scorecardresearch

ശവപ്പെട്ടിയിലെ ഏകാന്തത-പ്രവീണ്‍ ചന്ദ്രന്‍ എഴുതിയ കഥ

“‘ഉവ്വ്, അത് അവിടുത്തെ വേലക്കാരിയുടെ വിരല്‍ മുറിഞ്ഞ ചോരയായിരുന്നു. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.’” കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ചന്ദ്രന്‍ എഴുതിയ കഥ

ശവപ്പെട്ടിയിലെ ഏകാന്തത-പ്രവീണ്‍ ചന്ദ്രന്‍ എഴുതിയ കഥ
ചിത്രീകരണം : വിഷ്ണു റാം

ഈ ഉറുമ്പുകള്‍ എങ്ങിനെയാവും പത്താം നിലയിലേക്ക് കയറിയെത്തിയിട്ടുണ്ടാവുക? ആലോചിക്കുമ്പോള്‍ കൗതുകമുള്ള കാര്യമാണത്. ലിഫ്റ്റില്‍ പറ്റിപ്പിടിച്ചോ, കടയില്‍ നിന്ന് പൊതിഞ്ഞു വരുന്ന സാധനങ്ങളില്‍ കയറിപ്പറ്റിയോ ആകാം ആദ്യത്തെ ഉറുമ്പ് പത്താം നിലയിലെത്തിയത്. പിന്നെയത് പെരുകി അവിടെമാകെ നിറഞ്ഞു കാണണം. ഈ ഫ്ലാറ്റില്‍ താമസം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇതിനിടെ ആദ്യമായാണ് ഇത്രയും ഉറുമ്പുകള്‍ ചാലിട്ട് പുറത്തേക്ക് പോകുന്നത് ശ്രദ്ധയില്‍ പെടുന്നത്. അതും മുന്‍വാതില്‍ കടന്ന് പുറത്തേക്ക്.

എന്നെത്തേയും പോലെ അയാള്‍ ഓഫീസില്‍ നിന്ന് വളരെ വൈകിയാണ് തിരിച്ചെത്തിയത്. രാത്രി പത്ത് മണിയോടെ വാര്‍ദ്ധക്യത്താല്‍ ക്ഷീണിതനായ സെക്യൂരിറ്റി സ്റ്റാഫ് കസേരയില്‍ ഇരുന്ന് ഉറക്കം തൂങ്ങിത്തുടങ്ങും. സഞ്ജയ് വന്നു കഴിഞ്ഞാല്‍ ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി ഗേറ്റ് അടയ്ക്കും. പത്ത് നില കെട്ടിടമാണെങ്കിലും പകുതിയിലധികം ഫ്ലാറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. വിദേശത്തു ജോലി ചെയ്യുന്നവര്‍ ഒരു മൂലധനനിക്ഷേപമായി വാങ്ങിയിട്ടവയാണ് അവ. ഏതാനും ചിലതില്‍ സഞ്ജയനെപ്പോലെ ചില വാടകക്കാരുണ്ട്. ബാക്കി താമസക്കാരാവട്ടെ റിട്ടയര്‍ ചെയ്തവരോ പ്രായം ചെന്നവരോ ആണ്. അതുകൊണ്ടുതന്നെ അവരൊന്നും വൈകി പുറത്തുപോവുകയോ തിരിച്ചുവരികയോ പതിവില്ല.

സഞ്ജയ് ലിഫ്റ്റില്‍ കയറി പത്താം നിലയിലേക്കുള്ള ബട്ടന്‍ അമര്‍ത്തി. പതിനഞ്ച് വര്‍ഷം പഴക്കമുളള ഫ്‌ളാറ്റിലെ ലിഫ്റ്റ് താനേ അടയുന്ന തരത്തിലുളളളതല്ല. അയാള്‍ ലിഫ്റ്റിന്റെ വാതില്‍ വലിച്ചടച്ചു. ലിഫ്റ്റിനുള്ളിലെ ലൈറ്റ് കേടായിരിക്കുന്നതിനാല്‍ ഇരുട്ട് നിറഞ്ഞ ചതുരപ്പെട്ടിക്കുള്ളില്‍ അയാള്‍ ശ്വാസം മുട്ടി.

“ലിഫ്റ്റിലെ ലൈറ്റ് കത്തുന്നില്ല.”

അന്ന് കാലത്തുകൂടി അയാള്‍ സെക്യൂരിറ്റിയോട് പറഞ്ഞതാണ്. ലിഫ്റ്റിന്റെ വാതിലില്‍ ചില്ല് ഗ്ലാസുള്ളതിനാല്‍ പകല്‍ അത് പ്രശ്‌നമല്ല.

“ഇന്ന് ഇലക്ട്രിഷന്‍ വരും.”

“ഇന്നലെയും ഇതു തന്നെയാണ് പറഞ്ഞത്.”

“അല്ല സാര്‍ ഇന്ന് തീര്‍ച്ചയായും ശരിയാക്കും.”

ശരിയായില്ല. ഏതാനും മിനുറ്റുകളാണെങ്കിലും ഇരുട്ട് നിറഞ്ഞ ചതുരപ്പെട്ടിക്കു ളളില്‍ പെട്ടുപോകുന്ന അവസ്ഥ അസഹനീയമാണ്. ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നും. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണെങ്കിലും വിട്ടുമാറാത്ത ഭയം പിന്തുടരും. ഇത് പക്ഷെ വൈകി വരുന്ന സഞ്ജയന്റെ മാത്രം പ്രശ്‌നമാണ്. രാത്രിയായാല്‍ മറ്റാരും പുറത്തിറങ്ങുന്നുണ്ടാവില്ല. കഷ്ടം.

praveen chandran, story ,iemalayalam
ചിത്രീകരണം : വിഷ്ണു റാം

പത്താം നിലയിലെ കോറിഡോറിലും വെളിച്ചമില്ലായിരുന്നു. പഴയ ഫ്ലാറ്റുകളായാലുള്ള കുഴപ്പമിതാണ്. പലതും കേടായിരിക്കും. അത് മാറ്റാന്‍ ആര്‍ക്കും ശ്രദ്ധയോ താത്പര്യമോ ഉണ്ടാവില്ല. ആരെയും പഴി പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയ്ക്കായതില്‍ പിന്നെ ഇങ്ങനെ ചെലവ് കുറഞ്ഞ ഒരിടം തന്നെ ധാരാളം. അയാള്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ലൈറ്റ് കത്തിച്ച് ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് അകത്ത് കയറി.

സ്വീകരണമുറിയിലെ ലൈറ്റിട്ടപ്പോള്‍ പത്ത് നില കെട്ടിടത്തിന്റെ ഒരു ജനല്‍പ്പാളിയിലൂടെ വെളിച്ചം പുറത്തേക്ക് പരന്നിറങ്ങാന്‍ തുടങ്ങി. അയാള്‍ ജനല്‍ തുറന്ന് തടവിലടയ്ക്കപ്പട്ട വായുവിനെ രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കി. വായു പ്രകാശത്തോടൊപ്പം പുറത്തേക്കിറങ്ങി. അയാള്‍ കുറച്ചു സമയം പുറത്തേക്ക് നോക്കി ദീര്‍ഘശ്വാസമെടുത്തു. പുറത്തേക്ക് നോക്കുമ്പോള്‍ കാണുന്ന വലിയ കെട്ടിടങ്ങള്‍ ഏതാനും ജനല്‍ക്കീറുകളിലെ വെളിച്ചമായി ചുരുങ്ങുന്ന സ്ഥിരം കാഴ്ചയില്‍ അയാള്‍ മുഴുകി. ജനലുകള്‍ക്ക് പിന്നില്‍ പുറത്തേക്ക് നോക്കി തന്നെപ്പോലെ ആരെങ്കിലും നില്‍ക്കുന്നുണ്ടാകണം. കാണാന്‍വയ്യ.

ബാങ്കിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങള്‍ കണ്ണില്‍ നിന്ന് മാഞ്ഞു തുടങ്ങിയ ആശ്വാസത്തില്‍ അയാള്‍ അടുക്കളയിലേക്ക് നടന്നു. വെള്ളം ചൂടാക്കുന്നതും കട്ടന്‍ ചായയിടുന്നതും ഒഴിച്ചാല്‍ അടുക്കള മറ്റൊരു മുറി മാത്രമാണ്. അടുക്കളയിലെ ലൈറ്റിട്ടപ്പോഴാണ് വെളുത്ത ടൈല്‍ വിരിച്ച നിലത്ത് കടുത്ത കറുപ്പ് നിറത്തിലുള്ള വര അയാള്‍ ശ്രദ്ധിച്ചത്. ഉറുമ്പുകള്‍ നിരയിട്ട് പോവുകയാണ്.

“ശ്രദ്ധിക്കണം. ഭൂമിയിലെ മാറ്റങ്ങള്‍ നമ്മളേക്കാള്‍ പെട്ടെന്ന് ചെറുജീവികളാണ് അറിയുക.”
ഉറുമ്പുകള്‍ വരിയിട്ട് പലായനം ചെയ്യുന്നതും ഇയ്യാംപാറ്റകള്‍ എവിടെനിന്നെന്നറിയാതെ പൊട്ടിപ്പുറപ്പെടുന്നതും കാണുമ്പോള്‍ ശാലിനി പറയാറുള്ളതാണിത്.

“എന്ത് സംഭവിക്കാനാ. ഭൂകമ്പമോ?” സഞ്ജയ് കളിയാക്കി ചോദിക്കും.

“അല്ല. വീട് താമസിക്കാന്‍ കൊള്ളാതാവുമ്പോഴും ആദ്യം തിരിച്ചറിയുക ഇത്തരം ചെറുജീവികള്‍ തന്നെയാണ്.”

ശാലനി ഭയം നിറഞ്ഞ ദേഷ്യത്തോടെയാവും മറുപടി പറയുക.

“നീ പോടി. നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മനസ്സില്‍ കയറ്റിവിട്ട വിഡ്ഢിത്തങ്ങളല്ലേ.”

ഒരു തര്‍ക്കത്തിന് അത് മതി. പക്ഷെ സഞ്ജയന് മറുപടി പറയാതിരിക്കാന്‍ പറ്റില്ല. തര്‍ക്കത്തിന്റെ ആവര്‍ത്തനത്തില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനായില്ല. അസ്വാരസ്യങ്ങളുടെ ഭാവഭേദങ്ങള്‍ അയാള്‍ക്ക് തിരിച്ചറിയാനായില്ല. ഉറുമ്പുകള്‍ നിരയിട്ട് വീടുവിട്ട ഒരു സന്ധ്യക്കാണ് ശാലിനി അവളുടെ വീട്ടിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. അഞ്ചാറ് കൊല്ലം മുമ്പ്. തകര്‍ന്ന കുടുംബത്തിന്റെ കൊടിയടയാളമായി സ്വന്തം നാട്ടില്‍ നില്‍ക്കാനുള്ള മടി കാരണം തുടങ്ങിയ പലായനമാണിത്. വീട്ടിനടുത്ത് നിന്ന് അകലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി ഈ നഗരത്തിലെത്തിയത്.

ഉറുമ്പുകള്‍ നിരയിട്ട് സഞ്ചരിക്കുമ്പോള്‍ അവ പോവുകയാണോ തിരിച്ചുവരികയാണോ എന്ന് ഉറപ്പിക്കാനാവില്ല. പരസ്പരം ചുംബിച്ചു സന്ദേശങ്ങള്‍ കൈമാറി അവ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കും. അവര്‍ മുറിവിട്ട് എവിടേക്കാണ് പോകുന്നത്. അയാള്‍ വാതില്‍ തുറന്നു. മൊബൈല്‍ ടോര്‍ച്ച് തെളിച്ച് അന്നത്തിന്റെയോ സുരക്ഷിതത്വത്തിന്റെയോ ലക്ഷ്യത്തിലേക്ക് യാത്രചെയ്യുന്നവരുടെ പിന്നാലെ നടന്നു. വെളിച്ചം ചെന്ന് നിന്നത് നേരെ എതിരെയുള്ള വീടിന്റെ വാതിലിനടിയിലാണ്. ഫ്‌ളാറ്റിന്റെ ഈ നിലയില്‍ സഞ്ജയനെ കൂടാതെ ആ വീട്ടില്‍ മാത്രമേ താമസക്കാരുണ്ടായിരുന്നുള്ളൂ.

വാതിലിനടിയില്‍ കറുത്ത നിറം. ഉറുമ്പുകള്‍ അവിടെ കൂട്ടം കൂടി നില്‍ക്കുന്നു. വാതില്‍ക്കലെ അന്നമെന്തെന്നറിയാല്‍ അയാള്‍ കുനിഞ്ഞ് നിന്ന് മൊബൈല്‍ ടോര്‍ച്ച് താഴേക്ക് തെളിച്ചു. കട്ടപിടിച്ച രക്തം. സഞ്ജയ് അത് ഉറപ്പിക്കാനായി സൂക്ഷിച്ചു നോക്കി. അതെ, രക്തം തന്നെ. ആ വാതിലിന് പിന്നില്‍ എന്തോ സംഭവിച്ചിരിക്കുന്നു. അയാള്‍ എന്ത് ചെയ്യണമെന്നറിയാതെ കുറച്ച് നേരം നിവര്‍ന്ന് നിന്നു. ഒരിക്കല്‍ കൂടി ടോര്‍ച്ചടിച്ച് കടുംചുവപ്പ് നിറത്തിന് ചുറ്റും കൂട്ടം കൂടി നില്‍ക്കുന്ന ഉറുമ്പുകളെ നോക്കി സ്വന്തം വീട്ടിലേക്ക് തിരിച്ചു നടന്നു. ഉറുമ്പുചാലില്‍ കാല്‍ പതിയാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സഞ്ജയ് സ്വീകരണമുറിയില്‍ ഇരുന്ന് ദീര്‍ഘശ്വാസമെടുത്തു. വാതിലിന് പിന്നില്‍ കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്. അവിടെ എഴുപത് വയസ്സായ ഒരു വൃദ്ധയും അവരുടെ സഹായിയായ ഒരു സ്ത്രീയും മാത്രമാണ് താമസമുണ്ടായിരുന്നത്. മക്കള്‍ വിദേശത്തായതിനാല്‍ അമ്മയെ തറവാട്ടില്‍ നിന്ന് ഫ്‌ളാറ്റിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതാണ്. സ്ഥിരമായി നില്‍ക്കാന്‍ ഒരു ഹോംനേഴ്‌സിനെ കിട്ടിയതിനാല്‍ എല്ലാം സുരക്ഷിതമായി എന്ന മക്കള്‍ കരുതിക്കാണും. ഇപ്പോഴെന്താണ് സംഭവിച്ചത്?

അയാള്‍ സെക്യൂരിറ്റിയെ വിളിക്കുന്നതിനെപ്പറ്റി ആലോചിച്ചു. ഒന്നാമത് ഉണര്‍ത്തണമെങ്കില്‍ തന്നെ പ്രയാസമാണ്. പിന്നെ അവര്‍ക്ക് ഇത്തരം കാര്യത്തില്‍ ഇടപെടാന്‍ ഒട്ടും താത്പര്യം കാണില്ല. അയാളുടെ മനസ്സിലൂടെ പത്രവാര്‍ത്തകളും ടിവി വിവരണങ്ങളും സിനിമാ ദൃശ്യങ്ങളും കടന്നുപോയി. എല്ലാം പേടിപ്പെടുത്തുന്നവ. ടിവിയും മറ്റും കണ്ട് പരിചയിച്ച പ്രായോഗികതയില്‍ പൊലീസിനെ വിളിക്കുന്നതാവും നല്ലത് എന്ന് അയാള്‍ക്ക് തോന്നി. കണ്‍ട്രോള്‍ റൂമിലേക്ക് ഡയല്‍ ചെയ്തു. രാത്രി പതിനൊന്ന് കഴിഞ്ഞെങ്കിലും അവര്‍ പെട്ടെന്ന് ഫോണെടുത്തു. അയാള്‍ പേരും സ്ഥലവും പറഞ്ഞു.

“എന്താണ് പ്രശ്‌നം?” പൊലീസ് ചോദിച്ചു. മറുപടിക്ക് പെട്ടെന്ന് വാക്കുകള്‍ വരാതെ അയാള്‍ പതുങ്ങി. ഏതാനും നിമിഷം നിശ്ശബ്ദനായി.

“ഫ്ലാറ്റില്‍ എന്റെ വീടിന് നേരെ എതിരെയുള്ള വീട്ടില്‍ എന്തോ നടന്നിരിക്കുന്നു. വാതില്‍ വിടവിലൂടെ രക്തം കട്ടപിടിച്ച് കിടക്കുന്നത് ഞാന്‍ കണ്ടു.” അയാള്‍ തടസ്സത്തോടെ പറഞ്ഞു.

“അവിടെ ഇപ്പോള്‍ ആരെങ്കിലും താമസമുണ്ടോ?”

“അറിയില്ല.”

‘നിങ്ങള്‍ വാതിലില്‍ മുട്ടി നോക്കിയോ?’

“ഇല്ല. എവിടെയെങ്കിലും തൊട്ട് തെളിവ് നഷ്ടപ്പെടേണ്ട എന്ന കരുതി ഞാന്‍ രക്തം കണ്ട ഉടനെ വിളിച്ചതാണ്.”

മറുപടി കേട്ട് പൊലീസ് ചിരിച്ചതുപോലെ തോന്നി. ഇതില്‍ ചിരിക്കാനെന്താണുള്ളത്?

“അവിടെ ആരൊക്കെയാണ് താമസം?”

“ഒരു വൃദ്ധയും വേലക്കാരിയുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴവര്‍ തന്നെയാണോ എന്നറിയില്ല.”

“നിങ്ങള്‍ വാതില്‍ക്കല്‍ മുട്ടി നോക്കൂ. ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കൂ. രക്തം കാണുമ്പോഴേക്ക് ഒരു തീരുമാനമെടുക്കാന്‍ വരട്ടെ. ഒരു പക്ഷെ ആര്‍ക്കെങ്കിലും അപകടം പറ്റിയതാണെങ്കിലോ? കുഴഞ്ഞ് വീണ് മെഡിക്കല്‍ സഹായം പെട്ടെന്ന് വേണ്ട അവസ്ഥയിലാണെങ്കിലോ?”

അയാള്‍ ഫോണ്‍ കട്ടു ചെയ്തു. ശരിയാണ് താന്‍ ആ വഴിക്കൊന്നും ചിന്തിച്ചില്ലല്ലോ? ഫ്ലാറ്റുകള്‍ നമ്മളെ ഒറ്റപ്പെടുത്തുക മാത്രമല്ല മറ്റുള്ളവരെ സഹായിക്കണം എന്നൊരു തോന്നല്‍ കൂടി ഇല്ലാതാക്കുന്നുണ്ടോ എന്ന് അയാള്‍ സംശയിച്ചു. ഇപ്പോഴവിടെ ആരാണുള്ളത് എന്നുപോലും അറിയില്ലല്ലോ എന്ന് അയാള്‍ ചിന്തിച്ചു.

എല്ലാവരും സ്വകാര്യത ആഗ്രഹിക്കുന്നു. മറ്റുള്ളവരോട് പറയാന്‍ താത്പര്യ മില്ലാത്ത ഒരു പാട് സങ്കടങ്ങള്‍ ഉള്ളില്‍ പേറുന്നു. ലിഫ്റ്റിനുള്ളിലെ ഇരുട്ടിലെന്ന പോലെ ഒരോരോ ഫ്ലാറ്റുകളില്‍ ഒറ്റക്ക് താമസിക്കുന്നു. ആരും ആരുടേയും സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അടുത്ത വീട്ടിലെ താമസക്കാരെ അറിയാത്തതില്‍ കുറ്റബോധം തോന്നേണ്ടതില്ല. അല്ലെങ്കിലും രണ്ട് പ്രാവശ്യം മാത്രമാണ് താന്‍ അവിടെ പോയിട്ടുളളത്.

ഒന്നാമത്തെ വട്ടം കറണ്ട് ദീര്‍ഘ നേരം പോയപ്പോഴാണ്. കറണ്ട് പോയാല്‍ ജനറേറ്റര്‍ ഓണ്‍ ചെയ്യും. എല്ലാ വീട്ടിലും ഒരു സര്‍ക്ക്യൂട്ട് സ്വിച്ച് മുകളിലേക്കാക്കിയാലേ മുറികളില്‍ വെളിച്ചം വരൂ. സഞ്ജയ് മൊബൈലില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കെ കോളിങ്ങ് ബെല്‍ ശബ്ദിച്ചു.

അയാള്‍ വാതില്‍ തുറന്നു. അയഞ്ഞ മാക്‌സി ധരിച്ച് ഒരൽപ്പം തടിച്ച സ്ത്രീ വാതില്‍ക്കല്‍ നില്‍ക്കുന്നു.

“ഇവിടെയൊക്കെ കറണ്ട് വന്നല്ലോ? ഞങ്ങള്‍ക്കവിടെ ഇരുട്ടാണ്.”

“ഇത് ജനറേറ്റര്‍ സ്‌പ്ലൈ ആണ്. നിങ്ങള്‍ സപ്ലൈ ചെയ്ഞ്ച് ഓവര്‍ ചെയ്തിരുന്നോ?”

praveen chandran, story ,iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ഇല്ല. അതിന്റെ സ്വിച്ച് എവിടെയാണ്?”

അതൊന്ന് കാണിച്ചു തരണം എന്ന മട്ടില്‍ അവര്‍ തിരിഞ്ഞു നടന്നു. അയാള്‍ പിന്നാലെ നടന്നു. അയാള്‍ മൊബൈല്‍ ടോര്‍ച്ച് തെളിയിച്ച് സ്വീകരണ മുറിയുടെ ഒരു ചുമരിലെ ഡിസ്ട്രിബ്യൂഷന്‍ ബോക്‌സിലെ സ്വിച്ച് മുകളിലേക്കുയര്‍ത്തി. വീട്ടില്‍ വെളിച്ചം നിറഞ്ഞു. ഉടനെത്തന്നെ തൊട്ടടുത്ത മുറിയില്‍ നിന്ന് ടി വിയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.

വെളിച്ചം വന്നപ്പോള്‍ സ്വീകരണമുറിയില്‍ കറുത്ത സോഫാസെറ്റി കണ്ടു. കടും നീല കര്‍ട്ടിനുകള്‍ ജനലുകള്‍ക്ക് മറയിട്ടിരുന്നു. പകല്‍ പോലും ഉള്ളില്‍ ഇരുട്ടായിരിക്കുമല്ലോ എന്ന് അയാള്‍ക്ക് തോന്നി.

“ഇവിടെ വേറാരുമില്ലേ?”

“അമ്മച്ചിയുണ്ട്. അമ്മച്ചിക്ക് വയ്യ. കഴിഞ്ഞ വര്‍ഷം വരെ തറവാട്ടിലായിരുന്നു. വീട് നന്നാക്കാനാന്ന് പറഞ്ഞാ അമ്മച്ചിയെ ഇവിടേക്കാക്കിയത്. നന്നാക്കുന്നതൊക്കെ വെറുതെയാ. അത് വിക്കാനാണ് മക്കളുടെ ഉദ്ദേശം.”

ആരോടെങ്കിലും സംസാരിച്ചിട്ട് നാളേറെയായി എന്ന് തോന്നിക്കുന്ന മട്ടിലാണ് വേലക്കാരി സംസാരിച്ചു തുടങ്ങിയത്. അമ്പത് വയസ്സുകഴിഞ്ഞെങ്കിലും പെട്ടെന്ന് ചെറുപ്പക്കാരിയായതുപോലെ ആവേശത്തോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി.

“ഞാന്‍ മോളി. വയനാട്ടിലാ വീട്. പത്ത് കൊല്ലമായി അമ്മച്ചിയെ നോക്കാന്‍ കൂടെ കൂടിയതാ. വീടും തൊടിയുമൊക്കെ ഉളളപ്പോ കാറ്റും വെളിച്ചവുമുണ്ടായിരുന്നു. അയല്‍ക്കാരുണ്ടായിരുന്നു. ഇതൊരുമാതിരി എവിടേക്കും തിരിയാന്‍ പറ്റാത്ത മട്ടാ. ഇങ്ങനെ കൂറേ നാളിരുന്നാല്‍ വട്ടായിപ്പോകും.”

അയാള്‍ അതിന് മറുപടി പറഞ്ഞില്ല. അവര്‍ക്ക് വേഗം വിടാനുള്ള മട്ടില്ലായിരുന്നു.

“കറണ്ട് വന്നാല്‍ ഇതൊന്ന് തിരിച്ചാക്കുന്നതും കൂടി കാണിച്ചേച്ച് പോയാല്‍ മതി.”

അയാള്‍ തലയാട്ടി. സോഫയിലിരുന്നു. മോളി നേരെ എതിര്‍ വശത്തുള്ള കസേരയിലിരുന്നു.

“ആരാ മോളീ?”

സ്വീകരണമുറിയിലെ സംസാരം കേട്ട് അമ്മച്ചി ടിവിയുടെ ശബ്ദത്തെ വെല്ലുന്ന ശബ്ദത്തില്‍ അകത്ത് നിന്ന് വിളിച്ചു ചോദിച്ചു.

“ഓ, അടുത്ത വീട്ടിലെ സാറാ. കറണ്ട് പോയപ്പോ ശരിയാക്കാന്‍ വന്നതാ.”

അവര്‍ വിളിച്ചു പറഞ്ഞു. അമ്മച്ചി ടി.വി ഓഫ് ചെയ്തു. സ്വീകരണമുറിയിലേക്ക് വന്നു. വെളുത്ത തലമുടി പാറിക്കിടുക്കുന്നു. വെളുത്ത് വിളറിയ ശരീരം. കുറേ നേരം കിടന്നതുകൊണ്ടെന്നപോലെ ഒരല്പം കൂനിയാണ് അമ്മച്ചി നടന്നു വന്നത്. അവര്‍ സോഫ സെറ്റിയില്‍ ഇരുന്നു.

“മോളീ എന്തെങ്കിലും കുടിക്കാന്‍ കൊടുക്ക്.”

“അമ്മച്ചിയെ ശ്രദ്ധിക്കണേ. തരം കിട്ടിയാല്‍ ഇവിടുന്ന് പുറത്ത് പോകാന്‍ നോക്കും. വാതില്‍ തുറന്ന് കൊടുക്കരുത്.”

മോളി സ്വകാര്യം പോലെ പറഞ്ഞ് മുന്‍ വാതിലിനടുത്തേക്ക് നടന്നു. വാതിലില്‍ ലോക്ക് ചെയ്ത് താക്കോല്‍ കൈയ്യിലെടുത്ത് അവര്‍ അടുക്കളയിലേക്ക് നടന്നു.

“ഒരു വാതിലിനപ്പുറമായിട്ടും ഇതുവരെ കണ്ടിട്ടില്ല. വീട്ടിലായിരുന്നെപ്പോ അയല്‍ക്കാരെ കാണാതെ ഉറങ്ങാനാവില്ലായിരുന്നു. ഇവിടെ വന്നപ്പോ ആളുകളെ കാണുന്നത് തന്നെ മടിയായി. കൂടെ ആരൊക്കെയുണ്ട്?” അമ്മച്ചി ചോദിച്ചു.

ശരിയാണ് ഒരു വാതിന്റെ അപ്പുറവും ഇപ്പുറവുമാകുമ്പോള്‍ സ്വകാര്യതയുടെ സുരക്ഷിത അകലം സൃഷ്ടിക്കാന്‍ നാം മനസ്സുകൊണ്ട് അകലുന്നു. പരസ്പരം അറിയാതിരിക്കാന്‍ ശ്രമിക്കുന്നു. ഫ്‌ളാറ്റുകളിലെ മനുഷ്യര്‍ ഒരേ മനോനില പങ്കിടുന്നു.

“ഇവിടെ തനിച്ചാ. കുടുംബം നാട്ടിലാണ്.”

മറുപടികളില്ലാതായപ്പോഴാണ് നാട് വിട്ട് മറ്റൊരിടം തേടിയത്. അവിടെയും ചോദ്യങ്ങള്‍ പിന്തുടരുന്നത് മടുത്ത് അയാള്‍ കളവ് പറഞ്ഞു.

“ഞങ്ങളിവിടെ മൂന്നാല് മാസം കൂടി കാണും. വീടു പണി കഴിഞ്ഞിട്ട് തിരിച്ചുപോകും.”

അതിനിടെ കറണ്ട് വന്നു. മോളി ഒരു ഗ്ലാസ് ചായയുമായി തിരിച്ചെത്തി. അയാള്‍ ചായ കുടിച്ചു. സപ്ലൈ ചെയ്ഞ്ച് ഓവര്‍ ചെയ്യുന്നത് കാണിച്ചു കൊടുത്ത് അയാള്‍ പുറത്തിറങ്ങി.

അയല്‍ക്കാരെപ്പറ്റി ഇത്രയൊക്കെ അറിയുന്നത് തന്നെ ധാരാളം. അവരെപ്പറ്റി യാതൊന്നുമറിയില്ല എന്ന് പൊലീസിനോട് പറയേണ്ടിയിരുന്നില്ല. അയാള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഉറുമ്പുകള്‍ക്ക് പിന്നാലെ നടന്ന് വാതിലിനടുത്ത് ചെന്ന് കോളിങ്ങ് ബെല്‍ അമര്‍ത്തി.

അകത്ത് നിന്ന് ഒരു അനക്കവും കേള്‍ക്കാതായപ്പോള്‍ അയാള്‍ വാതില്‍ക്കല്‍ ഒന്നുരണ്ട് വട്ടം മുട്ടി. അകത്താരുമുണ്ടാവില്ല.

അല്ല. ആരോ നടന്നുവരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. അയാള്‍ കാത്തിരുന്നു. മോളി വാതില്‍ തുറന്നു.

അവരുടെ മുഖം വിളറിയിരുന്നു. എന്തിനാണ് വന്നത് എന്ന ചോദ്യം അവരുടെ മുഖത്ത് നിഴലിട്ട് നിന്നിരുന്നു.

“എന്ത് പറ്റി?”

“വെറുതെ വന്നതാണ്. കുറേ ദിവസമായല്ലോ നിങ്ങളെ കണ്ടിട്ട് എന്ന് തോന്നി.”

“ഹാ, അമ്മച്ചിക്ക് അസുഖം കൂടുതലായപ്പോള്‍ ഞങ്ങള്‍ കുറച്ച് ദിവസം ആശുപത്രിയിലായിരുന്നു. അതാ കാണാഞ്ഞത്.”

“ഇവിടെ അമ്മച്ചിയില്ലേ?”

“ഉണ്ട്.”

അയാളുടെ നോട്ടം അറിയാതെ കാല്‍ച്ചുവട്ടിലെ കല്ലിച്ച രക്തത്തിലേക്ക് വീണു. ഭയത്തോടെ അയാളുടെ കണ്ണുകളെ പിന്‍തുടര്‍ന്ന മോളിയുടെ കണ്ണുകളും ഒരു നിമിഷം അതേ ലക്ഷ്യത്തില്‍ പതിച്ചു. അവള്‍ ധൃതിയില്‍ നോട്ടം പിന്‍വലിച്ച്, നിലത്തെ അവ്യക്തചിത്രം കണ്ടില്ല എന്ന മട്ടില്‍ അയാളെ നോക്കി. അകത്തേക്ക് വരരുതേ എന്നൊരു അപേക്ഷ അവരുടെ മുഖത്തുണ്ടായിരുന്നു. അയാളത് വകവെക്കാതെ അകത്തേക്ക് നടന്നു.

സ്വീകരണമുറിയില്‍ തീരേ തെളിച്ചമില്ലാത്ത ഒരു അലങ്കാരവിളക്ക് മാത്രം കത്തിക്കൊണ്ടിരുന്നു. ഒന്നും മറച്ചുവെക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് ബോധ്യത്താല്‍ സ്വയം കീഴടങ്ങി അവള്‍ അയാളെ നോക്കി. സ്വതവേ ഇരുട്ട് തളം കെട്ടിയ മുറിയിലൂടെ ടി.വി വച്ച വിശാലമായ മുറിയിലേക്ക് അയാളെ അവള്‍ നടത്തിച്ചു. അയാളുടെ ദൃഷ്ടി അലക്ഷ്യമായി മറ്റെവിടെയും പതിക്കരുതേ എന്ന ഭയം അവളുടെ പെരുമാറ്റത്തിലുണ്ടായിരുന്നു.

ആ മുറിയിലും വെളിച്ചം കുറവായിരുന്നു. അരുതാത്തതെന്തോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് മുറിയിലെ മങ്ങിയ നിഴലുകള്‍ അയാളില്‍ തോന്നലുണ്ടാക്കി. കാരണം മുമ്പൊരിക്കല്‍ ഈ മുറിയില്‍ ഇതുപോലൊരു രാത്രി വന്നതാണ്. അന്ന് മുറി പ്രകാശമാനമായിരുന്നു.

രണ്ട് മാസം മുമ്പാണത്. രണ്ടാമത്തെ സന്ദര്‍ശനം. മോളി വാതിലില്‍ മുട്ടി.

സഞ്ജയന്‍ വാതില്‍ തുറന്ന ഉടനെ ഔപചാരികതയുടെ ഏച്ചുകെട്ടലില്ലാതെ മോളി വിഷയം അവതരിപ്പിച്ചു.

“ടി വി ചാനലൊന്നും കിട്ടുന്നില്ല. ഒന്ന് വരണം. ഇന്ന് രാവിലെ മുതല്‍ അമ്മച്ചി ഇരിക്കപ്പൊറുതിയില്ലാതിരിക്കുകയാ.”

അമ്മച്ചിയേക്കാള്‍ അസ്വസ്ഥത മോളിക്കാണെന്ന് അവരുടെ സംഭാഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. അയാള്‍ നേരെ ടി വി വച്ച വിശാലമായ മുറിയിലേക്ക് നടന്നു. വൃത്തിയാക്കിവച്ച ഡയനിങ്ങ് ടേബിള്‍. ചുമരില്‍ ഏതാനും ഫോട്ടോക ള്‍. കൂട്ടത്തില്‍ വലിയ രണ്ടെണ്ണം ഒരച്ഛനും അമ്മയും രണ്ട് മക്കളുമുള്ള കുടുംബ ഫോട്ടോകള്‍. അമ്മച്ചിയുടെ മക്കളുടെ ചിത്രമായിരിക്കാം. അവിടെ കുട്ടികളുടെ വെവ്വേറെ ഫോട്ടോയും മനോഹരമായ ഫ്രെയിമുകളിലാക്കി ചുമരില്‍ തൂക്കിയിട്ടിരുന്നു. ഒറ്റ ചിത്രത്തില്‍ പോലും അമ്മച്ചി ഉണ്ടായിരുന്നില്ല എന്ന് സഞ്ജയ് ശ്രദ്ധിച്ചു.

“മോന് ബുദ്ധിമുട്ടായി കാണും അല്ലേ. നാളെ ഇലക്ട്രീഷ്യന്‍ വന്നിട്ട് നോക്കാമെന്ന് ഞാനവളോട് പറഞ്ഞതാ. കേള്‍ക്കേണ്ടെ.”

മുറിയിലെ ഗ്ലാസ് ജനല്‍ നീക്കി പുറത്തേക്ക് കാണത്തക്കവിധം കസേരയിട്ട് ഇരിക്കുകയായിരുന്നു അമ്മച്ചി. പുറത്തൊന്നും കാണാനില്ല. ഇരുട്ടു മാത്രം. അമ്മച്ചിയുടെ വെളുത്ത മുഖത്തിന്റെ ഒരു പകുതി നിഴലുകൊണ്ട് മറഞ്ഞിരുന്നു. അവരുടെ മുഖം കണ്ടപ്പോള്‍ സഞ്ജയ് കഴിഞ്ഞ വട്ടം അമ്മച്ചി പറഞ്ഞ വാക്കുകളാണോര്‍ത്തത്. രണ്ട് മാസം കഴിഞ്ഞാല്‍ വീടുപണി കഴിഞ്ഞ തിരിച്ചുപോകുമെന്ന പ്രതീക്ഷ അമ്മച്ചി കൈവിട്ടിരിക്കും. അത് പറഞ്ഞിട്ട് തന്നെ ആറുമാസം കഴിഞ്ഞു.

സഞ്ജയ് റിമോട്ട് കൺട്രോള്‍ വാങ്ങി അതിലെ ബാറ്ററി പുറത്തെടുത്തു. മോളി ഡയനിങ്ങ് ടേബിളില്‍ പുതിയ ബാറ്ററികള്‍ കൊണ്ടുവച്ച് അടുക്കളയിലേക്ക് പോയി.

“അമ്മച്ചീ, മക്കളൊക്കെ വരാറുണ്ടോ?”

അവന്റെ മുഖത്ത് സാകൂതം നോക്കി നില്‍ക്കുന്ന അമ്മച്ചിയുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ ചോദിച്ചു.

“അവര്‍ക്കൊക്കെ തിരക്കാണ്. എല്ലാവരുടേയും തിരക്കുകള്‍ കഴിയുമ്പോഴേക്കും ആരൊക്കെ ബാക്കിയുണ്ടാകുമോ ആവോ?”

അമ്മച്ചിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്. അവര്‍ ആരെയോ കാത്തിരിക്കുകയായിരുന്നു. ഒരു പക്ഷെ തന്നെ തന്നെ. അയാള്‍ക്ക് കേള്‍വിക്കാരനാകുന്നതില്‍ സംതൃപ്തി തോന്നി.

“കുട്ടികളല്ലേ. അവര്‍ക്ക് അവരുടെ പ്രാരബ്ധം കാണില്ലേ?”

സഞ്ജയ് കുടംബബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ കാരണം എവിടേക്കൊക്കെയോ ഒളിച്ചോടിയ തന്നെപ്പോലുള്ള മക്കളെപ്പറ്റിയാണ് ആലോചിച്ചത്.

“ശരിയാണ്. അത് നമ്മള്‍ ഓര്‍ക്കില്ല. കുട്ടികളുടെ അപ്പച്ചന്‍ ഒരു ധാരാളിയായിരുന്നു. നല്ലത് പറയുന്നവര്‍ക്ക് എല്ലാം എടുത്തങ്ങ് കൊടുക്കും. അങ്ങനെയുള്ളവരെ പിന്നാലെ ബന്ധുക്കള്‍ കാണുമല്ലോ? ഒരു നിമിഷം പോലും കണ്ണുതെറ്റാതെ അപ്പച്ചനോടൊപ്പം ഞാനും അധ്വാനിച്ചാണ് ഈ നിലയിലെത്തിയത്.”

എന്തോ അവര്‍ സംഭാഷണം പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞു. അങ്ങനെ പാതിയില്‍ നിര്‍ത്താന്‍ കാരണം ഒരുപാട് പേരോട് പറഞ്ഞതിന്റെ മടുപ്പായിരിക്കാം. അല്ലെങ്കില്‍ മക്കളോ മോളിയോ വിലക്കിയതിന്റെ ഓര്‍മ്മകളായിരിക്കാം.

സഞ്ജയ് റിമോട്ട് കൺട്രോളിലെ ബാറ്ററി മാറ്റിയിട്ടും ടി വി ശരിയായില്ല. അയാള്‍ ടി വിയുടെ സെറ്റിങ്ങ്‌സ് പരിശോധിക്കാന്‍ തുടങ്ങി.

“ശരിയായോ. എന്തിന്റെയെങ്കിലും ശബ്ദം കേള്‍ക്കാന്‍ വേണ്ടി ടി വി തുറന്നിടും. ആരൊക്കെയോ ഉണ്ടെന്ന് തോന്നലുണ്ടാക്കാന്‍. സത്യത്തില്‍ അടച്ച മുറി എനിക്ക് ഭയങ്കര പേടിയായിരുന്നു. കുട്ടികളുടെ അപ്പച്ചനുള്ള കാലത്ത് എന്റെ പേടികളെ അങ്ങേര് കരുതലോടെ നോക്കുമായിരുന്നു. ആരും കരുതാനില്ലാതാകുമ്പോള്‍ പേടികള്‍ താനേ പോയിപ്പോകും. അല്ലെങ്കിലെങ്ങനാ അടച്ചിട്ട ഈ ചതുരപ്പെട്ടിക്കുള്ളില്‍ പൂച്ചക്കുഞ്ഞിനെപ്പോലെ എനിക്ക് കഴിയാനാകുന്നത്. എനിക്ക് ഇപ്പോഴും എന്നെ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.”

ടി വി ചില ചാനലുകളെ കാണിച്ചു തുടങ്ങി. അയാള്‍ ചാനലുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ട്യൂണ്‍ ചെയ്യപ്പെടുന്ന ചാനലുകള്‍ നിമിഷനേരം പ്രത്യക്ഷപ്പെടും. തുടര്‍ന്ന് മറ്റൊന്ന്. അയാള്‍ സ്‌കാനിങ്ങ് തുടര്‍ന്നു.

അമ്മച്ചിയുടെ മുഖത്ത് ഭയമുണ്ടായിരുന്നു. ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടപ്പോള്‍ താനനുഭവിച്ച അതേ ഭയം തന്നെയാവും അവര്‍ ഈ ഫ്ലാറ്റിനുള്ളില്‍ അനുഭവിക്കുന്നതെന്ന് സഞജയന് തോന്നി.

”ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നത് ആലോചിച്ച് ഞാന്‍ പേടിച്ചിട്ടുണ്ട്. മരിച്ചാല്‍ ഒന്നും അറിയില്ലല്ലോ എന്ന് സമാധാനിപ്പിക്കും. പക്ഷെ മരിക്കുന്നതിന് മുമ്പേ അതൊക്കെ ശീലമായി. ഇനിയിപ്പോള്‍ മരിക്കാന്‍ പേടി തോന്നിന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് ഇത്രയും വളര്‍ത്താമെങ്കില്‍ ഈ ശവപ്പെട്ടിയില്‍ നിന്ന് പുറത്തുകടക്കാനും എനിക്കറിയാം. ഞങ്ങളുണ്ടാക്കിയ വീടും പറമ്പും അവിടെ ഉള്ളിടത്തോളം കാലം.”

അമ്മച്ചി ആരോടെന്നില്ലാതെ പറഞ്ഞു.

ടി വി എത്രയും പെട്ടെന്ന് ശരിയാകണേയെന്ന് ആയാള്‍ ആഗ്രഹിച്ചു. വേഗത്തില്‍ ചാനലുകള്‍ സെറ്റ് ചെയ്ത് അയാള്‍ ചാനലുകള്‍ ഒന്നുകൂടി പരിശോധിച്ചു. മോളി ചായയുമായി എത്തിയിരുന്നു.

“രാത്രി ചായ കുടിക്കാറില്ല.”

മദ്യത്തിന്റെ ലഹരി ധാരാളമാണെന്ന ഗൂഢഹാസ്യമോര്‍ത്ത് ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

“സാരമില്ല. കുടിച്ചോളൂ.”

മോളി സാരം മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു.

അമ്മച്ചി നിശ്ശബ്ദയായി. അവര്‍ പുറത്തേക്ക് നോക്കി ചിന്താമഗ്നയായി. ശവപ്പെട്ടിയിലെ ഒറ്റപ്പെടലിലേക്കുള്ള പരിശീലനമാണ് ജീവിതസായാഹ്നം മുഴുവന്‍ എന്ന് അവര്‍ ആലോചിയ്ക്കുകയാകും.

ചായ ധൃതിയില്‍ കുടിച്ച് അയാള്‍ റിമോട്ട് കൺട്രോള്‍ അമ്മച്ചിയുടെ അടുത്ത് കൊടുത്തു.

“അവള്‍ക്ക് കൊടുത്തേക്ക്. മോളി നീയൊന്ന് നോക്ക്.”

അമ്മച്ചി ടി വി കണാറേയില്ല എന്ന് ആ നിരസിക്കലില്‍ നിന്ന് സഞ്ജയ് വായിച്ചെടുത്തു. മോളി റിമോട്ട് കണ്‍ട്രോള്‍ ആര്‍ത്തിയോടെ കൈക്കലാക്കി. മൂന്നാല് ചാനലുകള്‍ പരിശോധിച്ച് എല്ലാം ശരിയായി എന്ന് സമ്മതിച്ചു. സഞ്ജയന് അവിടെ അധികനേരം നില്‍ക്കാന്‍ സാധിച്ചില്ല. നാട്ടില്‍ ഉപേക്ഷിച്ചുപോന്ന അച്ഛനേയും അമ്മയേയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ കനം വച്ചതുപോലെ. സ്വന്തം മുറിയില്‍ തിരിച്ചെത്തി രണ്ട് പെഗ്ഗുകൂടി കഴിച്ചതിന് ശേഷമാണ് അന്ന് ഉറങ്ങാന്‍ കഴിഞ്ഞത്.

ഇപ്പോള്‍, ഒരു ദുരന്തത്തിന് സാക്ഷിയാകാന്‍ പോകുന്ന നിമിഷം അയാള്‍ ചുറ്റും നോക്കി. അന്ന് കണ്ട അതേ മുറി. ചുമരിലെ ഫോട്ടോകള്‍, അമ്മച്ചിയിരുന്ന കസേര എല്ലാം അന്നേത്തേതുപോലെ തന്നെ. എല്ലാം മാസങ്ങള്‍ക്ക് മുമ്പത്തെ അതേ ദിവസത്തില്‍ ഉറച്ചുപോയിരിക്കുന്നു. മുറിയില്‍ അന്നുള്ള അത്ര വെളിച്ചമില്ല.

praveen chandran, story ,iemalayalam
ചിത്രീകരണം : വിഷ്ണു റാം

മോളി അമ്മച്ചി കിടന്ന മുറിയുടെ വാതില്‍ക്കല്‍ വരെ അയാളെ കൊണ്ടു ചെന്നാക്കി. വെള്ള വിരിപ്പിട്ട കട്ടിലില്‍ ഗാഢമായ ഉറക്കത്തില്‍ കിടക്കുന്ന അമ്മച്ചിയുടെ അടുത്തേക്ക് അയാള്‍ നടന്നു ചെന്നു.

“അമ്മച്ചീ.”

അയാള്‍ വിളിച്ചു. അയാള്‍ മോളിയെ തിരിഞ്ഞു നോക്കി. ഇല്ല അവര്‍ വേറെ എവിടേക്കോ പോയിരിക്കുന്നു. അയാള്‍ അമ്മച്ചിയുടെ കൈയ്യില്‍ പിടിച്ചു നോക്കി. അത് മരവിച്ചിരിക്കുന്നു. വല്ലാതെ തണുത്തിരിക്കുന്നു.

അയാള്‍ അമ്മച്ചിയുടെ തല ഇളക്കി നോക്കി. കഴുത്ത് ഉറച്ചു തുടങ്ങിയിരിക്കുന്നു. ഇളക്കിയപ്പോള്‍ വെള്ള വിരിപ്പിലേക്ക് രക്തം പടര്‍ന്നു. അയാള്‍ തല ഉയര്‍ത്തി നോക്കി. വെളുത്ത മനോഹരമായ മുടിയില്‍ രക്തം കടും ചുവപ്പ് പാടുകള്‍ വീഴ്ത്തിരിക്കുന്നു.

അയാള്‍ കൈയ്യില്‍ പറ്റി രക്തം ഉടുത്ത വസ്ത്രത്തിന്റെ അറ്റത്ത് തുടച്ച് കളഞ്ഞു. അമ്മച്ചി മരിച്ചുപോയിരിക്കുന്നു. ഒറ്റക്ക് കിടക്കാന്‍ ശീലിച്ച അതേ ശവപ്പെട്ടിയില്‍, ഒരു ഫ്‌ളാറ്റിന്റെ വിശാലതയുള്ള ഇരുണ്ട പെട്ടിയില്‍ അവര്‍ നിത്യനിദ്ര ആരംഭിച്ചിരിക്കുന്നു. അയാള്‍ എഴുന്നേറ്റു. വാതില്‍ക്കലേക്ക് നടന്നു.

അയാളുടെ കൈയ്യിലെ രക്തം കണ്ടുകൊണ്ട് മോളി അടുത്തേക്ക് വന്നു.

“കൈയ്യിലപ്പടി ചോരയായല്ലേ. കഴുകിക്കളഞ്ഞേക്ക്.” മോളി അലസമായി പറഞ്ഞു.

“അമ്മച്ചിക്ക് എന്ത് പറ്റിയതാ?”

“കുറച്ച് ദിവസമായി ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് വാശിപിടിച്ച് വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ നോക്കുന്നു. തിരിച്ചുപോകാനൊരു വീടില്ല എന്ന് അവരോട് പറയാനുളള ധൈര്യം എനിക്കില്ല. പണി തീര്‍ന്നിട്ടില്ല എന്ന് പറയാനാണ് മക്കള്‍ ഉപദേശിച്ചത്. വൈകീട്ട് ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ വാതില്‍ക്കലേക്ക് കുതിച്ചു. തല തല്ലി വീണു. പറഞ്ഞാ കേള്‍ക്കണ്ടേ.”

അവരുടെ നിര്‍വികാരമായ മറുപടി സഞ്ജയനെ പേടിപ്പിച്ചു.

“എന്നിട്ട് നിങ്ങള്‍ ഡോക്ടറെ കാണിച്ചില്ലേ?”

“ഡല്‍ഹിയിലുള്ള മോനെ വിളിച്ചു പറഞ്ഞു. പറഞ്ഞത് കേള്‍ക്കാഞ്ഞിട്ടല്ലേ, അവിടെക്കിടക്കട്ടെ എന്ന് അവര്‍ പറഞ്ഞു. ചെന്നൈയിലുള്ള മോളെ വിളിച്ചിട്ട് കിട്ടിയില്ല. അവള്‍ കുറച്ച് കഴിഞ്ഞാല്‍ തിരിച്ചു വിളിക്കുമായിരിക്കും.”

“എന്നിട്ട് നിങ്ങളത് കേട്ട് അമ്മച്ചിയെ ഇവിടെ തന്നെ വച്ചോ?”

“ഞാനന്ത് ചെയ്യാനാ. ആശുപത്രിയില്‍ കൊടുക്കാന്‍ എന്റെടുത്തെവിടുന്നാ കാശ്?”

അവര്‍ പുറത്തേക്കുള്ള വാതിലിനടുത്തേക്ക് നടന്നു. സഞ്ജയ് തുടര്‍ന്നൊന്നും ചോദിക്കാതെ അവരെ പിന്‍തുടര്‍ന്നു. അയാള്‍ വാതിലിനടുത്തെത്തിയപ്പോള്‍ ശ്രദ്ധാപൂര്‍വ്വം നോക്കി.

ചുമര്‍ നനഞ്ഞിരിക്കുന്നു. നിലത്ത് ഉറുമ്പുകളുടെ അന്നം അപ്രത്യക്ഷമായിരിക്കുന്നു. അവര്‍ എവിടേക്കെന്നില്ലാതെ പരന്ന് നടക്കുന്നു. അശ്രദ്ധമായി അവശേഷിച്ച രക്തപ്പാടുകള്‍ മോളി കഴുകി വൃത്തിയാക്കിയിരിക്കുന്നു. ഒരു സ്വാഭാവിക മരണത്തില്‍ കവിഞ്ഞ് ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. അയാള്‍ പുറത്തേക്ക് നടന്നു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടാന്‍ പോകുന്ന തന്നെപ്പറ്റിയും ഓര്‍ത്തു.

സ്വന്തം വീടില്‍ തിരിച്ചെത്തിയ ഉടനെ അയാള്‍ സ്വീകരണമുറിയിലെ കസേരയില്‍ വീണു. പൊട്ടിക്കരഞ്ഞു. മരണത്തില്‍ പോലും അമ്മച്ചിയെ സഹായിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ടു. അവരുടെ പകുതി പ്രായമുള്ള താന്‍ ഇപ്പോഴേ ശവപ്പെട്ടിക്കുള്ളിലെ കിടപ്പിനുള്ള പരിശീലനത്തിലാണല്ലോ എന്നോര്‍ത്ത് അയാള്‍ പിന്നെയും കരഞ്ഞു. നമ്മള്‍ കരയുന്നത് മറ്റുളളവരെ ഓര്‍ത്തല്ല. നമ്മളെ ഓര്‍ത്താണല്ലോ എന്ന് അയാള്‍ ദുഃഖിച്ചു.

ടെലിഫോണ്‍ റിങ്ങ് ചെയ്തു. കണ്ടട്രോള്‍ റൂമില്‍ നിന്നാണ്.

“എന്താണ് പറ്റിയത് എന്ന് അന്വേഷിച്ചോ?” ഫോണിനപ്പുറത്തെ ചോദ്യം.

“ഉവ്വ്, അത് അവിടുത്തെ വേലക്കാരിയുടെ വിരല്‍ മുറിഞ്ഞ ചോരയായിരുന്നു. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം.”

ദേഷ്യത്തോടെ ഫോണ്‍ കട്ടുചെയ്തതുപോലെ മറുതലക്കല്‍ നിന്നുളള ശബ്ദം പെട്ടെന്ന് നിലച്ചു.

ശവപ്പെട്ടിയിലെ ഏകാന്തതയെപ്പറ്റി ആലോചിച്ച് അയാള്‍ പിന്നെയും വിതുമ്പി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Praveen chandran short story shavapettiyile ekanthatha