scorecardresearch

മരണവക്രത്തിലെ പൂച്ച-പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

"പുറത്ത് പൂച്ചയുടെ രക്തം പരന്നിരിക്കുന്നതിനാല്‍ അവന്‍ കോലായിലേക്ക് കാല്‍ വച്ചില്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ പെട്ട പൂച്ചയെപ്പോലെ അവന്‍ അകത്തും പുറത്തുമല്ലാതെ വാതില്‍ പടിയില്‍ ചാരി നിന്നു" പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

"പുറത്ത് പൂച്ചയുടെ രക്തം പരന്നിരിക്കുന്നതിനാല്‍ അവന്‍ കോലായിലേക്ക് കാല്‍ വച്ചില്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ പെട്ട പൂച്ചയെപ്പോലെ അവന്‍ അകത്തും പുറത്തുമല്ലാതെ വാതില്‍ പടിയില്‍ ചാരി നിന്നു" പ്രവീൺ ചന്ദ്രൻ എഴുതിയ കഥ

author-image
Praveen Chandran
അപ്‌ഡേറ്റ് ചെയ്‌തു
New Update
praveen chandran | story | iemalayalam

ചിത്രീകരണം : വിഷ്ണു റാം

പൊളിഞ്ഞു വീഴാറായ ആ വീടിന്റെ സിമന്റ് തേപ്പ് അടര്‍ന്ന് വീണ ചുമരിലേക്ക് നോക്കിയിരിക്കെ ഒരു കറുത്ത പൂച്ച തെളിഞ്ഞതും മറഞ്ഞതും മാര്‍ട്ടിന്‍ കണ്ടു. ചുമരിലെ ഇഷ്ടികളെ ചേര്‍ത്ത് നിര്‍ത്തിയ സിമന്റ് അടര്‍ന്ന് വീണു തുടങ്ങിയതിനാല്‍ വിടവുകള്‍ വേണ്ടത്ര ഉണ്ടായിരുന്നു. പൊടി പിടിച്ച നിലത്തെ, വൃത്തിയാക്കിയ വൃത്തത്തില്‍ ഇരിക്കുന്ന മാര്‍ട്ടിന്‍ ആ ചുമരിലേക്ക് നോക്കി. ഇല്ല. അവിടെ കല്ലും സിമന്റും അടര്‍ന്ന് വീണതിന്റെ ക്രമരാഹിത്യം ഉണ്ടെന്നതൊഴിച്ചാല്‍ ഒരു പൂച്ചക്ക് കടന്നിരിക്കാനുള്ള വലുപ്പമുള്ള ദ്വാരങ്ങള്‍ ഒന്നും തന്നെയില്ല.

Advertisment

"ചുമരിലെ ദ്വാരത്തില്‍ നിന്ന് അങ്ങനെ കടന്നു വരാവുന്ന പൂച്ചകള്‍ ഇല്ല എന്ന് നമുക്കെങ്ങനെ ഉറപ്പിച്ച് പറയാന്‍ സാധിക്കും?"

മാര്‍ട്ടിന്‍ ആത്മഗതമായിട്ടാണ് അത് പറഞ്ഞതെങ്കിലും വൃത്തത്തിനകത്ത് ഇരുന്ന മറ്റ് മൂന്നു പേര്‍ ആ പിറുപിറുക്കല്‍ കേട്ടു. നിലത്ത് കത്തിച്ചു വെച്ച മെഴുകുതിരിയുടെ വെട്ടത്തിന്റെ അനിശ്ചിതമായ അതിരുകള്‍ സൃഷ്ടിച്ച സാങ്കൽപ്പിക വൃത്തത്തിനു ചുറ്റും ഇരിക്കുന്ന മൂന്നു പേരില്‍ ഒരാള്‍ ചോദിച്ചു.

"മാര്‍ട്ടിന്‍ എന്തെങ്കിലും പറഞ്ഞോ?"

വെളിച്ചത്തിന് ചുറ്റും ഇരിക്കുന്ന സുരേഷ്, സിദ്ധാര്‍ത്ഥന്‍, ബഞ്ചമിന്‍ എന്നീ മുന്നു പേരില്‍ ആരാണ് ചോദ്യം ചോദിച്ചത് എന്ന് മാര്‍ട്ടിന് തിരിച്ചറിയാന്‍ സാധിച്ചില്ല. ഇരുട്ടിനാല്‍ കനം വച്ച അന്തരീക്ഷത്തില്‍ ശബ്ദം അസാധാരണമാംവിധം നേര്‍ത്തു പോകുന്നതായി മാര്‍ട്ടിന് തോന്നി. തണുപ്പുകൊണ്ട് മൂക്ക് അടഞ്ഞുതുടങ്ങിയ ആ നാല് കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രമപ്പെട്ടുളള ശ്വാസോച്ഛാസത്തിന്റെ ശബ്ദം മുറിയില്‍ നിറഞ്ഞു.

"ഇല്ല."

Advertisment

മാര്‍ട്ടിന്‍ ആരോടെന്നില്ലാതെ, ആത്മഗതത്തിനും പരാഗതത്തിനും ഇടയിലുള്ള ശബ്ദസ്ഥായിയില്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ പഴയ സ്ഥാനത്ത് വന്നിരുന്നു. ആ ചുമരിനകത്ത് നിന്ന് തല നീട്ടിയത്, ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകള്‍ പ്രദര്‍ശിപ്പിച്ചത്, എഡ്ഗര്‍ അല്ലന്‍ പോ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ഒരു കറുത്ത പൂച്ചയായിരുന്നുവോ? അല്ലന്‍ പോ മരിച്ചിട്ട് ഒന്നര നൂറ്റാണ്ടിലേറെയായി. നൂറ്റാണ്ടുകള്‍ കടന്നു വന്ന് ദേശങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് എങ്ങനെ ഒരു പൂച്ച ഈ മുറിയിലെത്തി. പതിനെട്ടാം നൂറ്റാണ്ടില്‍ നിന്ന് ഒരു പൂച്ചക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നു വരണമെങ്കില്‍ തീര്‍ച്ചയായും ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളെ താണ്ടി വന്നേ മതിയാകൂ. ആ സമയബിന്ദുവില്‍ ഏതൊരു പൂച്ചയും മരണവക്രത്തില്‍ പെട്ടുപോകും.

"മാര്‍ട്ടിന്‍ എന്താണ് ചിന്തിക്കുന്നത്?"

കാലം തെറ്റി സഞ്ചരിക്കുന്നവരുടെ കണ്ണുകളിലെ നിദ്രാസമാനമായ നിസ്സംഗത തിരിച്ചറിഞ്ഞാവണം സുരേഷ് ചോദിച്ചു. അവര്‍ ഒരു മണിക്കൂര്‍ മുമ്പ് മരിച്ച് മരവിച്ചതുപോലെ തണുത്ത വീട്ടിലേക്ക് കയറി വന്നതാണ്. സമയം രാത്രി പതിനൊന്ന് മണി ആയിക്കാണണം. ഉറക്കം വരാതായപ്പോഴാണ് സുരേഷ് എന്ന മെലിഞ്ഞുണങ്ങിയ മനുഷ്യന്‍ പുതിയ ഒരാശയം മുന്നോട്ട് വച്ചത്.

"ഇങ്ങനെ ഒരന്തരീക്ഷത്തില്‍ കളിക്കാവുന്ന ഒരു കളിയുണ്ട്. ആത്മാവിനോട് സംസാരിക്കല്‍."

മുറിയിലുണ്ടായിരുന്ന വീതി കുറഞ്ഞ മേശപ്പുറത്ത് കമിഴ്ത്തി വച്ച സ്റ്റീല്‍ഗ്ലാസിന് മുകളില്‍ കത്തിച്ചു വച്ച മെഴുകുതിരി നോക്കിക്കൊണ്ട് സുരേഷ് തുടര്‍ന്നു.

"ഇത് താഴെ ഇറക്കി വെക്കാം. നമുക്ക് ചുറ്റും ഇരിക്കാം."

അത് കേട്ടപ്പോള്‍ യാന്ത്രികമായി സിദ്ധാര്‍ത്ഥന്‍ സ്റ്റീല്‍ ഗ്ലാസ് സൂക്ഷിച്ച് കൈയ്യിലെടുത്ത് നിലത്ത് വൃത്തിയുണ്ടെന്ന് തോന്നിയ ഒരിടത്ത് വച്ചു.

"എനിക്ക് ഇത്തരം കളിയിലൊന്നും താത്പര്യമില്ല. ആത്മാവില്‍ വിശ്വാസവുമില്ല. തല്‍ക്കാലം ഇത് വേണ്ട."

മാര്‍ട്ടിന്‍ ശബ്ദമുയര്‍ത്തി. മാര്‍ട്ടിന് ഹോസ്റ്റലില്‍ പേടിത്തൊണ്ടന്‍ എന്നൊരു പേരുണ്ടായിരുന്നു. മനോജ് നൈറ്റ് ശ്യാമളന്റെ 'സിക്‌സ്ത് സെന്‍സ്' എന്ന സിനിമ കണ്ട് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഓളിയിട്ട് കരഞ്ഞ അന്ന് മുതല്‍ സിദ്ധിച്ച പേരാണ് പേടിത്തൊണ്ടനെന്നത്. മാര്‍ട്ടിന്‍ എതിര്‍പ്പൊന്നും കൂടാതെ ആ പേര് സ്വീകരിക്കുകയും ചെയ്തു.

"നമുക്ക് ഇതിന് ചുറ്റും ഇരിക്കാം."

സുരേഷ് നീണ്ടുമെലിഞ്ഞ കാല്‍ ഒരഭ്യാസിയെപ്പോലെ മടക്കി ഒറ്റയിടിക്ക് ഇരുന്നു. കൂട്ടത്തില്‍ ഭാരം കൂടിയ ബഞ്ചമിന്‍ വളരെ പ്രയാസപ്പെട്ട് നിലത്ത് ഇരിക്കുമ്പോഴേക്കും മറ്റ് രണ്ടുപേര്‍ മുഖാമുഖം സ്ഥാനം പിടിച്ചിരുന്നു.

നാലുപേര്‍ ഒരു കേന്ദ്ര ബിന്ദുവില്‍ നിന്ന് ഒരേ അകലത്തിലും പരസ്പരം ഒരേ പോലെ അകന്ന് ഇരിക്കുകയും ചെയ്യുമ്പോള്‍ നാലു മനുഷ്യര്‍ ഒരു സമചതുരം സൃഷ്ടിക്കുന്നു. എങ്ങനെയാണ് നമുക്കതിനെ ചുറ്റും എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കുക. ചുറ്റും എന്ന വാക്കില്‍ വൃത്തത്തിന്റെ ധ്വനി ഒളിഞ്ഞിരിക്കുന്നതായി മാര്‍ട്ടിന്‍ ചിന്തിച്ചു. നാല് പേരുടേയും തലക്ക് മുകളില്‍ നിന്ന് നോക്കുന്ന അദൃശ്യനായ ഒരു വ്യക്തിക്ക് തങ്ങള്‍ ഒരു സമചതുരത്തിന്റെ മൂലയില്‍ ഇരിക്കുന്നതായി തന്നെയാണോ തോന്നുക. മാര്‍ട്ടിന്‍ സംശയിച്ചു. ചിന്ത അത്രത്തോളം എത്തിയപ്പോഴേയ്ക്കും അവന്‍ മുകളിലേക്ക് നോക്കിപ്പോയി. ഒപ്പം മറ്റ് നാലു പേരും.

praveen chandran | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

മുകളില്‍ നിന്ന് നോക്കുന്ന അദൃശ്യനായ വ്യക്തിക്ക് മൂന്നുപേരുടെ കണ്ണുകളില്‍ ഒരു നിമിഷം ഒളിമിന്നുന്ന കൗതുകവും മാര്‍ട്ടിന്റെ കണ്ണുകളിലെ ഭയവും കാണാനാവും. മാര്‍ട്ടിന്‍ മുകളിലേക്ക് നോക്കി. സീലിങ്ങില്‍ ഒരു വൃത്തം നിഴലിട്ടതും വൃത്തത്തിന്റെ നടുക്ക് പൊടിപിടിച്ച ഒരു ഫാനിന്റെ നിഴല്‍ കനത്ത് നില്‍ക്കുന്നതും കണ്ട് ചുറ്റും എന്ന വാക്കിനെ സാധൂകരിക്കുന്നത് മെഴുകുതിരി വെട്ടത്തിന്റെ വിസരണമാണെന്ന് അവന് ബോധ്യപ്പെട്ടു. തങ്ങള്‍ മെഴുകുതിരി നിവര്‍ത്തിയിട്ട വെളിച്ചത്തിന്റെ പരവതാനിയിലാണ് ഇരിക്കുന്നത് എന്ന് മാര്‍ട്ടിന്‍ സങ്കല്പിച്ചു. ആ പരവതാനി അരിക് വേര്‍തിരിച്ചറിയാനാവാത്ത വിധം ഇരുട്ടിലേക്ക് പരന്നു കിടന്നു.

"നാലുപേരും ചൂണ്ടു വിരലുകള്‍ ഈ ഗ്ലാസിന് മുകളില്‍ വെക്കുക. എന്നിട്ട് കണ്ണടച്ചിരിക്കുക."

സുരേഷിന്റെ മെലിഞ്ഞ കഴുത്തിലൂടെ ഒരു കുഴലില്‍ നിന്നെപോലെ നേര്‍ത്ത ശബ്ദം പുറത്ത് വന്നു. മാര്‍ട്ടിനൊഴികെ മറ്റ് മൂന്നുപേരും ചൂണ്ട് വിരല്‍ കമിഴ്ത്തിവച്ച ഗ്ലാസിന്റെ മുകളില്‍ തൊട്ടു. സുരേഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ മാര്‍ട്ടിനും വിരല്‍ വച്ചു. അവര്‍ കണ്ണടച്ചു.

"ഹോളി സോള്‍… കം… കം…"

ഏതോ അനുഷ്ഠാനസംഗീതം പോലെ സുരേഷ് പാടി. മറ്റ് രണ്ടുപേരും അത് ആവര്‍ത്തിച്ചു. മാര്‍ട്ടിന്‍ നിശ്ശബ്ദത പാലിച്ചു. അവന്‍ കണ്ണ് തുറന്നു തന്നെ ഇരുന്നു. സാവധാനം ശബ്ദത്തെ ചുണ്ടുകള്‍ ആഗിരണം ചെയ്തതിനാല്‍ ശബ്ദം പുറത്ത് വരാതായി. എങ്കിലും മൂന്നു പേരുടേയും ചുണ്ടുകള്‍ ചലിച്ചു കൊണ്ടിരുന്നു. ഹോളി സോള്‍… കം… കം... എന്ന് ആ ചലനങ്ങളില്‍ നിന്ന് മാര്‍ട്ടിന്‍ വായിച്ചെടുത്തു.

ഗ്ലാസ് ഒന്നിളകിയോ? മാര്‍ട്ടിന്‍ സംശയിച്ചു. ജഢം പോലെ നിശ്ചലമായ അന്തരീക്ഷത്തില്‍ ആത്മാവിന്റെ സാന്നിധ്യമെന്നതുപോലെ ഇളം കാറ്റ് മെഴുകുതിരി വെട്ടത്തെ സ്പര്‍ശിച്ചു കടന്നുപോയതാണോ? അല്ല. സ്പഷ്ടമായും ദൃശ്യമാവും വിധം ഗ്ലാസ് ചലിച്ചു തുടങ്ങിയിരിക്കുന്നു. ബഞ്ചമിന്റെ നേരെ വെളിച്ചത്തിന്റെ ഒരു കപ്പല്‍ ഒഴുകുന്നത് നോക്കി നില്‍ക്കെ ചുമരില്‍ മറ്റൊരു ചലനം കണ്ടതായി മാര്‍ട്ടിന് തോന്നി. ഇരുട്ടിലും തിരിച്ചറിയാവുന്ന ഒരു കറുത്ത പൂച്ചയുടെ കണ്ണുകളിലെ പ്രകാശപ്രതിഫലനം. എഡ്ഗര്‍ അല്ലന്‍ പോയുടെ 'ബ്ലാക്ക് ക്യാറ്റ്' എന്ന കഥയില്‍ ചുമരിന്റെ പ്രതലത്തില്‍ നിന്നെന്നപോലെ പ്രത്യക്ഷപ്പെടുന്ന ഒരു പൂച്ചയെപ്പറ്റി വായിച്ചതായി മാര്‍ട്ടിന്‍ ഓര്‍ത്തു. ഇങ്ങനെയൊരു വീട്ടില്‍ ഈ രാത്രി എത്തിപ്പെട്ടല്ലോ എന്നോര്‍ത്ത് അവന്‍ സ്വയം ശപിച്ചു.

നാലാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് വീട്ടിലേക്ക് പിരിയുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ച വിദ്യാര്‍ത്ഥികള്‍ പലരും പല പദ്ധതികള്‍ തയ്യാറാക്കി. സെക്കന്റ് ഷോ, ബാര്‍, ബീച്ച് തുടങ്ങി സാധാരണമായ സാധ്യതകളിലേക്കാണ് മിക്ക ഗ്രൂപ്പുകളും തിരിഞ്ഞത്. പക്ഷേ, നാലുപേര്‍ യാത്ര പോകാന്‍ തീരുമാനിച്ചു. മാര്‍ട്ടിന്‍ തന്നെയാണ് അങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചത്.

"എങ്ങോട്ട്?" ബഞ്ചമിന്‍ ചോദിച്ചു.

എങ്ങോട്ടെന്നില്ലാത്ത യാത്ര. ഇവിടെ നിന്ന് മൂന്ന് ദിവസത്തേക്കുള്ള സാധനങ്ങളുമായി ഇറങ്ങുക. ബസ്റ്റാന്റിലേക്ക് പുറപ്പെടുക. അവിടെ എത്തിയതിന് ശേഷം അടുത്ത ലൊക്കേഷന്‍. ലളിതമായ ഒരു കമ്പ്യൂട്ടര്‍ പ്രോഗാമിന്റെ അല്‍ഗോരിതം പോലെ ഒരു യാത്ര.

മാര്‍ട്ടിന്‍ മാന്ത്രിക കഥയിലെ ജാലവിദ്യക്കാരന്‍ സംസാരിക്കുന്നതുപോലെ അഭൗമമായ ശബ്ദവീചികളെന്ന് തോന്നിപ്പിക്കുന്ന താളത്തില്‍ തന്റെ റൊമാന്റിക്കായ ആശയം അവതരിപ്പിച്ചു. മാര്‍ട്ടിന്‍ വസ്ത്രങ്ങളോടൊപ്പം യാത്രയില്‍ സാധാരണയായി കരുതാറുള്ള ലൈറ്ററും സിഗരറ്റും പേനാക്കത്തിയും ബാഗിലിട്ടു. മറ്റ് മൂന്നുപേരും കൈയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളെടുത്ത് യാത്രക്കൊരുങ്ങി. നാലുപേരും ബസ് സ്റ്റാന്റിലെത്തി.

ഉച്ചവെയില്‍ വൈകുന്നേരത്തിലേക്ക് പതനകോണ്‍ മാറ്റിക്കൊണ്ടിരുന്നതിനാല്‍ ബസ്റ്റാന്റിലാകെ ഇളവെയില്‍ പരന്നിരുന്നു. എവിടേക്ക് എന്ന ചോദ്യത്തിന് ഉത്തരമെന്നോണം കാലിക്കറ്റ്-വയനാട് മോട്ടോര്‍ സര്‍വീസ് എന്നതിന്റെ ചുരുക്കപ്പേരായ സി ഡബ്യു എം എസ് എന്ന വലിയ ബോര്‍ഡ് കിരീടം ചാര്‍ത്തിയ പച്ചനിറത്തില്‍ വെള്ള വരകളുള്ള ഒരു ബസ് വന്നു നിന്നു.

"നമ്മള്‍ ദേവാലയ്ക്ക് പോകുന്നു."

ദേവാല എന്ന നഗരത്തിന്റെ സാങ്കൽപ്പിക ചിത്രം അവരുടെ മനസ്സില്‍ തെളിഞ്ഞു. കല്‍പ്പറ്റയില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുന്ന റോഡിലെവിടെയോ ആണ് ദേവാല എന്ന് സിദ്ധാര്‍ത്ഥന്‍ പറഞ്ഞു. അവനും കാര്യങ്ങളൊന്നും വിശദമായി അറിയില്ല. ദേവാലയില്‍ നിന്ന് ഗൂഡല്ലൂരിലേക്കും അവിടുന്ന് ഊട്ടിയിലേക്കും പോകാം എന്ന് ബസ്സില്‍ കയറി രണ്ടുപേര്‍ക്കിരിക്കാവുന്ന അടുത്തടുത്ത രണ്ട് സീറ്റുകളിരിക്കവെ സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

"സിദ്ധൂ, അത് റൂളിനെതിരാണ്."

മാര്‍ട്ടിന്‍ ഇടപെട്ടു.

"നാം ഒന്നും പ്ലാന്‍ ചെയ്യുന്നില്ല. ദേവാലയില്‍ എത്തിയതിന് ശേഷം മാത്രം അടുത്ത ആലോചന."

"മാര്‍ട്ടിന്‍, ദേവാലയില്‍ നിന്ന് ഒരേയൊരു സാധ്യതയേ ഉള്ളൂ. അത് ഗൂഡല്ലൂരാണ്. അവിടെ നിന്ന് മറ്റൊരു വഴയില്ല എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അനിശ്ചിതത്വമോ ഒന്നിലധികം സാധ്യതകളോ ഉള്ളപ്പോള്‍ മാത്രമേ നിന്റെ റൂള്‍ നിലനില്‍ക്കുന്നുള്ളൂ. അല്ലാത്ത പക്ഷം ഇവിടെ നിന്ന് തീരുമാനിച്ചാലും ഇല്ലെങ്കിലും നമുക്ക് ദേവാലയില്‍ ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കേണ്ടി വരും. എന്നിട്ട് അടുത്ത ദിവസം ഗൂഡല്ലൂരിലേക്ക് യാത്ര തുടരേണ്ടി വരും. ഒരേയൊരു സാധ്യതയുടെ നിശ്ചിതമായ അവസ്ഥ."

സിദ്ധാര്‍ത്ഥന്‍ അവന്റെ അയഞ്ഞ ഷര്‍ട്ടിന്റെ മുകളിലത്തെ മൂന്ന് ബട്ടനുകള്‍ ഊരി ശരീരം കാറ്റ് കൊള്ളിക്കുന്നതിനിടയില്‍ പറഞ്ഞു.

മാര്‍ട്ടിന്‍ സമ്മതിച്ചു. അതോടെ ഭാവിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ബസ് ഇളംവെയിലൂടെ ഇരുട്ടിലേക്കും സമതലത്തില്‍ നിന്ന് ചുരത്തിലേക്കുമായി യാത്ര തുടര്‍ന്നു. താമരശ്ശേരി ചുരത്തില്‍ ഒരു കണ്ടെയ്‌നര്‍ ലോറി പഞ്ചറായി കിടന്നതിനാല്‍ ബസ് ഏറെ വൈകിയിരുന്നു. രാത്രി ഒന്‍പത് മണിക്ക് ബസ് വെളിച്ചമില്ലാത്ത ഒരിടത്ത് റോഡിനോട് ഓരം ചേര്‍ന്ന് നിര്‍ത്തി. അപ്രതീക്ഷിതമായി ബസ് നിര്‍ത്തിയതറിഞ്ഞ് അതുവരെ ഉറങ്ങുകയായിരുന്ന ബഞ്ചമിന്‍ ഞട്ടിയെഴുന്നേറ്റ് ചുറ്റും നോക്കി. ഇരുട്ടും കുളിര്‍മ്മയുള്ള കാറ്റും തണുപ്പും മറ്റ് മൂന്നുപേരെയും മയക്കത്തിലാഴ്ത്തിയിരുന്നു.

"എന്തു പറ്റി?"

ബഞ്ചമിന്‍ തന്റെ ശരീരത്തിലെ മേദസ്സ് കാരണം തല ചലിപ്പിക്കാതെ ആരെയും നോക്കാതെ തന്നെ ചോദിച്ചു. ബസ്സില്‍ ഡ്രൈവറും കണ്ടക്ടറും ക്ലീനറും കഴിഞ്ഞാല്‍ ആ നാല് പേര്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

"ദേവാലയെത്തി. ഇവിടെ ഇറങ്ങാം."

കണ്ടക്ടര്‍ പറഞ്ഞു. ബഞ്ചമിന്‍ മറ്റ് മൂന്ന് പേരെയും തട്ടിയുണര്‍ത്തി. അവര്‍ ഇറങ്ങാനായി ഏതാനും മിനുറ്റ് നേരം കൂടി ഡ്രൈവര്‍ ബസ്സിനുള്ളിലെ ലൈറ്റ് തെളിച്ചു നിര്‍ത്തി. ഉറക്കച്ചടവും പെട്ടെന്ന് ഉണര്‍ന്നതിന്റെ സ്ഥലകാല വിഭ്രമവും കാരണം കണ്ടക്ടറോട് ഒന്നും ചോദിക്കാതെ നാല് പേരും ബസ്സില്‍ നിന്ന് ഇറങ്ങി.

ഇരുട്ടും തണുപ്പും നിറഞ്ഞ അന്തരീക്ഷം. ആളൊഴിഞ്ഞ ബസ് ഉള്ളിലെ വെളിച്ചത്തോടൊപ്പം സ്ഥലം സൂചിപ്പിക്കുന്ന ബോര്‍ഡുകളുടെ ലൈറ്റുകൂടി അണച്ച് ദൂരേയ്ക്ക് മറഞ്ഞു. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് ഏറെക്കുറെ വിജനമായ ഒരു സ്ഥലത്താണ് എത്തിപ്പെട്ടത് എന്ന് അവര്‍ക്ക് മനസ്സിലായത്. ദേവാല ഒരു നഗരമല്ല, ഗ്രാമം പോലുമല്ല. നാലുപേരും കലശലായ വിശപ്പുകൊണ്ട് ചുറ്റും നോക്കി. ഇരുട്ടുമായി പൊരുത്തപ്പെട്ട കണ്ണുകളില്‍ മുനിഞ്ഞ് കത്തുന്ന ഒരു വിളക്ക് കാണായി. അവര്‍ ആ വെളിച്ചത്തെ ലക്ഷ്യം വച്ച് നടന്നു. ആസ്ബറ്റോസ് ഷീറ്റും അരമതിലുമുള്ള ചെറിയ ഒരു ഹോട്ടലായിരുന്നു അത്. അവര്‍ അകത്ത് കടന്നു.

മേശപ്പുറത്തെ മുനിഞ്ഞു കത്തുന്ന വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ഒരു വൃദ്ധ ഉറക്കം തൂങ്ങിയിരിക്കുന്നത് കണ്ടു. അതിഥികളുടെ ശബ്ദം കേട്ടപ്പോള്‍ ആ സ്ത്രീ കണ്ണു തുറന്നു.

"എന്തെങ്കിലും കഴിക്കാനുണ്ടോ?"

praveen chandran | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

ബഞ്ചമിന്‍ വിശപ്പ് സഹിക്കാനാവാഞ്ഞതിനാല്‍ സാധാരണ കാണിക്കാറുള്ള സൗമ്യത മറന്ന് ചോദിച്ചു. ആ വൃദ്ധ അവരെ അമ്പരപ്പോടെ മിഴിച്ചു നോക്കി. ആ സമയത്ത് ടൂറിസ്റ്റുകള്‍ ആരും അവിടെ ബസ്സിറങ്ങാറില്ല എന്ന അര്‍ത്ഥം അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. വൃദ്ധ തണുത്തതെങ്കിലും പഴക്കമില്ലാത്ത ചോറും കറിയും അവര്‍ക്ക് നല്‍കി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മാര്‍ട്ടിന്‍ ചോദിച്ചു.

"ഇവിടെ രാത്രി തങ്ങാന്‍ പറ്റിയ ഹോട്ടലൊന്നും ഇല്ലേ?"

"ഇല്ല. ഗൂഡല്ലൂരില്‍ പോകണം. അപ്പോള്‍ നിങ്ങള്‍ക്കിവിടെ പരിചയക്കാര്‍ ആരുമില്ലേ?"

ആ ചോദ്യത്തിന്റെ തുമ്പില്‍ പിടിച്ച് മാര്‍ട്ടിന്‍ നേരും നുണയും കൂട്ടിച്ചേര്‍ത്ത് അറിവില്ലായ്മകൊണ്ട് അവിടെ എത്തിച്ചേര്‍ന്ന കദന കഥ പറഞ്ഞു. അത് കേട്ട് മനസ്സലിഞ്ഞ വൃദ്ധ ഹോട്ടലിലെ ഒരേയൊരു ജോലിക്കാരനായ കുട്ടിയെ വിളിച്ചു. അവനോട് അവരുടെ പഴയ വീട്ടില്‍ കൊണ്ടു ചെന്നാക്കാന്‍ പറഞ്ഞു. വൃദ്ധ വാടക മുന്‍ കൂറായി നൂറ് രൂപ കൈപ്പറ്റുകയും ചെയ്തു. നാലുപേരും റോഡിലിറങ്ങിക്കഴിഞ്ഞിട്ടും പയ്യന്‍ വരുന്ന മട്ട് കണ്ടില്ല. വൃദ്ധ അവനെ ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തി എന്തൊക്കെയോ പിറുപിറുക്കുന്നത് കേട്ടു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പയ്യന്‍ അവരുടെ കൂടെയിറങ്ങി.

തണുപ്പ് അസ്ഥികളില്‍ കൊളുത്തിട്ട് വലിക്കുന്നതായി മാര്‍ട്ടിന് തോന്നി. മറ്റ് മൂന്നുപേരുടേയും അനുഭവവും വ്യത്യസ്തമായിരുന്നില്ല. പയ്യന്‍ ബാറ്ററി ലാഭിക്കാനെന്നവണ്ണം ടോര്‍ച്ച് ഇടക്ക് മാത്രം തെളിച്ചും അധിക നേരം അണച്ചുവെച്ചും അവരുടെ മുന്നില്‍ നടന്നു. ഹോട്ടല്‍ പണിക്ക് ധരിക്കുന്ന മുഷിഞ്ഞ് ഇരുണ്ട വേഷം ധരിച്ച അവനെ അവര്‍ ശരിക്കും കാണുന്നില്ലായിരുന്നു. അഞ്ചാറ് അടി മുന്നിലായി നടക്കുന്ന അവന്റെ ശബ്ദം ശ്രദ്ധിച്ച് അവര്‍ പിന്‍തുടരുകയായിരുന്നു. ഒരു വളവിനടുത്തെത്തി അവന്‍ ടോര്‍ച്ച് തെളിച്ച നിമിഷം കാട്ടിനുള്ളില്‍ നിന്ന് ഒറ്റക്കണ്ണ് മാത്രം തിളങ്ങിയത് മാര്‍ട്ടിന്‍ ശ്രദ്ധിച്ചു. വെളിച്ചമില്ലാത്ത റോഡിന്റെ അരികുകള്‍ തിരിച്ചറിയാനായി സ്ഥാപിക്കാറുള്ള ക്യാറ്റ്‌സ് ഐ റിഫ്‌ളക്ടറില്‍ നിന്നുള്ളതുപോലെ ഒരു തിളക്കം. ഒറ്റക്കണ്ണുള്ള ഏത് ജീവിയാണ് കാട്ടില്‍ ജീവിക്കുന്നത്. മാര്‍ട്ടിന്‍ ആലോചിക്കവെ ടോര്‍ച്ച് വെളിച്ചം പ്രതിഫലിച്ച് ഒരിക്കല്‍ കൂടി ആ തിളക്കം മാര്‍ട്ടിന്റെ ശ്രദ്ധയില്‍ പെട്ടു. പയ്യന്‍ പിന്നിലുള്ളവരെപ്പോലും ശ്രദ്ധിക്കാതെ മുന്നില്‍ നടക്കുകയാണ്.

ശരീരത്തില്‍ തണുപ്പ് കുത്തിക്കയറുന്നതുപോലെ ചീവിടുകളുടെ ശബ്ദം അവരുടെ ചെവിയിലും തുളഞ്ഞ് കയറി. ഇരുട്ടില്‍ തിളക്കം കണ്ടതുമുതല്‍ മാര്‍ട്ടിന്റെ കാതില്‍ ശബ്ദതരംഗങ്ങളുടെ മറ്റൊരാവൃത്തികൂടി കേള്‍ക്കാന്‍ തുടങ്ങി. സ്വന്തം മസ്തിഷ്‌കത്തില്‍ നിന്നെന്നപോലെ ഒരു മുഴക്കം. തണുപ്പുകൊണ്ട് കാത് അടഞ്ഞുപോയതാണോ എന്ന് സംശയിച്ച് അവന്‍ ചെറുവിരല്‍ ചെവിയല്‍ കടത്തി ഇളക്കി നോക്കി. ഒട്ടും മാറ്റമില്ല. വലത് ചെവി പരിശോധിച്ച് ഇടത് ചെവിയില്‍ വിരല്‍ തിരുകി പുറത്തെടുത്ത നിമിഷം ആ വിടവിലൂടെ ഒരു പൂച്ചയുടെ കരച്ചില്‍ കടന്നുകയറി. അവന്‍ ചുറ്റും നോക്കി.

"ഒരു പൂച്ചയുടെ കരച്ചില്‍ നിങ്ങളാരെങ്കിലും കേട്ടോ."

മാര്‍ട്ടില്‍ പിന്നില്‍ വരിയായി നടക്കുന്ന മൂന്നുപേരോടുമായി ചോദിച്ചു.

"നേരെ നോക്കി നടക്ക് മനുഷ്യാ. ഇല്ലെങ്കില്‍ ആ ചെക്കന്‍ എവിടെയെങ്കിലും എത്തിപ്പോകും."

സുരേഷ് മാര്‍ട്ടിന്റെ പുറത്ത് തള്ളല്‍ പോലെ ഒരു തട്ട് തട്ടിക്കൊണ്ട് പറഞ്ഞു. പയ്യന്‍ പിന്നില്‍ നടക്കുന്നവരെ ശ്രദ്ധിക്കാതെ ഏറെ ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു. അവര്‍ മൂന്നുപേരും വേഗത കൂട്ടി അവന്റെ തൊട്ടടുത്തെത്തി. മാര്‍ട്ടിന്‍ പിന്നെയും ഇടക്കിടെ ആ ശബ്ദം കേട്ടു. ആ ശബ്ദം അവരെ പിന്‍ടരുന്നുണ്ട് എന്ന് ആലോചിച്ചപ്പോള്‍ മാര്‍ട്ടിന് പേടി തോന്നി. അവന്‍ പരമാവധി മറ്റുള്ളവരോട് ചേര്‍ന്ന് നടക്കാന്‍ തുടങ്ങി.

എഡ്ഗാര്‍ അലന്‍ പോ യുടെ കഥയില്‍ ഇങ്ങനെ ഒരു ഒറ്റക്കണ്ണന്‍ പൂച്ചയെ വായിച്ചത് മാര്‍ട്ടിന്‍ ഓര്‍ത്തു. കഥാനായകനും ഭാര്യയും ജീവികളെ സ്‌നേഹിച്ചു വളര്‍ത്തുന്നവരായിരുന്നു. അവരുടെ പല വളര്‍ത്തു ജീവികളില്‍ ഒരു കറുത്ത പൂച്ചയും ഉണ്ടായിരുന്നു. അയാള്‍ പെട്ടെന്നൊരു ദിവസം അധികരിച്ച കോപത്താല്‍ പ്രിയപ്പെട്ട കറുത്ത പൂച്ചയുടെ ഒരു കണ്ണ് കത്തികൊണ്ട് ചൂഴ്‌ന്നെടുത്തതും മുറിവ് ഭേദപ്പെട്ടതിനു ശേഷം ഒറ്റക്കണ്ണുള്ള കറുത്ത പൂച്ചയുടെ സാന്നിധ്യം അയാളെ അസ്വസ്ഥനാക്കിയതും മാര്‍ട്ടിന്‍ ഓര്‍ത്തു.

അതിന്റെ സാന്നിധ്യം സൃഷ്ടിച്ച ഭ്രാന്താവസ്ഥയില്‍ അയാള്‍ ഒറ്റക്കണ്ണുളള പൂച്ചയെ വീട്ടിലെ പൂന്തോട്ടത്തില്‍ കൊന്ന് കെട്ടിത്തൂക്കി. അന്ന് രാത്രി വീട്ടിലാകെ തീ പടരുകയും അയല്‍വാസികള്‍ ശബ്ദമുണ്ടാക്കി അയാളെ വിളിച്ചുണര്‍ത്തുകയും ചെയ്തു. വീടാകെ കത്തി നിശിച്ചിട്ടും ഒരു ചുമര്‍ മാത്രം അഗ്നി സ്പര്‍ശമേല്‍ക്കാതെ അവശേഷിച്ചു. ആ ചുമരില്‍ വലിയ കറുത്ത പൂച്ചയുടെ തൂക്കിയിട്ട കയറടക്കമുള്ള ഒരു ദൃശ്യം പതിഞ്ഞുകിടന്നു. അയാള്‍ പിന്നീട് തന്റെ കുടുംബവീടായ പഴയൊരു വീട്ടിലേക്ക് താമസം മാറി. അവിടെ വൈന്‍ കുപ്പികള്‍ക്കിയില്‍ വച്ച് ഒറ്റക്കണ്ണനായ കറുത്ത പൂച്ചയെ കണ്ടതു മുതല്‍ അയാളുടെ യുക്തിയാകെ തകരുകയും ആ പൂച്ച താന്‍ കൊന്ന് കെട്ടിത്തൂക്കിയ അതേ പൂച്ചയാണ് എന്ന് അയാള്‍ വിശ്വസിക്കുകയും ചെയ്തു. മരിച്ച പൂച്ച തിരിച്ചെത്തിയതിന്റെ യുക്തി അയാള്‍ക്ക് മനസ്സിലായതേയില്ല.

കാട് കയറിയ ആലോചനകള്‍ക്കിടയില്‍ കാടും പടലും നിറഞ്ഞ വഴികളിലൂടെ നടന്ന് അവര്‍ ഇരുട്ടില്‍ മുങ്ങിക്കിടന്ന ഒരു പഴയ രണ്ട് നില വീട്ടിന്റെ മുന്നില്‍ എത്തിയത് മാര്‍ട്ടിന്‍ അറിഞ്ഞില്ല. പയ്യന്‍ വാതില്‍ തുറന്ന് വിശാലമായ ഒരു മുറി കാണിച്ചുകൊടുത്തു. പോക്കറ്റില്‍ നിന്ന് രണ്ട് മെഴുകുതിരികളും ഒരു തീപ്പെട്ടിയും എടുത്ത് പയ്യന്‍ സിദ്ധാര്‍ത്ഥന് കൊടുത്തു. ഒരു മെഴുകുതിരി കത്തിച്ച് മുറിയില്‍ ഇരുട്ടിന്റെ കനം കുറച്ചു. പയ്യന്‍ അധികം സംസാരിക്കാതെ വന്ന വഴിയെ തിരിച്ചു നടന്ന് ഇരുട്ടിലലിഞ്ഞു.

അപ്പോഴത്തെ അവസ്ഥയില്‍ ആ വീടു തന്നെ ധാരാളമായിരുന്നു. ആ മെഴുകുതിരി വെട്ടത്തില്‍ അവര്‍ക്ക് വീടിന്റെ ഘടന മനസ്സിലായില്ല. എലികളുടേയും വവ്വാലിന്റേയും കൂമന്റേയും ശബ്ദങ്ങള്‍ ഇടവിട്ട് കേട്ടുകൊണ്ടിരുന്നു. ക്ഷീണമുണ്ടായിരുന്നിട്ടും അവര്‍ക്ക് ഉറക്കം വന്നില്ല. അങ്ങനെയാണ് കളിയായി ആത്മാവിനെ ക്ഷണിച്ചു വരുത്താന്‍ അവര്‍ തീരുമാനിച്ചത്. എന്തോ ആ വീട്ടില്‍ കയറിയതു മുതല്‍ അലന്‍ പോ യുടെ കഥയില്‍ വായിച്ച പഴയ തറവാടിന് സമാനമാണ് ഈ വീട് എന്ന് മാര്‍ട്ടിന് തോന്നി. ആ തോന്നലിന്റെ തുടര്‍ച്ചയായിട്ടാവണം ഒരു കറുത്ത പൂച്ചയെ അയാള്‍ സങ്കല്‍പ്പിച്ചത്.

മുറിയില്‍ കയറിയിറങ്ങിപ്പോയ ഇളം കാറ്റില്‍ മെഴുകുതിരി വെട്ടം ഇളകി. ആ ഇളക്കത്തില്‍ ചുമരുകളിലെ ഭീമാകാരമായ നിഴലുകള്‍ ഭയപ്പെടുത്തും വിധം ചലിച്ചു. ആ ചലനത്തിനിടയ്ക്ക് മാര്‍ട്ടിന്‍ അവന്റെ എതിര്‍വശത്തുള്ള ചുമരില്‍ പതിഞ്ഞു കിടന്ന നിഴലുകളേക്കാള്‍ ഇരുണ്ട പൂച്ചയെ വ്യക്തമായും കണ്ടു. നാലു വിരലുകളുടെ പങ്കായത്താല്‍ ചലനനിരതമായ സ്റ്റീല്‍ ഗ്ലാസ് പെട്ടെന്ന് ആടിയുലഞ്ഞു. നിയന്ത്രണം വിട്ട അതിന്റെ ചലനം കണ്ട് സുരേഷ് പറഞ്ഞു.

"മാര്‍ട്ടിന്‍ ഇവിടെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. ഇങ്ങനെ അശ്രദ്ധമായി സ്പര്‍ശിച്ചാല്‍ ആത്മാക്കള്‍ ഗ്ലാസിനുള്ളില്‍ നിന്ന് പുറത്ത് വന്ന് മുറിയില്‍ അലയാന്‍ തുടങ്ങും."

"എനിക്കൊന്തോ ഈ കളി പന്തിയായി തോന്നുന്നില്ല. നിങ്ങള്‍ കളിക്ക്."

മാര്‍ട്ടിന്‍ ആത്മാക്കള്‍ ബന്ധിതമായ ഗ്ലാസിന്റെ മുകളില്‍ നിന്ന് വിരലെടുത്ത് എഴുന്നേറ്റു. മുറിക്കുളളില്‍ അസ്വസ്ഥതയില്‍ അധികനേരം ഇരിക്കാനാവില്ല എന്ന തോന്നലില്‍ തുറന്നിട്ട മുന്‍വാതിലിലൂടെ കോലായിലിലേക്കിറങ്ങി. അവിടെ ചാരുപടിയിലിരുന്ന് പോക്കറ്റില്‍ നിന്ന് ഒരു സിഗരറ്റെടുത്ത് ലൈറ്ററുപയോഗിച്ച് കത്തിച്ച് വലിച്ചു. സിഗരറ്റിന്റെ എരിതീ പരന്നു കിടക്കുന്ന ഇരുട്ടില്‍ ചുവന്ന മിന്നാമിന്നി വെട്ടം പോലെ തിളങ്ങി. ജന്മനാ അടഞ്ഞ മുറികളെ ഭയക്കുന്ന മാര്‍ട്ടിന് കോലായിലെ ഇരുപ്പ് ആശ്വാസമായി. പുറത്തെ തണുപ്പിലും സിഗരറ്റിന്റെ പുക അവന്റെ ശ്വാസകോശം ചൂടുള്ളതാക്കി.

അല്ലന്‍പോയുടെ കഥയിലെ യുവാവ് മരിച്ച പൂച്ച പിന്നെയും പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്റെ യുക്തിയാകെ തകരന്നുപോയി എന്ന് വിലപിക്കുന്നുണ്ട്. കഥയുടെ തുടക്കത്തില്‍ എഴുത്തുകാരന്റെ പക്ഷത്ത് നിന്ന് യുക്തിഹീനമായ ഭീതകഥയാണിതെന്ന മുന്‍ജാമ്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരന് അങ്ങനെയല്ലേ സങ്കൽപ്പിക്കാന്‍ പറ്റുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടില്‍ ഷ്രോഡിംഗര്‍ എന്ന ക്വാണ്ടം ഭൗതിക ശാസ്ത്രജ്ഞനും സമാനമായ പ്രതിസന്ധിയില്‍ തന്നെയല്ലേ വന്നുപെട്ടത്? സത്യത്തില്‍ അലന്‍ പോയുടെ യുവാവും ഷ്രോഡിംഗറും പൂച്ചയുടെ കാര്യത്തില്‍ ഒരേ യുക്തി പങ്കിടുന്നവരാണ്. മാര്‍ട്ടിന്‍ സിഗരറ്റ് പുകയില്‍ ചൂടുപിടിക്കുന്ന മസ്തിഷ്‌ക ചിന്ത ആസ്വദിച്ചു.

ക്വാണ്ടം അവസ്ഥയില്‍ ക്വാണ്ടം വസ്തുക്കള്‍ പോസറ്റീവ്, നെഗറ്റീവ് കറക്കത്തിനൊപ്പം രണ്ടിന്റേയും ഇടയില്‍ ഒരവസ്ഥ, നെഗറ്റീവും പോസറ്റീവുമായ ഒരു അവസ്ഥ സംഞ്ജാതമാകുന്നതായി ഭൗതികശാസ്ത്രജ്ഞന്‍മാര്‍ മനസ്സിലാക്കി. ആ ശാസ്ത്രയുക്തിയെ ഷ്രോഡിംഗര്‍ ഒരു ചിന്താപരീക്ഷണത്തിന് വിധേയമാക്കി. ആ പരീക്ഷണത്തില്‍ അദ്ദേഹം ഒരു പൂച്ചയെ ഒരു ഗ്യാസ് ചേംബറിനകത്ത് അടയ്ക്കുന്നതായി സങ്കല്പിച്ചു. ആ ചിന്താ പരീക്ഷണത്തില്‍ ചേംബറിലേക്ക് രണ്ട് തരം വാതകങ്ങള്‍ നിറയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഒന്ന് ശുദ്ധവായു, രണ്ടാമത്തേത് വിഷവാതകം. അതായത് ഒന്ന് ജീവിതം, രണ്ടാമത്തേത് മരണം.

ജീവിതമോ മരണമോ എന്ന തിരെഞ്ഞെടുക്കുന്നതില്‍ പൂച്ചയ്ക്ക് യാതൊരു പങ്കുമില്ല. ഇലക്ട്രോണുകളുടെ കറക്കം തിരിച്ചറിയുന്ന ഒരു സെന്‍സറാണ് വാതകം തിരഞ്ഞെടുക്കുന്നതിന്റെ സ്വിച്ച് കൈകാര്യം ചെയ്യുന്നത്. നെഗറ്റീവ് കറക്കമുള്ള ഇലക്ട്രോണ്‍ സെന്‍സറില്‍ പതിച്ചാല്‍ ചേബറിലേക്ക് വിഷവാതകം നിറയുകയും പൂച്ച മരിക്കുകയും ചെയ്യും. മറിച്ചാണെങ്കില്‍ ശുദ്ധവായു ലഭിച്ച് പൂച്ചയക്ക് ജീവിതം തുടരാം. എന്നാല്‍ ക്വാണ്ടം ഭൗതികത്തിലെ നെഗറ്റീവോ പോസറ്റീവോ അല്ലാത്ത സൂപ്പര്‍പൊസിഷന്‍ എന്ന് അവസ്ഥയിലുള്ള ഇലക്ട്രോണ്‍ ആണ് പതിക്കുന്നത് എങ്കില്‍ പൂച്ച ഒരേ സമയം ജീവിക്കുകയും അതേസമയം മരിക്കുകയും ചെയ്യുന്നു. അങ്ങനെ മരണവക്രത്തില്‍ പെട്ട പൂച്ച ഒരേ സമയം മരണത്തിനും ജീവിതത്തിനും ഇടയില്‍ പെടുന്നു. അതുകൊണ്ടു തന്നെയാണ് അല്ലന്‍പോയുടെ കഥയില്‍ മരിച്ചിട്ടും പൂച്ച പിന്നെയും തരിച്ചു വന്നത്. ഒറ്റക്കണ്ണുള്ള കറുത്ത പൂച്ച മരിച്ചിട്ടും ജീവിക്കുകയും ജീവിച്ചിട്ടും മരിയ്ക്കുകയും ചെയ്തുകൊണ്ട് ആ കഥയിലാകമാനം നിറഞ്ഞു നിന്നത്. ക്വാണ്ടം അവസ്ഥയിലുള്ള ഒരു പൂച്ചയ്ക്ക് മാത്രമേ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകൂ എന്ന് പിന്നീട് എവിടെയോ ഒരു വിശദീകരണം വായിച്ചത് അവന്റെ തലയില്‍ തെളിഞ്ഞു.

praveen chandran | story | iemalayalam
ചിത്രീകരണം : വിഷ്ണു റാം

മാര്‍ട്ടിന്‍ തന്റെ യുക്തിയുടെ ഊര്‍ജ്ജത്തില്‍ സിഗരറ്റ് ആഞ്ഞു വലിച്ചു. ആ ഇരുട്ടില്‍ നിറഞ്ഞുകിടന്ന നിശ്ചലമായ വായു മുഴുവന്‍ മാര്‍ട്ടിന്റെ ശ്വാസകോശത്തില്‍ നിറഞ്ഞു. അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ പെട്ടെന്ന് വലിഞ്ഞു പോയതുപോലെ സിഗരറ്റ് ഒറ്റയടിയ്ക്ക് കെട്ടുപോയി. അവന്‍ പുക പുറത്തേക്ക് വിട്ടു. സിഗരറ്റിന്റെ മണം ആ കാട്ടിലാകെ നിറഞ്ഞുകാണണം. പിന്നീടുള്ള ഓരോ ഉച്ഛാസത്തിലും മാര്‍ട്ടിന് സിഗരറ്റിന്റെ മണം മാത്രമാണ് കിട്ടിയത്. അവന്‍ ചുറ്റുപാടുമുള്ള മണങ്ങള്‍ ശ്രദ്ധിച്ചു. ഒരു പൂച്ചയുടെ മണം സിഗരറ്റ് പുകയുടെ ഗന്ധത്തോട് കൂടക്കലര്‍ന്നു തുടങ്ങിയിരിക്കുന്നു. അത് കൂടിക്കൂടി വന്ന് അവന്റെ തൊട്ടടുത്തെത്തിയതുപോലെ ഒരു തോന്നല്‍. ചിന്തകള്‍കൊണ്ട് അവന്റെ മസ്തികഷത്തിന്റെ ഭാരം വര്‍ദ്ധിച്ചു.

തണുത്ത അന്തരീക്ഷത്തിലേക്ക് മഴ തുള്ളിയിട്ടു. നിമിഷ നേരം കൊണ്ട് ധാരയായി നിലത്ത് പതിക്കാന്‍ തുടങ്ങി. ആ പഴയ വീടിന്റെ കോലയായില്‍ പോലും വെള്ളം വീഴുന്നതായി അവന് തോന്നിയതിനാല്‍ എഴുന്നേറ്റ് പോയി ഉറങ്ങാന്‍ തീരുമാനിച്ചു. പക്ഷെ ഇളകാനാകുന്നില്ല. കനത്ത ഇരുട്ട് ഒരു ജീവിയെപ്പോലെ അവന്റെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. മാര്‍ട്ടിന്‍ കൈകള്‍ ചലിപ്പിച്ചു. സാധിക്കുന്നുണ്ട്. പോക്കറ്റില്‍ നിന്ന് പേനാക്കത്തി പുറത്തെടുത്തു. അത് തുറന്ന് ഇരുട്ടില്‍ ചുഴറ്റി. പെട്ടെന്ന് പൂച്ചയുടെ കരച്ചില്‍ ഉയര്‍ന്നു. രാത്രിയുടെ ശൂന്യതയില്‍ ദൂരെ മറ്റേതോ മലയില്‍ തട്ടി ശബ്ദം പ്രതിഫലിച്ചതായി മാര്‍ട്ടിന് തോന്നി. എന്തോ താഴെ വീണു. ശരീരത്തില്‍ നിന്ന് ഭാരം താഴെ വീണിരിക്കുന്നു. മാര്‍ട്ടിന്‍ ലൈറ്റര്‍ കത്തിച്ചു നോക്കി. ലെറ്ററിന്റെ മങ്ങിയ വെളിച്ചത്തില്‍ നിലത്താകെ കറുത്ത നിറത്തില്‍ എന്തോ പരന്നു കിടക്കുന്നതായി കണ്ടു. ചുവന്ന ചോര ക്ഷണനേരം കൊണ്ട് നിറം മാറിയതാകാമെന്ന് മാര്‍ട്ടിന്‍ സങ്കൽപ്പിച്ചു. ലൈറ്ററിന്റെ വെളിച്ചത്തിന്റെ അവ്യക്തതയില്‍ അല്ലന്‍ പോ യുടെ കഥയിലേതുപോലെ ഒരു വലിയ പൂച്ച മരിച്ചു കിടക്കുന്നത് അവന്‍ കണ്ടു.

മാര്‍ട്ടിന്‍ മുറിയിലേക്ക് നടന്നു. ഗ്ലാസിന് മുകളിലെ മെഴുകുതിരി അവന്‍ ഇറങ്ങുമ്പോഴുണ്ടായിരുന്ന അതേ അവസ്ഥയില്‍ ഒട്ടും ഉരുകിത്തീരാതെ ആരോ പുതുതായി കത്തിച്ചതുപോലെ പ്രകാശിക്കുന്നു. മൂന്നു പേര്‍ നേരത്തെ ഇരുന്നിടത്ത് നിന്ന് നേരെ പിന്നോട്ട് മറിഞ്ഞ് കിടന്ന് ഉറങ്ങുന്നു. മെഴുകുതിരി കുത്തി നിര്‍ത്തിയ ഗ്ലാസിനുള്ളില്‍ നിന്ന് രക്ഷപ്പെടാനാവാതെ പോയ ആത്മാക്കള്‍ അപ്പോഴും ഗ്ലാസിനെ ചെറുതായി ചലിപ്പിക്കുകയും ആ താളത്തിനനുസരിച്ച് മെഴുകുതിരി വെട്ടം വായുവില്‍ നൃത്തം ചെയ്യുന്നതായും മാര്‍ട്ടിന്‍ കണ്ടു. അവന്‍ ആ ഗ്ലാസിലേക്ക് സൂക്ഷിച്ച് നോക്കുന്തോറും ആ ആത്മാക്കളുടെ അലക്ഷ്യമായ ചലനം കൂടുതല്‍ വ്യക്തമായി തുടങ്ങി. അവന് ആ മുറിയുടെ വാതില്‍ അടഞ്ഞു പോകുന്നതായും ശ്വാസം മുട്ടുന്നതായും അനുഭവപ്പെട്ടു. വേഗം തന്നെ മുന്‍വാതിലിനടുത്തേക്ക് നടന്നു. പുറത്ത് പൂച്ചയുടെ രക്തം പരന്നിരിക്കുന്നതിനാല്‍ അവന്‍ കോലായിലേക്ക് കാല്‍ വച്ചില്ല. ജീവിതത്തിനും മരണത്തിനും ഇടയില്‍ പെട്ട പൂച്ചയെപ്പോലെ അവന്‍ അകത്തും പുറത്തുമല്ലാതെ വാതില്‍ പടിയില്‍ ചാരി നിന്നു.

പതുപുതത്ത രോമം കാലില്‍ തൊടുന്നതായി തോന്നി മാര്‍ട്ടിന്‍ ഞെട്ടിയുണര്‍ന്നു. അപ്പോളവന്‍ വാതില്‍പ്പടിയില്‍ ചുരുണ്ട് കിടക്കുകയായിരുന്നു. മുറ്റത്തെ വള്ളിപ്പടര്‍പ്പിനുള്ളിലൂടെ ആകാശത്തിന്റെ വെള്ളപ്പുതപ്പ് മങ്ങിക്കാണാമായിരുന്നു. ഇളം കോടമഞ്ഞ് മുറ്റത്ത് നിഴലിട്ടൊഴുകുന്നുണ്ടായിരുന്നു. അവന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ വലിയ ഒരു പൂച്ച കാല്‍ക്കല്‍ നില്‍ക്കുന്നു. മാര്‍ട്ടിന്‍ കാലിളക്കിയതിനാല്‍ പൂച്ച അവനെ രൂക്ഷമായി നോക്കി. അതിന്റെ ഒറ്റക്കണ്ണില്‍ ക്രൂരമായ വന്യത മിന്നിമറഞ്ഞത് അവന്‍ ശ്രദ്ധിച്ചു. അതിന്റെ കഴുത്തില്‍ നേര്‍ത്ത മുറിപ്പാടുണ്ട്. തലേ ദിവസം രക്തത്തില്‍ കുളിച്ച് മരിച്ചു കിടന്ന പൂച്ച വീണ്ടു ജീവിച്ചിരിക്കുന്നു. അല്ല, പൂച്ച ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഏതോ അവസ്ഥയില്‍ ഷ്രോഡിംഗറുടെ പൂച്ചയെപ്പോലെ തന്നെ സ്പര്‍ശിച്ചിരിക്കുന്നു. താനിപ്പോള്‍ ഒരു ക്വാണ്ടം ജീവിയായി മാറിയിട്ടുണ്ടാകുമോ എന്ന് ഉറപ്പിക്കാനാവാതെ മാര്‍ട്ടിന്‍ മരവിച്ചതുപോലെ വാതില്‍ പടിയില്‍ നിന്നു.

Literature Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: