scorecardresearch

പ്രണയത്തിന്‍റെ ഗണിതശാസ്ത്രം

“രണ്ട് കാലത്തിന്‍റെ സങ്കലനംകൂടിയാണിത്. മണല്‍ഘടികാരത്തിന്‍റെ സൂക്ഷ്മതയോടൊപ്പം കാലഗണനയുടെ വിചിത്രസങ്കേതങ്ങളും ചേര്‍ന്ന് കാലനിര്‍ണ്ണയം അസാധ്യമാണിവിടെ” എം നന്ദകുമാറും ജി എസ് ശുഭയും ചേർന്ന് എഴുതിയ ‘പ്രണയം 1024 കുറുക്കുവഴികൾ’ എന്ന നോവലിനെ കുറിച്ച് ‘സാഹിത്യ അന്വേഷണ പരീക്ഷണത്തിൽ’ രാഹുൽ രാധാകൃഷ്ണൻ. നിരൂപണ രീതിയിലും ഒരു പരീക്ഷണമാണ് യുവനിരൂപകൻ നടത്തുന്നത്

rahul radhakrishnan,m.nandakumar, malayalam ,writers

ഡിജിറ്റൽ കാലത്ത് എല്ലാത്തിനും ദ്വയാങ്ക സമ്പ്രദായത്തിന്‍റെ അരൂപമായ രൂപമുണ്ടാകാം. പ്രണയത്തിലാകുമ്പോൾ  ഈ മാസ്മരികത കൂടതലാകും. പ്രണയത്തിനെ കുറിച്ചുളള സാഹിത്യത്തിലേയ്ക്ക് സാഹിത്യ ബാഹ്യമെന്ന് കരുതപ്പെട്ട ഈ സങ്കേതത്തെ വിളക്കി ചേർക്കുമ്പോൾ അത് പുതിയൊരു ഇഴയിണക്കത്തിന്‍റെ കഥയായി മാറുന്നു. ഗണിത പ്രക്രിയയിലെ പോലെ ചില കുതിച്ച് ചാട്ടങ്ങളും ചില കുത്തിറക്കങ്ങളും ഇതിൽ​ രൂപപ്പെടുന്നു. അത് കൊണ്ട് തന്നെ അത്തരമൊരു വായനാ രീതിയും എഴുത്ത് ശൈലിയും ഈ​ നോവലിനെ സമീപിക്കാൻ വേണ്ടി വരുന്നുണ്ട്.

2 (21)

നോവലിന്‍റെ കാട്ടുപാത

മലയാള നോവല്‍ പുതുസങ്കേതങ്ങളുടെ കാട്ടുപാതകളിലൂടെയുള്ള പ്രയാണം നടത്തുന്നതിന്‍റെ നാന്ദിയാണ് എം.നന്ദകുമാറും ജി.എസ്.ശുഭയും ചേര്‍ന്നെഴുതിയ ‘ പ്രണയം 1024 കുറുക്കുവഴികള്‍’ എന്ന നോവൽ. ഒരു പദപ്രശ്‌നത്തില്‍ അക്ഷരങ്ങള്‍ വിലങ്ങനെയും കുറുങ്ങനെയും ചേര്‍ന്ന് നിന്ന് പുതിയ വാക്കുകള്‍ സൃഷ്ടിക്കപ്പെടുന്നതുപേലെ പരമാവധി സാധ്യതകളില്‍ കഥകള്‍ പറയാന്‍വെമ്പുന്ന 117 പ്രണയക്കുറിപ്പുകള്‍  ‘1024 കുറുക്കുവഴി’കളിലേക്കുള്ള സൂചകങ്ങളാകുന്നു. സംഘകാലപ്പഴമയുള്ള ഒരു ഭൂതകാലകഥയും ആധുനികവ്യാധികള്‍ നിറഞ്ഞ വര്‍ത്തമാനക്കുറിപ്പുകളും ചേര്‍ന്ന് കഥപറച്ചിലിന്‍റെ അജ്ഞാതഭൂമികകളിലൂടെ ഈ നോവല്‍ വായനക്കാരനെ കൊണ്ടുപോകുന്നു. എഴുത്തുകാരനും എഴുത്തുകാരിയും സ്വതന്ത്രമായി നടത്തുന്ന കഥനസംവാദങ്ങളിലൂടെ കൈമാറുന്ന കുറിപ്പുകളുടെ സമാഹാരമാണിത്. രണ്ട് എഴുത്തുകാര്‍ ചേര്‍ന്ന് സൃഷ്ടിക്കുന്ന സര്‍ഗ്ഗസംഗീതം എന്നതുപോലെ രണ്ട് കാലത്തിന്‍റെ സങ്കലനംകൂടിയാണിത്. മണല്‍ഘടികാരത്തിന്‍റെ സൂക്ഷ്മതയോടൊപ്പം കാലഗണനയുടെ വിചിത്രസങ്കേതങ്ങളും ചേര്‍ന്ന് കാലനിര്‍ണ്ണയം അസാധ്യമാണിവിടെ.

rahul radhakrishnan, valantines day

4 (22)

ഒന്നിച്ചിരിക്കലും വേര്‍പെടലും

കഥനത്തില്‍ എഴുത്തുകാര്‍ തെളിയുകയും മറയുകയും ചെയ്യുന്നു. ഇരുവരും എഴുത്തില്‍ ശിവപാര്‍വതിമാരെപ്പോലെ ഒരുടലായി കഥാഗാത്രത്തിന് രൂപം തീര്‍ക്കുന്നു. ചിലപ്പോള്‍ അവന്‍ എന്നും അവള്‍ എന്നും രണ്ടായി പിരഞ്ഞ് ആണ്‍ പെണ്‍ ചിന്തകളുടെ വ്യഥകളും ആകുലതകളും ഏകഗാത്രത്തില്‍ നിന്ന് വേര്‍പെട്ട് രണ്ടായി പിളര്‍ന്നതിന്‍റെ രോദനവും എഴുതി ചേര്‍ക്കുന്നു. ഒരുദിവസം അടിവാരത്തിലെ ബസ്സ് സ്‌റ്റോപ്പില്‍ അവനെ തനിച്ചാക്കി അവൾ തിരികെപോകുന്നു. ആ ഹ്രസ്വമായ വേര്‍പെടലില്‍ അവര്‍ രണ്ടായി വേര്‍പിരിഞ്ഞ് കഥകള്‍ പറയുന്നു. അവളില്ലാത്ത അവനെപ്പറ്റിയും മറിച്ചും ചിന്തകളും ജീവിതചിത്രങ്ങളും കുറിക്കുന്നു.കുപ്പിവളയെ ചുറ്റുന്ന ആനവാല്‍ മോതിരത്തിന്‍റെ കറുത്ത ഡിസൈന്‍ എന്ന രൂപഘടന അര്‍ദ്ധരാത്രിയായി ചൂഴുന്നു; ഒരു ഗണിതരൂപം അനുഭവമായി രൂപമാറ്റം നടത്തുന്നതിന്‍റെ രാസപ്രക്രിയഈ നോവലില്‍ പലയിടങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. മുറിയില്‍ വീണുകിടക്കുന്ന മുടിയിഴകളിലും കണ്ണാടിയില്‍ വീണുകിടക്കുന്ന ഛായയിലും ഇണയെ വേര്‍പെട്ട ഒരുടല്‍ മറുരൂപത്തെദര്‍ശിക്കുന്നു. മസ്തിഷ്‌കത്തിലെ ദൃശ്യ ശ്രാവ്യ ഗന്ധ സ്പര്‍ശാനുഭവ ഭൂഖണ്ഡങ്ങളെ മായികസങ്കല്പങ്ങളുടെ അശനിപാതം കുഴച്ചുമറിക്കുന്നതും ഇതുവരെ സൃഷ്ടിക്കപ്പെടാത്തഅനുഭവങ്ങള്‍ ലഹരിയിലെന്നപോലെ എഴുത്തിലേക്ക് വാര്‍ന്നു വീഴുന്നതും പ്രണയത്തിന്‍റെ അദ്ഭുതമാണ്. അത് ഈ നോവല്‍ വായനയില്‍ നാം നേരിടുന്ന അപൂര്‍വ്വാനുഭമവമാണ്.

rahul radhakrishnan,m.nandakumar, malayalam ,writers

8 (23)

പ്രണയസന്ദേശങ്ങള്‍

പ്രണയസന്ദേശങ്ങള്‍ കാലത്തിന്‍റെ ഗതിവിഗതികളെ പിന്‍തുടരാത്ത ദാർശനിക ഭാരങ്ങളില്ലാത്ത മാസ്മരികവാക്യങ്ങളാണ് മിക്കപ്പോഴും. എന്നാല്‍, പ്രണയം ഭാരരഹിതമായ കെട്ടുകാഴ്ചകളല്ല, മറിച്ച് മനസ്സിന്‍റെ ലാബറിന്തില്‍ നിന്നുപോലും പുറത്തേക്കുള്ള വഴി കണ്ടെത്തിയെത്തുന്ന സന്ദേശങ്ങളാണവ. നോവലിലാകമാനം നിറഞ്ഞുനിൽക്കുന്ന കവിതകളും കുറിപ്പുകളും യഥാര്‍ത്ഥപ്രണയത്തിന്‍റെ ഊഷ്മാവുള്ളവ തന്നെ. കാരണം എഴുത്തുകാര്‍ ഇതില്‍ പ്രണയിക്കുന്നുണ്ട്. അത് വായനക്കാരന് അനുഭവിക്കാനും സാധിക്കുന്നുണ്ട്. പ്രണയം നിലാവിന്‍റെ കടലിലെ സ്വപ്‌നയാത്രയല്ലെന്നും മനുഷ്യനെ സ്പര്‍ശിക്കുന്നതെന്തും വികാരങ്ങളും വിചാരങ്ങളും ഘനീഭവിക്കുന്ന ആത്മാവിന്‍റെ അടിത്തട്ടാണെന്നും ഈ രചന ബോധ്യപ്പെടുത്തുന്നു. ഇതിന്‍റെ ദൃഷ്ടാന്തമായി താഴെ കൊടുത്തിരിക്കുന്ന  സന്ദേശങ്ങൾ വിശകലനം ചെയ്യാവുന്നതാണ്.

”ഒരിക്കലും എഴുതി തീരാത്തതും, എഴുതാനിടയില്ലാത്തതുമായ ഒരു പ്രണയസന്ദേശമുണ്ട്. അത് ഞാന്‍ നിനക്ക് ഉടനെ അയയ്കാം. നിന്‍റെ മേല്‍വിലാസത്തില്‍ അത് എത്തിച്ചേരുംമുമ്പ് ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു. ”

‘ജനിതക നിര്‍ണ്ണയവാദങ്ങളില്‍ എനിക്ക് വിശ്വാസമില്ല. എങ്കിലും എന്‍റെ ജനറ്റിക് കോഡില്‍ , ഡി.എന്‍.എയുടെ പിരിയന്‍ ഗോവണികളില്‍ , ഹൈഡ്രജന്‍ ബോണ്ടുകളുടെ പടികളില്‍, മനോരോഗവും ആത്മഹത്യയും കൊലപാതകവും സര്‍വ്വനാശത്തിന്‍റെ അര്‍ബുദസാധ്യകളും കൊത്തിവെച്ചിട്ടുണ്ടെങ്കില്‍, അതിനെയെല്ലാം കീഴടക്കാനാണ് ഞാന്‍ എഴുതുന്നത്. ‘

‘സ്വപ്‌നത്തില്‍ കണ്ടെത്തുന്ന എന്തോ ഒന്ന് ഉണര്‍ച്ചയില്‍ എല്ലാവരും തിരഞ്ഞുകൊണ്ടിരിക്കുന്നു. ആര്‍ക്കും അതിനെ കയ്യെത്തി തൊടാനാവില്ല. കാരണം ലോകം മറ്റൊരു കിനാവാണ്. അപ്രകാരം മരിച്ചുപോകലായിരിക്കും ഓരോരുത്തരുടേയും ഉണര്‍ച്ചയുടെ യാഥാര്‍ത്ഥ്യം.’

16 (24)

പ്രണയിതാക്കള്‍,എഴുത്തുകാര്‍,ഇരട്ടകള്‍

ഇരട്ട എഴുത്തുകാര്‍ അവരുടെ അവരുടെ വീര്‍പ്പും വേദനകളും നാം ഇരട്ടകളായിരിക്കുമ്പോഴും ഒറ്റയുടെ ഏകാന്തത അനുഭവിക്കുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കത്തക്കവിധം ഒറ്റ സംഖ്യകളുടെ അദ്ധ്യായ ശ്രേണിയില്‍ ജീവിതം കുറിക്കുമ്പോള്‍ ഇരട്ട അക്കങ്ങള്‍ കാലഗണനക്കതീതമായ ദേശനിര്‍ണ്ണയം സാധ്യമല്ലാത്ത ഒരു പൂര്‍വ്വകാലത്തിന്‍റെ കഥപറയുന്നു. ആ കഥയില്‍ വെങ്ങപ്പൂക്കള്‍ മുടിയില്‍ ചൂടിയലങ്കരിച്ച് ഊഞ്ഞാലിന്‍റെ അഴിപ്പടിയിലിരുന്ന് തോഴിയുടെ തള്ളലില്‍ ആകാശം തൊടാന്‍കണക്ക് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കഥാനായിക മലയിറങ്ങി കാട്ടുപാതയിലൂടെ ഒരാള്‍ നടന്നുവരുന്നത് കണ്ടു. ഊഞ്ഞാല്‍ത്തുമ്പത്തേക്ക് കുതിക്കുന്തോറും അയാള്‍ കൂടുതല്‍ തെളിഞ്ഞു. അയാളുടെ കരുത്തുറ്റ ശരീരവും അവളുടെ മായാരൂപവും രഹസ്യസമാഗമങ്ങളിലേക്കും പ്രണയത്തിലേക്കും വിരഹത്തിലേക്കും കാട്ടുമരപ്പന്തലിനിടയിലെ സൂചിവിടവുകളിലൂടെ സ്വര്‍ണ്ണകിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോലെ കഥയിലേക്ക് ആവാഹിക്കപ്പെടുന്നു.

rahul radhakrishnan,m.nandakumar, malayalam ,writers

32 (25)

കുട്ടിക്കാലം എന്ന സ്മൃതിഖനിയിൽ

കുട്ടിക്കാലത്തിന്‍റെ സ്മൃതിഖനികളിലെ നിരന്തരഖനനത്തിലൂടെയാണ് ജീവിതദുഃഖങ്ങളെ അതിജീവിക്കുന്നത്. ബാല്യകാലത്തെ സുഖദുഃഖസമ്മിശ്രമായ അനുഭവങ്ങളുടെ അയിര് ഗൃഹാതുരത്വമുള്ള സുഖസ്മൃതികളായി ശുദ്ധീകരിക്കപ്പെടുന്നു. ഒരു വേനലവധിക്ക് മാവിന്‍ചുവട്ടില്‍ വെച്ച് കളിക്കൂട്ടികാരി കുഞ്ഞുമോള്‍ തിരണ്ടതും, കളികളില്‍ നിന്ന് പിന്‍വാങ്ങിയ അവള്‍ ഉള്ളിതോൽ പൊളിക്കുക എന്ന വൃഥാജോലിയില്‍ മുഴുകി കുട്ടിക്കാലത്തെ തടങ്കലിലാക്കിയതും നോവലിലെ ബാല്യകാലചിത്രമാണ്. ഉത്തരക്കടലാസില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണ്ണകാല വര്‍ണ്ണനക്കിടയില്‍ സ്‌കൂളിലേക്കുള്ള വഴിയിലെ ചുമരെഴുത്തുകളും പരസ്യങ്ങളിലെ വാചകങ്ങളുംകൂടിച്ചേര്‍ന്ന് ഒരു കനപ്പെട്ട ചരിത്രരചന നടത്തിയത് ടീച്ചറെ കോപിപ്പിച്ചു. ടീച്ചര്‍ ചരിത്രകാരിയെ അധിക്ഷേപിച്ച് മറ്റ് പെണ്‍കുട്ടികള്‍ക്ക് ചിരിക്കാനുള്ള വക നൽകി. മന്ത്രം കൊണ്ട് ആളുകളെ മരിപ്പിക്കാനും മറുമന്ത്രം കൊണ്ട് അവരെ ജീവിപ്പിക്കാനും കഴിയുമെന്ന് മിത്ത് ഓര്‍ത്തെടുക്കെ അവനും അവളും ജീവിതത്തിന്‍റെ അയഥാര്‍ത്ഥമായ മറുവശം സ്പര്‍ശിക്കുകയായിരു ന്നു.മുത്തശ്ശന്‍റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ മുത്തശ്ശി ഒരു കത്രിക അവള്‍ക്ക് കൊടുത്ത് മുടി ചെവിക്കു മീതെവെച്ച് മുറിപ്പിച്ചു. കറ്റാര്‍വാഴചേര്‍ന്ന് എണ്ണയിട്ട് വളര്‍ത്തിയെടുത്ത മനോഹരമായ കേശഭാരം മുത്തശ്ശിക്ക് ഒരു ജീവിതഭാരമായി ചുരുങ്ങിയപ്പോഴാണ് അത് മുറിച്ചുമാറ്റേണ്ടി വന്നത്. സ്‌നേഹത്തിന്‍റെ കത്രിക എന്ന് പേരിട്ട് ആ സംഭവം അവളുടെ ബാല്യസ്മൃതികളിലെ രത്‌നങ്ങളിലൊന്നാണ്. കുട്ടിക്കാലം ഈ നോവലിലെ തിളക്കങ്ങളിലൊന്നാണ്.

64  (26)

ചിത്രങ്ങൾ

നോവൽ രചനയുടെ അടിസ്ഥാനം വാക്കുകള്‍ തന്നെയാണ്. വാഗ് വിസ്മയങ്ങളാണ് വായനക്കാരനെ നോവലിലേക്ക് അടുപ്പിക്കുന്നത്. കവിതകള്‍ കഥപറച്ചിലിന്‍റെഭാഗമാകുന്നതും സാധാരണമാണ്.എന്നാല്‍ സെബാള്‍ഡിനെയും ഉമ്പെർട്ടൊ എക്കോയെയും പോലുള്ള എഴുത്തുകാര്‍ ചിത്രങ്ങളെ കഥയുടെ ഭാഗമായി സന്നിവേശിപ്പിക്കാറുണ്ട്. കല്ലായി റെയില്‍വേസ്റ്റ്ഷന്‍ ഒരു ഖണ്ഡികയില്‍ വിവരിക്കുന്നതിനേക്കാള്‍ സംവേദനസാധ്യമാണ് ഒരു ഫോട്ടോയിലൂടെ അവതരിപ്പിക്കുന്നത്. ചിത്രശലഭങ്ങളുടെ ചിറകടിക്ക് താഴെ നൃത്തം ചെയ്യുന്ന സ്ത്രീകള്‍ വിവരണത്തിന് അസാധ്യമായ മറ്റൊരു ബിംബമാണ്. ഒരു രേഖാചിത്രത്തില്‍ ആ സ്ത്രീകളെ കാണിച്ചുതരുന്നതോടെ നോവല്‍ ശക്തമായ മറ്റ് മീഡിയകളോടൊത്ത് സഞ്ചരിക്കാന്‍ വെമ്പുന്നു. ഫോട്ടോ , ചിത്രകല, കവിത ,സാങ്കേതികവിദ്യയിലെ സങ്കേതങ്ങള്‍ തുടങ്ങി ഒന്നും തന്നെ നോവലിന് അന്യമല്ല എന്ന് ഈ നോവല്‍ ബോധ്യപ്പെടുത്തുന്നു.

rahul radhakrishnan,m.nandakumar, malayalam ,writers

128 (27)

ഇരട്ട സംഖ്യാശ്രേണിയില്‍ ഒരു കാലം.

ദ്വായങ്ക സംഖ്യാസമ്പ്രദായത്തിലെ ഇരട്ടസംഖ്യകളുടെ ശ്രേണികളാണ് ഡിജിറ്റല്‍ ലോകത്തിലെ അക്ഷരങ്ങളും സംഖ്യകളും ദൃശ്യങ്ങളും ശബ്ദങ്ങളും തുടങ്ങി എന്തും സാധ്യമാക്കുന്നത്. തീര്‍ച്ചയായും പ്രണയത്തിന്‍റെ സമയക്രമത്തിനടിയിലും ഒരു ഇരട്ടസംഖ്യാശ്രേണി ഒളിഞ്ഞിരിപ്പുണ്ട്. തുടര്‍ച്ചയുള്ളതെന്ന് തോന്നിപ്പിക്കുന്ന സമയപ്രവാഹത്തിനടിയില്‍ ഇരട്ടസംഖ്യകളുടെ മാന്ത്രികസ്പര്‍ശമുണ്ട്. 1024 പ്രണയരഹസ്യങ്ങളുടെ സമയപ്രവാഹം നൈരന്തര്യത്തെ ഭേദിച്ച് മുന്നേറുകയും തുടര്‍ച്ചയുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന വിസ്മയത്തെ അനാവരണം ചെയ്യുന്നുണ്ട്. നോവല്‍
ആകെത്തന്നെ ഡിജിറ്റല്‍ സമയക്രമത്തിന്‍റെ ആന്തരികതാളം ഉള്‍ക്കൊള്ളുന്നുണ്ട്. ഒറ്റസംഖ്യകള്‍ക്കും ദശാംശസംഖ്യകള്‍ക്കും വ്യവഹാരത്തിലുപയോഗിക്കുന്ന മറ്റേത് സംഖ്യക്കും പകരം ഇരട്ടസംഖ്യാസമ്പ്രദായം പിന്തുടരുന്ന ക്രമം പ്രണയത്തിലെ ഇരട്ടയിലേയ്ക്ക് സംക്രമിപ്പിച്ചിരിക്കുന്നു.

256 (28)

സംഘകാലം

ബി.സി. 566 മുതൽ എ.ഡി. 250 വരെയുള്ള കാലമാണ് സംഘകാലമായി കണക്കാക്കപ്പെടുന്നത്. ഇക്കാലത്ത് കേരളത്തിലെ ജനങ്ങളുടെ സംസ്കാരവും ചരിത്രവും തമിഴരുടേതുമായി കലർന്നിരുന്നു.

512 (29)

കിളികള്‍ക്കും പ്രകൃതിക്കും വേണ്ടി ഒരു ഗാനം

ഏക്കർ ‍ കണക്കിന് വനം കത്തിനശിച്ചതിന്‍റെ വാര്‍ത്തയെത്തുടര്‍ന്ന് കത്തിയമര്‍ന്ന കാട്ടാനകളേയും കടുവകളേയും പക്ഷിക്കുഞ്ഞുങ്ങളേയും മാന്‍പേടകളേയും ഓര്‍ത്ത് അവള്‍ ഉറക്കത്തില്‍ ഞെട്ടാന്‍ തുടങ്ങി. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരം പീഢനങ്ങളടെ വാര്‍ത്തളില്‍ അസ്വസ്ഥയായി അവര്‍ വാര്‍ത്തകളിലൊന്നും ഇടപിടക്കാത്ത നോവിക്കലുകളെ ഓര്‍മ്മിക്കുന്നു. മരത്തെച്ചൊല്ലിയുള്ള കുടുംബകലഹങ്ങളും പൂജയ്ക്കും മന്ത്രവാദത്തിനും പണത്തിനും വേണ്ടി മുത്തശ്ശി മരങ്ങളെ കോടാലിക്കിരയാക്കിയതും മക്കളുടെ ഊഴത്തില്‍ ഭാര്യമാര്‍ക്കുള്ള സമ്മാനങ്ങള്‍ക്കായി മരങ്ങള്‍ വീഴാന്‍ തുടങ്ങയതും അവര്‍ ഓര്‍ത്തെടുക്കുന്നു. സ്ഥൂലത്തില്‍ നിന്ന് സൂക്ഷമത്തിലേക്കു പോകുമ്പോഴും സ്ഥൂലരൂപത്തിന്‍റെ പ്രകൃതി ആവര്‍ത്തിക്കുന്ന ഗണിതീയ രൂപമായ ഫ്രാക്ടലുകളെപ്പോലെയാണ് ജീവിതാനുഭവങ്ങളും. കാട്ടുതീയിലൂടെ അനേകം മരങ്ങള്‍ ഒന്നിച്ച് നശിക്കുന്നതിലേക്ക് വഴിവെക്കുന്ന സാമൂഹികകുറ്റകൃത്യത്തിന്റെ സൂക്ഷ്മ രൂപങ്ങളാണ് വൈയക്തികമായ മരം വെട്ടലുകളും മറ്റും. മുറിച്ചുമാറ്റുന്നതില്‍ നിന്നും മുറിപ്പെടുത്തുന്നതിന്നുള്ള നേര്‍ത്ത വ്യത്യാസം മാത്രം. കാലക്രമത്തില്‍ രണ്ടും നാശത്തില്‍ ചെന്നെത്തുന്നു.

പ്രകൃതിയോടുള്ള കരുതലും സ്‌നേഹവും പ്രണയസൂത്രങ്ങളിലാകമാനം നിറഞ്ഞുനില്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ പ്രകൃതിയെപ്പറ്റിയുള്ള ഒരു നോവലാണിത്. ഇതിലെ ഇരുപത്തിയൊമ്പതാമത്തെ അദ്ധ്യായം കിളികള്‍ക്കുവേണ്ടിയുള്ള ഒരു ഗാനമാണ്. പ്രണയത്തിന് ഒരു ജീവിയായി രൂപാന്തരപ്പെടാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ അത്  തീര്‍ച്ചയായും  പക്ഷികളുടെ ജന്മമായിരിക്കും എന്ന് ബോധ്യപ്പെടുത്തുന്ന അദ്ധ്യായം ഈ നോവലിലെ ഏറ്റവും മനോഹരമായ വരികളെ പേറുന്നു. വര്‍ണ്ണങ്ങള്‍കോണ്ട് ശബ്ദങ്ങള്‍കൊണ്ട്രൂപങ്ങള്‍കൊണ്ട് പേരുകളിലെ മനോഹാരിതകൊണ്ട് കിളികള്‍ അനന്തവൈവിധ്യത്തിന്‍റെ പ്രണയരാജികള്‍ സ്പര്‍ശിക്കുന്നു.

rahul radhakrishnan,m.nandakumar, malayalam ,writers

1024 (210)

തിരുവനന്തപുരത്തുനിന്ന് അറമലയിലേക്കുള്ള ദൂരം 1024 ബൈറ്റുകളുടേതാണ്. ഒരു ചാറ്റ് വിന്‍ഡോയിലെ ഡാറ്റാധാരയില്‍ ഏറണാകുളവും പാലക്കാടും കോഴിക്കോടും വഴി വയനാട്ടില്‍ചെന്നെത്തുമ്പോള്‍ 1024 ബൈറ്റുകളുടെ പ്രവാഹത്തിലേക്ക് പ്രണയം ഉന്നിദ്രമാകുന്നു. അത് ഈ നോവലിന്‍റെ തന്നെ രഹസ്യമാണ്.2 ഘാതം 10 എന്നതാണ് 1024, പ്രണയത്തിന്‍റെ പത്തോളം അടരുകൾ ചേര്‍ന്ന് 1024 കുറുക്കുവഴികളിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നത് കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനമായ ദ്വയാങ്കസമ്പ്രദായത്തിന്‍റെ സൂത്രവാക്യത്തിന്‍റെ രഹസ്യവാതില്‍ തുറന്നുകൊണ്ടാണ്. ഇതിലെ കുറിപ്പുകളൊക്കെയും എഴുത്തിന്‍റെ രതിമൂർച്ഛയിലെ ചിന്തകളും ചിത്രങ്ങളും അനുഭവങ്ങളുമാണ്. നൈരന്തര്യം അവകാശപ്പെടാനില്ലാത്ത കഥനത്തില്‍ പുതിയ സംവേദനസാധ്യതകളെ പരീക്ഷിക്കുകയാണ് ഈ എഴുത്തുകാര്‍ ചെയ്യുന്നത്. നാം ജീവിക്കുന്ന ലോകം എത്രമേല്‍ യുക്തിരഹിതമാണ്. യാഥാസ്ഥിതിക  കഥാകഥനത്തില്‍ തുടക്കവും ഒടുക്കവും സംഘർഷങ്ങളും ഇണചേരുന്നു. മനസ്സിലുണരുന്നതെന്തും ജലധാരയിലെന്നപോല്‍ തുടര്‍ച്ചയറ്റുപോകാതെ എഴുതുന്ന രീതിക്ക് പകരം അതേ ചിന്തകള്‍ ഒരു നിഘണ്ടുവിലെന്നപോലെ പരസ്പരം ബന്ധിതമല്ലാത്ത കുറിപ്പുകളായി കുറിക്കുന്നു എന്നതാണ് ഈ നോവലിന്‍റെ പ്രത്യേകത. നവീനമായ ഈ ആഖ്യാനതലം പരീക്ഷിക്കുന്ന തോടൊപ്പം ഇടവിട്ടുള്ള അദ്ധ്യയത്തില്‍ ഏറെക്കുറെ തുടര്‍ച്ചയുള്ള ഒരു സംഘകാല കഥ പറയുന്നുണ്ട്. ഒരു നോവല്‍ രണ്ട് കഥനത്തിന്‍റെ വിളനിലമാകുന്നു. പ്രകൃതിയുടെ അനന്തമനോഹരമായ ആഖ്യാനത്തിന്‍റെ ഊര്‍ജ്ജം കൊണ്ട് ഇരു സരണികളും ഇണചേര്‍ന്ന് ഒന്നാകുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Pranayam 1024 kurukkuvazhikal novel m nandakumar gs shubha

Best of Express