കത്തുന്ന കവിതയുടെ ചൂടും ചൂരും ആവാഹിച്ചെടുത്ത്‌ പൊള്ളിപ്പിടയുന്ന അനുഭവങ്ങളുമായി തെരുവോരങ്ങളിലും പീടികവരാന്തകളിലും തന്റെ സ്വപ്നങ്ങള്‍ അഴിച്ചുവച്ച്‌ കണ്ണീരിനും കവിതക്കും കൂട്ടിരുന്ന എ.അയ്യപ്പന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് ഏഴാണ്ട്. കത്തുന്ന കവിതയായിരുന്ന ആ കവി ജനകീയനാവാനല്ല, ജനങ്ങളുടെ അനുഭവങ്ങളാവാനാണ്‌ ശ്രമിച്ചത്‌. അതുകൊണ്ടുതന്നെ സൗവര്‍ണാനുഭവങ്ങള്‍ക്ക്‌ മുമ്പില്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നവര്‍ക്ക്‌ അയ്യപ്പനെ കാണാനായില്ല, കേള്‍ക്കാനായില്ല.

കവിതയെഴുത്ത്‌ അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഒരു തരം ഭ്രാന്തമായ ആവേശമായിരുന്നു. തെരുവോരങ്ങളിലും, കടലോരങ്ങളിലും, വഴിയമ്പലങ്ങളിലും നടന്നലഞ്ഞാണ്‌ തന്റെ സൃഷ്‌ടികള്‍ മുഴുവന്‍ കുത്തിക്കുറിച്ചെടുത്തിരുന്നത്‌. ഇരുന്നും കിടന്നും തലയില്‍ കൈവച്ചും അയ്യപ്പന്‍ സൃഷ്‌ടിയുടെ പേറ്റ്‌ നോവ്‌ ശരിക്കും അനുഭവിച്ചു. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കവി അലഞ്ഞു നടന്നിരുന്നത്‌ പിറക്കാന്‍ പോകുന്ന കവിതയുടെ പേറ്റ്‌നോവും പേറിയായിരുന്നുവെന്ന രഹസ്യം മറ്റാര്‍ക്കുമറിയില്ല. വെറുതെ എന്തിനാണ്‌ കവി ഇങ്ങനെ നടന്നലയുന്നതെന്ന്‌ കാഴ്‌ചക്കാര്‍ക്ക്‌ തോന്നാമെങ്കിലും പുതിയൊരു കവിത തേടിയുള്ള പാച്ചിലാണത്‌.

1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭര്‍ത്താവായ വി.കൃഷ്ണന്റെയും സംരക്ഷണയില്‍ നേമത്ത് വളര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010ലെ കവിതയ്ക്കുള്ള ആശാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

2010 ഒക്ടോബര്‍ 23ന് ചെന്നൈയില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ, ഒക്ടോബര്‍ 21ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പൊലീസിന്റെ ഫ്ലൈയിങ് സ്‌ക്വാഡ് വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കപ്പെടുന്നു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബര്‍ 26ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

മൃതദേഹത്തിന്റെ കൈമടക്കില്‍ നിന്നും അയ്യപ്പന്‍ അവസാനമായി ഒരു തുണ്ടു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിതാ ശകലം കണ്ടെത്തുകയുണ്ടായി. ചെന്നൈയില്‍ ആശാന്‍ പ്രൈസ്‌ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വായിക്കാന്‍ തയാറാക്കിയതാണെന്ന്‌ ഊഹിക്കുന്നു. പല്ല്‌ എന്ന്‌ പേരിട്ട ആ കവിത ഇങ്ങനെ:

‘അമ്പ്‌ ഏതു നിമിഷവും
മുതുകില്‍ തറയ്‌ക്കാം
പ്രാണനും കൊണ്ട്‌ ഓടുകയാണ്‌
വേടന്റെ കൂര കഴിഞ്ഞ്‌ റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്‌
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്‌
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക്‌ ഞാനിരയായി’

മരണം മുന്നില്‍ കണ്ട്‌ കവി എഴുതിയതു പോലെയാണ്‌ ഈ കവിത `അമ്പ്‌ ഏതു നിമിഷവും മുതുകില്‍ തറയ്‌ക്കാം പ്രാണനും കൊണ്ട്‌ ഓടുകയാണ്‌’ പ്രാണനും കൊണ്ട്‌ ഓടുമ്പോഴായിരുന്നു കാലന്റെ അമ്പ്‌ വന്ന്‌ തറച്ച്‌ കവി അയ്യപ്പന്‍ താഴെ വീണുപോയത്‌. ആധുനിക മലയാള കവിതയ്‌ക്ക്‌ അവദൂത മുഖം നല്‍കിയ കവി അങ്ങിനെ നമ്മളില്‍ നിന്നും അകന്നുപോയി, ഒരിക്കലും മരിക്കുകയില്ലെന്ന ഓർമപ്പെടുത്തലുമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ