scorecardresearch
Latest News

അടക്കം-പുണ്യ സി ആർ എഴുതിയ കഥ

അവളെത്തന്നെ നോക്കിയിരിക്കവെ വേലൂഞ്ഞിനവളോട് സ്നേഹം പോലെ മനോഹരമായൊരനുഭൂതി തോന്നി. ഇതുവരേക്കും മറ്റൊരു പെണ്ണിനോടും മറ്റൊരാളോടും തോന്നാത്തത്…

അടക്കം-പുണ്യ സി ആർ എഴുതിയ കഥ

ശവം സംസ്കരിക്കുക എന്നത് ഒരു കലയാണ്. ഒരു കവി, കവിതയിലെ അവസാനത്തെ വരിയെഴുതി ചിലയേറെ കുത്തുകളിട്ട് അതവസാനിപ്പിക്കാതിരിക്കാൻ കാണിക്കുന്ന ജാഗ്രതയോടെ… ഒരു ഗായകൻ, മറന്നു പോയ പാട്ടിൻ്റെ വരികൾ അത് മറന്നു വച്ചിടത്തുനിന്നു തന്നെ ഓർത്തെടുക്കുന്ന സൂക്ഷ്മതയോടെ ചെയ്തു പോരേണ്ട ഒന്ന്.

ഒട്ടും മുഖപരിചയമില്ലാത്ത ഒട്ടേറെ മൃതശരീരങ്ങളെ സംസ്കരിച്ച മഹാനായ കലാകാരനാണ് വേലൂഞ്ഞ്. പേരോ ഊരോ ജാതിയോ ശ്വാസമോ ഇല്ലാത്ത എത്രയോ ശരീരങ്ങളെ വേലൂഞ്ഞ് കുളിപ്പിച്ചിരിക്കുന്നു. ശരീരങ്ങൾ, ചീഞ്ഞുനാറിയ ഉടുതുണികളിൽ നിന്നും അഴിച്ചെടുത്ത് യാതൊരു വികാരഭിനയവുമില്ലാതെ സസൂക്ഷ്മം അവയെ കുളിപ്പിച്ച്, തുടച്ച് വൃത്തിയാക്കി, നാട്ടിലെ സന്നദ്ധസംഘടനകൾ സംഭാവന നൽകിയ വിറക് കൊള്ളികൾ ശരീരത്തോട് ചേർത്ത് വച്ച് ശകലം മണ്ണെണ്ണയും തളിച്ച് തീ കൊടുക്കും.

എണ്ണ തൊട്ടുകൂട്ടിയിട്ട് കാലങ്ങളായ വരണ്ട തലമുടിയും രോമങ്ങളുമാണ് ആദ്യം കരിയുക. അപ്പൊഴുണ്ടാകുന്ന പെട്ടന്നണഞ്ഞു പോകുന്ന നനുത്ത മണം വേലൂഞ്ഞ് നെഞ്ചിൻകൂടിനകത്തേക്ക് വലിച്ച്കയറ്റും. മാംസം കരിയുമ്പോഴുള്ള കെട്ടനാറ്റം വേലൂഞ്ഞിന് ഓക്കാനമുണ്ടാക്കും. അതുകൊണ്ടുതന്നെ ഏറ്റവുമവസാനത്തെ രോമവും കരിഞ്ഞ് നാറ്റം പരക്കുമ്പോഴേക്കും വേലൂഞ്ഞ് ശവപ്പറമ്പീന്ന് വഴിയോരത്തേക്കിറങ്ങും. ചെറിയ തുരുമ്പിച്ച ഗേറ്റ് കടന്ന് ‘അജ്ഞാത മൃതശരീരങ്ങൾ ദഹിപ്പിക്കപ്പെടും’ എന്ന ബോർഡും താണ്ടി പുറത്തേക്കു കടക്കുമ്പോൾ ഇടക്കെല്ലാം അയാൾ ചെറിയ വിറയലോടെ തിരിഞ്ഞു നോക്കും. പൊള്ളലേറ്റ ശരീരം അലറിവിളിച്ചും കൊണ്ട് തൻ്റെ പുറകെ പ്രാണനുംകൊണ്ടോടി വരുന്നുണ്ടോയെന്ന്.

നാട്ടിലാകെ വസൂരിപൊന്തിയ കാലത്ത്, ദീനം വന്ന് ചത്ത ഉറ്റവരെയും ഉടയവരെയും കുറ്റിക്കാടുകളിലുപേക്ഷിച്ച് അവർക്കടുക്കിൽ ചെന്നൊന്ന് പൊട്ടിക്കരയാൻ പോലും ഭയന്ന് മനുഷ്യന്മാർ പെരക്കലൊളിച്ചിരിന്നു. വേലുഞ്ഞിൻ്റെ അപ്പൻ ചാമുണ്ണിയാണ് അന്ന് ചീഞ്ഞുനാറാൻ തുടങ്ങിയ ശവശരീരങ്ങൾ ഓരോന്നായി വലിച്ചും ഞരക്കിയും കൊണ്ടുവന്ന് തൻ്റെ ഇത്തിരി കൃഷിനിലത്തിട്ട് ദഹിപ്പിച്ചത്. പൊലയനും നായരും കെട്ടിപ്പിടിച്ച് കെടന്ന് കത്തുന്നത് കണ്ട് ചിലരെല്ലാം നെഞ്ചത്തടിച്ച് നെലോളിച്ചു. കൈതക്കൂട്ടത്തിലും മുളങ്കാട്ടിലും ഒളിച്ചിരുന്ന ഒടിയന്മാർ ചാമുണ്ണിയെ ഉന്നംവച്ച് തല്ലി. തല്ലി എല്ല് പൊട്ടിച്ചു.

punya c r , story , iemalayalam
കാർന്നോറ്റങ്ങളും പെണ്ണുങ്ങളും അത്തുംപുത്തും പറഞ്ഞ് നെലോളിച്ചും ചത്ത് നരകത്തീ ചെല്ലുന്നവരെയോർത്ത് വിലപിച്ചും നാലുപാടും പാഞ്ഞു. അവര്ടെയൊക്കെ പ്രാക്ക് കൊണ്ടാണ് പതിനാലാമത്തെ ശവത്തിന് തീ കൊളുത്തിയതിന് നാലാംനാൾ ചാമുണ്ണിക്ക് വസൂരിപൊന്തിയതും കൃത്യം എട്ടാംനാൾ ചാമുണ്ണി മരിച്ചതും. താൻ വിപ്ലവം സൃഷ്ടിച്ച മണ്ണിൽ തന്നെ ചാമുണ്ണിയുറങ്ങി. പിന്നീട്, മനുഷ്യനും മൃഗങ്ങളും ഒരുപോലെയടുക്കാനറച്ച ആ നിലം അവിടെ ദഹിപ്പിക്കപ്പെട്ട ഹൃദയങ്ങൾക്ക് മുളപൊട്ടാനുള്ള മണ്ണായി വേലൂഞ്ഞിൻ്റെ അപ്പൻ്റെ കാലത്തോളം അങ്ങനെ ഒഴിഞ്ഞ് കിടന്നു.

നാടിൻ്റെ നെഞ്ചത്ത് വെട്ടേറ്റതു പോലെ കിടക്കുന്ന റെയിൽവേ പാളത്തിൽ നിന്നാണ് വേലൂഞ്ഞ് ആദ്യമായി തലച്ചോറ് വറ്റിയ മനുഷ്യനെ കാണുന്നത്. വേലൂഞ്ഞിനന്ന് ഇരുപത് വയസ്സ്. കുറുകി കൂടിയ നാട്ടുകാരെ വകഞ്ഞുമാറ്റി വേലൂഞ്ഞ് ഏന്തി വലിഞ്ഞ് നോക്കി. പറയാൻ വന്നതെന്തോ പാതി വിഴുങ്ങിക്കിടക്കുന്ന വെളുത്തെല്ലിച്ച പള്ളചതഞ്ഞൊരു മനുഷ്യൻ. അടുത്തേതോ ദേശത്തു നിന്ന് മരണം തേടി പോന്ന മധ്യവയസ്കൻ. അയാൾ ആശിച്ചതുപോലെയോ അതിനെക്കാളുമോ ഭംഗിയായി അയാളതാ മരിച്ചു കിടക്കുന്നു.

“മാറിനിക്കിൻ ചെങ്ങായ്മാരേ…. പോലീസ് വന്നിട്ട് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടോകും. പിന്നെ കുടുമ്മക്കാര് വരണവരെ മോർച്ചറീ സൂക്ഷിക്കും. കൂട്ടത്തിലെ വെള്ളഷർട്ടിട്ട ചെറുപ്പക്കാരൻ വേലൂഞ്ഞിനേയും ആട്ടിയകറ്റി. അപ്പൻ കിടന്നിരുന്ന, ദ്രവിച്ചുതുടങ്ങിയ കട്ടിലിമ്മെ കമിഴ്ന്നും മലർന്നും കിടന്നിട്ടും വേലൂഞ്ഞിനന്ന് ഉറക്കം വന്നില്ല. പന്ത്രണ്ടേകാലിൻ്റെ ‘ഉദയനാട് എക്സ്പ്രസ്സ്’ ചൂളം വിളിച്ചപ്പോൾ മറ്റൊന്നുമാലോചിക്കാതെ വേലൂഞ്ഞ് കിടക്കപ്പായിൽ നിന്നെഴുന്നേറ്റ് ധൃതിയിൽ പുറത്തേക്കിറങ്ങി.

ആരോ റെയിൽ പാളത്തീന്നകറ്റിയിട്ട മൃതദേഹത്തിന് ചുറ്റും മൂന്നാല് ചെന്നായ്ക്കൾ തക്കം പാർത്ത് കിടക്കുന്നു. ശവംതീനി ഉറുമ്പുകളെ തട്ടിക്കളത്ത് വേലൂഞ്ഞ് സശ്രദ്ധം ആ ശവശരീരം പൊക്കിയെടുത്ത് തോളിലിട്ടു. ശവവും പേറി പാടവരമ്പിലൂടെ നടക്കുമ്പോൾ, അടിവയറ്റിനുള്ളിൽ രണ്ട് നെൽച്ചെടികൾ വിരിഞ്ഞുവന്ന സുഖം തോന്നി അയാൾക്ക്.

അപ്പൻ്റെ കാലശേഷം ധൈര്യത്തോടെ താൻ കയറിച്ചെന്ന് കുറ്റിക്കാട് വെട്ടിത്തെളിച്ച പറമ്പിൽ കൊണ്ടുവന്ന് കിടത്തി, ശരീരത്തിൽ നിന്ന് ഉടുപ്പുകൾ വിടുവിച്ചു. പൂർണ്ണനഗ്നനായൊരു മനുഷ്യൻ യാതൊരു ലജ്ജയുമില്ലാതെ തൻ്റെ മുന്നിൽ നീണ്ടുനിവർന്ന് കിടക്കുന്നത് കണ്ടമാത്രയിൽ വേലൂഞ്ഞൊന്ന് പതറി.

ശവശരീരം തുടച്ച് വൃത്തിയാക്കുമ്പോൾ, മുളച്ചു വന്ന നെൽച്ചെടികൾ അടിവയറ്റിൽ വച്ച്തന്നെ കതിരിട്ടതുപോലൊരു ആന്തലുണ്ടായി. വിറക് കൂട്ടി വച്ച് ശരീരത്തിന് തീകൊടുത്തപ്പോൾ വേലൂഞ്ഞിൻ്റെ ശരീരമാസകലം നെൽച്ചെടികൾ മുളപൊന്തുകയും അടുത്ത മാത്രയിലത് കതിരിടുകയും ചെയ്തു. ജീവിതത്തിൽ, ജീവിതത്തിലാദ്യമായി അത്രയും മനോഹരമായൊരു കർമ്മം ചെയ്തു തീർത്ത സംതൃപ്തിയിൽ വേലൂഞ്ഞ് പൊട്ടിക്കരഞ്ഞു. മരണത്തിനും ആന്മാവിന്റെ ജനനത്തിനും ഇടക്കുള്ള നിശ്ചലതയെ ഉടച്ചുകളഞ്ഞ സ്വസ്ഥതയിൽ അന്ന് വേലൂഞ്ഞുറങ്ങി.

 

punya c r , story , iemalayalam
പിറ്റേന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വേലൂഞ്ഞിൻ്റെ വീടിന് മുന്നിൽ പോലീസ് ജീപ്പ് പ്രത്യക്ഷപ്പെട്ടു. ഷേവ് ചെയ്യുന്നതിനിടയിൽ മീശപാതി മുറിഞ്ഞുപോയ പോലീസുദ്യോഗസ്ഥൻ തൊട്ടപ്പുറത്തെ പറമ്പ് ചൂണ്ടിക്കാണിച്ച്കൊണ്ട് ചോദിച്ചു. “നീയാണോടാ റെയിൽവേ ട്രാക്കിൽ പാതി ചതഞ്ഞ നിലയിൽ കിടന്നിരുന്ന ശവശരീരം ഈ പറമ്പിൽ കൊണ്ടുവന്ന് കത്തിച്ചത്?”

“അതെ…”

പെട്ടന്നുവന്ന മറുപടിയിൽ ശൗര്യംകൊണ്ട പോലീസുകാരൻ കനപ്പിച്ച ഒച്ചയോടെ ആജ്ഞാപിച്ചു.

“പ്ഫാ…. നായീൻ്റെ മോനെ! വണ്ടീലോട്ട് കേറെടാ…”

അന്നത്തെ സ്റ്റേഷൻ സന്ദർശനത്തിന് ശേഷം വേലൂഞ്ഞും പോലീസുകാരും തമ്മിൽ പശുവും കൊക്കും തമ്മിലുള്ള ആത്മബന്ധം പോലൊന്ന് ഉടലെടുത്തു.

” ഡോ …… ഇനി മുതല് പോസ്റ്റ്മോർട്ടത്തിന് ശേഷവും അജ്ഞാതമായി തുടരുന്ന മൃതശരീരമെല്ലാം തനിക്ക് ദഹിപ്പിക്കാം. പോസ്റ്റ്മോർട്ടം ചെയ്യാനാകാത്ത നിലേലാണേൽ മറ്റൊന്നും നോക്കണ്ട നീ കൊണ്ടോയി കുഴിച്ചിടുകേ… കത്തിക്കുകേ ചെയ്തോ….. തൻ്റെ വിശപ്പും മാറും ഞങ്ങടെ ചൊറിച്ചിലും മാറും.”

അതിനുശേഷമാണ് ഒന്നൂടി ചെത്തിനിരപ്പാക്കിയ പറമ്പിനു മുന്നിൽ വേലൂഞ്ഞ് ‘അജ്ഞാത മൃതശരീരങ്ങൾ ദഹിപ്പിക്കപ്പെടും’ എന്ന ബോർഡ് വക്കുന്നത്.

അടച്ചുറപ്പില്ലാത്ത ഒറ്റമുറിപുരയിൽ ഒറ്റക്ക് ഉഷ്ണിച്ചും വിറച്ചും കലങ്ങിയും തെളിഞ്ഞും വേലൂഞ്ഞ് കഴിഞ്ഞു പോന്നു. വിശന്നപ്പൊഴൊക്കെയും അയാൾ പണിക്കു പോയി. പറമ്പു കിളച്ചു, ലോഡെടുത്തു, ആക്രിപെറുക്കി. കിട്ടുന്നത് തിന്നും കുടിച്ചുമയാൾ ശരീരത്തെ പോറ്റി. ഒട്ടുമിക്ക രാത്രികളിലും തൻ്റെ ശവപ്പറമ്പിലേക്കെത്തപ്പെടുന്ന മൃതശരീരങ്ങൾക്ക് തീ കൊടുക്കുമ്പോൾ മാത്രം അയാൾക്ക് താൻ ജീവിക്കുന്നതായനുഭപ്പെട്ടു. അയാൾ സ്വയമാശ്വസിച്ചു. തൃപ്തിപ്പെട്ടു. തൻ്റെ പ്രവൃത്തിയിലയാൾ നിവൃതി പൂണ്ടു.

ആകാശൂം ഭൂമീം കരിവാളിച്ചു കിടക്കുന്നൊരു രാത്രി. തല നിറച്ചും പഞ്ഞിക്കാടുള്ള മഞ്ഞുകട്ടപോലുറഞ്ഞൊരു തള്ളയെ ദഹിപ്പിച്ച് നടുനിവർന്നതേയുള്ളൂ വേലൂഞ്ഞ്. പുരയിലേക്ക് നടക്കുമ്പൊ, തനിക്കാരുമില്ലല്ലോ എന്ന് വിങ്ങിവിങ്ങി ഒടുക്കത്തെ ശ്വാസമെടുക്കണേന് മുമ്പെ മരിച്ചു പോയൊരു തള്ളയാവണം അത്  എന്നയാൾ ദീർഘമായി നിശ്വസിച്ചു.

ചിതയിലെ കനൽച്ചൂട് എരിഞ്ഞില്ലാതാകുന്നതുമറിഞ്ഞ് പുറത്തെ കട്ടിലീമ്മെ മലർന്നു കിടക്കുകയായിരുന്ന വേലൂഞ്ഞ്, ഏതാനും കൊടിച്ചിപ്പട്ടികളുടെ ദയനീയമായ ഓരിയിടലിൽ തട്ടിതടഞ്ഞെഴുന്നേറ്റു. കയ്യിലെ ടോർച്ച് നീട്ടിയടിച്ചുകൊണ്ട് അയാൾ ഇടത്തോട്ടു നടന്നു. വേലുഞ്ഞിൻ്റെ വെട്ടം ശവപ്പറമ്പിലെ ഇരുട്ടിനെ വെട്ടിക്കീറി ചുറ്റിലും പരതി. ഉള്ളീന്ന് പൂട്ടിയിട്ട ഗേറ്റിൽ ചാരിയിരിക്കുന്ന ഒരു രൂപത്തിൻ്റെ പുറകുവശത്ത് തറച്ചുനിന്നു. വേലൂഞ്ഞോടി ചെന്ന് നോക്കി. പെണ്ണിൻ്റെ ആകൃതിയിലുള്ള രൂപം. ഗേറ്റ് തുറന്നതും ആ രൂപം മലർന്നടിച്ച് ശവപ്പറമ്പിലേക്ക് വീണു!

punya c r , story , iemalayalam
നീളൻമുടിയുളള, ഇരുണ്ട്മെലിഞ്ഞ് വലിയ പൊട്ടുകുത്തിയ ഒരു പെണ്ണ്. കാഴ്ച്ചയിൽ മുപ്പത് മുപ്പത്തഞ്ചു വയസ്സുകാണും. മുഷിഞ്ഞ കോട്ടൺ സാരിയിൽ, ആരെയോ കെട്ടിപ്പിടിക്കാനെന്നവണ്ണം കൈകൾ വിടർത്തിവച്ച് കുഴഞ്ഞു തൂങ്ങിയവൾ കിടക്കുന്നു. വേലൂഞ്ഞൊരുമാത്ര പരിഭ്രമിച്ചു. എപ്പൊഴത്തേയും പോലെ മുന്നിലുള്ള മനുഷ്യന് ജീവൻ ശേഷിക്കുന്നുണ്ടോയെന്നയാൾ പരിശോധിച്ചു. വേലൂഞ്ഞിൻ്റെ വലത്തേകൈ ആദ്യം അവളുടെ മൂക്കിൻ തുമ്പിലേക്കും പിന്നെയവളുടെ ഇടം നെഞ്ചിലേക്കും നീണ്ടു. ശ്വാസമില്ല. തുടിപ്പുമില്ല.

വേലൂഞ്ഞവളെ താങ്ങിയെടുത്ത് ശവപറമ്പിലോട്ട് കയറ്റികിടത്തി ഗേറ്റ് താഴിട്ട് പൂട്ടി. മരണപ്പെട്ടന്നുറപ്പിച്ച ശേഷം ഉറ്റവരുപേക്ഷിച്ച് പോയ മനുഷ്യശരീരങ്ങൾ ‘അജ്ഞാത മൃതദേഹങ്ങൾ ദഹിപ്പിക്കപ്പെടും’ എന്ന ബോർഡിനുകീഴെയിരിക്കുന്നത് പതിവുകാഴ്ച്ചയാണ്. ഒട്ടധികവും മെയ്യും മനസ്സും ചുളിഞ്ഞവർ. ജീവിച്ചിരുന്നപ്പൊഴേ തങ്ങളുപേക്ഷിക്കപ്പെട്ടത് മരിച്ചവർക്കറിയാമെന്ന കാര്യം ഉപേക്ഷിച്ചു കടന്നുകളഞ്ഞവർക്കറിയില്ലല്ലോ.

തനിക്ക് ദഹിപ്പിക്കാനുള്ളൊരു മൃതശരീരത്തെ നോക്കിനിൽക്കെ വേലൂഞ്ഞിനാദ്യമായി ഭയം തോന്നി. ഇനിയും ജീവനറ്റിട്ടില്ലാത്ത അവളുടെ മുഖം അയാളെ വീർപ്പുമുട്ടിച്ചു. അയാളൊരു നിമിഷം ‘ പോലീസിനെ വിളിച്ചാലോ ‘ എന്ന് ശങ്കിക്കുകയും പലതും ചിന്തിച്ച് ചിന്തിച്ച് ‘അതേതായാലും വേണ്ട’ എന്ന തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു.

വേലൂഞ്ഞവളുടെ പക്കലിരുന്നു. കുന്തിച്ചിരിക്കുമ്പോൾ കാൽവിടവിലൂടെയുള്ള തൻ്റെ നഗ്നത മറച്ചു പിടിക്കാനെന്നോണം അയാൾ ഉടുമുണ്ട് വലിച്ചു താഴ്ത്തി. ശ്രദ്ധയോടെ, അവളുടെ നീളൻമുടി ചുരുട്ടി കെട്ടി. അവളെ ദഹിപ്പിക്കാനുള്ള വിറകെടുക്കുന്നതിനായി പറമ്പിനു മൂലയിലേക്ക് നടക്കുമ്പോൾ ആരോ പുറകീന്ന് വിളിച്ചതായി വേലൂഞ്ഞിന് തോന്നി. അയാൾ പൊടുന്നനെ തിരിഞ്ഞു നോക്കി. ഇല്ല ആരുമില്ല. അനക്കമില്ലാതെ അവളാകിടപ്പു തുടർന്നു. അല്ലേലും മരിച്ചവർക്കനക്കമുണ്ടാകില്ലല്ലോ. അയാൾക്ക് ജാള്യത തോന്നി.

താനാദ്യമായി ചുളിവുകളില്ലാത്തൊരു സ്ത്രീശരീരം ദഹിപ്പിക്കാൻ പോകുന്നുവെന്ന തിരിച്ചറിവിൽ അയാളൊന്ന് നടുങ്ങി. തെല്ല് ഭയന്നു. അവളുടെ ശരീരം കത്തിക്കുന്നതിനായുള്ള വിറകെടുക്കവെ വേലൂഞ്ഞിൻ്റെ കൈ കുഴഞ്ഞു.”അരുത്… അരുത് …” എന്ന് അതുവരേക്കും വേലൂഞ്ഞിനാൽ ദഹിപ്പിക്കപ്പെട്ടവരുടെ ആത്മാക്കൾ മൊഴിഞ്ഞു. വേലൂഞ്ഞ് നിസ്സഹായനായി തിരിച്ചുപോന്നു. ക്ഷണവേഗത്തിൽ മറ്റൊന്നുമാലോചിക്കാതെ അവളുടെ പാകത്തിനൊരു കുഴിയെടുത്തു. വേലൂഞ്ഞ് അവൾക്കരുകിൽ മുട്ടുകുത്തിയിരുന്നു.

“പെണ്ണുങ്ങൾ ഇത്രമാത്രം സുന്ദരികളായിരുന്നോ…” ജീവിതത്തിലാദ്യമായി അയാൾ ഒരു സ്ത്രീയെ ആശ്ചര്യത്തോടെയും ആരാധനയോടെയും നോക്കിയിരുന്നു. സ്നേഹത്തോടെ അവളുടെ തണുത്തതും മിനുസമാർന്നതുമായ കൈത്തലത്തിൽ തൊട്ടു. പെട്ടന്നവിടെമാകെ നിലാവു പരന്നതു പോലെ വേലൂഞ്ഞിനനുഭവപ്പെട്ടു. അവളെത്തന്നെ നോക്കിയിരിക്കവെ വേലൂഞ്ഞിനവളോട് സ്നേഹം പോലെ മനോഹരമായൊരനുഭൂതി തോന്നി. ഇതുവരേക്കും മറ്റൊരു പെണ്ണിനോടും മറ്റൊരാളോടും തോന്നാത്തത്. ഒരുവളുടെ അനുവാദമില്ലാതെ അവളുടെ നഗ്നത കാണുന്നത് ശരിയല്ല എന്ന് അയാൾക്കുള്ളിൽനിന്നാരോ മന്ത്രിച്ചു. അയാളതനുസരിച്ചു.

ഏറെനേരമവളെ നോക്കിയിരുന്നതിനു ശേഷം നേരം വെളുക്കുന്നതിനു മുന്നേ, ഉടുത്തിരിക്കുന്ന സാരി മാത്രമഴിച്ചെടുത്ത് അതിലവളെ മുഴുവനായും പൊതിഞ്ഞു കെട്ടി സൂക്ഷ്മതയോടെ അടക്കം ചെയ്യാം എന്ന തീരുമാനത്തിലെത്തിച്ചേർന്നു. നിലാവിൽ ചാരനിറത്തിലായി കാണപ്പെടുന്ന സാരിയഴിച്ചെടുക്കുമ്പോൾ വേലൂഞ്ഞിൻ്റെ കൈ വിറച്ചു. ഉള്ളൊന്ന് ആളി. ഉന്തിയ മാറിടങ്ങൾ, ചുളിവുകളുള്ള വയർ, കറുത്ത മറുകുള്ള നനുത്ത കഴുത്ത്. അവളുടെ ഇരുണ്ട അരക്കെട്ടിലെ പാവാടയിൽ നിന്നും സാരി പൂർണമായും വിടുവിക്കുമ്പോൾ വേലൂഞ്ഞ് അറിയാതെ കണ്ണിമ പൂട്ടി. അയാളറിയാതെ തന്നെ അയാളുടെ കൺപീലികളിൽ നനവുപടർന്നു.

അവളുടെ നെറ്റിയിലെ വലിയ പൊട്ടെടുത്തുമാറ്റുകയും ‘പൊട്ടുള്ളതാ ഭംഗി’ യെന്നോണം അത് അരുമയോടെ വീണ്ടും നെറ്റിയിലൊട്ടിക്കുകയും ചെയ്തു. അവൾ ചിരിച്ചോ? വേലൂഞ്ഞ് ഞെട്ടി. പ്രതീക്ഷയോടെയുറ്റുനോക്കി. മരിച്ചവർ ചിരിക്കാറില്ലല്ലോ, സാരിയിൽ പൊതിഞ്ഞുകെട്ടുമ്പോൾ, ഇതുവരെയുണ്ടാകാത്ത വിധം വേലൂഞ്ഞിൻ്റെ ഹൃദയം വിങ്ങി. അയാളിൽ അവ്യക്തമായൊരു വേദന തിളച്ചു.

punya c r , story , iemalayalam
കുഴിയിലേക്കെടുക്കുന്നതിനു മുമ്പ് വേലഞ്ഞവളോട് ഒന്നൂടെ ചേർന്നിരുന്നു. കാലങ്ങളായി തനിക്കേറ്റവും പ്രിയപ്പെട്ടവളായിരുന്നൊരുത്തി ചലനമറ്റു കിടക്കുകയാണെന്ന തോന്നലിൽ വേലൂഞ്ഞൊരുമാത്ര സ്തഭ്ധനായി. എത്ര തടഞ്ഞിട്ടും വേലൂഞ്ഞിൻ്റെ ഹൃദയം കരഞ്ഞുകൊണ്ടിരുന്നു. അയാളുടെ ചുണ്ട് അവളുടെ നെറ്റിയിലമർന്നു. വേലൂഞ്ഞാദ്യമായി ഒരു സ്ത്രീയെ സ്നേഹിച്ചു. ചുംബിച്ചു. അവളുടെ മരിച്ച ശരീരം സശ്രദ്ധം കുഴിയിലേക്കിറക്കി. മണ്ണിട്ടു മൂടുമ്പോൾ തനിക്ക് ശ്വാസം മുട്ടുന്നതുപോലെ കിതച്ചു.

നേരം വെളുക്കുന്നതു വരെയും വേലൂഞ്ഞവൾക്ക് കാവലിരുന്നു. ഇതുവരേക്കുമവിടെ പിറവി കൊണ്ട ആത്മാക്കളെല്ലാം വേലൂഞ്ഞിന് കാവലിരുന്നു. അവശേഷിച്ച നിലാവിനേയും നക്കിതുടച്ചുകൊണ്ട് സൂര്യപ്രകാശം ശവപറമ്പിലേക്ക് ചിതറിവീണു. നടന്നതൊന്നുമൊരു സ്വപ്നമല്ലെന്ന ബോധത്താൽ വിങ്ങിയും നീറിയും പുകയുന്ന ഹൃദയവും താങ്ങി വേലൂഞ്ഞ് ശവപറമ്പിലെ തുരുമ്പിച്ച ഗേറ്റ് തുറന്ന് പുറത്ത് കടന്നു. മുന്നിൽ തൂക്കിയ ‘അഞ്ജാത മൃതശരീരങ്ങൾ ദഹിപ്പിക്കപ്പെടും’ എന്ന ബോർഡെടുത്ത് കഴിയുന്നത്ര ദൂരേക്ക് വലിച്ചെറിഞ്ഞു. അയാൾക്ക് സങ്കടം വന്നു. കരഞ്ഞു. തനിക്കുതന്നെ നിർവചിക്കാനാവാത്തൊരു മാനസിക വിഭ്രാന്തിയിലേക്ക് വേലൂഞ്ഞ് ചുഴറ്റിയെറിയപ്പെട്ടു.

വേലൂഞ്ഞ് ധൃതിയിൽ എവിടെ നിന്നൊക്കെയോ കുറെ പനിനീർ ചെടികൾ പറിച്ചു കൊണ്ടുവന്നു. ആ സ്ത്രീയെ അടക്കം ചെയ്തിടത്ത് കുമ്പിട്ടിരുന്നു. ഒരു പൂച്ചെടിയെടുത്ത് അവളുടെ ഹൃദയത്തിൻ്റെ വക്കിൽ നട്ടുനനച്ചു. ശവപ്പറമ്പാകെ പനിനീർ ചെടികൾ നട്ടുവച്ചു.
മരിച്ചവരുടെ ഹൃദയങ്ങളെല്ലാം മുളപൊട്ടി. അതൊരു പൂങ്കാവനമായി. മതിലിനപ്പുറമുള്ള മനുഷ്യരൊന്നടങ്കം വലിയ പൂന്തോട്ടത്തേയും തോട്ടക്കാരനേയും നോക്കി വായപൊളിച്ചു. കണ്ണ്തുറിച്ചു. നാട്ടിലെ പൊടി പിള്ളേരെല്ലാം വേലൂഞ്ഞിനെ നോക്കി അതിശയം പൂണ്ടു. ചിത്രകഥയിലെ നായകനെന്നോണം ആരാധിച്ചു.

അയാളെല്ലായ്പ്പോഴും പൂന്തോട്ടത്തിനുള്ളിൽ കാവൽ കിടന്നു. കറുത്തിരുണ്ട രാത്രികളിൽ മാത്രം വലിയ പൊട്ടു തൊട്ടൊരു പെണ്ണ് വേരുകൾക്കിടയിൽ നിന്ന് കുടഞ്ഞെഴുന്നേൽക്കുകയും വേലൂഞ്ഞുറങ്ങുന്നതിനരുകിൽ വന്നിരിക്കുകയും ചെയ്തു. അവളുടെ കൺപീലികളിൽ മൺതരികളുണ്ടായിരുന്നു. അവളയാളെ പ്രണയത്തോടെ നോക്കിയിരുന്നു. അരുമയോടെ അയാളുടെ നെറ്റിമേൽ ചുംബിച്ചു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Punya cr short story adakkam