ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ആദ്യം വായിക്കുന്നത് പതിനഞ്ചാം വയസ്സിലാണ്. സാഹിത്യ വാരഫലത്തിലൂടെ ചിരപരിചിതനായിക്കഴിഞ്ഞിരുന്നുവെങ്കിലും പത്തു കഴിഞ്ഞ് പ്രീഡിഗ്രിക്കു മുന്‍പുള്ള നേരത്താണ് മാര്‍ക്കേസ് കൈയിലെത്തുന്നത്. മലയാളത്തിൽ വന്ന ആ പരിഭാഷ കിട്ടിയപ്പോള്‍ത്തുടങ്ങി, പയ്യന്നൂര്‍ കോളജ് ലൈബ്രറി മുതല്‍ ഒതുക്കുകളിറങ്ങി ബസ് സ്റ്റോപ്പെത്തുന്നതുവരെയുള്ള ഇടവഴിയിലും, മാറിക്കയറേണ്ട രണ്ടു ബസ്സുകളില്‍ നിന്നും ഇരുന്നും, ബസ്സിറങ്ങി വീടുവരെ നടന്നുകൊണ്ടും, തുണിമാറുക പോലും ചെയ്യാതെ ചാരുകസേരയിലേക്കു ചാഞ്ഞും, ഇരുള്‍ വീണപ്പോള്‍ അമ്മ കൊണ്ടുവച്ച മണ്ണെണ്ണവിളക്കിന്റെ വെട്ടത്തില്‍ വിശപ്പും ദാഹവുമറിയാതെയും ഉറങ്ങാതെയും വായിച്ചു തീര്‍ത്ത്, രാവോ പകലോ എന്നു തിട്ടമില്ലാതെ, പനിയില്‍ നിന്നുമെഴുന്നേറ്റവനെപ്പോലെ വേച്ചുവേച്ച് നടന്ന് കട്ടിലിലേക്ക് വീണതും ഇന്നലെയെന്ന പോലെ. വായനയുടെ ഹാങ്ങ് ഓവറിൽ തുടർന്നുള്ള ദിവസങ്ങളിൽ ഉറക്കമുണർന്നു കഴിഞ്ഞാൽ, ഔറീലിയാനോയുടെ ചിതറിപ്പോയ മക്കളിലൊരുവനാണ് ഞാനെന്നും നെറ്റിയിൽ ചാരക്കുരിശു തെളിഞ്ഞു വെളിപ്പെട്ടു വരികയെന്നത് അത്രമേൽ സ്വാഭാവികമായിരിക്കുമെന്നും വിശ്വസിച്ചുകൊണ്ട്, സ്വപ്നത്തുടർച്ചപോലെ, തപ്പിനോക്കുമായിരുന്നു ഞാൻ.
മാർക്കേസിനെ നേരിട്ടു കാണുക എന്നത് അന്നേ മനസ്സിൽക്കരുതിയ സ്വപ്നമായിരുന്നു. പഠനം കഴിഞ്ഞ് ജോലി തുടങ്ങിയപ്പോൾ അത് പ്രയോറിറ്റി ലിസ്റ്റിങ്ങിൽ ഒന്നാമതു തന്നെയായിരുന്നു. പോയാൽത്തന്നെ കാണാൻ പറ്റുമോ, കണ്ടാൽത്തന്നെ മിണ്ടാൻ പറ്റുമോ? വീടിനു കുറുകെയുള്ള പാർക്കിലെ ബെഞ്ചിൽ ഫ്ലോറന്റീനോയെപ്പോലെ ഒളിച്ചിരുന്നു നോക്കേണ്ടി വരുമോ? ഗാബോയെ ഹെമിങ്ങ്‌വേ എന്ന പോലെ തെരുവിന് എതിരേ നിന്ന് എന്നെ കൈയുയർത്തിക്കാണിക്കുകയാണോ ചെയ്യുക? കപ്പൽ യാത്രയിലെങ്കിൽ ക്യാപ്റ്റന് കൈക്കൂലി കൊടുത്ത് ഡെക്കിന്റെ കൈവരിയിൽ മഴയും കൊണ്ട് കാത്തു നിന്നിട്ടു കാര്യമുണ്ടാവുമോ? ഒരു നിശ്ചയവുമില്ലെങ്കിലും സുഗന്ധ ദ്രവ്യങ്ങളായ കുരുമുളകും ഏലവും സമ്മാനിക്കാൻ മരത്തിന്റെ, കൊത്തുപണികളുള്ള, ഇരട്ടയറകളുള്ള മനോഹരമായ ഒരു ചെപ്പ് വാങ്ങിവച്ചെങ്കിലും പലപല കാരണങ്ങളാൽ യാത്ര നീണ്ടു. തിരയൊഴിയാൻ കാത്തു നിൽക്കുന്ന നാവികനെപ്പോലെ ഇക്കരെ ഞാനും പസിഫിക്കിനുമപ്പുറം ഗാബോയും. എല്ലാം ഒത്തു വന്നപ്പോള്‍ അന്ന് ഡി.സി. ബുക്സിലുണ്ടായിരുന്ന സിദ്ധാര്‍ത്ഥനോടും മറ്റുമൊക്കെ യാത്രക്കൊരുങ്ങുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. പക്ഷേ, ഞാനടക്കം ലക്ഷക്കണക്കിന് ആരാധകരെ ആശങ്കയിലും നിരാശയിലുമാഴ്ത്തിക്കൊണ്ട്, ലിംഫോമയായും ഡെമന്‍ഷ്യയായും തീവണ്ടി പോലെ കുതിച്ചു വന്ന അസുഖങ്ങളുടെ അകന്നുപോകുന്ന കമ്പാര്‍ട്ട്മെന്റിലായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും ഗാബോ.
ഗ്രീക്ക് പെയ്ന്ററും ഫൊട്ടോഗ്രഫറുമായ ദിമീത്രിയോസ് യേരോസ് കവി സി.പി കവഫിയുടെ കവിതകൾക്ക് ഫൊട്ടോഗ്രഫിക് ഇലസ്‌ട്രേഷൻ നൽകാനുള്ള പ്രോജെക്റ്റ് ചെയ്യുകയായിരുന്നു. പ്രശസ്തരായ എഴുത്തുകാരും ആർട്ടിസ്റ്റുകളുമായിരുന്നു അതിനു വേണ്ട മോഡലുകളായി നിന്നിരുന്നത്. ഇത്തക്കാ എന്ന കവിതയ്ക്ക് പോസ് ചെയ്യാൻ മാർക്കേസിനെയായിരുന്നു ദിമീത്രിയോസ് മനസ്സിൽ കണ്ടിരുന്നത്.
2006 ൽ ഒരു റെസ്റ്റൊറോണ്ടില്‍ വച്ച് ലഞ്ചു കഴിക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ആർട്ട് ഡീലറിൽ നിന്നും ടെലിഫോൺ നമ്പറും അഡ്രസ്സും ലഭിച്ചെങ്കിലും ഏറെ ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് മെക്സിക്കോ സിറ്റിയിലുള്ള വീട്ടിൽച്ചെന്ന് മാർക്കേസിനെക്കാണാൻ സമ്മതം ലഭിക്കുന്നത്. ഇംഗ്ലീഷ് അറിയുമെങ്കിലും സംസാരിക്കാത്തതുകൊണ്ട് ദ്വിഭാഷിയെക്കൂട്ടിക്കൊണ്ടുവേണം ചെല്ലാനെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. പിറ്റേന്ന് പറഞ്ഞുറപ്പിച്ച നട്ടുച്ചയ്ക്ക് ചെന്നതേ ചിരപരിചിതരെന്ന പോലെ രാഷ്ട്രീയം, പെയ്ന്റിംഗ്, ഗ്രീസ്, ഹോമർ തുടങ്ങിയവയെക്കുറിച്ച് സംസാരമായി. ദിമീത്രിയോസിനെക്കുറിച്ച് മനസ്സിലാക്കിത്തന്നെയാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. വലിയ, ഇരുനിലകളുള്ള വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് സംസാരം ശ്രവിക്കുമ്പോൾ ആ സൗഹൃദത്തില്‍ സുരക്ഷിതത്വമാണ് അനുഭവപ്പെടുകയെന്ന് ദിമീത്രിയോസ് സാക്ഷ്യപ്പെടുത്തുന്നു. വാക്കു പറഞ്ഞാൽ അതു പാലിക്കുമെന്ന് നമുക്ക് ഉറപ്പാക്കാമെന്നും, കൈപിടിച്ചു കുലുക്കുമ്പോൾ ഊഷ്മളത അനുഭവിപ്പിക്കുന്ന, കലർപ്പില്ലാതെ ചിരിക്കുന്ന, അനിഷ്ടമുള്ള വിഷയങ്ങളെ തമാശയിൽ മുക്കി, മറയില്ലാതെ സംസാരിക്കുന്ന അദ്ദേഹം, എന്നാൽ ഏതുകാര്യത്തിലാണോ നിഷേധാത്മകമായ തീരുമാനമുള്ളത് അതിൽ കടുംപിടുത്തക്കാരനുമായിരുന്നു എന്നും ബോദ്ധ്യമാവും.
സംസാരം കഴിഞ്ഞ് ഫൊട്ടോ എടുക്കാൻ മുറി വിട്ട് തെളിച്ചമുള്ള മുറ്റത്തേക്കിറങ്ങാമെന്നു തീരുമാനമായി. പഴയ ഫിലിം ക്യാമറയാണ് ദിമീത്രിയോസിന്റേത്; പ്ലേ ബാക്കോ ഇൻസ്റ്റന്റ് റിവ്യൂവോ പറ്റില്ലെന്നർത്ഥം. പുല്ലു പിടിപ്പിച്ച, ശ്രദ്ധാപൂർവ്വം ചെടികൾ നട്ടിരിക്കുന്ന, വലിയ പൂന്തോട്ടം. ഓഫീസ് മുറിയുടെ പുറത്തെ വരാന്തയോടു ചേർന്ന് ഫ്രാൻസിസ് പുണ്യാളന്റെ ഒരു കൽപ്രതിമ. അതിനടുത്ത് ഒരു കൂട്ടിൽ പെപീത്തോയെന്നു പേരുള്ള, വലിയൊരു പെൺ തത്ത; മെർസേദെസിന്റെ മുപ്പത്തഞ്ചു വർഷത്തെ കൂട്ട്! ഫൊട്ടോയ്ക്ക് പോസുചെയ്യാൻ പറഞ്ഞതോടെ സംഗതിയാകെ മാറി. ആദ്യമായിട്ടെന്ന പോലെ, പേടിച്ചരണ്ട്, അനക്കമോ ചിരിയോ പോലുമില്ലാതെ അറ്റൻഷനായാണ് ഗാബോയുടെ നിൽപ്പ്. പുഞ്ചിരി തൂകി നിൽക്കുന്ന ഗാബോ ആണ് ആരാധകരുടെ മനസ്സിൽ; അതു പകര്‍ത്താനാണ് ദിമീത്രിയോസ് ശ്രമിക്കുന്നതും. ക്യാമറ തന്റെ നേരെ തിരിച്ചാൽ എങ്ങനെ പരിഭ്രമിക്കാതിരിക്കാനാവുമെന്ന് മറുചോദ്യം! വൈഡ് ആംഗിളിലേക്ക് മാറിയപ്പോൾ മസിലുപിടുത്തത്തിന് ലേശം അയവു വന്നു. ഇലസ്ട്രേഷന് വേണ്ടി പോസു ചെയ്യണമെങ്കിൽ പ്രതിഫലം വേണ്ടിവരുമെന്നും, തൽക്കാലം പകരമായി ഒരു പെയ്ന്റിങ് കൊടുത്താൽ മതിയെന്നും, ഒടുവിലായപ്പോഴേക്കും, നർമ്മവും. ആളൊഴിഞ്ഞ വഴിയുടെ നടപ്പാതയിൽ ഒരു കൈയിൽ നിവർത്തിയ കുടയും മറ്റേക്കയ്യിൽ എഴുത്തുകടലാസുകളും പിടിച്ച് ആധുനിക യുളിസസ്സിനെപ്പോലെ പോസു ചെയ്യുന്ന മാര്‍ക്കേസ്, റോഡിനു നടുക്ക് നിന്ന് ഫൊട്ടോയെടുക്കുന്ന ദിമീത്രിയോസിനെ വണ്ടിയിടിക്കുമോയെന്ന പേടിയിൽ, തിരിഞ്ഞും മറിഞ്ഞും ചില ചിത്രങ്ങളെ നാശമാക്കുകയും ചെയ്തു! ഫൊട്ടോ സെഷൻ കഴിഞ്ഞ് നീട്ടിയ പുസ്തകങ്ങളിലൊന്നില്‍ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിലെ ആദ്യ വരി എഴുതിക്കൊടുക്കുകയും യാത്രയയക്കാൻ ഗേറ്റ് വരെ ചെന്ന് വണ്ടി അകന്നുമറയുന്നതുവരെ കാത്തു നിൽക്കുകയും ചെയ്തു, മഹാനായ ആ ആതിഥേയൻ!
അടുത്ത വർഷം കൊളമ്പിയയിൽ ജന്മദേശമായ അരക്കത്തക്കയിൽ പൗരാവലി സംഘടിപ്പിക്കുന്ന എൺപതാം പിറന്നാളാഘോഷങ്ങൾക്ക് മാർക്കേസ് ചെല്ലുന്നുണ്ടെന്നറിഞ്ഞ ദിമീത്രിയോസ് സമ്മാനിക്കാൻ ഒരു പെയ്ന്റിങ്ങുമായി കാർത്തഹീനയിലേക്ക് വച്ചുപിടിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യമായിക്കിടക്കുന്ന റെയിലിലൂടെ, ആദരസൂചകമായി, തീവണ്ടിയിലാണ് പ്രിയപ്പെട്ട ഗാബോയെ ജന്മനാട്ടിലേക്ക് ആനയിക്കുന്നത്. ആയുധധാരികളായ പൊലീസുകാരുടെ അകമ്പടിയോടെയാണ് യാത്രകൾ. എന്നും തിരക്കും സന്ദർശകരും; വീട്ടിലെ ഫോൺ എടുക്കുന്നതാവട്ടെ ഇംഗ്ലീഷ് അറിയാത്ത ഒരു സ്ത്രീയും. വരവറിയിക്കാൻ ഒരു കുറിപ്പെഴുതി വാതിലിനടിയിൽ ഇടാൻ ഏർപ്പാടാക്കിയെങ്കിലും തിരിച്ചുവിളി ഉണ്ടായതേയില്ല. കറങ്ങിനടന്ന് കാർത്തഹീനയിലെ തെരുവിന്റേയും ആളുകളുടെയുമൊക്കെ ഫൊട്ടോയെടുത്ത് ഒടുവിൽ തിരിച്ചുപോവേണ്ട ദിവസമായി. ഹതാശനായി പെട്ടികളൊരുക്കി വയ്ക്കുന്നതിനിടയ്ക്കാണ് ഫോൺ വരുന്നത്. ഘനഗാംഭീര്യ ശബ്ദത്തിൽ മറുതലയ്ക്കൽ ഗാബോ. അന്ന് തിരിച്ചുപോവുകയാണെന്നു പറഞ്ഞപ്പോൾ എന്നാൽ ഇപ്പോൾത്തന്നെ അങ്ങോട്ടു വന്നു കളയാമെന്ന് പറഞ്ഞ് ധൃതിയിൽ ഫോൺ കട്ടു ചെയ്ത് ഉടനെ ഹൊട്ടേലിലെത്തുകയും ചെയ്തു. അവിടുത്തെ ജീവനക്കാരുടേയും ചില താമസക്കാരുടേയും കൂടെ നിന്ന് ഫൊട്ടോയെടുത്ത് കൂടുതലാളുകൾ എത്തുന്നതിനു മുൻപ് വേഗം മുറിയിലേക്കോടിക്കയറി. വഴിയിലിറങ്ങിയാൽ ആളുകൾ തടഞ്ഞു നിർത്തി തങ്ങള്‍ ഹൃദിസ്ഥമാക്കിയ വരികൾ ചൊല്ലിക്കേൾപ്പിക്കാറുണ്ടെന്നും ചില സ്ത്രീകൾ, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ തങ്ങളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു എന്ന്, കാണുമ്പോൾ കണ്ണീരൊഴുക്കാറുണ്ടെന്നും അക്കാരണത്താൽ, ആളുകളുടെ ജീവിതം കുട്ടിച്ചോറാക്കിയെന്നു പറഞ്ഞ്, അടികിട്ടുമോയെന്ന ഭയം കൊണ്ടാണ് തെരുവിലിറങ്ങി നടക്കാൻ പേടിയത്രേ! കസേരയിലിരുത്തി പടമെടുപ്പു തുടങ്ങിയപ്പോഴാവട്ടെ കാര്യങ്ങൾ പഴയ പടി ബലംപിടുത്തം തന്നെ! ഒരു മേശ കൂടി ഇട്ടുകൊടുത്തപ്പോൾ ടെന്‍ഷന്‍ കുറയ്ക്കാന്‍ പാട്ടു മൂളിക്കൊണ്ട് പിയാനോ വായിക്കുന്നതുപോലെ മേശമേൽ വിരലുകളോടിക്കാൻ തുടങ്ങി. പോവാൻ നേരം പൊലീസുകാരന്റെയും ദ്വിഭാഷിയുടേയും കൂടെ നിന്ന് പോസ് ചെയ്യാൻ മറന്നതുമില്ല!
ഗ്രീസിൽ ചെന്നുകഴിഞ്ഞ് ഫിലിം റോൾ ഡെവലപ് ചെയ്തു കഴിഞ്ഞപ്പോള്‍ കുറച്ചുകൂടെ ചിത്രങ്ങൾ ചേർക്കാനായാൽ അതൊരു പുസ്തകമാക്കാനാവുമല്ലോയെന്ന ചിന്തയുണ്ടായി. ഗാബോയ്ക്കും അതു ബോധിച്ചു. പ്രത്യേകിച്ച് ഉദ്ദേശങ്ങളൊന്നും കൂടാതെയെടുത്ത ആ ചിത്രങ്ങൾ, നിത്യജീവിതത്തിൽ ഗബ്രിയേൽ ഗാർസിഅ മാർക്കേസ് എങ്ങനെയായിരുന്നുവെന്നു മനസ്സിലാക്കാൻ, അദ്ദേഹത്തെക്കാണാനും അടുത്തറിയാനും കൊതിച്ച് നിരാശരായ ആരാധകര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യുമല്ലോ!
അടുത്തവർഷവും , ദിമീത്രിയോസ് മെക്സിക്കോയിലെത്തി. മുൻകൂട്ടിയുറപ്പിച്ച ദിവസത്തിന്റെ തലേന്ന് ഗാബോയുടെ ഉറ്റസുഹൃത്തും അയൽവാസിയുമായ അൽവാരോ മൂത്തിസിന്റെ വസതിയിൽച്ചെന്ന് തിരികെ വരുമ്പോഴുണ്ട് മാർക്കേസും മെർസേദെസും ഹൊട്ടേലുടമയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു! ദിമീത്രിയെക്കണ്ട മെർസേദെസ് കൈവീശിക്കാണിച്ചു. അടുത്തുചെന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ മുഖം ഓർത്തെടുക്കാൻ പാടുപെടുന്ന മാർക്കേസിനെയാണ് കാണേണ്ടി വന്നത്. കൈയിലെ കവറിലുണ്ടായിരുന്ന പഴയ സന്ദർശനത്തിന്റെ ഫൊട്ടോകൾ കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ സെലക്റ്റീവ് മെമ്മറി ഉണരുകയും ആ ചിത്രമെടുത്ത നിമിഷം ഓർത്തെടുക്കുകയും ചെയ്തു. അന്നവിടെ രാജകീയമായ ഹൊട്ടേൽ ലോഞ്ചിൽ വച്ച് കൈയോടെ രണ്ടുപേരെയും ചേർത്തൊരു ചിത്രമെടുക്കാൻ എന്തുകൊണ്ടോ ദിമീത്രിയോസ് വിട്ടുപോയി. പിറ്റേന്ന് കാണുമ്പോൾ ഒരെണ്ണം എന്തായാലും എടുക്കണമെടുക്കണമെന്ന് തീർച്ചപ്പെടുത്തിയിരുന്നുവെങ്കിലും പല്ലുവേദനയുമായി ഡെന്റിസ്റ്റിന്റെ അടുത്തായിരുന്നു മെർസേദെസ് അന്ന്!
അത്തവണ ചെല്ലുമ്പോള്‍ ദിമീത്രിയോസ് ഒരു കുഞ്ഞു മീനിന്റെ ശില്‍പത്തെ കൈയില്‍ കരുതിയിരുന്നു. മാര്‍ക്കേസിന്റെ മുത്തച്ഛനും കേണല്‍ ഔറീലിയാനോയും സ്വര്‍ണ്ണമത്സ്യങ്ങളെ ഉണ്ടാക്കുന്നവരായിരുന്നല്ലോ. കൗതുകത്തോടെ അദ്ദേഹമതെടുത്ത് കണ്ണിനു നേരെ പിടിച്ച്, ‘സ്വര്‍ണ്ണമായിരുന്നെങ്കില്‍ നല്ല വില കിട്ടിയേനേ’ എന്നു പറയുന്ന ഒരു നിമിഷം ക്യാമറ ഒപ്പിയെടുക്കുന്നുണ്ട്. എന്നാലോ, ക്യാമറയിലേക്ക് ശ്രദ്ധതിരിഞ്ഞതോടെ വീണ്ടും ബലം പിടുത്തമായി. തന്നെയല്ല ഭയം, തന്റെ ക്യാമറയെയാണ് എന്നാണ് ന്യായം! ഓഫീസ് മുറിയില്‍ റിച്ചഡ് അവിഡോൺ 1976ല്‍ എടുത്ത ഫൊട്ടോ സെക്രട്ടറിയുടെ മേശക്കെതിരെയായി തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ഒരു ചെറിയ സ്റ്റൂൾ ഇട്ട് മാര്‍ക്കേസിനെ അതില്‍ക്കയറ്റി നിര്‍ത്തി ചേർത്ത് ഒരു ഫൊട്ടോയെടുത്തു. അതിമനോഹരമാണ് ആ ചിത്രം! പിന്നീട് മേശമേല്‍ പേപ്പര്‍ വച്ച് എഴുതുന്ന വിരലുകളുടെ ഫോട്ടോയെടുക്കുമ്പോള്‍ മാര്‍ക്കര്‍ കൊണ്ട് തന്റെ ഒരു കാരിക്കേച്ചര്‍ വരച്ച് സമ്മാനിക്കുന്നുമുണ്ട് ഗാബോ.
പിന്നീടത്തേയ്ക്ക് മാറ്റി വച്ച കൂടിക്കാഴ്ചകളൊന്നും തന്നെ നടന്നില്ല. 2014 ഏപ്രില്‍ പതിനേഴിന് ‘ഫോറെവർ’ എന്ന അനന്ത തീരം ലക്ഷ്യമാക്കി പ്രിയപ്പെട്ട ഗാബോ യാത്രയായതു ചരിത്രം.
അങ്ങനെയെടുത്ത ഫൊട്ടോകള്‍ ചേര്‍ത്ത് ‘ഫൊട്ടോഗ്രഫിങ് ഗബ്രിയേല്‍ ഗാര്‍സിഅ മാര്‍ക്കേസ്’ എന്ന പേരില്‍ ‘കെര്‍ബര്‍ ആര്‍ട്ട്’ പുസ്തകമായി പുറത്തിറക്കി. അതിന്റെ അമൂല്യമായ 136 പേജുകളിലൂടെ അത്യാഹ്ലാദപൂർവ്വം കടന്നു പോവുമ്പോള്‍ എനിക്കറിയാം ഞാൻ ഗാബോയോടൊത്തുണ്ടായിരുന്നുവെന്ന്! പെപിത്തോയുടെ കൂടു കഴുകാന്‍ ചെന്ന പരിചാരകന്‍ ഞാനായിരുന്നു. വഴിയില്‍ നിന്ന് ഫൊട്ടോയെടുക്കുന്നതു കണ്ട് വണ്ടി ദൂരെയൊതുക്കി കണ്ടു നിന്നതും, അരക്കത്തക്കയിലെ റെയില്‍വേ സ്റ്റേഷനടുത്ത് കെട്ടിപ്പൊക്കിയ സ്റ്റേജില്‍ ഗാബോ നന്ദി പറഞ്ഞു സംസാരിക്കുമ്പോള്‍ ഇടത്തേ തൂണു പിടിച്ചുകൊണ്ടു നിന്നതും, ഹൊട്ടേല്‍ മുറിയില്‍ ബാല്‍ക്കണിയിലേക്ക് മേശ പിടിച്ചിടാന്‍ സഹായിച്ചതും ഞാനായിരുന്നു.
ഒടുവിൽ, മാർച്ച് 6ന് എൺപത്തേഴാം പിറന്നാൾ ദിവസം അപ്രതീക്ഷിതമായി ബട്ടൺഹോളിലൊരു മഞ്ഞ റോസാ പുഷ്പവുമായി പ്രിയപ്പെട്ട ഗാബോ ലോകത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടപ്പോൾ വാതില്‍ തുറന്നു പിടിച്ചതും ഞാൻ തന്നെയായിരുന്നു!