മനുഷ്യമിടിപ്പുകളെ തൊട്ടറിഞ്ഞ ചികിത്സകൻ മാത്രമായിരുന്നില്ല, ശരീരത്തിനപ്പുറമുളള മിടിപ്പുകളെ തൊട്ടെഴുതിയ സാഹിത്യകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുളള. രോഗകാരണങ്ങളിലേയ്ക്ക് ഹൃദയമിടിപ്പിനൊപ്പം എത്തിയ പുനത്തിൽ അതിനൊപ്പം മനസ്സിന്രെ അഗാധതലങ്ങളിലേയ്കും കടന്ന്, സർഗാത്മക സ്പന്ദനങ്ങളിലൂടെ മലയാളിയെ ആസ്വാദനത്തിന്രെ സ്വാസ്ഥ്യങ്ങളിലേയ്ക്കുളള മരുന്ന് നൽകി.

യാഥാർത്ഥ്യത്തെ അയഥാർത്ഥ്യമായും അയഥാർത്ഥ്യത്തെ യാഥാർത്ഥ്യമായും ചിത്രീകരിച്ച, കടത്തനാടൻ ഭാഷയുടെ സൗന്ദര്യം മലയാളസാഹിത്യത്തിനു പകർന്നു തന്നപ്പോൾ ഒരു ജീവലോകം കൂടിയാണ് അദ്ദേഹത്തിന്രെ മാജിക്കൽ റിയലിസത്തിൽ വിടർന്നത്.
പരിചയസമ്പന്നനായ ഡോക്ടർ കൂടിയായ പുനത്തിൽ രോഗികളിലൂടെയും രോഗങ്ങളിലൂടെയും നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനായിരുന്നു.
ഒരു ഡോക്ടർ തന്റെ രോഗികളേയും അതോടൊപ്പം തന്നെ രോഗാതുരമായ സമൂഹത്തെയും രോഗവിമുക്തനാക്കാനാണ് ശ്രമിക്കാറുള്ളത്. അതേപോലെ തന്നെയാണ് എഴുത്തുകാരനും/ കാരിയും. സമൂഹത്തെ കടന്നാക്രമിച്ച രോഗങ്ങളെ എഴുത്തിലൂടെ പ്രതികരിക്കാൻ അയാൾ/അവൾ ശ്രമിക്കുന്നു. രോഗം എന്നത് ശാരീരികമായി മാത്രം ബാധിക്കുന്ന ഒരവസ്ഥയല്ല. മറിച്ചത് മനസ്സിനെയും ബാധിക്കുന്നു. നമ്മുടെ മനസ്സിലെ ദുഷ്ചിന്തകളും ദുഷ്പ്രവണതകളുമെല്ലാം രോഗങ്ങൾ തന്നെയാണ്. അതിരുകവിയുന്ന എന്തും രോഗമോ രോഗലക്ഷണമോ ആയിത്തീരുന്നു. സംസ്‌കാരവ്യവസായത്തിന്റെ ദിനങ്ങളിൽ കച്ചവട സംസ്ക്കാരം സമൂഹത്തെ മുഴുവൻ പകർച്ചവ്യാധിപോലെ നശിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇവയെല്ലാം ഒരുതരത്തിൽ പറഞ്ഞാൽ രോഗങ്ങൾ തന്നെയാണ്. ഇത്തരം രോഗാതുരമായ സമൂഹത്തിന്റെ വിവിധ മുഖങ്ങളെയാണ് തന്റെ പ്രശസ്തമായ ‘മരുന്ന്’ എന്ന നോവലിലൂടെ പുനത്തിൽ ആവിഷ്കരിക്കുന്നത്.

‘മരുന്ന്’ എന്ന നോവൽ പുനത്തിൽ സ്വന്തം തട്ടകത്തിൽ നിന്നുകൊണ്ട് രചിക്കപ്പെട്ട ഒന്നായിരുന്നു. ആശുപത്രി പശ്ചാത്തലത്തിൽ ഡോക്ടറും നഴ്‌സുമാരും രോഗികളും അടങ്ങുന്ന ലോകത്തിന്റെ കലങ്ങിമറയലുകൾ നർമ്മത്തിൽ ചാലിച്ചു പുനത്തിൽ എഴുതിയിട്ടുണ്ട്. മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ധാരാളം ആവിഷ്ക്കരണ സാധ്യതകളടങ്ങുന്ന ജീവിതമേഖലയാണിത്. ഇതിലേക്ക് വെളിച്ചം ചൊരിഞ്ഞ ചുരുക്കം ചില എഴുത്തുകാരുടെ കൂട്ടത്തിൽ ശ്രദ്ധേയനാണ് പുനത്തിൽ.

പ്രത്യേകമായൊരു നൂലിഴ പിന്തുടർന്ന് പോകുന്ന നോവലല്ല മരുന്ന്. ദേവദാസ് എന്ന കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് പുനത്തിൽ കഥ അവതരിപ്പിക്കുന്നത്. എന്നാൽ നോവലിലൂടെ ഏറെ ദൂരം സഞ്ചരിക്കുമ്പോൾ ഈ കഥാപത്രത്തിന്റെ അസ്തിത്വം ഇല്ലാതാകുന്നതായി കാണാം. പുരാവൃത്തത്തിന്റെ പ്രതീതി ജനിപ്പിച്ചുകൊണ്ട് ഒരു ഗ്രാമത്തിൽ മഹാമാരി മരണം വിതയ്ക്കുന്നതിന്റെ ചിത്രത്തോടുകൂടിയാണ് നോവൽ തുടങ്ങുന്നത്. അതിൽ പിന്നെ മരണം വിട്ടുമാറാതെ നോവലിനെ പിന്തുടരുന്നു. പലതരത്തിൽ മരണം നോവലിൽ കടന്നുവരുന്നുണ്ട്.. നോവലിന്റെ നാലാം അധ്യായത്തിൽ മധ്യയുഗത്തിലെ പെയിന്റിങ്ങുകളിൽ സാർവത്രികമായി കാണുന്ന ഡാൻസ് ഓഫ് ഡെത്തിനെ ഓർമ്മിപ്പിക്കുന്ന മട്ടിൽ പ്രത്യക്ഷപ്പെടുന്ന കാഡവർ ടാങ്കിലെ നൃത്തം വയ്ക്കുന്ന ശവശരീരങ്ങൾ അതിന്റെ സന്ദേശം ഏറ്റു പറയുന്നു. ഡോക്ടർ തന്റെ ധർമ്മം മറന്നു സ്വാർത്ഥതയ്ക്കായി എന്തും ചെയ്യുമെന്ന തരത്തിൽ മാറിപ്പോകുന്ന അവസ്‌ഥ ഭീതിതമായൊരു ചിത്രമായി മാറുന്നു. ഗോവർദ്ധൻ ആചാരി അത്തരത്തിൽ ഉള്ള ഒരു കഥാപാത്രമാണ്. അതുപോലെ അതേസമയം രോഗികളോട് അത്രയും സൗമ്യമായി ഇടപെടുന്ന ഡോക്ടറെയും ഇതിൽ പുനത്തിൽ അവതരിപ്പിക്കുന്നുണ്ട്.

punathil kunjabdulla , marunnu, novel ,revathi , punathil kunjabdulla death

പുനത്തിൽ കുഞ്ഞബ്ദുളള ഫൊട്ടോ: അജീബ് കൊമാച്ചി

ഡോക്ടർ എന്ന നിലയിൽ എഴുത്തുകാരൻ സാഹിത്യരംഗത്തു ഇടപെടുമ്പോൾ പ്രത്യേകമായ എന്തെങ്കിലും സവിശേഷതകൾ കൈവരുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഡോ. എ. ജെ. ക്രോനിന് എഴുതിയ ‘സിറ്റാഡിൽ ‘എന്ന നോവൽ ഡോക്ടറും സമൂഹവും തമ്മിലെ പ്രതിജ്ഞാബന്ധതയുടെ സന്ദേശം കൈമാറുന്നുണ്ട്. എന്നാൽ ‘പ്‌ളേഗ്’ എഴുതിയ കമ്യു ഈ വിഷയത്തിൽ ഏതൊരു ഡോക്ടറെക്കാളും മുന്നിലാണ്. അങ്ങനെ പരിശോധിക്കുകയാണെങ്കിൽ പുനത്തിൽ മരുന്നിന്റെ മണമുള്ള ധാരാളം കഥകളും എഴുതിയിട്ടുണ്ട്. ആശുപത്രി പരിസരം കടന്നുവരാത്ത കഥകളിൽ പോലും ഹൃദയമിടിപ്പ് അളക്കുന്ന സ്റ്റെതസ്കോപ്പ് പോലേ  ഡോക്ടറുടെ സൂക്ഷ്മവും സംശയം നിറഞ്ഞതുമായ ശ്രദ്ധ പതിയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ സമൂഹത്തിലെ വൈകൃതങ്ങളെയും മനുഷ്യമനസ്സിലെ ബഹുതര ചിന്തകളെയും അവയുടെ ധർമ്മാർമ്മം അളന്ന് മാറ്റി നിർത്താതെ, എഴുത്തുകാരൻ എന്ന നിലയിൽ പുനത്തിൽ തന്റെ നോവലുകളിൽ അവതരിപ്പിക്കുന്നതായി കാണാം..

തന്റെ നോവലിൽ ഒരു എഴുത്തുകാരന്റെയും ഡോക്ടറുടെയും ചികിത്സ എന്ന ധർമ്മത്തെ സസൂക്ഷ്മം പഠിക്കുന്ന, പ്രയോഗിക്കുന്ന ഒരു നോവലിസ്റ്റിനെ കാണാൻ സാധിക്കും.
ഒരർത്ഥത്തിൽ മരുന്നിന്റെ രചന പുനത്തിലിനെ സംബന്ധിച്ചിടത്തോളം സ്വയം കണ്ടെത്തലിന്റെ അർത്ഥ ധ്വനികളടങ്ങുന്ന ഒരു ചികിത്സയായിരുന്നു. ഡോക്ടർ എന്ന തൊഴിലിന്റെ അന്തസ്സത്തയെ മുൻനിർത്തിയുള്ള ധർമ്മാധർമ്മ വിചിന്തനമാണ് പുനത്തിൽ ഇതിലൂടെ അന്വേഷിക്കുന്നത്.

നിശ്ചിതമായൊരു സാമൂഹ്യ സന്ദർഭത്തിൽ വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ‘സ്മാരകശിലകൾ’ക്കാസ്പദം. പുനത്തിൽ വായനക്കാർക്ക് അത്രവേഗം പിടികൊടുക്കുന്ന എഴുത്തുകാരനല്ല. ഒരു തമാശ പൊട്ടിക്കുന്ന ലാഘവത്തോടെ അദ്ദേഹം ദുഃഖ സത്യങ്ങളെ എടുത്തുപ്രയോഗിക്കുന്നു. മറ്റു ചില അവസരങ്ങളിൽ ദുരന്തപൂർണ്ണമാകുന്ന ജീവിതാനുഭവങ്ങളെ ചെറു ചിരിയിലൂടെ നിസ്സാരമാക്കി തള്ളുകയും ചെയ്യുന്നു.
രോഗങ്ങൾ ഉണ്ടാക്കുന്ന മരുന്നുകളെയും മരുന്നുകൾ ഉണ്ടാക്കുന്ന രോഗങ്ങളെയും കുറിച്ചുള്ള അറിവായിരിക്കണം ഡോക്ടറെ ജനങ്ങൾക്കാരാധ്യനാക്കുന്നത്. മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്നതാകാം എഴുത്തുകാരനെ ആരാധ്യനാക്കുന്നത്. ഈ രണ്ടർത്ഥത്തിലും ആരാധ്യനാകുന്നു പുനത്തിൽ.

കണ്ണൂർ ബി എഡ് സെന്രറിലെ വിദ്യാർത്ഥിനിയാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook