/indian-express-malayalam/media/media_files/2025/06/27/shabitha-story-puzhup-fi-2025-06-27-17-31-07.jpg)
ചിത്രീകരണം: വിഷ്ണു റാം
കോലായിലും ചെരുവിൻ്റകത്തും ഒരു തിക്കുംതിരക്കുമില്ലാതെ അരിച്ചരിച്ചുനടക്കുന്ന ഓലപ്രമാണികളെ* ഈര്‍ക്കില്‍ച്ചൂലുകൊണ്ട് അടിച്ചുകൂട്ടുമ്പോഴാണ് സുധാകരന്‍ സാറ് ഉമ്മറത്ത് നില്‍ക്കുന്നത് ബാബു കണ്ടത്. വന്നുകയറിയിട്ടേയുള്ളൂവെന്ന് സാറിന്റെ കിതപ്പ് പറഞ്ഞു.
"നെറയേ ഓട്ടെരുമയാണല്ലോ ബാബു" മലയിലേക്ക് വെളിച്ചം പരത്താന്‍ നേരം മടിക്കുന്നതും നോക്കിക്കൊണ്ട് സാറ് കോലായിലേക്ക് കയറി ഇരുന്നു. സാറിന് ബാബുവും ബാബുവിന് സാറും മുഖം കൊടുത്തില്ല.
"ഞാളിതിനെ ഓലപ്രമാണിന്നാണ് പറയ്യ. നെങ്ങക്ക് ഓട്ടെരുമ്യാല്ലേ" ബാബു ഓലപ്രമാണികളുമായി തിരക്കിലാണെന്ന് ഭാവിച്ചു.
അടിച്ചുകൂട്ടുംതോറും നാലുവഴിക്ക് നീങ്ങിനടക്കുന്ന പ്രമാണികളില്‍ അഞ്ചാറെണ്ണത്തിന്റെ തലയ്ക്ക് സുധാകരന്‍ സാറ് ഹവായ്‌ച്ചെരിപ്പ് പതുക്കെയമര്‍ത്തി. ഈ വരവ് തനിക്ക് മനസ്സാപിടിച്ചില്ലെന്നത് മുഖം വിളിച്ചുപറയാതിരിക്കാനായി ബാബു അയാളുടെ ചെരിപ്പിലേക്ക് തന്നെ നോക്കിനിന്നു.
"കാല് മൂടുന്ന ചെരിപ്പിടാതെ മല കേറരുതെന്ന് സാറെന്ന്യാണ് മ്മളോട് പറയല്. ആ കുരുട്ടെടേന്റെ എടോം വലോം ആരൊക്കെയുണ്ടെന്ന് പറഞ്ഞാല്‍ തീരൂല. ഇന്നാളൊരു സാധനം ദാ ഇമ്മുറ്റത്തൂടെ കൂളായിട്ടൊരു പോക്ക്. കോടാച്ചി മഴേം നോക്കി ഞാനും ചെറിയോളും ബെഞ്ചുമ്മല്‍ കുത്തിരിക്കുന്നുണ്ട്. ഒരു കാക്ക മഴയൊന്നും മൈന്‍ഡ് ചെയ്യാതെ താണും പൊന്തീം പറന്ന് പെറകേ കൂടി തൊല്ലയാക്കുന്നത് ചെറിയോളാണ് കാണിച്ചുതന്നത്. എര മിണുങ്ങിയ ചേര പോകുന്നപോലെ ഒരു തിടുക്കോമില്ലാതെ ആളങ്ങനെ പോകുന്നു. പോയിട്ടും പോയിട്ടും ഇതിന്റെ നീളം തീരുന്നില്ലല്ലോ എന്നും വിചാരിച്ചിരിക്കുമ്പോളാണ് പള്ളേന്ന് കുടല് മറഞ്ഞത്. അള്ള! ഇത് രാജവെമ്പാലയാണല്ലോന്ന്. ചെറിയോളേക്കാള്‍ പേടിച്ചുതുള്ളിപ്പോയത് ഞാനാണ്. മൂന്നാലുദെവസം അത് താഴേന്നും മോളിന്നും തിരിഞ്ഞുകളിച്ചിട്ടുണ്ടായിരുന്നു. റബ്ബറ് വെട്ടുന്ന രാജു രാവിലെ പോകുമ്പോള്‍ താഴത്തെ റോഡുമ്മന്ന് അത് ക്രോസ് ചെയ്യുന്നത് കണ്ട വെപ്രാളത്തില്‍ ബൈക്കുമ്മന്ന് മറിഞ്ഞുകെട്ടി വീണ് പതമായി കെടക്കുകയാണ്."
ബാബു സാറിനുനേരെ നിവര്‍ന്നുനിന്നു.
"അത് അതിന്റെ വഴിക്ക് പോയിട്ടുണ്ടാവെടോ..." സാറ് കാലുകള്‍ പതുക്കെ ബെഞ്ചിലേക്ക് കയറ്റിവെച്ചു. അയാള്‍ ചെരിപ്പഴിക്കാത്തതില്‍ ബാബുവിന് എന്തോ തോന്നി.
"പത്തും പതിനാറും വട്ടം വിളിച്ചിട്ട് ഫോണെടുത്തില്ലേല്‍ പിന്നെ മല കേറാണ്ടിരിക്കാന്‍ പറ്റ്വോ ബാബൂ. ആരൊക്കെ ഇട്ടേച്ചുപോയാലും നെനക്കും എനിക്കും അതു പറ്റൂലല്ലോ."
നെനക്കും എനിക്കും എന്ന പ്രയോഗത്തിലൂടെ സാറ് ഭംഗിയായി തലയില്‍ വെച്ചുതന്ന കനംകൊണ്ട് ബാബു ബെഞ്ചിന്റെ അറ്റത്ത് ഇരുന്നു.
"ചെറിയോള് പത്താംക്ലാസാണ്. രാവിലെ ഞാന്‍ വിളിച്ചില്ലേല്‍ എണീക്കൂല. വൈകുന്നേരം ഞാന്‍ എത്തീല്ലേല്‍ പുസ്തകം തൊറക്കൂല. ആ പണ്ടാരം പിടിച്ച ഫോണില്‍ തോണ്ടിമാന്തിക്കൊണ്ടേയിരിക്കും. പൊരേലെ മൂപ്പത്തി പറഞ്ഞുപറഞ്ഞ് കൈയൊഴിഞ്ഞതാണ്. ഞാങ്കൊറച്ച് ഒച്ചപ്പാടും ബഹളോം ഒണ്ടാക്കേം കൊറേ സ്നേഹിച്ചും താണുംകേണും ഒരുജാതിക്കൂടി പുസ്തകത്തിന്റെ മുമ്പില് ഇരുത്തുന്നതാന്ന്. വല്യ സൗകര്യൊന്നുല്ലേലും എന്തേലും നാലക്ഷരം പഠിച്ച് അവനാന്റെ അരിക്കായാല്‍ അതൊരു സമാധാനല്ലേ"
"നിന്നെയല്ലാതെ വേറാരേം വിളിക്കാനില്ല ബാബൂ. അല്ല, വേറാരും അടുക്കാമ്പോകൂല എന്നെന്നേക്കാള്‍ നെനക്കറിയാല്ലോ."
"മൂപ്പത്ത്യാര്...?"
"അവര് മക്കള്‍ക്കൊപ്പം പോയിട്ട് മാസത്രെയായി. ഇട്ടേച്ച് പോയതൊന്നുമല്ലാട്ടോ. ഷണ്‍മുഖന്‍ സാറ് ഉന്തിത്തള്ളി പറഞ്ഞയച്ചതാണ്. ഇങ്ങനായിപ്പോയതോണ്ടാണ്. അല്ലേല്‍ സാറിനേം മക്കള് പുഷ്പകവിമാനത്തില്‍ കൊണ്ടോയിട്ടുണ്ടാവും. നെനക്കോര്‍മ്മണ്ടോ സാറ് തിന്നാനിരിക്കുമ്പം ഉരുളയ്ക്ക് അടിയുണ്ടാക്കുന്ന ആ മൂന്നു തക്കുടുമക്കളെ."
"പിന്നെല്ലാണ്ടോ...ഞാന്‍ ചെന്നാല്‍ ഓരോന്നും വന്ന് കഴുത്തിലേക്കാണ് വലിഞ്ഞുകേറുക. ജിറാഫ് സവാരി എന്നും പറഞ്ഞ് മുടിയില്‍ മുറുക്കിപ്പിടിച്ച് ഇരുന്നാല്‍പ്പിന്നെ നമ്മള് പെട്ടു. ഈ മൂന്നെണ്ണത്തിനേം കഴുത്തില്‍പ്പേറി ഓരോ റൗണ്ട് പൊരയ്ക്കും ചുറ്റും നടന്നില്ലേല്‍ പിന്നെ പുകിലാണ്. ഒന്നിനെയെങ്ങാനും ച്ചിരി അധികം ചുമന്നുപോയാല്‍ ബാക്കി രണ്ടും കൂടി പള്ളേലെ പിത്തം ഛര്‍ദ്ദിപ്പിക്കുന്ന ഇടി തരും. ഷണ്‍മുഖന്‍ സാറിന്റെ കുടുംബം കണ്ട് ഞാനൊക്കെ എന്തോരം കൊതിച്ചതാ... സാറ് ചേച്ചീനോട് എടപെടുന്ന രീതി കണ്ടാണ് ഞാനൊക്കെ ഇവിട്‌ത്തെ മൂപ്പത്ത്യാരോട് ച്ചിരി ലൈറ്റായത്."
"എന്നിട്ടാന്നോ ബാബൂ നീയെന്റെ ഫോണേടുക്കാഞ്ഞെ? മനുഷ്യര് ഇത്രേം പെട്ടെന്ന് മറന്നുപോകുന്നേന് ആരേം കുറ്റം പറയാനൊക്കില്ല."
സുധാകരന്‍ സാറിന് വന്നകാര്യത്തിലേക്ക് കടക്കാനുള്ള ധൃതിയും ആ കാര്യത്തോട് മൂക്കുകയറിടാത്ത പശുവിനെപ്പോലെയുള്ള ബാബുവിന്റെ നില്‍പും തമ്മില്‍ എപ്പോള്‍ പൊരുത്തപ്പെടാനാണ്?
"ചെറിയോള്‍ക്ക് പരീക്ഷയില്ലേല്‍ സാറിൻ്റെ ഒറ്റ വിളീല്‍ ഞാനെത്തൂലേ... ഞാനങ്ങനെ എപ്പളേലും ചെയ്യാണ്ടിരുന്നിട്ടുണ്ടോ?"
ബാബു കൈയ്യൊഴിയുക തന്നെയാണെന്ന് മനസ്സിലാവാത്തമട്ടില്‍ സാറ് ശബ്ദത്തില്‍ പതം വരുത്തി "നെനക്ക് മടുപ്പില്ലല്ലോ. അതുകേട്ടാമതി. ബാബൂ. നിന്നെയേ ആശ്രയിക്കാനുള്ളൂ." ബെഞ്ചില്‍ കയറ്റിവെച്ച കാലുകള്‍ ഇളക്കിയപ്പോള്‍ അയാള്‍ക്കുചുറ്റും കൊതുകുകള്‍ പറന്നു.
"ഞാന്‍ വണ്ടി താഴെ നിര്‍ത്തീട്ട്ണ്ട്. നീ കുപ്പായൊക്കെ എട്ത്തിട്ട് വാ. പൈസേന്റം പണീന്റെം കാര്യത്തിലൊന്നും ബേജാറ് വേണ്ട. സാറിന്റെ കുട്ടികള്‍ക്ക് അക്കൗണ്ട് നമ്പറ് അയച്ചുകൊട്‌ക്കേ വേണ്ടൂ. ആളെണ്ണം നോക്കാതെ അവര് പൈസയിടും. അതൊക്കെ ഞാന്‍ നോക്കിച്ചെയ്യിക്കും. മൂന്നുമാസത്തേത് മുന്‍കൂറായി അയപ്പിക്കാം. ആള് മൂന്നുമാസമൊന്നും തെകയ്ക്കൂലെടോ."
രാവുംപകലും പുലിയും നരിയും മാറിനില്‍ക്കും സുധാകരന്‍ സാറ് ഒരാളെ ബന്തവസ്സാക്കാന്‍ തീരുമാനിച്ചാല്‍, ആ ചിരിയോടെ സാറ് ബാബുവിനെ നോക്കി.
ബാബു ബെഞ്ചില്‍ത്തന്നെ ഇരുന്നു. അടിച്ചുകൂട്ടിയ ഓലപ്രമാണികളെല്ലാം പലവഴിക്ക് അരിച്ചരിച്ചുപോയി ചുവരില്‍ക്കയറി, ജനാലയില്‍ കയറി, അട്ടത്തു കയറി പിടിത്തം വിട്ട് താഴെ വീണു.
/filters:format(webp)/indian-express-malayalam/media/media_files/2025/06/27/shabitha-story-puzhupp-1-2025-06-27-21-33-09.jpg)
നൈറ്റിക്കടിയില്‍ ബ്രായിടാന്‍ മടിച്ച് മാറത്ത് തോര്‍ത്തുമുണ്ടിട്ട് ബാബുവിന്റെ ഭാര്യ സാറിന് ഒരു ഗ്ലാസ് പാല്‍ച്ചായയും ഒരു പ്ലേറ്റില്‍ രണ്ട് കുമ്പിളപ്പവും കൊണ്ടുവെച്ചു. സാറ് കുമ്പിളപ്പത്തിന്റെ ഇലയഴിച്ചു കടിച്ചു.
"പ്ലാവിലയാന്നോ?"
"എലമങ്ങ് മൂപ്പര്‍ക്കിഷ്ടല്ല. കള്ളു കമത്തുന്നോര്‍ക്ക് അതിന്റെ ചൊവ പിടിക്കൂല്ല" അവള്‍ പറയാതെ പറഞ്ഞ പരാതിയെ ഗൗരവമായെടുക്കുന്ന മട്ടില്‍ സാറ് തലയാട്ടി.
"വെട്ടിയാല്‍ മുറിയാത്ത ചായയാണല്ലോ. ഇതുപോലൊരു ചായ മതി മനുഷ്യന് ഒരു ദെവസം മുഴുവന്‍ ഓടാനുള്ള ഊര്‍ജം കിട്ടാന്‍" സാറ് അവള്‍ക്കുനേരെ കണ്ണുകള്‍ വിടര്‍ത്തി.
"ഞാന്‍ പാലിലേക്കാണ് പൊടിയും പഞ്ചാരേമിടുക. ഇവിടത്തെ അമ്മ പൊടിയിട്ട വെള്ളത്തിലേക്കായിരുന്നു പാലൊഴിക്കുക. എറയത്തെ വെള്ളം പോലുണ്ടാകും ചായ" തോര്‍ത്ത് നേരെയാക്കിക്കൊണ്ട് തന്റെ ചായരഹസ്യം അവള്‍ വെളിച്ചത്താക്കി.
ചായ ഒരു കവിള്‍ കൂടി കുടിച്ച് അസ്സലെന്ന് സാറ് പിന്നേം ആംഗ്യം കാണിച്ചു. ഇതൊക്കെയെന്ത് എന്ന മട്ടില്‍ ഭാര്യ അവിടത്തന്നെ നിന്നു. ചവിട്ടടി ശബ്ദം ഭാര്യയെ കേള്‍പ്പിച്ചുകൊണ്ട് ബാബു അകത്തേക്കുപോയി.
സാറ് രണ്ടാമത്തെ കുമ്പിളപ്പവും തിന്നു. മൂന്നാമതൊരെണ്ണം കൂടി കൊടുത്താല്‍ തിന്നുമായിരിക്കും. പക്ഷേ അവള്‍ പ്ലേറ്റിലേക്ക് നോക്കിയിട്ടേയില്ല എന്ന മട്ടില്‍ നിന്നു. മാവ് കുഴച്ചുണ്ടാക്കി പ്ലാവില കോട്ടി തേങ്ങേം ശര്‍ക്കരേം ഏലക്കേം ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കണേല്‍ ചില്ലറപാടല്ല. ഇതിട്ടാല്‍ ഒരു പാത്രം വേവിച്ചുവെച്ചാമതി, ചെറിയോള് സ്‌കൂള്‍ വിട്ടു വന്നാല്‍ മിണ്ടാതങ്ങ് എടുത്ത് തിന്നോളും. രാത്രിയില്‍ പിന്നെ അല്‍ഫാമിനും മന്തിക്കും ബ്രോസ്റ്റഡിനുമൊക്കെയുള്ള യുദ്ധം അച്ഛനും മോളുമായിക്കോളും.
ബാബു ഒരു കവറില്‍ അത്യാവശ്യമുള്ളതെല്ലാമെടുത്ത് കോലായിലേക്ക് വന്നു. അവന്‍ അകത്തുനിന്നും ചായയും അഞ്ചാറ് കുമ്പിളപ്പവും കഴിച്ചെന്ന് സാറിന് മനസ്സിലായി.
"സാറൊന്ന് ചെറിയോളോട് നന്നായി പഠിക്കാന്‍ പറയണം. മ്മക്ക് വേറാരുമില്ലല്ലോ പറയാനും ഉപദേശിക്കാനൊന്നും..." ഷര്‍ട്ടിന്റെ കുടുക്കിടുന്നതിനിടയില്‍ ബാബു പതുക്കെ അടുത്തുചെന്ന് പറഞ്ഞതും സാറ് പെട്ടെന്നുതന്നെ അകത്തേക്ക് കയറിച്ചെന്നു.
ചെരിപ്പഴിക്കാതെ അകത്തുകയറിയത് ഇഷ്ടമില്ലാതെ ഭാര്യ ബാബുവിനെ ഒരു നോട്ടം നോക്കി. പിന്നാലെ ബാബുവും ചെന്നു.
''കുട്ട്യേ...!'' പെണ്‍കുട്ടി പിടച്ചെണീറ്റു.
''അച്ഛന്‍ യൂണിഫോമിടാത്ത പൊലീസാ, ഞാളേക്കാള്‍ വല്യ ആളാന്ന്. നന്നായി പഠിച്ചില്ലേല്‍ സ്റ്റേഷനില്‍ കൊണ്ടിരുത്തും ഞാന്‍... പറഞ്ഞേക്കാം. സ്‌കൂൾ വിട്ട് കണ്ടടം നടക്കുന്നതെങ്ങാനും കണ്ണില്‍പ്പെട്ടാല്‍ ശരിയാക്കിക്കളയും.''
പോരേ എന്ന മട്ടില്‍ സുധാകരന്‍ സാറ് ഘനഗാംഭീര്യത്തോടെ ബാബുവിനെയും ഭാര്യയെയും നോക്കി. മകളുടെ മുഖം കണ്ടപ്പോള്‍ ഇയാളോട് ഒന്നും പറയണ്ടായിരുന്നു എന്നു തോന്നിപ്പോയി ബാബുവിന്. ഭാര്യയും ബാബുവിനോട് മുഖം കൂര്‍പ്പിച്ചു.
അകത്തെ കുമ്മിയ മണം താങ്ങാനാവാതെ കോലായിലേക്ക് രക്ഷപെടുന്ന തിരക്കില്‍ സാറതൊന്നും കണ്ടില്ല. ചെരിപ്പിട്ടിറങ്ങിയ ബാബു അതഴിച്ചുവെച്ച് അകത്തേക്ക് പിന്നേം പോയി. സാറ് ക്ഷമ കെട്ട് തിരിഞ്ഞുനോക്കി.
"ചെറിയോള് കണക്ക് വരയ്ക്കുന്ന ബോക്സും സ്‌കെയിലും ചോദിച്ചുനോക്കട്ടെ"
അകത്തുനിന്നും അച്ഛന്റെ കേണുപറച്ചിലും മകളുടെ പ്രതിഷേധവും പുറത്തേക്ക് തെറിച്ചു. ബാബു പുറത്തേക്ക് വന്ന് സാറിന്റെയടുക്കലെത്തി.
''ഒരു നൂറുര്‍പ്യ എടുക്കാനുണ്ടോ? കൊണ്ടുപോയ ബോക്സൊന്നും ഞാന്‍ തിരിച്ചുകൊടുക്കലില്ല. അതിന്റെ സ്ഥിതി മ്മക്കറിയാലോ. അത് കൊടുക്കാന്‍ ഒരു തന്തയ്ക്കും തോന്നൂല്ലല്ലോ. പുതിയ ബോക്സിന് പൈസ കൊടുത്താലേ ഇതു തരുള്ളൂന്നാണ് ചെറിയോള് പറേന്നത്. പത്താം ക്ലാസല്ലേ. കണക്കുമുഴുവന്‍ വരയ്ക്കാനും ശാപം വെട്ടാനും തന്ന്യാണ് പോലും"
ശാപം വെട്ടല്‍! സാറ് മിണ്ടാതെ നൂറുരൂപ എടുത്തുകൊടുത്തു. ബാബു തീരേ മിണ്ടാതെ അകത്തുപോയി അതുകൊടുത്തു. നൂറുര്‍പ്യയെപ്പറ്റി ഇനി ചോദ്യവും പറച്ചിലുമൊന്നുമുണ്ടാകില്ലെന്ന് രണ്ടുപേര്‍ക്കും പരസ്പരമറിയാവുന്ന ചരിത്രമായതുകൊണ്ട് നോട്ടാണോ, ചില്ലറയാണോ, തെകച്ചുമില്ലേ എന്നൊന്നും ആകുലപ്പെടേണ്ടതില്ല.
"കുത്തനെയിറങ്ങുമ്പോള്‍ കാലിന്റെ മീമ്പള്ളയ്‌ക്കൊരു വള്ളിപ്പിടിത്തമാണ്. ഓരോ ദിവസോം അങ്ങനേയങ്ങ് കയ്ച്ചിലാവുന്നേയുള്ളൂ ബാബൂ." നൂറുര്‍പ്യ തന്റെ മനസ്സിലില്ല എന്നു ബാബു കരുതിക്കോട്ടെ എന്നു കരുതി സാറ് പറഞ്ഞു. കുരുട്ടെടയുടെ ഇരുവശത്തുമുള്ള വള്ളിയും ചെടിയും പിടിച്ച് അയാള്‍ പതുക്കെ ഇറങ്ങുന്നതും നോക്കി ബാബു പിന്നാലെ നടന്നു.
"ആ മതിലിലൊന്നും കൈവെക്കണ്ട. ഇന്നാളൊരു വളതളപ്പനേം കൊണ്ടാണ് മൂപ്പത്ത്യാര് പുല്ല് തലേല്‍ വെച്ചുകയറിപ്പോന്നത്. കടിപറ്റിയാല്‍ വളയൂരാനും കൂടി നേരണ്ടാവൂല" ഇനിമേലില്‍ ഇയാള് മലകയറാന്‍ മെനക്കെടരുതെന്ന് നിര്‍ബന്ധമുള്ളതുപോലെയാണ് ബാബു പറഞ്ഞത്.
"അതിനാര്‍ക്കാണ് അന്നേരത്ത് വളയൂരാന്‍ തിടുക്കം ബാബൂ..."
"വെഷത്തിന്റെ വേഗം പറഞ്ഞതാണ് സാറേ. ഇങ്ങളാ കൈയെടുത്താളി. പോരാത്തതിന് ഹവായ്‌ച്ചെരിപ്പും"
"നീയെന്തിനാടോ ഈ ഭൂമിന്റെ മണ്ടേല്‍ത്തന്നെ പ്രതിഷ്ഠപോലെ ഇരുന്നുകളഞ്ഞത്? നെനക്ക് താഴോട്ടെങ്ങാനും എറങ്ങരുതോ? ആ കുട്ട്യളെ സമ്മതിക്കണം."
"താഴേക്കെറങ്ങിയാല്‍ ഇജ്ജാതി തൊല്ലകള് കൂട്വല്ലേളളൂ. ഇതിപ്പോ തീരേനിവൃത്തില്ലാണ്ടാവുമ്പോ നിങ്ങള് വന്നെങ്കിലായി" ബാബു പറഞ്ഞുപോയി.
"ഷണ്‍മുഖന്‍ സാറ് നെനക്ക് തൊല്ലയായില്ലേ?" സാറ് ബാബുവിനെ തിരിഞ്ഞുനോക്കി കുറച്ചുനേരം നിന്നു.
"ഞാനങ്ങനെ പറഞ്ഞതല്ലെന്ന് സാറിന് നന്നായി അറിയാല്ലോ."
സുധാകരന്‍ സാറ് ഒന്നും മിണ്ടാതെ നടന്നു. ബലത്തിനായി അയാള്‍ക്ക് ഒരു പുല്ലെങ്കിലും ഒന്നുപിടിക്കണമായിരുന്നു. ബാബുവിനെ ധിക്കരിച്ചുവെന്നെങ്ങാനും അവന്‍ ചിന്തിച്ചാലോ എന്നുകരുതി പതുക്കെ ഇറങ്ങി.
"ഞാന്‍ വിചാരിച്ചു ഇവിടൊക്കെ റോഡായിട്ടുണ്ടാവുമെന്ന്. നെന്റെ കുട്ട്യോളെ കെട്ടാന്‍ വരുന്നോന് ഹെലികോപ്ടറ് തന്നെ വേണ്ടിവര്വല്ലോടോ."
"ഷണ്‍മുഖന്‍ സാറിന്റെ മക്കളോടാരോടെങ്കിലും പറഞ്ഞാല്‍ മൂത്തോള്‍ക്ക് ഒരു വിസ ശരിയാക്കിക്കിട്ട്വോ? നഴ്സിങ് അടുത്തമാസം കഴിയും." നിരതെറ്റിയിട്ട ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചുനേരെയാക്കിക്കൊണ്ട് ബാബു ചോദിച്ചു.
"അതൊക്കെ സാധ്യതണ്ടാവും. നമ്മക്കുണ്ടാക്കാം. നിയ്യ് സാറിന്റെടുത്ത് നില്‍ക്കുന്ന ഫോട്ടോയും വീഡിയോയും ഞാന്‍ എടുത്ത് ചേച്ചിക്ക് അയച്ചുകൊടുക്കുന്നുണ്ട്. ചേച്ചി ഇന്നു പൊലര്‍ച്ചെ വിളിച്ച് കരഞ്ഞ കരച്ചില്‍ കേട്ടാല്‍... പൊന്നു ബാബൂ... പണ്ടാരോ പറഞ്ഞമാതിരിയാണ്. അതാണ് ഞാന്‍ നേരം വെളുക്കാന്‍ കൂട്ടാക്കാതെ തന്നെ നിന്നെ പിടിച്ചപിടിയാലേ കൊണ്ടുപോകുന്നത്."
"പണ്ടാരോ പറഞ്ഞമാതിരി!" ബാബു ആവര്‍ത്തിച്ചു.
"പഴേ തുണിയൊക്കെ അവിടത്തന്നെ ഉണ്ടാവല്ലോ ല്ലേ? അതൊന്നും ഞാനെടുത്തില്ലേ"
"നെന്റെ ടൂള്‍സൊക്കെ കയ്യിലുണ്ടല്ലോ. അതുമതി" സുധാകരന്‍ സാറ് ബാബുവിന്റെ സഞ്ചിയിലെ ഇന്‍സ്ട്രുമെന്റ് ബോക്സിലേക്ക് നോക്കി. ശാപം വെട്ടല്‍!
ബാബുവിനും കാലിലൊരു വള്ളിപ്പിടിത്തം തോന്നി. മനസ്സില്ലാമനസ്സോടെ ഇറങ്ങുന്നതുകൊണ്ടാണ്. അല്ലാതെ ദിവസം നാലുവട്ടം കയറിയിറങ്ങുന്നതാണ്. എല്ലാവരും പറയും കയറ്റം കയറ്റമെന്ന്. ബാബുവിനും ഭാര്യക്കും മക്കള്‍ക്കും അതൊരു കയറ്റമേയല്ല. റോഡ് വെട്ടിയാലേ പുര വാര്‍ക്കാന്‍ കമ്പിയും മെറ്റലും സിമന്റുമായി ലോറി വരുള്ളൂ. റോഡ് വെട്ടണേല്‍ വലത്തുനിന്നും ഇടത്തുനിന്നും ഇച്ചിരി സെന്റ് വീതം കിട്ടണം. രണ്ടുകൂട്ടരും തരില്ല. ഒരാള്‍ക്ക് ഗുളികന്‍തറയുണ്ട്, മറ്റേയാള്‍ക്ക് ഒരു വരി റബ്ബറ് അങ്ങനേ പോകും. കലക്ടര്‍ക്ക് പരാതികൊടുക്കാന്‍ എഴുതിത്തന്നത് സുധാകരന്‍ സാറാണ്. സാറിന് പരാതിഭാഷ നല്ല വശമാണ്.
"കലക്ടറ് ഓര്‍ഡറിട്ടോ?" സാറിന് പരാതി ഓര്‍മ വന്നു.
"ഇല്ല സാറേ. പക്ഷേ എന്തൊക്കെയോ അനക്കം സംഭവിച്ച മട്ടുണ്ട്. വില്ലേജാപ്പീസറും സര്‍വേയറും കൂടി എടോംവലോം അളന്നൊക്കെ പോയിട്ടുണ്ട്. കടലാസ് വന്നാലേ അറിയുള്ളൂ. അല്ലാണ്ട് മ്മളോടാരും പറയൂലല്ലോ. മെമ്പറ് പെണ്ണ് മറ്റേ സൈഡാണെന്ന്."
"ആരൊക്കെ ഏതൊക്കെ സൈഡായാലും കലക്ടര്‍ ഓര്‍ഡറിട്ടാല്‍ ജെ.സി.ബി വരും, എടോംവലോം മാന്തും. ടിപ്പറ് കേറി നെരങ്ങും. മണ്ണമരും. റോഡ് തെളിയും. ബാബൂന്റെ പൊര വാര്‍പ്പാകും."
ബാബു ചിരിച്ചു. സുധാകരന്‍ സാറ് തികഞ്ഞ ഭാവത്തോടെ തിരിഞ്ഞുനോക്കി. ആ ചിരിയും കൊണ്ടാണ് സുധാകരന്‍ സാറും ബാബുവും ഷണ്‍മുഖന്‍ സാറിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്.
ബാബുവിനെകണ്ട ഷണ്‍മുഖന്‍ സാറ് ചിരിച്ചില്ല. ബാബു മുറിയാകെ നോക്കി. നാരങ്ങാപ്പുല്ല് ഇപ്പോ വാറ്റിയെടുത്തത് ഒഴിച്ചുതുടച്ച മണം. മുറിയാകെ അന്തസ്സായി ഒതുക്കത്തിലും അടക്കത്തിലും നില്‍ക്കുന്നു. മേശപ്പുറത്ത് ബനിയനുകളെല്ലാം ഒരു വശത്ത്, മുണ്ട് തൊട്ടടുത്ത്, തിരുമ്പിയുണക്കി ചിരട്ടക്കഷ്ണംപോലാക്കിയ കൈത്തുണികള്‍ ഒരു പെട്ടിയില്‍ അട്ടിക്കട്ടി വെച്ചിട്ടുണ്ട്. ബാബു മുറിക്കുപുറത്തേക്ക് കണ്ണുകള്‍ പായിച്ചു. ഒരു പെണ്ണ് ആയിരംകാലിയായി ഓടിനടന്നാലും ഇത്ര വെടിപ്പിലായിക്കിട്ടില്ല. മുറ്റത്ത് ഒരു മുത്തങ്ങാപ്പുല്ലുപോലുമില്ല.
"ഇവിടാരാ സാറിനെ സഹായിക്കാന്‍?"
"ദെവസോം രാവിലെ ഒരു ടീം വരും. നാലഞ്ചാളുകളുണ്ട്. മുപ്പത് കെയാണ് മാസാമാസം. അത് കൊടുത്താലെന്താ, സാറിനെ കണ്ടാല്‍ കല്യാണത്തിന് ഒരുക്കിയപോലില്ലേ?"
മുപ്പത് കെയെന്താണെന്ന് ബാബുവിന് പിടികിട്ടിയില്ലെങ്കിലും പതിനായിരങ്ങളാണെന്ന് സുധാകരന്‍ സാറിന്റെ എക്സ്പ്രഷന്‍ പറയുന്നുണ്ടായിരുന്നു.
"ആറുമണിക്ക് ടീമെത്തും. ജനലും വാതിലും മുറ്റോം അടുക്കളേം കുളിമുറീം കക്കൂസും നിയ്യി പറയണ്ട, കളിമണ്‍ പ്രതിമവരെ തുടച്ചുവൃത്തിയാക്കും. ഒരു കുപ്പി ഡെറ്റോളിട്ട് ചെറുചൂടുവെള്ളമൊഴിച്ച് ബാത്ടബ് പോലൊന്നിലേക്ക് കിടക്കുന്ന വിരിയോടെ പൊക്കി സാറിനെ കിടത്തും. നനഞ്ഞാലല്ലേ വിരി അടര്‍ന്ന് കിട്ടുള്ളൂ. എത്രനേരം അങ്ങനേ വെള്ളത്തില്‍ കുതിര്‍ത്തിട്ടാലും സാറ് മിണ്ടാതെ കിടന്നോളും. എന്നാലും ബാബൂ, ഈ സാധനം പുറത്തേക്ക് വരണ്ടേ? അകത്തുന്ന് നൊരച്ച് കളിക്കുമ്പം സാറിന് കണ്‍ട്രോള് കയ്യീന്നുപോകാണ്. കണ്ടുനിക്കാമ്പറ്റൂല"
ബാബു സാറിനെ നോക്കി. പിന്നെ ഒരു കസേരയെടുത്തിട്ട് അടുത്തിരുന്നു. ഷണ്‍മുഖന്‍ സാറിന്റ മുമ്പില്‍ കസേരയിട്ട് ഇരിക്കാനുള്ള ഭാഗ്യത്തോടാണ് ബാബു അപ്പോള്‍ ചിരിച്ചതെങ്കിലും നോക്കിയത് സാറിന്റെ മുഖത്തേക്കാണ്. ബാബു ചിരിവിടാതെ സഞ്ചിയില്‍ നിന്നും ബോക്സ് എടുത്തതും ഷണ്‍മുഖന്‍ സാറ് ഭയത്തോടെ സുധാകരന്‍ സാറിനെ നോക്കി.
"സാറേ മ്മളെ ബാബുവല്ലേ. ഓനൊരു ദ്രോഹോം ഇന്നേവരെ ചെയ്തില്ലല്ലോ."
അടുത്തേക്ക് വരാന്‍ മടിച്ച് വാതില്‍ക്കല്‍ നിന്നുകൊണ്ട് സുധാകരന്‍ സാറ് പറഞ്ഞു. ബാബു പതുക്കെ പുതപ്പുമാറ്റി. പിന്നാക്കം വെക്കാതെ കുറച്ചുകൂടി അടുത്തേക്ക് നിന്ന് കുനിഞ്ഞുനോക്കി. പൊട്ടാനാഞ്ഞുനില്‍ക്കുന്ന അനേകമനേകം കുമിളകള്‍. ചുറ്റും സിന്ദൂരന്‍ മാങ്ങയുടെ മൂക്കിന്റ നിറമായിട്ടുണ്ട്.
പൊട്ടിയ കുമിളയില്‍ നിന്നും കുട്ടികളുടെ റിപ്പബ്ലിക് ദിന പരേഡില്‍ നിരതെറ്റിയതുപോലെ നുരഞ്ഞുവരുന്ന പുഴുക്കളെ നോക്കി ബാബു കുറച്ചുനേരെ നിന്നു. പിന്നെ ഒന്നും മിണ്ടാതെ മേശപ്പുറത്തെ തുണിക്കഷ്ണമൊന്നെടുത്ത് കൈയില്‍ കരുതിയ യൂക്കാലിക്കുപ്പിയിലേക്ക് കമഴ്ത്തി. അതുകണ്ട ഷണ്‍മുഖന്‍ സാറ് വലിയവായില്‍ കരഞ്ഞു.
"സുധാരാ ഇവനെ പൊറത്താക്കി വാതിലടയ്ക്കെടാ."
സുധാകരന്‍ സാറ് ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. ബാബുവിന്റെ സാമ്രാജ്യം വിരിഞ്ഞു. യൂക്കാലിയില്‍ കുതിര്‍ന്നുകുഴഞ്ഞ തുണി പതുക്കെ വ്രണത്തിലേക്ക് ബാബു തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ വെച്ചു. റിപ്പബ്ലിക് ദിനപരേഡിലെ കുട്ടികള്‍ ഒന്നൊന്നായും കൂട്ടം കൂട്ടമായും കുഴഞ്ഞുവീണു ബെഡ്ഡിലും നിലത്തും കിടന്നുപിടച്ചു.
സാറ് അലറിക്കരഞ്ഞപ്പോള്‍ തൊട്ടടുത്ത വീട്ടിലെ ജനല്‍പ്പാളി പാതി തുറക്കുന്നതും കൊതുകുഷീല്‍ഡിനിടയിലൂടെ അയല്‍ക്കാരന്‍ നോക്കുന്നതും സുധാകരന്‍ സാറ് കണ്ടു. രണ്ടുകൂട്ടരും പരസ്പരം മിണ്ടിയില്ല. അറിയാത്തവര്‍ തുറിച്ചുനോക്കുമ്പോള്‍ മാത്രമാണ് യൂണിഫോമിടാത്തതില്‍ സാറിന് കുണ്ഠിതം തോന്നുക. ഇന്‍സ്ട്രുമെന്റ് ബോക്സ് ബാബു പതുക്കെയെടുത്ത് മേശപ്പുറത്തുവെച്ചു. സാറ് കരച്ചില്‍ കുറച്ചുകൂടി ഉച്ചത്തിലാക്കി.
"അടിവാരം ജോസ് കേട്ടാല്‍ ചേപ്പറയാന്നേ സാറേ. ഒറ്റയടിക്ക് അവന്റെ കരണം തിരിച്ച സാറാണ് ദാ ഇങ്ങനെ നഖം കൊണ്ട് ഞെരടിയാല്‍ ചത്തുപോകുന്നതിനെ പേടിച്ച് തൊണ്ടയടച്ച് കരയുന്നത്."
ബാബു കസേരയില്‍ ഇരിക്കുകയും താന്‍ കിടന്നുപോവുകയും ചെയ്തു എന്ന ബോധ്യത്തിലും കരച്ചിലിനിടയിലും ഷണ്മുഖന്‍ സാറ് ചോദിച്ചു
"അടിവാരം ജോസിനെ നിനക്കോര്‍മയുണ്ടോ?"
"ഉണ്ടോന്നോ? അയാളെപ്പോലായാല്‍ മതിയായിരുന്നെന്നായിരുന്നു ചെറുപ്പത്തില്‍ എന്റാശ. സാറിന്റെടുത്തെത്തിയപ്പോള്‍ അടിവാരം ജോസിന്റെ കരണം കറക്കിയ പൊലീസായാല്‍ മതിയെന്നായി. പൊലീസല്ലേലും നിങ്ങളെയൊക്കെ കയ്യാളായല്ലോ."
ബാബു ഒരു തുണികൂടി യൂക്കാലിയില്‍ മുക്കി പതുക്കെ വ്രണത്തില്‍ വെച്ചു. യൂക്കാലിയുടെ വീര്യത്തില്‍ പാതിവെന്തുപോയ ഇറച്ചി മുറിവാപൊളിച്ചുനിന്നു. ബാബു പിന്നെയും പിന്നെയും തുടച്ചു. ഓരോ തുളയില്‍നിന്നും ഒരായിരങ്ങള്‍ പുറത്തേക്കുചാടി.
പോത്തിനെ വെട്ടിയാലും ആദ്യത്തെ വെട്ടിനേ വേദനയുണ്ടാവൂ, പിന്നെ പോത്തും വേദനയോട് പൊറുത്ത് മരണത്തോട് മുട്ടുകുത്തും. ബാബു വന്നതിനാണ് സാറ് ആദ്യം കരഞ്ഞത്. ബാബു പഴുപ്പില്‍ തൊട്ടതിനാണ് പിന്നെ കരഞ്ഞത്. പഴുപ്പ് പൊട്ടിച്ചതിനാണ് പിന്നെയും കരഞ്ഞത്. ഇനി കരയുമോ? സാറായതുകൊണ്ട് പറയാന്‍ പറ്റില്ല. ബാബു പിറുപിറുത്തു.
"സാറേ, നമ്മള്‍ തമ്മില്‍ സിങ്കായ ആദ്യത്തെ സീനോര്‍മണ്ടോ?" ബാബു മുറിവായ് തുടച്ചു.
"ഇല്ല" ബാബു കഥ പറയാതിരിക്കാനായി സാറ് പറഞ്ഞു. കഥ പറഞ്ഞുപറ്റിച്ച് പഴുപ്പുകള്‍ കുത്തിപ്പൊട്ടിക്കുന്ന ബാബുവിനെ സാറിന് അടിവാരം ജോസിനേക്കാള്‍ ഭയമായിരുന്നു.
"സാറിന് ഓര്‍മല്ലാണ്ടിരിക്കൊന്നൂല്ല. ഇല്ലാന്നുപറഞ്ഞാല്‍ കഴിഞ്ഞല്ലോ, പിന്നെ മിണ്ടണ്ടല്ലോ. പെറ്റിട്ട് ഇരുപത്തിയെട്ട് തികയാത്ത കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് ഒരു കന്നിപ്പേറുകാരി കുളിമുറീല്‍ തൂങ്ങിമരിച്ച കേസാണ് നമ്മളൊന്നിച്ച് ആദ്യമെടുത്തത്. അന്ന് ചേച്ചിക്ക് മൂത്തതിനെ വയറ്റിലാണ്. സാറ് ഗുളിക കുടിക്കുന്നതുപോലെ മൂപ്പത്തീടടുത്ത് പോയി വരുന്നതെനിക്കോര്‍മണ്ട്. പെറ്റുകഴിഞ്ഞാല്‍ ഇതിറ്റുങ്ങള്‍ക്ക് എന്തോ മാനസികം വരുമെന്ന് സാറ് പറഞ്ഞുതന്നിട്ടാണ് ഞാനൊക്കെ എന്റെ മൂപ്പത്തീനെ കണ്ണുമ്മല്‍ കൊണ്ടുനടന്നത്. അല്ലേലും എനിക്കൊന്നും പണ്ടേ പെണ്ണുങ്ങളെ മേയ്ക്കാനറിയൂല. 'ഷീലേ, കുറച്ചുവെള്ളം കുടിക്കാല്ലേ' എന്നല്ലായിരുന്നോ സാറ് പറയുക. ഞാനാണേല്‍ വെള്ളം താ... എന്നൊക്കെപ്പറഞ്ഞ് ഒച്ചപ്പാടായിര്ന്ന്. സാറിന്റെ കൂട്ട് സൊഭാവം കാണിക്കാന്‍ ഞാനൊക്കെ എന്തോരം പാടുപെട്ടതാ. ഇപ്പളൊക്കെ ശരിയായിപ്പോയിട്ടോ."
ഷണ്‍മുഖന്‍ സാറ് തലയാട്ടി. ആ തലയാട്ടല്‍ നോക്കിക്കൊണ്ട് ബാബു പതുക്കെ സ്‌കെയിലെടുത്തു. സാറത് കണ്ടില്ല. ബോക്സ് തുറന്ന് കോമ്പസെടുത്തപ്പോള്‍ അതില്‍ കുടുക്കിവെച്ച മുറിയന്‍ പെന്‍സില്‍ ബാബു പതുക്കെ ഊരിമാറ്റിയിട്ട് കോമ്പസ് ഉടുത്ത മുണ്ടില്‍ തുടച്ചു.
"ചേച്ചിക്ക് പൂച്ചപ്പഴം വലിയ ഇഷ്ടമാണെന്നും പറഞ്ഞ് സാറ് ആ വീടിന്റെ മുറ്റത്തുന്ന് പത്തുപന്ത്രണ്ടെണ്ണം പറിച്ച് പോക്കറ്റിലിട്ടത് എനിക്കിപ്പോളും നല്ല ഓര്‍മണ്ട്. പിന്നെ പൂച്ചപ്പഴം എവിടെക്കണ്ടാലും ഞാന്‍ ചേച്ചീനെ ഓര്‍ക്കും. ആ പെണ്ണും കുഞ്ഞും ബോണസ്സായി ഓര്‍മേലേക്ക് വരികേം ചെയ്യും."
"എരഞ്ഞിക്കല്‍" സാറ് പതുക്കെപ്പറഞ്ഞു.
"എരഞ്ഞിക്കലല്ല, പൂളാടിക്കുന്ന്. ഇപ്പോ വല്യ ബൈപ്പാസൊക്കെ വന്ന് സ്ഥലം പോലും മനസ്സിലാവൂല. ആ വീടൊക്കെ റോഡിന് പോയിട്ടോ."
വയറിനുമുകളില്‍ വീര്‍ത്തുനില്‍ക്കുന്ന ഒരു കുമിളയെ കോമ്പസ്സുകൊണ്ട് ബാബു പതുക്കെ തൊട്ടു. സാറ് തലയുയര്‍ത്തി നോക്കി. ബാബു കോമ്പസ് താഴേക്കുപിടിച്ചു.
"ഇല്ല സാറേ, വയറുമ്മല്‍ സാറിന് എടങ്ങേറാവുന്നത് മാത്രം ഞാനൊന്നു തോട്ടുനോക്കിയതാണ്. ഞാനൊന്നും ചെയ്യൂല്ല."
തൊട്ടാല്‍പൊട്ടുമെന്ന് തോന്നിപ്പിക്കുന്ന തൊലി കാര്യത്തോടടുക്കുമ്പോള്‍ കടുംകട്ടിയായി നില്‍ക്കുന്നു. ബ്ലേഡ് കൊണ്ട് കീറാനറിയാഞ്ഞിട്ടല്ല, പഴുപ്പും പുഴുവും നാനാവഴിക്കുചാടും. ഇതാവുമ്പോ കോമ്പസ്സുകൊണ്ട് ചെറിയൊരു തുളയുണ്ടാക്കി സ്‌കെയില്‍ വെച്ച് പതുക്കെ വടിച്ചമര്‍ത്തി ഒരോന്നിനെയും വിടാതെ പിടിക്കാം.
"സാറേ, അമ്മയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട്, വല്ല കൊളത്തിലും കെണറ്റിലും പോയിനോക്കണേ നാട്ടാരേ... എന്നും പറഞ്ഞ് കരഞ്ഞുനടന്ന ഒരു ചെക്കനെ ഓര്‍മണ്ടോ സാറിന്?"
ഷണ്‍മുഖന്‍ സാറ് ഓര്‍ത്തെടുക്കുന്നതിനിടയില്‍ ബാബു കോമ്പസ്സ് പതുക്കെയിറക്കി. അകത്തേക്ക് കയറിയിട്ടുണ്ട്. ഇനി ഇത്തിരി തൊലി വിടര്‍ത്തി പൊട്ടിക്കണം. വേദന കടിച്ചുതിന്നുകൊണ്ട് സാറ് നാവുചവച്ചു.
"ആ ചെക്കനെ സാറിന് ഓര്‍മയില്ലാ?" ഒലിച്ചുചാടിയ വെള്ളത്തെ തുണിയിലേക്ക് പൊത്തിപ്പിടിച്ചുകൊണ്ട് ബാബു സാറിന്റെ മുഖത്തുനോക്കി.
ഓര്‍മയില്ലെങ്കിലും ഉണ്ടെന്ന മട്ടില്‍ സാറ് തലയാട്ടി. പിന്നെ വെറുതേ പറഞ്ഞു "അമ്പലപ്പടി."
"അല്ല സാറെ, പുറക്കാട്ടിരി. അവനെ ഇന്നാള് ഞാന്‍ താഴെയിറക്കി. നാലഞ്ചുദിവസത്തെ മണം വെച്ചിട്ടുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിന്റെ പിന്നാമ്പുറത്തെ കാടില്ലേ, അതിലൊരുമരത്തില്‍ കേറിയങ്ങ് തൂങ്ങി."
പഴുപ്പിനെ സ്‌കെയില്‍ കൊണ്ട് പതുക്കെ അങ്ങോട്ടുമിങ്ങോട്ടും വടിച്ച് വെള്ളനൂല് കുനുകുനാ നുറുക്കിയിട്ടതുപോലുള്ള പുഴുക്കളായിരമെണ്ണത്തിനെ ബാബു തുണിയിലേക്ക് ചാടിച്ചു. യൂക്കാലി മുക്കിയ തുണി പതുക്കെ വെച്ചുകൊടുത്തതും വലിയതുങ്ങള്‍ പ്രാണന്‍ പിടച്ചുചാടി.
/filters:format(webp)/indian-express-malayalam/media/media_files/2025/06/27/shabitha-story-puzhupp-2-2025-06-27-21-35-17.jpg)
എല്ലുവരെ തുരന്നുതിന്നാന്‍ മെനക്കെട്ടുകൊണ്ടിരിക്കുന്ന പുഴുക്കളെ ബാബു നോക്കി. മുന്നില്‍ വീര്‍ത്തുകിടക്കുന്ന ആറടി മനുഷ്യന്റെ മേലാകെയുള്ള പുഴുക്കൂടുകള്‍ എന്നുപൊട്ടിച്ചുതീരാനാണ്?
സുധാകരന്‍ സാറിന്റെ ഒച്ചയൊന്നും കേള്‍ക്കുന്നില്ല. പോയിക്കാണും. അല്ലേലും ഇവരൊക്കെ അങ്ങനെത്തന്നെയാണ്. ഷണ്‍മുഖന്‍ സാറ് എങ്ങനായിരുന്നുവെന്ന് തനിക്കറിയാമ്പാടില്ലാത്തതൊന്നുമല്ലല്ലോ. എന്നാലും ഏറെക്കുറേ ഒരു മനുഷ്യനായിരുന്നു. ഡിവൈഡറിന്റെ രണ്ടുമുനകളുംകൊണ്ട് തോണ്ടിയാണ് തൊലി പതുക്കെ അടര്‍ത്തിയെടുത്തത്. സാറ് മിണ്ടാതെ കിടന്നു.
"മക്കളെല്ലാം പൊറത്തുതന്നെയങ്ങ് സ്ഥിരമാക്കിയല്ലേ?" എന്തെങ്കിലും ചോദിക്കണ്ടേന്നുവെച്ചിട്ടാണ് ബാബു മക്കളുടെ വിഷയമെടുത്തിട്ടത്.
"സാറിന്റെ മക്കളെയൊക്കെ ഞാനെന്തോരം കഴുത്തിലേറ്റി നടന്നതാണ്. മുടിയിലൊരു പിടിത്തം പിടിച്ചാപ്പിന്നെ വിടൂലായിരുന്നു. പൊരയ്ക്കുചുറ്റും നമ്മളിങ്ങനെ നടന്നോളണം. ഒരാളേം വെച്ച് ഒരു റൗണ്ട് അധികമായാല്‍ മറ്റവര് രണ്ടാളും പിന്നേം കയറും" സാറിന്റെ മക്കളെക്കുറിച്ച് ആകെപ്പറയാനുള്ള ഓര്‍മ അതാണെങ്കിലും ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇനിയും കുറേ ഓര്‍മകള്‍ ബാക്കിയുണ്ടെന്ന് സാറിന് തോന്നണം.
സാറ് കുലുങ്ങിച്ചിരിച്ചു. എവിടെനിന്നൊക്കെയോ വെള്ളം പുറത്തുചാടി.
"മൂത്തവള് ഒരു കമ്പനീലെ ഹെഡ്ഡാണ്. രണ്ടാമത്തേത് ഇപ്പോ കാനഡേന്ന് അമേരിക്കയിലേക്ക് പോയി. വല്യ ഒരാശുപത്രീലെ വല്യപോസ്റ്റാണ്. പോസ്റ്റിന്റെ പേരുപറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല. ഇളയത് ദുബായിലാണ്." അഭിമാനം വന്നുനിറയുന്ന മുഖത്തുനോക്കി ബാബു അരനിമിഷം നിന്നു.
കുടുംബവിശേഷങ്ങളുടെ ആനുകൂല്യത്തില്‍ അരയ്ക്കുതാഴോട്ടുള്ള ഓരോ പുഴുക്കൂടുകളും ബാബു പതുക്കെ കോമ്പസ്സുകൊണ്ട് തൊട്ടുവെച്ചു. യൂക്കാലി തീരാറായി.
"പുഴുത്തുപോകട്ടെ നാറി എന്നാരെങ്കിലും പ്രാകിക്കാണും. അല്ലേ ബാബൂ?"
"അതൊന്ന്വല്ല. സാറ് ആര്‍ക്കും ഒരു ദ്രോഹോം ചെയ്തിട്ടില്ല. മനസ്സും ശരീരോം പതമുള്ളവരെയേ പടച്ചോന്‍ കണ്ണുവെക്കുള്ളൂ."
ബാബു പതുക്കെ സാറിന്റെ കാലുകള്‍ അകത്തി. അകിടുവീര്‍ത്തതുപോലായ വൃഷണങ്ങള്‍ ബാബുവിനെ പേടിപ്പിച്ചു. രാവിലത്തെ ടീമിന്റെ പരിചരണത്തിന്റെ ബാക്കിയെന്നോണം അവിടമാകെ നെബാസള്‍ഫ് പൗഡര്‍ പരന്നുകിടക്കുന്നുണ്ടായിരുന്നു. ആദ്യമായി ആ മനുഷ്യനെ ബാബുവിന് മണത്തു.
"നീയങ്ങോട്ടൊന്നും നോക്കല്ലേ ബാബൂ" സാറ് വിങ്ങിപ്പൊട്ടി.
"ഇല്ല സാറേ, ഞാനല്ലേ. ഞാനൊരു അനിയനെപ്പോലാണെന്ന് സാറ് പണ്ടെന്നോ പറഞ്ഞതെന്റെ മനസ്സില്‍ കെടപ്പുണ്ട്. അനിയന് ഏട്ടന്റെ ശരീരത്തില്‍ കാണാമ്പാടില്ലാത്തതായി ഒന്നൂല്ല സാറെ" ബാബു പതുക്കെ വൃഷണങ്ങളുടെ വശങ്ങള്‍ നോക്കി. ഗ്ലൗസിടാമായിരുന്നുവെന്ന് ബാബുവിന് തോന്നി. ഇത്രേമുണ്ടാകുമെന്ന് വിചാരിച്ചില്ല.
"ബാബു കാലിന് ഒരീച്ച കടിച്ചെടാ" റെയില്‍വേ ട്രാക്കില്‍ നിന്ന് പണ്ടൊരു ശവം പായയില്‍ പൊതിയുമ്പോളാണ് സാറ് പറഞ്ഞത്. പത്തിരുപത് കൊല്ലമായിക്കാണും.
"അതാ ചാവീച്ചയായിരിക്കും. അതിന്റെ അന്നം മൊടക്കിയ വാശിയായിരിക്കും. സാറാ കാട്ടുതൊളസി പറിച്ച് നന്നായി ഒരയ്ക്ക്."
ചിതറിത്തെറിച്ച മനുഷ്യക്കഷ്ണങ്ങള്‍ പെറുക്കിക്കൂട്ടി പായ മുറുക്കിക്കെട്ടുന്നതിനിടയില്‍ സാറിനെ നോക്കാനാര്‍ക്കാണ് നേരം.
ഭയങ്കരമാന വൃത്തിബോധമുള്ള മനുഷ്യനാണ്. ശവമെടുക്കാന്‍ കൂടെയുണ്ടെങ്കില്‍ പിന്നെ ചെവിക്ക് സ്വൈര്യം തരില്ല. "ബാബു ഗ്ലൗസിട്, ബാബു വായ അടച്ചുപിടിക്ക്, ബാബു അത്രയധികം ചേര്‍ത്തുപിടിക്കല്ലേ, ബാബു പാന്റ്സും ഷൂവുമിടാതെ ഇപ്പണിക്കിറങ്ങരുത്..." ചെയ്യുന്ന പണിയെടുക്കാന്‍ സമ്മതിക്കാതെ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.
"ബാബു ഈച്ച കടിച്ചേടത്ത് വല്ലാത്ത പൊകച്ചില്‍" മഹസ്സറെഴുതുമ്പോള്‍ സാറ് ഈച്ചയെക്കുറിച്ചുമാത്രമാണ് പറഞ്ഞത്.
"അതെനിക്കുമുണ്ടാകുന്നതാണ് സാറെ. എന്തോരം കടി എവിടുന്നൊക്കെ കിട്ടീട്ടുണ്ട്. സാറത് വിട്. ഈച്ചേം പൂച്ചേം നായും പാമ്പുമൊക്കെ ഈ പണീടെ ഭാഗമാ."
മൂന്നാലുദിവസം കാല് ജന്‍ഷന്‍ വയലറ്റ് വെള്ളത്തില്‍ മുക്കി ഇരിത്തം തന്നെയായിരുന്നു സാറ്.
ഈച്ച ആയുസ്സിലേക്കുള്ള പണിയാണ് തന്നിട്ടുപോവുന്നതെന്ന് സാറെപ്പോഴും പറയുമായിരുന്നു. ബാബു വൃഷണങ്ങള്‍ തൊട്ടപ്പോള്‍ സാറ് കരഞ്ഞു. "കാറ്റ് തട്ടിയാല്‍ വേദനയാവുന്നെടാ. തൊടല്ലേ."
എഴുന്നേല്‍ക്കാന്‍ വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍ സാറ് തൂങ്ങിയേനെ. അല്ലേല്‍ വെള്ളംനിറച്ച ബക്കറ്റില്‍ തലകമഴ്ത്തിയെങ്കിലും ജീവന്‍ പോക്കിയേനെ.
പഴുത്തളിയാനായ ആത്തച്ചക്ക നിലത്തുവെക്കുന്ന കരുതലോടെ ബാബു വൃഷണങ്ങളില്‍ നിന്നും കൈ എടുത്തു.
രണ്ടുദിവസത്തിനുള്ളില്‍ പുഴുക്കള്‍ അവിടെയൊരു മാളം കുഴിക്കുമെന്ന് ബാബുവിനറിയാം. സാറിനും അറിയുമായിരിക്കും. ബാബുവിന് മൂത്രമൊഴിക്കാന്‍ മുട്ടി. അയാള്‍ കുളിമുറിയില്‍ കയറി ആദ്യം കൈകള്‍ സോപ്പിട്ടുകഴുകി. അയാള്‍ക്ക് മൂത്രമൊഴിക്കാന്‍ വന്നില്ല.
സുധാകരന്‍ സാറ് പൊതിച്ചോറുമായിട്ടാണ് വന്നത്. മുഖത്ത് മാസ്‌കുണ്ട്. കൈയില്‍ ഗ്ലൗസുമുണ്ട്. തനിക്ക് മാസ്‌കും ഗ്ലൗസുമില്ല. ബാബുവിന് വിവേചനം തോന്നി.
"സാറേ, ഇതേപോലത്തെ മാസ്‌കും ഗ്ലൗസും സര്‍ജിക്കല്‍ ബ്ലേഡും വേണം. ഇതിന് കോമ്പസും സ്‌കെയിലുമൊന്നും പോര"
"സര്‍ജിക്കല്‍ ബ്ലേഡ് നടക്കില്ല ബാബൂ. ഒന്നുകിട്ടണേല്‍ നൂറായിരം നൂലാമാലയാണ്. സാദാ ബ്ലേഡ് നോക്കാം" സുധാകരന്‍ സാറ് വേഗം പുറത്തേക്കിറങ്ങി.
ബാബുവിന് ചെറിയ ചടപ്പുണ്ടെന്ന് തോന്നിയതും അയാള്‍ പോയതുപോലെ തിരിച്ചുവന്നു. പണ്ടത്തേതുപോലെയല്ല, താന്‍ പറയുന്നത് ബാബു അനുസരിച്ചുകൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
"സാറെ ഇവന്റെ മൂത്ത മോള് നഴ്സിങ് കഴിഞ്ഞു. നമ്മുടെ രണ്ടാമത്തവളോട് പറഞ്ഞാല്‍ ഗള്‍ഫിലേക്ക് സാധ്യതണ്ടാവൂല്ലേ? പാസ്പോര്‍ട്ട് ഞാന്‍ എന്റെ ചെലവില്‍ എടുപ്പിച്ചോളാം. ആദ്യം വിസിറ്റിങ് വിസേല്‍ ഷീലേച്ചിയുടെ അടുത്തേക്ക് വിടാം. നാടൊക്കെ ഒന്നു പഠിച്ചോട്ടെ. ബാബുവിന്റെ മക്കള് നമ്മടേതുതന്നെയാണല്ലോ." സുധാകരന്‍ സാറ് ഉറക്കെ പറഞ്ഞു.
ബാബു ആ പ്രലോഭനത്താല്‍ കസേരയില്‍ ഇരുന്നു. ശബ്ദം മയപ്പെട്ടു. ഷണ്‍മുഖന്‍ സാറ് ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ മിണ്ടുമെന്ന പ്രതീക്ഷയില്‍ ബാബു സാറിനെത്തന്നെ നോക്കി.
"സാറിന് അത്തുംപുത്തും ആവുന്നേന് മുന്നേ കാര്യം നേരെയാക്കിക്കോ. എന്നും രാവിലെ ഭാര്യേം മക്കളുമെല്ലാം വിളിക്കുന്നതാണ്. ആദ്യം കരച്ചിലും ബഹളോമൊക്കെയായിരിക്കും. സന്ദര്‍ഭവും സമയവും നോക്കി അവനാന്റെ കാര്യം പറഞ്ഞേക്ക്. ചേച്ചിയോട് നീയിവിടെ ഉണ്ടാകും എന്നങ്ങ് സ്ഥാപിച്ചേക്കണം." സുധാകരന്‍ സാറ് ബാബുവിനെ പുറത്തേക്ക് വിളിച്ചുനിര്‍ത്തി കാര്യം പറഞ്ഞു. ബാബു തലയാട്ടി.
"സാറിന് ചോറ് കൊടുക്കാമോ?' സുധാകരന്‍ സാറ് തന്ന പൊതിയിലേക്ക് നോക്കി ബാബു തന്റെ ഉത്തരവാദിത്തം പ്രകടിപ്പിച്ചു.
"നീ കഴിക്കുന്നതിനിടേല്‍ ഓരോ ഉരുള വായില്‍ കൊടുത്തുനോക്ക്. തിന്നാനും കുടിക്കാനും ഒന്നുംവേണ്ട. രാവിലെ വരുന്ന പിള്ളേര് മൂന്നാല് ഗുളിക കൊടുക്കുന്നുണ്ട്. റോക്കറ്റില്‍ പോകുന്നവര്‍ക്ക് കൊടുക്കുന്നതാണ്പോലും. അതകത്തായാല്‍പ്പിന്നെ തിന്നാനും കുടിക്കാനും വേണ്ട"
സുധാകരന്‍ സാറ് പോകാന്‍ തിടുക്കപ്പെടുന്നത് കണ്ടപ്പോള്‍ ബാബു കോലായിലേക്ക് ചെന്നു.
"മൃഗാസ്പത്രീല്‍ പശൂന്റെ മൂക്കുകയറ് പഴുക്കുമ്പോള്‍ ഇറ്റിച്ചുകൊടുക്കുന്ന മരുന്ന് കിട്ടും. യൂക്കാലിയേക്കാള്‍ സ്ട്രോങ്ങാണ്. ഒരിത്തിരി മൂക്കില്‍ചെന്നാല്‍ മരമുല്ലപോലെ തൊഴിഞ്ഞോണ്ടിരിക്കും. അതിറ്റാല്‍* ഒരു ലിറ്ററിന്റെ കുപ്പി ഇങ്ങുവാങ്ങിക്കോ." സുധാകരന്‍ സാറ് ബാബുവിനെത്തന്നെ നോക്കി.
"ഇനി അതൊക്കെയേ രക്ഷയുള്ളൂ. എന്നെപ്പോലുള്ള നാലാള് വിചാരിച്ചാലും കൂട്ട്യാക്കൂടൂല."
കോലായില്‍ നിന്നും അകത്തേക്ക് ചെന്നപ്പോള്‍ ബാബുവിന് മറ്റൊരു കാര്യം മനസ്സിലായി. വാതില്‍ തുറന്നിട്ടാല്‍ അകത്തുതങ്ങിയിരിക്കുന്ന നാരങ്ങാപ്പുല്ലിന്റെ മണം ഇറങ്ങിപ്പോകും. ഷണ്‍മുഖന്‍സാറിന്റെ ഇടുപ്പില്‍നിന്നുയരുന്ന ഗന്ധം കൊണ്ട് നിക്കാന്‍ വയ്യ. ബാബു അരവരെ പുതപ്പുകൊണ്ട് മൂടിയിട്ടു.
എന്നിട്ടും കാര്യമൊന്നുമില്ല, ഓരോ കാലിലെയും കട്ടിക്കുമിളകള്‍ കോമ്പസ്സുകൊണ്ട് പൊട്ടിച്ചുപുറത്തുചാടിക്കണേല്‍ തുണിയെടുക്കണം. പുതപ്പിട്ടാല്‍ അതു നടക്കൂല.
മേശപ്പുറത്തുമടക്കിവെച്ചിരിക്കുന്നമുണ്ടുകളിലൊരെണ്ണം രണ്ടായി കീറി മടക്കി ബാബു സാറിന്റെ മര്‍മം പൊതിഞ്ഞു. ചായ്പ്പില്‍ ചേമ്പുവിത്തിനുമേല്‍ കമഴ്ത്തിവെച്ച തേക്കിലയാണ് ബാബുവിനപ്പോള്‍ ഓര്‍മവന്നത്.
അച്ചിങ്ങക്കൂട്ടം ബാബുവിന്റെ മൂക്കിനുചുറ്റും പറന്ന് സമ്മതം ചോദിച്ചു "എന്നാപ്പിന്നെ ഷണ്‍മുഖന്‍സാറിന്റെയടുത്തേക്കങ്ങ്..." ബാബു തോര്‍ത്തുവീശി. വിശറി വീശി. ആമത്തിരി കത്തിച്ചു. അച്ചിങ്ങകള്‍ കൂട്ടംതെറ്റിപ്പറന്നു.
"റഷീദ് സാറുള്ളപ്പോള്‍ സാറ് റിട്ടയറായിട്ടില്ലല്ലോ?"
"ഇല്ല... റഷീദ് എന്റെയെത്രയോ എളേതാ. തൂങ്ങിക്കളഞ്ഞു"
"ഞാനാന്ന് എടുത്തത്."
ബാബു സ്‌കെയിലും കോമ്പസും തുടയ്ക്കാന്‍ ഒരു തുണി നോക്കി. സ്പിരിറ്റ് മുക്കി തുടയ്ക്കണ്ടേതാണ്. അതും കൂടി വാങ്ങാന്‍ സുധാകരന്‍ സാറിനോട് പറയാന്‍ വിട്ടുപോയി.
"മൂപ്പരുടെ കീശേന്ന് ഒരു കത്തുകിട്ടിയത് ഞാന്‍ ഡിവൈഎസ്പീനെ കയ്യോടെ ഏല്‍പിച്ചതാണേ. എന്നിട്ടോ...? പിറ്റേന്ന് വാര്‍ത്തവന്നത് കുടുംബപ്രശ്നത്തില്‍ തൂങ്ങീന്നും."
"കത്ത് അയാള് മുക്കിയത് അസോസിയേഷന്‍ വരെ എത്തിയ പരാതിയായിരുന്നു. പിന്നെ മക്കള്‍ക്കാര്‍ക്കെങ്കിലും പണികൊടുക്കാനുളള സമ്മര്‍ദ്ദം ചെലുത്താം എന്നൊക്കെപ്പറഞ്ഞ് വീട്ടുകാരെ അമര്‍ത്തിക്കളഞ്ഞല്ലോ. അവന്‍ ബിഎസ്സി റാങ്കുകാരനായിരുന്നു. ഏതോ നല്ലനിലയില്‍ എത്തേണ്ടതായിരുന്നു. ഈച്ച തൊലിയ്ക്കെടേൽ മുട്ടയിട്ടു മക്കളെ വിരിയിച്ച് മനുഷ്യനെ തിന്നുമെന്ന് അവനന്നേ പറഞ്ഞതാണ്. ഫ്‌ളഷ് ഫ്‌ളൈയെന്ന് അവനെപ്പോഴും പിറുപിറുത്തുകൊണ്ടിരിക്കുമായിരുന്നു എന്തൊക്കെയോ കുത്തിവെപ്പുകളുടെ ലിസ്റ്റുമായി വന്നപ്പോള്‍ എല്ലാരുംകൂടി കളിയാക്കിയാ അന്ന് വിട്ടത്."
"പരിചയള്ളോരെ വെള്ളത്തുന്നും മരത്തുന്നും എടുക്കുമ്പോളൊന്നും ഞാന്‍ കുലുങ്ങീട്ടില്ല. പക്ഷേ റഷീദ് സാറെന്നെ ബേജാറാക്കിക്കളഞ്ഞു. രണ്ട് ദെവസം സാറ് മുന്നിലും വയ്യിലും നടക്കുന്നതുപോലായിരുന്നു."
ഷണ്മുഖന്‍ സാറിന്റെ ശരീരത്തിലെ ഏറ്റവും വലിയ പഴുപ്പിനെ തൊടുന്നതിനുമുമ്പ് പാതികീറിയ മുണ്ടുകൊണ്ട് ശരീരത്തില്‍ ഒരു ബണ്ടുകെട്ടുന്നതിനിടയില്‍ ബാബു പലതും പറഞ്ഞു. കോമ്പസ്സ് മാറ്റിവെച്ച് ഡിവൈഡര്‍ ഒന്നുവിടര്‍ത്തി രണ്ട് തുളയിടാന്‍ തന്നെയാണ് ബാബുവിന്റെ നീക്കം. കിടന്നകിടപ്പില്‍ സാറ് കഴുത്തുയര്‍ത്തി നോക്കാന്‍ ശ്രമിച്ചു. ബാബു അതുകണ്ടു.
"ഞാനീ തടിപ്പിനുമേല്‍ തുണീല്‍ യൂക്കാലി നനച്ച് ഇടുന്നേയുള്ളൂ. പഴുപ്പ് അങ്ങനേ കരിഞ്ഞുപോകും. പിന്നെ പൊട്ടി വ്രണാവാതെ കിട്ട്വല്ലോ."
"എന്നാ നീയീ പഴുപ്പിലെല്ലാം അങ്ങനെ ചെയ്യ്. പൊട്ടാണ്ടെ കരിഞ്ഞുകിട്ടിയാല്‍ അവളോട് ഇങ്ങുപോരാന്‍ പറയാല്ലോ. ഒന്നെഴുന്നേറ്റ് നില്‍ക്കാനായാല്‍ മക്കള് ഏതമേരിക്കവരെയും കൊണ്ടുപോകും. ഇക്കോലത്തില്‍ വിമാനത്തില്‍ കയറ്റൂലല്ലോ."
ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് സാറും പുഴുക്കളും ഒരേപോലെ തലപൊക്കി. ബാബുവിന്റെ കൈകള്‍ കുഴഞ്ഞു.
"സുധാകരന്‍ സാറിനോട് വേറൊരു സാധനം ഒരു ലിറ്റര്‍ വാങ്ങാന്‍പറഞ്ഞിട്ടുണ്ട്. സാറ് സമാധാനപ്പെട്. ചേച്ചീനേം മക്കളേം പേരമക്കളേം സാറ് ഇവിടന്ന് തന്നെ കാണും. പേരക്കുട്ടികളേം കൂടി ഞാന്‍ കഴുത്തില്‍പേറേണ്ടി വര്വോ?"
"എല്ലാം ഒന്നിനൊന്ന് വികൃതികളാണ് ബാബൂ." സാറ് കുലുങ്ങിച്ചിരിച്ചു. ശരീരമിളകി. തൊലിയടര്‍ത്തിവെച്ച പഴുപ്പില്‍ നിന്നും പുഴുക്കള്‍ തലയേന്തി നോക്കി. ബാബു നിലത്തിട്ട യൂക്കാലിത്തുണിയെടുത്ത് വയറിനുമേല്‍ അമര്‍ത്തി. സാറതുകണ്ടു.
"അത് സെപ്റ്റിക്കായിട്ടുണ്ടാവും ബാബു. നിലത്തിട്ടത് പിന്നേം മുറിവായില്‍ വെക്കല്ലേ."
"സാറേ ഒരുകുപ്പി യൂക്കാലി തീര്‍ന്നു. ഇതീന്ന് നൊരച്ചുവരുന്നതുങ്ങളെ എന്തേലുംവെച്ച് പൊത്തണ്ടേ?"
ബാബു തുണി താഴേക്കുതന്നെയിട്ടു. പിന്നെ സ്‌കെയില്‍ വെച്ച് പതുക്കെ മുറിവായ വടിച്ചുപുറത്തേക്കാക്കി. സാറ് പല്ലുകടിച്ചമര്‍ത്തിയ വേദന ബാബു കേട്ടു.
കാലിലെ പഴുപ്പിന് തുളയിട്ടിട്ടില്ല. ബാബു അതിലേക്ക് നോക്കി.
"ഇന്നിനി വേണ്ടാ ബാബു, എനിക്കാവുന്നില്ല. നീയാ ഭക്ഷണോം കഴിച്ച് കുറച്ച് കിടന്നോ."
"സാറ് ഉച്ചയ്ക്ക് കെടക്ക്വോ?"
"എനിക്കെന്ത് ഉച്ച. നിനക്കുവേണ്ടി ഉച്ചയ്ക്ക് കിടക്കണേല്‍ കിടക്കാം."
ബാബു ഹാളില്‍പോയി വാഷ്ബേസിനില്‍ നിന്നും നന്നായി സോപ്പിട്ട് കൈ കഴുകി. പൊര വാര്‍ക്കുമ്പോള്‍ ഇതുപോലൊന്ന് വെക്കണം. മനുഷ്യമ്മാര് ജീവിക്കുന്നതുപോലെ. ബാബു ആശയോടെ ഹാളിനുചുറ്റും നോക്കി. ബാബു പൊതിയഴിച്ചു. പപ്പടവും അച്ചാറും ഉപ്പേരിയും ഇലയില്‍ വിങ്ങിയ മണം പൊങ്ങി. സാറ് തല ചെരിച്ചു.
"പൊതിച്ചോറാന്നോ?"
"ആണ്. പൊരിച്ചതുമുണ്ട്. സാറ് തൊള്ള തൊറക്ക്, ഞാന്‍ ചെറിയ ഉരുളയാക്കിത്തരാം"
"വേണ്ടെടോ, വെശപ്പില്ല. രാവിലെ വരുന്ന കുട്ടികള് മൂന്നാലുദെവസം ഡയപ്പറ് ഇടുവിച്ചു, പിന്നെ പോകാന്‍ ഒന്നൂല്ലാത്തതുകൊണ്ട് വെറുതേ വിട്ടു"
"സാറതൊന്നും പേടിക്കണ്ട. സാറ് തൊറക്ക്"
നനഞ്ഞ പപ്പടത്തിന്റെ കൊതിപിടിച്ച വിളിയില്‍ സാറ് വാ തുറന്നു. ചോറ് നന്നായി ഞമണ്ടിക്കുഴച്ച് ബാബു പതുക്കെ വായിലേക്ക് വെച്ചുകൊടുത്തു. പൊരിച്ചമീനിന്റ പളളഭാഗം മുള്ളുപോക്കി അടുത്ത ഉരുളയില്‍ ചേര്‍ത്തു.
"മീന്‍ ഒറ്റയ്ക്ക് തന്നാമതി, ചോറിനൊപ്പം കൂട്ടണ്ട ബാബൂ..." സാറ് ചവക്കുന്നതിനിടയില്‍ പറഞ്ഞു.
വായക്കൊപ്പം എത്താനാവാതെ ബാബുവിന്റെ കൈ കുഴഞ്ഞു. ചേര്‍മീന്‍ വെട്ടുന്നതുപോലെ വായിലേക്കിടുംമുമ്പേ സാറ് തിന്നുകഴിഞ്ഞ് പിന്നേം വാ തുറക്കുന്നു. ചോറ് തീര്‍ന്നു, ഇലയില്‍ മാംസം പരണ്ടിയെടുത്ത മീന്‍മുള്ളുമാത്രം. വിരലുകള്‍ കൂടി കൊടുത്താല്‍ സാറ് നക്കുമായിരിക്കും.
"ബാബൂ നീയെന്തുതിന്നും?"
"അതൊന്നും നോക്കണ്ട. സാറ് പള്ളനെറച്ച് എന്തേലും തിന്നല്ലോ. നാളെ മുതല്‍ ഞാന്‍ ഉണ്ടാക്കിത്തരും. അസ്സല് പോര്‍ക്ക് വരട്ടിയത് ചെറുതീയില്‍ അങ്ങനേ വെച്ചാല്‍ മ്മക്ക് മൂന്നാല് ദിവസം കൂട്ടാനുണ്ടാവും" സാറ് ബാബുവിനെ സ്നേഹത്തോടെ നോക്കി.
"പോര്‍ക്ക് വേണ്ട ബാബൂ അതിന്റെ തൊലിയില്‍ നിറയെ പരാദങ്ങളുണ്ടാവും. നിനക്ക് പറഞ്ഞാല്‍ മനസ്സിലാവോ എന്നറിയില്ല, സ്‌കിന്‍ വേം. വെറുതേ റിസ്‌ക് എടുക്കണ്ട" ബാബു തലയാട്ടി.
"ആ കുട്ടികള് പിന്നേം ഡയപ്പറ് ഇടീക്കേണ്ടി വര്വോ?"
"അതിനൊന്നും ഓര് നിക്കണ്ട, ഞാന്നോക്കിക്കോളും. സാറ് ഒന്ന് മയങ്ങിക്കോ, അപ്പളേക്കും ഞാന്‍ കുറച്ച് കഞ്ഞിവെക്കട്ടെ. എനിക്ക് കഞ്ഞിയാണ് ഇഷ്ടം"
ബാബു അടുക്കളയില്‍ കയറി ഒന്നുതപ്പിത്തിരഞ്ഞു. അരിയും പരിപ്പും പയറും കടലയും എന്നുവേണ്ടതെല്ലാം അടുക്കടുക്കായി ഒരിടത്ത്. അടുക്കള വാര്‍ക്കുമ്പോള്‍ ഇതുപൊലൊരു തട്ടുണ്ടാക്കണം. ചില്ലിട്ട തട്ടുകളിലേക്ക് ബാബു നോക്കി. ഒരു ഗ്ലാസ് അരിയും പയറും ഒന്നിച്ചുകഴുകി കുക്കറിലിട്ട് ഗ്യാസ് കത്തിച്ചു.
അകത്തുനിന്നും നേര്‍ത്ത കൂര്‍ക്കംവലി കേട്ടപ്പോള്‍ ബാബു പതുക്കെ സാറിന്റെയടുക്കലെത്തി ഇന്‍സ്ട്രുമെന്റ് ബോക്സ് തുറന്നു. ഡിവൈഡറിന്റെ കാലുകള്‍ അകത്തി. പഴുപ്പിന് ചുറ്റും തുണി തെരികയാക്കിവെച്ചു. തൊലിക്ക് വല്ലാത്ത കട്ടിതന്നെ. പുഴുക്കളെങ്ങനെയാണ് തൊലിതുളച്ച് പുറത്തുചാടുന്നത്? വല്ലാത്തൊരുകഴിവുതന്നെ. പലയിടത്തും മാറിമാറി കുത്തിനോക്കി, അനങ്ങുന്നില്ല.
ബോക്സില്‍ വലിയൊരു സാരിപിന്നുള്ള കാര്യം അപ്പോഴാണ് ബാബുവിന് ഓര്‍മ വന്നത്. അതെടുത്ത് ഒന്ന് തൊട്ടതേയുള്ളൂ, കുക്കര്‍ നീട്ടി വിസിലടിച്ചു. അരിപ്പത മൂടിക്കുമുകളിലൂടെ പതച്ചിറങ്ങിയതും കാലില്‍ നിന്ന് നുരച്ചിറങ്ങിയതും ഒന്നിച്ചായിരുന്നു. സാറ് ഞെട്ടിയുണരുമെന്നും വലിയവായില്‍ കരയുമെന്നും ഭയപ്പെട്ടുവെങ്കിലും സാരിപ്പിന്നും ഡിവൈഡറും ഒന്നിച്ച് അങ്കത്തിനിറങ്ങിയതുകൊണ്ട് തൊലി പാടേ അടര്‍ത്തിക്കിട്ടി.
തുണി വെള്ളം കുടിച്ചു. ഉണങ്ങിയതുണിയില്‍ പറ്റിപ്പിടിച്ച് പുഴുക്കള്‍ ജീവന്‍ കരപ്പറ്റാന്‍ പാടുപെടുന്നു. വ്രണത്തിലേക്ക് പൊത്തിവെക്കാന്‍ ഒന്നുമില്ല. എല്ലാം തീര്‍ന്നു. നിലത്തെ യൂക്കാലിത്തുണി കാലിലെ വിരലുകള്‍കൊണ്ട് പതുക്കെ ഇറുക്കിപ്പിടിക്കാന്‍ ബാബു ശ്രമിച്ചു.
ബാബുവിന്റെ കുഴിനഖത്തില്‍ യൂക്കാലി കയറിപ്പിടിച്ചു. നീറ്റല്‍ കൊണ്ട് കണ്ണെരിഞ്ഞു. വിരലുകള്‍ തുണിയില്‍ നിന്നും പിടിവിട്ടു. ബാബു വ്രണത്തിലേക്ക് തുറിച്ചുനോക്കി. നായോ പൂച്ചയോ എങ്ങാനുമായിരുന്നേല്‍ പിടിച്ചുവെച്ച് ച്ചിരി വെണ്ണീര് പൊത്തിക്കൊടുത്താല്‍ മതിയായിരുന്നു.
വെണ്ണീരാണ് ബാബുവിനെ ഉപ്പിന്റെ കാര്യം ഓര്‍മിപ്പിച്ചത്. രണ്ടാമതും വിസിലടിക്കാന്‍ തുനിഞ്ഞ കുക്കര്‍ ഓഫ് ചെയ്തുവെച്ച് പൊടിയുപ്പിന്റെ പാത്രമെടുത്തു. കയ്യിട്ടുവാരിയാല്‍ പിന്നെ കഞ്ഞിയിലിടാനാവില്ല.
/filters:format(webp)/indian-express-malayalam/media/media_files/2025/06/27/shabitha-story-puzhupp-3-2025-06-27-21-31-58.jpg)
നഖത്തിന്റെ ഇടയിലേക്കൊക്കെ നീരും ചലവും ഇറങ്ങിയിട്ടുണ്ട്. ഒരു കടലാസിലേക്ക് കുറച്ച് ഉപ്പ് തട്ടി. ഉപ്പുമായി ചെല്ലുമ്പോഴേക്കും സാറ് ഉണര്‍ന്നുകിടക്കുകയായിരുന്നു. ബാബു അടുത്തുചെന്ന് കസേരയില്‍ ഇരുന്നു. ഉപ്പുകടലാസ് മടിയിലൊളിപ്പിച്ചു.
"നോക്ക് സാറേ ഇതുപൊട്ടി!" അതിശയം ഭാവിച്ച് ബാബു കാലിലെ തുണിമാറ്റി.
സാറ് മിണ്ടാതെ കിടന്നു. ബാബു പതുക്കെ ഉപ്പ് വിതറി. സാറ് ഒന്നും പറഞ്ഞില്ല. ഒന്നുംപറയാതെ കിടന്നതിന്റെ ആനുകൂല്യത്തില്‍ ബാബു കടലാസിലെ ഉപ്പെല്ലാം മേല്‍ക്കുമേലായി വിതറി. കാല് ഒന്നു വലിക്കുകപോലും ചെയ്യാതെ സാറ് കിടന്നു. ബാബുവിന് അതിശയമായി.
"സാറിന് ഒന്നിന് പോണോ?" ബാബുവിന് സംശയമായി. വേണ്ടെന്ന് സാറ് കണ്ണടച്ചു.
"സാറെന്താണ് ആലോചിക്കുന്നത്?" നിലത്തും മടിയിലുമുള്ള തുണികളെല്ലാം പെറുക്കിക്കൂട്ടി ബാബു എഴുന്നേറ്റു.
"ഇതൊക്കെയൊന്ന് കത്തിച്ചിട്ടുവരാം" സാറ് അതിനും മിണ്ടിയില്ല.
അടുക്കളപ്പുറം തുറന്ന് മുറ്റത്തേക്കിറങ്ങി അലക്കുകല്ലിന്റെയടുത്തായി ബാബു തുണികള്‍ കൂട്ടിയിട്ട് കത്തിച്ചു. ബാബുവിന്റെ ഇടത്തേ തോളിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ഒരു കോഴിക്കോടന്‍ മാങ്ങ വീണു. പഴുത്തളുമ്പിയ മാങ്ങ വീണപാടെ പൊട്ടിയമര്‍ന്ന് അകത്തെ നാരുകള്‍ പുറത്തുചാടി.
ബാബു അതെടുത്ത് മണത്തുനോക്കി. കൊതിപ്പിക്കുന്ന ചുനക്കറമണം. തൊലിയടര്‍ത്തി വായിലേക്കിടാന്‍ നേരത്താണ് പുഴുക്കള്‍ തലപൊക്കിയത്. മാങ്ങയിലേം ചക്കയിലേം പുഴുവിനെ കളയുന്നവര്‍ അച്ഛനേയും അമ്മയേയും വയസ്സാന്‍കാലത്ത് നോക്കൂല. അമ്മ വന്ന് ബാബുവിന്റെ കരളില്‍പ്പറഞ്ഞിട്ട് ആകാശത്തേക്ക് പോയി. ബാബു മാങ്ങ അപ്പാടേ ഒരു കടികടിച്ചു.
സുധാകരന്‍ സാറിനോട് കുറച്ചധികം പഞ്ഞിയും ജംങ്ഷന്‍ വയലറ്റും വാങ്ങാന്‍ പറയണം. പഞ്ഞിയാണ് നല്ലത്, കത്തിച്ചില്ലേലും പറമ്പിന്റെ അറ്റത്തെവിടേക്കെങ്കിലും കൂട്ടിയിട്ടാല്‍ മതി. തുണി കത്തിത്തീരുംവരെ ബാബു വീടും പരിസരവും വീക്ഷിച്ചു.
ടൗണിലാണേലും കുറച്ചധികം സ്ഥലമുണ്ട്. ഒരു വീടിന്റെ ജനലുതുറന്നാല്‍ അടുത്തവീടിന്റെ ചുവരിന് മുട്ടുന്ന അവസ്ഥയില്ല. പത്തിരുപത് സെന്റുണ്ടാവും കണ്ടിട്ട്. മുറ്റം വരെ ടൈല്‍സാണ്. സാറിന് വീടെന്നൊക്കെ പറഞ്ഞാല്‍ പണ്ടേ ഒരു കാഴ്ചപ്പാടൊക്കെ ഉണ്ടായിരുന്നതാണ്. ബാബു തിരികെ പോയി കസേരയിലിരുന്നു.
"സാറേ ഈ കോണി കണ്ടപ്പോള്‍ എനിക്ക് നല്ല പരിചയം തോന്നി. വീടിന്റെ മുകള്‍ നിലയില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വെഷമടിച്ചുകാഞ്ഞത് ഓര്‍മണ്ടോ?"
"എരമംഗലത്ത്" സാറ് മിണ്ടി.
"അതന്നെ!"
"ആ പൊരേന്റെ കോണി തൊടങ്ങുന്നേടത്ത് കൈവരിയില്‍ ഒരു സിംഹത്തല കൊത്തിവെച്ചിട്ടുണ്ടായിരുന്നു. സാറ് അതിന്റെ കെട്ടുംമട്ടും നോക്കിപ്പിടിച്ചമാതിരിത്തന്നെ ദാ ഇവിടെ കോണി തുടങ്ങുന്നേടത്ത് ഒരു സിംഹത്തല"
"വീട് ഭംഗിയില്‍ ഒരുങ്ങി നില്‍ക്കണം എന്നെനിക്ക് വല്യ തിട്ടമാ ബാബു. നമ്മള് ഒരു വീടിന്റെ അകത്തേക്ക് കയറുന്നേല്‍ കൊള്ളയോ കൊലയോ നടന്നിട്ടുണ്ടാവല്ലോ. അതിനെടേലും ആ വീട്ടിലെ ഒരു പ്രത്യേകത എന്തെങ്കിലും എന്റെ കണ്ണ് കണ്ടുപിടിക്കും."
"മുറ്റത്തെ ആ ചെറിയ ആമ്പല്‍പ്പൊയ്കയില്ലേ, അത് ഞാന്‍ ഒരുവയസ്സുകാരി കുളിമുറിയിലെ ബക്കറ്റില്‍ മുങ്ങിമരിച്ച വീട്ടില്‍ കണ്ടതാണ്."
"അതിലിപ്പോ ആമ്പലും താമരേമൊന്നുമില്ല, പായല് പിടിച്ച് പച്ചക്കളറായിട്ടുണ്ട്" ബാബു പറഞ്ഞു.
"താമര വിത്ത് ഓണ്‍ലൈനില്‍ വാങ്ങാന്‍ കിട്ടും. നിനക്ക് നേരം കിട്ടുമ്പോള്‍ അതൊന്ന് വൃത്തിയാക്ക്. മക്കള് വിളിക്കുമ്പോള്‍ നമുക്ക് ഓഡറ് ചെയ്യിപ്പിക്കാം."
"മക്കള് വിളിക്കുമ്പോ എന്റെ മൂത്തമോളുടെ കാര്യം സാറ് പറേണേ."
"നീയവളെക്കൊണ്ട് പാസ്പോര്‍ട്ട് എടുപ്പിക്ക് ബാബു."
മക്കള്‍ക്ക് ഒന്നുവന്ന് കണ്ടൂടായിരുന്നോ എന്ന് ചോദിക്കാന്‍ ബാബുവിന് തോന്നിയെങ്കിലും മിണ്ടിയില്ല. മൂത്തവള്‍ അക്കരെയെത്തുംവരെ അപ്രിയമൊന്നും കാട്ടരുത്.
"ബാബു നിന്റെ കഞ്ഞി തണുത്താറും."
"അതിനി കുടിക്കാന്‍ മൂഡില്ല സാറേ. സുധാകരന്‍ സാറ് വരട്ടെ, വേറെ എന്തേലും നോക്കാം."
ഉപ്പുപൊത്തിയ ഭാഗം ബാബു പതുക്കെ തുറന്നുനോക്കി. ഉപ്പെല്ലാം അലിഞ്ഞ് വെള്ളമായി ഒഴുകിപ്പോയി. അടുത്ത അടവും കൊണ്ടുവാ, നമ്മക്ക് നോക്കാം എന്ന മട്ടില്‍ പുഴുക്കള്‍ ബാബുവിനെ നോക്കി ഇളിച്ചു. ബാബു സൂക്ഷിച്ചുനോക്കി. ഇത്രേം പവറുള്ള ജന്മങ്ങള്‍ തന്നെ! അടുത്ത പഴുപ്പ് പൊട്ടിക്കാനുള്ള ആവേശമൊക്ക പോകുന്നത് ബാബു തിരിച്ചറിഞ്ഞു.
"ചാവീച്ച കടിച്ചന്നേരം സാറിനൊരു ഡോക്ടറെ കണ്ടൂടായിരുന്നോ? റഷീദ് സാറ് പറഞ്ഞമാതിരി വല്ല കുത്തിവെപ്പുമുണ്ടായിരുന്നേല്‍ എടുത്തൂടായിരുന്നോ" സങ്കടം കൊണ്ട് ബാബു ചോദിച്ചുപോയി. ഇങ്ങനെയൊന്നും കിടക്കേണ്ട മനുഷ്യനല്ല.
"കാട്ടുതുളസി പറിച്ചുരച്ചാമതിയെന്ന് നീയല്ലേ ബാബു പറഞ്ഞത്?"
"അതിപ്പോ ട്രാക്കില്‍ ചിതറിക്കിടക്കുന്ന സാമാനങ്ങള് പെറുക്കിക്കൂട്ടുന്നതിനെടേല്‍ ഞാനെന്തെങ്കിലും വിളിച്ചുപറഞ്ഞതും വെച്ച് കാര്യമാക്കി നടക്കുമെന്ന് എനിക്കറിയോ. അല്ലേലും എന്റെ പഠിപ്പെന്ത്, സാറെവിടെ നിക്കുന്നൂന്നെങ്കിലും നോക്കണ്ടേ?"
"സത്യത്തില് ചാവീച്ചയെന്നൊരു സാധനം ഉണ്ടോ സാറേ? അന്ന് ഞാന്‍ വായില്‍ത്തോന്നിയ ഒരു പേരങ്ങ് പറഞ്ഞതല്ലാതെ..."
"ഉണ്ടെടാ ഫ്‌ളഷ് ഫ്‌ളൈ ഉണ്ട്. എറച്ചിതിന്ന് മക്കളെപ്പെറുന്ന സാധനമാണ്. റഷീദിനറിയാം."
"സാറിന് തോന്നുന്നതാ. ഇത് വേറെന്തോ പറ്റിയതാണ്. ആരോ ഒടിവെച്ചതാ. റഷീദ് സാറിനും വമ്പനൊരു ഓടി കിട്ടിയതാണ്."
"ഞാനിത് പണ്ടാരോ പറഞ്ഞപോലെ..." സാറ് ചുണ്ടുകള്‍ കടിച്ചുപിടിച്ചു.
"പണ്ടാരോ പറഞ്ഞതുപോലെ..." ബാബു പതുക്കെ പറഞ്ഞു.
സാറ് തൊണ്ടയമര്‍ത്തി. ബാബു അതിനിടയില്‍ രണ്ടുപഴുപ്പുകള്‍ കോമ്പസ്സിന്റെയും ഡിവൈഡറിന്റെയും സാരിപ്പിന്നിന്റെയും സഹായത്തില്‍ തുറന്നുവിട്ടു.
/filters:format(webp)/indian-express-malayalam/media/media_files/2025/06/27/shabitha-story-puzhupp-4-2025-06-27-21-29-24.jpg)
വൈകുന്നേരം സുധാകരന്‍ സാറ് വന്നു. ഒരു കുപ്പി ജന്‍ഷന്‍ വയലറ്റും കുറേ പഞ്ഞിയും ബാബു പറഞ്ഞ പശുവിന്റെ മൂക്കിലൊഴിക്കുന്ന മരുന്നും കവറില്‍ നിന്നെടുത്ത് മേശപ്പുറത്ത് വെച്ചു. ഗ്ലൗസിന്റെ ഒരു കവര്‍ ബാബു കാണത്തന്നെ വെച്ചു. ബാബു പറയാതെ തന്നെ ഡെറ്റോളും സ്പിരിറ്റും ഹാന്‍ഡ് വാഷും സുധാകരന്‍ സാറ് വാങ്ങിയിരുന്നു.
"ഇവനൊന്നും തിന്നിട്ടില്ല സുധാരാ." ഷണ്‍മുഖന്‍ സാറ് സങ്കടം പറഞ്ഞു.
"അവനൊക്കെ വയറ് കാഞ്ഞ് നല്ല ശീലാണ് സാറേ. നമ്മളെപ്പോലെ നേരം തെറ്റിയാല്‍ തലചുറ്റുകയൊന്നുമില്ല."
"സാറ് നല്ല വെട്ടലായിരുന്നു. നാളേം പൊതിച്ചോറ് തന്നെ മതിട്ടോ." ബാബു സുധാകരന്‍ സാറിനെ നോക്കി ഉറക്കെ ചിരിച്ചു. രണ്ടുസാറന്മാരും ചിരിച്ചില്ല.
ബാബു ജന്‍ഷന്‍ വയലറ്റ് തുറന്ന് പഞ്ഞിയില്‍ മുക്കി തൊലിയുയര്‍ത്തിവെച്ച് പഴുപ്പിലൊന്നില്‍ തേച്ചു. സുധാകരന്‍ സാറ് കാണെത്തന്നെ തള്ളവിരലും ചൂണ്ടുവിരലും പഴുപ്പിന്റെ രണ്ടരികത്തും വെച്ച് അമര്‍ത്തി ഞെക്കി. ഷണ്‍മുഖന്‍ സാറ് വാവിട്ട് കരഞ്ഞു. ഓട്ടച്ചാക്കിലൂടെ അരിമണികള്‍ പുറത്തേക്കുചാടുന്നതായി സുധാകരന്‍ സാറിന് തോന്നി.
താനെടുക്കുന്ന പണിയുടെ ആഴവും പരപ്പും ആത്മാര്‍ഥതയും കണ്ടല്ലോ എന്ന മട്ടില്‍ ബാബു പറഞ്ഞു "സാറേ ഷണ്‍മുഖന്‍സാറിനെയൊന്ന് പിടിക്ക്."
സുധാകരന്‍ സാറ് എവിടെപ്പിടിക്കണം എന്നറിയാതെ വിഷമിച്ചു. ഒരു കൈപ്പത്തിവെക്കാന്‍ സ്ഥലമില്ല. ചോര വരുന്നതുവരെ ബാബു ഞെക്കിപ്പിടിച്ചു. ഷണ്‍മുഖന്‍ സാറ് തുറന്ന വായ അടച്ചില്ല.
"സാറേ ആ പയ്യിന്റെ മരുന്നുതുറക്ക്" ബാബു വിളിച്ചുപറഞ്ഞു. സുധാകരന്‍ സാറ് അതനുസരിച്ചു.
ബാബു കുപ്പിയുടെ വായിലേക്ക് ഒരു പഞ്ഞിയാഴ്ത്തിയെടുത്തശേഷം പഴുപ്പില്‍ അമര്‍ത്തിപ്പൊത്തി. ഷണ്‍മുഖന്‍ സാറിന്റെ ശരീരം ആകെ വിറച്ചുതുള്ളി. ബാബു പിടിത്തം വിട്ട് ശ്വാസമെടുത്തു.
"ഇപ്പളാണ് ഞാനിത്തിരി ചോര കണ്ടത്" ബാബു ആരോടെന്നില്ലാതെ പറഞ്ഞു.
"ബാബൂ..." സുധാകരന്‍ സാറ് കോലായില്‍ നിന്നാണ് വിളിച്ചത്.
ഏതുമണമുള്ള ഹാന്‍ഡ് വാഷാണെന്നറിയാന്‍ ബാബു അതുപൊട്ടിച്ച് കുറച്ചുകൈകളിലാക്കി പൈപ്പിനുതാഴെ പിടിച്ചു. നാരങ്ങാപ്പുല്ലിന്റെ മണം
തന്നെ.
"ബാബൂ..." സുധാകരന്‍ സാറ് പിന്നെയും വിളിച്ചു.
ബാബു മുണ്ടില്‍ കൈ തുടച്ച് തിടുക്കത്തില്‍ കോലായിലെത്തി. സാറ് ഷര്‍ട്ടിന്റെ വലത്തേ കൈ തെറുത്തുകയറ്റി വെളിച്ചത്തേക്ക് പിടിച്ചു.
"ഇതെന്താണെന്ന് നോക്കെടോ"
ഓലപ്രമാണി പറ്റിപ്പിടിച്ചതുപോലൊരു കറുത്ത പരു. ബാബു പരുവിനുമേല്‍ തടവി, പതുക്കെ ഞെക്കി. സാറ് കൈ പിറകോട്ടു വലിച്ചു. ബാബു അനങ്ങാതെ സാറിനെത്തന്നെ നോക്കി.
പിന്നെ ചോദിച്ചു "സാറേ മക്കളൊക്കെ പീയംവിട്ടതാണോ?'*
സുധാകരന്‍ സാറ് ഒന്നുവിറച്ചു. പിന്നെ ഒന്നും മിണ്ടാതെ ചെരിപ്പിട്ട് ഇറങ്ങി നടന്നു. നാളെ രണ്ട് പൊതിച്ചോറ് കൊണ്ടുവരണേ എന്നു പറയണമെന്നുണ്ടായിരുന്നു ബാബുവിന്.
പദ സൂചിക
- ഓലപ്രമാണി-ഓലപ്രാണി
- അതിറ്റാൽ-അതുപോലത്തേത്
- പീയം വിടുക-പക്വതയെത്തുക
Read More: ഷബിതയുടെ മറ്റ് രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.