scorecardresearch
Latest News

റോസമ്മ (ഒരു പൈങ്കിളിക്കഥ)

“അടുത്ത് നിന്നയാളുടെ കയ്യില്‍ നിന്നും പേന കടം വാങ്ങി, വറീതിന്റെ മേല്‍വിലാസമെഴുതിയ പോസ്റ്റ് കാര്‍ഡില്‍ പരമാവധി വൃത്തിയായി ഉരുട്ടിയെഴുതി ആള്‍പ്പൊക്കമുള്ള ചുവന്ന തപാല്‍പ്പെട്ടിയില്‍ അതു നിക്ഷേപിച്ച് അവള്‍ തിരികേ നടന്നു.” പ്രദീപ് ഭാസ്കർ എഴുതിയ കഥ

pradeep bhaskar, , iemalayalam
ചിത്രീകരണം : വിഷ്ണു റാം

‘റോസമ്മ പോവുകയാണ്.

റോസമ്മയെ ആരും തിരക്കരുത്.

എന്ന്

റോസമ്മ’

പള്ളിയില്‍ നിന്നിറങ്ങി തൊട്ടടുത്ത പെട്ടിക്കടയില്‍ നിന്നും വാങ്ങിയ കുറച്ച് നാരങ്ങാ മിഠായികളും തോള്‍ബാഗിലെ നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസുകഷ്ണം കടയുടെ തട്ടില്‍ വെച്ച് വലിയ ഭംഗിയില്ലാത്ത അക്ഷരങ്ങളില്‍ എഴുതി നാലായി മടക്കിയ കത്തും കൂടെയുണ്ടായിരുന്ന ചേട്ടന്‍ വറീതിന്റെ മകന്‍ സിറിലിനെ റോസമ്മ ഏല്‍പ്പിച്ചു.

മേമ വരുന്നില്ലേ എന്ന സിറിലിന്റെ ചോദ്യത്തിന് മേമ കുറച്ചു കഴിഞ്ഞ് വന്നോളാം, മേമയ്ക്കൊരാളെ കാണാനുണ്ട് എന്നുത്തരം നല്‍കി, കത്ത് മറക്കാതെ ചേട്ടനെ ഏല്‍പ്പിക്കണം എന്നവനെ ചട്ടംകെട്ടി റോസമ്മ, സിറില്‍ നടന്നകലുന്നത് ഹൃദയമിടിപ്പോടെ നോക്കിനിന്നു.

വളവുതിരിഞ്ഞ് ബീച്ചിലേക്കുള്ള റോഡിലേക്ക് കയറി അവന്‍ അപ്രത്യക്ഷനായപ്പോഴേക്കും ഒരു വെളുത്ത അംബാസഡര്‍ കാര്‍ അവളുടെ അടുത്ത് വന്നു നിന്നു ടാക്സിയുടെ മുന്‍സീറ്റില്‍ നിന്നിറങ്ങിയ ജയന്‍ വേഗം കയറെന്നു പറഞ്ഞ് റോസമ്മക്കായി പുറകിലെ വാതില്‍ തുറന്നുപിടിച്ചു.

“ഹാപ്പി ബെര്‍ത്ത് ഡേ മോളേ.” റോസമ്മയെ അരുമയോടെ അടുപ്പിച്ചുകൊണ്ട് അയാള്‍ പോക്കറ്റില്‍ നിന്നെടുത്ത നേര്‍ത്ത സ്വര്‍ണ്ണമോതിരം അവളുടെ വിരലില്‍ അണിയിച്ചു.

“ഹാപ്പി ബെര്‍ത്ത് ഡേ അച്ചായാ. എനിക്ക് സമ്മാനോന്നും വാങ്ങാന്‍ പറ്റീല.”

“എനിക്ക് നീ നിന്നെത്തന്നെ തന്നില്ലേ” അയാള്‍ അവളുടെ നെറുകയില്‍ ചുംബിച്ചു. അവള്‍ അയാളിലേക്ക് ചാഞ്ഞിരുന്നു.

“ഉടുപ്പൊന്നും എടുക്കാനും പറ്റീല.”

“അതൊന്നും സാരമില്ല മുത്തേ, തൂത്തുക്കുടിയില്‍ ചെന്നിട്ട് നമുക്ക് വേണ്ടതൊക്കെ വാങ്ങാം.” അയാളവളെ സമാധാനിപ്പിച്ചു.

റോസമ്മക്ക് നാല്‍പതും ജയന് മുപ്പതും വയസ്സ് തികയുന്ന അന്ന് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച അവര്‍ തങ്ങളുടെ എണ്ണിയാല്‍ തീരാത്ത സ്വപ്നങ്ങളോടൊപ്പം തൂത്തുക്കുടിയിലേക്ക് ഒളിച്ചോടുകയായിരുന്നു.

ആലപ്പുഴ ബീച്ചിന്റെ തെക്കേയറ്റത്ത് കള്ളുഷാപ്പ് നടത്തുന്ന, തൊട്ട് കണ്ണെഴുതാന്‍ പാകത്തിന് കറുകറുത്ത വറീതിന്റെ ഒരേയൊരു പെങ്ങളായിരുന്നു തൊട്ടാല്‍ ചോര പൊടിയുന്ന രീതിയില്‍ വെളുവെളുത്ത റോസമ്മ. റോസമ്മയുടെ അമ്മ അവളെ പ്രസവിച്ചത് റോസമ്മയുടെ അപ്പന്‍ മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞതിനു ശേഷമായിരുന്നു.

നാടുകാണാനിറങ്ങിയ ഏതോ ഒരു സായിപ്പായിരുന്നു കടപ്പുറത്തെ കറുത്ത മുത്തായിരുന്ന റോസമ്മയുടെ അമ്മയില്‍ പണിപറ്റിച്ചതൊണ് നാട്ടുകാരുടെ മുറുമുറുപ്പ്. സത്യമായിരിക്കും, അല്ലെങ്കില്‍ റോസമ്മക്ക് എങ്ങനെയാണ് ഇത്രയും വെളുപ്പും, ആ പൂച്ചക്കണ്ണ് സായിപ്പിന്റെ തന്നെയാണെന്നും കേള്‍വിക്കാരും അനുകൂലിക്കാറുണ്ട്. അങ്ങനെ നാട്ടുകാരുടെ ഒളിച്ചുള്ള സംസാരം പരസ്യമായിത്തുടങ്ങിയപ്പോഴാണ്, റോസമ്മക്ക് നാലുവയസുള്ളപ്പോള്‍ റോസമ്മയുടെ അമ്മ കടലില്‍ ചാടി ചത്തത്. അങ്ങനെ വറീതാണ് റോസമ്മയെ പൊന്നുപോലെ വളര്‍ത്തിയത്.

വറീതിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ പ്രശ്‌നമാകും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, വറീതിന്റെ ഭാര്യ മറിയാമ്മക്കും റോസമ്മയെ വലിയ കാര്യമായിരുന്നു. അതുവരെ വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്ന റോസമ്മയെ മറിയാമ്മ കുഞ്ഞിനെപ്പോലെ ലാളിച്ച്, ഒരു ജോലിയുമെടുക്കാന്‍ സമ്മതിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് പത്താം ക്ലാസ്സ് കഴിഞ്ഞ് ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച റോസമ്മ വീട്ടില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോള്‍ എവിടെയെങ്കിലും ജോലിക്ക് പോകാമെന്ന് തീരുമാനിച്ചത്. ആലപ്പുഴ ചെറിയൊരു നഗരമായതിനാല്‍ അത്തരത്തിലുള്ള ജോലികള്‍ നന്നേകുറവായിരുന്നു. വലിയ നഗരമായ കൊച്ചിയില്‍ പോയാല്‍ ഇഷ്ടംപോലെ ജോലികളുണ്ടെന്ന് കൂട്ടുകാരികളിലാരോ പറഞ്ഞതനുസരിച്ചാണ് ഷാപ്പടച്ച് രാത്രി വീട്ടില്‍ വന്ന വറീതിനോട് റോസമ്മ കൊച്ചിയില്‍ പോകാനുള്ള തന്റെ ആഗ്രഹം അറിയിച്ചത്. പരിചയക്കാരാരുമില്ലാത്ത ആ വലിയ നഗരത്തിലേക്ക് അവളെ വിടാന്‍ വറീതിനും മറിയാമ്മക്കും പേടിയായിരുന്നു. അങ്ങനെ റോസമ്മയുടെ ആ സ്വപ്നം നടന്നില്ല.

പിന്നെയും മാസങ്ങള്‍ കടന്നുപോയി. അങ്ങനെയിരിക്കെ റോസമ്മ ചേട്ടന്‍ വറീതിനോടൊപ്പം ഷാപ്പില്‍ പണിയെടുക്കാന്‍ തീരുമാനിച്ചു. മനസ്സില്ലാമനസ്സോടെ വറീതും മറിയാമ്മയും അവളുടെ ആ ആഗ്രഹത്തിന് സമ്മതം മൂളി. പക്ഷേ, മറിയാമ്മ ചില ഉപാധികളോടെയാണ് അത് സമ്മതിച്ചത്. കൊഴുത്തു തടിച്ച ശരീരവുമുള്ള റോസമ്മ ഇറുകിയ ചുരിദാറുമിട്ട് ഞായറാഴ്ചകളില്‍ തനിക്കൊപ്പം പള്ളിയിലേക്ക് പോകുമ്പോഴെല്ലാം വയസ്സന്മാര്‍ പോലും ഓന്തുകളെപ്പോലെ കണ്ണെടുക്കാതെ നോക്കി ചോര കുടിക്കുന്നത് മറിയാമ്മ കാണാറുള്ളതായിരിന്നു. കള്ളുഷാപ്പല്ലേ, രണ്ട് കുപ്പി അകത്തു ചെന്നാല്‍ ആളുകളുടെ തരം മാറും. അതുകൊണ്ട് പൊക്കിളും വയറുമൊന്നും കാണാത്ത വിധത്തില്‍ സാരിയുടുത്തു വേണം റോസമ്മ പണിക്കു പോകാന്‍ എന്നായിരുന്നു മറിയാമ്മയുടെ ഉപാധി. പിറ്റേന്ന് തന്നെ മറിയാമ്മ റോസമ്മക്കു വേണ്ടി നാല് പോളിസ്റ്റര്‍ സാരികളും അതിന് ചേര്‍ന്ന ബ്ലൗസ് പീസുകളും വാങ്ങിക്കൊടുത്തു.

pradeep bhaskar, , iemalayalam
ചിത്രീകരണം : വിഷ്ണു റാം

അങ്ങനെ ഒരാഴ്ച കഴിഞ്ഞ്, ബ്ലൗസുകള്‍ തുന്നിക്കിട്ടിയതിന്റെ പിറ്റേന്ന് റോസമ്മ ഷാപ്പില്‍ പണിക്കു പോയിത്തുടങ്ങി. ഷാപ്പിനോട് ചേർന്നുള്ള അടുക്കളയായിരുന്നു അവളുടെ പണിയിടം. റോസമ്മയുണ്ടാക്കുന്ന രാവിലത്തെ ദോശയും മീന്‍കറിയും, ഉച്ചക്കുള്ള ചോറും മത്തി പൊരിച്ചതും, സന്ധ്യക്കുള്ള കഞ്ഞിയും ചെമ്മീന്‍ ചമ്മന്തിയും കഴിക്കാന്‍ കള്ളുകുടിക്കാത്തവര്‍ പോലും വറീതിന്റെ ഷാപ്പില്‍ വരാൻ തുടങ്ങി.

ഭക്ഷണം കഴിക്കാനായി വരുന്ന കള്ളുകുടിക്കാത്തവരുടെ തിരക്ക് കൂടിയപ്പോള്‍ വറീത് അവര്‍ക്കിരിക്കാന്‍ ഷാപ്പിനു പുറത്ത് ടാര്‍പ്പായ വലിച്ചുകെട്ടി ബെഞ്ചുകളും മേശകളുമിട്ട് സൗകര്യമൊരുക്കി. ഭക്ഷണം വിളമ്പാന്‍ വേറെ ആളെ വച്ചാല്‍ മുതലാകില്ല എന്ന വറീതിന്റെ ന്യായത്തെ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ച റോസമ്മ തന്നെയായിരുന്നു സപ്ലെയറുടെയും ജോലി ചെയ്തിരുന്നത്.

രാവിലെ ആറരയാവുമ്പോഴേക്കും റോസമ്മ ഷാപ്പിലെ അടുക്കളയില്‍ എത്തുമായിരുന്നു. എട്ടു മണിക്ക് ഷാപ്പ് തുറക്കാനായി ചേട്ടന്‍ വരുമ്പോഴേക്കും റോസമ്മ ദോശയും മീന്‍കറിയും ഉണ്ടാക്കിക്കഴിഞ്ഞ് ഉച്ചക്കുള്ള ചോറും മത്തി പൊരിച്ചതും തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടാകും. രാത്രി ഷാപ്പടച്ച് അടുക്കളയിലെ പാത്രങ്ങളും കള്ളുകുടിക്കുന്ന ഗ്ലാസുകളുമെല്ലാം കഴുകി അടുക്കിവെച്ചതിന് ശേഷം അവള്‍ പുറത്തിറങ്ങുമ്പോഴേക്കും മണി ഒന്‍പതരയായിട്ടുണ്ടാകും. അപ്പോഴേക്കും ‘എന്നതാടീ കൊച്ചേ, പോയിക്കെടന്ന് ഒറങ്ങണ്ടേ’ എന്ന് ഒറ്റക്കിരുന്ന് കുടിച്ച ഒന്നോരണ്ടോ കുപ്പി കള്ളിന്റെ ചെറിയ ലഹരിയില്‍ വറീത് വിളിച്ചു ചോദിക്കും.

ബീച്ചിന്റെ വടക്കേ അറ്റത്തുള്ള വീട്ടിലെത്തുമ്പോഴേക്കും പത്തുമണി ആയിട്ടുണ്ടാകും. കുളിയും ഭക്ഷണവും കഴിഞ്ഞ് പതിനൊന്ന് മണിക്കാണ് ദിവസവും റോസമ്മ ഉറങ്ങാന്‍ പോകുന്നത്. പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് പല്ലുതേപ്പും കുളിയും കഴിയുമ്പോഴേക്കും മറിയാമ്മ അവള്‍ക്കുള്ള ചായയുമായി വന്നിട്ടുണ്ടാകും. ആറുമണിക്ക് അവള്‍ ഷാപ്പിലേക്ക് തിരിക്കും. അങ്ങനെ കാര്യങ്ങളെല്ലാം ഭംഗിയായി പോയിക്കൊണ്ടിരുന്നു.

പക്ഷേ, ഒരു കൊല്ലം വേണ്ടിവന്നില്ല, മറിയാമ്മയുടെ പേടി അസ്ഥാനത്തായിരുന്നില്ലെന്ന് അറിയാന്‍. രാവിലെ ഷാപ്പിലെ അടുക്കളയില്‍ കുന്തിച്ചിരുന്ന് മീന്‍ വെട്ടുകയായിരുന്ന റോസമ്മയുടെ അടുത്തേക്ക് ഒച്ചയനക്കങ്ങളില്ലാതെ ഉടുമ്പ് ജോണി പതുങ്ങിച്ചെന്നു. ഉടുമ്പ് ജോണി കടപ്പുറത്തെ പേരുകേട്ട ഗുണ്ടയും, പതിനാറോളം വെട്ടുകേസുകളിലെയും മുപ്പതോളം കുത്തുകേസുകളിലെയും പ്രതിയുമായിരുന്നു.

വിചാരണത്തടവില്‍ നിന്നും എന്തെങ്കിലുമൊക്കെ കാരണം കാണിച്ച് ജാമ്യത്തില്‍ ഇറങ്ങുന്ന അയാളെ ആലപ്പുഴ ജില്ലയില്‍ കടക്കരുതെന്ന് കോടതി പല തവണ വിലക്കിയിട്ടുള്ളതായിരുന്നു. പ്രധാനമായും അയാള്‍ രാഷ്‌ട്രീയക്കാരുടെ ഗുണ്ടയായിരുന്നു. പണം കൊടുത്താല്‍ അയാള്‍ ഏത് കക്ഷിക്കു വേണ്ടിയും വെട്ടും കുത്തും നടത്താന്‍ തയ്യാറായിരുന്നു. അതുകൊണ്ടു തന്നെ ഓരോ കേസിന്റെയും അവസാനം തെളിവുകളൊന്നുമില്ലാതെ അയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. എതിരാളിയെ അള്ളിപ്പിടിച്ച് ചേര്‍ത്തുനിര്‍ത്തി പള്ളക്ക് കത്തി കേറ്റുന്ന സ്വഭാവം കൊണ്ടാണ് ജോണി ‘ഉടുമ്പ് ജോണി’യായത്.

തലേന്ന് അളവില്ലാതെ മോന്തിയ കള്ളിന്റെ ലഹരി അപ്പോഴും ജോണിയില്‍ അവശേഷിച്ചിരുന്നു. പിന്നിലൂടെ ചെന്ന് അയാള്‍ ഒറ്റനിമിഷം കൊണ്ട് റോസമ്മയുടെ കയ്യില്‍ പിടിച്ചുയര്‍ത്തി തന്നിലേക്ക് വലിച്ചടുപ്പിച്ചു. ഞെട്ടി കുതറിമാറിയ റോസമ്മ രണ്ടാമതൊന്ന് ആലോചിക്കാതെ മീന്‍ വെട്ടുന്ന കത്തി അയാളുടെ കഴുത്തിന് നേരെ ആഞ്ഞു വീശി. ജോണി സമര്‍ഥമായി ഒഴിഞ്ഞു മാറിയെങ്കിലും അയാളുടെ വലത്തേ ചെവിയുടെ മുക്കാല്‍ ഭാഗം മുറിഞ്ഞ് തെറിച്ച് മീന്‍ ചട്ടിയിലേക്ക് വീണു.

ദേഷ്യത്തോടെ വീണ്ടും പാഞ്ഞടുത്ത അയാളെ വെട്ടാനായി ധൈര്യമൊട്ടും ചോരാതെ റോസമ്മ കത്തി ആഞ്ഞു വീശിക്കൊണ്ടിരുന്നു. അതിലൊരു വെട്ട് അയാളുടെ പുറത്ത് നട്ടെല്ലിലെ കശേരുവിലാണ് തറച്ചത്. ഗത്യന്തരമില്ലാതെ അലറിക്കൊണ്ട് ജോണി ഷാപ്പില്‍ നിന്നും ഇറങ്ങിയോടി. പിറ്റേന്നായതോടെ നട്ടെല്ലിനേറ്റ ക്ഷതം ജോണിയുടെ ശരീരത്തെ തളര്‍ത്തിക്കളഞ്ഞു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാത്ത ജോണിയെ ആശുപത്രിയില്‍ നിന്നും ഏതോ അനാഥാലയം ഏറ്റെടുത്തു. എന്തായാലും ജോണിയുടെ അനുഭവമറിഞ്ഞ ആരും പിന്നീട് റോസമ്മയെ അനാവശ്യമായി നോക്കുക പോലും ചെയ്തിട്ടില്ല.

അങ്ങനെ അഞ്ചുകൊല്ലങ്ങള്‍ കടന്നുപോയി. റോസമ്മക്ക് ഇരുപത്തഞ്ച് വയസ്സായെങ്കിലും അവളുടെ കല്യാണം മാത്രം നടന്നില്ല. അതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുണ്ടായിരുന്നത്.

കാരണം ഒന്ന്: റോസമ്മ പിഴച്ചുപെറ്റ സന്തതിയാണ് എന്ന ആരോപണം.

കാരണം രണ്ട്: റോസമ്മയെ കെട്ടിച്ചു വിടണമെങ്കില്‍ അപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ മുക്കാല്‍ഭാഗമെങ്കിലും വില്‍ക്കേണ്ടി വരും എന്ന ആശങ്കയില്‍ വറീത് റോസമ്മയുടെ കല്യാണം നടത്താന്‍ താൽപ്പര്യം കാണിക്കാത്തതു കൊണ്ട്.

കാരണം മൂന്ന്: പണവും പൊന്നുമൊന്നും വേണ്ട എന്ന് പറഞ്ഞ് റോസമ്മയുടെ സൗന്ദര്യത്തില്‍ മയങ്ങിയെത്തിയ ചില കോന്തന്മാരെ റോസമ്മ നിരസിച്ചത്.

അങ്ങനെ പിന്നെയും കാലം കടന്നുപോയിക്കൊണ്ടിരുന്നു. റോസമ്മക്ക് മുപ്പത്തെട്ട് വയസ്സായ കാലത്താണ് അവള്‍ ജയനെ പരിചയപ്പെടുന്നത്. തൂത്തുക്കുടിയില്‍ മുരുഗേഷ് സോളമന്‍ എന്നയാളുടെ ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു ജയന്‍. വില കുറഞ്ഞ അണ്ടര്‍വെയറുകളും സാരികളും മുണ്ടുകളും ഷർട്ടുകളും ബനിയനുകളും ഉണ്ടാക്കുന്ന കമ്പനിയായിരുന്നു അത്.

ഒരു ഓണക്കാലത്ത് ആലപ്പുഴയില്‍ ബീച്ചിനടുത്തുള്ള മൈതാനത്ത് രണ്ടു മാസം നീണ്ടï പ്രദര്‍ശനവും വില്‍പ്പനയും നടത്താന്‍ കമ്പനി തീരുമാനിച്ചപ്പോള്‍ അതിന്റെ മേല്‍നോട്ടക്കാരനായാണ് ജയന്‍ ആലപ്പുഴയിലെത്തിയത്. കുറഞ്ഞ വിലയ്ക്ക് നല്ല ഭക്ഷണം കിട്ടുന്ന വറീതിന്റെ ഷാപ്പില്‍ നിന്നാണ് അയാള്‍ മൂന്നു നേരവും ഭക്ഷണം കഴിച്ചിരുന്നത്.

കള്ളുകുടിക്കാത്ത ജയന് ഷാപ്പിലേക്ക് പോകാന്‍ ആദ്യം മടിയായിരുന്നു. പലരും അവിടുത്തെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍ പോയി നോക്കിയതായിരുന്നു അയാള്‍. ഭക്ഷണം കഴിക്കാനായി ഷാപ്പിന് പുറത്തിട്ടിരുന്ന മേശകളും ബെഞ്ചുകളും കണ്ടപ്പോള്‍ അയാള്‍ക്ക് സന്തോഷമായി.

അങ്ങനെ അയാള്‍ വറീതിന്റെ ഷാപ്പിലെ നിത്യസന്ദര്‍ശകനായി. അയാളുടെ നല്ല പെരുമാറ്റത്തിലും അയാളിടുന്ന വസ്ത്രങ്ങളുടെ നിറങ്ങളിലും ആകൃഷ്ടയായ റോസമ്മ ഏതാനും ദിവസങ്ങള്‍ക്കകം ജയനുമായി നല്ല അടുപ്പത്തിലായി. സാധാരണ സ്ഥിരം ഭക്ഷണം കഴിക്കാന്‍ വരുവര്‍ക്ക് കൊടുക്കുന്നതിലും അധികം ശ്രദ്ധ അവള്‍ അയാളോട് കാണിച്ചിരുന്നു. പുഞ്ചിരിയുടെ അകമ്പടിയോടെ ഒരു കഷ്ണം മീന്‍ അധികം കൊടുത്തു കൊണ്ടാണ് റോസമ്മ അയാളോടുള്ള അവളുടെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നത്.

ജയന്‍ ആലപ്പുഴയില്‍ വന്നിട്ട് ഒരു മാസമായിരുന്നു. അപ്പോഴാണ് മൂന്നുദിവസം അടുപ്പിച്ച് അയാള്‍ ഷാപ്പില്‍ വരാതിരുന്നത്. റോസമ്മക്ക് വലിയ സങ്കടവും ആധിയുമായി. ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൂട്ടുകാരിയെ കാണാനെന്ന് പറഞ്ഞ് മറിയാമ്മയോട് അനുവാദം വാങ്ങി പ്രദര്‍ശനം നടക്കുന്ന മൈതാനത്തേക്ക് അങ്ങനെയാണവള്‍ പോയത്. മൂന്നു ദിവസമായി അയാള്‍ ജോലിക്ക് വരാറില്ലെന്നും, സുഖമില്ലാതെ ലോഡ്ജില്‍ കിടക്കുകയാണെും അപ്പോഴാണവള്‍ അറിയുന്നത്. അവള്‍ അയാളുടെ ലോഡ്ജിലേക്ക് നടന്നു. ചാരിയിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തെത്തിയ അവളെ കണ്ടപ്പോള്‍ ജയന് വലിയ അത്ഭുതമായി.

pradeep bhaskar, , iemalayalam
ചിത്രീകരണം : വിഷ്ണു റാം

“എന്തു പറ്റി? വയ്യെന്ന് കേട്ടല്ലോ?” ചിരപരിചിതനായ ഒരാളോടെ പോലെ അവള്‍ ചോദിച്ചു.

“പനിയാണ്.”

“ഞാന്‍ പേടിച്ചുപോയി.”

“എന്തിന്? അത്രക്ക് കാര്യമാണോ എന്നെ?” റോസമ്മ അതിനുത്തരമായി പുഞ്ചിരിച്ചു.

“എന്തോരം ഇഷ്ടമുണ്ട്?” അയാള്‍ കുസൃതിയോടെ ചോദിച്ചു.

“അത് പിന്നെ…” റോസമ്മ മടിച്ചുമടിച്ചാണ് പറഞ്ഞത്. “എനിക്ക് തന്നെ കാണാതിരിക്കാന്‍ വയ്യ.”

“എന്ന് വെച്ചാ, എന്താ അതിന്റര്‍ത്ഥം?”

“ഇതീ കൂടുതല്‍ ഞാനെങ്ങനാ പറയാ? ഞാനൊരു പെണ്ണല്ലേ, എനിക്ക് നാണമാവും.” അയാളുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

ജയന്‍ സ്വപ്നത്തിലെ പോലെ അവളുടെ വാക്കുകള്‍ കേട്ട് കിടന്നു. പെട്ടെന്ന് കുനിഞ്ഞ് അയാളുടെ നെറുകയില്‍ ഉമ്മ കൊടുത്ത് അവള്‍ തിരിച്ചുപോയി.

ഭക്ഷണം കഴിക്കാന്‍ ഷാപ്പില്‍ വരുന്ന സമയം മാത്രമേ പരസ്പരം കാണാറും മിണ്ടാറുമുള്ളൂ എങ്കിലും അവര്‍ തമ്മിലുള്ള പ്രണയം അതിവേഗം തഴച്ചുവളർന്നു കൊണ്ടിരുന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞ് ജയന്‍ തിരിച്ചുപോയി. പക്ഷേ, എല്ലാ ശനിയാഴ്ചയും അയാള്‍ ആലപ്പുഴയ്ക്ക് വണ്ടി കയറും. ഞായറാഴ്ച റോസമ്മയെ കാണും. വൈകുന്നേരം തൂത്തുക്കുടിക്ക് തിരിച്ചുപോകും. കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം വറീതിനോട് പറഞ്ഞ്, ഏതോ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഞായറാഴ്ച ക്‌ളാസ്സിലേക്കെന്ന വ്യാജേന റോസമ്മ ഷാപ്പില്‍ പോകാതെ ജയന്റെ അടുത്ത് എത്തിക്കൊണ്ടിരുന്നു. ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക് അവര്‍ ബസ്സില്‍ കയറും, ബസ്സില്‍ മുട്ടിയുരുമ്മിയിരുന്ന് വിശേഷങ്ങള്‍ പറയും. കൊച്ചിയിലെത്തി ഏതെങ്കിലും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് കുറച്ചുനേരം ചുറ്റിക്കറങ്ങി വൈകുന്നേരമാകുമ്പോഴേക്കും റോസമ്മയെ ആലപ്പുഴയില്‍ എത്തിച്ച് ജയന്‍ തിരിച്ചുപോകും.

ആദ്യമൊക്കെ റോസമ്മക്ക് അതൊരു ഹരമായിരുന്നു. പോയിപ്പോയി അവള്‍ക്ക് അത് പോരാതെ വന്നുതുടങ്ങി. അയാളെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യെന്നായി അവള്‍ക്ക്. കല്യാണം കഴിക്കാമെന്ന് വെച്ചാല്‍, അയാള്‍ ഹിന്ദുവും താന്‍ ക്രിസ്ത്യാനിയുമാണ്. ചേട്ടനും ചേച്ചിയും സമ്മതിക്കില്ല, ഇനിയും നീ നാണക്കേടുണ്ടാക്കുകയാണോ എന്ന് ചോദിച്ച് ചിലപ്പോള്‍ കൊന്നുകളയും. അങ്ങനെ ദിവസങ്ങള്‍ നീണ്ട ആലോചനക്കൊടുവിലാണ് റോസമ്മ ഒളിച്ചോടാം എന്ന ആശയം ജയന് മുന്നില്‍ അവതരിപ്പിക്കുന്നത്. അയാള്‍ക്കും ആ ആശയം ഇഷ്ടമായി. അയാള്‍ക്കും അവളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യാതായിരുന്നു. അങ്ങനെയാണ് റോസമ്മയെ കൊണ്ടുപോകാനായി ജയന്‍ ടാക്സിയുമായി ആലപ്പുഴയിലെത്തിയത്.

ഇടയ്ക്ക് തെങ്കാശിയിലിറങ്ങി അവര്‍ ഭക്ഷണം കഴിച്ചു. തൂത്തുക്കുടിയില്‍ എത്തുമ്പോഴേക്കും വൈകുന്നേരമായിരുന്നു. റോസമ്മക്ക് ആവശ്യമായ വസ്ത്രങ്ങളും പച്ചക്കറിയും പശുവിറച്ചിയും പാലും വാങ്ങി സന്ധ്യയോടെ അവര്‍ സെന്റ് ജെയിംസ് പള്ളിയുടെ അടുത്തുള്ള ജയന്റെ വാടകവീട്ടിലെത്തി. റോസമ്മ വളരെ വേഗം അവര്‍ക്കുള്ള ഭക്ഷണമുണ്ടാക്കി. മുന്‍പെങ്ങും അനുഭച്ചിട്ടില്ലാത്ത ആനന്ദത്തില്‍ അവളുടെ നെഞ്ച് അതിവേഗം ഉയർന്നു താഴുന്നുണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകിവെച്ച് മുറിയിലെത്തിയ റോസമ്മയെ ജയന്‍ ആവേശത്തോടെ ഇറുക്കി കെട്ടിപ്പിടിച്ചു.

അങ്ങനെ ദിവസങ്ങള്‍ കുറേ കടന്നുപോയി. ജയന്‍ രാവിലെ ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവരുന്നത് വരെയുള്ള ഒറ്റക്കിരുപ്പ് റോസമ്മയെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അവള്‍ തനിക്കൊരു ജോലി കണ്ടെത്തണമെന്ന് ജയനോട് പറയുന്നത്. താന്‍ ജോലി ചെയ്യുന്നയിടത്ത് ജയന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പക്ഷേ, വൈകാതെ മുരുഗേഷ് സോളമന്റെ തന്നെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍ കമ്പനിയില്‍ റോസമ്മക്ക് സൂപ്പര്‍വൈസറായി ജോലി തരപ്പെടുത്തുന്നതില്‍ ജയന്‍ വിജയിച്ചു. മാസങ്ങള്‍ കടന്നുപോയി. ഇതിനിടയില്‍ റോസമ്മ ഗര്‍ഭിണിയാവുകയും അവര്‍ക്കൊരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന് മൂന്നു മാസം പ്രായമായപ്പോള്‍ അതിനെ നോക്കാനായി ആയയെ ഏര്‍പ്പാടാക്കി റോസമ്മ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.

“കുട്ടന്‍ സങ്കടപ്പെടണ്ടാട്ടോ, പണിയൊന്നും എടുക്കാതെ തീറ്റ മാത്രമെടുത്ത് ഇരുന്നോണ്ടാ. ഒരു മൂന്നുമാസം കൊണ്ട് ഞാനീ തടിയൊക്കെ കൊറച്ചോളാം.” പ്രസവം കഴിഞ്ഞപ്പോള്‍ വല്ലാതെ തടി കൂടിയെന്ന് പറഞ്ഞ ജയന്റെ മേലേക്ക് പ്രണയപൂര്‍വ്വം ചാഞ്ഞിരുന്നുകൊണ്ട് റോസമ്മ കൊഞ്ചിക്കുഴഞ്ഞു.

പറഞ്ഞതു പോലെത്തന്നെ ഭക്ഷണമൊക്കെ കുറച്ച് റോസമ്മ പഴയപോലെയായി. അങ്ങനെയിരിക്കെയാണ് ഒരു ദിവസം മുരുഗേഷ് സോളമന്‍ ചെമ്മീന്‍ കമ്പനി സന്ദര്‍ശിക്കാന്‍ എത്തിയത്. മീന്‍മണം ഇഷ്ടമല്ലാത്ത അയാള്‍ അങ്ങോട്ട് പോകുന്നത് പരമാവധി ഒഴിവാക്കി മാനേജര്‍ വഴിയാണ് അത് നിയന്ത്രിച്ചിരുന്നത്. കമ്പനിയുടെ രജിസ്‌ട്രേഷന്‍ പുതുക്കാനായി അയാളില്ലാതെ പറ്റില്ലെന്ന് മാനേജര്‍ അറിയിച്ചതിനാലായിരുന്നു അയാള്‍ അവിടെയെത്തിയത്.

അങ്ങനെയാണയാള്‍ റോസമ്മയെ കണ്ടതും അവളെ അയാളുടെ കാബിനിലേക്ക് വിളിപ്പിച്ചതും. അവളുടെ കൊഴുത്ത ശരീരം അയാള്‍ അല്‍പ്പനേരം കണ്ണിമ വെട്ടാതെ നോക്കിനിന്നു. റോസമ്മക്ക് അയാളുടെ നോട്ടം കണ്ട് അസ്വസ്ഥത തോന്നിയെങ്കിലും ജോലി പോയാലോ എന്ന പേടിയില്‍ അവളത് പ്രകടിപ്പിച്ചില്ല. അയാള്‍ അവളുടെ വിവരങ്ങളെല്ലാം വിശദമായിത്തന്നെ ചോദിച്ചറിഞ്ഞു. ജയന്റെ ഭാര്യയാണെ് അറിഞ്ഞതോടെ കൂടുതലൊന്നും ചോദിക്കാതെ അയാളവളെ പോകാനനുവദിച്ചു.

നല്ല കച്ചവടക്കാരനായിരിക്കുമ്പോഴും മുരുഗേഷ് സോളമന്‍ വലിയ ചരിത്രകുതുകിയും എഴുത്തുകാരനുമായിരുന്നു. ‘തൂത്തുക്കുടി: കൊളോണിയല്‍ ഇന്ത്യയുടെ മദ്ധ്യബിന്ദു’ എന്ന പഠനത്തിനായിരുന്നു അയാള്‍ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. 1540ല്‍ പോര്‍ച്ചുഗീസുകാര്‍ തൂത്തുക്കുടി പട്ടണം സ്ഥാപിച്ചതും തുടര്‍ന്ന് 1649ല്‍ ഡച്ച് അധീനതയിലായതും 1825ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായതും സ്വതന്ത്ര ഇന്ത്യയില്‍ തമിഴ്‌നാടിന്റെ ഭാഗമായതും വരെയുള്ള തൂത്തുക്കുടിയുടെ ചരിത്രം പല ചരിത്രഗ്രന്ഥങ്ങളുടെയും സ്വയം നടത്തിയ അന്വേഷണങ്ങളുടെയും വെളിച്ചത്തില്‍ പ്രതിപാദിക്കുന്ന പുസ്തകമായിരുന്നു അത്.

തൂത്തുക്കുടി തുറമുഖത്തിന്റെ കച്ചവടസാദ്ധ്യതകള്‍ മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനി 1842ല്‍ അവിടെ ആദ്യമായി ലൈറ്റ് ഹൗസ് സ്ഥാപിച്ചതും പിന്നീട് 1868 മുതല്‍ 1894 വരെ അവര്‍ നടപ്പിലാക്കിയ തുറമുഖ വികസനപദ്ധതികളെക്കുറിച്ചും മുരുഗേഷ് തന്റെ പുസ്തകത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു.

1974ല്‍ ഇന്ത്യയിലെ പത്താമത്തെ മേജര്‍ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ട തൂത്തുക്കുടിയിലെ തുണിമില്ലുകള്‍, മത്സ്യം, തേയില, കാപ്പി എന്നിവയുടെ സംസ്‌കരണ ഫാക്ടറികള്‍, വളം, ഉപ്പ്, പല തരത്തിലുള്ള കെമിക്കലുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍, ഇവയുടെയൊക്കെ കയറ്റുമതിയുടെ കണക്കുകള്‍ എന്നിങ്ങനെ ആ നാടിന്റെ വ്യവസായ മേഖലയെക്കുറിച്ചുള്ള വിശദമായ അദ്ധ്യായത്തോടെയായിരുന്നു പുസ്തകം അവസാനിച്ചിരുന്നത്. പല കോളജുകളിലെയും ചരിത്രവിദ്യാര്‍ത്ഥികളുടെ റഫറന്‍സ് ഗ്രന്ഥമായിരുന്നതിനാല്‍ പുസ്തകത്തിന്റെ എഴുത്തുകാരന്‍ എന്ന നിലയില്‍ മുരുഗേഷ് വളരെയധികം ബഹുമാനിക്കപ്പെട്ടിരുന്നു.

“റോസമ്മോ, നമ്മടെ മുരുകേശന്‍ സാറിന് ഒരു അസിസ്റ്റന്റിനെ വേണം. നിനക്ക് പറ്റുവോന്ന് സാറിന്ന് ചോദിച്ചു.” ജോലി കഴിഞ്ഞ് തിരിച്ചെത്തിയപാടെ ജയന്‍ ചോദിച്ചു.

“അങ്ങേര്‍ക്ക് അസിസ്റ്റന്റാക്കാനൊന്നുമല്ല, വായീനോക്കി ഇരിക്കാനാണ്. ഞാന്‍ പറഞ്ഞില്ലേ കഴിഞ്ഞ ദിവസത്തെ കാര്യം? അല്ലാണ്ടെ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ച എന്നെക്കൊണ്ട് എന്തൊലത്താനാ അവടെ?”

“നിനക്കെന്താ പെണ്ണേ, പേടിക്കാനൊന്നൂല്ല. അയാള്‍ ചെലപ്പോ ഒന്ന് തൊട്ടൂന്നൊക്കെ വരും. അത്രേയുള്ളൂ. വേറൊന്നും ചെയ്യാന്‍ അയാള്‍ക്ക് പറ്റില്ല.”

“പിന്നേ അച്ചായന് എങ്ങനറിയാം അത്?”

“അതേടീ, കൂടി വന്നാ അയാളൊന്ന് മൊലക്ക് പിടിച്ചൂന്നും വരും. അല്ലാണ്ടെ അയാളെക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല.”

“ഛേ, എന്തൊക്കെ വൃത്തികേടാ നിങ്ങളീ പറയണേ?” റോസമ്മക്ക് ദേഷ്യം വന്നു.

“നീയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണത്? പിടിച്ചാ തേഞ്ഞ് പോണ സാധനോന്നുമല്ലല്ലോ അത്. അയാള്‍ക്കൊരു സുഖോം കിട്ടും നമക്കൊരുപാട് ഗുണോം കിട്ടും.” ജയന്‍ വിശദീകരിച്ചു.

“കൊറേ കാലം മുമ്പ് അയാള്‍ടെ മോന്‍ കടലില്‍ വെച്ച് സ്പീഡ് ബോട്ട് മറഞ്ഞ് ചത്തപ്പോ പറ്റീതാ. അന്ന് ബോധം കെട്ട് വീണപ്പോ തളര്‍ന്ന അയാള്‍ടെ ശരീരം കൊറേ പാടുപെട്ട് അമേരിക്കേലൊക്കെ കൊണ്ടോയി ചികിത്സിച്ചിട്ടാണ് ഇങ്ങനെയായത്. എന്നാലും ഇപ്പഴും അയാള്‍ടെ കിടുങ്ങാമണി അനങ്ങില്ല. അതോണ്ടല്ലേ, പിന്നങ്ങേര്‍ക്ക് പിള്ളേരും ഉണ്ടായില്ല.”

അങ്ങനെ ജയന്റെ ഉറപ്പില്‍ വിശ്വസിച്ച് റോസമ്മ, മുരുഗേഷ് സോളമന്റെ അസിസ്റ്റന്റായി ജോലി ചെയ്തു തുടങ്ങി. മുരുഗേഷിന് ചായയുണ്ടാക്കി കൊടുക്കുക, വെള്ളമെടുത്ത് കൊടുക്കുക, ചോറ് വിളമ്പിക്കൊടുക്കുക, ഇതൊക്കെയായിരുന്നു റോസമ്മയുടെ ജോലി. അയാളവള്‍ക്ക് വേണ്ടി അയാളുടെ കാബിന് തൊട്ടുപുറത്ത് ചെറിയൊരു കാബിന്‍ ഉണ്ടാക്കി. മറ്റുള്ളവര്‍ അവള്‍ ചെയ്യുന്ന ജോലി എന്തെന്ന് അറിയാതിരിക്കാനുള്ള അയാളുടെ അടവായിരുന്നു അത്.

ജയന്‍ പറഞ്ഞത് പോലെത്തയൊയിരുന്നു അയാള്‍. ചായ കൊടുക്കുമ്പോള്‍ വിരലുകളില്‍ ഒന്ന് തൊടും, ചോറ് കൊടുക്കുമ്പോള്‍ മുട്ടുകാലുകൊണ്ട് ചന്തിയിലൊന്ന് മുട്ടും, അല്ലെങ്കില്‍ അറിയാത്ത മട്ടില്‍ മുട്ടുകൈ കൊണ്ട് മുലയിലൊന്ന് അമര്‍ത്തും. അതിലൊക്കെ തീരും അയാളുടെ സന്തോഷങ്ങള്‍. ഒപ്പം അതിന്റെ രസത്തില്‍ മുരുഗേഷ് പിറ്റേ മാസം മുതല്‍ അവരെ വീട്ടുവാടകയില്‍ നിന്നും ഒഴിവാക്കുകയും, ഇടയ്ക്കിടെ രസം കൂടുമ്പോഴൊക്കെ റോസമ്മയുടെ ശമ്പളത്തില്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കുകയും ചെയ്തു.

അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. അതിനിടെ റോസമ്മ വീണ്ടും ഗര്‍ഭിണിയായി. എട്ടുമാസം തികയുന്നത് വരെ അവള്‍ ജോലിക്ക് പോകുകയും മുരുഗേഷിന്റെ രസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസവത്തിനായി ലീവെടുത്ത റോസമ്മ അഞ്ചുമാസം കഴിഞ്ഞാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇത്തവണ അവര്‍ക്കൊരു പെൺകുഞ്ഞാണ് ജനിച്ചത്. രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടെ റോസമ്മയുടെ ശരീരം വലിയൊരു ഉപ്പുചാക്ക് പോലെയായി മാറിയിരുന്നു.

ശരീരവടിവിലുണ്ടായ ഇടിവ് ജയനിലും മുരുഗേഷിലും നീരസമുണ്ടാക്കിയിരുന്നു. ജയന്‍ പക്ഷേ, അത് തുറന്ന് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ മുരുഗേഷിന്റെ നീരസം പ്രകടമായിരുന്നു. അയാളവളെ എപ്പോഴും എന്തെങ്കിലുമൊക്കെ കുറ്റം കണ്ടെത്തി ഉച്ചത്തില്‍ വഴക്ക് പറയുന്നത് പതിവാക്കി. റോസമ്മക്ക് ദേഷ്യം വരാറുണ്ടെങ്കിലും ജോലി പോകുമെന്ന ആശങ്കയില്‍ അവള്‍ മറുത്തൊന്നും പറയാതെ സഹിച്ചുപോന്നു. പക്ഷേ, അധികംനാള്‍ അവള്‍ക്കവിടെ തുടരാനായില്ല. ഒരു ദിവസം പേഴ്‌സില്‍ നിന്നും അയ്യായിരം രൂപ കാണാതായെന്നും, റോസമ്മയല്ലാതെ ആരും കാബിനില്‍ കയറിയിട്ടില്ലെന്നും, അതിനാല്‍ അവള്‍ തന്നെയാകും അതെടുത്തതെന്നും ആരോപിച്ച് മുരുഗേഷ് അവളെ ജോലിയില്‍ നിന്നും പുറത്താക്കി.

pradeep bhaskar, , iemalayalam
ചിത്രീകരണം : വിഷ്ണു റാം

അങ്ങനെ റോസമ്മ വീട്ടുജോലികളും കുഞ്ഞുങ്ങളെ നോക്കലുമായി ദിവസങ്ങള്‍ തള്ളിനീക്കി. അപ്പോഴേക്കും ജയന്റെ നീരസം പല രീതികളില്‍ അയാള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. തനിക്ക് കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം വീട്ടുചെലവ് നടക്കുന്നില്ലെന്ന് പറഞ്ഞ് അയാളവളെ നിരന്തരം പഴിപറഞ്ഞു കൊണ്ടിരുന്നു. അവളുടെ ആവശ്യങ്ങളെല്ലാം അയാള്‍ കണ്ടില്ലെന്ന് നടിച്ചു. ഭക്ഷണത്തിനും വാടകയ്ക്കുമുള്ള പണം മാത്രം അയാള്‍ മുടക്കംകൂടാതെ ചെലവാക്കി. പലപ്പോഴും കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ പോലും മുടങ്ങിക്കൊണ്ടിരിന്നു.

“എന്റെ പണം എനിക്ക് ചെലവാക്കാനാണ്, നിനക്ക് ആവശ്യങ്ങളുണ്ടെങ്കില്‍ അതിനുള്ള പണം നീ ജോലി ചെയ്തുണ്ടാക്കണം” എന്നായിരുന്നു അതിനുള്ള അയാളുടെ ന്യായം. അപ്പോഴെല്ലാം റോസമ്മ പുതിയ ജോലിക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അവിടെയുള്ള കച്ചവടക്കാരെല്ലാം മുരുഗേഷിന്റെ പരിചയക്കാരായതു കൊണ്ട് അവള്‍ക്കാരും ജോലി കൊടുക്കാന്‍ തയ്യാറായില്ല. രണ്ടു കുഞ്ഞുങ്ങളെയും ഒക്കത്തെടുത്ത് നിറകണ്ണുകളോടെയാണ് ആ ദിവസങ്ങളിലെല്ലാം റോസമ്മ തിരികെ വീട്ടിലെത്തിയിരുന്നത്.

അങ്ങനെയിരിക്കെയാണ് റോസമ്മയെ പരമാവധി നിരാശപ്പെടുത്തിക്കൊണ്ട് അവളുടെ ജീവിതത്തിലെ അടുത്ത ദുരന്തം അരങ്ങേറിയത്. ജയന്‍ പലപ്പോഴും വീട്ടില്‍ വരാതായിക്കഴിഞ്ഞിരുന്നു. അയാള്‍ വരുന്നതെല്ലാം പകല്‍ മാത്രമായിരുന്നു. രാത്രി അങ്ങോട്ടേക്ക് ചെല്ലുന്നത് അയാള്‍ പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നു. അവള്‍ക്കുള്ള പരിമിതമായ പരിചയങ്ങള്‍ വെച്ച് അയാളുടെ മാറ്റത്തിന്റെ കാരണം റോസമ്മ അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ജയന്‍ ഒരു ചെറുപ്പക്കാരിയുമായി ഇഷ്ടത്തിലാണെും അവളുടെ കൂടെ തങ്ങുന്നതുകൊണ്ടാണ് വീട്ടിലേക്ക് വരാത്തതെന്നും അവളറിഞ്ഞത്.

ജീവിതത്തെക്കുറിച്ചുള്ള റോസമ്മയുടെ പ്രതീക്ഷകളെല്ലാം അതോടെ അസ്തമിച്ചു. ആത്മഹത്യയാണ് തന്റെ മുന്നിലുള്ള ഏകമാര്‍ഗ്ഗം എന്നവള്‍ തീരുമാനിച്ചു. അതിനായി കുഞ്ഞുങ്ങളുമായി കടലില്‍ ചാടി മരിക്കാന്‍ തീരുമാനമെടുത്ത് പലവട്ടം കടല്‍ക്കരയിലെ ആളൊഴിഞ്ഞിടത്ത് പോയെങ്കിലും കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഓരോ തവണയും അവള്‍ തീരുമാനം മാറ്റിക്കൊണ്ടിരുന്നു.

അങ്ങനെയൊരു ദിവസം എന്തുചെയ്യണമെറിയാതെ ഓരോന്നോര്‍ത്തിരിക്കുമ്പോഴാണ് ആലപ്പുഴയിലെ തന്റെ വീടിനെക്കുറിച്ചും മറിയാമ്മ ചേച്ചിയുടെയും വറീതേട്ടന്റെയും സ്‌നേഹത്തെക്കുറിച്ചും ഓര്‍ത്ത് കരഞ്ഞത്. ഏറെനേരം കരഞ്ഞ് തളർന്നുറങ്ങിയ റോസമ്മ ഒരു തീരുമാനമെടുത്താണ് ഉണര്‍ന്നത്. ഇല്ല, ഞാന്‍ എന്തൊക്കെ തെറ്റ് ചെയ്താലും അവര്‍ക്കെന്നെ ഉപേക്ഷിക്കാനാവില്ല എന്ന ഉറപ്പില്‍ അവള്‍ അടുത്തുള്ള പോസ്‌റ്റോഫീസിലേക്ക് നടന്നു.

‘റോസമ്മ തിരിച്ചു വരുകയാണ്.
റോസമ്മയെ ഉപേക്ഷിക്കരുത്.
റോസമ്മ പാവമല്ലേ.
എന്ന്
റോസമ്മ’

അടുത്ത് നിന്നയാളുടെ കയ്യില്‍ നിന്നും പേന കടം വാങ്ങി, വറീതിന്റെ മേല്‍വിലാസമെഴുതിയ പോസ്റ്റ് കാര്‍ഡില്‍ പരമാവധി വൃത്തിയായി ഉരുട്ടിയെഴുതി ആള്‍പ്പൊക്കമുള്ള ചുവന്ന തപാല്‍പ്പെട്ടിയില്‍ അതു നിക്ഷേപിച്ച് അവള്‍ തിരികേ നടന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Pradeep bhaskar short story rosamma