ഒരെത്തും പിടിയുമില്ലാത്ത മൂന്നവസ്ഥകള്‍

“അങ്ങനെ ഒരിരുട്ടിനൊരു വെളിച്ചമുള്ള കാലമുണ്ടായി” പ്രദീപ് ഭാസ്കർ എഴുതിയ കവിത

pradeep bhaskar, poem, iemalayalam
ചിത്രീകരണം: വിഷ്ണുറാം

1.
വലിയൊരു കണ്ണാടി
ഉഴുതുമറിക്കും പോലെ
ഒരു താറാവ്
ഒരൊറ്റ മീന്‍ പോലുമില്ലാത്ത
ഒരു കുളം
മുറിച്ചു നീന്തുന്നു

താറാവിന്റെ
ശാന്തമായ മുഖം

കുളത്തിന്റെ
അശാന്തമായ ഉപരിതലം

അപ്പോഴും ആ കണ്ണുകള്‍,
അവയില്‍
ഇപ്പോള്‍ പൊഴിയുമെന്നപോലെ
തുളുമ്പി നിന്നു
ഏതോ ഒരു വിഷാദം

ചിത്രീകരണം : വിഷ്ണുറാം

അത്യധികം
സങ്കടമനുഭവിക്കുന്നൊരാള്‍
ലോകത്തെ വെറുത്ത്
ജീവിതത്തെ വെറുത്ത്
മനുഷ്യരെയാകെ വെറുത്ത്
കൈകാലുകളും ശരീരവും
അധികമിളക്കാതെ
തല താഴേക്ക് തൂക്കിയിട്ട്
കണ്ണുകള്‍ മണ്ണിലേക്കൂന്നിപ്പിടിച്ച്
ലക്ഷ്യമേതുമില്ലാതെ
സമയബോധമില്ലാതെ
ഏന്തിവലിഞ്ഞ്
നടന്നുപോകും പോലെ
മീനുകളില്ലാത്ത കുളത്തില്‍
താറാവ്
നീന്തിക്കൊണ്ടേയിരിക്കുന്നു

2.
ബസ് സ്‌റ്റോപ്പിനു മുന്നില്‍
കാതുകേള്‍ക്കാത്തൊരാള്‍
കണ്ണുകള്‍ രണ്ടും ഇറുക്കിയടച്ച്
ഈണത്തില്‍ പാടുന്നു
പ്രണയഭരിതമാമൊരു പാട്ട്

നഗരത്തിരക്കുകള്‍ക്കിടയില്‍
ഒറ്റത്തുരുത്ത് പോലയാളുടെ
പട്ടിണി രാകിയൊതുക്കിയ
എലുമ്പന്‍ ശരീരം

കാറ്റിന്റെ
താളത്തില്‍
പാറുന്ന
നീളന്‍ മുടി

ചുക്കിച്ചുളിഞ്ഞ
ചെമ്പുകലത്തിലെ
രണ്ടോട്ടകള്‍ പോലെ
എല്ലാ പ്രതീക്ഷകളും
അസ്തമിച്ച
മഞ്ഞനിറമുള്ള കണ്ണുകള്‍

pradeep bhaskar, poem, iemalayalam
ചിത്രീകരണം: വിഷ്ണുറാം

മൂക്കിന്‍ തുമ്പത്ത്
കുനുകുനെ പൂത്ത
വിയര്‍പ്പുതുള്ളികള്‍

അയാള്‍ക്കു മുന്നിലെ
വക്കുപൊട്ടിയ
പ്ലാസ്റ്റിക് ബക്കറ്റില്‍
ചില്ലിത്തുട്ടുകള്‍

അയാള്‍ക്കൊരിക്കലും
കേള്‍ക്കാനാകാത്ത
അയാളുടെ മധുരശബ്ദം
ഉയിരാഴത്തിലാസ്വദിച്ച്
വിടര്‍ന്ന കണ്ണുകളാലയാളെ
ഉഴിഞ്ഞെടുക്കുന്ന
ഒരു പെണ്‍കുട്ടി

പാട്ടുകാരാ
നിന്റെയൊപ്പം കൂട്ടുമോ
എന്നെയുമെന്നവള്‍
ചങ്കലച്ചു പറഞ്ഞാലും
അയാളെങ്ങനെ കേള്‍ക്കാനാണ്

അയാള്‍
ഒറ്റയ്ക്ക്
പാടി
ഒറ്റയ്ക്ക്
അലഞ്ഞുകൊണ്ടേയിരിക്കും

3.
പണ്ട്
പണ്ടുപണ്ട്
രാത്രി മാത്രമുണ്ടായിരുന്ന
കാലം

ഇന്ന്
ദൂരെദൂരെ
മിന്നിമിന്നിക്കത്തുന്ന
നക്ഷത്രങ്ങള്‍ പോലും
ഇരുട്ടില്‍ കുളിച്ചുനിന്നിരുന്ന
കാലം

സൂര്യചന്ദ്രന്മാര്‍
പകല്‍
വെളിച്ചം
നിറങ്ങള്‍
ജലം
ജന്തുജാലങ്ങള്‍
മരങ്ങള്‍
ചെടികള്‍
പൂക്കള്‍
അങ്ങനെയങ്ങനെ
ഒന്നുമൊന്നുമില്ലാതിരുന്ന
കാലം

ഇരുട്ടില്‍ കുളിച്ചുള്ള
ആ നില്‍പ്പ്
കാലത്തിനാകെ മടുത്തിട്ടാകും
പെട്ടെന്നൊരു ദിവസം
എല്ലാംകൂടി
പൊട്ടിത്തെറിച്ചെന്നാണ്
കേട്ടുകേള്‍വി

അങ്ങകലെ
അനന്തതയില്‍ നിന്നുയര്‍ന്ന
ഒരു മുഴക്കത്തോടെയാണ്
എല്ലാം തുടങ്ങിയതത്രേ

അങ്ങനെ
ഒരിരുട്ടിനൊരു വെളിച്ചമുള്ള
കാലമുണ്ടായി

കരയും
കടലുമുണ്ടായി

മീനുകള്‍, ആനകള്‍
പാമ്പുകള്‍, മനുഷ്യര്‍
പൂവുകള്‍, പൂമ്പാറ്റകള്‍
നിറങ്ങള്‍, നക്ഷത്രങ്ങള്‍
ഒക്കെയൊക്കെയുണ്ടായി

pradeep bhaskar, poem, iemalayalam
ചിത്രീകരണം: വിഷ്ണുറാം

രാത്രിയുടെ
തണുപ്പ്
ചന്ദ്രന്‍
നക്ഷത്രങ്ങള്‍
മൂങ്ങകള്‍

പകലിന്റെ
ചൂട്
സൂര്യന്‍
ജന്തുജാലങ്ങളുടെ
പെടാപ്പാടുകള്‍

പരസ്പരമൊരിക്കലും
കണ്ടുമുട്ടാനാകാത്ത
ഇനിയെപ്പോഴെങ്കിലും
കൂട്ടിമുട്ടിയാല്‍ത്തന്നെ
ആ നിമിഷം
രണ്ടിലേതെങ്കിലുമൊന്ന്
തട്ടിത്തകര്‍ന്നുപോകുമെന്നുറപ്പുള്ള
രണ്ടു സ്ഫടിക ഉടലുകള്‍ പോലെ
രാത്രികള്‍
പകലുകള്‍

അങ്ങനെയിങ്ങനെയിരിക്കെ
കാലത്തിന്
വീണ്ടും മടുപ്പ് തോന്നുമായിരിക്കും
വീണ്ടും എല്ലാംകൂടി
പൊട്ടിത്തെറിക്കുമായിരിക്കും

അപ്പോള്‍
എന്താണവശേഷിക്കുകയെന്നറിയാന്‍
ആരാണിവിടെ ബാക്കിയുണ്ടാവുക

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Pradeep bhaskar poem oretthum pidiyumillatha moonu avasthakal

Next Story
ഈവിൾ ഡെഡ് ..Evil Dead, Laju G L, Poem
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express