ഇത് തിരുത്തി മുത്തന്റെ മണ്ണാണ്. കടലുണ്ടിപ്പുഴ ഒഴുകി ഒലിപ്പുറം കടവിന് മേൽഭാഗത്ത് വെച്ച് ഒരു കൈവഴിതോടായി കിഴക്ക് വടക്കായൊഴുകി വീണ്ടും പുഴയിൽ ചേരുന്നു. ആ പരന്നൊഴുകിയ സ്ഥലമാണ് തിരുത്തി. ഒഴുക്ക് നിലച്ച സ്ഥലം ആടൽ ചളി കെട്ടിക്കിടന്നു.കിഴക്ക് ഭാഗത്ത് കൂടെ ഒരു തോടായി ഒഴുകിക്കൊണ്ടേയിരുന്നു. തുടക്കത്തിൽ ഒരു വെട്ടോട്, തോട് കൈപ്പേപാടം വഴി ചാലിയിൽക്കൂടി ഒഴുകി ചേലേമ്പ്രയുടെ അതിരിൽ കൂടി മുക്കത്ത് കടവിൽ എത്തുന്നു. ആ സ്ഥലത്ത് മണ്ണ് വന്ന് കൂടി തുരുത്തായി മാറുന്നു.
ആ തുരുത്തിൽ കട്ട കുത്തി ഉയർത്തി ചെറിയ ചെറിയ പൊറ്റകൾ ഉണ്ടാക്കി ഉറപ്പിച്ചു.ആ ഉയർന്ന സ്ഥലത്ത് ഒറ്റോല പുരകൾ വെച്ച് പാർത്തു. ചുറ്റും ചളി കെട്ടിക്കിടന്ന ഈർപ്പവും തണുപ്പും വകവെക്കാതെ അവരവിടെ താമസമാക്കി. നേരം പുലരും മുൻപ് കുട്ടികളേയും പണിയായുധങ്ങളുമായി അവർ വെള്ളം നീന്തി അക്കരയെത്തും ചേലേമ്പ്ര, തേഞ്ഞിപ്പാലം എന്നീ ഉയർന്ന സ്ഥലങ്ങളിലേക്കാണ് അവർ ജോലി തേടി പോകുന്നത്. രാത്രി മടങ്ങിയെത്തും.ആണാളും പെണ്ണാളും കുട്ടികളുമായി കൊട്ട, കൈക്കോട്ട്, അരിവാള്, വട്ടി, മുറം ഇതൊക്കെയായിട്ടാണ് പോക്കും വരവും. പകൽ മുഴുവനും കുടിലുകളെ സംരക്ഷിക്കുന്നത് പട്ടിക്കൂട്ടങ്ങളാണ്. കാറ്റടിച്ച് കൂരകളുടെ മേൽക്കൂരയിലെ ഓലകൾ കലപില കൂട്ടുമ്പോൾ പട്ടിക്കൂട്ടങ്ങൾ ശബ്ദം കേട്ട് ഓരിയിട്ടു കൊണ്ടേയിരിക്കും. അതു കൊണ്ട് ആ വഴി ആരും പോവാറില്ല. രാത്രിയിൽ ചൂട്ടും പന്തവുമായി കുടുംബങ്ങൾ കൂരയിൽ ചേക്കേറാൻ എത്തും. മരോട്ടിക്കായ ഒരു കമ്പിയിൽ തറച്ച് മരോട്ടി എണ്ണയിൽ മുക്കി കത്തിച്ചതാണ് അവരുടെ പന്തം.ആ വെളിച്ചമാണ് അന്നത്തെ കുടിലുകളിലെ വെട്ടം. ആ വെട്ടം കൊണ്ടാണ് വെപ്പും തീനും നടക്കുന്നത്.
ആണുങ്ങളും പെണ്ണുങ്ങളും ഷാപ്പിൽ കയറി പള്ള നിറയെ കള്ളും മോന്തീട്ടാണ് കുടിലുകളിൽ എത്തുന്നത്. പെണ്ണുങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നു. ആണുങ്ങൾ തുടിയും ചെണ്ടയും മുട്ടി തോറ്റംപാട്ടും പാടി സമയം പോക്കും.അങ്ങനെ ജീവിച്ചവർ പിന്നീട് ആ കൂരകൾക്ക് ചുറ്റും കണ്ടങ്ങൾ തിരിച്ചു. വെള്ളം തേവിമാറ്റി ചാമയും മുത്താറിയും പിന്നെ കുറേശെ നെല്ലും കൃഷി ചെയ്തു.പുറമേക്ക് പോകാതെ തിരുത്തിയിൽ തന്നെ കഴിഞ്ഞു. അവർക്ക് ഉടമകൾ ഉണ്ടായിരുന്നില്ല. അടിമ ഉടമയില്ലാത്ത ഒരന്തരീക്ഷത്തിൽ അവർ ഒതുങ്ങിക്കൂടി.
മറ്റ് പ്രദേശങ്ങളിൽ പാർക്കുന്നവർക്ക് ഉടമകളുണ്ടായിരുന്നു. അവർക്ക് തമ്പ്രാൻ ഉണ്ടായിരുന്നു.തമ്പുരാനും പടിയും ഉള്ളവർക്കാണ് അന്ന് സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്നത്. മറ്റ് പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ നിന്ന് തിരുത്തിക്കാരെ മാറ്റി നിർത്തും.തമ്പുരാനും പടിയുമുള്ളവർക്ക് ആചാരപ്രകാരം വെറ്റിലയും അടക്കയും നാല് പണവും കൊടുത്ത് ആദരിക്കാറുണ്ട്.
അങ്ങനെ സമൂഹത്തിൽ അദരിക്കാൻ തിരുത്തിക്കാർക്ക് ഒരു തമ്പുരാൻ വേണമെന്നായി.വെട്ടത്തു നാട്ടീന്ന് ഒരു തമ്പുരാനെ ദത്തെടുത്തുകൊണ്ടുവന്നു തമ്പുരാനായി വാഴിച്ചു. തിരുത്തിക്കളം എന്ന കളത്തിൽ താമസിച്ച് തമ്പുരാൻ ഭരിക്കാൻ തുടങ്ങി.
കാലം കുറേ കഴിഞ്ഞു തലമുറതലമുറയായി മാറി. തിരുത്തിക്കാരുടെ ഭൂമിയെല്ലാം തമ്പുരാന്റേതാക്കിത്തുടങ്ങി. ഭൂമിയും കൃഷിയും തമ്പുരാനെടുത്തു.അടുത്തടുത്ത സ്ഥലങ്ങളിൽ താമസിക്കാൻ ആജ്ഞാപിച്ചു. അവിടെ കിളച്ച് മറിച്ച് കൃഷി തുടങ്ങിയാൽ, തൈ വെച്ച് തെങ്ങായാൽ തമ്പുരാൻ അടിയാളരെ അവിടെ നിന്ന് മറ്റൊരു തരിശുനിലത്തേക്ക് മാറ്റും. അങ്ങനെ അവരുടെ അധ്വാനം ചൂഷണം ചെയ്ത് തുടങ്ങി. അവരെ ഒന്നും ഇല്ലാത്തവരാക്കി.തലമൂത്ത ഇട്ട്യാത്തൻ കണക്കനെ കന്നുപൂട്ടുന്നതിനും കാളകളെ നോക്കുന്നതിനും ഏൽപ്പിച്ചു.
ഒലിപ്രം കടവിന്റെ അൽപം മേലെ ഭാഗത്താണ് പുഴയുടെ കൈവഴി തെന്നിമാറി ഒഴുകുന്നത്.ആ തോട് നീന്തിച്ച് കന്നിനെ അക്കരേക്ക് തെങ്ങിച്ചു കൊണ്ട് പോകും.എന്നാൽ ഒരു ദിവസം കന്നിനെ തോട് നീന്തിച്ച് കൊണ്ടു പോകുന്ന നേരം കാളകൾ ഒഴുക്കിൽ പെട്ട് ആണ്ട് പോയി.പിന്നീട് അവയെ കണ്ടില്ല. മൂത്ത കണക്കൻ വേവലാതി പൂണ്ട് ഓടി പാഞ്ഞ് നടന്ന് മുപ്പത്തിമുക്കോടി ദൈവങ്ങളെ വിളിച്ച് കരഞ്ഞ്, തമ്പുരാനോട് സങ്കടം പറഞ്ഞു.ഇത് കേട്ട തമ്പുരാൻ കോപിഷ്ടനായിത്തീർന്നു.” ആ ഒഴുക്കിനെ തടയണം അവിടെ ഒരു തോട് കെട്ടിത്തരണം നീയ്യ്”. എന്നാജ്ഞാപിച്ചു.ഇട്ട്യാത്തൻ കണക്കൻ ഞെട്ടിപ്പോയി.” കെട്ടിയാല് ഉറക്കാത്ത ഒഴുക്കാണ് തമ്പ്രാനേ.. അടിയനെക്കൊണ്ട് ഒന്നും ആവൂല തമ്പ്രാനേ” എന്ന് ഇടനെഞ്ച് പൊട്ടിക്കരഞ്ഞ് പറഞ്ഞു.” അവിടെ കെട്ടിത്തന്നില്ലെങ്കിൽ നിന്റെ കുടുംബം ഞാൻ നശിപ്പിക്കും. എന്ത് വന്നാലും അവിടെ കെട്ടി ഉറപ്പിച്ചേ പറ്റൂ.”തമ്പുരാൻ ശാഠ്യം പിടിച്ചു.
കണക്കൻമാർ കൂട്ടം കൂട്ടമായി വന്നു ചിറകെട്ടാൻ തുടങ്ങി. കല്ലും വൈക്കോലും ചളിയും വെച്ച് കെട്ടി. പക്ഷെ കെട്ട് ഉറക്കുന്നില്ല. അവസാനം കോഴി വെട്ടി, ആട് വെട്ടി കർമ്മം ചെയ്തു. എന്നിട്ടും ആ തോട് കെട്ടി ഉറപ്പിക്കാൻ സാധിച്ചില്ല.
”ഇനി എന്തു ചെയ്യേണ്ടു കൂട്ടരേ” എന്ന് ഇട്ട്യാത്തൻ കണക്കൻ വിലപിച്ച് കരഞ്ഞു.” ആളെ വെട്ടി ആ ചോരയിലേ കെട്ട് ഉറക്കുകയുള്ളു കാർന്നോരേ!” എന്നാരോ വിളിച്ച് പറഞ്ഞു. ആരേയും കിട്ടിയില്ല.ആറേഴ് സഹോദരിമാരെ സമീപിച്ചു. ഒരു കുട്ടിയെ കിട്ടാൻ. കെട്ടി ഉറപ്പിച്ചില്ലെങ്കിൽ തമ്പുരാൻ വെടിവെച്ച് കൊല്ലും എന്ന് പറഞ്ഞ് വിലപിച്ചു. ആരും സഹായിച്ചില്ല. അവസാനത്തെ അനിയത്തി കടലുണ്ടിയിലാണ്. അവിടെച്ചെന്ന് അനിയത്തിയോട് പൊട്ടിക്കരഞ്ഞ് കാര്യം പറഞ്ഞു.” വട്ടി വയറുണ്ടെങ്കിൽ ഞാൻ ഇനിയും പെറ്റോളാം ആങ്ങളേ. നിങ്ങളെന്റെ പൊന്നുംകുടത്തിനെ എടുത്തോളണേ!” എന്ന് പറഞ്ഞ് വിതുമ്പി നിന്നു ആ സഹോദരി.
അമ്മാവനും മരുമകനും ആ അമ്മ വിതുമ്പിക്കൊണ്ട് ചോറ് വിളമ്പി. അവരുടെ ചുടുകണ്ണീർ താഴെ മകന്റെ മേല് വീണു. അവൻ ”എന്തിനാണമ്മ കരയുന്നത്..?”.”മോനേ” എന്ന് പറഞ്ഞ് ആ അമ്മ വിതുമ്പിക്കരഞ്ഞു. അമ്മാമനോടൊപ്പം ഊണുകഴിക്കമ്പോൾ അവൻ പറഞ്ഞു..” ഞാനവിടെ തിരുത്തിയിൽത്തന്നെ ഉണ്ടാകും അമ്മേ.. അമ്മ എന്നെക്കാണാൻ അങ്ങോട്ട് വന്നാ മതീട്ടോ” ആ വാക്കുകൾ അന്വർത്ഥമാകുകയായിരുന്നു.ഇത് കേട്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മ അകത്തു കയറി. അമ്മാവനും മരുമകനും ഊണ് കഴിഞ്ഞ് പുറപ്പെടാറായി. ഞാനുണ്ടത് അവസാനത്തെ ചോറാണെന്ന് അവനറിഞ്ഞില്ല. പൊട്ടിച്ചിരിച്ചും തത്തിക്കളിച്ചും അവൻ അമ്മാവന്റെ മുമ്പിൽ നടന്നു കഴിഞ്ഞിരുന്നു. ഇടനെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ആ അമ്മ മകനെ നോക്കി നിന്നു.
അവർ നടന്ന് നടന്ന് തിരുത്തിയിൽ എത്തി. ഒലിപ്രത്ത് പുഴയുടെ കൈവഴി തിരിയുന്ന തോട്ട് വക്കത്ത് ആ അമ്മാവൻ ഇരുന്ന് മുറുക്കാൻ തുടങ്ങുകയാണ്. ചെറിയ ചെറിയ കല്ലുകൾ പെറുക്കി പുഴയുടെ ഓളങ്ങളിൽ എറിഞ്ഞു കളിക്കുകയാണാക്കുട്ടൻ.പെട്ടെന്ന് അമ്മാവന്റെ നൂറ്റിൻ കരണ്ടം വെള്ളത്തിൽ വീണു. ”എന്താണമ്മാവാ വെള്ളത്തിൽ വീണത്?” അവൻ ആരാഞ്ഞു.” അമ്മാവന്റെ നൂറ്റിൻകരണ്ടം ആണ് മോനെ എന്ന് പറഞ്ഞു. ഞാനെടുത്ത് തരാം എന്ന് പറഞ്ഞ് അവൻ വെള്ളത്തിലേക്ക് ഇറങ്ങി. ഈ തക്കം നോക്കി അമ്മാവൻ അവനു ചുറ്റും മണ്ണും കല്ലും വൈക്കോലും മുട്ടിയും വാരിയെറിഞ്ഞു.” അയ്യോ എന്റെ കാല് വരെയായി എന്നെ എടുക്കണേ എനിക്ക് പേടിയാകുന്നമ്മാവാ” അവൻ കരഞ്ഞു. ”പേടിക്കേണ്ട മോനേ ഞാൻ നിന്നെ എടുത്തോളാം” എന്ന് പറഞ്ഞു. വീണ്ടും കല്ലും മുട്ടിയും മണ്ണും അവനു ചുറ്റും നീക്കിക്കൊണ്ടേയിരുന്നു. അവൻ അര ഭാഗം വരെ മണ്ണിലമർന്നു. അവൻ വീണ്ടും കരഞ്ഞുപറഞ്ഞു” അരയോളമായി അമ്മാവാ എനിക്ക് പേടിയാകുന്നേ” അത് വകവെക്കാതെ കല്ലും മണ്ണും വാരിയിട്ട് മൂടി കഴുത്തുവരെയായി.പെട്ടെന്ന് രൗദ്രഭാവം പൂണ്ട അമ്മാവൻ അരയിൽ നിന്നും കത്തി വലിച്ചൂരിയെടുത്ത് മരുമകന്റെ ഇളം കഴുത്ത് മുറിച്ചു മാറ്റി. ചുടുചോരയിൽ കല്ലും മണ്ണും നിരത്തി ഒഴുക്കിനെ നിർത്തി.അമ്മാവൻ അവിടെ തളർന്നുവീണു.പിന്നീട് ഉണർന്നെണീറ്റ് ഉറക്കെ വിളിച്ചു പറഞ്ഞു ഓ… ആളാം ചിറ മണിച്ചിറാ.. കെട്ടി ഒറപ്പിച്ചേ.. കൂവിവിളി അങ്ങ് അയായിൽ വരെയെത്തി.അടിയാളക്കൂട്ടങ്ങൾ ഒന്നൊന്നായ് ആളാം ചിറയിൽ എത്തി.അടിയാള രക്തത്തിൽ കെട്ടിയുയർത്തിയ പ്രദേശമാണ് തിരുത്തി. ഈ പ്രദേശത്തിന്റെ നേരവകാശികൾ തിരുത്തിയിലെ അടിയാളരാണ്. അവരെ ഉറപ്പിച്ചു നിർത്തിയ തിരുത്തി മുത്തൻ അവരുടെ ആരാധനാമൂർത്തിയായി.
പൃന്താൾ, നോവൽ, ആർ.കെ.ജി.മാഷ്, വില: 140 രൂപ, മുദ്ര ബുക്സ് ആൻറ് പബ്ലിക്കേഷൻ