ജീവിതത്തെ മനോഹരമായ ഒരാഖ്യാനമായിക്കാണാനാണ് പുനത്തില്‍ കുഞ്ഞബ്ദുളള ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍ ജീവിതത്തെ ഒരുത്സവമായി രേഖപ്പെടുത്തി. സ്വന്തം ജീവിതത്തെയും ഒരുത്സവമായിക്കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. അഗാധമായ ജീവിതപ്രേമമാണ് പുനത്തത്തില്‍ സൂക്ഷിച്ചിരുന്നത്.

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ വെച്ചു നടന്ന പുനത്തില്‍ ദേശം എഴുത്ത് സെമിനാറില്‍ വെച്ചാണ് പുനത്തിലിനെ നേരിട്ട് കാണുന്നത്. ശിശുസഹജമായ നിഷ്‌കളങ്കതയും സ്‌നേഹമസൃണമായ പുഞ്ചിരിയുമായി പുനത്തിലിന്റെ സാന്നിദ്ധ്യം രണ്ടു ദിവസത്തെ സെമിനാറില്‍ ഉണ്ടായിരുന്നു. പുനത്തിലിന്റെ മരണവാര്‍ത്തയോടൊപ്പം ഓര്‍മ്മകള്‍ വീണ്ടും സ്മാരകശിലകളിലേയ്ക്ക് ഓടിക്കൊണ്ടിരുന്നു. ജനനത്തിനും മരണത്തിനും ഇടയില്‍ ഒരു ഇടവേളയായി, രണ്ടിനെയും പരസ്പരം ബന്ധിപ്പിയ്ക്കുന്ന ഒരഴിമുഖമായി പുനത്തില്‍ കാരക്കാട്ടെ ജീവിതം ചിത്രീകരിച്ചു. കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കി എന്നതല്ല, അനശ്വരമായ ചില കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റ വ്യത്യസ്താനുഭവങ്ങളെ രേഖപ്പെടുത്തി എന്നതുകൊണ്ടാണ് സ്മാരകശിലകള്‍ വായനക്കാരില്‍ എക്കാലത്തെയും ഓര്‍മ്മയായി അവശേഷിച്ചത്.തന്റെ അനുഭവമണ്ഡലത്തിനകത്തെ ജീവപരിസരത്തെ ആവിഷ്‌കരിയ്ക്കുക വഴി മലയാളസാഹിത്യത്തിലെ സവിശേഷമായൊരു പ്രതിനിധാനം സൃഷ്ടിയ്ക്കാന്‍ പുനത്തിലിനു കഴിഞ്ഞു.

പുരാതനമായ, ജീര്‍ണ്ണിച്ച ഒരു പള്ളിയും അതിന്റെ സമീപങ്ങളിലെ ജീവിതങ്ങളുമാണ് സ്മാരകശിലകളില്‍ കടന്നു വരുന്നത്. പള്ളിയുടെ സമീപങ്ങളിലായി വസിയ്ക്കുന്ന വൈവിധ്യം നിറഞ്ഞ സാഹചര്യങ്ങളിലുള്ള ഈ ജനതയെ ഒന്നിപ്പിയ്ക്കുന്നത് ഭാവനാത്മകമായി അവര്‍ ഉള്‍ക്കൊള്ളുന്ന ഒരേ ജീവലോകമാണ്. കേവലം ഒരു കന്മതിലിനാല്‍ വേര്‍തിരിയ്ക്കപ്പെടുന്ന അറയ്ക്കല്‍ തറവാടും പള്ളിപ്പറമ്പും വിരുദ്ധദ്വന്ദ്വങ്ങളാണ് യഥാര്‍ത്ഥത്തില്‍. ജീവിതത്തിന്റെ സകല ഭോഗങ്ങളും നിറഞ്ഞതാണ് തറവാട് എങ്കില്‍ മരണത്തിനെ നിരന്തരം ഓര്‍മ്മിപ്പിയ്ക്കുന്ന ഒന്നാണ് പള്ളിപ്പറമ്പ്. എന്നാല്‍ ഇവ തമ്മിലുള്ള വൈരുദ്ധ്യം പ്രകടമല്ലാതാവുന്നത് ഇവ ഒരേ ജീവലോകത്തിന്റെ ഭാഗമായിത്തീരുമ്പോഴാണ്. പള്ളിയും തറവാടും പ്രതിനിധാനം ചെയ്യുന്ന ജീവിത പരിസരങ്ങള്‍ രണ്ടും വേറിട്ടവയല്ല, പരസ്പരവിനിമയമുള്ളവയാണ്. ജീവിതവും മരണവും തമ്മിലോ ജീവിച്ചിരിയ്ക്കുന്നവരും മരിച്ചവരും തമ്മിലോ അകല്‍ച്ചയല്ല, പരസ്പര വിനിമയമാണ് സ്മാരകശിലകളിലെ ജീവലോകം സൂക്ഷിയ്ക്കുന്നത്. മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കുമിടയില്‍ അനുഭവത്തിലൂടെ മാത്രം ജീവിയ്ക്കുന്ന, ആനുഭവികമായി മാത്രം കാലത്തെ തിരിച്ചറിയുന്ന ഈ ജീവലോകം അപൂര്‍വ്വമായ ഒരനുഭമായിരുന്നു മലയാളിക്ക് നല്‍കിയത്.

punathil kunjabdulla, novel , soumya, smarakashilakal, died punathil kunjabdulla

മഞ്ചാടിക്കുരു നടക്കുന്നതു നോക്കിയും വലിയ തങ്ങളുടെ ഖബറില്‍ ചന്ദനത്തിരി കുത്തിയും വളരുന്ന കുട്ടികള്‍, മന്ത്രം കൊണ്ട് തീവണ്ടി നിര്‍ത്തിയ ആറ്റക്കോയത്തങ്ങള്‍, കൊറ്റിയുദിയ്ക്കുന്നതും ചന്ദ്രന്റെ മുഖത്തു നിഴല്‍ പരക്കുന്നതും നോക്കി സമയം നിര്‍ണ്ണയിയ്ക്കുന്ന ജീവിതങ്ങള്‍. ഇവയ്‌ക്കെല്ലാം പുറമെ നിശ്ചലത താളമാക്കിയ എറമുള്ളാന്‍ മുക്രി, സാന്നിദ്ധ്യം കൊണ്ട് അന്തരീക്ഷം ചലനാത്മകമാക്കിയ ഖുറൈശിപ്പാത്തു, പൂക്കുഞ്ഞീബി, പാലപ്പുരയിലെ മമ്മദ്ഹാജി, ഊരും നാടും അറിയപ്പെടാത്ത നീലി, വലിയ തങ്ങള്‍, പൂക്കുഞ്ഞീബിയുടെ കഥകളിലെ രാജകൂമാരി, അദ്രമാന്റെ കുതിര, ബാപ്പുക്കണാരന്റെ ഭാര്യ പൊക്കി, ബാപ്പുക്കണാരന്‍, പൂക്കോയ തങ്ങള്‍, കുതിരക്കാരന്‍ അദൃമാന്‍, അനുഭവങ്ങളുടെ തീക്ഷ്ണതയിലൂടെ ഒഞ്ചിയം കുന്നുകളിലേയ്ക്ക് യാത്രയാവുന്ന കുഞ്ഞാലി, പ്രൗഢിയോടെ കണ്ണിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂക്കോയത്തങ്ങള്‍ തുടങ്ങി ഓരോ കഥാപാത്രവും ജീവനോടെ എഴുന്നേറ്റു വരുന്നു. വിശദീകരിയ്ക്കാന്‍ കഴിയാത്ത പ്രതിഭാസമായ മരണത്തെ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ഈ ഭാവനാത്മക ജീവലോകം ശ്രമിയ്ക്കുന്നത്. ഇത്തരത്തില്‍ മരിച്ചവരുമായുള്ള ഒരു വിനിമയം ജീവലോകത്തിനുള്ളില്‍ സാധ്യമാക്കുന്നു.മരണം എന്ന അനുഭവത്തെ ജീവിതത്തിന്റെ വ്യത്യസ്തമായ രണ്ട് ഘട്ടങ്ങള്‍ക്കിടയിലുള്ള തുടര്‍ച്ച മാത്രമായിക്കാണുന്ന സ്മാരകശിലകളിലെ ജീവിതവീക്ഷണം മരണഭയമെന്ന പ്രതിഭാസത്തെ മിറകടക്കാന്‍ സഹായിക്കുന്നതാണ്. സ്വന്തം ജീവിതത്തില്‍ ഈ വീക്ഷണം സാധിച്ചതുകൊണ്ടാവാം അദ്ദേഹത്തിന് ജീവിതത്തെ ഇത്രമാത്രം
ഉത്സവമായാഘോഷിക്കാൻ കഴിഞ്ഞതും.

മലയാള സാഹിത്യത്തിനകത്തെ തികച്ചും വരേണ്യവും അധികാരാധിഷ്ഠിതവുമായ പ്രതിനിധാനങ്ങളെ പൊളിച്ചുകൊണ്ടാണ് പുനത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. വടകര എന്ന ദേശത്തെയും മുസ്‌ലിം ജീവിതപരിസരത്തെയും സാഹിത്യത്തിന്റെ അനശ്വര കേന്ദ്രത്തിനകത്തു പ്രവേശിപ്പിയ്ക്കാതിരിയ്ക്കാന്‍ കുഞ്ഞബ്ദുളളയുടെ രചനാ വൈഭവം അനുവദിയ്ക്കുമായിരുന്നില്ല. നോവലുകളായും ചെറുകഥകളായും അനുഭവക്കുറിപ്പുകളായും ഓര്‍മ്മകളായും ആ എഴുത്തുകള്‍ പടര്‍ന്നു.

ഓരോ മരണവും ഒരു തുടര്‍ച്ചയുടെ ആരംഭം മാത്രമാണ് എന്ന് സ്മാരകശിലകള്‍ സൂചിപ്പിയ്ക്കുന്നുണ്ട്. ഒരു ജീവലോകത്തിന്റെ തുടര്‍ച്ച തന്നെയായി തിരിച്ചറിയപ്പെടുന്ന മരണം പലപ്പോഴും ജീവിച്ചിരിയ്ക്കുന്നവര്‍ക്ക് തന്നിലേയ്ക്കു തന്നെ തിരിഞ്ഞു നോക്കാനുള്ള പ്രേരണയായിത്തീരുന്നുണ്ട്. കുഞ്ഞബ്ദുളളയും ആ തുടര്‍ച്ചയുടെ ഒഴുക്ക് മാത്രമാണ്.

 

 

തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ  ഗസ്റ്റ് അധ്യാപികയാണ്  ലേഖിക

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ