വെളുപ്പിൽ കറുത്ത പുള്ളികളുള്ള രണ്ടാട്ടിൻകുട്ടികളും, ഇളം കാപ്പി നിറമുള്ള പശുവും, അതിനൊപ്പം, കറുത്തു തടിച്ച ഒരു കാളയും ആ തെരുവിന്റെ മൂലയിലൂടെ പതുക്കെ, വളരെ പതുക്കെ അപ്പോൾ നടന്നു പൊയ്ക്കൊണ്ടിരുന്നു. കാക്കകളെ കാണാനേയില്ലെന്ന് പരാതി പറഞ്ഞു കൊണ്ട്, ആരുടേയൊ ശ്രാദ്ധമൂട്ടി, നനഞ്ഞ മുണ്ടുടുത്ത ഒരു ചെറുപ്പക്കാരിയും, ചെറുപ്പക്കാരനും, അവിടെ പാർക്കു ചെയ്തിരുന്ന വെള്ളക്കാറിനുള്ളിലെക്ക് കയറി ഇരിക്കുന്നുണ്ടായിരുന്നു. അവിടെ മുല്ലപ്പൂ വിൽക്കുന്ന, നീളം കുറഞ്ഞ, ചിരിക്കുമ്പോൾ മുഴുവൻ പല്ലും പുറത്ത് കാണുന്ന ആ പയ്യൻ വന്നു കഴിഞ്ഞിരുന്നു.
വൈദ്യനാഥനെന്ന വൈത്തിയും, സുബ്രമണിയെന്ന സുബ്രുവും, ആ തെരുവിന്റെ അറ്റത്തെ കോവിലിനടുത്തു നിന്നുമല്പം മാറിയുള്ള ആലിന്റെ ചുവട്ടിലാണപ്പോഴിരുന്നിരുന്നത്. ആൽതറയിൽ അരിച്ച് നടന്നിരുന്ന ഉറുമ്പുകൾക്ക് ശല്യം ആകാത്ത വിധമാണവർ ഇരുന്നത്. അതിനു തൊട്ടു മുൻപെ, അവരിരുവരും സംസാരിച്ചു കൊണ്ട് നടന്നു വരികയായിരുന്നു.
ഹ്മ്മ് വൈത്തീ, ഇതു വന്ത് അന്ത മാതിരി ഈസിയാന ഇഷ്യൂ അല്ല. ശക്തിക്ക് മാറ്റമുണ്ട് എന്ന് നീ പറയുമ്പോഴും നീ ഹാപ്പിയാണോന്ന് ചോദിച്ചാ നീ സ്റ്റാമർ ചെയ്യില്ലേ? ഉവ്വ്. ഇതു വന്ത് അവൾക്ക് മാറ്റമുണ്ട്, എന്നാൽ അതു നിന്നോടല്ല. നീയും അവളും തമ്മിൽ ഇപ്പോ എത്ര കാലായി കാണും ഇന്റ്ർകോഴ്സ് നടന്നിട്ട്. വൈദ്യനാഥൻ ചൂളി കൊണ്ട് സുബ്രമണിയെ നോക്കി. അയാൾ ഉത്തരം പ്രതീക്ഷിച്ച്, വൈത്തിയെ നോക്കി തലയാട്ടി കൊണ്ടിരുന്നു. പഠിക്കുന്ന കാലത്ത് ആരെങ്കിലും ഇത്തരമൊരു കാര്യം ചോദിച്ചിരുന്നെങ്കിൽ അയാളും ചിരിച്ചും, തരിച്ചും നിന്നേനേ എന്നയാൾ ഓർത്തു. ഇത് ആത്മാർത്ഥ സുഹൃത്ത് തന്റെ കിടപ്പറയിലെ ഒരു വലിയ രഹസ്യമാണ് ചോദിച്ചിരിക്കുന്നത്. ഇങ്ങിനെയല്ലാതെയും അവനിത് ചോദിക്കാമായിരുന്നു. എന്നാൽ സുബ്രു ഇങ്ങിനെയേ സംസാരിക്കൂ എന്നറിഞ്ഞു കൊണ്ട് തന്നെയാണ് വൈത്തി അയാളോട് പ്രശ്നങ്ങൾ പങ്കു വച്ചത്. ശക്തിയുമായി അവസാനമായി അങ്ങിനെയൊന്നുണ്ടായത് ആറു വർഷങ്ങൾക്ക് മുൻപെ ആയിരിക്കണം. ദീപ പോകുന്നതിനു മുൻപേ. അതയാളോട് പറയണോ എന്ന് സംശയിച്ചു നിന്നപ്പോൾ സുബ്രമണി പറഞ്ഞു എന്നടാ വൈത്തീ, ഇതു ഉങ്ക ക്ലോസ് ഫ്രണ്ട് പേസത്. ഉനക്ക് ഒരു പ്രോബ്ലം ഇരുക്ക്, വി ആർ ട്രയിങ്ങ് ടു ഫൈനൻഡ് എ സൊലൂഷൻ. പുരിഞ്ചിതാ? വായിൽ അരഞ്ഞു കിടന്ന മുറുക്കാൻ സുബ്രു ഒന്നു കൂടി അമർത്തി ചവച്ചു. വൈത്തി നീ എന്റെ മുന്നീ പരുങ്ങണ്ട. ഉത്തരമെനിക്ക് മനസ്സിലായി. അവൾക്ക് അസുഖം വരുന്നതിനു മുൻപേ അല്ലേ. ചില നേരങ്ങളിൽ മനസ്സിലുള്ളത് പറയാതെ തന്നെ വേണ്ടവരറിയുന്നതിന്റെ ഗുണം അപ്പോഴയാൾക്ക് മനസ്സിലായി.
വൈത്തീ ഉനക്ക് നല്ലാ തെരിയും ശക്തിക്ക് ഇപ്പോഴുള്ള ഈ മാറ്റത്തിനു കാരണം അവളാണെന്ന്. നിന്റെ വീട്ടീൽ വരുന്ന ആ സ്ത്രീ. പാര് വൈത്തീ, അതുക്ക് ഒരു നെയിം കൊടുക്കത് ഉന്നാലെ മുടിയലെ. ശക്തിക്ക് അവരുമായുള്ള ബന്ധം നീ പറഞ്ഞതു വച്ചു നോക്കിയാൽ അത്ര നേർവഴിയാണെന്ന് എനിക്ക് തോന്നുന്നില്ല. വൈത്തീ, ഇതു വന്ത്, പെൺകൂട്ട് പല മാതിരി ഇരുക്ക്. ഇതു യോസിക്കുമ്പോത് ലെസ്ബിയൻ മാതിരി താൻ എനക്ക് ഫീൽ ചെയ്യത്.
വൈദ്യനാഥൻ തലയ്ക്ക് ഒരടിയടിച്ചു കൊണ്ട് കടവുളേ എന്നുറക്കെ വിളിച്ചു.
പാര് വൈത്തീ, ഇതുക്ക് വേറേ ഒന്നുമേ സൊലൂഷനില്ല. അന്ത വേലക്കാരി പൊണ്ണിനെ പറഞ്ഞു വിടണം.
സുബ്രു, ഉനക്ക് എല്ലാമേ തെരിയും. അവൾ വന്ത ശേഷം താനേ ശക്തി ഇന്ത മാതിരി ചേഞ്ച് ആയിരുക്ക്. ഡിപ്രഷൻ വന്ന കഥ അവൾ തന്നെ മറന്ന മട്ടാ. യു ആർ റൈറ്റ്. അവൾക്ക് എന്നോടുള്ള ആറ്റിറ്റ്യൂഡ് വന്ത് മാറി പോയിട്ടില്ല. ബട്ട്, അവൾ ജീവിച്ചിരിക്കുന്നു എന്നൊരു തോന്നൽ അവൾക്കും, എനിക്കും ഉണ്ടായത് ഇതു കാരണമാണ്. സൊ എനിക്കൊരു ഡിസിഷൻ എടുക്കത് റൊമ്പ ടഫ്.
വൈത്തീ, നീ ഇന്ത മാതിരി ഫൂളിഷ്നെസ്സ് പേസാതുങ്കൊ. ഡിപ്രഷൻ എല്ലാർക്കുമേ തെരിന്ത വിഷയം. ഇത് അപ്പടിയല്ല. നന്നായി യോസിക്കണം. അപ്പടി ഈസി ആന കാര്യമല്ല. ഇമ്മോറൽ ആയ് പോകതുക്കും ഒരു ഏജ് ഇരുക്ക്.
വൈദ്യനാഥൻ ആലോചിച്ചു. ഇമ്മോറൽ ആയി പോകതുക്കും ഒരു ഏജ് ഇരുക്ക് – അതിനും പ്രായപരിധിയുണ്ടെന്ന കാര്യമയാൾ ചിന്തിച്ചിരുന്നില്ല. അപ്പോൾ ശക്തിക്ക് ഇരുപതൊ, ഇരുപത്തിയഞ്ചോ വയസ്സായിരുന്നെങ്കിൽ അവൾക്ക് ഇന്ത മാതിരി ഒരു റിലേഷൻ പ്രശ്നമാകുമായിരുന്നില്ലേ? നാൽപ്പത്തിയൊമ്പത് എന്ന പ്രായത്തിൽ അവൾക്ക് നിഷിദ്ധമായതു കൊണ്ടാണോ, സുബ്രു ഇങ്ങിനെ പറഞ്ഞതെന്ന് അയാൾ വീണ്ടും ആലോചിച്ചു നോക്കി.ചിലതൊക്കെ ചിന്തിച്ചാൽ ഉത്തരം കിട്ടില്ല.
അയാൾ ഉത്തരമൊന്നും പറയാതെ എഴുന്നേറ്റ് മുന്നോട്ട് നടന്നു പോയി. സുബ്രുവുമായി ഈ വിഷയമിനി സംസാരിക്കില്ലെന്നുമയാൾ നിശ്ചയിച്ചു. ആരോടും പറയുകയോ, ആരോടും അഭിപ്രായം ചോദിക്കുകയോ ഇല്ലെന്ന് ഉറപ്പിച്ചപ്പോഴയാൾക്ക് സമാധാനത്തേക്കാളുപരി ആകെ വേവുന്ന ഒരനുഭവമാണ് തോന്നിയത്.
അയാൾ നടന്നു നീങ്ങുമ്പോൾ വഴിയിൽ കിടക്കുന്ന ഒരു നായ, അയാളെ നോക്കിയൊന്നു കുരച്ചു. അയാൾക്ക് കലി തോന്നി, കുനിഞ്ഞൊരു കല്ലെടുത്ത് അയാളതിന്റെ പൃഷ്ഠം ഉന്നം വച്ചെറിഞ്ഞു. അതൊന്നു മോങ്ങിയപ്പോഴയാൾക്ക് സന്തോഷം തോന്നി.
അടുക്കളയുടെ തെക്കെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിൽ പതിനൊന്നു മണി കഴിഞ്ഞു മൂന്ന് മിനിറ്റായപ്പോഴാണ് ശക്തിപ്രിയ കറിക്കരിഞ്ഞു കൊണ്ടിരുന്ന ചീരയും, കത്തിയും താഴെ വച്ചെഴുന്നേറ്റ് കിഴക്കേ ചുമരിലെ ദ്വാരത്തിനടുത്തേക്ക് നീങ്ങി നിന്നത്. ആ ദ്വാരത്തെ വേണമെങ്കിൽ ഒരു കിളിവാതിൽ എന്നു വിളിക്കാം. അതിനൊരു കൊച്ച് ഗ്ലാസ് വാതിൽ പിടിപ്പിച്ചിട്ടുണ്ട്. അടയ്ക്കാകിളിയെ പോലൊരു കിളിക്ക് ശരീരം മുട്ടാതെ അകത്തേക്ക് പ്രവേശിക്കാവുന്ന വലിപ്പമുള്ള ഒന്നാണത്. ഇതാണ് ശക്തിപ്രിയയുടെ ദൂരദർശിനി. ലതിക ഇട്ടിരിക്കുന്ന പേരാണ് ദൂരദർശിനി. മാമി ദൂരദർശിനി വഴി നോക്കി നിക്കാൻ തൊടങ്ങീല്ലോ. ഞാനതിനു വൈകീട്ടൊന്നൂല്ല്യാ. ഇന്ന് ചിന്നുമോൾ പോയി. പിന്നെ സിത്താര പിടിച്ചാ ഞാൻ വന്ന് എറങ്ങീത്. ഇന്നാണെങ്കീ സുപ്രിയേട അമ്മേടേ വീട്ടീ ആരൊക്കെയൊ വിരുന്നുകാരൂണ്ട്. ഒരു കുന്നു പാത്രട്ത്ത് മിറ്റത്തിട്ട് അവരൊക്കെ കൂടി ഉമ്മറത്തിരുപ്പുണ്ട്. ഒന്നും ഇണ്ടാക്കീട്ടൊന്നൂല്ല്യാ. ഒക്ക പിഷാരടീടവിടന്ന് വാങ്ങീതാ. കവറൊക്കെ കൂട്ടി വച്ചട്ടുണ്ട് തിണ്ണേമ്മ. പിന്നെവിടന്നാ പാത്രം ന്ന് ചോദിച്ചാ എനിക്കൊരു രൂപോല്ല്യാ മാമീ. എന്നിട്ടോ കുടിക്കാനൊരു തുള്ളി വെള്ളം കൂടി തന്നില്ല. വല്ലാത്ത മനുഷ്യമാരപ്പോ. ഇവരക്കൊക്കെ കൊറെ ഇണ്ടായിട്ടെന്തിനാ.” ശക്തി ദിവസവും ഇതു പോലെ ലതിക വരാറായാൽ ആ ദ്വാരത്തിലൂടെ നോക്കി നിൽക്കും.
മിക്കവാറും ദിവസങ്ങളിൽ ഏകദേശം ഇതേ രീതിയിൽ സംസാരിച്ചു കൊണ്ടാണ് ലതിക വന്നു കയറുന്നത്. ശക്തിപ്രിയ ഒന്നു ചിരിക്കും. പിന്നെ ലതിക പറയുന്നതിനനുസരിച്ച് തലയാട്ടി നിന്നു കൊണ്ട് അവൾക്കുള്ള ഫിൽട്ടർ കാപ്പി ഉണ്ടാക്കി കൊണ്ടിരിക്കുകയോ, അല്ലെങ്കിൽ പാത്രം കഴുകാൻ അവളെ സഹായിക്കുകയോ ആയിരിക്കും. അതുമല്ലെങ്കിൽ അടുക്കളയിലെ മേശയിൽ കൂട്ടിയിട്ട പൂ കൊണ്ട് മാല കെട്ടുകയായിരിക്കും. മുറ്റത്തു നിൽക്കുന്ന ഉതിർമുല്ല കൊണ്ട് ലതികയ്ക്കും, ഭഗവതിക്കും ഓരോ മാല കെട്ടുമവൾ. “മാമി തരണ മാല കാണുമ്പോ വീട്ടീ ഇരിക്കണോർക്ക് സംശ്യാ. ഇതെവിടന്നാ നിനക്കിങ്ങനെ ദെവസോം മാലാന്ന് ഒരൊറ്റ ചോദ്യാ അമ്മ. മാമിയാരു തന്നതാ അമ്മേ ന്ന് പറഞ്ഞാലൊന്നും തള്ളയ്ക്ക് വിശ്വാസല്ല്യാ. ഇനിപ്പോ ഈ പ്രായത്തിലെനിക്കാരാ ദിവസോം പൂ മേടിച്ച് തരാൻ. തള്ള ഇരുന്നങ്ങട് പറയണത് കേട്ടാ ഞാൻ കെടന്ന് ചിരിക്കും. അപ്പ തള്ളയ്ക്ക് കലി എളകും.”
ആ വീട്ടിലേക്ക് ശബ്ദം വരുന്നത് ലതിക വരുമ്പോഴാണ്. ശക്തി ഇടയ്ക്കോർക്കും, ലതിക കയ്യിൽ തൂക്കി പിടിക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചി നിറയെ ശബ്ദങ്ങളാണെന്ന്. ചിരിക്കുന്ന ശബ്ദം, പരാതി പറയുന്ന ശബ്ദം, ദേഷ്യം തുളുമ്പുന്ന ചില ഒച്ചകൾ, കരച്ചിൽചീളുകൾ, അങ്ങിനെയോരോരൊ ശബ്ദങ്ങൾ സഞ്ചിക്കുള്ളിൽ നിറച്ചാണ് ലതിക ബസ്സു കയറുന്നത്. ശക്തിയുടെ വീടിന്റെ പടി കടക്കുമ്പോഴാരും കാണാതെ ഓരോ ശബ്ദങ്ങൾ കുടഞ്ഞു കുടഞ്ഞങ്ങിങ്ങിടും. അങ്ങിനെയോർക്കുമ്പോൾ ശക്തിക്ക് ചിരി വരും. ശബ്ദങ്ങൾ കൊണ്ടു നടക്കുന്നവരൊക്കെ ജാലവിദ്യക്കാരാണ്. പണ്ടൊരു കുഴലൂത്തുകാരൻ ഒരു ശബ്ദവുമായി വന്ന് ഒരു പട്ടണത്തിലെ എലികളെ മുഴുവൻ ആകർഷിച്ചു കൊണ്ട് പോയതവളോർക്കും. ലതികയുടെ ശബ്ദത്തിനു പിറകെ താനിപ്പോ നടക്കുന്നതും ഏറെക്കുറെ അങ്ങിനെ തന്നെയാണെന്ന് അവൾക്ക് തോന്നും
ലതിക അവിടെ ജോലിക്ക് വരും മുൻപേ, ശക്തി രാവിലെ എഴുന്നേറ്റാൽ ടിവി ഓൺ ചെയ്ത് വെറുതെ ഉച്ചത്തിൽ വയ്ക്കും. അവൾ മുറിയിൽ കിടക്കുമ്പോഴും, അടുക്കളയിൽ ജോലി ചെയ്യുമ്പോഴും സിന്ധു സൂര്യകുമാറോ, ഷാനി പ്രഭാകരനോ, വേണുവോ നാട്ടിലെ പ്രശ്നങ്ങൾ അവളോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും. അവൾ അവരെ ശ്രദ്ധിക്കാറില്ല. പക്ഷേ രാവെത്തും വരെ അവിടെ ഇരുന്ന് ശബ്ദമുണ്ടാക്കണേ എന്നവരോട് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. ടിവി മുറിയിലൂടെ എന്തിനെങ്കിലും വേണ്ടി നടക്കുമ്പോൾ അവൾ ചാനൽ മാറ്റി കൊണ്ടിരിക്കും. ടിവി ഓഫ് ചെയ്താൽ ആ വീടിനുള്ളിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദവും, ഇടയ്ക്കിടെ അവൾ ഓഫ് ചെയ്ത് ഓൺ ചെയ്യുന്ന ഫാനിന്റെ ശബ്ദവുമാണ് ഉണ്ടാകാറുള്ളത്. അതിനിടയിൽ, ഇടയ്ക്ക് കടുകു പൊട്ടി തെറിക്കുമ്പോഴത്തെ ചെറുശബ്ദവും, എണ്ണയിൽ മൊരിക്കുന്ന പച്ചക്കറികളുടെ തൊലി വേവുമ്പോഴത്തെ പരാക്രമശബ്ദങ്ങളും, ഓരോ മണിക്കൂറിടവിട്ട് വിരുന്നുകാരുടെ ഇരിപ്പുമുറിയിലെ അപ്പൂപ്പൻ ക്ലോക്കുണ്ടാക്കുന്ന ശബ്ദവും ആ ചുവരുകൾക്കുള്ളിൽ അലിഞ്ഞു പോകുകയായിരുന്നു പതിവ്. അവൾ ആ ശബ്ദങ്ങൾ കേൾക്കാറില്ല, അഥവാ, അവളുടെ മസ്തിഷ്കത്തിൽ അവയൊന്നും രേഖപ്പെടുത്താറില്ല.
വൈദ്യനാഥൻ, രാത്രി കടയിൽ നിന്ന് വന്നാൽ കുളിയും, അത്താഴവും കഴിഞ്ഞാൽ അയാളൊരര മണിക്കൂർ വാർത്തകൾ കാണും. ടിവി ഓഫ് ചെയ്ത ശേഷം അയാൾ, ഇടയ്ക്ക് എന്തെങ്കിലും വിശേഷങ്ങൾ പറഞ്ഞാലവൾ അതൊക്കെ അയാൾക്കെതിരെയുള്ള സോഫയിൽ ഇരുന്നു കേൾക്കും. അങ്ങിനെ പ്രത്യേകിച്ചൊരു ഭാവവും വരുത്താതെ. അയാളുമതൊക്കെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നതു കൊണ്ട് അതൃപ്തിയൊന്നും പ്രകടിപ്പിക്കാറില്ല. അവൾക്കുത്തരം നൽകേണ്ടുന്ന ബാധ്യതയുള്ള ഒന്നുമയാൾ സംസാരിക്കാറില്ല. സ്റ്റേറ്റ്മെന്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന വർത്തമാനങ്ങളാണ് അയാൾ പറയുക. ഒരു ന്യൂസ് വായിക്കുന്ന ആളുടെ ഭാവങ്ങളോടെ. അപ്പോഴവൾക്ക് കേൾക്കുക എന്ന ഉത്തരവാദിത്തമേ ഉള്ളൂ. അതിലപ്പുറമൊന്നും അയാൾ അവളെ ഏൽപ്പിക്കാറുമില്ല.
ദീപ ഉണ്ടായിരുന്നെങ്കിൽ എന്നയാൾ ഇടയ്ക്കിടെ വല്ലാതെ ആഗ്രഹിച്ചു പോകും. ചിലപ്പോഴൊക്കെ അയാൾക്ക് ആരുമില്ലാതായി പോയെന്ന് തോന്നുന്ന നേരങ്ങളിലൊക്കെ. അപ്പാ എതുക്ക് ഇന്ത മാതിരി പസങ്കളെ പോലെ പേസത്. വേൾഡ് അപ്പടി താനപ്പാ.എല്ലോരും ഓർഫൻസ് താനെ. എന്നവൾ പറയുന്നത് അയാൾ കേൾക്കും. അവൾ ഇതു പോലെ അവരെ വിട്ടു പോയില്ലായിരുന്നെങ്കിൽ അവർ ജീവിക്കുന്നതിങ്ങിനെയായിരിക്കില്ല എന്നുമയാൾ നിരാശയോടെ ഓർക്കും.
പഠിക്കാൻ പോയ ദീപ ഒരു ദിവസം മടങ്ങി വന്നില്ല. കോളേജിൽ നിന്നവൾ വരേണ്ട സമയത്ത് ശക്തി ഉമ്മറത്തെ തോട്ടത്തിൽ നനച്ചു കൊണ്ടു നിൽക്കുകയായിരിക്കും. മഴയാണെങ്കിൽ കുട പിടിച്ച് വെറുതെ തോട്ടത്തിൽ ഉലാത്തി കൊണ്ടിരിക്കും. അന്നൊരു ചാറ്റൽ മഴ ഉണ്ടായിരുന്നു. ദീപ വരുന്ന സമയമായപ്പോൾ ശക്തി ഉമ്മറത്തിറങ്ങി നിന്നു. കുടയെടുക്കാതെ മഴ നനയാതെ കാർപോർച്ചിന്റെ ഒരു വശത്ത് അവൾ റോഡിന്റെ അറ്റത്തേക്ക് നോക്കി നിന്നു. വെറുതെ രാവിലെ ദീപ ഇട്ടു കൊണ്ടു പോയ ചുരിദാറിന്റെ നിറമോർക്കാൻ ശ്രമിച്ചു. മഞ്ഞ നിറമുള്ള ആ ചുരിദാർ ഓർമ്മ വരികയും ചെയ്തു. മഞ്ഞ പൊട്ടു പോലെ അകലെ അവളെ ഇപ്പോ കണ്ടു തുടങ്ങുമെന്ന് പ്രതീക്ഷിച്ച് ഒരു മൂളി പാട്ട് അവൾ മൂളി കൊണ്ടിരുന്നു. കരുണ സെയ് വാൻ താമസം എന്തെ കൃഷ്ണാ. കുട്ടികൾ ഒന്നിച്ച് ഒഴുകി വരുന്ന സമയമാണ് നാലു മുതൽ അഞ്ചു വരെയുള്ള സമയം. അവർ പല നിറമുള്ള വേഷമിട്ടു നടന്നു വരുന്നതു കാണുമ്പോൾ, മഠത്തിനപ്പുറമുണ്ടായിരുന്ന അരുവിയിൽ കുട്ടിക്കാലത്ത് അവരൊഴുക്കി വിട്ടിരുന്ന പൂക്കൾ ഒഴുകി വന്നിരുന്നതു പോലെയവൾക്ക് തോന്നും. കൂട്ടമായി നിറങ്ങൾ ചേർന്ന് പല വഴി ഒഴുകി വന്നു പല വഴിക്ക് ഒഴുകി പോകുന്ന പൂക്കൾ.
അമ്മാ, ഇന്ന് സാപ്പിടതുക്ക് ഒന്നുമേയില്ലേ? പശിക്കത് അമ്മാ. ഉങ്കൾക്ക് നല്ലാ തെരിയും, ഇതു താൻ എന്നുടെ അപ്പിറ്റൈറ്റ് ജാസ്തിയാന ടൈം. എന്നമ്മാ ഇത്. ഒന്നുമുണ്ടാക്കി വച്ചില്ലെങ്കിൽ ഇതു പറഞ്ഞവൾ കയറി വരുമെന്നറിയുന്നതു കൊണ്ട്, നാലുമണി പലഹാരമില്ലാതെ ശക്തിക്ക് ഒരൊറ്റ ദിവസം പോലുമില്ല. ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് ഒരര മണിക്കൂർ സിറ്റിങ്ങ് റൂമിലെ സോഫയിൽ കിടന്നു മയങ്ങി എണീറ്റാൽ വൈകുന്നേരം ദീപ വരുമ്പോഴെക്കും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കും. എന്നിട്ടാണീ കാത്തു നിൽപ്പ്.
അന്ന് പൂക്കൾ പോലെ എല്ലാ കുട്ടികളുമൊഴുകി പോയിട്ടും, മഞ്ഞപൊട്ടായി ദീപ പ്രത്യക്ഷപ്പെട്ടില്ല. ശക്തി പരിഭ്രമിച്ചില്ല.
പാരമ്മാ, നിങ്ങളൊക്കെ എലികളെ പോലെ ജീവിച്ചവരാണ്. അന്ത തെരുവിൽ എലിപ്പെട്ടികൾ മാതിരി അടുക്കി വച്ച അഴിയെറിഞ്ഞ വീടുകൾക്കുള്ളിൽ എലികളെ പോലെയായിരുന്നു നിങ്ങൾ സ്ത്രീകൾ കഴിഞ്ഞിരുന്നത്. നിങ്ങൾക്ക് ശ്വാസം മുട്ടുമായിരുന്നു. നിങ്ങൾ പുറത്തേക്കുള്ള വഴി കാണാതെ അങ്ങോട്ടുമിങ്ങോട്ടുമോടുമായിരുന്നു. എലികളെ പോലെ നിങ്ങളും മനസ്സു കൊണ്ടെങ്കിലും അഴികളിൽ തല മുട്ടി കരയുമായിരുന്നു. ഒടുവിൽ നിങ്ങളെ വെള്ളത്തിൽ മുക്കി കൊല്ലും മാതിരി ആരെങ്കിലും വന്ന് മാരി ചെയ്തു കൊണ്ടു പോകും. അമ്മാ, അതെന്നാ ലൈഫ്. ഉങ്കൾക്ക് തെരിയും നാൻ സൊന്നത് റൈറ്റ് എന്ന്. ആനാൽ ആഗ്രീ പണ്ണ റൊമ്പ ടഫ്. അതു ഒരു സിസ്റ്റം അമ്മാ. എനക്ക് അന്ത സിസ്റ്റം വിട്ട് പോണം അമ്മാ. അതുക്ക് താൻ നാൻ എപ്പോതും ട്രൈ സെയ്തിട്ടെ ഇരിക്കേൻ.” ദീപ പറഞ്ഞു കൊണ്ടിരുന്നത് ഇതൊക്കെയായിരുന്നു. അഗ്രഹാരങ്ങളും, അവിടെ ഇടുങ്ങിയുള്ള ജീവിതവും ദീപ പറഞ്ഞതു പോലെ ശക്തിക്കും മടുപ്പുണ്ടാക്കിയിരുന്ന ജീവിതമായിരുന്നു.അവൾ പറയുന്ന എല്ലാ കാര്യങ്ങളും തന്റെ മനസ്സിൽ നിന്നു പുറത്തു പോകാതെ കുഴിച്ചു മൂടി കളഞ്ഞ കാര്യങ്ങളാണെന്ന് ശക്തിയോർക്കും. ജീൻ അമ്മാ, ഉങ്ക ജീനുട ശക്തി. അതു മാത്രമാണ് റൈറ്റ് തിങ്സ് തോന്നാനുള്ള എന്റെ ഈ കഴിവ്.
ശക്തി ദീപയെ നോക്കി വഴിയുടെ അറ്റം വരെ നടന്നു. ഇരുട്ടു വീണിട്ടും ദീപ വരാഞ്ഞപ്പോഴാ വഴിതുമ്പിൽ അവൾ താഴെ ഇരുന്നു. പിന്നെ കിടന്നു. വൈദ്യനാഥനെ വിളിച്ചു വിവരം പറഞ്ഞവർക്കൊന്നും സംഭവിച്ചതിനെ കുറിച്ച് കൃത്യം വിവരങ്ങളറിയില്ലായിരുന്നു.
ദീപ വന്നില്ല. ദിവസങ്ങളോളം അയാൾ പ്രതീക്ഷയോടെ കാത്തിരുന്നു. അവളെ കുറിച്ച് പോലീസിനു പോലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. അവൾ തീവ്രവാദവുമായി ബന്ധപ്പെട്ടു പോയതാവുമെന്ന ഊഹത്തിന്റെ പുറത്തായിരുന്നു കേസ് ക്ലോസ് ചെയ്തത്. അവർക്കതിനുള്ള തെളിവുകൾ കിട്ടിയിരുന്നു എന്നാണ് അവർ ഒടുവിൽ സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ വൈദ്യനാഥനെ അറിയിച്ചത്. തിരിച്ചെത്തിയാലും ദീപയെ തങ്ങൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ അതോടെ വൈദ്യനാഥൻ സംശയിച്ചിരുന്നു.
ദീപയുടെ മറഞ്ഞു പോകലിനെ കുറിച്ച് ശക്തിയ്ക്ക് എന്തെങ്കിലും അറിയാമായിരിക്കുമെന്ന് അയാൾക്ക് തോന്നുമായിരുന്നു. എപ്പോഴും, ദീപയും ശക്തിയും സംസാരിച്ചു കൊണ്ടിരിക്കും. അവർ തമ്മിൽ എന്തെങ്കിലും കാര്യം പറയാതിരിക്കുമെന്ന് അയാൾക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പല തവണ അയാൾ ശക്തിയുടെ അരികിലിരുന്ന് അവളോട് സ്നേഹപ്പൂർവ്വം ചോദിക്കുമായിരുന്നു, ശക്തി, അവൾ ഉന്നോട് ഒന്നുമേ സൊല്ലലേ? അവൾ എങ്ക പോയാലും നിന്നോട് സൊല്ലാമൽ പോകലേ. അവൾ അയാൾക്കുത്തരം കൊടുത്തതേയില്ല. അവൾ മിണ്ടാതെ കിടക്കുന്നതു കാണുമ്പോഴയാൾക്ക് സംശയം കൂടും. അവൾക്ക് എന്തൊക്കെയോ അറിയാമെന്ന തോന്നൽ പിന്നെയും ശക്തിപ്പെടും. അവൾ ദുഃഖിച്ചിരുന്നെങ്കിലും പരാതിപ്പെട്ടില്ല, സംശയങ്ങൾ പങ്കു വച്ചില്ല. ദീപ പോയെന്നു മാത്രമവൾ ഉൾക്കൊണ്ടു. അതൊരു തീവ്രവാദിയായിട്ടായിരിക്കില്ലെന്നും, തന്റെ മകൾ അത്ര വിഡ്ഡിയല്ലെന്നും അവൾക്കുറപ്പായിരുന്നു. അവളത് വൈദ്യനാഥനോട് പോലും പറഞ്ഞില്ല. ദീപ വലിച്ചെറിഞ്ഞു പോയത് ശൂന്യതയായിരുന്നു. തുഴഞ്ഞിട്ടും, നീന്തിയിട്ടും, കൈകാലിട്ടടിച്ചിട്ടും, ആ കയത്തിൽ നിന്ന് ശക്തിക്ക് കര കേറാൻ സാധിച്ചിരുന്നില്ല.
ഒരു ദിവസം കിടപ്പിൽ നിന്നെഴുന്നേറ്റ ശക്തി, അലമാരിയിൽ തിരുമ്പി മടക്കി വച്ചിരുന്ന തുണികളെടുത്ത് വീണ്ടും അലക്കിയിടാൻ തുടങ്ങി. പിന്നാമ്പുറത്തെ അലക്കുകല്ലിൽ ആഞ്ഞടിച്ചു ശബ്ദമുണ്ടാക്കിയാണ് ഓരോ തുണിയും നനച്ചിരുന്നത്. അയൽ വീടുകളിൽ നിന്നുള്ള ചിലരെങ്കിലും എത്തി നോക്കി കയറി പോകുന്നതയാൾ കണ്ടു. കാലങ്ങളായി വാഷിങ്ങ് മെഷീനിൽ മാത്രമാണവിടെ തുണി കഴുകി കൊണ്ടിരുന്നത്. അലക്കുകല്ലിൽ തുണി അലക്കി വെളുപ്പിക്കാനുള്ള ഈ ശീലം കണ്ടപ്പോൾ വൈദ്യനാഥൻ അമ്പരന്നെങ്കിലും അതൊരു വൈകല്യമാണെന്ന് അയാൾ അപ്പോൾ തിരിച്ചറിഞ്ഞില്ല. ഒന്നൊന്നായി പുതിയ ശീലങ്ങൾ അവൾ ശീലിച്ചു തുടങ്ങിയപ്പോഴാണ് വൈദ്യനാഥൻ അവളേയും കൂട്ടി പോയി ഒരു മനശ്ശാസ്ത്രജ്ഞനെ കണ്ടത്. ഡോ.സുകുമാരൻ പല മരുന്നുകളും പല ചികിത്സകളും നിർദ്ദേശിച്ചിരുന്നു. വൈദ്യനാഥൻ തൃപ്തനല്ലായിരുന്നു. ഒന്നിലും. അവൾ അവിടെ ജീവിക്കുന്നു. അതാരായിട്ടാണെന്ന് ചോദിച്ചാലയാൾക്ക് ഒന്നും പറയാനുണ്ടാവില്ല. അവൾക്ക് തന്നെ ശക്തിയെ പരിചയമുണ്ടോ എന്നയാൾക്ക് ഇടയ്ക്ക് തോന്നും. സദാ ഒച്ചയിട്ടും, വഴക്കിട്ടും, അനാവശ്യമായ കാര്യങ്ങളിൽ പോലും, ഇടപെട്ടും, അഭിപ്രായം പറഞ്ഞും ജീവിച്ചിരുന്ന ശക്തിയെ അവൾ തന്നെ മറന്നു കാണുമെന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്.
ശക്തി സംസാരം ചുരുക്കിയിരുന്നു. ആശയവിനിമയമെന്ന ഭാഗം, അഥവാ ഭാവം നിർജീവമാക്കിയിട്ടു. എന്നാലവളുടെ ചിന്തകൾ, മനസ്സിൽ ഉണ്ടായിക്കൊണ്ടിരുന്ന വിചാരങ്ങൾ ഇതൊന്നും അനുസാരമിട്ടവസാനിപ്പിച്ചിരുന്നില്ല. അവിടെ കടലിരമ്പും പോലെ, ആഞ്ഞടിച്ചിരുന്ന നിരാശയും, സങ്കടവും, അവൾ പുറത്തു വിടാതെ അടക്കി വച്ചിരുന്നു. അതാരോടും പറയാനവൾക്ക് കഴിഞ്ഞിരുന്നില്ല. അതിന് വൈത്തി പോരെന്ന് അവൾക്ക് തോന്നിയിരുന്നു.
ശക്തിക്ക് ദീപ പോയതോടെ ചെയ്യാനൊന്നുമില്ലാതായി. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി വരെ അവൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളും അവൾ ആർക്കു വേണ്ടിയാണ് ചെയ്തു കൊണ്ടിരുന്നതെന്ന് തിരിച്ചറിയാൻ ആ ആൾ പോകേണ്ടി വന്നു. വാർദ്ധക്യം മുന്നിൽ വന്നെത്തിയിട്ടുമില്ലെന്ന് അവൾക്ക് തിരിച്ചറിവുണ്ടായിരുന്നു. ഇനിയും കുറേ കാലം ജീവിക്കാൻ ബാക്കിയുള്ളതു പോലെ. ഡോക്ടർക്ക് മുന്നിലെത്തും മുൻപേ സ്വയം അവൾ, അവൾക്ക് തന്നെ നൽകിയ ചികിത്സയായിരുന്നു തുണി അലക്കൽ എന്നത്. മടുത്ത് പോകുന്ന ദിവസങ്ങൾക്കിടയിലേക്ക് പുതിയൊരു ദിനചര്യ എന്ന രീതിയിൽ അവളെടുത്തു തിരുകി കയറ്റി വച്ചു പരീക്ഷിച്ചതായിരുന്നു. അതിൽ സന്തോഷം കിട്ടായാതാപ്പോഴവൾ അടുത്തതായി വീട്ടിലെ ഓരോ മൂലയും അടിച്ചു വാരിയിടാൻ തുടങ്ങി. ഒന്നോ രണ്ടോ വട്ടമല്ല, പല തവണ. താൻ ചെയ്യുന്നത് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും, അതിനെ ഭ്രാന്തായി കണക്കാക്കുന്നു എന്നും മനസ്സിലായത്, ഡോക്ടർ അവളോട് ദിനചര്യകളിലെ പാളിച്ചകളായി ഇതൊക്കെ ചൂണ്ടി പറഞ്ഞപ്പോഴായിരുന്നു.
ആ വീട്ടിൽ സദാ പരുങ്ങി നടന്നിരുന്ന നിശബ്ദതത അവളെ പേടിപ്പിച്ചിരുന്നു. ജീവിക്കേണ്ട കാലം മുഴുവൻ ഇതു പോലെ ശബ്ദങ്ങളില്ലാത്തൊരിടത്ത് ആയി പോകുമെന്നോർക്കുമ്പോൾ അവൾക്ക് ഭയം തോന്നും. അങ്ങിനെ വിഭ്രാന്തികൾ ശല്യം ചെയ്യാൻ തുടങ്ങുമ്പോൾ, ശക്തി ടെലിവിഷൻ ഉച്ചത്തിൽ വയ്ക്കും. പഴയ ടേപ് റെക്കോർഡറെടുത്ത് ചില ഭക്തിഗാനങ്ങൾ പാടിപ്പിക്കും. ഇടയ്ക്കൊന്നു മൂളി നോക്കും.
ചില വൈകുന്നേരങ്ങളിൽ ടെറസ്സിലിരുന്നവൾ പടിഞ്ഞാറൻ ആകാശത്തെ അസ്തമനം നോക്കും. സൂര്യനു കൂടുതൽ ഭംഗി അവസാനിക്കാറാവുമ്പോഴാണെന്ന് ഓർക്കും. അവൾക്കപ്പോഴൊക്കെ മരിക്കാൻ തോന്നും. എന്നാൽ മരിക്കാൻ ഭയം തോന്നുമ്പോഴൊക്കെ താൻ സ്വാർത്ഥയായിരുന്നു ജീവിതം മുഴുവനെന്ന് തിരിച്ചറിയും. ആരെ നഷ്ടപ്പെടുമ്പോഴും, തന്നെ നഷ്ടപ്പെടുന്നതിലാണ് മനുഷ്യൻ വേദനിക്കുന്നതെന്ന് അവൾക്ക് തോന്നും. തന്നെ പഴയ ശക്തിയായി അവൾ സങ്കൽപ്പിക്കും. തനിക്കതിലേക്ക് തിരിച്ച് പോകാനൊരു പാലം കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കും. ചിലപ്പോൾ പ്രാർത്ഥിക്കും. ദീപയായിരുന്നോ തന്റെ സത്വം സൂക്ഷിച്ചിരുന്ന വ്യക്തിയെന്നവൾക്ക് സംശയം തോന്നും.
അമ്മാ, സ്ത്രീക്ക് ജീവിതത്തിൽ കൂട്ട് വേണ്ടത് ഒരു പുരുഷനാണെന്ന സങ്കൽപ്പം എത്ര വികലമാണല്ലേ. പൊണ്ണുക്ക് കൂട്ട് പൊണ്ണു താൻ റൈറ്റ് ചോയ്സ്. അപ്പാവോട് അമ്മാവുക്ക് സൊല്ല മുടിയാത്ത വിഷയം പോലും എന്നോട് സൊല്ല മുടിയത് എപ്പടി. അതു താനമ്മാ വേവ് ലെങ്ങ്ത്ത്. അത് പലപ്പോഴും പുരുഷനും സ്ത്രീയുമാകുമ്പോൾ ശരിയായി വരില്ല. നമ്മൾ കൂട്ട് കൂടുമ്പോൾ രസിക്കും പോലെ അപ്പാ കൂടെയുള്ളപ്പോൾ നമുക്ക് പറ്റാറില്ലല്ലോ. അമ്മാ, മാരേജ് എന്നാൽ ഒരു ബിസിനെസ്സ് മട്ടും. വീട്ടിലെ വേല സെയ് വതുക്ക് ഒരാളെ കൊണ്ടു വരുന്നു. സെക്സ് എന്നതും മനുഷ്യനു അവോയിഡ് പണ്ണ മുടിയലേ. സൊ അവർക്ക് ഒരാൾ വേണം. അതു ഫുൾ ആയി കെടയ്ക്കതുക്ക് സ്ത്രീ – പുരുഷൻ കോമ്പിനേഷൻ വേണമെന്ന് ഇപ്പോതും തിങ്ക് ചെയ്യുന്നു സൊസൈറ്റി. അത്രേയുള്ളൂ. അല്ലാതെ പുരുഷനൊപ്പം 100 പെർസെന്റ് ഹാപ്പിയാന ഏതു പൊണ്ണിരുക്ക്. എന്നുടെ ഡിസിഷൻ ഒരു പുരുഷനെ മാരി ചെയ്യില്ല എന്നതാണമ്മാ.
അവരന്ന് കടപ്പുറത്തിരിക്കുകയായിരുന്നു. മണലിൽ കാൽ പൂഴ്ത്തി വച്ച് അതിനു മുകളിൽ ഒരു കോട്ട പണിഞ്ഞു കൊണ്ടിരിക്കുന്നതിടയിൽ ശക്തിയോട് അവൾ സംസാരിച്ചു കൊണ്ടിരുന്നു. ആ മൺകോട്ടയ്ക്ക് മീതെ അവൾ പച്ചയും ചുവപ്പും കുപ്പിവളകൾ ഊരി വച്ചലങ്കരിച്ചിരുന്നു. ശക്തിയുടെ തലയിലെ ഉതിർമുല്ലപ്പൂക്കൾ കോട്ടയിലേക്ക് നടക്കുന്ന വഴിക്കിരുവശവും വിതറി ഇടാനായി അവളെടുത്തിരുന്നു.
കണ്ണാ, നീ അപ്പൊ ഒരു പൊണ്ണിനെ താൻ തിരുമണം പണ്ണ പോകത്? ശക്തി ചിരിച്ചു കൊണ്ടാണ് അതു ചോദിച്ചത്.
തെരിയലേ അമ്മാ. അപ്പടിയൊന്നും യോസിക്കലേ. ആനാലും, പുരുഷനെ സഹിക്കാനെനിക്ക് പറ്റില്ല. ദീപ അതു പറയുമ്പോൾ അസ്തമിച്ചു കൊണ്ടിരുന്ന സൂര്യനെ അവൾ നോക്കി കൊണ്ടിരുന്നു. പിന്നെയൊരു തോന്നലിൽ കാലു വലിച്ച്, അവൾ പണിഞ്ഞ കോട്ട അവൾ തന്നെ പൊളിച്ചിട്ടിരുന്നു. അവൾ കാലു കൊണ്ട് തട്ടി തെറിപ്പിച്ചത്, സമൂഹം കെട്ടി വച്ചിരിക്കുന്ന നിയമങ്ങളേയും, മാമൂലുകളേയുമാണെന്ന് ശക്തിക്ക് അന്നു തോന്നി.
ദീപയെ ശക്തിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവൾക്ക് ഭയമോ, അമർഷമോ തോന്നിയതുമില്ല. അവൾ പറയുന്നതിൽ തെറ്റില്ലെന്നും, താനും ഇതൊക്കെ ചിന്തിക്കാറുണ്ടെന്നുമവൾ മകളോട് പറഞ്ഞില്ലെങ്കിലും, മനസ്സു കൊണ്ട് ഇതൊക്കെയാണ് ശരി, ഇതൊക്കെയാണ് മനുഷ്യൻ പഠിക്കേണ്ട പാഠങ്ങളെന്ന് അവൾ മനസ്സിൽ പറഞ്ഞിരുന്നു.
ശൂന്യമാക്കപ്പെട്ട, പെണ്ണിനു പെണ്ണു കൂട്ടിലാത്ത വീടിനകമാണേറ്റവും ഭീകരമായ ജീവിതസാഹചര്യമെന്ന് ശക്തിക്ക് തോന്നുമായിരുന്നു. തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്നിടയ്ക്കവൾക്ക് സംശയം തോന്നും. മറ്റാരും കേൾക്കില്ലെന്നുറപ്പുള്ളപ്പോൾ തനിയെ സംസാരിച്ചു നോക്കും. ഇടയ്ക്ക് ബാത്ത് റൂമിലെ പൈപ്പു തുറന്നിട്ട് അവൾ അലറി നോക്കും. തനിക്ക് വിക്കുണ്ടായിരുന്നോ എന്നോർത്തെടുക്കാൻ ശ്രമിക്കും. ഇപ്പോഴവൾ വിക്കി പോകുന്നത് മനസ്സിലാവുമ്പോൾ ചുണ്ടുകൾ കൂട്ടി പിടിച്ച് ആരോടും സംസാരിക്കില്ലെന്നുറപ്പിച്ച് വാശി പിടിച്ചിരിക്കും.
വൈദ്യനാഥൻ അവൾക്ക് സഹായത്തിനു വേണ്ടിയാണ് ഒരു സ്ത്രീയെ തപ്പിയെടുത്തത്. സാമി സമയല്ല്യാ. ന്നാലും, നിങ്ങട ഭാര്യേടെ കാര്യൊക്കെ കേട്ടപ്പോ ഒരു വെഷമം. ഞാൻ തിങ്കളാഴ്ച മുതൽ വന്നോളാം. ലതികയ്ക്ക് ഏകദേശം ശക്തിയുടെ പ്രായം തന്നെയായിരിക്കുമെന്ന് അയാൾക്ക് തോന്നി. അവർ വരുന്നതോടെ ശക്തിക്ക് ഒരു കൂട്ടാകുമെന്ന് അയാൾ കണക്കു കൂട്ടി. അതൊരു പക്ഷേ അവരുടെ ജീവിതത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന മരവിപ്പിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചേക്കുമെന്ന് അയാൾ ആഗ്രഹിച്ചു.
വൈദ്യനാഥനു ചില ദിവസങ്ങളിൽ ശക്തിക്കൊപ്പം ഉറങ്ങാൻ തോന്നും. അവർ ജീവിച്ചിരുന്നതൊക്കെ അയാൾക്കോർമ്മ വരും. ദീപയെ കാണാതായി മൂന്നാമത്തെ ദിവസം മുതൽ ശക്തി ഉറങ്ങുന്നത് ദീപയുടെ മുറിയിലായിരുന്നു. അവൾ കിടക്കുമ്പോൾ വാതിൽ കുറ്റിയിടും. ഒരിക്കൽ അവളുറങ്ങിയ ശേഷം അയാൾ വാതിൽ ചാരിയിട്ടെ ഉള്ളൂ എന്ന ധാരണയിൽ ഒന്നമർത്തി തള്ളി നോക്കി. അയാൾക്ക് അമർഷം തോന്നി. അവൾ ബുദ്ധി കൂടിയ ഒരു രോഗിയാണെന്ന് അയാൾ പിറുപിറുത്തു കൊണ്ടാണ് അയാൾ മുറിയിലേക്ക് തിരിച്ചു പോയത്.
നിങ്ങൾക്ക് ഒരുമിച്ച് ഒരു മുറിയിൽ കിടക്കാമല്ലോ ശക്തി. അവിടെ നിങ്ങൾ രണ്ടു പേരല്ലേയുള്ളൂ. മാത്രമല്ല ദീപ പോകും വരെ നിങ്ങൾ ഒന്നിച്ചാണുറങ്ങിയിരുന്നത്. ശക്തിക്ക് ഓർമ്മയില്ലേ? അവൾ ഡോക്ടറെ നോക്കി തലയാട്ടി. “ശക്തി വൈദ്യനാഥന്റെ കയ്യിൽ തല കയറ്റി വച്ചാണ് പലപ്പോഴും ഉറങ്ങാറുള്ളത് അല്ലെ. വൈദ്യന്റെ നെഞ്ചിലെ പൂണൂലിൽ തിരിപ്പിടിച്ച് കൊണ്ടാണ് പലപ്പോഴും ശക്തി അതു വേണമെന്ന താല്പര്യം പ്രകടിപ്പിച്ചിരുന്നത്. ഓർക്കുന്നുണ്ടോ” അവൾ തലയാട്ടിയില്ല. മാത്രമല്ല, തങ്ങളുടെ സ്വകാര്യതയിലേക്ക് ഇയാളെ വലിച്ചു കയറ്റിയ വൈത്തിയോട് അവൾക്ക് ദേഷ്യം തോന്നി.
താനും വൈത്തിയും ബന്ധപ്പെടുന്ന കട്ടിലിനരികിൽ താത്തയുടെ മരക്കസേരയിട്ട് ഡോക്ടർ ഇരിക്കുന്നത് അവൾ അവിടെയിരുന്നു കൊണ്ട് സങ്കൽപ്പിച്ചു. അവൾക്ക് ഡോക്ടറോടും, തന്റെ ഭർത്താവിനോടും അറപ്പു തോന്നി. താൻ അയാളോട് ഇഷ്ടം പ്രകടിപ്പിക്കാനും, ആഗ്രഹം പ്രകടിപ്പിക്കാനും ഉപയോഗിച്ചിരുന്ന പല മാർഗ്ഗങ്ങളും ഡോക്ടർ ഇപ്പോ പറഞ്ഞേക്കുമെന്ന് അവൾക്ക് തോന്നി. അയാൾ എപ്പോഴൊ തനിച്ച് വന്ന് ഡോക്ടറോട് തങ്ങളുടെ സെക്സ് ലൈഫ് മുഴുവൻ വിവരിച്ചു കൊടുത്തിരിക്കുന്നു എന്നവൾക്ക് ബോധ്യപ്പെട്ടു. ഇനിയൊന്നും കേൾക്കാനോ, അയാളോട് മറുപടി പറയാനോ താല്പര്യമില്ലാത്തതു പോലെ അവളെഴുന്നേറ്റ് പുറത്തേക്കിറങ്ങി. അന്നായിരുന്നു അവരുടെ ലാസ്റ്റ് ഡോക്ടർ വിസിറ്റ്.
ലതിക എന്നായിരുന്നു സഹായിക്കാനെത്തിയ സ്ത്രീയുടെ പേര്. അവർ ആദ്യമായെത്തിയ ദിവസം തന്നെ ശക്തിക്ക് ഒരു കാര്യം മനസ്സിലായി, അവിടെയുണ്ടായിരുന്ന കുറവ് ഒരു പെൺക്കൂട്ടിന്റെ ആയിരുന്നു എന്ന്. ദീപ പോയതോടെ തനിക്കുണ്ടായിരുന്ന ഒഴിവ് അതായിരുന്നു എന്നതും ആ നിമിഷമാണവൾ തിരിച്ചറിഞ്ഞത്. പെണ്ണുങ്ങൾ കൂട്ടാവുന്നതിനു പകരമൊരു ആണുണ്ടായിട്ടു കാര്യമില്ലെന്ന് അവൾ ഉത്സാഹത്തോടെ ഓർത്തു. ദീപ പറയാറുള്ളതുമവൾക്ക് ഓർമ്മ വന്നു. അമ്മാ, അപ്പാ ഉങ്ക ഹസ്ബന്റ് താനേ. ആനാലും, നമ്മ പേസും പോലെ അപ്പാവുക്ക് പേസ മുടിയുമാ? നെവർ. അപ്പാ ഈസ് അ ഗുഡ് അപ്പാ. അതു മട്ടും. പിന്നെയൊക്കെ ഒരു നോർമൽ മെയിൽ ഷോവനിസ്റ്റ് താൻ. ചിന്ന ചിന്ന വിഷയം പേശുമ്പോത്, നമ്മ ഹാപ്പി ആയിരുക്കും. അപ്പടിയല്ല അമ്മ, ഇന്ത മെൻ. അവർ സൊ ഡിഫറന്റ്. അതുക്കപ്പുറം, റൊമ്പ ബോറിങ്ങ് എന്ന് സൊല്ലണം.
മാമിക്ക് സുഖല്ല്യാന്നും പറഞ്ഞാ സാമി എന്നെ വിളിച്ചത്. വയ്യാന്നൊക്കെ കേട്ടപ്പോ മനസ്സീ തോന്നിയ മാമിയേ അല്ല നേരിട്ട് കണ്ടപ്പോഴുള്ള മാമി. എന്തായാലും എനിക്കിവിടെ പിടിച്ചു പോയി. സുപ്രിയേടെ അമ്മേടെ പണി വിട്ടാലും ഞാനിവിടം വിട്ടു പോകണ പ്രശ്നല്ല്യാ മാമി. ലതിക നിലം തുടക്കുന്നതിനിടയിൽ താഴെ ഇരുന്നു കൊണ്ട് സംസാരിക്കും. അവൾ സംസാരിക്കുന്നതു കേൾക്കാനായി, ഒരു നിഴൽ പോലെ അവളെ പിന്തുടർന്ന് ശക്തിയും നടക്കും. ലതികയുടെ ശബ്ദം വീട്ടിലെ ഓരോ മൂലയിലും ചെന്നു തൊടുന്നത് ശക്തി തിരിച്ചറിയും. അവൾ കഴുകുന്ന പാത്രങ്ങൾ വഴിയും, അടിച്ചു വാരുമ്പോൾ ചൂലുരയുന്ന ശബ്ദത്തിലൂടെയും, തുണി കുടഞ്ഞു വിരിക്കുന്ന ശബ്ദമായുമവൾ അനുഭവിക്കും. ബാക്കി സമയം മുഴുവൻ ലതിക പറയുന്ന കഥകൾ അവൾ കേട്ടു കൊണ്ട് ഇടയ്ക്ക് അവൾ ലതിക തന്നെയായി മാറും. ഇതൊക്കെ സംഭവിച്ചതു ദിവസങ്ങൾ കൊണ്ടായിരുന്നു. വീടിന് ആവശ്യമുള്ള ശബ്ദങ്ങൾ കേട്ടു തുടങ്ങിയപ്പോൾ അതു തന്നെ പേടിപ്പിക്കാതായി എന്ന് ശക്തിക്ക് മനസ്സിലായിരുന്നു.
വൈദ്യനാഥൻ കടയടച്ച് വരുമ്പോൾ, ചില ദിവസങ്ങളിൽ വീടിനു പുറത്തെ ലൈറ്റ് പോലും ഇടാൻ മറന്ന് മുറിയിൽ ഉച്ചത്തിൽ വച്ച ടെലിവിഷനു മുന്നിലിരുന്ന് ഉറങ്ങി കൊണ്ടിരിക്കുകയോ, ഫാൻ കറങ്ങുന്നത് നോക്കി കൊണ്ട് കിടക്കുകയോ ആയിരിക്കും ശക്തി. എന്നാലിപ്പോൾ അയാൾ വരുമ്പോൾ ഉമ്മറത്തെ ലൈറ്റ് ഓൺ ആയിരിക്കും, ടെലിവിഷൻ ഓഫ് ആയിരിക്കും, അവൾ ഇടയ്ക്ക് മൂളി കൊണ്ടിരിക്കുന്നതും അയാൾ കേൾക്കാൻ തുടങ്ങിയിരുന്നു. അവൾ നിരാശ ബാധിച്ച് സ്വയം നഷ്ടപ്പെട്ട രൂപമുള്ള സ്ത്രീയായിരുന്നു എന്നാണയാൾക്ക് അവളെ കാണുമ്പോൾ തോന്നാറുള്ളത്. എന്നാൽ ഇപ്പോഴവൾ വൃത്തിയായി ചേലയുടുത്ത്, ഇടയ്ക്കൊരു പിടി ഉതിർമുല്ല തലയിൽ ചൂടി, ചെറിയൊരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു പിടിച്ചാണ് നടക്കുന്നത്. പക്ഷേ അവളുറങ്ങുന്നതിപ്പോഴും ദീപയുടെ മുറിക്കുള്ളിൽ വാതിൽ കുറ്റിയിട്ടു തന്നെയാണ്.
അവളുടെ മാറ്റം കണ്ട നേരം, ഒരു രാത്രി അയാളെഴുന്നേറ്റ് അവളുടെ മുറിക്കു പുറത്തു ചെന്ന് തട്ടി നോക്കി. അവൾ അകത്തു നിന്ന് വിളിച്ചു പറഞ്ഞതു കേട്ട ദിവസം മുതലാണയാൾക്ക് അവളോട് ദയവേ തോന്നാതായത്. വൈത്തീ, കൂപ്പിട വേണ്ട. എനക്ക് തെരിയും എതുക്കാഹെ എന്ന്. അപ്പടിയൊന്നും എന്നാലെയിനി മുടിയലേ. അവൾ വാതിൽ തുറന്നില്ല. വേണമെങ്കിൽ അവൾക്ക് വാതിൽ തുറന്ന് അയാളോട് സംസാരിക്കാമായിരുന്നു. ഇനിയിപ്പോഴയാൾ മുട്ടിയതെന്തിനെന്ന് ചോദിച്ച ശേഷം മറുപടി പറയാമായിരുന്നു. അതുണ്ടായില്ല. അപമാനം കൊണ്ട് തല കുനിച്ചാണയാൾ തിരികെ മുറിയിലേക്ക് പോയത്. അന്നു മുതൽ അയാൾക്ക് അവൾ രോഗിയല്ലെന്ന തോന്നൽ ബലപ്പെട്ടു.അവളോട് ദയ തോന്നേണ്ട കാര്യമെന്തെന്ന് അയാൾ ചിന്തിച്ചു. അവർ രണ്ടു പേർക്കും ഒരേ നഷ്ടമാണുണ്ടായത്. അതിൽ അയാളോട് ഒരു ആശ്വാസവാക്കു പോലും പറയാൻ അവൾ ആ നിമിഷം വരെ ശ്രമിച്ചിട്ടില്ല എന്നതും അയാൾ അപ്പോഴാണോർത്തത്.
ഇപ്പോഴവൾ സാധാരണ പോലെ പെരുമാറുന്നുണ്ടെങ്കിൽ അത് ലതികയോട് മാത്രമാണെന്ന് അയാൾക്ക് തോന്നി. അവൾക്ക് വേണ്ടിയാണാ വീട്ടിൽ പുതിയ പലഹാരങ്ങൾ ഉണ്ടാക്കുന്നത്, അവൾക്ക് വേണ്ടിയാണ് മുല്ലമാല കെട്ടുന്നത്, അവൾക്ക് വേണ്ടിയാണ് ടെലിവിഷൻ ഓഫാക്കിയത്,അവൾക്ക് വേണ്ടി മാത്രമാണ് ശക്തി മാറിക്കൊണ്ടിരിക്കുന്നത്. സുബ്രു പറഞ്ഞതൊക്കെ അയാൾ സോഫയിലിരുന്ന് ഒന്നൂടെ ഓർത്തു നോക്കി.
അന്നയാൾ കടയിൽ പോകാതെ വീട്ടിലിരുന്ന ദിവസം ശക്തി ലതികയ്ക്കൊപ്പം കുളിമുറിയിലേക്ക് കയറി പോകുന്നതയാൾ കണ്ടു. അവളെ ചില ദിവസങ്ങളിൽ എണ്ണയും, പയറും തേപ്പിച്ചു കുളിപ്പിക്കുന്നതു പോലും ലതികയാണെന്ന് അന്നു മാത്രമാണയാൾ അറിഞ്ഞത്. അയാൾക്ക് ബാത്ത്റൂമിലേക്ക് ഒളിഞ്ഞു നോക്കാൻ വല്ലാത്തൊരു പ്രേരണയുണ്ടായി. ലതിക, എണ്ണയിട്ട് ശക്തിയെ ഉഴിഞ്ഞു കുളിപ്പിക്കുന്നതും, അവർ തമ്മിൽ അങ്ങിനെയൊരവസരത്തിൽ നടക്കാനിടയുള്ള രംഗങ്ങൾ മുഴുവൻ അയാൾ ഊഹിച്ചു. ഒരു ചലച്ചിത്രത്തിലെന്ന പോലെ ശക്തിയേയും, ലതികയേയും സ്വർഗ്ഗാനുരാഗികളായ നായികമാരാക്കി കണ്ടു. അവരുടെ നഗ്നത കണ്ടു. ശക്തിയുടെ ഇടം ചെരിഞ്ഞ കറുത്ത മറുകുള്ള മുലയിൽ ലതിക തൊടുന്നതു മനസ്സിൽ വന്നതും അയാൾ കണ്ണു പൂട്ടിയടച്ചു പിടിച്ചു. ദീപയെ പ്രസവിച്ച ശേഷമവളുടെ വയറിൽ കുറുകെ കണ്ടിരുന്ന ചില പാടുകൾ അയാൾക്കോർമ്മ വന്നു. നനഞ്ഞ മാർബിൾ തറയുള്ള ആ ബാത്ത് റൂം തറയിൽ അവൾ മുടി നിവർത്തിയിട്ട് കിടന്ന രംഗമോർത്തതോടെ അയാൾ പരവേശത്തോടെ മേശപ്പുറത്തിരുന്ന വാട്ടർ ജഗ്ഗെടുത്ത് വായിലേക്ക് കമഴ്ത്തി. അവർ രണ്ടു പേരും കൂടി അയാളെ കുറിച്ചു പറഞ്ഞ് ചിരിക്കുന്നതു പോലെ അയാൾക്ക് തോന്നി.
കുളി കഴിഞ്ഞെത്തിയ ശക്തി, ലതികയെ ചേല ഉടുപ്പിക്കാൻ പഠിപ്പിക്കുന്നതിന്റെ പാഠങ്ങൾ കൂടി കേട്ടപ്പോഴയാൾക്ക് ആ നിമിഷമവരെ വീട്ടിൽ നിന്നിറക്കി വിടാനുള്ള ആവേശം തോന്നിപ്പോയെങ്കിലും, സ്വയം നിയന്ത്രിച്ചയാൾ കസേരയിൽ അമർന്നിരുന്നു. അയാൾക്ക് അറപ്പും, വെറുപ്പും തോന്നി, അതിലപ്പുറം വല്ലാത്തൊരു ഭയം തോന്നി. സുബ്രു വാസ് റൈറ്റ് എന്നും മനസ്സിൽ പറഞ്ഞു
അവർ ഇരുവരും, ചിരിച്ച് കൊണ്ട് മുറിയിൽ നിന്നിറങ്ങി പോകുമ്പോൾ ശക്തി സോഫയിൽ മുഖം വീർപ്പിച്ചിരിക്കുന്ന അയാളെ തല ചെരിച്ച് നോക്കി.
താനീ വീട്ടിൽ ഉള്ളപ്പോഴാണ് ശക്തി അവൾക്കൊപ്പം കുളിച്ചതെങ്കിൽ തീർച്ചയായും, താനില്ലാത്തപ്പോഴെന്തൊക്കെ നടക്കുന്നുണ്ടാവും എന്നയാൾ വീണ്ടും സങ്കൽപ്പിച്ചു. അവർ ഇരുവരും നഗ്നരായി വീടിനുള്ളിൽ ഉലാത്തുന്നത് അയാൾക്ക് വ്യക്തമായി കാണാൻ പറ്റി. സ്ത്രീയെ പ്രാപിക്കാൻ മാത്രം ഭർത്താവായ തനിക്ക് എന്തു കുറവാണെന്ന് അയാളാലോചിച്ചു. അപ്പടിയൊന്നും എന്നാലെയിനി മുടിയലേ. എന്നവൾ ഒച്ച വയ്ക്കുന്നതു പോലെ അയാൾക്ക് തോന്നി. തീരുമാനമെന്തായാലും അതിനി വൈകിക്കരുത് വൈത്തി. പെരിസാ പ്രോബ്ലം ആയിടും സുബ്രു പറഞ്ഞത് ശരി തന്നെ.
അന്നു രാത്രി അയാൾ ഉറക്കം വരാതെ കിടക്കുമ്പോൾ ശക്തി ദീപയുടെ മുറിയിലെ കട്ടിലിൽ ചെരിഞ്ഞു കിടന്ന്, ദീപയുടെ ക്വിൽറ്റിനുള്ളിൽ, ദീപ അടുത്തുള്ളതു പോലെ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറങ്ങുന്നതിനു തൊട്ടു മുൻപ് വരെ അവൾ അന്നു ലതിക പറഞ്ഞ കാര്യങ്ങളായിരുന്നു ഓർത്തു കൊണ്ടിരുന്നത്. ലതികയുടെ വീടിന്റെ ലോൺ അടക്കാൻ കഴിയാത്തതു കൊണ്ട് ചിലപ്പോൾ ബാങ്ക് ജപ്തി ചെയ്യുമെന്ന് ആരൊക്കെയോ അവളോട് പറഞ്ഞു എന്നു പറഞ്ഞ് ലതിക അന്നു കരഞ്ഞിരുന്നു. കൂടെ ശക്തിയും കരഞ്ഞു. ലതികയെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലല്ലോ എന്ന് വിഷമത്തോടെ ഓർത്തു കിടക്കുമ്പോഴാണ് വലതു കയ്യിൽ കിടക്കുന്ന ഏഴു വളകൾ അവളെ കിലുക്കിയോർമ്മിപ്പിച്ചത്. പിറ്റേന്ന് അതിൽ നിന്ന് ഒന്നൂരി ലതികയെ ഏൽപ്പിക്കണമെന്ന് ഉറപ്പിച്ചാണവൾ ഉറങ്ങിയത്. ആ വിവരം വൈത്തിയോട് പറയണമോ, വേണ്ടയോ എന്നുമവൾ ചിന്തിച്ചു. ഒടുവിൽ ഈയടുത്തായി വൈത്തി പ്രകടിപ്പിക്കുന്ന അസ്വഭാവികതയോർത്തപ്പോൾ വേണ്ടെന്നു നിശ്ചയിച്ചു കൊണ്ടാണ് ഉറങ്ങിയത്.
വൈദ്യനാഥനാവട്ടെ, പിറ്റേന്ന് ലതിക ബസ്സിറങ്ങുമ്പോൾ അവളെ പോയി കണ്ട് അന്നു മുതൽ വരേണ്ട എന്ന കാര്യം പറയണെമെന്ന് തീരുമാനിച്ച് ഉറക്കം വരാതെ കിടക്കുകയായിരുന്നു.
ലതിക വരാതായതിന്റെ മൂന്നാം ദിവസം, വീടിനു പിറകിൽ തുണി ആഞ്ഞടിക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് വൈദ്യനാഥൻ ഉണർന്നത്. മുൻപൊരിക്കലും തോന്നാത്തതു പോലെ അയാൾക്ക് ആ ശബ്ദം കേട്ടപ്പോൾ സന്തോഷം തോന്നി. അയാൾ കിടക്കയിലിരുന്നു കൊണ്ട് ചിരിച്ചു. കുളിക്കുമ്പോഴും, ഒരുങ്ങുമ്പോഴും അയാൾക്ക് താൻ ജയിച്ചു എന്ന തോന്നൽ ശക്തിപ്പെട്ടു. അയാൾ അവളെ തിരിച്ചു വിളിക്കാതെ തന്നെയായിരുന്നു കടയിലേക്ക് പോയത്. പോകും മുൻപേ അവളുണ്ടാക്കി വച്ച ഫിൽട്ടർ കോഫിയും, കൊഴുക്കട്ടയും അയാളെടുത്തു കഴിച്ചിരുന്നു. ഇറങ്ങി മുറ്റത്തു നിന്ന് അവൾ അധ്വാനിച്ച് അലക്കുന്നതും നോക്കി അയാൾ അൽപ്പനേരമവിടെ നിന്നു. അപ്പോൾ മുറ്റത്തിരുന്ന് മൂളി കൊണ്ടിരുന്ന ഉപ്പൻ മൂളൽ നിറുത്തി, ചോരക്കണ്ണു കൊണ്ട് അയാളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. കാർ പോർച്ചിനരികിലെ വെയിൽ അപ്പോൾ പതുക്കെ നീങ്ങി മുറ്റത്തെ വാഴക്കൂട്ടത്തിനടുത്തെക്ക് പോകുന്നുണ്ടായിരുന്നു. മുറ്റം മുഴുവൻ ഉതിർമുല്ല വിരിച്ചിട്ട കിടക്ക കാണാമായിരുന്നു. രണ്ടു ദിവസമായി പറിക്കാത്തതു കൊണ്ട് ധാരാളം പൂ പൊഴിഞ്ഞു കിടന്നിരുന്നു. അയാൾ ആ മുല്ലപ്പൂക്കളെ ചെരിപ്പു കൊണ്ടൊന്ന് ഉരസി കൊണ്ടാണ് നടന്നത്.
കുട നിലത്തു കുത്തി, കറുത്ത ബാഗും കക്ഷത്തു വച്ചയാൾ അഹങ്കാരത്തോടെ പുറത്തേക്കിറങ്ങി നടന്നൽപ്പം കഴിഞ്ഞപ്പോൾ അലക്കുകല്ലിനടുത്തു നിന്നും ശക്തി വന്നു വീട്ടിലേക്ക് കയറി വന്നു. അയാളുടെ അടക്കി പിടിച്ചതു പോലെയുള്ള ചിരിയായിരുന്നില്ല അവളുടെ ചുണ്ടത്ത്. അതു തെളിഞ്ഞ നിലാവു പോലെയായിരുന്നു. ദൂരദർശിനി വഴിയവൾ പുറത്തേക്ക് നോക്കി നിന്നു. അപ്പോൾ ഗേറ്റ് കടന്ന് ലതിക വരുന്നുണ്ടായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook