എന്റെ തലമുറയില്‍പെട്ട പലരുടെയും യൗവനകാലത്തെ ത്രസിപ്പിച്ച കവിയാണ് ശ്രീമതി സുഗതകുമാരി. അവരുടെ കവിതകള്‍ പലരേയും അസാധാരണമായ അനുഭൂതിയില്‍ മുദ്ധമാക്കി. ഞാന്‍ എംഫില്ലിനു ചേര്‍ന്ന അവസരത്തില്‍ ആദ്യമായി ചെയ്യാന്‍ നിര്‍ദേശിച്ചത് ഒരു കവിതയെക്കുറിച്ച് ആസ്വാദനം തയാാറാക്കാനാണ്, ആയിടെ പ്രസിദ്ധീകരിച്ച ‘രാത്രിമഴ’ എന്ന കവിതയെക്കുറിച്ചാണ് ഞാന്‍ ലഘുപ്രബന്ധം തയാറാക്കിയത്. അതു പരിശോധിച്ച് അനുമോദിച്ച പ്രൊഫ. പി വേലായുധന്‍ പിള്ള ധാരാളം എഴുതണമെന്ന് ഉപദേശിച്ചു. ഞാന്‍ എഴുത്തുജീവിതം തുടങ്ങിയത് സുഗതകുമാരിയുടെ കവിതകളെക്കുറിച്ചുള്ള ആസ്വാദനത്തിലൂടൊണെന്നത് യാദൃശ്ചികം മാത്രം. പിന്നീട് അവരുടെ കവിതകള്‍ പഠിപ്പിക്കുകയും അവയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തപ്പോഴാണ് കേവല വൈകാരികത എന്നതിനപ്പുറം ആ കവിതകള്‍ എത്രയെത്ര വ്യത്യസ്ത മാനങ്ങള്‍ ആവിഷ്‌കരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്!
Also Read: കവയിത്രി സുഗതകുമാരി വിടവാങ്ങി; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്
സുഗതകുമാരിയുടെ കവിതകളുടെ അടിസ്ഥാന ശ്രുതി വിഷാദമാണെന്ന നിഗമനത്തില്‍, ദുഃഖാഭിരതി പ്രവണത പ്രദര്‍ശിപ്പിച്ചിരുന്ന കാല്‍പ്പനിക കവികളുടെ തുടര്‍ച്ചക്കാരിയായി മാത്രം അവരെ കാണുന്ന സ്ഥിതി കുറെക്കാലമായിട്ടെങ്കിലും നിലനിന്നിരുന്നു. എന്നാല്‍ വിശദമായ പഠനം സുഗതകുമാരിയുടെ കവിതകളിലെ ദുഃഖശ്രുതി കാല്‍പ്പനിക കവികളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നു വ്യക്തമാകും.
ആരു ചവിട്ടിത്താഴ്ത്തിലുമഴലിന്‍
പാതാളത്തിലൊളിക്കിലുമേതോ
പൂര്‍വസ്മരണയിലാഹ്‌ളാദത്തിന്‍
ലോകത്തെത്തും ഹൃദയം
(പാവം മാനവ ഹൃദയം)
എന്ന സമീപനം ദുഃഖത്തില്‍ ആണ്ടുമുങ്ങാന്‍ വ്യഗ്രത കാട്ടുന്ന കാല്‍പ്പനിക ചിത്തത്തിന്റേതില്‍നിന്ന് ഭിന്നമാണ്.
പാഴാലീയാനന്ദത്തി-
ന്നിളവെയ്ലേറ്റും കൊണ്ടു
വാഴുമീ മയങ്ങുന്ന
പൊയ്കതന്‍ കിനാവെക്കാള്‍
ഊഴിതന്‍ ദുഃസ്വപ്നങ്ങള്‍ പോല്‍
പിടയും കരളോലു-
മാഴിതന്ന സ്വസ്ഥമാം
തേങ്ങലാണെനിക്കിഷ്ടം
(ഏകാകി)
എന്നു മാത്രമല്ല ഹൃദയത്തിന്‍ മിന്നലും കൊടുങ്കാറ്റും തന്നെയാണെനിക്കിഷ്ടം എന്നു കൂടി അവര്‍ പറയുന്നു. അതുകൊണ്ടുതന്നെയാണ് ഒരിക്കലും കരള്‍ തകര്‍ക്കാത്ത മിന്നലിനെയും കൊടുങ്കാറ്റിനെയും സ്വാഗതം ചെയ്യുന്നതും. സംവേദനോത്ക്കടമെങ്കിലും സുധീരമായ മനുഷ്യത്വത്തെയാണ് സുഗതകുമാരി കീര്‍ത്തിക്കുന്നതെന്ന് ആദ്യ സമാഹാരമായ ‘മുത്തുച്ചിപ്പി’യുടെ അവതാരികയില്‍ ശ്രീമതി ബാലമണി അമ്മ പറയുന്നതും അതുകൊണ്ടു തന്നെയാകാം. ആ ഭാവഗീതികളെ, നവംബറിന്റെ ആരംഭത്തില്‍ കാശ്മീരിലെ പദ്മപുരിയിലെ പാടങ്ങളില്‍ നിലാവില്‍ കുളിച്ചുനില്‍ക്കുന്ന കുങ്കുമപ്പൂക്കളെപ്പോലെ ആഹ്‌ളാദിച്ചിരുന്നുവെന്നാണ് ശ്രീ ജി. ശങ്കരക്കുറുപ്പ് പറഞ്ഞത് (സ്വപ്നഭൂമി-അവതാരിക). ആരോഗവും ബലിഷ്ഠവുമായ അവരുടെ സ്‌നേഹദര്‍ശനം സാമൂഹ്യമോചനത്തെ പാര്യന്തിക ലക്ഷ്യമായിക്കാണുന്ന കര്‍മയോഗത്തിന്റെ ദര്‍ശനം തന്നെയാണെന്നാണ് എന്‍ വി കൃഷ്ണവാരിയരുടെ അഭിപ്രായം (പാവം മാനവഹൃദയം- അവതാരിക).
അകാരണവും അഹേതുകവുമായ ദുഃഖം സ്ഥായീഭാവമാകുന്ന നിരവധി കവിതകള്‍ സുഗതകുമാരി രചിച്ചിട്ടുണ്ട്. എന്നാല്‍ ആ ദുഃഖപ്രയാണം നിരാശയുടെ പടുകുഴിയില്‍ പതിക്കാന്‍ വേണ്ടിയല്ല, മറിച്ച് സത്യത്തിന്റെ സത്ത കണ്ടെത്താന്‍ വേണ്ടിയാണ്. അവരെ കാല്‍പ്പനിക കവികളുടെ രീതികളില്‍നിന്ന് വ്യത്യസ്തമാക്കുന്ന ഘടകവും അതു തന്നെ. തന്റെ ആദ്യകാല കവിതകളിലൊന്നായ ‘മുത്തുച്ചിപ്പി’യിലൂടെ സുഗതകുമാരി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചിപ്പിയുടെ തുറന്നഭാഗത്തിലൂടെ വീഴുന്ന ‘വിണ്ണിന്‍ കണ്ണീര്‍ത്തുള്ളി’യെ സത്യ സാക്ഷാത്കാര സമാനമായ മുത്താക്കി മാറ്റുന്ന പ്രക്രിയയെക്കുറിച്ചു പറയുന്ന കവിത വാസ്തവത്തില്‍ മനുഷ്യന്റെ വികാസത്തിന്റെ കഥ തന്നെയാണ് ദ്യോതിപ്പിക്കുന്നത്. ദുഃഖത്തെ ആത്മശുദ്ധീകരണത്തിന് ഉപയുക്തമാക്കുന്ന ചേതനയുടെ ബഹിര്‍സ്ഫുരണങ്ങളാണ് ‘കാളിയമര്‍ദ്ദനം’, ‘ഗജേന്ദ്ര മോക്ഷം’ എന്നിവ. ‘കാളിയമര്‍ദ്ദന’ത്തിലെ കാളിയന്‍ വേദനയില്‍ സംതൃപ്തിയും ഒപ്പം മോചനവും കാംക്ഷിക്കുന്നു. നീണ്ട രോഗത്തിന്റെ പിടിയിലമര്‍ന്ന് വേദനിക്കുമ്പോള്‍ തന്റെ രോദനത്തെ ഈശ്വരോന്മുഖമാക്കിത്തീര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന അവാച്യമായ ആനന്ദത്തെയാണ് ‘ഗജേന്ദ്ര മോക്ഷ’ത്തില്‍ പ്രകീര്‍ത്തിക്കുന്നത്. കാല്‍പ്പനികതയുടെ വേദനാലഹരിയും ആധുനികതയുടെ നൈഷ്ഫല്യബോധവും അല്ല ഇവിടെ പ്രകാശിതമാകുന്നത്. തന്റേതും അന്യന്റേതുമായ രുഗ്ണാവസ്ഥകളെ ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങള്‍, തന്റെ ചുറ്റുമുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ തുടങ്ങിയ ബാഹ്യ സംയോജകങ്ങളിലൂടെ കവി അവതരിപ്പിക്കുമ്പോള്‍ അവര്‍ ഊന്നുന്നത് ഭാരതീയ ദര്‍ശനത്തില്‍ തന്നെയയാണ്. അപ്രാപ്യത്തിനായുള്ള തൃഷ്ണയെ ഈശ്വരോന്മുഖമാക്കി പരിവര്‍ത്തനപ്പെടുത്തിയെടുക്കുന്നു എന്നിടത്താണ് ഈ കവിയുടെ ശക്തി. തനിക്കിതേ കഴിയൂയെന്ന് ‘പക്ഷിശാസ്ത്രം’ എന്ന കവിതയില്‍ അവര്‍ സൂചിപ്പിക്കുന്നുമുണ്ട്.
ആരെന്റെ കയ്യിലൊരു മണ്‍വീണയേകി, മമ
ചേതസ്സിലൊരഴല്‍ പാകി?
ആരെന്റെ കണ്ണില്‍ മിഴിനീരും മനസ്സില്‍ മൃദു-
താരസ്വരങ്ങളുമധീരമാം മൂകമാം
ഭീതമധരങ്ങളില്‍ നറുഗാനങ്ങളും ചേര്‍ത്തു
പാതയില്‍ വിട്ടു വിടനല്‍കി
(ധന്യത)
ആ വിധാതാവിനെ അവര്‍ എന്നും നമിക്കുന്നു. വെമ്പുന്ന ഓരോ ഹൃദയ ബന്ധവും ദുഃഖത്തിന്റെ നിറം മാറലുകള്‍ മാത്രമാണെന്ന് കരുതുന്ന കവിയെ സംബന്ധിച്ചിടത്തോളം കാളിയന്‍ ഒരു പ്രതീകമാണ്. ”….. തീവ്രവേദനയില്‍, കര്‍മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീര്‍ക്കുന്ന പീഢിതനായ മനുഷ്യാത്മാവും, ആ കര്‍മങ്ങള്‍ ഈശ്വര നിയമമാണെന്ന- സ്വര്‍ണത്തെ ശുദ്ധീകരിക്കുന്നന അഗ്‌നി നാളങ്ങളാണെന്ന- സനാതന സിദ്ധാന്തമാണ്,” കാളിയനിലൂടെ താന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അവര്‍ പറയുന്നു (എന്റെ കവിത-ഇരുള്‍ച്ചിറകുകള്‍). ജന്മനാ തനിക്കു വിധിച്ച ധര്‍മകര്‍മങ്ങള്‍ നിഷ്‌കാമ ഭക്തിയോടെ നിര്‍വഹിച്ചതാണ് സുഗതകുമാരിയുടെ വിജയത്തിന് ഹേതുവെന്ന് പ്രൊഫ. എന്‍ കൃഷ്ണപിള്ള സ്മരിക്കുന്നുണ്ട് (രാത്രിമഴ-അവതാരിക).
Also Read: കൃഷ്ണ കവിതയിലെ സാക്ഷ്യങ്ങൾ
വ്യക്തിഗതമായ വേദനകളെ വിശ്വഗതമായി വികസിപ്പിക്കുന്നതില്‍ സുഗതകുമാരിക്കുള്ള മികവിനെക്കുറിച്ച് ‘പാതിരാപ്പൂക്കള്‍’ എന്ന സമാഹാരത്തിനെഴുതിയ അവതാരികയില്‍ പ്രൊഫ. എസ് ഗുപ്തന്‍ നായര്‍ പ്രസ്താവിക്കുന്നു. തന്റെ ദുഃഖത്തിന്റെ സാമൂഹിക മാനത്തെ ഊട്ടിയുറപ്പിക്കുന്ന നിരവധി കവിതകള്‍ അവരുടേതായുണ്ട്. ‘ബീഹാര്‍’, ‘ബയാഹു’, ‘കൊളോസസ്’, ‘വിധി ദിനങ്ങള്‍’, ‘അഭയാര്‍ത്ഥിനി’, ‘ധര്‍മം എന്ന പശു’, ‘ധര്‍മത്തിന്റെ നിറം കറുപ്പാണ്’, ‘ഹേ രാമ’, ‘പുതിയ പാതാളം’, ‘സ്വാതന്ത്ര്യം 1976’, ‘ആഗസ്റ്റ് 15’, ‘1981’, ‘തലശേരികള്‍’, ‘പഞ്ചാബ്’, ‘സാരേ ജഹാം സേ അഛാ’, ‘ആദിവാസി സാക്ഷരത’ തുടങ്ങിയ നിരവധി കവിതകള്‍ അവരുടെ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്ക് ഉത്തമോദാഹരണങ്ങളാണ്. സമൂഹത്തിന്റെ അനീതികളെയും നിസ്സഹായതകളെയും ബലഹീനതകളെയും സംവേദനക്ഷമമായ മനസ് ഒപ്പിയെടുത്തതിന്റെ നേര്‍ക്കാഴ്ചകളാണ് ഈ കവിതകളെല്ലാം. അഹിംസയുടെയും ആദര്‍ശത്തിന്റെയും പാതയിലൂടെ സഞ്ചരിക്കെ (ഗാന്ധി ദര്‍ശനത്തെ ആധാരമാക്കി നിരവധി കവിതകള്‍ സുഗതകുമാരി രചിച്ചിട്ടുണ്ട്) ചുറ്റുമുള്ള ലോകം അതില്‍നിന്നും കീഴ്‌മേല്‍ മറിയുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പാണീ കവിതകള്‍. അത്തരമൊരു സാഹചര്യത്തില്‍
അന്നോളമൊറ്റയ്ക്കു വന്മണല്‍ക്കാട്ടിലായ്
നിന്നു വിളിച്ചു പറഞ്ഞതെല്ലാം
ആരുമറിഞ്ഞതില്ലാരുമേ കേട്ടതി-
ല്ലാരോരുമല്‍പ്പവും നിന്നതില്ല
(വിധി ദിനത്തില്‍)
എന്നവര്‍ വ്യാകുലപ്പെടുന്നു. ചുറ്റുമുള്ളവര്‍ നിണക്കത്തികള്‍ കൂര്‍പ്പിക്കുന്നത് ആര്‍ത്തന്റെ ‘അന്ത്യമാം നാണ്യവും കവരുവാന്‍ വെമ്പുകയാണല്ലോ’ എന്ന് പരിഭ്രമിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ നിറം കറുപ്പുതന്നെയെന്ന് കവിക്കു ബോധ്യപ്പെടുന്നു. മഹാബലി മടങ്ങിപ്പോകാതിരിക്കാനാണ് ഭൂമിയില്‍ ഞങ്ങള്‍ പുതിയ പാതാളം രചിക്കുന്നതെന്ന അഭിപ്രായം കേട്ട് ഞെട്ടുന്നു. ഇനി ഈ മനസില്‍ കവിതയില്ലെന്നു പറയാന്‍തക്കവണ്ണമുള്ള നൈരാശ്യത്തിലേക്ക് കവിയെത്തുന്നു. പക്ഷെ കവിക്ക് പാടാതെ വയ്യ.
വര്‍ത്തമാനകാല ജീവിതത്തിന്റെ തിക്തതകള്‍ കാണുന്ന കവിക്ക് താനുള്‍പ്പെടുന്ന വര്‍ഗത്തിന്റെ നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും നിസഹായതകള്‍ക്കും മുന്നില്‍ കണ്ണടയ്ക്കാനാവില്ല. ‘ഇവള്‍ക്കു മാത്രമായ്’ (അമ്പലമണി) പാടാന്‍ കവി യത്‌നിക്കുകയാണ്. സ്ത്രീത്വത്തിന്റെ വിവിധ വശങ്ങള്‍ അവരുടെ നിരീക്ഷണത്തിനു വിധേയമാകുന്നത് ‘ജെസി’, ‘പെണ്‍കുഞ്ഞ്-90’. ‘കാത്യ’, ‘തെരുക്കൂത്ത്’, ‘കൊല്ലേണ്ടതെങ്ങിനെ’, ‘അമ്മ’, ‘ദേവദാസിയുടെ പാട്ട്’ എന്നിങ്ങനെ ഒട്ടനവധി കവിതകളില്‍ സുഗതകുമാരി ആവിഷ്‌കരിക്കുന്നു (വനിതാ കമ്മിഷന്‍ അധ്യക്ഷ പദവി അവര്‍ വഹിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍ ഇതിനു സഹായിച്ചിരിക്കാം). ഭൂമിക്കുള്ളിലേക്ക് ആദ്യം മറയുന്ന സീതാപാദങ്ങളാണ് കവി എന്നും മനസില്‍ പ്രതിഷ്ഠിക്കുന്നത് (പാദപ്രതിഷ്ഠ). ഇതോടൊപ്പം തന്നെ ഗതകാല സ്വപ്നങ്ങള്‍ ആ കവി ചിത്തത്തില്‍ ശക്തമായി നില്‍ക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണ് അവരുടെ രാധാ-കൃഷ്ണ സങ്കല്‍പ്പ കവിതകള്‍. ‘ഒരു നിമിഷം’ എന്നതിന്റെ ധന്യതയില്‍ തുടങ്ങുന്ന ഒരു ഭാവം പിന്നീട് ‘കൃഷ്ണ നീയെന്നെ അറിയില്ല’, ‘രാധയെവിടെ’, ‘ഒരു വൃന്ദാവന രംഗം’, ‘ശ്യാമരാധ’, മറ്റൊരു രാധിക’ തുടങ്ങി നിരവധി കൃഷ്ണകവിതകളിലൂടെ ഈ സങ്കല്‍പ്പം വിവിധ മാനങ്ങള്‍ കൈവരിക്കുന്നു. നിഷ്‌കാമ പ്രേമത്തിന്റെ ആദിരൂപമായ രാധ മാറുകയാണ്. ‘രാധയെവിടെ’ എന്ന ദീര്‍ഘ കവിതയില്‍ ഉല്‍ക്കടപ്രേമം യുഗങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നതിന്റെ മനോഹരമായ ചിത്രം സുഗതകുമാരി കാഴ്ചവയ്ക്കുന്നു. സ്വപ്നത്തെയും യാഥാര്‍ത്ഥ്യത്തെയും സന്തുലനം ചെയ്യുന്നതു കൊണ്ടാണ് സുഗതകുമാരിയുടെ കവിതയ്ക്ക് കാലത്തിന്റെ ചേതനയെ ആവിഷ്‌കരിക്കാന്‍ കഴിയുന്നതെന്ന് ഡോ. എം ലീലാവതി അഭിപ്രായപ്പെടുന്നു (അമ്പലമണി- അവതാരിക).
Also Read: ഈ സ്നേഹം ഇനിയില്ലെന്നു വിശ്വസിക്കാനാവുന്നില്ല അമ്മേ; സുഗതകുമാരിയുടെ ഓർമകളിൽ നവ്യ
സ്ത്രീസ്വത്വത്തെ ഇത്രയേറെ മനസിലാക്കിയ കവിയ്ക്ക് പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെടാതെ തരമില്ല. നിലാവിനെയും മഴയെയും പൂക്കളെയും മേഘങ്ങളെയും സ്‌നേഹിച്ച ഒരു മനസ്, അവയ്ക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നസൈലന്റ് വാലി സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവരിലെ പ്രകൃതി സ്‌നേഹിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിത് സ്വാഭാവികം. . ‘സൈലന്റ് വാലി’, ‘വനരോദനം’, ‘അട്ടപ്പാടിയെ സ്വപ്നം കാണുന്ന ഞാന്‍’, ‘പാലപാവമാണ്’, ‘നിങ്ങളെന്‍ ലോകത്തെ എന്തു ചെയ്തു’തുടങ്ങി ഒട്ടനവധി കവിതകളില്‍ സുഗതകുമാരി പ്രകൃതി സംബന്ധിയായ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.
ആവര്‍ത്തനത്താല്‍ വിരസമാവാത്തത്
പ്രേമമെന്നല്ലാതെയെന്തു പാരില്‍
എന്നു പറയുന്ന സുഗതകുമാരിയ്ക്ക് പ്രേമത്തിന്റെ ധന്യതയെക്കുറിച്ചു പാടാതിരിക്കാന്‍ കഴിയി- സ്വപ്നലോകത്തിലെല്ല പച്ച മണ്ണിലെ പ്രേമത്തെ. ‘അത്രമേല്‍ സ്‌നേഹിക്കയാല്‍’ എന്ന കവിതയില്‍ ആദ്യകാലത്തുതന്നെ ഇത് അവര്‍ പറഞ്ഞുവച്ചിട്ടുണ്ട്. അനുരാഗികള്‍ക്കായ് കവിത കുറിച്ചു, ദൃഢമായ ദാമ്പത്യത്തിന്റെ ഉറപ്പ് അവര്‍ക്ക് ലോകത്തെ നേടാന്‍ കവചമായിരുന്നു. ‘ഒടുക്കത്തെ തിരുവോണം’, ‘രാത്രിയില്‍ ഗംഗോത്രിയില്‍’, ‘തനിച്ചു തനിച്ചിനി, ‘പോയതിന്‍ ശേഷം’ എന്നീ കവിതകളിലെല്ലാം ദാമ്പത്യത്തിന്റെ മാധുര്യം അനുഭവിച്ചറിയാനാകും.
സമാന ഹൃദയര്‍ക്കു വേണ്ടിയാണ് സുഗതകുമാരി എന്നും കവിതയെഴുതുന്നത്. എവിടെയോ സമാന ഹൃദയര്‍ വസിക്കുന്നുണ്ട് എന്റെ ഉയിരിനെ അറിയുന്നുണ്ടെന്നു നിനക്കേ കവിയുടെ കണ്ഠം വീണ്ടും തെളിയുന്നു
നിഷ്ഫലമല്ലീ ജന്മം, തോഴ
നിനക്കായ് പാടുമ്പോള്‍
നിഷ്ഫലമല്ലീ ഗാനം, നീയതു
മൂളി നടക്കുമ്പോള്‍
എന്നു കവി പറയുമ്പോള്‍ കൈരളിയും ചാരിതാര്‍ത്ഥ്യം കൊള്ളുന്നു. ശ്രീമതി ബാലാമണി അമ്മ സൂചിപ്പിച്ചപോലെ ഒരുദാര സഹാനുഭൂതിയും കുളിര്‍മയും തെളിമയും മലയാള സാഹിത്യം അനുഭവിക്കുകയും ചെയ്യുന്നു. മലയാളത്തിന്റെ പ്രിയ കവി ഈ ഭൂമിയില്‍നിന്ന് മറഞ്ഞാലും മലയാള മനസ്സില്‍ മരിക്കുന്നില്ല. തൂകിയ വെളിച്ചം ഞങ്ങളുടെ മാര്‍ഗം എന്നും പ്രഭാപൂരിതമാക്കും.