Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ഗുർജ്ജറി ബാഗ്‌- പ്രിയ ജോസഫ് എഴുതിയ കഥ

അന്ന കരയണം, ചിരിയ്ക്കണം, കഴുത്തുറയ്ക്കണം, സാധാരണ കുട്ടികളെപ്പോലെ കൈകാലുകൾ അനക്കണം, എഴുന്നേറ്റിരിയ്ക്കണം, നടക്കണം… സ്കൂളിൽ ചേർന്ന് പഠിയ്ക്കണം, ഐവിലീഗ്‌ കോളജിൽ അഡ്മിഷൻ കിട്ടണം… എടുത്ത്‌ നിരത്തിവച്ചാൽ ഒരു മിനി ട്രയിനിന്റെ നീളത്തിൽ, ചെറുതിൽ തുടങ്ങി വലുതിൽ എത്തിനിൽക്കുന്ന ആഗ്രഹപ്പാവകൾ

priya joseph , story, iemalayalam

അന്നും അവളുടെ ദിവസം തുടങ്ങിയത്‌‌ രാവിലെ രണ്ടുമണിയ്ക്കാണ്‌. എന്നത്തേയുംപോലെ അന്നയുടെ ഓക്സിമീറ്ററിന്റെ പേടിപ്പിയ്ക്കുന്ന ശബ്ദമാണ്‌ അവളെ ഉണർത്തിയത്‌.

ചായ്ച്ചടുക്കി വച്ച മൂന്നാല് തലയിണകളിൽ ചാരിയിരുന്നാണ്‌ ‌ ജനിച്ചപ്പോൾ മുതൽ അന്ന ഉറങ്ങുന്നത്‌. ഗാഢനിദ്രയിലാകുന്ന അന്ന തലയിണയിൽനിന്ന് ഊർന്നുവീണ്‌ നീണ്ടുനിവർന്നുള്ള കിടപ്പിലാകുമ്പോഴേയ്ക്കും പ്രാണവായുവിനായുള്ള ആയാസം തുടങ്ങും. പ്രാണനുവേണ്ടിയുള്ള ഈ പിടച്ചിൽ ഒരു തരിപോലും ചോർന്നുപോകാതെ, കാലിൽ ഘടിപ്പിച്ചിരിയ്ക്കുന്ന വയറിലൂടെ കൃത്യമായി സഞ്ചരിച്ച്‌ മെഷീനിൽ എത്തി ചുവന്ന അക്കങ്ങളായി മാറി ‘എഴുന്നേൽക്കൂ, എഴുന്നേൽക്കൂ’ എന്നുള്ള മുറവിളിയാകുമ്പോൾ മീന ചാടിയെഴുന്നേൽക്കും.

അന്നയ്ക്കിപ്പോൾ മൂന്നു വയസ്‌. മീനയുടെ ഗർഭപാത്രം തകർത്ത് തരിപ്പണമാക്കി‌ പുറത്തേയ്ക്ക്‌ വന്ന‌വളാണ്‌. പ്രാണവായുവിനോട് അവൾ പ്രഖ്യാപിച്ചിരിയ്ക്കുന്ന സന്ധിയില്ലാസമരം അവിടുന്നേ തുടങ്ങിയതാണ്‌. പ്രസവയുദ്ധത്തിൽ തലച്ചോറിലെ കോശങ്ങൾ മുഴുവനുംതന്നെ നശിച്ച്‌ പരാജിതയായ ഒരു പോരാളിയെപോലെയാണ്‌ അന്ന തളർന്ന് കിടക്കുന്നത്‌. ബാക്കിയായ കുറച്ച്‌ കോശങ്ങൾ കൊണ്ട്‌ എങ്ങനെ കാര്യങ്ങൾ നടത്തണമെന്ന് കഴിഞ്ഞ മൂന്നു വർഷങ്ങളായി കണ്ണുകൾ ചിമ്മാതെ, കരയാതെ, ചിരിയ്ക്കാതെ,കൈകാലുകൾ അനക്കാതെ കിടന്ന് അവൾ ആലോചനയിലാണ്‌. അന്നയുടെ ഒരു ധൃതിയുമില്ലാത്ത ഈ ആലോചനകണ്ട്‌ അവൾ ഉറക്കമില്ലാത്തവളായി. ക്ലോക്കിന്റെ മണിക്കൂർ സൂചിയിലും നിമിഷസൂചിയിലും തൂങ്ങികിടന്ന് വട്ടം കറങ്ങുന്നവളായി.

അലാമിന്റെ ശബ്ദം കേട്ട്‌ ഞെട്ടിപിടഞ്ഞെഴുന്നേറ്റ ‌ മീന ഒറ്റചാട്ടത്തിന് അന്നയുടെ അടുത്തെത്തി… മുറിയിൽ അരണ്ട വെളിച്ചമുണ്ട്‌. ഓക്സിമീറ്ററിന്റെ മുകളിലുള്ള മ്യൂട്ട്‌ ബട്ടൺ ഞെക്കി ആ കാതടപ്പിയ്ക്കുന്ന ശബ്ദം ഇല്ലാതാക്കി. വായ പൊത്തിപിടിയ്ക്കപ്പെട്ട ഒരാൾ ശബ്ദം പുറത്തേയ്ക്ക്‌ വിടാൻ വെപ്രാളം കാണിയ്ക്കുന്നതു പോലെ ചുവന്ന അക്കങ്ങൾ ഓക്സിമീറ്ററിൽ അപ്പോഴും പരിഭ്രാന്തിയോടെ ചിമ്മികൊണ്ടിരുന്നു.

priya joseph , story, iemalayalam

അന്നയെ വാരിയെടുത്ത്‌ ഒരുകൈകൊണ്ട്‌ ദേഹത്തേയ്ക്ക്‌ ചേർത്തുപിടിച്ചു. മറുകൈകൊണ്ട്‌ തലയിണ ഒന്നുകൂടി ഫ്ലഫ്‌ ചെയ്ത്‌ നേരെ വച്ചിട്ട്‌ അവളെ അതിൽ ചായ്ച്ചിരുത്തി. മൂക്കിലും വായിലും ശ്വാസകോശത്തിലും നിറഞ്ഞ ദ്രവങ്ങൾ സക്ഷൻ മെഷീനിന്റെ നേർത്ത റ്റ്യൂബിട്ട്‌ വലിച്ചെടുത്തു. അത്രയും ചെയ്തപ്പോൾ തന്നെ ഓക്സിമീറ്ററിലെ ചുവന്ന അക്കങ്ങളുടെ പകപ്പ്‌ മാറി പച്ചപ്പ്‌ പരന്നു. മൂക്കിൽ വച്ചിരുന്ന ഓക്സിജൻ ക്യാനുല ചെവിയുടെ പിറകിൽ നിന്ന് പതിയെ എടുത്ത്‌ ഊരിമാറ്റിവച്ചു. വാഷ്ബേസിന്റെ അരികിൽ പോയി ടാപ്പ്‌ തുറന്ന് തണുത്തവെള്ളം കൈയിലെടുത്ത്‌ അവൾ മുഖത്തേയ്ക്ക്‌ ആഞ്ഞൊഴിച്ച്‌ കണ്ണിൽബാക്കിനിന്ന ഉറക്കത്തെ പടിയിറക്കി.

കട്ടിലിന്റെ വശത്തുള്ള മേശയിൽ മടക്കിവച്ചിരിയ്ക്കുന്ന കുഞ്ഞു ടവ്വലുകളിൽ നിന്ന് ഒരെണ്ണം എടുത്ത്‌ നനച്ച്‌ കൊണ്ടുവന്ന്‌ അന്നയുടെ മുഖവും കഴുത്തും മൃദുവായി തുടച്ചു തുടങ്ങി. അവളെ മുന്നോട്ടു ചായ്ചിരുത്തി, വിയർപ്പിൽ കുതിർന്നിരുന്ന ആ കുഞ്ഞുനെഞ്ചും പുറവും കൈകളും കക്ഷവും അതേ തുണികൊണ്ട്‌ തന്നെ പതിയെ തുടച്ചെടുത്തു. ഡയപ്പർ അഴിച്ചുമാറ്റി അവിടെയും നനഞ്ഞ തുണികൊണ്ട്‌ തുടച്ചുവൃത്തിയാക്കിയിട്ട്‌ പുതിയതൊരെണ്ണം എടുത്തുകെട്ടി. മൂന്നുവയസ്സിലും കൈകുഞ്ഞുപോലെ കിടക്കുന്ന ആ കുഞ്ഞുശരീരം മുഴുവൻ അവീനോ ക്രീം പുരട്ടിതടവി. അന്നയുടെ നനുത്ത കറുത്ത രോമങ്ങൾ ക്രീമിൽ ഒട്ടികുതിർന്നിരിയ്ക്കുന്നത്‌ അവൾ കണ്ടു.

അന്നയ്ക്ക്‌ തണുത്തുതുടങ്ങിയെന്ന് അവൾക്ക്‌ മനസ്സിലായി. ഡ്രസ്സർ ഡ്രോവർ തുറന്ന് അലക്കി മടക്കിവച്ചിരിയ്ക്കുന്നതിൽ നിന്ന് പുതിയ ഉടുപ്പെടുത്ത് വേഗം അവളെ ഇടുവിച്ചു. വായിൽനിന്നൊഴുകി വീഴുന്ന ഉമിനീരുകൊണ്ട്‌ ഉടുപ്പ്‌ നനയാതിരിയ്ക്കാൻ ഉടുപ്പിനുമീതെ ‘ഡാഡീസ്‌ ഏയ്ഞ്ചൽ’ എന്ന നീല അക്ഷരങ്ങൾ തുന്നിച്ചേർത്ത വെളുത്ത ബിബ് എടുത്ത്‌ കെട്ടി. വിരലുകൾകൊണ്ട് തല നന്നായിട്ടുഴിഞ്ഞ്‌ മുടി ചീകി രണ്ടുവശത്തേയ്ക്ക് പിന്നിയിട്ടു.

തലയിൽ വിരലുകൾക്കൊണ്ട് ഉഴിയുന്നത്‌ അന്നയ്ക്ക്‌ ഇഷ്ടമാണെന്ന് അവൾക്കറിയാം. അവളുടെ വേറെയും ചില ഇഷ്ടങ്ങൾ മീന ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. തല പതിയെ അമർത്തി തിരുമ്മാനും, മുടി ചീകി പട്ടുപോലെ മിനുസമുള്ളതാക്കാനും രാവിലെ ഒരു മുക്കാൽമണിക്കൂറെങ്കിലും അവൾ ചിലവഴിയ്ക്കും. ചൈനാടൗണിൽനിന്ന് ഇഷ്ടത്തോടെ വാങ്ങിവച്ചിരിയ്ക്കുന്ന കല്ലുവച്ച ചിത്രശലഭ ക്ലിപ്പെടുത്ത്‌ അന്നയുടെ മുടിപിന്നലിന്റെ ഇരുവശത്തുമുറപ്പിച്ച് കുറച്ച്നേരം അതിന്റെ ഭംഗി ആസ്വദിച്ചു.

priya joseph , story, iemalayalam

മുറിയിലേ മുഷിപ്പടയാളങ്ങളിൽ ചിലത്‌ കഴുകിത്തുടച്ചുവച്ചു. മറ്റ്‌ ചിലത്‌ അലക്കുപെട്ടിയിലിട്ടു. വേറെ ചിലത്‌ ചവറ്റുകുട്ടയിൽ കളഞ്ഞു. ഡ്രസ്സറിന്റെ മുകളിൽ വച്ചിരുന്ന ഫ്ലവർവേസിലെ പൂക്കൾ, ചവറ്റുകുട്ടയിൽ കളഞ്ഞ കൂട്ടത്തിൽ പെടും. പുതിയ പൂക്കളുടെ ദിവസം കൂടിയാണ്‌ ശനിയാഴ്ചകൾ.

ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞിട്ട്‌ അന്നയുടെ പാല്‌ തയ്യാറാക്കാൻ താഴെ അടുക്കളയിലേയ്ക്ക് നടന്നു. ലൈറ്റിടാതെ, കൈകൊണ്ട്‌ കൈവരി തപ്പിപിടിച്ച്‌, പൂച്ചയെപോലെ പതുങ്ങിയാണ്‌ ഗോവണിയിറങ്ങിയത്‌. മറ്റാരുടെയും ഉറക്കം കളയാതിരിയ്ക്കാനാണ്‌ ഈ ശ്രദ്ധ മുഴുവൻ.

വിഴുങ്ങാനുള്ള കഴിവേ അന്നയ്ക്കുണ്ടായിരുന്നില്ല. ഉമിനീരുപോലും. അവളുടെ കുഞ്ഞുവയറ് തുളച്ച്‌ മിക്കി ബട്ടൺ ഇട്ട്‌ ജി റ്റ്യൂബ്‌ വഴിയാണ്‌‌ പാൽ കൊടുക്കുന്നത്‌. അതുകൊണ്ടെന്താ! വായ, തൊണ്ട വഴി ചുറ്റികറങ്ങി പോകാതെ കുറുക്കുവഴി ചാടി നേരെ വയറിലേയ്ക്ക്‌ അന്നയ്ക്ക്‌ പാലെത്തും. അവൾക്കും സന്തോഷം, അന്നയ്ക്കും സന്തോഷം!

മീന കോഫീ മേയ്ക്കർ ഓണാക്കി.

ചെറുചൂടുവെള്ളത്തിൽ പാൽപ്പൊടി കലക്കി കുപ്പിയിലൊഴിച്ച്‌, അവൾക്കുള്ള കാപ്പി മഞ്ഞകപ്പിലെടുത്ത്‌,‌ ഇരുട്ടിൽ കാണുന്ന കൈകളുടെ സഹായത്താൽ തിരികെ ഗോവണി കയറി.

പാല്‌ ഫീഡിംഗ്‌ ബാഗിലൊഴിച്ചു. മഷീൻ പ്രവർത്തിപ്പിയ്ക്കുന്നതിനുമുൻപ്‌ എന്നും ചെയ്യുന്നതുപോലെ അന്നയെ എടുത്ത്‌ നെഞ്ചോട്‌ ചേർത്തു. അവളോട് കൊഞ്ചി വർത്തമാനം പറയാൻ തുടങ്ങി. ഒപ്പം നൈറ്റ്‌ ഷർട്ടിന്റെ ആദ്യ മൂന്നുബട്ടണുകൾ തുറന്ന് മുലഞ്ഞെട്ട്‌ അന്നയുടെ ചുണ്ടിൽ പതിയെ തിരുകികൊടുത്തു.

അന്ന ചിരിച്ചില്ല, കരഞ്ഞില്ല, ഒന്നും ചെയ്തില്ല, ആലോചനയിൽ തന്നെ കിടന്നു. അവളും ചിരിച്ചില്ല, കരഞ്ഞില്ല, ഒന്നും ചെയ്തില്ല, അന്നയെ നെഞ്ചോട്‌ ചേർത്ത്‌ കുറച്ചുനേരം കൂടി പ്രതീക്ഷയിൽ തന്നെ നിന്നു.

അന്ന വലിച്ചുകുടിയ്ക്കാത്ത പാഴ്‌നെഞ്ച്‌ നൈറ്റ്‌ ഷേർട്ടിന്റെ ഉള്ളിലേയ്ക്ക്‌ തന്നെ വീണ്ടും ഒളിപ്പിച്ചിട്ട്‌ അവൾ ഫീഡിംഗ്‌ മെഷീൻ ഓണാക്കി.priya joseph , story, iemalayalam

രാവിലെ കൊടുക്കുന്ന ഏഴുമരുന്നുകൾ ഓരോന്നൊരൊന്നായി സിറിഞ്ചിലെടുത്ത്‌ ഫീഡിംഗ്‌ റ്റ്യൂബിന്റെ സൈഡ്‌ റ്റ്യൂബിലൂടെ അന്നയ്ക്ക് കൊടുത്തു.

ഇത്രയും ചെയ്തുകഴിഞ്ഞപ്പോഴെയ്ക്കും എവിടെയെങ്കിലും ഒന്നിരിയ്ക്കണമെന്ന് തോന്നി.‌ അന്നയുടെ തലയണയുടെ ഒരരികുപറ്റി കിടക്കയുടെ ഇടതുവശത്ത്‌ അവളിരുന്നു. കൈയെത്തിച്ച്‌ കട്ടിലിന്റെ വശത്തുള്ള മേശയിൽ വച്ചിരുന്ന കാപ്പിയെടുത്ത്‌ പതിയെ മൊത്തികുടിയ്ക്കാൻ തുടങ്ങി.

ഏതെങ്കിലും ഒരു രാത്രി എല്ലാവരും ഉറങ്ങുന്ന സമയത്ത്‌ വലിച്ചുകുടിയ്ക്കാനുള്ള അന്നയുടെ കഴിവ്‌ അത്ഭുതകരമായി തിരിച്ചുവരുമെന്ന് അവൾ ഇപ്പോഴും ഉറച്ച്‌ വിശ്വസിയ്ക്കുന്നുണ്ട്‌. ചുണ്ടിന്റെ പിറകിൽ ഒളിപ്പിച്ച്‌ വച്ചിരിയ്ക്കുന്ന ചിരി പുറത്തുവരുമെന്നുള്ള പ്രതീക്ഷയും അവൾ കൈവിട്ടിട്ടില്ല. ന്യൂറോളജിസ്റ്റ്‌ ചെയ്യുന്നതുപോലെ സേഫ്റ്റിപിൻ കൊണ്ട്‌ അന്നയുടെ ചുവന്ന് തുടുത്ത കുഞ്ഞുപാദങ്ങളുടെ ഉള്ളിൽ കുത്തുമ്പോൾ തൊണ്ടയിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന പതറിയ മുരൾച്ച കരച്ചിലാണെന്നും ആരും പറയാതെതന്നെ അവൾക്കറിയാം.

റഷ്യൻ മട്രോഷ്ക പാവകളെപ്പോലെ ഒന്നിനൊന്നിൽ ഇറക്കിവച്ചിരിയ്ക്കുന്ന അന്നയെക്കുറിച്ചുള്ള ആഗ്രഹങ്ങളെല്ലാം ആ തലയിണയിൽ ചാരിയിരുന്നുകൊണ്ട്‌ അവൾ പതിയെ പുറത്തെടുത്തു.
അന്ന കരയണം, ചിരിയ്ക്കണം, കഴുത്തുറയ്ക്കണം, സാധാരണ കുട്ടികളെപ്പോലെ കൈകാലുകൾ അനക്കണം, എഴുന്നേറ്റിരിയ്ക്കണം, നടക്കണം… സ്കൂളിൽ ചേർന്ന് പഠിയ്ക്കണം, ഐവിലീഗ്‌ കോളജിൽ അഡ്മിഷൻ കിട്ടണം… എടുത്ത്‌ നിരത്തിവച്ചാൽ ഒരു മിനി ട്രയിനിന്റെ നീളത്തിൽ, ചെറുതിൽ തുടങ്ങി വലുതിൽ എത്തിനിൽക്കുന്ന ആഗ്രഹപ്പാവകൾ!

അതെല്ലാമെടുത്ത്‌ ക്രമമായി, മുന്നിൽ നിരത്തിവച്ച് ഒരു മടുപ്പുമില്ലാതെ, അതിലേയ്ക്ക്‌ നോക്കിയിരുന്നു. കുറച്ചുനേരംകൂടി അങ്ങനെ ഇരുന്നിട്ട്‌ അതെല്ലാം പെറുക്കിയെടുത്ത്, ഒന്നൊന്നിൽ ഇറക്കി ഭദ്രമായി അടച്ച് ഒഴിഞ്ഞ കാപ്പികപ്പ്‌ തിരികെ വച്ച കൂട്ടത്തിൽ വച്ചു.

അതിനുശേഷം എഴുന്നേറ്റ്‌ പോയി കുളിച്ച്‌, വസ്ത്രം മാറിയൊരുങ്ങി ജോണിനെ വിളിച്ചെഴുന്നേൽപിച്ച്‌ അന്നയെ ശ്രദ്ധിച്ചേക്കണേ എന്നു പറഞ്ഞിട്ട്‌ അല്ലറചില്ലറ സാധനങ്ങൾ വാങ്ങാൻ വാൾമാർട്ടിലേയ്ക്കിറങ്ങി.

priya joseph , story, iemalayalam

പച്ചക്കറിയും മറ്റു വീട്ടുസാധനങ്ങളും വാങ്ങാൻ അവൾ കടയിൽ പോകുന്നത്‌ ശനിയാഴ്ചകളിലാണ്‌.

അന്ന ഉണ്ടായതിനുശേഷം ജോണിന്‌ ഓഫീസ്‌ യാത്രകൾ കൂടുതലുണ്ടായിരുന്നു. അതിനുമുൻപും യാത്രകളുണ്ടായിരുന്നു. പക്ഷെ ഇത്രയും അടുപ്പിച്ചുള്ള യാത്രകൾ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പോയാൽ വെള്ളിയാഴ്ചയാണ്‌ ജോൺ തിരിച്ചെത്തുക. ജോൺ വരുന്ന വെള്ളിയാഴ്ചകളേക്കാൾ ശനിയാഴ്ചകളെയാണ്‌ ‌ അവൾ ഉത്സാഹത്തോടെ കാത്തിരിയ്ക്കുന്നത്‌. രാവിലെ അഞ്ച്‌ തൊട്ട്‌ എട്ട്‌ മണിവരെയുള്ള ആ മൂന്നുമണിക്കൂർ അവളുടെ മാത്രമാണ്‌.

അന്ന് മിനിവാൻ പാർക്കിംഗ്‌ ലോട്ടിലേയ്ക്ക്‌ കയറ്റുമ്പോൾ അവിടെ ഏറെക്കുറേ വിജനമായിരുന്നു. കൂടിവന്നാൽ ഒരു പത്തുപതിനഞ്ച്‌ വണ്ടികൾ അവിടിവിടെയായി ചിതറി കിടപ്പുണ്ട്.

വാൾമാർട്ടിന്റെ വിശാലമായ ആ പാർക്കിംഗ്‌ ലോട്ടിലെ ഒരു സ്പോട്ടിൽ അവൾ അവകാശം സ്ഥാപിച്ചിട്ടുണ്ട്‌.

ഈ ഭൂമിയിൽ ആർക്കും ഒന്നും അവകാശപ്പെടാനില്ല എന്ന് നല്ല ബോധം ഉണ്ടെങ്കിലും ചില കുഞ്ഞു കുഞ്ഞു അവകാശങ്ങളിലൂടെ ദിവസങ്ങളെ ഓടിയ്ക്കുമ്പോഴാണ്‌ ജീവിതത്തിന്‌ ഒരു എരിവും പുളിയും കിട്ടുന്നത്‌ എന്ന് അവൾക്ക്‌ നന്നായി അറിയാം.

കാറില്‌ സ്റ്റിയറിംഗ്‌, ബെഡ്ഡിൽ ഇടതുവശം, കാപ്പികുടിയ്ക്കാൻ നീളൻ മഞ്ഞ കപ്പ്‌! അക്കൂട്ടത്തിൽ കൂട്ടാവുന്നതാണ്‌ ആ പാർക്കിങ്ങേരിയായിലെ ഇടത്തേ അറ്റത്തേ ഏറ്റവും ഒടുവിലത്തേ ആ സ്പോട്ട്‌. വേറെ ആരുടെയെങ്കിലും വണ്ടി അവിടെ കിടക്കുന്നത്‌ കണ്ടാലേ മൂഡ് പോകും.

ആ സ്പോട്ട്‌ ആരും കൈയ്യടക്കിയിട്ടില്ലായെന്ന ആശ്വാസത്തിലാണ്‌ വണ്ടി സ്പീഡ്‌ കുറച്ച്‌ രണ്ടു മഞ്ഞ വരകളുടെ ഇടയിലേയ്ക്ക്‌ ഒതുക്കി കയറ്റിയത്‌.
എഞ്ചിൻ ഓഫ്ചെയ്ത്‌ താക്കോൽ മറക്കാതെ എടുത്ത്‌, എഴുതിവച്ചിരിയ്ക്കുന്ന ഗ്രോസറി ലിസ്റ്റ്‌ എടുത്ത്‌ ബാഗിലേയ്ക്കിട്ട് മിനിവാനിൽ നിന്നു് ഇറങ്ങുമ്പോൾ ഇരുട്ട്‌ രാവിലെത്തെ വെളിച്ചത്തോട്‌ യാത്ര പറയാൻ മടിച്ച്‌ നിൽക്കുന്നതുപോലെ തോന്നി.

‘മീനാ, അതുമിതും ആലോചിച്ച്‌‌ വണ്ടി പൂട്ടാതെ പോകരുത്‌ ട്ടോ,’ എന്ന് ഇന്നലെകൂടി ജോൺ പറഞ്ഞത്‌ ഓർത്ത്‌ താക്കോലിലെ ലോക്ക്‌ ബട്ടൺ രണ്ടുതവണ ഞെക്കി. അകത്ത്‌ ലോക്ക്‌ വീഴുന്ന ആ ശബ്ദം കേട്ടു എന്നുറപ്പായപ്പോൾ മുന്നോട്ട്‌ നടക്കാൻ തുടങ്ങി. ലോകം മുഴുവൻ സ്വപ്നം കണ്ട്‌ കിടക്കുമ്പോൾ അവരുടെ ഇടയിലൂടെ ഉറക്കത്തിന്റെ സകലകെട്ടും പൊട്ടിച്ചുള്ള നടപ്പ്‌ എത്ര സുഖം! അതിരാവിലത്തെ‌ പുതുവായു ഉള്ളിലേയ്ക്ക്‌ മൂന്നാല് തവണ ആഞ്ഞുവലിച്ച്‌ അത്യുത്സാഹത്തോടെയാണ്‌ കടയെ ലക്ഷ്യമാക്കി നടന്നത്‌.

priya joseph , story, iemalayalam

‘എന്റർ’ എന്നെഴുതിയിരിയ്ക്കുന്ന ആ വലിയ സ്ലൈഡിംഗ്‌ ഡോർ അവൾക്കുവേണ്ടി മാത്രം തുറക്കുന്നത്‌ അത്യാഹ്ളാദത്തോടെ നോക്കി നിന്നു. ‘ഓപ്പൺ സെസമീ’ എന്ന മാജിക്‌ വാക്കിൽ തുറക്കുന്ന ആലിബാബയുടെ ഗുഹാമുഖമായി മനസ്സിൽ വാൾമാർട്ട്‌ ആ ഒരൊറ്റ നിമിഷത്തിൽ.

രണ്ടുമണി സമയത്തെ വീടും, അഞ്ചുമണിനേരത്തെ വാൾമാർട്ടും ഒരുപോലെയാണെന്ന് അവൾക്ക്‌ തോന്നാറുണ്ട്‌. അവളാണ്‌‌, അവൾ മാത്രമാണ്‌ ആ സമയം രണ്ടിന്റെയും പൂർണ്ണാവകാശി! കടയിലപ്പോൾ മൈലുകളോളം നീണ്ട് കിടക്കുന്ന ഐലുകളും, ഷെൽഫുകളിൽ തിങ്ങിയടുങ്ങിയിരിയ്ക്കുന്ന സാധനങ്ങളും, അതിന്റെ മീതെ പുതപ്പ്‌ പോലെ കിടക്കുന്ന നിശ്ശബ്ദതയും മാത്രമേയുള്ളു. പിന്നെ ആ നിശ്ശബ്ദതയിൽ ചാരിനിന്ന് റോബോട്ടുകളെപോലെ സാധനങ്ങൾ ഷെൽഫിൽ അടുക്കുന്ന വിരലിലെണ്ണാവുന്ന അവിടുത്തെ ജോലിക്കാരും. അവൾക്ക്‌ വേണമെങ്കിൽ ആ നിശ്ശബ്ദ്ത ഭേദിയ്ക്കാം. ഡാൻസ്‌ കളിയ്ക്കാം, കാളരാഗത്തിൽ ഉറക്കെയുറക്കെ പാടാം, വീട്ടിൽ അമ്മുവും നിക്കിയും ചെയ്യുന്നത്‌ പോലെ ഓടി വന്ന് നിലത്ത്‌ കൈകുത്തി കരണം മറിയാം. എന്താ ഈ ചെയ്യുന്നതെന്ന് ഇവിടെ ഒരുത്തരും അവളോട്‌ ചോദിയ്ക്കില്ല. പക്ഷെ അവളത്‌ ചെയ്യില്ല. ശ്വാസംകിട്ടാതെ പിടയുന്ന എന്തോ ഒന്ന് എപ്പോൾ വേണമെങ്കിലും മുന്നിലേയ്ക്ക്‌ വന്ന്‌ വീണേയ്ക്കാമെന്നുള്ള ഒരു ജാഗ്രത അവളുടെ ഓരോ കാൽവെയ്പിലുമുണ്ട്‌.

അകത്തേയ്ക്ക്‌ കയറിയാൽ ആദ്യം തന്നെ കണ്ണിൽപ്പെടുന്നത്‌ വലതുവശത്ത്‌ നിരത്തിവച്ചിരിയ്ക്കുന്ന പൂക്കളാണ്‌. ആദ്യം പോകുന്നതും അങ്ങോട്ടേയ്ക്ക്‌ തന്നെ. ഇന്ന് ഏതു തരത്തിലുള്ള പൂക്കൾവേണമെന്നും ഏത്‌ നിറങ്ങൾ വേണമെന്നും ആ പൂക്കളുടെ ഭംഗിയിൽ ചേർന്നുനിന്ന് ആലോചിയ്ക്കാൻ തുടങ്ങി. മഞ്ഞ, ഓറഞ്ച്‌, പിങ്ക്‌ നിറങ്ങളിലുള്ള റോസപ്പൂക്കൾ ഓരോ കെട്ടു വീതം എടുത്ത്‌ ഇതളുകളിൽ ബ്രൗൺ നിറം പടർന്നിട്ടുണ്ടൊ, വാട്ടമുണ്ടോ എന്നൊക്കെ അരിച്ചുപെറുക്കി പരിശോധിച്ചു. ഇതൊന്നും ഇല്ല എന്നുറപ്പ്‌ വരുത്തിയിട്ട്‌ കാർട്ടിന്റെ ഇടത്തെമൂലയിലെ കപ്പ്‌ ഹോൾഡറിൽ വളരെ ശ്രദ്ധയോടെ ചെരിച്ച്‌ കുത്തിനിർത്തി. കറുത്ത പ്ലാസ്റ്റിക്ക്‌ ബക്കറ്റുകളിലെ വസന്തത്തിലേയ്ക്ക്‌ വീണ്ടും ഒന്നുകൂടി നോക്കി.

priya joseph , story, iemalayalam

ഇടതുവശത്തുനിന്ന് മൂന്നാമത്തെ ബക്കറ്റിൽ നിൽക്കുന്ന കാർണേഷൻ പൂവുകൾ വാടിനിൽക്കുന്നത്‌ അപ്പോഴാണ്‌ കണ്ടത്‌. അന്നയുടെ അലാം കേൾക്കുമ്പോൾ അടിവയറ്റിൽ നിന്ന് പടർന്ന് കയറുന്ന ഒരാന്തലുണ്ട്‌. അതേ ആന്തലോടെയാണ്‌ പൂക്കളുടെ കെട്ട്‌ പൊക്കി ബക്കറ്റിൽ ആവശ്യത്തിന്‌ വെള്ളമുണ്ടോയെന്ന് നോക്കിയത്‌.

ഊഹം ശരിയാണ്‌. ഒരുതുള്ളിവെള്ളം പോലും ആ ബക്കറ്റിലില്ല. ജോലിക്കാർ എന്നത്തേയും പോലെ യാതൊരു ശ്രദ്ധയുമില്ലാതെ പല ബക്കറ്റുകളിലും വെള്ളമൊഴിയ്ക്കാൻ വിട്ടുപോയിരിയ്ക്കുന്നു. വല്ലാത്ത ഒരു രോഷം തീപോലെ മനസ്സിൽ പടരുന്നത്‌ അവളറിഞ്ഞു. ബാക്കിയെല്ലാ ബക്കറ്റുകളിലും ആവശ്യത്തിന്‌ വെള്ളമുണ്ടൊ എന്ന് പരിഭ്രാന്തിയോടെ ഓടിനടന്ന് പരിശോധിയ്ക്കാൻ തുടങ്ങി.

വെള്ളം കുറവ്‌ തോന്നിയ ബക്കറ്റുകളിലെല്ലാം കൂടുതലുള്ളിടത്തുനിന്ന് വല്ലാത്തൊരു തിടുക്കത്തിൽ വെള്ളം ഒഴിച്ചുകൊടുത്തു. എല്ലായിടത്തും ആവശ്യത്തിന് വെള്ളമായി എന്നുറപ്പായപ്പോൾ തന്നെ ഉള്ളിലെ ആളൽ ഒന്നടങ്ങുന്നതുപോലെ. ആ സന്തോഷഗുളികകളിലേയ്ക്ക്‌ കുറച്ച്നേരംകൂടി നോക്കിനിന്നിട്ട്‌ തൊട്ടപ്പുറത്തുള്ള പച്ചക്കറിവിഭാഗത്തിലേയ്ക്ക്‌ അലസമായി നടന്നു.

ജോണിനിഷ്ടമുള്ള കൂൺ മസാലക്കറി ഉണ്ടാക്കാൻ രണ്ട്‌ പായ്ക്കറ്റ്‌ കൂണും, തക്കാളിയും, സവാളയും എടുത്ത്‌ കാർട്ടിലേയ്ക്കിട്ടു. അമ്മുവിനും നിക്കിയ്ക്കുമിഷ്ടമുള്ള ഗ്വാക്കിമോളിയുണ്ടാക്കാൻ നാല്‌ അവക്കാഡൊ ഞെക്കിനോക്കിയെടുത്തു. അപ്പുറത്ത്‌ മത്തങ്ങാ മുറിച്ച്‌ കഷ്ണങ്ങളാക്കി വച്ചതിലേയ്ക്ക്‌ നോക്കി എടുക്കണൊ വേണ്ടയോ എന്നാലോചിച്ച്‌ കുറച്ചുനേരം നിന്നു. ലിസ്റ്റിൽ എഴുതിയിരിക്കുന്ന വേറെ കുറേ സാധനങ്ങളെടുത്ത്‌ കാർട്ടിലിട്ട്‌ മുന്നോട്ട്‌ തന്നെ നടന്നു.

സ്ത്രീകളുടെ ഡ്രസ്സ്‌ വിഭാഗത്തിലൂടെ കടന്ന് ബേബി സെക്ഷനിലേയ്ക്ക്‌ പോകുമ്പോൾ കുട്ടികളുടെ കൂടെ സ്ഥിരം കളിയ്ക്കുന്ന ഒരു കളി ഓർമ്മ വന്നു. ഒരുതരം ഊഹക്കളി എന്നുവേണമെങ്കിൽ പറയാം. ഹാങ്ങറുകളിൽ വരിവരിയായി തൂക്കിയിട്ടിരിയ്ക്കുന്ന ഉടുപ്പുകളും, ടോപ്പുകളും ചൂണ്ടിക്കാട്ടി അമ്മുവും നിക്കിയും ചോദിയ്ക്കും, ‘അമ്മാ, ചുണയുണ്ടെങ്കിൽ പറ, ഇതിലേതാണ്‌ ഇന്ത്യയിൽ ഉണ്ടാക്കിയത്?‌’

മുന്നോട്ട്‌ നടന്ന് ചെന്ന് ഒരു സംശയവുമില്ലാതെ കൃത്യമായി തൊട്ടു കാണിയ്ക്കും. കുട്ടികൾ രണ്ടാളും മത്സരിച്ചോടിവന്ന് അവൾ പറഞ്ഞത്‌ ശരിയാണോ എന്ന് പരിശോധിയ്ക്കും. ഉടുപ്പിന്റെ കഴുത്തിൽ തുന്നിചേർത്ത ദീർഘചതുരാകൃതിയിലുള്ള ടാഗ്‌ പരിശോധിച്ച്‌ അവിടെ ‘മെയ്ഡ്‌ ഇൻ ഇന്ത്യ’ എന്നെഴുതിയിരിയ്ക്കുന്നത് കണ്ട്‌ അത്ഭുതമടക്കാൻ വയ്യാതെ കണ്ണുകൾ വിടർത്തി രണ്ടുപേരും നിൽക്കുന്ന ഒരു നിൽപ്പുണ്ട്‌.

എന്നിട്ട്‌ അവളോട്‌ ചോദിയ്ക്കും, ‘അമ്മയ്ക്ക്‌ എങ്ങനെയാ ഇതിത്ര കൃത്യമായി പറയാൻ പറ്റുന്നത്‌? ഇതിന്റെ സൂത്രം ഞങ്ങളെയുംകൂടി ഒന്നു പഠിപ്പിച്ചുതരാമോ?’

അതുകേൾക്കുമ്പോൾ ചിരി വരും.

ഇതിലെന്തു സൂത്രം? ഒരു രാജ്യത്ത്‌ നിന്ന് വേറൊരു രാജ്യത്തേയ്ക്ക്‌ പറിച്ച്‌ നടപ്പെട്ടവരുടെ ഹൃദയം ഭാഷയും ഭക്ഷണവും മാത്രമല്ല വേറെ ചിലതുകൂടി പൊതിഞ്ഞെടുത്ത്‌ കൂടെകൊണ്ടുപോരുമെന്ന് അറിയാനുള്ള പ്രായം അമ്മുവിനും നിക്കിയ്ക്കുമായിട്ടില്ലലോ.

priya joseph , story, iemalayalam

‘മേയ്ഡ്‌ ഇൻ ഇന്ത്യ’ ഡ്രസുകൾ ഏതൊക്കെയെന്നൂഹിച്ച്‌, അതിൽ തൊട്ട്‌‌ തൊട്ട്‌, ടാഗ്‌ പരിശോധിച്ച്‌ പതിയെ നടക്കുമ്പോൾ പെട്ടെന്ന് അന്നയുടെ ഓക്സിജൻ താഴ്‌ന്നിട്ടുള്ള അലാം വലിയ ശബ്ദത്തിൽ ചെവിയിൽ മുഴങ്ങുന്നതുപോലെ തോന്നി.

ബാഗിൽനിന്ന് ഫോണെടുത്ത്‌ പരിഭ്രാന്തിയോടെ ജോണിനെ വിളിച്ചു. അഞ്ചാമത്തെ റിങ്ങിന്‌ വോയിസ്മെയിലിലേയ്ക്ക്‌ പോകും. അതിനുമുൻപ് ‘ജോൺ‌, ഫോൺ എടുക്ക്‌, ഫോൺ എടുക്ക്‌,’ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടെയിരുന്നു. ഫോൺ പിടിച്ചിരിയ്ക്കുന്ന കൈകൾ ചെറുതായി വിറച്ചുതുടങ്ങി. നാലാമത്തെ റിങ്ങിനാണ്‌ ജോൺ ഫോൺ എടുത്തത്‌. കൈയിലെ വിറയൽ ശബ്ദത്തിലും കലർന്നു.

“ജോൺ‌, അന്നയുടെ ഓക്സിജൻ താഴുന്നുണ്ടോ? എനിയ്ക്കിവിടെ അലാം കേൾക്കുന്നതുപോലെ തോന്നുന്നു.”

“ഇവിടെ ഒരു കുഴപ്പവുമില്ല മീനാ. അന്ന നല്ല ഉറക്കത്തിലാണ്‌. നീ സമാധാനമായിട്ട്‌ സമയമെടുത്ത്‌ ഷോപ്പിംഗ്‌ നടത്തിയ്ക്കോ. ഞാനിവിടെ ഉണ്ടല്ലോ.”

ഫോണിൽ ഇറുക്കിപ്പിടിച്ചിരുന്ന വിരലുകൾ പതിയെ അയഞ്ഞു.
ഊണിലും ഉറക്കത്തിലും, നാട്ടിലേയ്ക്കുള്ള വിമാനയാത്രയിലും, വാൾമാർട്ടിലും, മാളിലും, വണ്ടിയോടിയ്ക്കുമ്പോഴുമൊക്കെ അന്നയുടെ അലാം അവളെ പിന്തുടരാറുണ്ട്‌. ജോണിനും അതറിയാം.

അന്നയുണ്ടായതിനുശേഷം അവരൊരുമിച്ച്‌‌ യാത്ര ചെയ്യാറില്ല. അവരിൽ ആരെങ്കിലും ഒരാൾ അന്നയുടെ അടുത്ത്‌ എപ്പോഴുമുണ്ടാവണം എന്നത്‌ അവർ രണ്ടാളുംകൂടി ഒരുമിച്ചെടുത്ത തീരുമാനമാണ്‌. ജോണിനെയല്ലാതെ, മറ്റാരെയും അന്നയെ ഏൽപ്പിച്ച്‌ പോകാനുള്ള ധൈര്യം മീനയ്ക്കില്ല.

വീട്ടിലേയ്ക്ക്‌ തിരിച്ചുപോയി ഓക്സിമീറ്ററിന്റെ ആന്തലുണ്ടാക്കുന്ന ശബ്ദമില്ലാതെ ഒരുദിവസം മുഴുവൻ കിടന്നുറങ്ങണമെന്ന് ഹഗ്ഗീസിന്റെയും ഗെർബറിന്റെയും, ജോൺസൺന്റെയും ശാഠ്യത്തിന്റെ നടുവിൽ തന്നെ നിന്ന് തീരുമാനിച്ചു.

ബേബി സെക്ഷനിൽ നിന്ന് വേണ്ട സാധനങ്ങളെല്ലാമെടുത്ത്‌ കഴിഞ്ഞ് ഐസ്ക്രീം സെക്ഷനിലെ ഫ്രീസറിന്റെ മുന്നിലെത്തി. അമ്മൂനും നിക്കിയ്ക്കുമിഷ്‌ടമുള്ള ഓറഞ്ച്‌ ഷെർബത്‌ എടുക്കണോ വേണ്ടയോ എന്നാലോചിച്ച്‌ നിൽക്കുമ്പോൾ കണ്ടു. തൊട്ടപ്പുറത്ത്‌ ഒരു കൊച്ചാൺകുട്ടിയും പെൺകുട്ടിയും തിളങ്ങുന്ന കുട്ടിക്കണ്ണുകളും മുഖവും ഫ്രീസറിൽ ചേർത്ത്‌ നിൽക്കുന്നു. വായിലെ ശ്വാസം കൊണ്ട്‌ അവരുടെ മുന്നിലെ ഫ്രീസർ ഗ്ലാസ്സ്‌ ഒരു ക്വാർട്ടർ വലുപ്പത്തിൽ വിയർത്ത്‌ മൂടിയിരിയ്ക്കുന്നു.

priya joseph , story, iemalayalam

ഏത്‌ ഐസ്ക്രീം വേണമെന്നുള്ള ഗൗരവമായ ചർച്ചയിലായിരുന്നു അവർ. ആൺകുട്ടി മൂത്തതും പെൺകുട്ടി ഇളയതുമാണെന്ന് അവരുടെ കുട്ടിസംസാരം കേട്ടപ്പോൾ തോന്നി.

അവരെപ്പോലെ ആ ഫ്രീസർ ഗ്ലാസ്സ്‌ ശ്വാസംകൊണ്ട്‌ മറയ്ക്കാൻ അതിഭയങ്കരമായ ആഗ്രഹം തോന്നി. മുഖം ഗ്ലാസ്സിനോട്‌ ചേർത്ത്‌ വച്ച്‌ ഒരു ക്വാർട്ടർവലുപ്പത്തിൽ മൂടലുണ്ടാക്കി അതിലേയ്ക്ക്‌ നോക്കിനിന്നു. കുറച്ചുനേരം ആ തണുപ്പിനോട്‌ കവിൾ ചേർത്തു. കണ്ണടച്ചു. ആ തണുപ്പിലും അന്നയുടെ ചെറുചൂട്‌ അവളെ പൊതിഞ്ഞതുകൊണ്ട്‌ പെട്ടെന്ന് കണ്ണുതുറന്നു.

ഫ്രീസർ ഡോർ തുറന്ന് ഒരു കാർട്ടൺ ഓറഞ്ച്‌ ഷെർബത്‌ എടുത്ത്‌ കാർട്ടിലേയ്ക്ക്‌ വച്ചു.

‘എനിയ്ക്ക്‌ ബട്ടർ പീക്കൻ വേണം,’ എന്നാൺകുട്ടിയും, ‘എനിയ്ക്ക്‌ ഓറിയോ വേണം,’ എന്ന് പെൺകുട്ടിയും പറയുന്ന ഉത്സാഹശബ്ദങ്ങൾ അപ്പുറത്തെ ഐലിൽ നിന്നും വരുന്നത്‌ കേട്ടപ്പോൾ ‌ അങ്ങോട്ടേയ്ക്ക്‌ പോകാൻ കലശലായ മോഹം തോന്നി.

ആ ശബ്ദങ്ങളുടെ ദിക്കിലേയ്ക്കു് കാർട്ട്‌ ഉരുട്ടാൻ തുടങ്ങി.

അവിടെ എത്തിയപ്പോഴാണ്‌ അവളാ സ്ത്രീയെ കണ്ടത്‌. ആ രണ്ടുകുട്ടികളുടെയും അമ്മ. മുപ്പതു വയസ്സുപോലും തോന്നിയ്ക്കില്ല. വളരെ ചെറുപ്പം. പോരെങ്കിൽ ഗർഭിണിയും. അവരുടെ സ്വർണ്ണ മുടി തോളൊപ്പം വെറുതെ അഴിച്ചിട്ടിരിയ്ക്കുന്നു. പാർട്ടികൾക്കല്ലാതെ മുടി അഴിച്ചിട്ടാൽ തോന്നുന്ന അസ്വസ്ഥതയെക്കുറിച്ച്‌ അവളാലോചിച്ചു. എന്നാണ്‌ ഏറ്റവും അവസാനമായി മുടി അഴിച്ചിട്ട് ഒരു പാർട്ടിയിൽ പങ്കെടുത്തത്‌ എന്ന് ഓർത്തെടുക്കാൻ നോക്കി. രണ്ടു വർഷമായോ, അതോ മൂന്നോ?

കാത്‌ അവർക്ക്‌ നേരെ തിരിച്ച്‌ വച്ച്‌, കണ്ണ്‌ ഇടയ്ക്കിടയ്ക്ക് മാത്രം അവർക്ക്‌ നേരെ എറിഞ്ഞ്‌ ഷെൽഫുകളിൽ എന്ത്‌ സാധനങ്ങളാണ്‌ നിരത്തിയിരിക്കുന്നതെന്ന് നോക്കുന്നതുപോലെ അവൾനിന്നു. അമ്മയോട്‌ രണ്ടുപേരും അവർക്ക്‌ വേണ്ടത്‌ പിന്നെയും പിന്നെയും ഉത്സാഹത്തിൽ ഉറക്കെയുറക്കെ പറയുന്നതും അമ്മ അവരെ ക്ഷമയോടെ കേൾക്കുന്നതും കൗതുകത്തോടെയാണ്‌ നോക്കിനിന്നത്‌.

“രണ്ടുംകൂടി വാങ്ങാൻ പറ്റില്ല. ഇന്നാരുടെ ഐസ്ക്രീമിന്റെ ഊഴമാണ്‌? ”

അമ്മയുടെ ചോദ്യംകേട്ട്‌ പെൺകുട്ടിയുടെ മുഖം വാടി. ആൺകുട്ടിയുടെ നേരെ കൈചൂണ്ടി.

“മാക്സ്‌ നീ പോയി നിന്റെ ബട്ടർപ്പീക്കൻ എടുത്തുകൊള്ളൂ,” അമ്മ അനുവാദം കൊടുത്തു.

“വേണ്ട, എമിലി എടുത്തോട്ടെ ഇത്തവണ. എനിയ്ക്കടുത്ത തവണ മതി”
മാക്സ്‌ എന്ന ആൺകുട്ടി സ്നേഹമുള്ള ചേട്ടനാകുന്നത്‌ കണ്ടപ്പോൾ അവനോടൊരു കുഞ്ഞു വാത്സല്യംതോന്നി.

priya joseph , story, iemalayalam

ഗർഭിണിയുടെ തോളിൽ കിടക്കുന്ന സഞ്ചി അപ്പോഴാണ്‌ കണ്ടത്‌. സ്വർണ്ണനൂലും സീക്വൻസും ഇടകലർത്തി ചങ്ങലകണ്ണിയിൽ ചിത്രതുന്നൽ ചെയ്ത ഒരു തുണി സഞ്ചി. മൂന്നു നിറങ്ങളുള്ള ഒരു ഗുർജ്ജറി ബാഗ്‌!

കടും നീല, പിങ്ക്‌, മറൂൺ- മൂന്നാമത്തെ നിറത്തെ മറൂണെന്ന് പറയാമോ എന്ന് അവൾക്കത്ര നിശ്ചയം പോരാ. പക്ഷെ എല്ലാം ഒന്നിനൊന്ന് നരച്ച നിറങ്ങൾ. നരച്ച നീല, നരച്ച പിങ്ക്‌, നരച്ച മെറൂൺ- എന്നു പറയുന്നതായിരിയ്ക്കും കൂടുതൽ ശരി. അവിടിവിടെ ചങ്ങലതുന്നൽ പൊട്ടി, നൂല് വല്ലാതെ എഴുന്ന് നിൽക്കുന്നുണ്ട്‌ ആ ബാഗിന്റെ പലയിടങ്ങളിലും.

ഹൃദയം ‘പടപടാന്ന്’ മിടിച്ചുതുടങ്ങിയത്‌ അവളെപോലും അമ്പരിപ്പിയ്ക്കുന്ന വേഗത്തിലാണ്‌. ഇഷ്ടമുള്ള ഇൻഡ്യൻ സാധനങ്ങൾ കാണുമ്പോൾ ഇത്‌ പതിവുള്ളതാണ്‌.

ആ ഗർഭിണിയ്ക്ക്‌ എന്തൊരു വയറ്‌ എന്ന് മനസ്സിൽ പറഞ്ഞു. മൂന്നുപ്രസവം കഴിഞ്ഞതോടെ ഒരു ഗർഭിണിയുടെ വയറ്‌ കണ്ടാൽ കൃത്യമായി മനസ്സിലാകും. ഇവർക്ക്‌ മാസം തികഞ്ഞല്ലൊ, വയറു കുറച്ച് ഇടിഞ്ഞും തുടങ്ങിയിട്ടുണ്ട്‌. ഏതുനിമിഷം വേണമെങ്കിലും പ്രസവിയ്ക്കാം എന്ന മട്ടാണ്‌.

അന്നയെ ഗർഭിണിയായിരിയ്ക്കുമ്പോഴായിരുന്നു ഏറ്റവും കൂടുതൽ വയറ്‌. അമ്മുവിന്റേതിന്‌ വയറ് കാണണമെങ്കിൽ തപ്പിനോക്കണമായിരുന്നു. ഒരു കുഞ്ഞു ബലൂൺ വീർപ്പിച്ച മാതിരിയായിരുന്നു നിക്കിയുണ്ടായപ്പോഴത്തെ വയറ്‌.

അമ്മുവിന്റെ അവൾക്കിപ്പോഴും നല്ല ഓർമ്മയുണ്ട്‌.

“സാരിയുടുത്ത്‌ നിക്കണേ.”

“പൊട്ട്‌ തൊടണേ.”

‘ഗോപി മതീട്ടൊ, വട്ടപ്പൊട്ട്‌ വേണ്ടടാ നിനയ്ക്കത്‌ ചേരില്ലാ,’ ഫ്ലോറിഡയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെടുന്നതിന്‌ മുൻപ്‌ ജോൺ ഇത്രയും വിളിച്ച്‌ പറഞ്ഞിരുന്നു.

ഷിക്കാഗോയിലെത്തി ക്യാബിൽ കയറുമ്പോൾ വീണ്ടും വിളിച്ചു. “കാലില്‌ കൊലുസ്സിടണേ.”

മാസ്റ്റർ ബെഡ്‌ റൂമിലെ അലമാരയിൽ നിന്ന് ഒരു സാരിയെടുത്തു. ഒഴുകികിടക്കുന്ന ഒരു കറുത്ത ഷിഫോൺ സാരി. കണ്ണാടിയുടെ മുന്നിൽ നിന്ന് സാരി ഞൊറിയുമ്പോൾ ഉള്ളിൽ തോന്നിയ തിടുക്കം കാരണം ഞൊറിയുന്നത്‌ ശരിയാകാതെ കൈയിൽ നിന്ന് വഴുതി. വീണ്ടും വീണ്ടും ഞൊറികളിട്ടു.
മുഖത്ത്‌ അൽപം ക്രീംമാത്രം പുരട്ടി. ജോണിന്‌ അതാണിഷ്ടം. മുന്നോട്ട്‌ ചാരി നിന്ന് കണ്ണാടിയിൽ നോക്കി കണ്മഷികൊണ്ട്‌ പൊട്ട് നീളത്തിൽ തൊട്ടു. കണ്ണെഴുതി.

priya joseph , story, iemalayalam

“നിന്റെ പിൻ കഴുത്ത്‌ എന്തുഭംഗിയാ എന്റെ പെണ്ണേ”ന്നു
ജോൺ പറയുന്നതും, ശ്വാസം കൊണ്ട്‌ പിൻ കഴുത്ത് തണുപ്പിക്കാറുള്ളതും ഓർത്ത്‌ മുടി അഴിച്ചിടുന്നില്ലെന്ന് തീരുമാനിച്ച് താഴ്ത്തി കൊണ്ട കെട്ടി.
ടാക്സി വന്ന് നിൽക്കുന്നത്‌ അകത്ത്‌ നിന്നേ അവൾ കണ്ടു. മുൻ വശത്തെ പുൽത്തകിടിയിലൂടെ നടന്ന് ജോണിന്റെയടുത്തേയ്ക്ക്‌ ചെല്ലാൻ വല്ലാത്ത ഒരു ധൃതി തോന്നി. അവളുടെ കണ്ണുകൾ വേറൊന്നും കാണുന്നുണ്ടായിരുന്നില്ല.

പാറ്റിയോ ഡോർ തുറന്ന് പുറത്തേയ്ക്ക്‌ ചെരിപ്പിടാതെ നടന്നപ്പോൾ ജോൺ തലതിരിച്ചു അവളെ ഒന്ന് നോക്കി. നോട്ടത്തിന്റെ മൂർച്ചയിൽ ‌ ഇലക്ട്രിക്‌ ഷോക്കടിച്ചതുപോലെ അവളൊന്ന് തരിച്ചു. സാരി ഒതുക്കി പൊക്കി പിടിച്ചപ്പോൾ‌ ജോണിന്റെ കണ്ണുകൾ കാൽപാദങ്ങളിലേയ്ക്ക്‌ നീളുന്നത്‌ അവൾ കണ്ടു. ആ നോട്ടം അവളുടെ കാൽപ്പാദം ചുവപ്പിച്ചു. നേർത്ത പുല്ലും, പുല്ലിനിടയിൽ അവിടിവിടെ വളർന്ന ഡാണ്ടിലിയോണിന്റെ മഞ്ഞ പൂക്കളും പാദങ്ങളുടെ അടിയിൽ വിറകൊള്ളുന്നത്‌ അവളറിഞ്ഞു.

“എന്റെ പെണ്ണേ നീ എന്തു സുന്ദരിയാ… ആ ക്യാബ്‌ ഡ്രൈവർ നിന്നെക്കണ്ട്‌ അമ്പരന്ന് കാശു വാങ്ങാൻ പോലും മറന്നു. ഞാൻ കാശു നീട്ടിയപ്പോൾ അയാളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു,” എന്ന് പറഞ്ഞ്‌ ജോൺ അവളെ വാരിയെടുത്ത്‌ കിടപ്പുമുറിയിലേയ്ക്ക്‌ നടന്നു.

അന്ന് പ്രണയം ‌നനയിച്ച്‌, കുതിർത്ത്‌ കേറി പടർന്ന ആ ദിവസം തന്നെയാണ്‌ അമ്മു വയറ്റിൽ ഉരുവായതെന്ന് മീനയ്ക്ക്‌ ഉറപ്പുണ്ട്‌.

ആദ്യത്തെ കുട്ടി വിരഹവും അനുരാഗവും കടഞ്ഞു വന്ന അമൃത് കുംഭമായിരുന്നു എങ്കിൽ രണ്ടാമത്തെ കുട്ടി നിഖി പ്രണയംമാത്രം കടഞ്ഞെടുത്തുണ്ടായതാണ്‌. യാത്രകൾ കുറവായിരുന്നു ജോണിനക്കാലത്ത്‌.

ദാമ്പത്യം അതിന്റെ സ്ഥിരം ദിശയിൽ ഒഴുകിതുടങ്ങിയിരുന്നു.

ആദ്യത്തെ ശ്രദ്ധയും പരിചരണവും കിട്ടാതെ അവൾ വഴക്കുണ്ടാക്കി. ഡോക്ടറെക്കാണാൻ മിക്കപ്പോഴും തനിയേ വണ്ടിയോടിച്ചാണ്‌ പോയത്‌. നിക്കിയുടെ ആദ്യ അൾട്രാസൗണ്ടിൽ വയറിൽ പുരട്ടിയ ജെല്ലിന്റെ തണുപ്പിലൂടെ മുഴങ്ങികേട്ട ഹൃദയമിടിപ്പ്‌ ഒറ്റയ്ക്ക്‌ വാങ്ങി അവളുടെ ഹൃദയമിടിപ്പിനോട്‌ ചേർത്തുവച്ചു. തനിയെ പോയി അഡ്മിറ്റായി. കോണ്ട്രാക്ഷൻസ്‌ തുടങ്ങിയപ്പോൾ ‘ഈ വേദന എനിയ്ക്ക്‌ താങ്ങാൻ പറ്റുന്നില്ലാ’യെന്ന് പറഞ്ഞ്‌ ഉറക്കെ കരഞ്ഞു. ജോൺ കൈയിൽ പിടിച്ചപ്പോൾ അവളാ കൈ തട്ടിമാറ്റി. മുടി കെട്ടുന്ന സ്ക്രഞ്ചി മുടിയിൽനിന്ന് അഴിഞ്ഞ്‌ വീണ്‌ കാണാതായപ്പോൾ ‘ഇപ്പൊ തന്നെ എനിയ്ക്കത്‌ തപ്പിയെടുത്ത്‌ താ’എന്നു പറഞ്ഞ്‌ ഉറക്കെയുറക്കെ ‌ മുറവിളി കൂട്ടി.

എവിടെയൊക്കെയോ അരിച്ചുപെറുക്കിതപ്പി ഒരു ബ്രൗൺ സ്ക്രഞ്ചി ജോൺ കൊണ്ടുവന്ന് കൊടുക്കുമ്പോൾ അവൾ വേദന കാരണം ബാത്റൂംക്ലോസറ്റിന്റെ മുകളിൽ, വയറിൽ കൈതാങ്ങിയിരുന്ന് ഏങ്ങികരയുകയായിരുന്നു.
സ്ക്രഞ്ചി കണ്ടതേ അവൾക്ക്‌ സമനില തെറ്റി.

“ഇതല്ലാ.. എനിയ്ക്കെന്റെ കറുത്ത സ്ക്രഞ്ചി തന്നെ വേണം.”

സുഖപ്രസവം തന്നെയായിരുന്നു അതും. പക്ഷെ നിക്കി അവളുടെ മാത്രം കുട്ടിയായിരുന്നു.

priya joseph , story, iemalayalam

അന്നയെക്കുറിച്ചോർക്കാൻ പ്രണയത്തിന്റെയും വിരഹത്തിന്റെയും പോയിട്ട്‌ യാതൊരു കഥയുമില്ലായിരുന്നു. നിന്നുപോയ പഠനം വീണ്ടും തുടങ്ങാനുള്ള അക്ഷമയും ധൃതിയും മാത്രമായിരുന്നു മനസ്സ്‌ നിറയെ.

പിഎച്ഡിയ്ക്ക്‌ ചേരുന്നതിനുള്ള പേപ്പറുകൾ ശരിയാക്കുന്ന സമയത്താണ്‌ പ്രഗ്നെൻസി ടെസ്റ്റ്‌ സ്റ്റ്രിപ്പിൽ രണ്ടുചുവന്നവര കണ്ട് കട്ടിലിൽ പോയി കിടന്നത്‌. അന്നുമുഴുവൻ ആ കിടപ്പ്‌ തുടർന്നു. ഇടയ്ക്കെഴുന്നേറ്റ്‌ മേശയിൽ നിന്ന് ബൈബിൾ എടുത്ത്‌ തുറന്ന്, കണ്ണടച്ചു ഒരു പേജെടുത്ത്‌ മുഴുവൻ വായിച്ചു. പിന്നെയും പിന്നെയും വായിച്ചു. മനസ്സ്‌ ശാന്തമായില്ല. കൃസ്ത്യാനുകരണം തുറന്നു. അതും വായിച്ചു. പിന്നെയും കിടന്നു.

വൈകുന്നേരം ലക്ഷ്മിയുടെ മകൾ മാധവിയുടെ ബേർത്ത്ഡേ പാർട്ടിയുണ്ടായിരുന്നു. പോകാൻ വയ്യ എന്ന് മനസ്സു പറഞ്ഞെങ്കിലും പോയില്ലെങ്കിൽ ലക്ഷ്മി പിണങ്ങും എന്നുറപ്പുള്ളതുകൊണ്ട്‌ എങ്ങനെയോ ഒരുങ്ങിയിറങ്ങി.

അവിടെ എല്ലാവരും കൂന്തൻ പിറന്നാൾ തൊപ്പി തലയിൽ വച്ച്‌ പിറന്നാൾ ഗാനം പാടി കേയ്ക്ക്‌ മുറിയ്ക്കുന്ന സമയം, ആഘോഷിയ്ക്കാനുള്ള അനേകം പിറന്നാളുകളെക്കുറിച്ച്‌ ഓർത്ത്‌ അവൾക്ക്‌ ശ്വാസംമുട്ടി. ബാത്‌ റൂമിൽ പോയി ക്ലോസറ്റിന്റെ മൂടി അടച്ചുവച്ച്‌ അതിന്റെ മുകളിലിരുന്നു. എന്തോ കുഴഞ്ഞുമറിഞ്ഞൊരു ഭാഷ ആ ബാത്‌ റൂം ഭിത്തികൾ അവളോടു പറയാൻ തുടങ്ങി.

“അടുത്ത മൂന്നു വർഷത്തേയ്ക്ക്‌ വീട്ടിൽ തന്നെയിരിയ്ക്കുന്ന കാര്യം തീർപ്പായി”
“ഡയപ്പറും മാറി, ബേബി ഫുഡും ഉണ്ടാക്കി രാവിലെ തൊട്ട്‌ രാത്രി വരെ ബ്രസ്റ്റ്‌ പാഡും തിരുകി ചുമ്മാ നടന്നോ.”

അപ്പോഴവളുടെ കണ്ണുകൾ സമുദ്രമായിരുന്നു, ഉറപ്പായിട്ടും ആകാശമായിരുന്നില്ല.

ആഗ്രഹം എന്നത്‌ മൂർച്ചയുള്ളൊരു കത്തിയാണെങ്കിൽ അന്ന്, അവിടെവച്ച്‌ ആ കത്തിമുനയിൽ അവൾ അന്നയെ അവസാനിപ്പിച്ചിരുന്നു.

ആഗ്രഹിയ്ക്കാതെ വന്നവൾക്ക്‌ വേണ്ടിമാത്രമാണ്‌ ഇന്ന് ആഗ്രഹിച്ചുക്കൂട്ടുന്നത്‌ മുഴുവൻ.

priya joseph , story, iemalayalam

കട കാണാപ്പാഠമായതുകൊണ്ട്‌ ഭാവിയിലെ അനിശ്ചിതത്തിലേയ്ക്ക്‌ ജീവിതം ഉരുട്ടുന്നതുപോലെയല്ല മീന കാർട്ട്‌ വാൾമാർട്ടിലൂടെ ഉരുട്ടിയത്‌.
കടയുടെ ഓരോ മുക്കിലുംമൂലയിലും ചിന്തകളിറക്കിവച്ച്‌ അവസാനമായി കാർട്ടിൽ ഒന്നുകൂടി നോക്കി. ഗ്രോസറിലിസ്റ്റുമായി ഒത്തുനോക്കി. വേണ്ടതെല്ലാം എടുത്തു. ബിൽ കൗണ്ടറിലേയ്ക്ക്‌ നടന്നു.

അതിരാവിലെയായതുകൊണ്ട്‌ പതിനഞ്ച്‌ കൗണ്ടറുകളിൽ ആകെ രണ്ടെണ്ണമേ തുറന്നിട്ടുള്ളു. സെൽഫ്‌ സർവ്വീസ്‌ കൗണ്ടറിൽ പോകണോ എന്നാലോചിച്ചു. രണ്ടു കൗണ്ടറുകളിലും ആരാണ്‌ നിൽക്കുന്നത്‌ എന്ന് നോക്കി. നന്നേ മെലിഞ്ഞിട്ട്‌ തലയിൽ എണ്ണ കുപ്പി കമഴ്ത്തിയത്‌ പോലെ, കോലൻ മുടി ഇറുക്കി പിന്നിയിട്ട്‌, വല്ല്യ മൂക്കുത്തി വച്ച് ഇന്ത്യൻ ചുവയിൽ ഇംഗ്ലീഷ് സംസാരിയ്ക്കുന്ന കോകില എന്ന ഗുജറാത്തിസ്ത്രീയാണ്‌ സാധാരണ ഈ സമയം കൗണ്ടറിൽ നിൽക്കാറുള്ളത്‌.

‘ഈ അതിരാവിലത്തേ ഷിഫ്റ്റ്‌ എടുത്താലുള്ള ഗുണമെന്താണെന്നുവച്ചാൽ പത്ത്‌ മണിയോടെ എനിയ്ക്ക്‌ വീട്ടിൽ പോകാം. മിക്കവാറും എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും എന്തെങ്കിലുമൊരു പാർട്ടി കാണും,’ എന്നവരു പണ്ടെപ്പോഴോ പറഞ്ഞത്‌ മീനയോർത്തു.

‘തിങ്കൾ തൊട്ട്‌ വെള്ളി വരെ നമ്മൾ അമേരിയ്ക്കകാരായി ജീവിയ്ക്കുന്നു. ജോലി. വീട്‌, ജോലി, വീട്‌… ഇതുമാത്രം… വെള്ളിയാഴ്ച വൈകുന്നേരം തൊട്ട്‌ ഞായറാഴ്ച വൈകുന്നേരം വരെ നമ്മൾ ഇന്ത്യാക്കാരായി ജീവിയ്ക്കുന്നു,’ എന്നാണ്‌ കോകില പറയുന്നത്‌.

എല്ലാ ശനിയാഴ്ചകളിലും അവളുടെ സാധനങ്ങൾ ബില്ലു ചെയ്യുമ്പോൾ ‌ ‘സംബഡീ ഈസ്‌ ഹാവിൻഗ്‌ ഏ പാർട്ടി,’ എന്ന് കോകില ഉത്സാഹത്തോടെ പറയുന്നതോർത്ത് ആ കൗണ്ടറിലേയ്ക്ക്‌ തന്നെ നടന്നു.

ഇന്ത്യൻ ബാഗ്‌ തോളിൽ തൂക്കിയ ആ ഗർഭിണിയും രണ്ടുകുട്ടികളും ദാ തൊട്ടുമുന്നിൽ. ജനിയ്ക്കാനിരിയ്ക്കുന്ന വാവയ്ക്കുള്ള സാധനങ്ങളാണ്‌ അവരുടെ കാർട്ടിൽ കൂടുതലും. മിന്റ്‌ പച്ച നിറത്തിലുള്ള റിസീവിംഗ്‌ ബ്ലാങ്കറ്റുകൾ, ഡയപ്പർ, പാൽകുപ്പികൾ, പാൽകുപ്പി കഴുകുന്ന നീളൻ ബ്രഷ്‌, വൺസീസ്‌, ഡയപ്പർ ബാഗ്‌… ആ കാർട്ട്‌ നിറഞ്ഞ് കവിഞ്ഞിരുന്നു.

ഓരോന്നോരോന്നായി കാർട്ടിൽ നിന്ന് ഗ്രോസറിച്യൂട്ടിലേയ്ക്ക്‌ അവരെടുത്ത് ‌ വച്ചുകൊണ്ടിരുന്നു. മാക്സ്, എമിലി എന്ന ആ രണ്ടുകുട്ടികളും ഉത്സാഹത്തോടെ അമ്മയേ സഹായിക്കുന്നുണ്ട്‌. കാർട്ടിൽ നിന്ന് എല്ലാം എടുത്തുവച്ചതിനുശേഷം ആ അമ്മ അവളെനോക്കി പരിചിതഭാവത്തിൽ ചിരിച്ചു. തിരിച്ച്‌ നല്ലൊരു ചിരി അവളും അവർക്ക്‌ കൊടുത്തു.

ഒരു ചിരി ചില നേരങ്ങളിൽ തരുന്നത്‌ എന്തെല്ലാമാണ്‌. ഹൃദയം വേഗത്തിൽ മിടിച്ചുതുടങ്ങി. അവൾപറഞ്ഞു, “എനിയ്ക്ക്‌ നിങ്ങളുടെ ഈ തോൾ സഞ്ചി വളരെ ഇഷ്ടപ്പെട്ടു.എത്ര മനോഹരം‌.”

“ഓ താങ്ക്യൂ. ഇതെനിയ്ക്ക്‌ വളരെ പ്രിയപ്പെട്ടൊരാൾ ഓൺലൈനിൽ നിന്ന് വാങ്ങി സമ്മാനിച്ചതാണ്‌.”

സന്തതസഹചാരിയുടെ തോളിൽ ചിരപരിചിതഭാവത്തിൽ തട്ടുന്നതുപോലെ അവരാ തോളിലെ ബാഗിൽ വെറുതേ ഒന്ന് തട്ടി.

അവൾ പറഞ്ഞു, “ഇത്‌ എന്റെ രാജ്യത്തിൽ നിന്നുള്ള ബാഗാണ്.‌ ഇന്ത്യയിലെ ഗുജറാത്ത്‌ എന്നു പറയുന്ന ഒരു സംസ്ഥാനത്താണ്‌ ഈ ബാഗുണ്ടാക്കുന്നത്. അതുകൊണ്ട്‌ ഗുർജ്ജറി ബാഗ്‌ എന്നാണ്‌ ഇതറിയപ്പെടുന്നത്‌.”

എന്തുകൊണ്ടോ ആ ബാഗിനെക്കുറിച്ച്‌ അറിയാവുന്ന കാര്യങ്ങളെല്ലാം ആ സ്വർണ്ണമുടിക്കാരിയെ പറഞ്ഞുകേൾപ്പിക്കാൻ വല്ലാത്ത ഒരു തിടുക്കം തോന്നി.

priya joseph , story, iemalayalam

“ഓ ആണോ. എന്റെ ഏറ്റവും പ്രിയപ്പെട്ട ബാഗാണിത്‌. എന്തു സുഖമാണെന്നോ ഇതുപയോഗിയ്ക്കാൻ” ഗർഭിണി അത്ഭുതവും സന്തോഷവും മറച്ചുവച്ചില്ല.

“അതിലേ എംബ്രോയിഡറി ശ്രദ്ധിച്ചോ…” അവൾ വിടാനുള്ള ഭാവമില്ല.“അതു സ്ത്രീകൾ വീട്ടിലിരുന്ന് കൈകൊണ്ട്‌ ചെയ്യുന്നതാണ്‌. ഒരു മെഷീനും ഉപയോഗിയ്ക്കാതെ.‌”

സാധനങ്ങൾ ച്യൂട്ടിലേയ്ക്ക്‌ എടുത്ത്‌ വച്ചുകൊണ്ട്‌ അവൾ തുടർന്നു. “കോട്ടേജ്‌ ഇൻഡസ്ട്രി പോലെ. അവർക്ക്‌ വീട്ടിലിരുന്ന് ജോലി ചെയ്യുകയും ചെയ്യാം, ഒരു വരുമാനം കിട്ടുകയും ചെയ്യും. അതാണ്‌ ഈ ബാഗിന്റെ മറ്റൊരു പ്രത്യേകത…”

ആ ബാഗിനേക്കുറിച്ച്‌ അറിയാവുന്ന സകല വിവരങ്ങളും ഒറ്റ ശ്വാസത്തിൽ ആ ഗർഭിണിയേ പറഞ്ഞുകേൾപ്പിച്ചു. എന്തൊരാവശ്യമുള്ള കാര്യം! അവൾ പറയുന്നതെല്ലാം ഗർഭിണി വളരെ ശ്രദ്ധയോടെ കേട്ടു.

അവർ തമ്മിൽ സംസാരിയ്ക്കുന്നതിൽ കുട്ടികൾ രണ്ടും ‌ അതീവ സന്തുഷ്ഠരായി കാണപ്പെട്ടു. എമിലി കൈയെത്തിച്ച്‌ ആ തുണിസഞ്ചിയിൽ തൊട്ടിട്ട്‌ മീനയെ നോക്കി നാണിച്ച്‌ ചിരിച്ചു. അതുകണ്ട്‌ മാക്സും മുന്നോട്ടുനീങ്ങി നിന്ന് ആ ബാഗിന്റെ താഴെ കൈയെത്തിച്ച്‌ തട്ടി അമ്മയെ അവകാശത്തോടെ ചുറ്റി പിടിച്ചു. എന്നിട്ട്‌ അമ്മയെ ചാരിനിന്ന് അവളെ ഗൗരവത്തിൽ നോക്കി നിൽക്കാൻ തുടങ്ങി.

കോകില അസാമാന്യകൈവേഗതയിൽ സാധനങ്ങൾ ഓരോന്നും ബാഗുകളിലേയ്ക്കിട്ടു. അതേ വേഗതയിൽതന്നെ അവരുടെ സംഭാഷണങ്ങൾക്കിടയിലൂടെയും ഇടയ്ക്കിടക്ക്‌ കയറിയിറങ്ങി.
കോകില പറയുന്നത്‌ പകുതിയും മീന ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നില്ല.

ക്ഷമാപണത്തോടെ അവൾ ഗർഭിണിയോട്‌ പറഞ്ഞു, “നിങ്ങളുടെ തോളിലീ ബാഗ്‌ കണ്ടപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ വന്നത്‌ ഇന്ത്യയാണ്‌. അതുകൊണ്ടാണ്‌ ഞാൻ ഇത്രയധികം വാരിക്കോരി പറഞ്ഞ്‌ ബോറടിപ്പിച്ചത്.‌”

“അതിനെന്താ, എനിയ്ക്കിങ്ങനെയുള്ള പുതിയ സംഗതികളൊക്കെ കേൾക്കാനിഷ്‌ടമാണ്‌…” ഗർഭിണി ആത്മാർത്ഥതയോടുകൂടിതന്നെ പറഞ്ഞു.

ഇനിയും അവരേ കൂടുതൽ മുഷിപ്പിക്കേണ്ട എന്നു തോന്നി വിഷയം മാറ്റി.

“എന്നാ നിങ്ങളുടെ ഡ്യൂ ഡേറ്റ്‌?” ഒരു ഗർഭിണിയോട്‌ ഏറ്റവും എളുപ്പത്തിൽ ചോദിയ്ക്കാൻ പറ്റിയ കുശലാന്വേഷണമാണ്‌ ഈ ചോദ്യം.

“അടുത്ത വെള്ളിയാഴ്ച,” ഉടനടി ഉത്തരം വന്നു.

മനസ്സിൽ കണക്കുകൂട്ടി “ആറുദിവസം കൂടി.”

“അതേ, ഇനി ആറുദിവസം മാത്രം. മൂന്നാമത്തേതായതുകൊണ്ട്‌ നേരത്തെയാകാൻ സാധ്യത്യയുണ്ട്‌. ഇന്നുകൊണ്ട്‌ എന്റെ ബേബിഷോപ്പിംഗ്‌ എല്ലാം തീരും,” കോകില കൊടുത്ത ഒരു പ്ലാസ്റ്റിക്‌ ബാഗ്‌ തിരിഞ്ഞു കാർട്ടിൽ വച്ചുകൊണ്ട്‌ അവര് തുടർന്നു,

priya joseph , story, iemalayalam

“പത്തുമണിയ്ക്ക്‌ എനിയ്ക്ക്‌ ജോലിയ്ക്ക്‌ കയറണം.അതാ ഈ അതിരാവിലെ തന്നെ ഷോപ്പിംഗിന്‌ വന്നത്‌.”

കാർട്ടിൽ നിന്ന് പൂക്കളെടുത്ത്‌ ഗ്ഗ്രോസറി ച്യൂട്ടിൽ വയ്ച്ചാൽ അതിന്‌ കേടുവല്ലതും സംഭവിച്ചാലോ, അതോ കൈയിൽ പിടിച്ചിട്ട്‌ ബില്ലു ചെയ്യുന്ന സമയമാകുമ്പോൾ കോകിലയുടെ കൈയിൽ കൊടുത്താൽ മതിയോ എന്നോക്കെയാലോചിച്ചുകൊണ്ട്‌ വെറുതേ അടുത്ത കുശലം ചോദിച്ചു.

“മറ്റേർണ്ണിറ്റി ലീവുണ്ടോ?

“ഞാൻ വ്യാഴാഴ്ചവരെ ജോലിയ്ക്കുപോകുന്നുണ്ട്‌. പ്രസവം കഴിഞ്ഞു രണ്ടുമാസം അവധിയുണ്ട്‌.”

അവളുടെ കൈയിലെ പൂക്കളിലേയ്ക്ക്‌ നോക്കി ഗർഭിണി പറഞ്ഞു, “നല്ല ഭംഗിയുള്ള പൂക്കൾ! പൂക്കളുടെ ബക്കറ്റുകളിൽ നിങ്ങൾ വെള്ളമൊഴിയ്ക്കുന്നതു ഞാൻ കണ്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഞാനത്‌ ശ്രദ്ധിച്ചിരുന്നു.”

“ഓ… കഴിഞ്ഞ ശനിയാഴ്ചയും നിങ്ങളിവിടെ ഉണ്ടായിരുന്നോ? ”  അത്ഭുതത്തോടെയും തെല്ലു ജാള്യതയോടെയുമാണ്‌ അവൾ‌ ചോദിച്ചത്‌.

“എല്ലാ ശനിയാഴ്ചകളിലും ഏകദേശം ഈ സമയത്തുതന്നെയാണ്‌ ഞാനും ഇവിടെ വരുന്നത്‌,” അവർ പറഞ്ഞു.

ഇതിനുമുൻപ്‌ ഇവരെ കണ്ടിട്ടേയില്ലല്ലൊ എന്ന് ആലോചിയ്ക്കുമ്പോഴേയ്ക്കും അവരുടെ സാധനങ്ങളെല്ലാം ബില്ല് ചെയ്ത് കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക്‌ സഞ്ചികളെല്ലാം കാർട്ടിൽ എടുത്ത്‌ വച്ച്‌, പണവും കൊടുത്ത്‌ അവർ യാത്ര പറഞ്ഞു. അമ്മയുടെ കൈയിൽനിന്ന് കാർട്ട്‌ വാങ്ങി തള്ളിക്കൊണ്ട്‌ മാക്സ്‌ മുന്നോട്ട്‌ നടന്നു.

അതിരാവിലെതന്നെ ഉണർവ്വ്‌ തന്ന ഇന്ത്യയുടെ ഒരുനുള്ള്‌ കഷണം അവരുടെ തോളിൽതൂങ്ങി പുറത്തേയ്ക്ക്‌ പോകുന്നത്‌ അവൾ നോക്കിനിന്നു.

സാധനങ്ങളെല്ലാം നിറച്ച കാർട്ടുമായി വാൾമാട്ടിന്റെ പാർക്കിംഗ്‌ ലോട്ടിലേയ്ക്ക്‌ നടന്നപ്പോൾ പുറത്ത്‌ ഇരുട്ട്‌ പകലിനോട്‌ പൂണ്ണമായും യാത്ര പറഞ്ഞിരുന്നു. ഇത്തിരി തണുപ്പ്‌ മാത്രം പോകാൻ മടിച്ച്‌ അവിടെതന്നെ ചുറ്റിത്തിരിയുന്നു. വാൻ കിടക്കുന്നയിടത്തേയ്ക്ക്‌ നടക്കുമ്പോൾ ഒരുതിടുക്കവും തോന്നിയില്ല.

അവളുടെ വണ്ടികിടക്കുന്ന ലൈയ്‌നിന്റെ രണ്ടെണ്ണമിപ്പുറത്താണ്‌ അവരുടെ വണ്ടി പാർക്ക്‌ ചെയ്തിരിയ്ക്കുന്നത്‌ എന്ന് ദൂരെ നിന്നേ കണ്ടു. വളരെ ഉത്സാഹത്തിലാണ്‌ അമ്മയും മക്കളുംകൂടി സാധനങ്ങളെടുത്ത്‌ വണ്ടിയിലേയ്ക്ക്‌ വയ്ക്കുന്നത്‌. വീണ്ടും ഒരിയ്ക്കൽ കൂടി അവരെ നോക്കി ചിരിച്ചിട്ട്‌ വാനിനടുത്തേയ്ക്ക്‌ നടന്നു.

വാനിന്റെ ട്രങ്ക്‌ തുറന്ന് സാധനങ്ങൾ ഓരോന്നോരോന്നായി വച്ചുകൊണ്ടിരിയ്ക്കുമ്പോൾ കുട്ടികളെ രണ്ടുപേരെയും അവര്‌ കാർസീറ്റിലിരുത്തുന്നതും, സീറ്റ്‌ ബെൽറ്റ്‌ ഇടുന്നതുമെല്ലാം കാണുന്നുണ്ടായിരുന്നു.

കുട്ടികളെയും കൊണ്ടുള്ള യാത്രകൾ അമ്മമാർക്ക്‌ എന്തുമാത്രം മുന്നൊരുക്കങ്ങൾ നടത്തിയാലാണ്‌ എന്ന് വെറുതേ ഓർത്തു. അന്നയുടെ കാര്യമാണെങ്കിൽ പറയേ വേണ്ടാ. ഒരു മുറിയിൽ നിന്ന് അടുത്തമുറിയിലേയ്ക്ക്‌ പോകണമെങ്കിൽ തന്നെ ഒരു കുന്ന് സാമഗ്രികളും മെഷീനുകളും വേണം. എന്നെങ്കിലും ഇതുപോലെ ഷോപ്പിംഗിന്‌ ‌ അവളെയും കൂട്ടി വരാൻ പറ്റുമോ എന്ന്
സാധനങ്ങളെല്ലാം വച്ച്‌ ട്രങ്ക്‌ അടയ്ക്കുമ്പോൾ ആലോചിച്ചു.

കാർട്ട്‌ കൊണ്ടുപോയി കാർട്ട്‌ സ്റ്റേഷനിൽ ഇട്ട്‌ തിരികേ വരുമ്പോൾ ഗർഭിണി അവളെനോക്കി കൈവീശി “ഒന്നു നിൽക്കണേ” എന്നുറക്കെ വിളിച്ചുപറഞ്ഞു.

ഇവർക്കെന്തുപറ്റീപോലും എന്നാലോചിച്ചാണ്‌ അവരുടെ കാറിനരുകിലേയ്ക്ക്‌ നടന്നത്‌.

“ആർ യൂ ഓകെ?” എന്ന് ശരിയ്ക്കും പേടിച്ചാണ്‌ ചോദിച്ചത്‌. മാസം തികഞ്ഞിരിയ്ക്കുന്നതാണ്‌. ഏതു നിമിഷം വേണമെങ്കിലും പ്രസവവേദനയും കോണ്ട്രാക്ഷനുകളും തുടങ്ങാം. വാട്ടർ ബാഗ്‌ വല്ലതും പൊട്ടിയോ?
ഈവക ചിന്തകളോടെയാണ്‌ അടുത്തേയ്ക്ക്‌ ചെന്നത്‌. അടുത്തെത്തിയപ്പോൾ കാണുന്ന കാഴ്ച ഇതാണ്‌.

അവരാ തോളിൽ കിടന്ന ബാഗ്‌ എടുത്ത്‌ ‌ അതിനുള്ളിലെ സാധനങ്ങളെല്ലാം കാറിന്റെ മുൻസീറ്റിലേയ്ക്ക് കുടഞ്ഞിടുന്നു. ചെക്ക്ബുക്ക്‌, ചെറിയ പഴ്സ്‌, ഒരു പേന, ഇൻഹേയ്‌ലർ, സൺഗ്ലാസ്സ്-‌പിന്നെയും കുറെ സാധനങ്ങൾ സ്വാതന്ത്യം കിട്ടിയപോലെ അതിൽ നിന്ന് തെറിച്ച്‌ സീറ്റിലേയ്ക്ക്‌ വീഴുന്നു. ബാഗിലിനിയൊന്നും ബാക്കിയില്ല എന്നുറപ്പ്‌ വരുത്തിയിട്ട്‌ അവരാ ബാഗ്‌ അവൾക്ക്‌ നീട്ടി.

അവളാകെ അമ്പരന്ന് ചോദിച്ചു, “ഇതെന്താ?” എന്താണ്‌ സംഭവിയ്ക്കുന്നതെന്ന് സത്യം പറഞ്ഞാൽ മനസ്സിലായില്ല.

“ഈ ബാഗ്‌ നിങ്ങൾക്കിരിയ്ക്കട്ടെ. ഇതു കാണുമ്പോൾ നിങ്ങളുടെ രാജ്യം ഓർമ്മ വരുന്നു എന്നല്ലെ പറഞ്ഞത്‌.”

priya joseph , story, iemalayalam

അവരു നിറഞ്ഞ്‌ ചിരിച്ച്‌ കൊണ്ടാണത്‌ പറഞ്ഞത്‌.

“ഏയ്‌ അതുവേണ്ടാ. ബാഗ്‌ എനിയ്ക്ക്‌ ഒത്തിരി ഇഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ട്‌ മാത്രമാണ്‌ ഞാൻ അതെല്ലാം പറഞ്ഞത്‌. അല്ലാതെ എനിയ്ക്കത്‌ വേണ്ടിയിട്ടല്ല.”

ആ ബാഗിൽ കലശലായ മോഹം തോന്നിയിട്ടാണ്‌ അതിനെ പുകഴ്ത്തിയതെന്ന് അവരു വിചാരിച്ചോ എന്ന ചിന്ത തന്നെ മീനയിൽ കടുത്ത അസ്വസ്ഥതയുളവാക്കി. ഒരു നല്ലവാക്കുപോലും ആർക്കും കൊടുക്കാൻ വയ്യെന്നായോ എന്ന് ഒരു ചെറിയ അമർഷം ഉള്ളിൽ തികട്ടി വരാൻ തുടങ്ങിയപ്പോൾ അവര് നിറഞ്ഞ ചിരിയോടെ ആ ബാഗ്‌ അവളുടെ കൈയിൽ വച്ചു കൊടുത്തിട്ട്‌ പറഞ്ഞു,“ഞാനിത്രയും നാൾ ഇഷ്ടത്തോടെ ഈ ബാഗ്‌ കൊണ്ടുനടന്നു. ഇനി നിങ്ങളുടെ ഊഴമാണ്‌. ഞാനാസ്വദിച്ചപോലെ ഇനിമുതൽ നിങ്ങളും ഇതാസ്വദിയ്ക്കൂ.”

വല്ലാത്തൊരു ധർമ്മസങ്കടത്തിലായി. മറ്റൊരാളിൽ നിന്നും ഒരു മൊട്ടുസൂചിപോലും വെറുതെ വാങ്ങാൻ മടിയുള്ളവളാണ്‌.

“ഞാനിതിന്റെ കാശു തരട്ടെ?” എന്ന് ചോദിച്ച്‌ അവൾ ഒറ്റയോട്ടത്തിന്‌ മിനിവാനിനരികിലെത്തി. വലതുവശത്ത്‌ സീറ്റിനുതാഴെ വച്ചിരിയ്ക്കുന്ന ബാഗിൽ നിന്ന് പേഴ്സ്‌ എടുത്തു തുറന്നു. ഒരാവശ്യത്തിന്‌ നോക്കുമ്പോൾ ഒരു ഡോളറുപോലും പേഴ്സില് കാണില്ല. എന്തിനും ഏതിനും ക്രെഡിറ്റ്‌ കാർഡ്‌ എടുക്കുന്ന സ്ഥലത്ത്‌ കാശ്‌ കൈയിൽ കൊണ്ടുനടക്കുന്നത്‌ തന്നെ അനാവശ്യം. കൈയിൽ കാശ്‌ കരുതുന്ന ശീലമില്ലാത്തതിന്‌ ജീവിതത്തിലാദ്യമായി‌ വിഷമം തോന്നി. ആ വിഷമത്തോടെയാണ്‌ തിരികെ അവർക്കരികിലേയ്ക്ക്‌ നടന്നത്‌.
മടിയോടെ അവരോട്‌ ചോദിച്ചു,

“വിരോധമില്ലെങ്കിൽ നിങ്ങളുടെ അഡ്രസ്സ്‌ എനിയ്ക്ക്‌ തരാമോ? ഞാനിതിന്റെ വില നിങ്ങൾക്കയച്ച്‌ തരാം.”

“ഇതിനധികം വിലയൊന്നുമില്ല. കൂടിവന്നാൽ ഒരു പതിനഞ്ച്‌ ഡോളർ. പക്ഷെ ഈ ബാഗ്‌ ഞാൻ നിങ്ങൾക്ക്‌ സമ്മാനമായിട്ടാണ്‌ തരുന്നത്‌. കാശ്‌ ഞാൻ വാങ്ങില്ല. ഉറപ്പ്‌.”

നിശ്ചയിച്ചുറപ്പിച്ച മട്ടാണ്‌ അവർക്ക്‌. അവളുടെ മുഖത്തെ വിഷമം കണ്ടിട്ടാവണം ആശ്വസിപ്പിയ്ക്കുന്നപോലെ ഗർഭിണി പറഞ്ഞു, “നിങ്ങൾക്ക്‌ ബുദ്ധിമുട്ടിലെങ്കിൽ ഒരുകാര്യം ചെയ്യൂ, ഈ ബാഗ്‌ എടുക്കുമ്പോഴെല്ലാം എനിയ്ക്കും കുട്ടികൾക്കും വേണ്ടി മനസ്സിലൊന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി.” അകത്ത്‌ കാർസ്സീറ്റിലിരിയ്ക്കുന്ന കുട്ടികളെയും കൂടി ഉൾപെടുത്തുന്നത്‌ പോലെ അവര് അങ്ങോട്ടു നോക്കി കൈവീശി.

മൂന്നുവർഷത്തിന്റെ ഒരു പ്രയോജനവുമില്ലാത്ത പ്രാർത്ഥനാകണക്കും കൊണ്ട്‌ നടക്കുന്ന ഒരാളോടാണ്‌ പ്രാർത്ഥിച്ചാൽ മതിയെന്ന് പറയുന്നത്‌. കരയണോ അതോ ചിരിയ്ക്കണോ എന്നവൾക്ക്‌ ശരിയ്ക്കും സംശയം തോന്നി. ഉള്ളിൽ തോന്നിയ പരിഹാസം ശബ്ദത്തിൽ കലരാതിരിയ്ക്കാൻ പണിപ്പെട്ടുകൊണ്ട്‌ അവൾ പറഞ്ഞു, “എനിയ്ക്കീ പ്രാർത്ഥനയിലൊന്നും ഒരു വിശ്വാസോമില്ല. ഞാൻ പ്രാർത്ഥിയ്ക്കുന്ന ഒരുകാര്യം പോലും ഒരിയ്ക്കലും സംഭവിയ്ക്കാറില്ല.”

“ആണോ? എനിയ്ക്കു പക്ഷെ പ്രാർത്ഥനയില്ലാതെ പറ്റില്ലാട്ടൊ,” സ്വർണ്ണമുടി ഇടത്തെചുമലിലൂടെ മുന്നിലേയ്ക്കിട്ടുകൊണ്ടു അവർ പറഞ്ഞു.

“ഒരു ബലത്തിനതുവേണമെനിയ്ക്ക്‌. അല്ലാതെ പറ്റില്ല.”

അവരത്‌ പറഞ്ഞ ആ നിമിഷം ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരമർഷം ആളുന്നതുപോലെ മീനയ്ക്കുതോന്നി; വാശി പോലെ എന്തോ ഒന്ന് തിളച്ചുതൂവിത്തുടങ്ങി.

“പ്രാർത്ഥനയിൽ നിങ്ങൾക്ക്‌ വല്ല്യവിശ്വാസമാണെങ്കിൽ എന്റെ കാര്യം ഒന്നു കേട്ടിട്ട്‌ പറയൂ. എനിയ്ക്കൊരു മകളുണ്ട്‌. അവൾ സംസാരിയ്ക്കില്ല, നടക്കില്ല. കരയുകയോ ചിരിയ്ക്കുകയോ ചെയ്യില്ല. പ്രാർത്ഥിയ്ക്കുന്നതെല്ലാം നടക്കുമായിരുന്നെങ്കിൽ… മൂന്നു വയസ്സായിട്ടും ദാ ഇപ്പോഴും ഇന്നലെ ജനിച്ച കുട്ടിയേപ്പോലെ…”

ബ്രയിൻ സെല്ലുകളെല്ലാം നശിച്ചുപോയെന്നാണ്‌ ഡോക്ടേർഴ്സ്‌ പറയുന്നത്‌ എന്ന് കൂട്ടിചേർക്കണമെന്നുണ്ടായിരുന്നു. പ്രാർത്ഥനകൊണ്ട്‌ എന്ത് അത്ഭുതമാണിവിടെ സംഭവിയ്ക്കാൻ പോകുന്നതെന്ന ചോദ്യവും പുറത്തേയ്ക്ക്‌ വരാതെ അവൾ കിതച്ചുതുടങ്ങി. കഴിഞ്ഞ കുറേ വർഷങ്ങളുടെ അമർഷം ആ പഴഞ്ചൻ തുണിസഞ്ചിയിലേയ്ക്കു വിരലുകൾ കൊണ്ട്‌ ഇറുക്കി തീർക്കുമ്പോൾ പെട്ടെന്നാണ്‌ ആ ഗർഭിണി മുന്നോട്ടാഞ്ഞ്‌ അവളെ കെട്ടിപ്പിടിച്ചത്‌.

priya joseph , story, iemalayalam

“എനിയ്ക്ക്‌ മനസ്സിലാകുന്നുണ്ട്‌ നിങ്ങളുടെ വിഷമം. എനിയ്ക്കുമുണ്ടല്ലോ രണ്ടുകുട്ടികൾ.”

അവരുടെയാ അപ്രതീക്ഷിത ആലിംഗനത്തിൽ ഒന്നു പതറിയെങ്കിലും തിളച്ച്‌ പൊങ്ങിതുടങ്ങിയ കുമിളകൾ പതിയെ താഴുന്നതും ഹൃദയത്തിൽ ഒരു ചെറു തണുപ്പ്‌ പരക്കുന്നതും അവളറിഞ്ഞു.

അവളെ ചേർത്തുപിടിച്ച്‌ ചെറുചിരിയോടെ അവർ പറഞ്ഞു, “മജീഷ്യൻ തൂവാലാവീശി ‘ആബ്രകടാബ്ര’ എന്ന് പറയുമ്പോഴെ പ്രാവ്‌ പ്രത്യക്ഷപ്പെടുമെന്ന് കരുതുന്നപോലെ പ്രാർത്ഥനയെ കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിതെല്ലാം.”

അവളുടെ കൈകളിൽ പിടിച്ചുകൊണ്ട്‌ അവര് തുടർന്നു, “പ്രാർത്ഥിയ്ക്കുമ്പോൾ അതല്ല സംഭവിക്കുന്നത്‌ എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. നമുക്ക്‌‌ ഒരു കാര്യം സാധിയ്ക്കാനുണ്ട്‌. അതിന്‌ വേണ്ടി നമ്മൾ പ്രാർത്ഥിയ്ക്കുന്നു. കാര്യം നടന്നില്ല. പക്ഷെ ആ പ്രാർത്ഥനകൊണ്ട്‌ അവിടെ വേറെ ചിലത്‌ നിശ്ചയമായും സംഭവിച്ചിട്ടുണ്ടാവണം.”

“മകളെ ഏറ്റവും ഭംഗിയായി പരിചരിയ്ക്കുന്നതിനുള്ള ശക്‌തിയും ഊർജ്ജവുമായിരിയ്ക്കും നിങ്ങൾക്ക്‌ കിട്ടുന്നത്‌. കടയിലെ ഈ വെറുംപൂക്കൾക്ക്‌ വെള്ളമില്ലാത്തതിൽ അസ്വസ്ഥയാകുന്ന നിങ്ങൾ വയ്യാത്ത നിങ്ങളുടെ കുട്ടിയെ പൊന്നുപോലെ നോക്കുന്നുണ്ടെന്ന് എനിയ്ക്കുറപ്പുണ്ട്‌. ഒരുപക്ഷെ പ്രാർത്ഥന കൊണ്ട്‌ നടക്കുന്ന അത്ഭുതം അതാണെങ്കിലൊ? ഇത്‌ എന്റെ മാത്രം നിർവ്വചനമാണ്‌ കേട്ടോ.”

ഇതു പറയുമ്പോൾ അവരുടെ മുഖം വളരെ ശാന്തവും ഭംഗിയുള്ളതുമായിരുന്നു. ശബ്ദം അവൾക്കിഷ്ടം തോന്നുന്നതുപോലെ ഉറച്ചതുമായിരുന്നു.

ഇരുട്ടിന്റെ കുപ്പായമൂരിക്കളഞ്ഞ ഒരു ചെറുകാറ്റ്‌ അവളെവന്നൊന്ന് പതിയെ തൊട്ടു. അവരെയും തൊട്ടു. ആ കാറ്റിന്റെ സുഖത്തിൽ അവർ കാറിലേയ്ക്ക്‌ ചാരി നിന്നു. എന്നിട്ട്‌ വയർ രണ്ടുകൈകൊണ്ടും താങ്ങിയിട്ട്‌ പറഞ്ഞു.

“ഡേറ്റടുത്തതുകൊണ്ടായിരിയ്ക്കും നടുവിന്‌ ചെറിയ വേദന തുടങ്ങിയിട്ടുണ്ട്‌. വലത്തെകാലിനു സാമാന്യം നല്ല കഴപ്പുമുണ്ട്‌.”

അവരെന്തോ ചിന്തകളിൽ മുഴുകി അവരുടെ നിറവയറിൽ പതിയെ തടവിക്കൊണ്ടിരുന്നു. വളരെ ദൂരെയൊരിടത്താണ്‌ അപ്പോഴവരുടെ മനസ്സെന്ന് മീനയ്ക്ക്‌ തോന്നി. അവൾക്ക്‌ പരിചയമില്ലാത്തതും അവളാഗ്രഹിച്ചിരുന്നതുമായ ഒരുതരം ധൈര്യം അവരുടെ കണ്ണുകളിൽ അവൾ കണ്ടു.

Read More: പ്രിയ ജോസഫ്‌ എഴുതിയ കുറിപ്പുകള്‍ വായിക്കാം

വണ്ടിയ്ക്കുള്ളിൽ നിന്ന് ക്ഷമയില്ലാത്ത നാലു നക്ഷത്രക്കണ്ണുകൾ അവർക്ക്‌‌ ചുറ്റും മിന്നുന്നത്‌ കണ്ട് മീന കുട്ടികളെ നോക്കി ചിരിച്ചു. പെൺകുട്ടി തിരികേ ചിരിച്ചു. ആൺകുട്ടി ഗൗരവം വിട്ടൊരു കളിയില്ല എന്ന ഭാവത്തിൽ തന്നെയിരുന്നു.

“നമുക്കിനി പോകാം…” എന്ന് ഗൗരവക്കാരൻ വിളിച്ചു ചോദിച്ചപ്പോഴാണ്‌ വാൾമാർട്ടിന്റെ ആ പാർക്കിംഗ്‌ ലോട്ടിൽ നിൽപ്പ്‌ തുടങ്ങിയിട്ട്‌ കുറേ നേരമായല്ലോ എന്ന വീണ്ടുവിചാരം ‌ രണ്ടുപേർക്കും വന്നത്‌.

“ഞാൻ ചെല്ലട്ടെ. ഡേറ്റിനുമുൻപ്‌ ഇനിയും കുറച്ചുകാര്യങ്ങൾ കൂടി ചെയ്തു തീർക്കാനുണ്ട്‌.” ഗർഭിണി ‌ യാത്ര പറഞ്ഞു.

വിചാരിയ്ക്കാത്ത ഒരു സ്ഥലത്തുവച്ച്‌, വിചാരിയ്ക്കാത്ത ഒരാളിൽ നിന്നും, വിചാരിയ്ക്കാതെ കിട്ടിയ ആ സമ്മാനവും കൈയിൽ ചേർത്തുപിടിച്ച്‌ അവൾ മിനിവാനിനരികിലേയ്ക്ക്‌ ‌ നടന്നു.

കതക്‌ തുറന്ന് ബാഗ്‌ സീറ്റിൽ വച്ചിട്ട്‌ തിരിയുമ്പോൾ ആ ഗർഭിണിയുടെ കാർ‌ മുന്നോട്ടു പോകുന്നതു കണ്ടു. അവരുടെ കാറിലേയ്ക്ക്‌ അവസാനമായി ഒന്നുകൂടി നോക്കി. അകത്തുനിന്ന് രണ്ട്‌ കുട്ടികളും വീശികാണിയ്ക്കുന്നു.  അവളും കൈവീശി. ആൺകുട്ടി ഇത്തവണ ചെറുതായി ചിരിയ്ക്കുന്നുണ്ടായിരുന്നു.

ആ കാറിന്റെ പുറകിലൊട്ടിച്ചിരിയ്ക്കുന്ന സ്റ്റിക്കർ അപ്പോഴാണ്‌ അവൾ കണ്ടത്‌.

കറുത്ത നിറപശ്ചാത്തലത്തിൽ മഞ്ഞ നിറമുള്ള ഒരു ബോ. അതിൽ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു. “ഇൻ ലവിംഗ്‌ മെമ്മറി ഓഫ്‌ മൈ ഹസ്ബന്റ്‌ ഹു ഡൈയ്ഡ്‌ ഇൻ ഇറാക്‌ വാർ.”

യുദ്ധത്തിൽ മരിച്ച ഒരു സൈനികൻ. അയാളുടെ മുഖം ഒരിയ്ക്കലും കാണാതെ വളരാൻ പോകുന്ന ഒരു കുഞ്ഞ്. ആഗ്രഹിയ്ക്കാതെ വലിഞ്ഞുകയറി വന്ന അന്ന!

വണ്ടിയ്ക്കുള്ളിൽ കയറി സ്റ്റിയറിങ്ങിൽ തലചായ്ച്ച്‌വച്ച്‌, കണ്ണടച്ച്‌ കുറച്ചുനേരം വെറുതേ ഇരുന്നു. മിനിവാൻ സ്റ്റാർട്ട്‌ ചെയ്ത്‌ പുറകോട്ടെടുക്കുമ്പോൾ മറ്റൊരുകാർ അവളുടെ പാർക്കിംഗ്‌ സ്പോട്ടിൽ കയറാൻ കാത്തുകിടക്കുന്നത് കണ്ടു.

എത്രയും പെട്ടെന്ന് വീട്ടിൽ ചെന്ന് മകളോട്‌ ചേർന്ന് കിടക്കണമെന്നും ആ കുഞ്ഞുശരീരം മുഴുവൻ ഉമ്മകൾ കൊണ്ട്‌ മൂടണമെന്നും മാത്രമോർത്ത അവളുടെ മനസ്സ്‌ വണ്ടിയേക്കാൾ വേഗം വീട്ടിലേയ്ക്ക്‌ കുതിച്ചു. പാസഞ്ചർ സീറ്റിൽ കിടക്കുന്ന ആ പഴഞ്ചൻ തുണിസഞ്ചിയിൽ നിന്ന് പ്രാർത്ഥനകളുടെ ഉറവ പൊട്ടുന്നത് ആ തിടുക്കത്തിൽ അവളറിഞ്ഞില്ല.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Priya joseph short story gurjari bag

Next Story
പേറ് കവിതകൾadil madathil , poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com