണ്ണിമാഷ് തോളിൽ തട്ടി.
സരോജിനിയമ്മ കണ്ണു തുറിച്ച് ഉണ്ണിമാഷെ നോക്കി. കൃഷ്ണമണി ചത്തപോലെ ചലനമറ്റു. എന്തോ പറയാനാഞ്ഞു. ഉമിനീരിറക്കി. പിന്നെ നിശ്ചലയായി.
ശിഷ്യർ കൂടി.
രണ്ടുപേർ താങ്ങിപ്പിടിച്ച് കിടത്തി.
ഒരാൾ മുഖത്ത് വെള്ളം തളിച്ചു.
വേറൊരാൾ കാൽവെള്ള ശക്തിയായി തിരുമ്മി.
കുറച്ചുപേര് നെഞ്ച് പൊന്തുന്നത് കണ്ട് ജീവൻ പോയില്ലെന്ന് ഉറപ്പിച്ചു.
“ആരും പേടിക്കണ്ട. നിങ്ങളിങ്ങനെ കൂടി നിൽക്കല്ലേ…” ഉണ്ണിമാഷ് ശിഷ്യരെ നിയന്ത്രിച്ചു.
സരോജിനിയമ്മയുടെ ശരീരം കോച്ചിപ്പിടിച്ചു. തരിപ്പും വിറയലും കേറി.
“ദിവ്യാനുഭൂതി. സാകാരലോകത്തേക്കുള്ള തിരികെയാത്ര. ഗാഢമായ ധ്യാനത്തിൽനിന്ന് ഉണരുന്നതാണ്. ചെലോർക്ക് ഇങ്ങനൊക്കെയുണ്ടാവും.” ഉണ്ണി മാഷ് വിശദീകരിച്ചു.
സരോജിനിയമ്മ പതുക്കെ കണ്ണു തുറന്നു. എഴുന്നേറ്റിരുന്ന് ഒരു മൊന്ത വെള്ളം കുടുകുടാന്ന് കുടിച്ചു.
ക്ലാസ് മുഴുവൻ അവരെ അസൂയയോടെ നോക്കി.
നാല് ദിവസം ഒരേ കിടപ്പ് കിടന്നു. അത്രേം ദിവസം അനാഥനായിരുന്ന തൊണ്ടച്ചൻ ഒരേ നേദ്യച്ചോറു തന്നെ കഴിച്ച് ചടച്ചു.
അക്കൊല്ലത്തെ തെയ്യം കഴിഞ്ഞ് കണക്ക് ബോധിപ്പിക്കുന്ന മീറ്റിങ്ങിന് പോവാനോ “എനക്കറീന്നയല്ലേ ഓന്റെ കള്ളക്കണക്കെ”ന്ന് അടക്കം പറയാനോ കഴിഞ്ഞില്ല. ദിവസങ്ങളായി ശ്വസനവ്യായാമവും മുടങ്ങിയതിന്റെ ഏനക്കേടിൽ വെയിലും നോക്കി കിടക്കുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.
സരോജിനിയമ്മ തലമാത്രം പൊന്തിച്ച് ജനലിന് പുറത്തേക്ക് നോക്കി.
ചേലങ്ങാട് ഭഗവതിയുടെ മുടിയഴിച്ച കണ്ണൻ മുറ്റത്ത്. അയാൾ തിരിഞ്ഞുനോക്കി വിളിച്ചപ്പോൾ കൂടെവന്നവരും ഗെയിറ്റ് കടന്നു. കണ്ണന്റെ ചെക്കനുണ്ട്, ഭാര്യയുണ്ട്, ഇളയതുങ്ങളുണ്ട്, വേറെ രണ്ട് സ്‌ത്രീകളും.
സരോജിനിയമ്മ ഒരു നിമിഷം നിരായുധയായിരുന്നു. പിന്നെ തിരക്കിട്ട് എഴുന്നേറ്റു. സാരി ശരിയാക്കി. കണ്ണാടി നോക്കി മുടി കോതിവച്ചു. പൊട്ടെടുത്ത് തൊട്ടു.
അടുക്കളയിൽ ചെന്ന് പാത്രത്തിൽ പലഹാരങ്ങൾ എടുത്തുവെച്ചു.
പിന്നാമ്പുറത്തുകൂടെ പുറത്തിറങ്ങി. തൊണ്ടച്ചന്റെ മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു.
“നെറച്ച് തിന്നോ” പലഹാരപ്പാത്രം തൊണ്ടച്ചന്റെ മുന്നിലേക്ക് വച്ചു.
പിന്നെ നിലത്ത് പടിഞ്ഞിരുന്ന് പുതിയ തിരിയുണ്ടാക്കാൻ മുണ്ടെടുത്തു.
മുറ്റത്ത് ആളനക്കം കേട്ടു. അവർ എഴുന്നേറ്റു ചെന്ന് താക്കോൽ പഴുതിലൂടെ കുനിഞ്ഞുനോക്കി. വേപ്പുമരത്തിന്റെ മുന്നിൽ കണ്ണനും കുടുംബവും ഒരു ചെമ്പോത്തും.
“ഉപ്പൻ കരഞ്ഞാ നല്ലതാ. നല്ല സമയം” – വന്ന കൂട്ടത്തിലൊരാൾ പറഞ്ഞു. പെരുവണ്ണാൻ ഉമ്മറത്തേക്ക് കയറി വാതിലിൽ മുട്ടി.
അടച്ചിട്ട കുഞ്ഞുമുറിയിൽ സരോജിനിയമ്മയുടെ ചൂടുശ്വാസം നിറഞ്ഞു.
“നന്ദിയില്ലാത്തോനേ” അവർ പലഹാരപ്പാത്രം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു. ചില്ലുപാത്രം തൊണ്ടച്ചന്റെ മേലെ വീണ് നൂറു കഷ്ണisങ്ങളായി.