scorecardresearch

പ്രളയവാരിധി നടുവില്‍ നാം

"കൊക്കിൽ ചില്ലയുമായി തിരിച്ചുവരാൻ പ്രാവ് ഇത്തിരി വൈകി"

"കൊക്കിൽ ചില്ലയുമായി തിരിച്ചുവരാൻ പ്രാവ് ഇത്തിരി വൈകി"

author-image
PN Gopikrishnan
New Update
p n gopikrishnan ,poem,malayalam poem,

അപ്പോൾ

മനുഷ്യർക്ക് വേണമെങ്കിൽ

പല മൃഗങ്ങൾ ആകാൻ കഴിയും.

ഇന്നലെ ജീവിച്ച പോലെ

ഇനി ജീവിക്കാൻ പോകുന്ന പോലെ.

മനുഷ്യർക്ക് വേണമെങ്കിൽ

ഒരു മൃഗമാകാൻ കഴിയും.

കോടിക്കണക്കിന് കൈകളും

കോടിക്കണക്കിന് കാലുകളും

ഒരു ഉറച്ച തലച്ചോറും

ഉള്ള മൃഗം.

അതാണ്,

അതാണ്,

ഇന്ന് ജലത്തിൽ

നീന്തിക്കയറിയത്.p n gopikrishnan ,poem,malayalam poem,

 മണ്ണിനടിയിലെ വിത്തുകൾ

വൈത്തിരിയിൽ

ലില്ലി എന്ന പൂവിന്റെ പേരുള്ള സ്ത്രീയെ

മണ്ണ് വിഴുങ്ങുമ്പോൾ

കുന്നിന്റെ മറ്റേ ചെരുവിൽ

ഞാനുണ്ടായിരുന്നു.

അങ്ങോട്ടോ ഇങ്ങോട്ടോ

എന്ന കുന്നിന്റെ ത്രാസ്സ്

എങ്ങനെയാകും

വിധിച്ചിരിയ്ക്കുക?publive-image

ഒരു പ്രാചീന കർഷകനെപ്പോലെ

അത് ഒരു വിത്തിനെ പൊളിക്കുകയായിരുന്നോ?

തൊണ്ടും വിത്തും വേർപിരിഞ്ഞ

ലോകത്താണ്

ഇപ്പോൾ ഞങ്ങൾ വസിക്കുന്നത്.

മണ്ണിന്നടിയിൽ

മാഞ്ഞവയെല്ലാം

മുളക്കേണ്ട വിത്തുകൾ.

മുകളിൽ ബാക്കിയായവ

ചീയേണ്ട തൊണ്ടുകൾ.

സുൽത്താൻ ബത്തേരിയിൽ

(സതീഷിനും ശൈലജയ്ക്കും)

സുൽത്താന്റെ ബത്തേരിയിലിരുന്ന്

അപ്പോൾ അവർ സംസാരിച്ചത്

ടിപ്പുവിനെക്കുറിച്ചല്ല.

മരിക്കാൻ പോകുന്ന

മൃഗങ്ങളെക്കുറിച്ചായിരുന്നു.

ഒരു കാട് മുഴുവൻ മുഴക്കുന്ന

കേൾക്കാൻ കഴിയാത്ത,

കാണാൻ മാത്രം കഴിയുന്ന,

കരച്ചിലിനെക്കുറിച്ചായിരുന്നു.p n gopikrishnan ,poem,malayalam poem,

തടസ്സപ്പെട്ട ചുരത്തിൽ

വിലങ്ങിക്കിടക്കുന്ന ബസ്സുകളെക്കുറിച്ചല്ല

അവർ പറഞ്ഞത്.

റോഡിൽ ആഞ്ഞുപതിഞ്ഞ

വൃക്ഷങ്ങളുടെ

ചിതറിയ തലച്ചോറുകളെക്കുറിച്ച്.

അവർ പറയുന്നതിലേയ്ക്ക്

കണ്ണുകളെ പരിശീലിപ്പിച്ചെടുക്കാൻ

നമുക്ക്

കലാമണ്ഡലത്തിനൊപ്പം

കരുണാമണ്ഡലവും വേണം.

തിരുവനന്തപുരം- ഹൗറ എക്സ്പ്രസ്സ്

എന്നത്തേക്കാളും

തണുത്ത പാളങ്ങളിലൂടെ ഓടുമ്പോൾ

ഇടയ്ക്കിടെ

തിരുവനന്തപുരം – ഹൗറ എക്സ്പ്രസ്സിന്റെ

നട്ടെല്ലില്ലൂടെ

മരവിപ്പിന്റെ കൊള്ളിമീനുകൾ

പാഞ്ഞുപോയി.

ഉള്ളിൽ അവർ

ഒന്നും മിണ്ടാതെ

ചായ കുടിയ്ക്കുകയായിരുന്നു.

അവർ അവർക്കുവേണ്ടിയല്ല

ചായ കുടിച്ചിരുന്നത്.

തലേന്ന്

തങ്ങളുടെ കണ്ണുകളിലൂടെ ഊർന്നുപോയവർ

ഇപ്പോൾ മണ്ണിനടിയിൽ

ഉണർന്നു കാണും.

ഉശിരുള്ള ഒരു ചായയ്ക്ക്

വാ പിളർന്നുകാണും.

ഇരുമ്പിന്റെ മണമുള്ള

ഈ വാട്ടച്ചായയെങ്കിലും

അവരുടെ വായ് നനയ്ക്കട്ടെp n gopikrishnan ,poem,malayalam poem,

 ആശ്വാസകേന്ദ്രത്തിൽ

വൈത്തിരി വിടുമ്പോൾ

അവസാനം കണ്ട തീക്കുരുവി

ഇപ്പോൾ എവിടെയായിരിക്കും ?

എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ

അതെന്നെ തിരിച്ചറിയുമോ ?

ഞാൻ അതിനെയും ?

ഉണ്ടാകില്ല .

അതിനാൽ

ദുരിതാശ്വാസകേന്ദ്രത്തിലെ

സുഹൃത്തിന്റെ കൈയ്യിലെ ഓറഞ്ചിനെ

ആ തീക്കുരുവിയുടെ ഉടലായി

ഞാൻ സങ്കൽപ്പിക്കുന്നു .p n gopikrishnan ,poem,malayalam poem,

കണ്ടാൽ തിരിച്ചറിയാത്ത

അനേകം കണ്ടുമുട്ടലുകളുടെ

കവിതാപ്പുസ്തകമായി

ഈ ദിവസത്തെ സങ്കൽപ്പിക്കുന്നു .

അതിന്റെ ഊർജ്ജത്തിൽ

ചുമരിൽ അപ്പോൾ ഒട്ടിച്ച ചിത്രത്തിന്റെ

"പ്രളയപടം" എന്ന തലക്കെട്ട്

അവിടെ തന്നെയിരുന്ന്

ഒരു കണ്ണുകൊണ്ട് മായ്ക്കുന്നു .

മറ്റേ കണ്ണുകൊണ്ട്

"നോഹയുടെ പെട്ടകം "

എന്നെഴുതി വെയ്ക്കുന്നു

നൃത്തം ചെയ്യുന്ന അമ്മുമ്മ

തല താഴ്ത്തയിരിക്കുന്ന ആണുങ്ങളെ

നാവുകൊണ്ട് തല്ലിയാണ്

അമ്മുമ്മ പ്രവേശിച്ചത്.

"പോളിയോ പിടിക്കാൻ

നിന്റെ തലയെന്താ കാലാണോ?"p n gopikrishnan ,poem,malayalam poem,

നൃത്തവും പാട്ടും കഴിഞ്ഞ്

ക്യാംപിൽ , ആരോ വിരിച്ച പായിൽ

അവർ കിടന്നു.

പ്രാർത്ഥിച്ചു.

"ആകാശത്തിന്റെ ഭാരം പേറുന്ന

ചുമലുകളെ താങ്ങാൻ

ഇത്തിരി കലയുടെ ചികിത്സ

എന്നും ലഭിക്കേണമേ"

ഒരു ചിഹ്നവും നിശ്ചലമല്ലp n gopikrishnan ,poem,malayalam poem,

കൊക്കിൽ ചില്ലയുമായി

തിരിച്ചുവരാൻ

പ്രാവ് ഇത്തിരി വൈകി.

ചങ്ങാടം അപ്പോഴേയ്ക്കും

ചിതറിപ്പോയി .

അത് ജലത്തിനുമീതെ

പറന്നുകൊണ്ടിരിക്കുകയാണ്

ആരുടെയെങ്കിലും കണ്ണിൽപ്പെട്ട്

പ്രത്യാശയുടെ ചിഹ്നമാകാൻ .

Poem Malayalam Writer Poet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: