Latest News

പ്രണയവാരിധി നടുവില്‍

“അപ്പോഴും എനിക്ക് മുഖം വ്യക്തമായില്ല. പുറത്തിറങ്ങുമ്പോള്‍ അയാള്‍ എന്നെ നോക്കിയതേ ഇല്ല. അത് ലയയാണോ?. മുടിയിഴകള്‍ മുഖത്തേക്ക് വീണിട്ടില്ലേ? ആ രൂപം ഇരുട്ടിലേക്ക് മാറി നിന്ന് എന്നെ നോക്കാന്‍ തുടങ്ങി.നിശ്ചലമായ പ്രതിമയാണ് അതിപ്പോള്‍”

“നീ എന്നെയാണോ അവനെയാണോ കൂടുതല്‍ സ്നേഹിക്കുന്നത്”ഫോണ്‍ ചെവിയോട് ചേര്‍ത്ത്,വായപൊത്തി,ഞാന്‍ ചോദിച്ചു.

“തീര്‍ച്ചയായും അവനെ,അതു കൊണ്ട് നീ അവനെ കൊല്ലും.” ലയയുടെ ചിരി എന്‍റെ ചെവി തുളച്ചു.

അവള്‍ ‘പഴയനിയമ’മെടുത്ത് കായേനും ആബേലും* എന്ന ഭാഗം വായിക്കാൻ തുടങ്ങി. “കായേൻ ഭാര്യയുമായി ചേർന്നു.അവൾ ഗർഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു”.അവൾ വായിച്ചു നിർത്തി. പെണ്ണിനുവേണ്ടിയിട്ടായിരുന്നു ആദ്യമനുഷ്യജീവന്‍ പൊലിഞ്ഞത് അവൾ സ്വകാര്യം പോലെ പറഞ്ഞു.ദൈവപ്രീതിയില്‍ അസൂയമൂത്താണ് ആബേല്‍ കായേനെ കൊന്നത്. ഞാൻ വാദിച്ചു.അല്ല അത് പ്രേമം കൊണ്ടാണെന്ന് അവള്‍ തിരുത്തി.അന്ന് ലോകത്ത് ഒരേ ഒരു പെണ്ണേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ആരാണ് കായേന്‍റെ ഭാര്യ?പറയൂ.ചിലപ്പോള്‍ കൊല പ്രണയത്തിലേയ്ക്കുള്ള വഴികൂടിയാണ് .അവള്‍ വിടുന്ന ലക്ഷണമില്ല.അവൾക്ക് കടൽത്തിരകളുടെ ഗൗരവം. ഞാന്‍ ‘ശരി ‘ എന്നുമാത്രം പറഞ്ഞ് ഫോണ്‍ വച്ചു.

സത്യം പറഞ്ഞാല്‍ എനിക്ക് ലയയെ കുറിച്ച് ഒന്നുമറിയില്ല.അവള്‍ മയന്‍റെ കാമുകിയായിരുന്നു.ഇപ്പോള്‍ എന്‍റെയും. അങ്ങനെ ആയിരുന്നോ എന്നും സംശയം ഉണ്ട്. അവളെക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ എന്നെ അമര്‍ത്തിപ്പിടിച്ച് ഉമ്മ വച്ചു. എന്നിട്ട് ചെവിയില്‍ പറഞ്ഞു“ഞാന്‍ ഞാനല്ല”. മയന്‍ യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം അവളോടൊപ്പം പോയ ഫ്ലാറ്റില്‍ ഫ്രെയിം ചെയ്തു വച്ച പഴയ ഒരു പേപ്പര്‍ കട്ടിങ്ങിനെക്കുറിച്ചു ചോദിച്ചപ്പോള്‍ മൂകയായ അവളുടെ കണ്ണുകളില്‍ നെരിപ്പോട് കണ്ടിരുന്നു. അവള്‍ അറിയാതെ ആ വാര്‍ത്താഭാഗം ഫോണില്‍ പകര്‍ത്തിയെങ്കിലും അതിനെക്കുറിച്ച്‌ കൂടുതലൊന്നും അറിയാന്‍ പറ്റിയില്ല. അത് പണ്ടെങ്ങോ നടന്ന ഒരു കെട്ടിട അപകടത്തെ കുറിച്ചുള്ളതായിരുന്നു. കാലപ്പഴക്കം കാരണമെന്ന് അധികൃതരും അട്ടിമറി എന്ന് സമീപവാസികളും പറയുന്ന ദുരന്തം. ആ ചെറിയ അപ്പാര്‍ട്ട്മെന്‍റില്‍ താമസിച്ചിരുന്ന പകുതിയിലധികം ആളുകളും അന്ന് മരിച്ചു. നഗരാതിര്‍ത്തിയില്‍ ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരിടത്തായിരുന്നു ആ സ്ഥലം

റേസിങ് ഫീല്‍ഡില്‍ ബൈക്കുമായി മലക്കം മറിഞ്ഞ് കാലൊടിഞ്ഞ് മയന്‍ വീല്‍ചെയറിലായതിന്‍റെ പിറ്റേന്നാണ് ഞാന്‍ രണ്ടാം തവണ ഈ നഗരത്തില്‍ എത്തിയത്. ബെല്ല് കേട്ട് വാതില്‍ തുറന്ന പെണ്‍കുട്ടിയെ കണ്ട് ഞാന്‍ പരുങ്ങി നിന്നു. കഴിഞ്ഞ തവണ മയന്‍, അവന്‍റെ കാമുകിയെ പരിചയപ്പെടുത്തിയിരുന്നു. സൗഹൃദങ്ങളില്‍ അധികം താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഒരു അപ്പര്‍ക്ലാസ് ഗേള്‍. ഇത് ആള് വേറെ ആണ്. പുറത്തു തൂക്കിയിട്ട വലിയ ബാഗും കയ്യില്‍ കരുതിയ നീളമുള്ള കാന്‍വാസുകളും എനിക്ക് കനത്തു. അവന്‍ ഓട്ടോമാറ്റിക് വീല്‍ചെയറില്‍ വാതിലിന് നേരെ വന്നു. അവന് പറ്റിയ അപകടത്തെ കുറിച്ച് പറഞ്ഞു. എന്നെ അകത്തേക്ക് ക്ഷണിച്ചു. കയ്യിലെ കാന്‍വാസുകള്‍ മുറിയുടെ ഒരു മൂലയിലേക്ക് വച്ച് ഞാന്‍ ത്രീഫോര്‍ത്തും ടീഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് നോക്കി.kn prasanth ,story

“ലയ,വികലാംഗസേവനത്തിന് വന്നതാണ്” മയന്‍ പരിചയപ്പെടുത്തി. അവള്‍ അവന്‍റെ ചുമലില്‍ സ്നേഹത്തോടെ ഇടിച്ചു. പണക്കാര്‍ മാത്രം താമസിക്കുന്ന നഗരത്തിലെ അപ്പാര്‍ട്ട്മെന്‍റുകളില്‍ ഒന്നായിരുന്നു അത്. ലിവിങ് റൂമിലെ പ്രൗഢമായ ഇരിപ്പിടങ്ങളും ചുവരുകള്‍ അലങ്കരിക്കുന്ന വിഖ്യാത ചിത്രങ്ങളും നോക്കി ഞാന്‍ അകത്തു കടന്നു. നഗരഹൃദയത്തിലാണെങ്കിലും ശാന്തമായ അന്തരീക്ഷം. ചുറ്റുമുള്ള മരത്തണലുകള്‍ ആയിടത്തെ വേറിട്ടു നിര്‍ത്തി. ”ലയ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയാണ്. സമരകാലമാകയാല്‍ പുറത്ത് ചുറ്റിത്തിരിയുന്നു.” അവന്‍ അവളെ നോക്കി പറഞ്ഞു. ”അല്ല, ഞാന്‍ ഗവേഷണം ചെയ്യുന്നു” ‘കൊലപാതകം നരവംശശാസ്ത്രത്തില്‍’ എന്ന വിഷയത്തില്‍ താന്‍ പാതിസമയ ഗവേഷകയാണെന്ന് അവള്‍ പറഞ്ഞു.

”വിനോയ്‌,ചിത്രകാരന്‍’.

അവന്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ അവളുടെ ഗവേഷണ വിഷയത്തിലായിരുന്നു. ഉയര്‍ന്ന ചുമലുകളും വജ്രമൂര്‍ച്ചയുള്ള കണ്ണുകളും ഉള്ള അവള്‍ക്ക് ചേര്‍ന്ന വിഷയം. ലയ എന്നെ നോക്കി ചിരിച്ച് മുറിയില്‍ കയറി വേഷം മാറി. നിലത്തുരുമ്മുന്ന പട്ടുപാവാടയും ചുവന്ന മേല്‍ക്കുപ്പായവും ധരിച്ച അവളെ എനിക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ അടുത്ത് വന്ന് എന്‍റെ കാന്‍വാസുകള്‍ വിടര്‍ത്തി നോക്കി. പച്ചനിറം പശ്ചാത്തലമായി വരുന്ന വിവിധ ചിത്രങ്ങളായിരുന്നു അവയില്‍. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ ധ്യാനിയായി ശയിക്കുന്ന ബുദ്ധന്‍. ഇലച്ചാര്‍ത്തുകളുടെ ഹരിതാഭയില്‍ പ്രണയനഗ്നരായ കമിതാക്കള്‍,അതില്‍ കാമുകന് മുടിയില്‍ ഒരു മയില്‍‌പ്പീലി വരച്ചിരിക്കുന്നത് കണ്ട് അത് രാധാകൃഷ്ണന്‍മാരാണോ എന്ന് അവൾ ചോദിച്ചു. ഞാന്‍ ചിരിക്കുക മാത്രം ചെയ്തു, പിന്നെ കുറച്ചു സ്കെച്ചുകള്‍ .കാശിയിലും ഭുവനേശ്വറിലും കറങ്ങിത്തിരിഞ്ഞു വരച്ചവ.

ആദ്യമായി ഇവിടെ എത്തിയത് ലോഹ്യ ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചിത്രപ്രദര്‍ശനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. അന്ന് മറ്റു ചിത്രങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ എന്‍റെ കാന്‍വാസുകള്‍ക്ക് അരികില്‍ മയന്‍ കുറെ നേരം നിന്നു. പിന്നെ അവന്‍റെ നമ്പര്‍ തന്നു. താന്‍ പറയുന്ന ചിത്രങ്ങള്‍ വരച്ചു തരാമോ എന്ന് ചോദിച്ചു. കൂടെ ഉണ്ടായിരുന്ന ചിത്രകാരന്‍മാര്‍ അവനെ പരിചയപ്പെടുത്തി. ബില്‍ഡറുടെ മകന്‍. ബൈക്ക് റേസിങ്, കടലില്‍ സര്‍ഫിംഗ് എന്നിവ ഹോബികള്‍. അച്ഛന്‍റെ മരണശേഷം ത്രിച്ചംബര്‍ ഡവലപ്പേഴ്സിന്‍റെ എംഡി.മയന്‍റെ കലാസ്നേഹവും കാമുകിമാരും ആഡംബരവും അന്ന് ചര്‍ച്ചയായി.പിന്നീട് കാണുന്നത് ഇന്നാണ്.
ലയ പോകാന്‍ ഒരുങ്ങി
“ഗുളികകള്‍ നേരാംവണ്ണം കഴിക്കണം” അവള്‍ മയന്‍റെ തലയില്‍ കിഴുക്കി. “ചിത്രകാരന്‍ ഇനി ഇവിടെയൊക്കെ തന്നെ കാണും” അവന്‍ പറഞ്ഞു. “ആയ്ക്കോട്ടെ” അവള്‍ എന്നെ നോക്കി തലയാട്ടി ശേഷം ലിഫ്റ്റിലേയ്ക്ക് കയറി.

പിറ്റേന്ന് മയനെ കുളിമുറിയിലേക്ക് നടത്തിച്ച് കൊണ്ടുപോയ ശേഷം അവള്‍ എന്‍റെ അടുത്തേക്ക് വന്നു. ഒരു കപ്പ് കാപ്പിയുമായി ബാല്‍ക്കണിയില്‍ നഗരത്തിന്‍റെ പ്രഭാതചലനങ്ങള്‍ കണ്ടിരിക്കുകയായിരുന്നു ഞാൻ.

”അതുപോലെ ഞങ്ങളെ വരയ്ക്കാമോ”

അവള്‍ പ്രണയികളുടെ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. എന്തോ ആലോചിച്ചിരുന്നതിനാല്‍ ഞാന്‍ അത് കേട്ടില്ല. അവള്‍ എന്‍റെ കൈ പിടിച്ച് ആ ചിത്രത്തിന് മുന്നില്‍ കൊണ്ട് നിര്‍ത്തി.അവളുടെ കൈയ്യുടെ മൃദുലത എന്നെ അതിശയപ്പെടുത്തി. എനിക്ക് എന്‍റെ കാമുകിമാരുടെ കൈകള്‍ ഓര്‍മ്മ വന്നു. “അവന്‍റെ കാല്‍ ശരിയാകും മുന്‍പ് വേണം.വീല്‍ചെയറില്‍ ഇരിക്കുന്ന കൃഷ്ണനും സഹായി രാധയും.” അവളുടെ ആര്‍ത്തുള്ള ചിരി തീര്‍ന്നതും മയന്‍ സഹായത്തിനായി വിളിച്ചു. അര്‍ദ്ധതാര്യമായ ചില്ലുഭിത്തികളിലൂടെ കുളിമുറിയില്‍ അവര്‍ ഉമ്മ വയ്ക്കുന്നത് എനിക്ക് കാണാം. അവളുടെ തോളില്‍ തൂങ്ങി പുറത്തു വന്ന മയന്‍ വീല്‍ചെയറിലേക്ക് ഇരുന്നു. ബോക്സര്‍ ഷോര്‍ട്ട് മാത്രം ധരിച്ച അവന്‍റെ മടിയില്‍ മുഖം ചേര്‍ത്ത് ലയ നിലത്തിരുന്നു.”ഇങ്ങനെ മതിയോ” അവള്‍ ചോദിച്ചു. “ഇതില്‍ എന്ത് രാസലീല” അവന്‍ അവളെ കളിയാക്കി. അവന്‍റെ മുഖത്തേയ്ക്ക് തന്‍റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് അവള്‍ ചിരിച്ചു.പെറ്റിക്കോട്ടില്‍ അവളെ കണ്ടപ്പോള്‍ എനിക്ക് തുമ്പപ്പൂ ഓര്‍മ്മ വന്നു.ഞാന്‍ നോട്ട്പാഡില്‍ അവരെ പകര്‍ത്തി. “ഫോട്ടോ എടുത്താണോ വരക്കുന്നത്!?”അവള്‍ കണ്ണുമിഴിച്ചു.kn prasanth,story

”ഈ പോസില്‍ താന്‍ എത്ര നേരമിരിക്കും?”

”ശരിയാണ് വര തീരും വരെ ഇരുന്നാല്‍ മോണാലിസയെ പോലെ പോസ്റ്റാകും” മുറി അവളുടെ ചിരിയില്‍ നിറഞ്ഞു.

അവരുടെ ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ നോക്കി ഞാന്‍ കാന്‍വാസ് ശരിയാക്കി.വരച്ചു തുടങ്ങിയ ദിവസം മുതല്‍ ആദ്യ ദിവസത്തെ ഔപചാരികത വിട്ട് ഞങ്ങള്‍ കൂടുതല്‍ അടുത്തു. ലയ ഞങ്ങള്‍ക്ക് വേണ്ടി പാചകം ചെയ്യുകയും മയനെ ഊട്ടുകയും ചെയ്തു. വരച്ചു മടുക്കുമ്പോള്‍ ഞങ്ങള്‍ ചിത്രങ്ങളെക്കുറിച്ചും ലയയുടെ ഗവേഷണത്തെ കുറിച്ചും മയന്‍റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സംസാരിച്ചു. ചിലദിവസങ്ങളില്‍ അവൾ മയനെ എന്നെ ഏല്‍പ്പിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ പങ്കെടുത്തു.അന്ന് അവന്‍ എന്‍റെ തോളില്‍ തൂങ്ങി അല്‍പ്പനേരം നടന്നു. അല്ലാത്തപ്പോഴൊ ക്കെ അവന്‍ പതിവുപോലെ തന്‍റെ ഓഫീസ് മുറിയില്‍ മാനേജര്‍മാര്‍ക്ക് വീഡിയോകോള്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ ഡ്രൈവറുടെ സഹായത്തോടെ കാറില്‍ ഓഫീസിലേക്ക് പോയി. നഗരത്തിന്‍റെ അതിര്‍ത്തിയിലെവിടെയോ അവന്‍റെ കമ്പനി നിര്‍മ്മിക്കുന്ന അപ്പാർട്ടുമെന്‍റിനെ കുറിച്ച് അവന്‍ പറഞ്ഞിരുന്നു.അവന്‍റെ കമ്പനിയുടെ സ്വപ്നപദ്ധതി. അച്ഛന്‍റെ കാലം മുതല്‍ പല പ്രശ്നങ്ങളും കൊണ്ട് മുടങ്ങിപ്പോയ പ്രവര്‍ത്തികള്‍ വീണ്ടും തുടങ്ങിയതിനിടയ്ക്കാണ് അവന് അപകടം ഉണ്ടായത്.

മയന് നടക്കാം എന്നാകും വരെ ഞാന്‍ വര തുടര്‍ന്നു. അവന്‍ ഓഫീസില്‍ ആദ്യമായി പോയ ദിവസം ലയ ചിത്രം പൂര്‍ത്തിയായോ എന്ന അന്വേഷണവുമായി വന്നു.ചിത്രത്തിലെ അവളുടെ സുതാര്യത കണ്ട “എടാ ദുഷ്ടാ”എന്ന് എന്നെ ഇടിച്ചു. പക്ഷേ അവളെക്കാള്‍ ഞാന്‍ ശ്രദ്ധിച്ചു വരച്ചത് മയനെയാണ് എന്നവള്‍ കണ്ടെത്തി. അവന്‍റെ കനത്ത തുടകളുടെ വടിവിലൂടെ അവള്‍ വിരലോടിച്ചു.”ഉണങ്ങിയിട്ടില്ല” ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ കൈ പിന്‍വലിച്ചു.അവളുടെ മുടിയില്‍ ഞാന്‍ വരച്ചു ചേര്‍ത്ത മയില്‍‌പീലി കണ്ടത്ഭുതപ്പെട്ടു. വീല്‍ചെയറിന് പകരം ചെറിയ ഒരു പാറയും അതിനു ചുറ്റിലും കടും പച്ച നിറത്തിലുള്ള തുമ്പചെടികളും അതില്‍ നിറയെ പൂക്കളും.അവള്‍ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പക്ഷെ ഭാവമാറ്റമൊന്നും ഇല്ലാതെ അവള്‍ എന്‍റെ പുറത്തു തട്ടി അഭിനന്ദിച്ചു. ഞാന്‍ കയ്യില്‍ പടര്‍ന്ന നിറങ്ങള്‍ തുണികൊണ്ട് തുടച്ച് അവള്‍ക്ക് അരികില്‍ ഇരുന്നു. “നിനക്ക് വിശക്കുന്നില്ലേ.നമുക്ക് ബ്രിഡ്‌ജിനടുത്തുള്ള ചൈനീസ്‌ റസ്റ്റോറന്റില്‍ പോയാലോ”. അവള്‍ എന്‍റെ കയ്യില്‍ പിടിച്ചു.എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു.

സ്കൂട്ടറിന് പിറകില്‍ ചെറിയ അകലമിട്ട്‌ ഇരുന്ന എന്നെ അവള്‍ കളിയാക്കി. ഇടയ്ക്ക് ബ്രേക്കില്‍ പിടിച്ച് അവളോട്‌ ചേര്‍ത്ത് ചിരിച്ചു. പഴയ ആ സ്കൂട്ടറും ത്രിച്ചംബര്‍ ഡെവലപ്പെഴ്സിന്‍റെ ഉടമയും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. വയറ് നിറഞ്ഞപ്പോള്‍ ഞങ്ങള്‍ പാര്‍ക്കിലെ സിമന്‍റ്ബഞ്ചില്‍ ഇരുന്നു. ലയയോട് അവളും മയനും തമ്മിലുള്ള ബന്ധത്തെ കുറച്ച് ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷേ അവള്‍ തന്റെ ഗവേഷണത്തെ കുറിച്ച് പറഞ്ഞു തുടങ്ങി. എന്‍റെ നേരെ തിരിഞ്ഞ് ചോദിച്ചു “നീ ഇതു വരെ ഒരു കൊലപാതകിയെ കണ്ടിട്ടുണ്ടോ”.

”ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ ഭാര്യയെ പുഴയില്‍ തള്ളിയിട്ടു കൊന്നിട്ടുണ്ട്.” ഞാന്‍ പറഞ്ഞു.ആ സ്ത്രീ മരിച്ചെന്ന് ഉറപ്പായപ്പോള്‍ അയാള്‍ ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയതായി പറഞ്ഞുകേട്ടിട്ടുള്ളത് ഞാന്‍ ഓര്‍ത്തെടുത്തു.അടക്കത്തിന്‍റെ അന്ന് അയാള്‍ സെമിത്തേരിയിലെ മണ്ണില്‍ പെരണ്ട് കരഞ്ഞു. ഭാര്യയുടെ പേരില്‍ അയാള്‍ വലിയ ഇന്‍ഷ്യൂറന്‍സുകള്‍ ചേര്‍ന്നിരുന്നു. അവളെ അയാള്‍ കൊന്നതാണെന്ന് പെണ്ണിന്‍റെ ആങ്ങളമാര്‍ കേസ് കൊടുത്തു. കല്ലറ പൊളിച്ച് അവിടെ വച്ചു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി.പക്ഷെ കേസ് ഭര്‍ത്താവ് ജയിച്ചു. പിന്നീട് അയാള്‍ അവിടം വിട്ടു പോയി. പറഞ്ഞു മാത്രം കേട്ട കഥ കണ്ടെന്ന ഭാവത്തില്‍ ഞാന്‍ അവതരിപ്പിച്ചു.

“കൊലപാതകത്തിന്‍റെ തലേന്ന് രാത്രി അയാള്‍ അവളെ കൊല്ലും പോലെ പ്രാപിക്കുമ്പോള്‍ അനുഭവിച്ച അതേ മൂര്‍ച്ഛ അവസാന ശ്വാസത്തിന് വേണ്ടി അവള്‍ മുങ്ങിത്താഴുമ്പോഴും അയാള്‍ അനുഭവിച്ചു കാണണം”അവള്‍ പറഞ്ഞു.

ഞാന്‍ ഇതുവരെ കാണാത്ത അയാളെയും ഭാര്യയേയും കണ്ടു. ഒഴുക്കു വെള്ളത്തില്‍ പ്രണയബദ്ധരായി കിടക്കുന്ന അവരെ മനസ്സില്‍ വെറുതേ വരച്ചു നോക്കി.

മയന്‍ ബിസിനസ്സ് ആവശ്യത്തിന് ദൂരെ എവിടെയോ പോയ ദിവസം സന്ധ്യക്ക് ലയ വന്നു.അവന്‍ ഒരാഴ്ച്ച കഴിഞ്ഞേ വരൂ എന്നും അവന്‍ വരുന്നത് വരെ അവള്‍ ആയിരിക്കും മയന്‍ എന്നും ചിരിച്ചു.ചിരിക്കുമ്പോള്‍ അവളുടെ കവിളിലെ പേശികള്‍ തെളിഞ്ഞു വരുന്നത് കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. അന്ന് രാത്രി ഞങ്ങള്‍ പരസ്പരം കഥകള്‍ പറഞ്ഞു തീര്‍ക്കാന്‍ തീരുമാനിച്ചു.പലതരം കഥകള്‍ മിത്തുകള്‍, പ്രേതകഥകള്‍, തമാശക്കഥകള്‍, ജാരകഥകള്‍ അങ്ങനെ. അവള്‍ പറഞ്ഞ കഥകള്‍ എല്ലാം കൊലപാതകത്തില്‍ ചെന്നുമുട്ടി. അവയില്‍ ജാരകഥകള്‍ എന്നെ പേടിപ്പിച്ചു. മിക്കകഥകളിലും ജാരന്മാര്‍ക്ക് നഗ്നരായി മരിക്കാനായിരുന്നു യോഗം. മതിലുചാടി അലക്കുകല്ലിന്‍റെ വഴുക്കലിനരികിലൂടെ ഞാന്‍ കയറിപ്പോയിരുന്ന കിടപ്പുമുറിയും അതിന്‍റെ പിന്നാമ്പുറത്തെ മരത്തണലില്‍ മലച്ചുകിടക്കുന്ന എന്നെയും ഞാന്‍ മനസ്സില്‍ കണ്ടു. കാമപരവശരായി പ്രാണനറ്റ പാവം ജന്മങ്ങളെ ഓര്‍ത്തപ്പോള്‍ ഞാന്‍ നടുങ്ങി. അവളെ സുഖിപ്പിക്കാന്‍ ഞാനും പല കഥകളും പറഞ്ഞു. കൊലപാതകത്തെ കുറിച്ച് എനിക്ക് പലതും അറിയാം എന്ന തരത്തില്‍ ഉണ്ടാക്കിക്കഥകള്‍ ആയിരുന്നു അവ. അതൊക്കെ അവള്‍ ആവേശത്തോടെ കേട്ടിരുന്നു.

”രതിയില്‍ ഒരാള്‍ക്ക് കിട്ടുന്ന അതേ മൂര്‍ച്ഛ കൊലയിലും കിട്ടുന്നുണ്ട്”അവള്‍ അവസാനം പറഞ്ഞു.k n prasanth,story

അപ്പോള്‍ അവളുടെ ചെംചുണ്ടുകള്‍ക്ക് ഇരുവശവും ദംഷ്ട്രകള്‍ നീണ്ടുവരുന്നതുപോലെ തോന്നി. ഉറക്കം വന്നപ്പോള്‍ അവള്‍ കിടക്കാന്‍ പോയി. അവളുടെ മുറിയിലെ വെളിച്ചം അണഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല.മുറിയിലേക്ക് പോകാതെ ലിവിങ് റൂമിലെ സോഫയില്‍ ഞാന്‍ പലതും ആലോചിച്ചു കിടന്നു. കൊലയും രതിയും എന്നില്‍ പേടിപ്പെടുത്തുന്ന രോമാഞ്ചം ഉണ്ടാക്കി. മനുഷ്യകാമനകളുടെ പരിണാമങ്ങളാണ് അവ രണ്ടും. ചിന്തകളില്‍പ്പെട്ട് ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് അവളുടെ മുറി തുറക്കപ്പെട്ടത്. ബെഡ് ലാംപില്‍ നിന്നുള്ള നേരിയ വെളിച്ചം അവളുടെ നിശാവസ്ത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നു. ഞാന്‍ രതിയെക്കുറിച്ചും കൊലയെക്കുറിച്ചും ഓര്‍ത്തു.

‘എന്തുപറ്റി ഉറങ്ങുന്നില്ലേ?’ അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. ”നീ പ്രണയത്തേയും കൊലപാതകത്തെയും കുറിച്ച് ചിന്തിക്കുന്നു.അല്ലേ?പാവം കുട്ടി” അവള്‍ കളിയാക്കുകയാണ്. എന്‍റെ മുടിയില്‍ അവളുടെ വിരലുകള്‍ കടന്നപ്പോള്‍ തലയിലേക്ക് രക്തം ഇരച്ചു കയറുന്നത് ഞാന്‍ അറിഞ്ഞു. എന്‍റെ തലയിപ്പോള്‍ നഗ്നമായ അവളുടെ മടിയിലാണ്. ”നഗനതയല്ലേ പരമമായ സത്യം?” അവള്‍ എന്‍റെ ചുണ്ടുകളില്‍ വിരലോടിച്ചു.”കൊല നടന്നാല്‍ നഗ്നശരീരം ഉളിയും കത്തിയും കൊണ്ട് വെട്ടിക്കീറി നോക്കണം. അത് കൊല തന്നെയാണോ എന്നറിയാന്‍.” അവള്‍ എന്‍റെ കാലുകള്‍ക്കിടയില്‍ നിന്നും പറഞ്ഞു.എന്‍റെ ശരീരം മഞ്ഞുകട്ടയോളം തണുത്തു. എന്നെ വിവസ്ത്രനാക്കുമ്പോള്‍ അവള്‍ എന്നെ കൊല്ലാന്‍ പോകുകയാണെന്ന് ഞാന്‍ പേടിച്ചു.”ഇവിടെ പാലപ്പൂ മണക്കുന്ന പോലുണ്ട് അല്ലേ?” അവള്‍ ഉച്ചത്തില്‍ ചിരിച്ചു.”നീ എന്നെ കൊല്ലാന്‍ പോകുന്നു”.അവള്‍ പറഞ്ഞു. അവളുടെ കഴുത്തിലെ മാലയിലെ സ്റ്റീല്‍ ലോക്കറ്റ് എന്‍റെ നെഞ്ചില്‍ അമര്‍ന്നു.

മയന്‍ തിരികെ എത്തും വരെ ഞങ്ങള്‍ പരസ്പരം കൊന്നുകൊണ്ടിരുന്നു. എല്ലാദിവസവും ഞാന്‍ ഒരു കൊലപാതക കഥയെങ്കിലും പറയണം എന്നായിരുന്നു നിബന്ധന. അതിന്‍റെ ലഹരിയില്‍ അവള്‍ എന്നിലേക്ക് വീഴും. അവനെ ഓര്‍ത്ത് എനിക്ക് കുറ്റബോധം തോന്നാത്തത് എന്തേ എന്ന അതിശയത്തില്‍ ഇരിക്കുകയായിരിക്കും അപ്പോള്‍ ഞാന്‍. പലപ്പോഴും ഞാന്‍ ഇല്ലാക്കഥകള്‍ പറഞ്ഞു. അപ്പോഴൊക്കെ അവള്‍ എന്നെ കളിയാക്കി “നീ ഹിച്ച്കോക്കിനു പഠിക്കുകയാണ്”.കൊലപാതകം ഒരു കലയാണെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. അവന്‍ തിരികെ എത്തുന്നതിന്‍റെ തലേന്ന് എന്‍റെ മുകളില്‍ കിടന്ന് അവള്‍ ചോദിച്ചു.

‘നിനക്ക് ഒരാളെ കൊല്ലാമോ”.

എനിക്കുള്ളില്‍ ആ ചോദ്യം വീണ്ടും വീണ്ടും മുഴങ്ങി. എന്‍റെ ചുണ്ടുകളില്‍ കടിച്ച് അവള്‍ എനിക്കു മുകളില്‍ കുതിക്കാന്‍ തുടങ്ങി.അവസാനം തളര്‍ന്നു കിടക്കുന്ന എന്‍റെ നെഞ്ചില്‍ നഖങ്ങള്‍ കോറി അവള്‍ ചോദിച്ചു.”ഒരാളെ കൊല്ലാമോ? എന്നെ കൊല്ലും പോലല്ല. ശരിക്കും.ശ്വാസം പോകും വരെ?” വീണ്ടും അതേ ചിരി. ഇപ്പോള്‍ അവളുടെ കണ്ണുകളും ശരീരവും എന്നെ വിലങ്ങിലിട്ടിരിക്കുകയാണ്. പിറ്റേന്ന് പുലര്‍ച്ചയ്ക്ക് അവള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ കൊണ്ടുവിടണം എന്ന്‍ പറഞ്ഞു.അവളെ വിട്ട് തിരികെ വരാന്‍ നേരം കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടിട്ടില്ല എന്നും അങ്ങനെ ഒരു ഫ്ലാറ്റ് ഈ നഗരത്തില്‍ ഇല്ല എന്നും അവള്‍ എന്‍റെ ചുണ്ടുകളില്‍ ചുണ്ടുചേര്‍ത്ത് പറഞ്ഞു. അവിടെയാണ് ഞാന്‍ ആ പഴയ പത്രവാര്‍ത്ത ചില്ലിട്ട് വച്ചത് കണ്ടത്. പിന്നീട് ഞാന്‍ അവിടെ പോയിട്ടില്ല.

മയന്‍ തിരികെയെത്തിയ അന്ന് വൈകുന്നേരം ഞങ്ങള്‍ കടപ്പുറത്ത് പോയി.അവന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ലയ ബീച്ചില്‍ വന്നില്ല.അവന്‍ അവള്‍ വരാത്തതില്‍ നിരാശനായിരുന്നു. എങ്കിലും അവന്‍ തിരമാലകള്‍ക്കകത്തേയ്ക്ക് സര്‍ഫിംഗ് ബോഡില്‍ കുതിച്ചു. ഞാന്‍ തിര തുടങ്ങുന്നിടത്തേക്ക് നീന്തി.അസ്തമയം വരെ ഞങ്ങള്‍ അത് തുടര്‍ന്നു.

പിറ്റേന്ന് രാവിലെ നഗരത്തിലെ പണി തീരാത്ത കെട്ടിടത്തില്‍ ചാക്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ശവം കണ്ടെത്തിയതായി അറിഞ്ഞ് ലയ വിളിച്ചു.അത് ഒരു ടിപ്പിക്കല്‍ കൊലയാണ് അവിടേക്ക് പോകാമെന്ന് പറഞ്ഞു.ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും ആളുകൂടിയിരുന്നു. ചാക്കിനകത്ത് തുണ്ട് തുണ്ടായാണ് ശവം ഉള്ളതെന്ന് ഒരു പൊലീസുകാരന്‍ പറയുന്നത് കേട്ട് എനിക്ക് ഓക്കാനം വന്നു. കൊലപാതകി അസാധ്യ ധൈര്യം ഉള്ളവനാണെന്ന് ഞാന്‍ അവളുടെ ചെവിയില്‍ പറഞ്ഞു. സമാനമായ ഒരു കൊലപാതകത്തെക്കുറിച്ച് സ്കൂളില്‍ പഠിക്കുമ്പോള്‍ പേപ്പറില്‍ വായിച്ചതായി ഓർമ്മയുണ്ട്. അവളോട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു

“ഇവിടെ എവിടെങ്കിലും ഒരു റൂം എടുത്താലോ.”

ഒരു ഇടത്തരം ലോഡ്ജായിരുന്നു അത്. പഴയമട്ടില്‍ ഓടുപാകിയ കെട്ടിടം. മുറിയില്‍ കയറിയതും അവള്‍ എന്നെ കോര്‍ത്തു പിടിച്ച് ചുംബിക്കാന്‍ തുടങ്ങി.ഞാന്‍ അവളോട്‌ ആ കൊലയുടെ കഥ പറഞ്ഞു. കാമുകി കാമുകനെ വെട്ടി തുണ്ടമാക്കി തന്‍റെ സ്യൂട്ട്കേസില്‍ കടത്തിയത്. അപ്പോള്‍ ഞാന്‍ അക്കാലത്ത് അച്ഛന്‍ പ്ലാസ്റ്റിക്ക് കവറില്‍ ഇറച്ചി കൊണ്ടുവരാറുള്ളത് ഓര്‍ത്തു.

പ്രണയപാരമ്യതയ്ക്ക് ശേഷം അവള്‍ വീണ്ടും അതേ ചോദ്യം എന്നോട് ചോദിച്ചു.”എനിക്കു വേണ്ടി നിനക്കത് ചെയ്യാമോ?” ഞാന്‍ ആദികാലം മുതല്‍ സഹജീവിയെ കൊല്ലാന്‍ യാതൊരു അറപ്പും ഇല്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ എന്നെയും ചേര്‍ത്തു നോക്കി. എനിക്ക് പേടിയായി. കോഴിച്ചോര കണ്ടാല്‍ തലകറങ്ങി വീഴുന്ന എന്നെ ഓര്‍ത്ത് എനിക്ക് സങ്കടം വന്നു. അവള്‍ എന്നോട് ചേര്‍ന്നു കിടന്ന് കരയാന്‍ തുടങ്ങി. ഇത്രയും കാലം അയാളുടെ പിറകെ ആയിരുന്നു ഞാന്‍ പക്ഷെ എനിക്ക് പറ്റുന്നില്ല. പലവട്ടം ശ്രമിച്ചതാ. എന്നൊക്കെ അവള്‍ കരച്ചിലിനിടയില്‍ പറഞ്ഞു കൊണ്ടിരുന്നു. “ആരാണത്?”. ആരാണെങ്കിലും ഞാന്‍ അത് ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു. ഇനി പിരിയാന്‍ പറ്റാത്ത വിധം അവള്‍ എന്നില്‍ ഭ്രാന്തായി മാറിയിരിക്കുന്നു.

എന്‍റെ ചോദ്യത്തിലെ ഭയം അവള്‍ അറിഞ്ഞു കാണും. ആ പേര് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടാത്തത് എന്തെന്ന് എനിക്ക് ഇപ്പോഴും അതിശയമാണ്. ഞാന്‍ അവളുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു.അവളുടെ മാറിടങ്ങള്‍ എന്‍റെ മുഖം മൂടി. എനിക്ക് ലയയെ നഷ്ടപ്പെടുത്താന്‍ പറ്റില്ലായിരുന്നു. അവളുടെ ആകാശം താങ്ങി നിര്‍ത്തുന്ന ഒരു വാല്‍നക്ഷത്രമാണ് ഞാന്‍. ആ വിഹായസില്ലെങ്കില്‍ കത്തിനശിച്ചു താഴേക്ക് പതിക്കുന്ന തീഗോളം. അന്ന് രാത്രി ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ വിളിച്ചു. ആരെയോ ഭയപ്പെടുന്നത് പോലെ പതിയെ സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരും അപകടത്തിലാണെന്ന് പറഞ്ഞു. മയന് സംശയം ഉണ്ട്. എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് അവന്‍ എന്ന് അവള്‍ വേവലാതിപ്പെട്ടു. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ ചെയ്യണം. ഞാന്‍ അവളെ സമാധാനിപ്പിച്ചു.

“നാളെ നമ്മുടെ മാത്രം ദിവസമായിരിക്കും.”

പക്ഷേ അവന് സംശയമുള്ളതായി തോന്നിയില്ല. ഏറ്റ ജോലികള്‍ തീരാറായതിനാല്‍ ഇനിയൊരു ഞായറാഴ്ച ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവനാണ് നാളെ കടപ്പുറത്ത് പോകാം എന്ന് പറഞ്ഞത്.അത് കാര്യങ്ങള്‍ എളുപ്പമാക്കി.

അടുത്ത ദിവസം വൈകുന്നേരം ഞങ്ങൾ കടപ്പുറത്തേക്ക് പോയി.ലയ ആ ഫ്ലാറ്റില്‍ എന്നെ കാത്തിരിക്കും.എല്ലാം കഴിഞ്ഞ് ഞാന്‍ അവിടേക്ക് ചെല്ലും.അപ്പോള്‍ മയനെ, അവളുടെ കാമുകനെ, കൊല്ലാനുള്ള കാരണം അവള്‍ പറയും.k n prasanth,story

*****
കടലില്‍ എല്ലായ്പ്പോഴും ഇറങ്ങുന്നിടത്ത് അല്ല അന്ന് ഞങ്ങള്‍ ഇറങ്ങിയത്. അഴിമുഖത്തെ വലിയ തിരകളില്‍ നീന്തുന്നതിന്‍റെ സാഹസികതയെ കുറിച്ച് പറഞ്ഞ് അവന്‍ എന്നെ ലഹരി പിടിപ്പിച്ചിരുന്നു. അഴിമുഖത്തോട്‌ ചേര്‍ന്ന ആ ഭാഗത്ത് ഞാന്‍ ആദ്യമായിട്ടാണ് ഇറങ്ങുന്നത് എന്നു കരുതി അവന്‍റെ മുഖം സന്തോഷത്താല്‍ വിടരുന്നത് കണ്ട് എനിക്ക് ചിരിവന്നു. സര്‍ഫിംഗ് ബോഡ് കാറില്‍ വച്ച് ഞങ്ങള്‍ പുലിമുട്ടിലൂടെ നടന്നു. പായല്‍ പിടിച്ച സിമന്‍റ് പടുതികളിലൂടെ സാവധാനം ഇറങ്ങി. കനല്‍ നിറമായ സൂര്യന് കീഴില്‍ കടലിനിപ്പോൾ ചാരനിറം. ഉപ്പുവെള്ളത്തില്‍ കാല്‍തൊട്ടപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി. ലോകത്തിന്‍റെ പല കരയിലായി അലയടിക്കുന്ന കടല്‍ ഇപ്പോള്‍ ഉന്മാദിയായ ഒരു പെണ്ണ്. തിരകള്‍ അവളുടെ അരയില്‍ നിന്നുയര്‍ന്ന്‍ തീരത്തേക്ക് വന്നു തല്ലുന്നു. തിരയുടെ മടക്കുകളിലേക്ക് കൈകള്‍ കൂപ്പി ഞാന്‍ കുതിച്ചു. ചുഴറ്റിയെറിയുന്ന തിര. ചുഴികളിലേക്ക് ഞങ്ങളെ വലിച്ചു കൊണ്ടുപോകുന്നു. അവന്‍ എന്‍റെ അടുത്തേക്ക് വന്നു. പെട്ടന്ന് ഉയര്‍ന്നു വന്ന വലിയ തിരയില്‍ ഞങ്ങള്‍ ഉലഞ്ഞു.അവന്‍റെ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ എന്നില്‍ വൈദ്യുതിപ്രവഹിച്ചു. അവന്‍റെ കൈകള്‍ എനിക്കു വേണ്ടി നീണ്ടുവരുന്നത് കണ്ട് ഞാന്‍ ഒന്നു മുങ്ങി നിവര്‍ന്നു. എന്‍റെ കൈകളില്‍ അവന്‍റെ തല വെള്ളത്തിലേക്ക് താണു. പിടയാന്‍ ആഞ്ഞ അവനെ കാലുകൊണ്ട്‌ തിരതുടങ്ങുന്നയിട ത്തേയ്ക്ക് ചവിട്ടി നീക്കി ഞാന്‍ കരയിലേക്ക് നീന്തി. അവന്‍റെ നിലവിളിയെ ഞെരിച്ചുകൊണ്ട് ഒരു തിര ഉയര്‍ന്നു വന്നു. അത് ശരിക്കും പേടിപ്പിക്കുന്നതായിരുന്നു. അത് അവനെ കൊണ്ടുപോയി. സൂര്യന്‍ കടലിലേക്ക് താഴാന്‍ തുടങ്ങിയിരിക്കുന്നു. കൊലക്കളത്തില്‍ ബാക്കിയായ രക്തക്കറകള്‍ കട്ടപിടിക്കും പോലെ ആകാശം കറുത്ത് ഇരുട്ട് പരക്കുന്നു.

കടപ്പുറത്ത് നിന്നും കുറേ ദൂരം വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തി.ദേഹത്തുള്ള ഉപ്പുപരലുകള്‍ തട്ടിക്കളഞ്ഞ് നീന്തല്‍ വസ്ത്രങ്ങള്‍ മാറി. പിന്‍സീറ്റില്‍ ഉണ്ടായിരുന്ന അവന്‍റെ വസ്ത്രങ്ങള്‍ ഓടയിലേക്ക് വലിച്ചെറിഞ്ഞു.കൊഴുത്ത ചളിവെള്ളത്തില്‍ അവ പൊങ്ങിക്കിടന്നു. ഡാഷ്ബോര്‍ഡിനുമുകളില്‍ അവന്‍റെ ഫോണില്‍ നിന്നും സന്ദേശങ്ങളില്‍ മിന്നുന്നു. ലാപ്പിന്‍റെ തുളകളിലേക്ക് അത് ബന്ധിപ്പിച്ച് ലോക്ക് പൊളിച്ചു. അവള്‍ അവനയച്ച സന്ദേശങ്ങള്‍.പണിതീര്‍ന്നാല്‍ ഷിൻഡേ വസ്തിയിലുള്ള കൂട്ടുകാരിയുടെ മുറിയില്‍ എത്തുക. എന്ന അവസാന സന്ദേശത്തിന്‍റെ തുമ്പുപിടിച്ചു പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുകാലത്ത് ഷിന്‍ഡേകള്‍ കൂട്ടമായി താമസിച്ചിരുന്ന ആ തെരുവ് എനിക്കറിയാം. നഗരാതിര്‍ത്തിയില്‍ ബീഹാറികളുടെ ഗോശാലകള്‍ കഴിഞ്ഞാല്‍ അവിടെയെത്താം. നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമം എന്ന് പറയാം. താമസക്കാര്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. ഇത്രയും വലിയ കാറുമായി അവിടെചെന്നാല്‍ ശ്രദ്ധിക്കപ്പെടും. ഞാന്‍ ഫ്ലാറ്റിലേക്ക് വണ്ടി തിരിച്ചു. വസ്തിയിലെ ആ ഫ്ലാറ്റ് അന്വേഷിച്ച് കണ്ടെത്തുമ്പോള്‍ അവിടെ കുറച്ചുപേര്‍ ചേര്‍ന്ന് നാടകം പോലെ എന്തോ പരിശീലിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ പരിശീലനത്തിനിടയില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു. അപ്പോഴും പാട്ടുകള്‍ പാടി വട്ടം കറങ്ങി മറ്റുള്ളവര്‍ തുടര്‍ന്നു. അവളുടെ പേര് പറഞ്ഞതും അയാള്‍ എന്നെ സൂക്ഷിച്ചു നോക്കി.

“വിനോയ്?”

“അതെ.”ഞാന്‍ കള്ളം പറഞ്ഞു.

അയാള്‍ അകത്തേക്ക് നടന്നു.നാടകത്തില്‍ ഇപ്പോള്‍ ആക്രമണ രംഗങ്ങളാണ്. ഒരാളെ ചുവപ്പുദുപ്പട്ടകള്‍ തലയില്‍ കെട്ടിയ സംഘം ആക്രമിക്കുന്നു. അക്രമിക്കപ്പെടുന്നയാള്‍ ടൈയും കൊട്ടും തൊപ്പിയുമൊക്കെയായി പ്രത്യേകരീതിയിലാണ് വേഷം ധരിച്ചിരുന്നത്.ചുമരില്‍ ക്രാന്തിനാട്യമഞ്ച് എന്ന ബോര്‍ഡ് കണ്ടു.പിന്നെ കുറച്ചു ചിത്രങ്ങള്‍. അയാള്‍ കയ്യില്‍ ഒരു കുറിപ്പുമായി തിരകെ വന്നു. കുറിപ്പില്‍ അവിടം മുതല്‍ അവള്‍ ഇപ്പോഴുള്ള സ്ഥലം വരെ യോജിപ്പിച്ച് മാപ്പ് ചേര്‍ത്തിരുന്നു.അവസാനം എന്നെ നിനക്ക് ഇവിടെ കാണാം എന്ന് ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ സ്ഥലം കണ്ടപ്പോള്‍ എന്‍റെ തലയിലൂടെ ഒരു തരിപ്പ് പാഞ്ഞുകയറുന്നത് ഞാന്‍ അറിഞ്ഞു.കണ്ണടച്ചു ഡ്രൈവ് ചെയ്താലും എനിക്ക് അവിടെ എത്താന്‍ കഴിയുമായിരുന്നു.

പുലരുവോളം ഉണര്‍ന്നിരിക്കുന്ന ഈ നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. കുതിച്ചു പായുന്ന ഈ വണ്ടികളുടെ വേഗത എന്നെ കുട്ടിക്കാലം മുതല്‍ കൊതിപ്പിച്ചിരുന്നു.എന്‍റെ വേഗതയ്ക്ക് തടസ്സമാകുന്ന എല്ലാത്തിനെയും ഇടിച്ചു നിരപ്പാക്കി ഞാന്‍ കുതിക്കുന്നു. കുറ്റബോധം എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ എന്‍റെ കുടുംബത്തിന്‍റെ യശസ്സുയര്‍ത്താന്‍ നഗരങ്ങളില്‍ കൂറ്റന്‍ കേട്ടിടങ്ങള്‍ പണിയുന്നു.അതിനിടയില്‍ ഇത്തിള്‍ക്കണ്ണികള്‍ പോലെ വന്നു ചേരുന്ന അനേകം പേരില്‍ ഒരുവളായിട്ടേ ഞാന്‍ ലയയെയും കണ്ടിരുന്നുള്ളൂ. പക്ഷേ അവളുടെ കണ്ണിലെ കനലെരിച്ചലില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു.നഗരത്തിലെ ചെറിയ ലോഡ്ജില്‍ നിന്നും അവര്‍ രണ്ടുപേരും ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ എന്‍റെ സംശയം മുറുകി. ഞാനില്ലാത്ത രാത്രികളില്‍ അവള്‍ എന്‍റെ ഫ്ലാറ്റിലേക്ക് കയറി വരുന്നത് നിരീക്ഷണക്യാമറകള്‍ വെളിവാക്കി.k n prasanth,story

റേസിങ് ഫീല്‍ഡിലെ അപകടം യാദൃശ്ചികം അല്ല എന്ന് എനിക്കിപ്പോള്‍ അറിയാം.അതിനുശേഷം ആദ്യമായി അവളിലേക്ക് കുതിക്കുമ്പോള്‍ കണ്ണുകള്‍ അടച്ച് പല്ലിറുമ്മി അവൾ പിറുപിറുത്തത് ഓര്‍മ്മയുണ്ട്.

”കൊല്ലും”.

കുറിപ്പിനൊപ്പം അയാള്‍ തന്ന കവറിനകത്ത് കുറച്ചു കടലാസുകള്‍ പഴയ ഫോട്ടോകള്‍ ഒക്കെയായിരുന്നു. ഫൊട്ടോകളില്‍ ഒന്ന് ഒരു കുടുംബത്തിന്റേതായിരുന്നു. അച്ഛനും അമ്മയും രണ്ടു കുട്ടികളും. അതിലെ പെണ്‍കുട്ടിക്ക് അവളുടെ മുഖമാണോ എന്ന് എനിക്ക് സംശയം തോന്നി. വേറൊരു ഫൊട്ടോയില്‍ തകര്‍ന്ന ഒരു കെട്ടിടത്തിനു മുന്നില്‍ നിന്ന് കരയുന്ന അതേ പെണ്‍കുട്ടി. ഫൊട്ടോയ്ക്ക് പിറകില്‍ ഒരു വാര്‍ത്ത രേഖപ്പെടുത്തിയിരിക്കുന്നു. അദ്ഭുതകരമായി കെട്ടിടം തകരലില്‍ നിന്നും രക്ഷപ്പെട്ടതാണ് ആ പെണ്‍കുട്ടി. ലയ റൊസാരിയോ! അവള്‍! ഏതോ പത്ര സ്ഥാപനത്തില്‍ നിന്ന് പിന്നീടെപ്പോഴോ കണ്ടെടുത്ത പടം.അവിടെ എത്താന്‍ എനിക്ക് അവള്‍ തന്ന ഭൂപടത്തിന്‍റെ ആവശ്യമില്ലായിരുന്നു. എല്ലാ ദിവസവും ഞാന്‍ കാറോടിച്ചു പോകുന്ന വഴി. നഗരാതിര്‍ത്തിയില്‍ ഉള്ള മരിച്ച ഒരു ഗ്രാമമായിരുന്നു അത്. വൈദുവാടി എന്ന ചെറിയ തെരുവ്. പണ്ട് കുടിയേറി വന്ന മദ്രാസികൾ കൂട്ടമായി കുടില്‍കെട്ടി ജീവിച്ച സ്ഥലം. അതിനു നടുവിലൂടെ വണ്ടി ഓടിച്ചു ചെന്നാല്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ പണിതീരാത്ത സമുച്ചയം അതില്‍ എന്‍റെ കുടുംബപ്പേരുള്ള വലിയ ബോര്‍ഡ്. ”ത്രിച്ചംബര്‍ ഡെവലപ്പേഴ്സ്” അതിനിടയിലൂടെ അഴുക്കുവെള്ളം ഒഴുകുന്ന ഓവുചാല്‍ കടന്നു പോയാല്‍ അല്‍പ്പം ഉയരത്തില്‍ കുന്നു പോലുള്ള സ്ഥലത്ത് ഒരു കൊച്ചുവീട്. വീടെന്ന് പറയാന്‍ കഴിയില്ല ഒരു ഷെഡ്ഡ്‌. ചോപ്പട് പട്ടി എന്നു പറയും ഇവറ്റകള്‍. ബൈക്ക് അവിടെ നിര്‍ത്തി ഞാന്‍ നടന്നു.

ഉയരത്തിലേയ്ക്കുള്ള പടവുകള്‍ കയറുമ്പോൾ ഷെഡ്ഡിനകത്തെ വെളിച്ചത്തിന്‍റെ ഇരുണ്ട വക്കില്‍ ഒരാള്‍ ഇരിക്കുന്നതു കാണാം.ഞാന്‍ ലയയെ അന്വേഷിച്ചു.ആ രൂപം അനങ്ങിയില്ല. ഇരുട്ട് അതിനകത്തെ നേരിയ വെളിച്ചത്തില്‍ നിന്നും പടര്‍ന്ന്‍ കറുത്തു നിന്നു. അതില്‍നിന്നും അകത്തിരിക്കുന്നയാള്‍ എന്നെ നോക്കുന്നു. ഞാന്‍ പരമാവധി ഉച്ചത്തില്‍ ലയയെ വിളിച്ചു.അയാള്‍ പുറത്തേക്ക് ഇറങ്ങി വന്നു. അപ്പോഴും എനിക്ക് മുഖം വ്യക്തമായില്ല. പുറത്തിറങ്ങുമ്പോള്‍ അയാള്‍ എന്നെ നോക്കിയതേ ഇല്ല. അത് ലയയാണോ?. മുടിയിഴകള്‍ മുഖത്തേക്ക് വീണിട്ടില്ലേ? ആ രൂപം ഇരുട്ടിലേക്ക് മാറി നിന്ന് എന്നെ നോക്കാന്‍ തുടങ്ങി.നിശ്ചലമായ പ്രതിമയാണ് അതിപ്പോള്‍. ഇരുട്ട് കൂടുതല്‍ കറുക്കുന്നു. അതിന്‍റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ? ഫോണിലെ വെളിച്ചം ഞാന്‍ അതിനു നേരെ തെളിച്ചു.കാറ്റില്‍ മുടിയിഴകള്‍ ആ മുഖം മറച്ചു. ഞാന്‍ വിറയ്ക്കുന്നുണ്ടോ?. കാലുകള്‍ ഞാന്‍ അറിയാതെ തന്നെ തിരിച്ചു നടന്നു.അല്ല ഓടി.എനിക്ക് പിറകില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ തകരുന്ന ശബ്ദം.അതിനകത്തു നിന്നും നിലവിളികള്‍ കാലില്‍ പിടിച്ചു വലിക്കുന്നു.പെട്ടന്ന് വലിയ ഒരു കരിങ്കല്‍ പാളി എന്‍റെ തലയ്ക്കുനേരെ വന്നു.ഇരുട്ടിനെ കീറി വലിയ ഒരു ഇടിവെട്ടിയോ? മിന്നലിന്‍റെ വെളിച്ചത്തില്‍ ഞാന്‍ അവസാനമായി ആ മുഖം കണ്ടു.

ഒരു തരി വെളിച്ചമില്ലാത്ത ആകാശത്തുനിന്നും മഴ പൊട്ടിപ്പൊളിഞ്ഞ് എന്റെ മേൽ പെയ്യാന്‍ തുടങ്ങി.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Pranavaridhi naduvil short story kn prasanth

Next Story
നീലയേക്കാൾ നീലjalayakrishnan,Rafael Alberti
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express